പ്രതീകാത്മക ചിത്രം | Photo-Gettyimage
1994 ജനുവരി 17 വെളുപ്പിനെ ലോസ് ആഞ്ജിലിസില്‍ ഒരു വലിയ ഭൂചലനമുണ്ടായി. നഗരത്തിലെ വൈദ്യുതിവിതരണം ഒന്നാകെ തടസ്സപ്പെട്ടു. നഗരം മുഴുവന്‍ ഇരുട്ടില്‍ മുങ്ങി, പരിഭ്രാന്തിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോൾ അതിവിചിത്രമായ ഒരു കാഴ്ച കണ്ട് ജനങ്ങൾ അമ്പരന്നു. ആകാശത്ത് ഒരു കൂറ്റന്‍ 'വെള്ളിമേഘം' പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതിനുള്ളില്‍ എണ്ണമറ്റ നക്ഷത്രങ്ങള്‍ കണ്ണുചിമ്മി നില്‍ക്കുന്നു. അന്ന് ലോസ് ആഞ്ജിലിസിന് മുകളിൽ കാണപ്പെട്ടത് സാക്ഷാല്‍ മില്‍ക്കി വേ ഗ്യാലക്സിയായിരുന്നു. നഗരത്തിലെ ആകാശത്തിന്റെ വെളിച്ചത്തില്‍ ദീര്‍ഘകാലമായി മങ്ങിപ്പോയിരുന്ന ക്ഷീരപഥത്തെ ആ രാത്രി അവര്‍ കണ്ടു. മുമ്പൊരിക്കലും ഇത്തരത്തിലൊരു അത്ഭുത കാഴ്ചയ്ക്ക് തങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് നഗരവാസികള്‍ ആശ്ചര്യത്തോടെ പറഞ്ഞു.
പ്രകാശത്തിൻ്റെ അതിപ്രസരത്തിൽ നാം കണേണ്ടതു പലതും കാണാതെ പോകുന്നില്ലേ? ഇരുട്ടുപരന്ന, നക്ഷത്രങ്ങൾ 'പൂത്തുലഞ്ഞു' നിൽക്കുന്ന ആകാശം അവസാനമായി കണ്ടത് എന്നാണെന്ന് ഓർമ്മയുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ചുറ്റുപാടുകൾ മറ്റൊരു മലിനീകരണത്തിൻ്റെ കൂടി പിടിയിലാണ്. - പ്രകാശമലിനീകരണം.
കാര്യമൊന്നുമില്ലെങ്കിലും, വീടിന്റെ ബെഡ്റൂമിലും മേശപ്പുറത്തും കട്ടിലിന്റെ ചുറ്റുമെല്ലാം അല്പം പ്രകാശം വാരിവിതറുന്നതാണ് നമുക്കിഷ്ടം. അതിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ല. ആഘോഷങ്ങള്‍ വന്നാല്‍ പിന്നെ പറയുകയും വേണ്ട. എണ്ണമറ്റ കൃത്രിമ വിളക്കുകളാണ് സംഗതിയുടെ 'വൈബ്' നിശ്ചയിക്കുന്നത്!
ക്രിസ്മസിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനുപിറകേ, പുതുവത്സരവും എത്തും. ഭൂമിയില്‍ ഏറ്റവുമധികം ഇലക്ട്രോണിക് ദീപങ്ങള്‍ തെളിയിക്കപ്പെടുന്ന അവസരങ്ങളാണ് ഇവ രണ്ടും. നഗര ജീവിതത്തിലെ ആധുനികതയുടെയും പുരോഗതിയുടെ ചിഹ്നമായി 'വൈബിങ്' മാറുമ്പോള്‍ അതീവ ഗൗരവമുള്ളതുമായ പ്രകാശമലിനീകരണമെന്ന പാരിസ്ഥിതിക പ്രശ്നവും ഒപ്പം കടന്നുവരുന്നു.
നൂറ്റിനാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലെ തെരുവില്‍ തോമസ് ആല്‍വാ എഡിസണ്‍ ആദ്യമായി ഇന്‍കാന്‍ഡസെന്റ് ബള്‍ബ് തെളിച്ചതോടെ, ലോകത്ത് വൈദ്യുതവിളക്കുകളുടെ യുഗം ആരംഭിക്കുകയായിരുന്നു. അന്നുമുതല്‍ ഇരുട്ടില്‍ നിന്ന് കരകയറിയ ലോകം വൈദ്യുത വെളിച്ചത്തില്‍ തിളങ്ങി. തെരുവുകളും പാര്‍ക്കിങ് സ്ഥലങ്ങളും പരസ്യബോര്‍ഡുകളുമെല്ലാം മുഴുവന്‍സമയവും പ്രകാശപൂരിതമായി. ഓഫീസ് കെട്ടിടങ്ങളുടെ ജനാലകള്‍ രാത്രി മുഴുവന്‍ തിളങ്ങാന്‍ തുടങ്ങി. പതിനായിരക്കണക്കിനു മൈലുകള്‍ പരന്നുകിടക്കുന്ന ആകാശവും രാത്രിവെളിച്ചത്താല്‍ ജ്വലിച്ചു. പകലിനെക്കാള്‍ ജീവനുള്ളത് രാത്രികള്‍ക്കാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരുപറ്റം നക്തഞ്ചരര്‍(രാത്രിസഞ്ചാരികൾ) ഉടലെടുത്തു. ക്ലബ്ബുകളും ചൂതാട്ടവും റൂഫ്ടോപ്പ് ബാറുകളുമൊക്കെയായി അവർ രാത്രികളെ 'പകലുകളാക്കി'.
'I have outwalked the furthest ctiy light...'.റോബര്‍ട്ട് ഫ്രോസ്റ്റിന്റെ'Acquainted With the Night' എന്ന കവിതയിലെ വരിയാണിത്. 'നഗരവെളിച്ചത്തിന്റെ അവസാന കണികയും കടന്നു ഞാന്‍ രാത്രിയെ പുല്‍കി' എന്നാണ് കവി പാടുന്നത്. കവി പാടിയ 'വെളിച്ചമില്ലാത്ത രാത്രി' ഇന്ന് അസാധ്യമായിരിക്കുന്നു, കാരണം ഇന്ന് വെളിച്ചം അവസാനിക്കുന്നില്ലല്ലോ!
എന്താണ് പ്രകാശമലിനീകരണം?
പരിധിയില്‍ കവിഞ്ഞ പ്രകാശം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നുണ്ട്. ഈ മലിനീകരണത്തെയാണ് പ്രകാശമലിനീകരണം എന്ന് പറയുന്നത്. കൃത്രിമമോ മനുഷ്യനിര്‍മിതമോ ആയ പ്രകാശം, നമുക്കും നമ്മുടെ ചുറ്റുപാടിലും സൃഷ്ടിക്കുന്ന എല്ലാ ദോഷഫലങ്ങളെയും പ്രകാശമലിനീകരണമായി കണക്കാക്കാം. ലളിതമായി പറഞ്ഞാല്‍, നമ്മുടെ ആവശ്യത്തിലും അധികം പ്രകാശമുള്ള അവസ്ഥയാണ് പ്രകാശമലിനീകരണം. ഇരുട്ടില്‍ ചുറ്റുമുള്ളത് കാണാന്‍ വെളിച്ചം വേണമെന്നത് നിശ്ചയം. എന്നാല്‍ എത്ര വെളിച്ചം വേണമെന്നതാണ് ചോദ്യം.
പ്രകാശമലിനികരണം: എവിടെ? എപ്പോള്‍? എങ്ങനെ?
രാത്രിയിലെ വെളിച്ചത്തിന്റെ അതിപ്രസരം കാരണം സുന്ദരമായ ആകാശക്കാഴ്ചകള്‍ കാണാന്‍ കഴിയാത്തവരാണ് നാം. ആകാശത്ത് മാത്രമല്ല, താഴെ ഭൂമിയിലും ഇത് ഗുരുതര പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വെളിച്ചത്തിന്റെ അതിപ്രസരമുള്ള അവസ്ഥയാണല്ലോ പ്രകാശമലിനീകരണം. ഇത് പകലും രാത്രിയുമൊക്കെ സംഭവിക്കാവുന്നതാണെങ്കിലും, രാത്രിയിലെ ഇരുട്ടിന്റെ പശ്ചാത്തലത്തിലാണ് അമിത പ്രകാശത്തിന്റെ പരിണിതഫലങ്ങള്‍ കൂടുതലായി അനുഭവപ്പെടുക. ലോകത്തെ വന്‍ നഗരങ്ങളെല്ലാം തന്നെ ഇന്ന് നൈറ്റ് ലൈഫ് ഓഫര്‍ ചെയ്യുന്നുണ്ട്. അമേരിക്കയിലെ ലാസ് വേഗസ്, നൈറ്റ് ലൈഫിന് പേരുകേട്ട നഗരമാണ്. 'സിറ്റി ഓഫ് ലൈറ്റ്സ്' എന്നാണ് വേഗസ് അറിയപ്പെടുന്നത് തന്നെ! നൈറ്റ് ലൈഫ് സംസ്‌കാരത്തിന്റെ നൂതന സാധ്യതകള്‍ മനസ്സിലാക്കിയാവാം കേരള സര്‍ക്കാരും നൈറ്റ് ലൈഫ് ടൂറിസത്തിനായി തിരുവനന്തപുരത്തെ സജ്ജമാക്കുന്നത്. പിന്നാലെ കൊച്ചിയും മറ്റ് നഗരങ്ങളും ഇതിന്റെ ഭാഗമാകുമെന്നാണ് പ്രഖ്യാപനം. പ്രശ്നം ഇവിടെയൊന്നുമല്ല, ഇതിനൊക്കെ എത്ര വെളിച്ചം ഉപയോഗിക്കാമെന്നുള്ളതിന് കൃത്യമായ നിര്‍ദ്ദേശങ്ങളോ അവബോധമോ നമുക്കില്ല എന്നുള്ളിടത്താണ്.
.jpg?$p=8a7b7b1&&q=0.8)
പ്രകാശം പൊള്യൂട്ടന്റാവുന്ന വഴികള്‍!
നമുക്ക് ചുറ്റും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും പ്രകാശമലിനീകരണം സംഭവിക്കാറുണ്ട്:
1) 'സ്‌കൈഗ്ലോ'
ആഡംബര ലൈറ്റുകളാല്‍ ആകാശം പ്രകാശപൂരിതമാവുന്നതാണിത്. നഗരങ്ങളിലാണ് 'സ്‌കൈഗ്ലോ' കൂടുതലായും കാണപ്പെടുന്നത്. ഇവിടെ നക്ഷത്രങ്ങള്‍ മാഞ്ഞുപോയിട്ടുണ്ടാകും. അതേസമയം, രാത്രിയില്‍ അധിക വെളിച്ചമുപയോഗിക്കാത്ത സ്ഥലങ്ങളിലെ മേഘങ്ങള്‍ ഇരുണ്ടതും, അവയ്ക്കിടയിലൂടെ നക്ഷത്രങ്ങള്‍ അതീവ ശോഭയില്‍ തിളങ്ങുന്നതുമായിരിക്കും. ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്‌കൈ അസോസിയേഷന്‍ പറയുന്നത് പ്രകാരം, ലോസ് ഏയ്ഞ്ചല്‍സിലെ ആകാശത്തിന്റെ തിളക്കം 200 മൈല്‍ അകലെയുള്ള വിമാനത്തില്‍ നിന്ന് വരെ ദൃശ്യമാണ്.
2) 'ഗ്ലെയര്‍'
അസാധാരണമായ ബ്രൈറ്റ് ലൈറ്റ് കണ്ണിലേക്കടിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്. രാത്രിയില്‍ വണ്ടിയോടിച്ചു പോകുമ്പോള്‍ എതിരേ വരുന്ന വാഹനത്തിന്റെ 'ഗ്ലെയര്‍' മുഖത്തടിച്ചിട്ടില്ലേ? അപ്പോഴുണ്ടാകുന്ന അസ്വസ്ഥത ഗ്ലെയര്‍ മൂലമാണ്. ഇതിനെതിരെ ശക്തമായ ഡ്രൈവിങ് നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവയൊന്നും മിക്കപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് സത്യം. ഇത് കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നത് മാത്രമല്ല, അതുവഴി അപകടങ്ങള്‍ക്കും കാരണമാകുന്നു
3) 'ക്ലട്ടര്‍'
കുറെയധികം ലൈറ്റുകള്‍ കണ്ണിനെ കുഴപ്പിക്കുന്ന തരത്തില്‍ കൂട്ടമായി കത്തിച്ചുവെയ്ക്കുന്നതാണിത്. ക്ലട്ടറിലേക്ക് നോക്കുമ്പോള്‍ തന്നെ കണ്ണിന് അസ്വസ്ഥതയും ആരോചകത്വവും ഉണ്ടായേക്കാം. ചില ജ്വല്ലറികളിലും ഫാന്‍സി കടകളിലും മറ്റും പകല്‍സമയത്തുപോലും ക്ലട്ടറുകള്‍ കാണാം. ഇത് അവിടെ ജോലി ചെയ്യുന്നവരുടെ കണ്ണിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.
4) 'ലൈറ്റ് ട്രെസ്പാസ്'
ആവശ്യമില്ലാത്തിടത്ത് പരിധിയില്‍ കൂടുതല്‍ വെളിച്ചം കത്തിച്ചുവെയ്ക്കുന്നതാണ് 'ലൈറ്റ് ട്രെസ്പാസ്സ്'. രാത്രി മുഴുവന്‍ അടുത്ത വീട്ടിലെ ബള്‍ബിന്റെ വെളിച്ചം ജനലിലൂടെ നമ്മുടെ കണ്ണിലേക്ക് അരിച്ചുകയറിയാല്‍ ഉണ്ടാകുന്ന അസ്വസ്ഥത 'ലൈറ്റ് ട്രെസ്പാസ്സ്' മൂലമാണ്.
സ്വസ്ഥമായി ഇരുട്ടിനെ അനുഭവിക്കാനുള്ള അവകാശത്തിനായി 2018 ല്‍ മുംബൈ നിവാസിയായ നിലേഷ് ദേശായിക്ക് പരാതി കൊടുക്കേണ്ട ഗതികേടുണ്ടായി! വെളുപ്പിന് മൂന്ന് മണി വരെ ഫ്ളാറ്റിലെ ജനലിലൂടെ വെളിച്ചം അരിച്ചുകയറുന്നെന്നും ഇതുമൂലം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു പരാതി. കര്‍ട്ടനുകളും സ്ലീപ് മാസ്‌കുകളും കൊണ്ട് പ്രയോജനമില്ലാതായി മാറിയെന്നാണ് ഇയാള്‍ പറഞ്ഞത്. കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നിയാലും ഇത് ഒരാളുടെ മാനസികാരോഗ്യത്തെ ഗൗരവമായി ബാധിച്ച്, വിഷാദത്തിലേക്ക് വരെ നയിക്കാന്‍ സാധ്യതയുണ്ട്. കണ്ണിന് പരിക്ക്, ഉറക്കമില്ലായ്മ, അമിതവണ്ണം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. |
പരിസ്ഥിതിവാദികളും പ്രകൃതിശാസ്ത്രജ്ഞരും മെഡിക്കല്‍ ഗവേഷകരും ഒരുപോലെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, പ്രകാശമലിനീകരണത്തെ അടിസ്ഥാനരഹിതമായ വരട്ടുവാദമായി കരുതുന്നവരാണ് കൂടുതല്‍. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണങ്ങള്‍ നോക്കാം.
നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മേലടോണിന്‍ എന്ന ഹോര്‍മോണാണ് നമ്മുടെ ബയോളജിക്കല്‍ ക്ലോക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്നതും മെലടോണിനാണ്. വെളിച്ചവുമായുള്ള അമിത സമ്പര്‍ക്കം മെലടോണിന്റെ ഉത്പാദനം കുറയ്ക്കും. ഇതു നമ്മുടെ ബയോളജിക്കല്‍ ക്ലോക്കിനെ ആകെ തകിടം മറിക്കും. മൊബൈലിന്റെയും ലാപ് ടോപിന്റെയുമൊക്കെ സ്‌ക്രീനില്‍ നിന്നു വരുന്ന ബ്ലൂ വെളിച്ചമാണ് എറ്റവും അപകടകാരി. അതുകൊണ്ടാണ്, ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ബ്രൈറ്റ് സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതിനെ ഡോക്ടര്‍മാര്‍ വിലക്കുന്നത്. രാത്രിയിലെ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആ സമയത്ത് വെളിച്ചെവുമായുള്ള സമ്പര്‍ക്കം മൂലം പിന്നീട് ഇരുട്ടുമായി തങ്ങളുടെ കണ്ണുകളെ പാകപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുന്നുവെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.
'തീവ്രപരിചരണവിഭാഗത്തില്‍ ശുശ്രൂഷിക്കപ്പെടുന്ന രോഗികളില്‍ ചിലര്‍ക്കെങ്കിലും ഡെലീറിയം എന്ന അവസ്ഥ വരാറുണ്ട്. ഐസിയുവിനുള്ളിലെ പ്രത്യേക അന്തരീക്ഷം കാരണമാണത്. പകലെന്നോ രാത്രിയെന്നോ അന്തരമില്ലാതെ, ജനാല പോലും തുറന്നിടാത്ത മുറിയ്ക്കുള്ളില്‍ തന്നെ ദിവസങ്ങളോളം അടയ്ക്കപ്പെട്ട ശേഷം പുറത്തിറങ്ങുമ്പോഴാണ് പകലും രാത്രിയും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാതെ വരുന്നത്. ചുറ്റുമുള്ള അവസ്ഥയെ തിരിച്ചറിയാന്‍ പറ്റാതെ പോകല്‍, കാണുന്നതും കേള്‍ക്കുന്നതും പറയുന്നതുമായ കാര്യങ്ങളില്‍ വ്യക്തതയില്ലായ്മ, ആശയക്കുഴപ്പം എന്നിവ ഉണ്ടാകാറുണ്ട്. ഉറക്കത്തെയും ഇത് ബാധിക്കാറുണ്ട്. അതേപോലെ, ഐടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കണ്ണുകള്‍ക്ക് സ്ട്രെയിനും ഉറക്കമില്ലായ്മയുമുണ്ടാകാറുള്ളതായി പരാതിപ്പെടാറുണ്ട്. തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കുന്നതുകൊണ്ടാണിത്. ഫോണില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ നിന്നും വരുന്ന നീല വെളിച്ചം കണ്ണുകള്‍ക്ക് വരള്‍ച്ചയും അസ്വസ്ഥതയുമുണ്ടാക്കുന്നു. ഒപ്പം നമ്മെ ഉറങ്ങാന്‍ സഹായിക്കുന്ന മെലടോണിന്‍, സെറോടോണിന്‍ എന്നീ ഹോര്‍മോണുകളുടെ ഉത്പാദനത്തെയും ഇത് ബാധിക്കും. ഇത് തലവേദനയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമാകും. ഇതുകൊണ്ടാണ് ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഫോണിന്റെ ഉപയോഗം നിര്‍ത്തിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.'
-ഡോ. കിരണ്‍ പി.എസ് (സംസ്ഥാന നോഡല്‍ ഓഫീസര്‍ (മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടറേറ്റ്)
ആവാസവ്യവസ്ഥയെ ബാധിക്കുന്ന വിധങ്ങള്‍:
.jpg?$p=1990e2a&&q=0.8)
കഴിഞ്ഞ ഒക്ടോബര്‍ 30-)ം തീയതി മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച ചിത്രമാണിത്. വെളിച്ചത്താല്‍ ആകര്‍ഷിക്കപ്പെടുന്ന പ്രാണികള്‍ തന്നെ വെളിച്ചത്തിന്റെ തീവ്രത മൂലം മരിച്ചുവീഴുന്നു. എന്ത് വിരോധാഭാസമാണിത്! ന്യൂയോര്‍ക്കിലും ലാസ് വേഗസിലും മാത്രമല്ല, ഇങ്ങ് കേരളത്തിലെ മരങ്ങാട്ടുകവലയിലും പ്രകാശമലിനീകരണം വിപത്ത് സൃഷ്ടിക്കുന്നുണ്ട്.
രാത്രിയില്‍ വെളിച്ചം കത്തിച്ചതല്ല ഇവിടുത്തെ പ്രശ്നം, അതിന്റെ തീവ്രത കൂടിയതാണ്. എത്ര വെളിച്ചം വേണം എന്ന ചോദ്യത്തിന് 'ആവശ്യത്തിന് മാത്രം' എന്നതാണ് മറുപടി. അധിക വെളിച്ചം ഉപയോഗശൂന്യവും ഹാനികരവുമാണ്. അതിനുപയോഗിക്കപ്പെടുന്ന വൈദ്യുതിയും വെറുതേ പാഴായിപോകുന്നു. കെട്ടിടത്തിന്റെ അകത്തും പുറത്തുമായി ആഡംബരത്തിനു വേണ്ടി തെളിച്ചുവെക്കുന്ന ലൈറ്റുകള്‍, പരസ്യം ചെയ്യാനായി രാത്രി മുഴുവന്‍ കത്തിച്ചുവെക്കുന്ന ലൈറ്റുകള്‍, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തെളിക്കുന്ന തെരുവ് വിളക്കുകള്‍ എന്നിവയാണ് പ്രകാശമലിനീകരണത്തിന്റെ പ്രധാന സ്രോതസ്സുകള്‍. ഇവയൊന്നും മുന്നിലുള്ള വസ്തുവിനെ കാണുക എന്ന ഉദ്ദേശ്യത്തില്‍ തെളിക്കുന്നവയല്ല. നമ്മുടെ സ്വാര്‍ത്ഥതയും ശ്രദ്ധക്കുറവുമാണ് ഇതിനു പിന്നില്‍. ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്‌കൈ അസോസിയേഷന്റെ കണക്കുപ്രകാരം, അമേരിക്കയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വെളിച്ചത്തിന്റെ മൂന്നിലൊന്ന് ശതമാനവും പാഴാവുകയാണ്.
ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്‌കൈ അസോസിയേഷന്‍
പ്രകാശിക ഉപകരണങ്ങളുടെ(Optical instrument) അമിത ഉപയോഗം കുറയ്ക്കാനും അതുവഴി പ്രകാശമാലിന്യം കുറയ്ക്കാനും ലക്ഷ്യം വെയ്ക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്‌കൈ അസോസിയേഷന്‍. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലെ കറുത്ത വാവ് വരുന്ന ആഴ്ച ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്‌കൈ വീക്കായി ആചരിക്കുന്നുണ്ട്. വിര്‍ജീനിയയിലെ ജെന്നിഫര്‍ ബാര്‍ലോ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആശയമാണിത്. |
എല്ലാ ജീവികളുടെയും (സസ്യമോ ജന്തുവോ) ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത് ഒരു സിര്‍ക്കാഡിയന്‍ റിഥത്തെ അടിസ്ഥാനമാക്കിയാണ്. 24 മണിക്കൂറിലെ നമ്മുടെ ഉറക്കം, ഉണര്‍വ്വ് മുതലായവയെ നിയന്ത്രിക്കുന്നത് ഈ സിര്‍ക്കാഡിയന്‍ റിഥമാണ്. ഈ റിഥം ഒരു ജൈവ ഘടികാരത്തെ (ബയോളജിക്കല്‍ ക്ലോക്ക്) ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ബയോളജിക്കല്‍ ക്ലോക്കിന് താളം തെറ്റിയാല്‍ ശരീരത്തിന് മൊത്തത്തില്‍ താളം തെറ്റും. ഹോര്‍മോണ്‍ ഉത്പാദനം കുറയും, ഉറക്കം അവതാളത്തിലാകും. ഈ ബയോളജിക്കല്‍ ക്ലോക്കിന്റെ താളം തെറ്റിക്കാന്‍ അമിത പ്രകാശത്തിന് കഴിയും.
ഭൂമിയിലെ ജീവജാലങ്ങളെ പൊതുവേ രാത്രികാലജീവികളെന്നും പകല്‍ജീവികളെന്നും രണ്ടായി തിരിക്കാം. മനുഷ്യന്‍ ഒരു പകല്‍ജീവിയാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെളിച്ചം ആവശ്യമുള്ള ജീവി. എന്നാല്‍ രാത്രിയിലെ ഇരുട്ടില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരുപറ്റം ജീവജാലങ്ങളുമുണ്ട്. അതില്‍ സസ്യങ്ങളും ജന്തുക്കളുമുള്‍പ്പെടുന്നു. രാത്രി വെളിച്ചം തെളിച്ചിടുമ്പോള്‍ ഇവയുടെ ആന്തരികപ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ രാത്രിവെളിച്ചം നമുക്ക് രസം നല്‍കുന്നെങ്കിലും ചെടികളെ അത് മലിനമാക്കുന്നു.
"ഒരു സ്ഥലത്ത് ആവശ്യമില്ലാത്ത എന്തെങ്കിലും വസ്തു കുമിഞ്ഞുകൂടുമ്പോഴാണല്ലോ അവിടം മലിനമായി എന്നു നമ്മള്‍ പറയുന്നത്. രാത്രിയില്‍ ആഡംബരവിളക്കുകള്‍ നമ്മള്‍ നിരനിരയായി തെളിച്ചിടുന്നത് നമ്മുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടിയാണ്. രാത്രിയില്‍ നമുക്ക് മാത്രമല്ല 'ലൈഫ്' ഉള്ളത്, സമാന്തരമായി ഒരുപറ്റം ജീവജാലങ്ങളും രാത്രിയില്‍ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാത്തതാണ് പ്രശ്നം. സസ്യങ്ങളില്‍ തന്നെ പ്രകാശത്തിന്റെ അളവും ദൈര്‍ഘ്യവുമനുസരിച്ച് ലോങ് ഡേ പ്ലാന്റ്്സ്, ഷോര്‍ട്ട് ഡേ പ്ലാന്റ്സ്്, ഡേ ന്യൂട്രല്‍ പ്ലാന്റ്സ് എന്നിങ്ങനെ തരംതിരിവുകളുണ്ട്. ഇത് സസ്യങ്ങളിലെ ഗിബറല്ലിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും അതുവഴി അവയുടെ പൂവിടലിനെയും പരാഗണത്തെയും നിയന്ത്രിക്കുന്നു. ജന്തുക്കളിലാണെങ്കില്‍ അവയിലെ സിര്‍ക്കാഡിയന്‍ റിഥം തെറ്റിക്കുന്നതിനും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയ്ക്കും പ്രകാശവ്യതിയാനം കാരണമാകുന്നുണ്ട്.
കടലിലെ ആവാസവ്യവസ്ഥയുടെ കാര്യമെടുത്താല്‍, വെള്ളത്തിലൂടെ ഒഴുകിനടക്കുന്ന ഫൈറ്റോപ്ലാങ്ക്ടണുകളും സൂപ്ലാങ്ക്ടണുകളും മൈക്രോആല്‍ഗേയുമൊക്കെ വെളിച്ചത്തിന്റെ തീവ്രത കൂടൂന്നതനുസരിച്ച് താഴേക്ക് പോകും. പ്രകാശത്തിന്റെ തീവ്രതയനുസരിച്ച് സസ്യങ്ങള്‍ തങ്ങളുടെ സ്ഥാനം അഡ്ജസ്റ്റ് ചെയ്യുന്നതാണിത്. ചിലപ്പോള്‍ രാവിലെ നോക്കുമ്പോള്‍ പായലുകളൊക്ക വെള്ളത്തിനു മുകളില്‍ ഒഴുകിനില്‍ക്കുന്നത് കാണാം. എന്നാല്‍ പിന്നീടങ്ങോട്ട് പ്രകാശവും താപവും കൂടുന്നതോടെ ഇവ താഴേയ്ക്ക് ആണ്ട് പോകും. ഇതുമൂലം വെള്ളത്തിന്റെ നിറവും മാറും. ഈ മാറ്റത്തിന് ഗൈഡുക്കോവ് പ്രതിഭാസം എന്നാണ് പറയുക. അതുപോലെ, കടലാമകള്‍ മുട്ടയിടുന്നത് കരയിലാണ്. ഇവയുടെ മുട്ടകള്‍ വിരിയുന്നത് രാത്രിയിലാണ്. എന്നാല്‍ മുട്ടവിരിഞ്ഞ കടലാമക്കുഞ്ഞുങ്ങള്‍ ജീവിക്കാനായി കടലിലേക്ക് പോകുന്നത് കടല്‍വെള്ളത്തില്‍ പ്രതിഫലിക്കുന്ന ചന്ദ്രന്റെ വെളിച്ചം നോക്കിയാണ്. ബീച്ച് ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി ബീച്ച് റോഡുകളിലും ബീച്ചിന്റെ മറ്റു പ്രദേശങ്ങളിലുമെല്ലാം കൃത്രിമവെളിച്ചം കത്തിച്ചുവെയ്ക്കുന്നത് ഇവയുടെ ദിശ തെറ്റിക്കാന്‍ കാരണമാകുന്നു. കടലിലേയ്ക്കു പോകേണ്ടതിനുപകരം മറ്റേതെങ്കിലും ദിക്കിലേക്ക് പോയി നായ്ക്കളുടെയോ മറ്റ് ജീവജാലങ്ങളുടെയോ വായിലകപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ കടലാമകളുടെ നിലനില്‍പ്പിനു തന്നെ അമിതപ്രകാശം ഭീഷണിയുയര്‍ത്തുന്നു.
- ഡോ. കിഷോര്‍ കുമാര്‍ കെ, ബോട്ടണി വിഭാഗം തലവന്‍, ഫറൂഖ് കോളേജ്, കോഴിക്കോട്
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എഡിറ്റോറിയല്‍ അംഗം)
ജ്യോതിശാസ്ത്രത്തെയും ബാധിക്കുന്നു
അന്തരീക്ഷത്തില്‍ കൃത്രിമപ്രകാശത്തിന്റെ അതിപ്രസരമുണ്ടാവുമ്പോള്‍ അത് ആകാശത്തിന്റെ പശ്ചാത്തലവെളിച്ചം കൂട്ടുകയും അതുവഴി നെബുലകള്‍, താരാപഥങ്ങള്‍ തുടങ്ങിയ മങ്ങിയ വസ്തുക്കളില്‍ നിന്നുള്ള പ്രകാശത്തെ മുക്കിക്കളയുകയും ചെയ്യുന്നു. ഇത് വാനനനിരീക്ഷണം നടത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. ഇതുമൂലം ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ക്ക് നഗരങ്ങളില്‍നിന്ന് ഇരുണ്ട ആകാശമുള്ള ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ കൃത്രിമവെളിച്ചമെല്ലാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവും ഭീകരമാണ്.
പ്രകാശമലിനീകരണവും ഊര്‍ജ്ജപ്രതിസന്ധിയും
പ്രകാശം വൈദ്യുത-കാന്തിക തരംഗങ്ങളായാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. വൈദ്യു ഉത്പാദനത്തിലൂടെയാണ് ഇത് സാധാരണയായി സാധ്യമാവുക. ഫോസില്‍ ഇന്ധനങ്ങളാണ് ഈ എനര്‍ജിയുടെ പ്രധാന ഉറവിടം. അനാവശ്യവും അമിതവുമായ കൃത്രിമവെളിച്ചം ഊര്‍ജ്ജത്തിന്റെ അമിത ഉപഭോഗത്തിനും അതുവഴി ഊര്‍ജ്ജപ്രതിസന്ധിക്കും കാരണമാകുന്നു. കൂടാതെ, വായുമലിനികരണത്തിനും കാലാവസ്ഥാമാറ്റങ്ങള്‍ക്കും കൂടി കാരണമാകുന്നുണ്ട്. അന്തരീക്ഷത്തില്‍ വായുമലിനീകരണം കൂടുന്നതും പ്രകാശമലിനീകരണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവുന്നുണ്ട്. അന്തീരക്ഷത്തില്‍ പൊടിയും പുകപടലവും കൂടുമ്പോള്‍ പ്രകാശവികിരണം കൂടുകയും അതുവഴി ആകാശം സാധാരണയെക്കാള്‍ പ്രാശപൂരിതമാവുകയും ചെയ്യുന്നതുകൊണ്ടാണിത്. അതിനാല്‍ പ്രകാശമലിനീകരണം നിയന്ത്രിക്കുകവഴി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും.
നമുക്കെന്ത് ചെയ്യാന്‍ പറ്റും?
പ്രകാശം ഒരു ന്യൂട്രല്‍ വസ്തു അല്ലെന്നും അത് അടിക്കപ്പെടുന്ന പ്രതലത്തിലും ജീവജാലങ്ങളിലും പരിണിതഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നുമുള്ള തിരിച്ചറിവാണ് ആദ്യം വേണ്ടത്. നൈറ്റ് ലൈഫിന്റെ പിന്നാലെ പോകുമ്പോള്‍, ഈ 'ലൈറ്റ് ലൈഫ്' കാരണം 'ലൈഫ്' നഷ്ടമാകുന്ന ഒരുപറ്റം ജീവജാലങ്ങളുണ്ടെന്ന് നാം ഓര്‍ക്കണം. വീടിനുപുറത്ത് തെളിയിക്കുന്ന ബള്‍ബുകളുടെ കാര്യത്തില്‍ നമുക്ക് അധികമൊന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും, നമ്മുടെ വീട്ടിനുള്ളിലെ വെളിച്ചത്തിന്റെ തോതും തീവ്രതയും പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തിലാണ്. ആവശ്യമുള്ളിടത്ത്, ആവശ്യമുള്ളപ്പോള്‍ മാത്രം ലൈറ്റ് തെളിക്കുക, ആവശ്യം കഴിഞ്ഞാല്‍ ഓഫ് ചെയ്യുക. അല്ലെങ്കില്‍ ഡിം ചെയ്യുക.
എംഐടി ടെക്നോളജി റിവ്യൂവിന്റെ റിപ്പോര്‍ട്ടുപ്രകാരം, പ്രകാശമലിനീകരണം ഏറ്റവും അധികമുള്ള രാജ്യം സിങ്കപ്പൂരാണ്. ഇവിടെയുള്ള മുഴുവന്‍ ജനത്തിനും രാത്രിക്കാഴ്ചയുമായി തങ്ങളുടെ കണ്ണുകളെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്തവരാണ്. സന്ധ്യ മയങ്ങുന്നതുപോലെയേ സിങ്കപ്പൂരില്‍ രാത്രിയില്‍ ഇരുട്ട് പരക്കാറുള്ളൂവത്രെ! താരതമ്യേന മഡഗാസ്‌കര്‍ പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രകാശത്തിന്റെ അതിപ്രസരത്തില്‍ മുങ്ങിപ്പോകാതിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. നൈറ്റ് ലൈഫുകള്‍ ഉള്ളപ്പോഴും, ഫ്രാന്‍സില്‍ സ്‌കൈ ബീമുകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമമുണ്ട്. അതുപോലെ, ഇവിടുത്തെ ഇക്കോളജിക്കലി സെന്‍സിറ്റീവ് ആയ പ്രദേശങ്ങളില്‍ ലൈറ്റിന്റെ തോത് നിയന്ത്രിക്കണമെന്ന നിയമവും നിലവിലുണ്ട്. ഇത്തരത്തില്‍, സ്വഭാവികമായ ഇരുട്ട് ഒരുപരിധിവരെ തിരികെ കൊണ്ടുവരാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. ലാംബാര്‍ഡിയ അടക്കമുള്ള ഇറ്റാലിയന്‍ പ്രദേശങ്ങളിലും സ്ലൊവേനിയയിലും ചിലിയുടെ ചില പ്രദേശങ്ങളിലും ക്യാനറി ദ്വീപുകളുടെ ചില ഭാഗങ്ങളിലും പ്രകാശമലിനീകരണത്തിനെതിരെ ശക്തമായ നിയമനിര്‍മാണസംവിധാനമാണുള്ളത്.
.jpg?$p=a80322e&&q=0.8)
ലൈറ്റുകള്‍ എങ്ങനെ സ്ഥാപിക്കണമെന്നതും പ്രധാനമാണ്. മുകളില്‍ നിന്ന് താഴേക്ക് നേരിട്ട് പതിക്കുന്ന പ്രകാശം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. ബാക്കി പ്രകാശരശ്മികള്‍ പാഴായിപ്പോവുകയാണ്. ലാമ്പ് ഷേഡുകള്‍ ഉപയോഗിക്കുന്നത് വെളിച്ചം പാഴാകാതിരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. കുറഞ്ഞ വികിരണമുള്ള എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നത് പ്രകാശ മലിനീകരണം കുറയ്ക്കും. ഉപയോഗിക്കുന്ന ലൈറ്റിന്റെ തീവ്രതയും ആവശ്യാനുസരണം കുറച്ചു കൊടുക്കണം.
എവിടെ ലൈറ്റ് സ്ഥാപിക്കണം, എങ്ങനെ സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിയമങ്ങള്‍ ഇന്ത്യയിലും കൊണ്ടുവരേണ്ടതുണ്ട്. ഡല്‍ഹി പോലെയുള്ള നഗരങ്ങളിലെ വായുമലിനീകരണവും തിരഞ്ഞെടുപ്പ് സമയങ്ങളിലെ ശബ്ദമലിനീകരണവും പോലെതന്നെ, പ്രധാന നഗരങ്ങളിലെ പ്രകാശമലിനീകരണവും ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണ്. വന്‍നഗരങ്ങളില്‍ രാത്രി വെളിച്ചത്തിന്റെ തോത് അപകടകരമായ തോതില്‍ കൂടിവരുമ്പോള്‍, നൈറ്റ് ലൈഫ് ടൂറിസത്തില്‍ പ്രകാശം ഉപയോഗിക്കേണ്ടതിനെപ്പറ്റി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പരിസ്ഥിതി മന്ത്രാലയവും ഇറക്കേണ്ടതാണ്. ചുരുക്കത്തില്‍, നമ്മുടെയും ലോകത്തിന്റെയും 'ശോഭന'മായ ഭാവിക്ക് രാത്രിയില്‍ തമസ്സ് തന്നെയാണ് സുഖപ്രദം!
Content Highlights: light pollution, harmful effects of artificial light in humans and ecosystem, nightlife and light
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..