ക്യാമ്പിനുമുന്നിൽ ദിലീപ് അന്തിക്കാട്
തലെക്(കെനിയ): ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ മസായ് മാരയിലെ വന്യജീവി ക്യാമ്പിനു പിന്നിലൊരു മലയാളിയുണ്ട്. വന്യജീവി ഫോട്ടോഗ്രഫിയില്‍ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുള്ള ഫോട്ടോഗ്രാഫറും പ്രകൃതിസംരക്ഷണ പ്രവര്‍ത്തകനുമായ ദിലീപ് അന്തിക്കാട്.
2010-ല്‍ ഫോട്ടോയെടുക്കാനായിട്ടാണ് ദിലീപ് ആദ്യം ഉസേറിയ റിവര്‍ ക്യാമ്പിലെത്തുന്നത്. പ്രകൃതിയോട് ഇണങ്ങി, വന്യമൃഗങ്ങള്‍ സ്വതന്ത്രമായി വിരാജിക്കുന്ന ക്യാമ്പ് ആദ്യമേ ഹൃദയം കവര്‍ന്നിരുന്നു. ആ വരവില്‍ തന്നെ മസായ് മാരയോട് പ്രണയവുമായി. അങ്ങനെയാണ് അവിടെ കുറച്ചുസ്ഥലം പാട്ടത്തിനെടുത്ത് വന്യജീവിസംരക്ഷണം പ്രധാന ലക്ഷ്യമാക്കി ഒരു ക്യാമ്പ് തുടങ്ങാന്‍ ദിലീപ് ലക്ഷ്യമിടുന്നത്. 2020-ല്‍ പദ്ധതി തുടങ്ങാന്‍ ഇവിടെ വീണ്ടുമെത്തിയതോടെ ലോകം കോവിഡിന്റെ പിടിയിലായി. പാര്‍ക്കിന്റെ പ്രവര്‍ത്തനം വൈകി.
സ്വയം രൂപകല്പന ചെയ്ത കെട്ടിടത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ച ക്യാമ്പില്‍ ഇപ്പോള്‍ സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. തലെക് നദി വളഞ്ഞൊഴുകുന്ന മനോഹരമായ സ്ഥലത്താണ് ക്യാമ്പ്.
വലിയ ജീവികള്‍ക്കുപുറമേ കുട്ടിത്തേവാങ്കിനെപ്പോലുള്ള ബുഷ് ബേബി കാങ്കരു മുയല്‍, ആഫ്രിക്കന്‍ ഉറുമ്പുതീനി ആഡ് വാക് തുടങ്ങി പന്ത്രണ്ടോളം അപൂര്‍വ ഇനങ്ങള്‍ ക്യാമ്പിന്റെ പരിസരങ്ങളില്‍ തന്നെയുണ്ട്. ഉദയത്തിന്റെയും അസ്തമയത്തിന്റെയും മനോഹാരിതയും ഇവിടെയിരുന്നു കാണാം. സഞ്ചാരികള്‍ കൂടിയതോടെ ഇപ്പോള്‍ എല്ലാദിവസങ്ങളിലും ബുക്കിങ്ങുണ്ട്.
വന്യജീവികളോടുള്ള ജനങ്ങളുടെ ഭയം മാറ്റുക, അവയെ സംരക്ഷിക്കുന്നതിനുള്ള പ്രാധാന്യം ഓര്‍മപ്പെടുത്തുക, ഫോട്ടോഗ്രഫിയുടെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുക, മസായിമാരുടെ ഉന്നമനം ലക്ഷ്യമാക്കി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുക തുടങ്ങിയവയാണ് ക്യാമ്പ് പദ്ധതി ലക്ഷ്യമിടുന്നത്. ദോഹയില്‍ പ്രകൃതിസംരക്ഷണരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ദിലീപ്, വിവിധരാജ്യങ്ങളില്‍ വന്യജീവിസംരക്ഷണത്തെപ്പറ്റി ക്ലാസെടുക്കാറുണ്ട്. മലയാളിയായ രമ്യ അനൂപ് വാരിയരും ക്യാമ്പിന്റെ ഡയറക്ടറാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..