പ്രതീകാത്മക ചിത്രം
പ്രവചനങ്ങള്‍ക്ക് അപ്പുറമുള്ള കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും മറ്റു ഭരണ -പാരിസ്ഥിതിക-ഭൗമ പ്രത്യേകതകളെല്ലാം ഒത്തുചേര്‍ന്ന് സംജാതമായ അതി രൂക്ഷമായ പ്രകൃതി ദുരന്തങ്ങളില്‍ കൂടിയാണ് ഇന്ന് നാം കടന്ന് പോകുന്നത്. വരും വര്‍ഷങ്ങളിലും ഇത് കൂടുതല്‍ രൂക്ഷമായി ആവര്‍ത്തിക്കാനുള്ള സാധ്യതയാണേറെയും. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മണ്ണിടിച്ചിലിന്റെയൊ വെള്ളപൊക്കത്തിന്റെയോ നേരിട്ടോ അല്ലാതെയോ ഉള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ സമീപ ഭാവിയില്‍ അവയെ പ്രതിരോധിക്കാനുള്ള പത്ത് കല്പനകള്‍ താഴെ
1. മുന്നൊരുക്കങ്ങള്‍ : പ്രളയ -മണ്ണിടിച്ചില്‍ -വരള്‍ച്ചാ സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍. നദികളിലും മറ്റു ജല നിര്‍ഗമന മാര്‍ഗങ്ങളിലും അടിഞ്ഞു കൂടിയ ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു അവയുടെ ആഴവും വാഹക ശേഷിയും കൂട്ടുക. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്തുക. വരള്‍ച്ചാ പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുക.
2. കൃത്യമായ പ്രവചനം : കൂടുതല്‍ ശക്തവും വിശ്വസ്വനീയവും ആയ കമ്പ്യൂട്ടര്‍ മോഡലുകളും ഡാറ്റാ സെറ്റുകളും ഉപയോഗിച്ച് കൃത്യതയയേറിയ പ്രവചനങ്ങള്‍ ഉറപ്പു വരുത്തുക. ഉപഗൃഹ ചിത്രങ്ങള്‍ കൂടുതല്‍ കൃത്യതയോടെയും ഗഹനമായും ലഭ്യമാകാനും വിശകലനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.
3. തത്സമയ വിജ്ഞാന /പ്രവചന വ്യാപനം : കാലാവസ്ഥാ പ്രവചനങ്ങളും നീരോഴുക്കും മണ്ണിടിച്ചില്‍ സാധ്യതയും ഉള്‍പ്പെടെയുള്ള വിവരങ്ങളും തത്സമയം അതാത് പ്രദേശങ്ങളില്‍ എത്തിക്കാനുള്ള നെറ്റ്വര്‍ക്ക് സംവിധാനം ഒരുക്കുക. കാലാവസ്ഥാ വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, പഠന -ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ സംഘടനകള്‍, കര്‍ഷക ക്ലബ്ബുകള്‍ എന്നിവയൊക്കെ ഈ ശൃംഘലയുടെ ഭാഗമാവാം.
4. പെട്ടെന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ : ദുരന്ത ഭൂമിയില്‍ എത്രയും വേഗത്തില്‍ എത്തിച്ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള റാപിട് റെസ്‌പോണ്‍സ് പ്ലാനും അതിനുള്ള ടീമും ആവശ്യമാണ്.
5. കാലാവസ്ഥാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും ദുരന്ത നിവാരണത്തിനായും ദീര്‍ഘകാല പരിപ്രേക്ഷ്യത്തോടെയുള്ള പദ്ധതികള്‍ : പരിസ്ഥിതി ലോല പ്രദേശങ്ങളിലും മഴക്കെടുതികള്‍ നേരിട്ട് അനുഭവപ്പെടുന്ന ഇടങ്ങളിലും തീരദേശ ശോഷണമുള്ളിടങ്ങളിലും മറ്റും അനുവര്‍ത്തിക്കേണ്ട ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ -ഹ്രസ്വകാല, ദീര്‍ഘകാല അടിസ്ഥാനത്തില്‍ - ആസൂത്രണം ചെയ്തു നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പുനര്‍ വായന നടത്തി കൂടുതല്‍ ശക്തവും അതേസമയം ജന വിശ്വാസമുള്ളതുമായി മാറ്റുക.
6. പരിസ്ഥിതി നിയമ വാഴ്ച ഉറപ്പാക്കുക: മേല്പറഞ്ഞ നിയമങ്ങള്‍ പ്രദേശത്തിന്റെ പ്രത്യേകതയും ദുര്‍ബലാവസ്ഥയും കണക്കിലെടുത്ത് മുഖം നോക്കാതെ ശക്തമായി തന്നെ നടപ്പാക്കുക. ഉയര്‍ന്ന പിഴ ചുമത്തുകയും ഇതിലൂടെ ലഭ്യമാകുന്ന തുക പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗപ്പെടുത്തുക.
7. കൃത്യമായ മോണിറ്ററിങ് /പരിശോധന /തിരുത്തല്‍: പരിസ്ഥിതി സംരക്ഷണ-ദുരന്ത പ്രതിരോധ പ്രവര്‍ത്തന പദ്ധതികള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനക്കും തിരുത്തലുകള്‍ക്കും വിധേയമാക്കുക. മാറുന്ന കാലാവസ്ഥക്കും ഭൂവിനിയോഗത്തിനും വികസന പദ്ധതികള്‍ക്കും അനുയോജ്യമായി അവയെ പുനക്രമീകരിക്കുക
8. ഏകോപനം : ജലം, ഭൂമി, കാലാവസ്ഥ, വനം തുടങ്ങിയവയുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും ഉറപ്പാക്കുക. പഠന -ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള കണ്ടെത്തെലുകളും നിര്‍ദേശങ്ങളും താഴെ തട്ടില്‍ എത്താനും നടപ്പാക്കാനും ഉള്ള ക്രിയാത്മകമായ നടപടികള്‍ ഉണ്ടാകണം. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ ഘട്ടങ്ങളില്‍ ഇവ നിരീക്ഷിക്കാനും ഉറപ്പു വരുത്താനുമുള്ള കമ്മറ്റികള്‍ രൂപീകരിക്കണം.
9. പൊതുജന പങ്കാളിത്തം : മുമ്പ് പറഞ്ഞത് പോലെ ജനകീയ പങ്കാളിത്തം ഉറപ്പാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഗ്രാമ സഭകളില്‍ ചര്‍ച്ച ചെയ്ത് പുതിയ പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന അതേ സമയം തീവ്ര കാലാവസ്ഥാ വക ഭേദങ്ങളെ പ്രതിരോധിക്കാന്‍ കെല്പുള്ള വികസന പദ്ധതികളും ഇടപെടല്‍ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കുക.
10. നൂതനാശയങ്ങള്‍ : ആഗോള താപന പ്രതിരോധം ഉറപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രാമങ്ങള്‍ തുടങ്ങിയ നൂതനമായ ആശയങ്ങള്‍ പൈലറ്റ് സ്‌കെയിലില്‍ എങ്കിലും പ്രവൃത്തി പഥത്തില്‍ കൊണ്ട് വരിക. ഗ്രാമം അടിസ്ഥാനമാക്കിയുള്ള വിഭവ ഭൂപടം ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കുക. അതിലെ പ്രകൃതി വിഭവങ്ങളുടെയും ജലാശയങ്ങളുടെയും നീരൊഴുക്കുകളുടെയും ഭൂവിനിയോഗത്തിന്റെയും സ്ഥിതിയും ക്രമവും അതില്‍ വര്‍ഷം തോറും സംഭവിക്കുന്ന മാറ്റങ്ങളും അടയാളപ്പെടുത്തുക. അതനുസരിച്ചു ഹരിത ഗൃഹ വാതകങ്ങളെ വലിച്ചെടുക്കുന്ന കാടും, കാവും, കുളവും, പുഴയും, നെല്‍പ്പാടവും ചതുപ്പ് നിലവും തണ്ണീര്‍ തടവും ഒക്കെ ഉള്‍പ്പെടുന്ന പുതിയ സിങ്കുകള്‍ സൃഷ്ടിക്കാനും പുനരുജ്ജീവിപ്പിക്കാനും കഴിയണം. ഒപ്പം ദുരന്ത ഭീഷണിയുള്ള ഇടങ്ങള്‍ക്കായി പ്രത്യേക സംരക്ഷണ പാക്കേജ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി നടപ്പിലാക്കുകയും വേണം.
(കോഴിക്കോട്ജല വിഭവ വികസന വിനിയോഗ കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)
content highlights: Natural disasters and how to tackle it


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..