മനുഷ്യനും കടുവയും നേര്‍ക്കുനേര്‍ വരുമ്പോള്‍


എം.വി ശ്രേയാംസ് കുമാര്‍"ജനവാസപ്രദേശങ്ങളിലേക്ക്‌ കടുവയിറങ്ങുക എന്നത് മുൻകാലങ്ങളിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു. എന്നാലിന്ന് വയനാടടക്കമുള്ള, വനത്തോട് ചേർന്നുനിൽക്കുന്ന പ്രദേശങ്ങളിൽ കടുവ നാട്ടിലേക്കിറങ്ങുകമാത്രമല്ല , മനുഷ്യരെ കൊലപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. ബന്ധപ്പെട്ട മേഖലകളിലെ സാമൂഹികജീവിതത്തിൽ ഇതുണ്ടാക്കുന്ന അസ്വസ്ഥതകൾ ചെറുതല്ല. ഇതിന് ഒറ്റയടിക്കൊരു പരിഹാരമില്ല. പല തലങ്ങളിൽ സമഗ്രമായി പഠിച്ചുവേണം സങ്കീർണമായ ഈ പ്രശ്നത്തെ സമീപിക്കാൻ

Premium

പ്രതീകാത്മക ചിത്രം | Photo-ANI

ഴിഞ്ഞദിവസം വയനാട്ടിൽ അമ്പതുവയസ്സുകാരനായ സാലു എന്ന തോമസ് കടുവയുടെ ആക്രമണത്തിൽ മരിച്ച സംഭവം മാനന്തവാടി താലൂക്കിൽ കടുത്ത ജനരോഷത്തിന്‌ കാരണമായി. പ്രക്ഷുബ്ധരായ ജനം, കടുവയെ പിടികൂടാൻ സത്വരനടപടി വേണമെന്ന് ആവശ്യപ്പെട്ടു. കൃഷിയിടത്തിൽ കുരുമുളക് പറിക്കാൻ പോയതായിരുന്നു സാലു. അപ്പോഴാണ് കടുവ ചാടിവീണ് ആക്രമിക്കുന്നത്. വനാതിർത്തിയിൽനിന്ന് എട്ടുകിലോമീറ്ററിലേറെ മാറിയുള്ള മനുഷ്യവാസപ്രദേശത്തായിരുന്നു സംഭവം. ഈ സ്ഥലത്തുനിന്ന് 15 കിലോമീറ്ററിലധികം ദൂരത്തുനിന്നാണ് കടുവയെ പിന്നീട് മയക്കുവെടിവെച്ച്‌ പിടികൂടിയത്. സാലുവിനെ ആക്രമിച്ച കടുവതന്നെയാണ് ഇതെന്നാണ് നിഗമനം.

മാസങ്ങൾക്കുമുമ്പ് പതിന്നാലിലധികം വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ മറ്റൊരു കടുവ വയനാട് ജില്ലയിലെ ചീരാൽ, കുടുക്കി, വല്ലത്തൂർ, പഴൂർ, കരുവള്ളി, കണ്ടർമല പ്രദേശങ്ങളിൽ ജനങ്ങൾക്കും വനംവകുപ്പ് ജീവനക്കാർക്കും പേടിസ്വപ്നമായിരുന്നു. വനംവകുപ്പ് ജീവനക്കാരും പ്രദേശവാസികളും രണ്ടാഴ്ചയിലേറെ കഠിനപ്രയത്നം നടത്തിയ ശേഷമാണ് അതിനെ കൂട്ടിലടയ്ക്കാനായത്.

കൃഷ്ണഗിരി ഗ്രാമത്തിൽ വഴിതെറ്റിയെത്തിയ വേറൊരു കടുവ കൃഷ്ണഗിരി, കല്ലോണിക്കുന്ന്, മണൽവയൽ, റാട്ടക്കുണ്ട്, മേപ്പേരിക്കുന്ന്, പാതിരിക്കവല, യൂക്കാലിക്കവല, മീനങ്ങാടി, അമ്പലവയൽ പ്രദേശങ്ങളിലായി പത്തിലേറെ വളർത്തുമൃഗങ്ങളെ വകവരുത്തിയിരുന്നു. ഈ കടുവയെ കൂട്ടിലടയ്ക്കുകയെന്നത് ഏറെ ദുഷ്കരമായിരുന്നു. കാരണം, ഈ പ്രദേശത്ത് ഏറെ തോട്ടങ്ങളും ചെങ്കുത്തായ കുന്നുകളുമുണ്ടായിരുന്നു. പരിക്കേറ്റ ആ പെൺകടുവയെ പൂട്ടാനായതും ഒരു മാസത്തിലേറെനീണ്ട നിരന്തര നിരീക്ഷണത്തിനൊടുവിലായിരുന്നു.

പരിക്കേറ്റ മറ്റൊരു കടുവ ഗൂഡല്ലൂരിനടുത്ത് വനം സംരക്ഷണപ്രവർത്തകനെ ആക്രമിക്കുകയും കന്നുകാലികളെ കൊല്ലുകയും ചെയ്തു. മുതുമല റെയ്ഞ്ചിലെ മുതുകുളി വനത്തിൽ ചത്തനിലയിൽ ഈ കടുവയെ പിന്നീട് കണ്ടെത്തുകയുണ്ടായി. സമാനമായി, കാലിൽ കടുത്ത മുറിവേറ്റ മറ്റൊരു കടുവ വാകേരി പ്രദേശത്ത് വഴിതെറ്റി വന്നിരുന്നു. അഞ്ച്‌ കന്നുകാലികളെ കൊന്ന് ജനങ്ങൾക്കിടയിൽ ഭീതിപരത്തിയ ഈ കടുവയെയും ഒരു സ്വകാര്യതോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തി.

വേണ്ടത്‌ ബഹുമുഖ സമീപനം

344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാട് വന്യജീവിസങ്കേതത്തിൽ ഏകദേശം 140 കടുവകളുണ്ടെന്നാണ് കണക്ക്. വയനാട് വന്യജീവിസങ്കേതത്തിന് താങ്ങാവുന്നതിനപ്പുറത്താണിത്. 100 കടുവകൾക്ക് 1200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനപ്രദേശം ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ, പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ച് വയനാട്, നാഗർഹോളെ, ബന്ദിപ്പുർ മേഖലയിൽനിന്ന് ആരോഗ്യമുള്ള കടുവകളെ രാജ്യത്തിന്റെ ഇതര മേഖലകളിലേക്ക് പുനരധിവസിപ്പിക്കുന്ന കാര്യം പരിഗണിക്കണം. വയനാട്ടിലെ തോട്ടങ്ങളിൽ കടുവകളെ കൂടുതലായി കണ്ടുവരുന്നത് ഇവ പുതിയ സ്ഥലങ്ങളിലേക്ക് ചേക്കേറുന്നതിന്റെ സൂചനയാണ്.

പരിക്കേറ്റതോ പ്രായത്താൽ ബലഹീനരോ ആയ കടുവകൾ കാട്ടിൽ ഇരയെ വേട്ടയാടാൻ ശേഷിയില്ലാത്തതുകാരണം മനുഷ്യവാസപ്രദേശങ്ങളിൽ എത്തിപ്പെടുന്നതാണ് ജനവാസപ്രദേശങ്ങളിലെ കടുവയിറക്കത്തിന്റെ പ്രധാനകാരണം. ഇത്തരം കടുവകൾക്ക് വളർത്തുമൃഗങ്ങൾ എളുപ്പം കിട്ടാവുന്ന ഇരകളാണ്. ഇത്തരം കടുവകളെ പിടികൂടുമ്പോൾ അവയ്ക്ക് കൂടുതൽ പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ചും, ഇരുമ്പുകൂടുകളുടെ കമ്പിയിൽ തട്ടി അവയുടെ മുൻപല്ലുകൾ നഷ്ടപ്പെടാനിടയുണ്ട്. പ്രായക്കൂടുതലുള്ളതോ ബലഹീനരോ ആയ കടുവകൾ അവരുടെ ശക്തരായ എതിരാളികളാൽ കാട്ടിൽനിന്ന് നിഷ്കാസിതരായി നാട്ടിലെത്തുന്നതും വിരളമല്ല. ഇത്തരം കടുവകളെ വനത്തിൽ പുനരധിവസിപ്പിക്കുക സാധ്യമല്ല. മതിയായ ഇരകളുള്ള വലിയ വനത്തിലേക്ക് തിരികെവിട്ടാൽപ്പോലും അവയ്ക്ക് അവിടെയുള്ള മറ്റു കടുവകളുമായി നിലനിൽപ്പിനായി പോരാടേണ്ടിവരും. ഒരു നിശ്ചിതഭൂപ്രദേശം തന്റെ വാസസ്ഥലമാക്കി നിലകൊള്ളുന്നവരാണ് കടുവകൾ. ഇവർ തമ്മിലുള്ള കിടമത്സരം പുതുതായെത്തിയ കടുവയുടെയോ അവിടെ നേരത്തേയുണ്ടായിരുന്ന കടുവകളുടെയോ നാശത്തിൽ കലാശിക്കും.

ഈ പ്രശ്നത്തിന് ഒറ്റയായൊരു പരിഹാരമില്ല. അതിന് ബഹുമുഖമായ സമീപനമാണ് ആവശ്യം. കടുവകളുടെ സാമീപ്യമുള്ള പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങൾ മേയുന്ന സ്ഥലങ്ങളിൽ കാവലിന് ആളുകളെ നിയോഗിക്കുകയാണ് ഫലപ്രദവും പരമ്പരാഗതവുമായ ഒരു വഴി.

കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് ഉടൻ സാമ്പത്തികസഹായം വിതരണംചെയ്യുന്നത് പ്രാദേശികജനതയുടെ എതിർപ്പ് ഒട്ടൊക്കെ കുറയ്ക്കാൻ സഹായിക്കും. മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്ന വിധത്തിൽ മനുഷ്യരെ ഇതര സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയെന്നതും ഫലപ്രദമായ മാർഗമാണ്. എന്നാൽ, ഇത് പ്രാദേശിക ജനങ്ങളുടെ എതിർപ്പുകളാലും മറ്റ്‌ സാമൂഹിക-സാമ്പത്തിക കാരണങ്ങളാലും തടസ്സപ്പെടാൻ സാധ്യത കൂടുതലാണ്.

മഞ്ഞക്കൊന്ന വരുത്തുന്ന വിന

മുത്തങ്ങ, നാഗർഹോളെ, തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങളിൽ സസ്യഭുക്കുകളായ വന്യമൃഗങ്ങളുടെ കുറവ് കടുവകൾ മനുഷ്യവാസ പ്രദേശങ്ങളിലെത്തിപ്പെടാനുള്ള മറ്റൊരു പ്രധാന കാരണമാണ്. അമേരിക്ക ജന്മദേശമായ മഞ്ഞക്കൊന്ന (Senna spectabilis) എന്ന ചെടി വനമേഖലയിൽ വൻതോതിൽ തഴച്ചുവളരുന്നതാണ് ഈ കുറവിന് പ്രധാന കാരണം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അലങ്കാരച്ചെടി എന്നനിലയിലാണ് മഞ്ഞക്കൊന്ന ആദ്യം ഇവിടെയെത്തിയത്. പിന്നീടത് മുത്തങ്ങ, തോൽപ്പെട്ടി, നാഗർഹോളെ വന്യജീവി സങ്കേതം കീഴടക്കി. മഞ്ഞക്കൊന്നയുള്ള സ്ഥലങ്ങളിൽ മറ്റുസസ്യങ്ങളെ കാണാനാവില്ലെന്നുമാത്രമല്ല, അത് ആ പ്രദേശമാകെ വ്യാപിക്കുകയും ചെയ്യും. അതിവേഗം വളർന്ന് പടരുന്നതും വിത്തുകൾ സമൃദ്ധമായി ഉണ്ടാകുന്നതും വെട്ടിമാറ്റിയ കുറ്റിയിൽനിന്ന് പെട്ടെന്നുതന്നെ വീണ്ടും വളരുന്നതും കാരണം മഞ്ഞക്കൊന്ന വലിയ ഭീഷണി സൃഷ്ടിക്കുന്നു. സസ്യഭുക്കുകളായ വന്യമൃഗങ്ങൾ ഇതിന്റെ ഇല കഴിക്കാറില്ല. അതുകൊണ്ടുതന്നെ മഞ്ഞക്കൊന്നയുള്ള സ്ഥലങ്ങളിൽ വന്യമൃഗ സാന്നിധ്യം കാണാറില്ല. കാട്ടുപോത്തും പുള്ളിമാനുകളുമൊന്നും ഇത്തരം സ്ഥലങ്ങളിൽ മേയാൻ വരാറില്ല. അതുകൊണ്ടുതന്നെ ഇരയുടെ ലഭ്യതക്കുറവ് കടുവകളെ ഈ മേഖലയിൽനിന്ന് മാറാനും മറ്റിടങ്ങളിലേക്ക് എത്തിപ്പെടാനും പ്രേരിപ്പിക്കുന്നു.

ഈ പ്രദേശങ്ങളിൽ പുല്ലുകൾ മുളയ്ക്കാറില്ല. ഷഡ്പദങ്ങളെപ്പോലും കാണാറില്ല. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ.), വയനാട് പ്രകൃതിസംരക്ഷണ സമിതി, വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്.-ഇന്ത്യ), ഫോറസ്റ്റ് ഫസ്റ്റ് സമിതി എന്നിവർ മഞ്ഞക്കൊന്ന പിഴുതുകളഞ്ഞ് ഈ പ്രശ്നത്തെ നിർമാർജനംചെയ്യാൻ പ്രാദേശിക ആദിവാസിസമൂഹവുമായിച്ചേർന്ന് കഠിനപ്രയത്നം നടത്തിക്കൊണ്ടിരിക്കയാണ്. 700 ഹെക്ടറോളം മഞ്ഞക്കൊന്ന പടർന്നിട്ടുണ്ട്. മൃഗങ്ങൾക്ക് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്ന മഞ്ഞക്കൊന്ന നിർമാർജനംചെയ്യാൻ ഈ ചെടിയെക്കുറിച്ച് പ്രാദേശിക, ദേശീയതലത്തിൽ ബോധവത്കരണം ഉൾപ്പെടെയുള്ള സത്വരനടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

കടുവകൾ കൂടുമ്പോൾ

വയനാട്ടിലെ കാടുകൾ മുമ്പ് വൈവിധ്യമുള്ള സസ്യസമ്പത്താൽ ഹരിതാഭമായിരുന്നു. പക്ഷേ, അവയിപ്പോൾ ചൂടുകൂടിയ പ്രദേശങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇത് കടുവകളുടെ വംശവർധനയ്ക്ക്‌ കാരണമായിട്ടുണ്ട്. മണ്ണൊലിപ്പ്, വനമേഖല ക്ഷയിക്കൽ, കടുത്ത കാലാവസ്ഥാമാറ്റം തുടങ്ങിയവയെല്ലാം വയനാടൻ കാടുകളുടെ ദുർബലാവസ്ഥയിലേക്ക്‌ വഴിതുറന്നു. ‘ഒരു കടുവയെപ്പോലും കൊല്ലരുത്’ എന്ന ചില മൃഗസ്നേഹികളുടെ സമീപനം ഇതിനൊരു പരിഹാരമാണെന്ന്‌ തോന്നുന്നില്ല.

കടുവകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷയ്ക്കുമപ്പുറം കടന്നിരിക്കുന്നു. നിലവിലെ കടുവകളെ സംരക്ഷിക്കാനാവശ്യമായ വനമേഖല പോരാതെവന്നിരിക്കുന്നു; പ്രത്യേകിച്ചും ബന്ദിപ്പുർ മേഖലയിൽ. കടുവകൾ സമൃദ്ധമായി പ്രത്യുത്‌പാദനം നടത്തുന്നവരാണ്. ഇപ്പോൾ ആ വർധനയ്ക്ക് വേഗംകുറയ്ക്കേണ്ടത് അനിവാര്യമായിരിക്കയാണ്. വർഷങ്ങൾക്കുമുമ്പ് കടുവസംരക്ഷണത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇക്കാര്യത്തിൽ ആരുടെയും ചിന്ത പോയില്ല.

ഏകപക്ഷീയമായ നീക്കങ്ങൾ ഗുണംചെയ്യില്ല

മനുഷ്യജീവൻ രക്ഷിക്കുകയും അതേസമയംതന്നെ കടുവകളെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ ഒരു സന്തുലനാവസ്ഥ വേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു. സമൂഹത്തിന്റെ പങ്കാളിത്തംകൂടി ഉറപ്പാക്കിയാൽമാത്രമേ കടുവസംരക്ഷണ പ്രവർത്തനങ്ങൾ യഥാർഥത്തിൽ വിജയിക്കൂ. പ്രാദേശിക ജനസമൂഹത്തിന്റെ അവസ്ഥ അവഗണിച്ച് കടുവസംരക്ഷണ പ്രവർത്തനങ്ങൾ ഏകപക്ഷീയമായി മുന്നോട്ടുകൊണ്ടുപോകുന്നത് ഗുണംചെയ്യില്ല. തങ്ങളുടെ ജീവിതാവസ്ഥകൾ കൃത്യമായി പരിഗണിക്കപ്പെടുന്നുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽമാത്രമേ അവർ കടുവസംരക്ഷണ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ സ്വമനസ്സോടെ മുന്നോട്ടുവരൂ.

കടുവപുനരധിവാസ കേന്ദ്രങ്ങൾ രൂപവത്‌കരിക്കേണ്ടത് അത്യാവശ്യമാണ്. വയനാട്, മുതുമല, നാഗർഹോളെ, ബന്ദിപ്പുർ, സത്യമംഗലം, ബ്രഹ്മഗിരി കാടുകൾ ചേർന്നുകിടക്കുന്നതിനാൽ ഒരു പൊതുനയം രൂപവത്‌കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

വയനാട്, നാഗര്‍ഹോളെ, മുതുമല, സത്യമംഗലം പ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രമാണ് പശ്ചിമഘട്ടത്തിലെ കടുവകളുടെ വംശവർധനയുടെ പ്രധാന താവളം. ഇവിടെ ഏകദേശം 978 കടുവകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. സംസ്ഥാനാതിർത്തികൾ കടന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവയുടെ എണ്ണം മൂന്നുസംസ്ഥാനത്തും കൃത്യമല്ല. പശ്ചിമഘട്ടത്തിലെ 21 പ്രദേശങ്ങളിലെ 21,435 ചതുരശ്ര കിലോമീറ്ററിൽ ഇവ വിഹരിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ കടുവകളുടെ അഞ്ചിലൊന്ന് വരുമിത്. ഇന്ത്യയിലെ മൂന്നിലൊന്നും. ഇതാണ് ഇവിടെയുള്ള ആരോഗ്യമുള്ള കടുവകളെ രാജ്യത്തിന്റെ ഇതര കാടുകളിലേക്ക് പുനരധിവസിപ്പിക്കുന്ന കാര്യം സൂചിപ്പിക്കാൻ കാരണം.

മാറിയ സാഹചര്യങ്ങളിൽഎന്തുചെയ്യണം

മാറിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ വയനാട്, ബന്ദിപ്പുർ, നാഗർഹോളെ എന്നിവിടങ്ങളിൽ കടുവകളുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണം. കടുവയെപ്പോലെ വേട്ടയാടാൻ അതീവ കഴിവുള്ള ജീവിക്ക് നിയതമായൊരു ശത്രുവില്ലെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം, വെള്ളം മുതലായവയിൽ പ്രകൃത്യാ വന്നുകൊണ്ടിരിക്കുന്ന ലഭ്യതക്കുറവിനാലോ മറ്റുകടുവകളിൽനിന്നുള്ള മത്സരത്താലോ അവയെ സ്വാഭാവികമരണത്തിന്‌ വിട്ടുകൊടുക്കേണ്ടതാണ്. പ്രകൃതിപരമായ കാരണങ്ങളാൽ പരിക്കേറ്റ വന്യമൃഗങ്ങളെ ശുശ്രൂഷിക്കേണ്ടതില്ല. വേനലിൽ കടുവസങ്കേതങ്ങൾക്കുള്ളിലെ നീരുറവകളിൽ ജലം ലഭ്യമാക്കാൻ വനത്തിനുള്ളിൽ സൗരോർജമോട്ടോറുകൾ സ്ഥാപിക്കുന്നത് പുനഃപരിശോധിക്കേണ്ടതാണ്. ബലഹീനരായ വന്യമൃഗങ്ങളുടെ സ്വാഭാവിക മരണത്തിന് ഇത് അനിവാര്യമാണ്. കടുവസംരക്ഷണമെന്നാൽ ഒരു ജീവിവംശത്തെ സംരക്ഷിക്കലാണെന്നും അല്ലാതെ ഒറ്റയാന്മാരായ കടുവകളെ സംരക്ഷിക്കലല്ലെന്നും വിദഗ്ധർ പറയുന്നു.

കടുവകൾ മനുഷ്യവാസപ്രദേശങ്ങളിൽ എത്തുന്നത്‌ തടയാൻ കൃത്യമായ നടപടികളുണ്ടായില്ലെങ്കിൽ അത് ജനങ്ങളുടെ കടുത്ത എതിർപ്പിനിടയാക്കും. കടുവകളെ മനുഷ്യൻ കടുത്ത ശത്രുവായി കാണുകയും ചെയ്യും. ഇത് കടുവസംരക്ഷണ പ്രവർത്തനങ്ങൾക്ക് വിപരീതഫലമുണ്ടാക്കും. കാലങ്ങളായി കടുവസംരക്ഷണത്തിനുവേണ്ടി നടത്തിയിട്ടുള്ള കഠിനപ്രയത്നങ്ങളെ ഇത് വൃഥാവിലാക്കുകയും ചെയ്യും.

മനുഷ്യനും കടുവയുമായുള്ള സംഘർഷങ്ങൾ തീർത്തും ഇല്ലാതാക്കുക പ്രായോഗികമല്ല. പക്ഷേ, ഇവ കൈകാര്യംചെയ്യുന്നതിൽ തികഞ്ഞ ആസൂത്രണത്തോടെയുള്ള, ഏകീകൃതമായ സമീപനം സ്വീകരിക്കുന്നത് സംഘർഷം കുറയ്ക്കാൻ സഹായിക്കും. സംഘർഷത്തിന് ആധാരമായ കാരണങ്ങളെയും സാഹചര്യങ്ങളെയും തിരിച്ചറിയുന്നതും ആഴത്തിൽ പരിഗണിക്കുന്നതുമായ ഇത്തരം സമീപനങ്ങൾ സ്വീകരിക്കാനുള്ള സമയമാണിത്. ബാധിക്കപ്പെട്ട ജനസമൂഹത്തിന് തുല്യ പ്രാധാന്യംനൽകി അവരെ കൂടെനിർത്തി പരിഹാരങ്ങൾ ആരായുമ്പോൾ ഇത്തരം വസ്തുതകൾ പരിഗണിക്കണം.

കടുവയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ട മനുഷ്യജീവനുകൾക്ക്‌ അർഹിക്കുന്ന സഹായധനവും കന്നുകാലികൾ, ഫാമുകൾ, കൃഷി എന്നിവയ്ക്കുണ്ടായ നാശങ്ങൾക്ക്‌ നഷ്ടപരിഹാരവും കൃത്യസമയത്ത്‌ വിതരണംചെയ്യുന്നത്‌ ഇതിൽ പ്രധാനമാണ്.

Content Highlights: about human tiger conflict


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented