ഹൈറേഞ്ച് ഭൂമിയിലെ വിറയല്‍, ഉടഞ്ഞത് അടിയിലെ കട്ടിപ്പാറ: മുന്നറിയിപ്പിന്റെ കാഹളം അവഗണിച്ചാല്‍....


സി.രാധാകൃഷ്ണന്‍

അതായത്, പല തട്ടുകളുള്ള സാന്‍ഡ്വിച്ച് എന്ന തീറ്റപ്പണ്ടത്തിന്റെ പ്രകൃതത്തിലാണ് കേരളത്തിന്റെ അസ്തിവാരം. ഇത് മൊത്തമായി ഏതാനുമായിരം അടി ഉയരത്തില്‍നിന്ന് സമുദ്രനിരപ്പിലേക്ക് ചെരിഞ്ഞു കിടപ്പുമാണ്.

പ്രതീകാത്മക ചിത്രം | Photo-ANI

ഹൈറേഞ്ചിലെ ഭൂമി വീണ്ടും വിറച്ചല്ലോ. ചെറിയ വിറയല്‍ അല്ല. റിക്ടര്‍ സ്‌കെയിലില്‍ മൂന്നോളം തീവ്രതയുണ്ടായി. ഉറവെടുത്തത് ഏറെ ആഴത്തില്‍നിന്നാണ്. മുഴക്കത്തിന്റെ അകമ്പടിയും ഉണ്ടായി. എന്നുവെച്ചാല്‍ അടിയിലെ കട്ടിപ്പാറ ഉടഞ്ഞു! വലിയ അണക്കെട്ടുകളുടെ ജലാശയങ്ങള്‍ രൂപപ്പെടുമ്പോള്‍ ആ പരിസരത്ത് ഇങ്ങനെ വിറയല്‍ ഉണ്ടാകാറുണ്ട്. അറുപതുകളുടെ ആദ്യത്തില്‍ കൊയ്ന അണക്കെട്ടുമായി ബന്ധപ്പെട്ട് ഞാന്‍ ഇത് നേരിട്ട് നിരീക്ഷിച്ചിട്ടുണ്ട്.

അന്നെനിക്ക് അഖിലലോക ഭൂചലന മാപന ശൃംഖലയുടെ (WWSS) പുണെയിലെ ഉപകരണത്തിന്റെ ചുമതല ഉണ്ടായിരുന്നു. (ഇതേകാലത്തു തന്നെയായിരുന്നു ചൈന അവരുടെ ആദ്യത്തെ അണുസംയോജനബോംബിന്റെ പരീക്ഷണം നടത്തിയതും. അതിന്റെ തരംഗങ്ങളും ഉപരിതല തരംഗങ്ങള്‍ ആയിരുന്നതുകൊണ്ടാണ് രണ്ടുകാര്യവും ചേര്‍ത്ത് ചിന്തിക്കാനും ഓര്‍ക്കാനും ഇടയായത്.)

വെള്ളത്തിന്റെ ഭാരംകൊണ്ട് അടിയിലെ പാറകളില്‍ ചിലത് അമര്‍ന്ന് ഉടഞ്ഞതാണ് കൊയ്നയിലെ ചലനങ്ങള്‍ക്കു കാരണം. ഏറെ ആഴത്തിലായിരുന്നില്ല സംഭവം. ജലസംഭരണി മുഴുവനായി നിറഞ്ഞതോടെ, ഉടയാനുള്ള പാറയൊക്കെ ഉടഞ്ഞുകഴിഞ്ഞതിനാല്‍, ഈ ചലനങ്ങള്‍ നിലയ്ക്കുകയും ചെയ്തു.

ഇവിടെ ഇപ്പോള്‍ ജലസംഭരണികളൊക്കെ ഉണ്ടായി ദശകങ്ങള്‍ക്കുശേഷമാണ് ചലനങ്ങള്‍ എന്നു മാത്രമല്ല, അവ വളരെ ആഴത്തില്‍നിന്നാണ് പുറപ്പെടുന്നതും. അപ്പോള്‍ ഇവിടത്തെ കാര്യങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോയെന്ന് ആലോചിക്കേണ്ടിവരുന്നു.

ഉണ്ട്, കേരളം എന്ന ഭൂമി രൂപംകൊണ്ടത് അസാധാരണ രീതിയിലാണ്. അതിവിദൂര ഭൂതകാലത്ത് ഈ ഭൂഭാഗം ഉണ്ടായിരുന്നില്ല. പശ്ചിമഘട്ടം എന്ന നെടുങ്കന്‍ അഗ്‌നിപര്‍വതം പൊങ്ങിപ്പിറന്നതിന്റെ ഭാഗമായി ലാവ ഒഴുകി കടല്‍ നികന്നാണ് ഇതുണ്ടായത്. ക്രമേണ ശക്തികുറഞ്ഞുവന്നു എങ്കിലും, തുടരെത്തുടരെ ഒരുപാട് സ്‌ഫോടനങ്ങള്‍ ഉണ്ടായി. പോകെപ്പോകെ ഇവയുടെ ഇടവേള വര്‍ധിച്ചും വന്നു.

ഓരോ ഇടവേളയും കോടാനുകോടി വര്‍ഷങ്ങള്‍ നീണ്ടതായിരുന്നതുകൊണ്ട് അന്നന്നു നിലവിലിരുന്ന ഉപരിതലങ്ങളില്‍ സസ്യങ്ങളും മണ്ണും പരസ്പരം സഹകരിച്ച് ഉരുവപ്പെട്ടു. ഓരോ തവണയും ഈ ജൈവസമ്പത്തിനു മേലെയാണ് അടുത്ത ലാവാപ്രവാഹം വന്നത്.

അതായത്, പല തട്ടുകളുള്ള സാന്‍ഡ്വിച്ച് എന്ന തീറ്റപ്പണ്ടത്തിന്റെ പ്രകൃതത്തിലാണ് കേരളത്തിന്റെ അസ്തിവാരം. ഇത് മൊത്തമായി ഏതാനുമായിരം അടി ഉയരത്തില്‍നിന്ന് സമുദ്രനിരപ്പിലേക്ക് ചെരിഞ്ഞു കിടപ്പുമാണ്.

ഈ പാറയടരുകളില്‍ മുകളിലത്തേത് ജലഭാരംകൊണ്ട് ഉടഞ്ഞ് വെള്ളം അടിയില്‍ കടക്കാന്‍ ഇടയായാല്‍ എന്തുണ്ടാകുമെന്ന് എളുപ്പം ആലോചിക്കാവുന്നതേയുള്ളൂ: അടരുകള്‍ തമ്മിലുള്ള പിടിത്തം അയയും! അതോടെ, മഹാ ജലസംഭരണികളുടെ ഭാരം വഹിക്കുന്ന മുകളടര് വഴുതിയിറങ്ങി താഴോട്ടിറങ്ങിപ്പോരും

ഈ ഭൂമിയിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ആയിരിക്കും അത്! വിശേഷബുദ്ധിയുള്ള മനുഷ്യരായ നാം ഈ സാധ്യത കണ്ടില്ലെന്നു നടിക്കുന്നതാണോ നല്ലത്? അതോ, അതിന് വല്ലവിധവും തടയിടാന്‍ ശ്രമിക്കുന്നതോ?

വഴിയില്ലാതെ ഇല്ല. ചെറിയ സ്‌ഫോടനങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി ഭൂകമ്പമാപിനി ഉപയോഗിച്ച് ഭൂമിക്കടിയിലെ വിവിധ ആഴങ്ങളിലെ ഘടനാവിശേഷങ്ങള്‍ അറിയാം. എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൊണ്ട് ആഴങ്ങളിലെ സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാം. പാറകള്‍ക്കിടയിലും മുകളിലുമുള്ള വ്യാമര്‍ദങ്ങളുടെ അളവ് കണക്കാക്കാം. മുകളിലുള്ള ജലഭാരം പരിധിക്കകത്ത് നിര്‍ത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാം.

ഇത് ഉടനെ ചെയ്തില്ലെങ്കില്‍ ഇവിടെ കാര്യം നോക്കാന്‍ ആരെങ്കിലും ഉണ്ട് എന്നു നാളെ ആരും പറയില്ല. (കേരളത്തിലെ നാലിലൊന്ന് ജനസംഖ്യ ഇല്ലാതാകും എന്നതുകൊണ്ട് പറയാന്‍ ആരുംതന്നെ ഉണ്ടായില്ലെന്നും വരാം!)

ഇതിനുമുമ്പ് രണ്ടുതവണ ഞാന്‍ ഈ കാര്യങ്ങള്‍ ലേഖനങ്ങളിലൂടെ പറഞ്ഞിരുന്നതാണ്. രാഷ്ട്രീയവിവാദമാക്കാന്‍ വക ഇല്ലാത്തതുകൊണ്ടാവാം, ആരും ശ്രദ്ധിച്ചില്ല.

ഇപ്പോഴെങ്കിലും കക്ഷിരാഷ്ട്രീയം മറന്ന് അല്പം ശാസ്ത്രീയമായി ആലോചിക്കുകയേ വേണ്ടൂ. അല്ല, മുന്നറിയിപ്പിന്റെ കാഹളം മുഴങ്ങുന്നതുപോലും അവഗണിക്കാനാണ് ഭാവമെങ്കില്‍....!

Content Highlights: Landslide in highrange; a warning sign

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented