പ്ലാസ്റ്റിക്കിന് പാള ബദൽ, 100% പരിസ്ഥിതി സൗഹാർദ്ദം; ദമ്പതികള്‍ മാസം സമ്പാദിക്കുന്നത് 2 ലക്ഷം രൂപ


അഖില്‍ ശിവാനന്ദ്

പാള ലഭിക്കാനായി ഒരു മരം പോലും മുറിക്കേണ്ടതില്ലെന്ന് ഈ ദമ്പതികള്‍ ചൂണ്ടിക്കാണിക്കുന്നു. പൊഴിഞ്ഞു വീഴുന്ന പാളയെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇവർ

ദേവകുമാറും ശരണ്യയും

യുഎഇയിലെ നല്ല ശമ്പളം ലഭിക്കുന്ന എൻജിനീയറിങ് ജോലി ഉപേക്ഷിച്ച് ദേവകുമാര്‍ നാരായണനും ജീവിതപങ്കാളി ശരണ്യയും നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ നെറ്റിചുളിച്ചവരായിരുന്നു അധികവും. നാട്ടിലൊരു സംരംഭം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞപ്പോഴും പലരും നിരുത്സാഹപ്പെടുത്തി. വ്യവസായം തുടങ്ങാന്‍ തമിഴ്‌നാടോ കര്‍ണാടകയോ അല്ലേ നല്ലത് എന്ന പതിവ് ചോദ്യം തന്നെ പലരും ആവര്‍ത്തിച്ചു. എന്നാലിന്ന് കാസര്‍കോട് മടിക്കൈയിലെ സ്വന്തം ഫാക്ടറിയില്‍ കമുകിന്‍ പാളയില്‍ ഈ ദമ്പതികള്‍ വിസ്മയം തീര്‍ക്കുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്ന് നാടിനെ രക്ഷിക്കുക എന്ന സ്വപ്നംകൂടിയാണ് സഫലമാകുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പാത്രങ്ങളും സ്പൂണുകളുമടക്കം പലവിധ ഉത്പന്നങ്ങള്‍ ഇവരുടെ സംരംഭമായ പാപ്ല (papla) വിപണിയിലെത്തിക്കുന്നു. പേപ്പര്‍ നിര്‍മിക്കാന്‍ പോലും മരം മുറിക്കേണ്ടിവരുമ്പോള്‍ പാള ലഭിക്കാനായി ഒരു മരം പോലും മുറിക്കേണ്ടതില്ലെന്ന് ഈ ദമ്പതികള്‍ ചൂണ്ടിക്കാണിക്കുന്നു. കമുകിന്‍ തോട്ടങ്ങളില്‍ സ്വാഭാവികമായി പൊഴിഞ്ഞു വീഴുന്ന പാളയെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇവിടെ.

ഉപയോഗമില്ലെന്ന് പറഞ്ഞ് കര്‍ഷകര്‍ തള്ളിക്കളയുന്ന ഒന്നില്‍ നിന്നാണ് മനോഹരവും നൂറ് ശതമാനം പരിസ്ഥിതി സൗഹാര്‍ദപരവുമായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇവര്‍ ഉണ്ടാക്കുന്നത്.

ഗള്‍ഫില്‍ നിന്ന് കാസര്‍കോട്ടേക്ക്...

2013 മുതല്‍ യുഎഇയില്‍ ടെലികോം മേഖലയില്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി ദേവകുമാര്‍ നാരായണന്‍. വിവാഹശേഷമാണ് ശരണ്യ യുഎഇയില്‍ എത്തുന്നത്. അവിടെ നിര്‍മാണ മേഖലയിലായിരുന്നു ശരണ്യക്ക് ജോലി. കോര്‍പ്പറേറ്റ് കമ്പനിയില്‍ മികച്ച ശമ്പളത്തോടെയുള്ള തിരക്കേറിയ ജീവിതം. എന്നാല്‍ അധികം താമസിയാതെ 9-5 ജോലിയും തിരക്കേറിയ ജീവിതവും അവര്‍ക്ക് മടുപ്പ് സമ്മാനിക്കാന്‍ തുടങ്ങി. അങ്ങനെയാണ് 2018ല്‍ കാസര്‍കോട്ടേയ്ക്കു മടങ്ങാന്‍ ഇരുവരും തീരുമാനിക്കുന്നത്. സ്വന്തം നാട്ടില്‍ ഒരു സംരംഭം എന്നതായിരുന്നു ലക്ഷ്യം.

കൃത്യമായ പദ്ധതിയോടെയാണ് ഇരുവരും നാട്ടിലെത്തുന്നത്. സംരംഭം തുടങ്ങിയാല്‍ വിദേശ രാജ്യങ്ങളില്‍ ഉത്പന്നത്തിനുള്ള ആവശ്യകതയെക്കുറിച്ച് മാര്‍ക്കറ്റ് സ്റ്റഡി നടത്തിയിരുന്നു. യുഎഇയിലായിരുന്ന സമയത്ത് അവിടുത്തെ മാര്‍ക്കറ്റിനേക്കുറിച്ചും പഠിച്ചു. പ്രകൃതിദത്തവും എന്നാല്‍ സാധ്യതയുമുള്ള എല്ലാവിധ ബിസ്സിനസ്സുകളെ കുറിച്ചും ഇരുവരും പഠനം നടത്തി. പ്രാദേശികമായി ലഭ്യമാകുന്നതായിരിക്കണം അസംസ്‌കൃത വസ്തുക്കളെന്ന് തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തിലാണ് പാളയിലേക്ക് ശ്രദ്ധയെത്തുന്നത്. കാസര്‍കോട് സ്വദേശിയായിരുന്നതിനാല്‍ തന്നെ പാളയുടെ ലഭ്യതയെക്കുറിച്ച് ദേവകുമാറിന് കൃത്യമായ ധാരണയുണ്ടായിരുന്നു.

പാപ്ല നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍

പ്രകൃതി സൗഹാർദ്ദമായി എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു ഇരുവരുടേയും ആഗ്രഹം. ഉത്പന്നത്തെക്കുറിച്ച് ചിന്തിക്കും മുമ്പ് തന്നെ നിശ്ചയിച്ചതാണ് പാപ്ല എന്ന പേരെന്ന് ശരണ്യ പറയുന്നു. ലെസ് പേപ്പര്‍ ആന്റ് ലെസ് പ്ലാസ്റ്റിക് എന്ന ആശയമാണ് ഇതിന്റെ പിന്നില്‍. പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും പേപ്പറും പ്ലാസ്റ്റിക്കും കുറയണം എന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് സംരംഭത്തിന് പാപ്ല എന്ന് പേരിട്ടത്. പിന്നീടാണ് ഉത്പന്നം അന്തിമമായി നിശ്ചയിച്ചത്. ആ ഘട്ടത്തിലെത്തുമ്പോഴും അതുമായി നന്നായി യോജിക്കുന്ന പേരായി പാപ്ല മാറി.

പാപ്ല യാഥാര്‍ഥ്യമാകുന്നു...

മടിക്കൈ പഞ്ചായത്തില്‍ സ്വന്തം വീടിനോട് ചേര്‍ന്നാണ് നിര്‍മാണ യൂണിറ്റ്. ദേവകുമാറിനും ശരണ്യക്കും പുറമേ ഏഴ് ജീവനക്കാര്‍കൂടി ഇപ്പോള്‍ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്യുന്നു. 2018-ല്‍ നാട്ടിലെത്തിയ ശേഷം വളരെ പ്രാഥമികമായ ഒരു യൂണിറ്റാണ് ഇരുവരും ചേര്‍ന്ന് ആരംഭിച്ചത്. അത് പിന്നീട് വിപുലീകരിക്കുകയായിരുന്നു. 2018 അവസാനമാണ് പാള ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം ആരംഭിച്ചതെങ്കിലും അതിന് മുമ്പേ തന്നെ ഉത്പന്നം മാര്‍ക്കറ്റ് ചെയ്തിരുന്നു.

ഉത്പന്നം പുതിയതല്ലെന്ന് മാത്രമല്ല കാലങ്ങള്‍ക്ക് മുമ്പ് തന്നെ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നതാണെന്ന് ശരണ്യ പറയുന്നു. പാളകൊണ്ടുള്ള പാത്രങ്ങളുടെ വിപണണം, അസംസ്‌കൃത വസ്തുക്കളുടെ കൃത്യമായ ശേഖരണം, അതിന്റെ പ്രോസസിങ് എന്നിവയെക്കുറിച്ചോ മൂല്യവര്‍ധിത ഉത്പന്നമാക്കാനുള്ള സാധ്യതയെക്കുറിച്ചോ കേരളത്തില്‍, പ്രത്യേകിച്ച് കാസര്‍കോട് അത്ര പ്രചാരമില്ലായിരുന്നു. കര്‍ണാടകയില്‍ അടക്കം തലമുറകള്‍ക്ക് മുമ്പ് തന്നെ ഇത് ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞ ശരണ്യ പക്ഷേ പലര്‍ക്കും വിപണന സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ സാധിക്കാറില്ലെന്നും ചൂണ്ടിക്കാണിച്ചു.

ആദ്യഘട്ടത്തില്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം ആരംഭിച്ചത്. പിന്നീടത് വിപുലീകരിച്ചതിന് ഒപ്പം ഉത്പന്നത്തിന്റെ രൂപകല്പനയില്‍ അടക്കം മാറ്റങ്ങള്‍ വരുത്തി. സ്ഥിരമായി കണ്ടുവന്നിരുന്ന ഡിസൈനുകളില്‍ നിന്ന് മാറ്റം വരുത്തിയത് കൂടുതൽ ആകർഷകവും ഗുണനിലവാരമുള്ളതുമാക്കി.

ഒരു മാനുവല്‍ മെഷീന്‍ സ്ഥാപിച്ച് അതില്‍ ട്രയല്‍ നടത്തുകയാണ്‌ ഇരുവരും ആദ്യം ചെയ്തത്. 40,000 രൂപ വിലവരുന്ന യന്ത്രമാണ് സ്ഥാപിച്ചത്. പക്ഷേ അതുകൊണ്ട് മാത്രം സംരംഭം ലാഭകരമാകില്ലെന്ന് മനസിലായി. തുടര്‍ന്ന് അഞ്ച് അച്ചിന്റെ ഒരു യന്ത്രം വാങ്ങി. ഉത്പാദനം ആരംഭിച്ചതോടെ അതും പോരെന്ന് തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഒരേ സമയം 11 വ്യത്യസ്ത അച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന യന്ത്രമാണ് സ്ഥാപിച്ചിരിക്കുന്നത്.

യന്ത്രം സ്ഥാപിക്കാന്‍ മാത്രം 10 ലക്ഷം രൂപക്ക് മുകളില്‍ ചിലവ് വന്നു. ഓരോ തവണയും അച്ചുകള്‍ സ്ഥാപിക്കുന്നതിന് അധിക ചിലവ് വരും. ഓരോ അച്ചിനും 25,000 മുതല്‍ 30,000 വരെ മുടക്കേണ്ടിവരും. യന്ത്ര സംവിധാനത്തിന് പുറമേ പശ്ചാത്തല സൗകര്യം അടക്കമുള്ള ചിലവുകള്‍കൂടി കണക്കാക്കുമ്പോള്‍ 35 ലക്ഷത്തിലധികം രൂപം ആകെ ചിലവായെന്ന് ശരണ്യ പറയുന്നു.

സ്പൂണുകളും പ്ലേറ്റുകളും മുതല്‍ സോപ് ബൗളുകള്‍ വരെ

പാത്രങ്ങളും സ്പൂണുകളുമടക്കം ഇരുപതോളം ഉത്പന്നങ്ങളണ് പാപ്ല വിപണിയിലെത്തിക്കുന്നത്. പാളയില്‍ നിന്ന് ഏത് രൂപത്തിലും ഉത്പന്നമുണ്ടാക്കാമെങ്കിലും ഗ്ലാസ് മാത്രം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ശരണ്യ പറയുന്നത്. ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ചാണ് പലപ്പോഴും ഉത്പന്നങ്ങള്‍ ഉണ്ടാക്കുക. അതിനാല്‍തന്നെ ഉപഭോക്താവ് എന്താണോ ആവശ്യപ്പെടുന്നത് അതിനനുസരിച്ചുള്ള ഉത്പന്നമാണ് പ്രാദേശിക വിപണിയിലും എത്തിക്കുന്നത്. സ്പൂണുകളും പ്ലേറ്റുകളും സോപ് ബൗളുകളും അടക്കം 18-20 വ്യത്യസ്ത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍ എല്ലാത്തരം ഉത്പന്നങ്ങളും ഒരേ സമയം നിര്‍മിക്കാറില്ലെന്നും ശരണ്യ പറയുന്നു.

പ്ലേറ്റുകള്‍ക്കാണ് പൊതുവേ ഓര്‍ഡര്‍ കൂടുതല്‍. 10 ഇഞ്ച് വരെയുള്ള സൈസില്‍ പ്ലേറ്റുകള്‍ ലഭ്യമാണ്. ബൗളുകളും സ്പൂണും അടക്കം ഒരു ടേബിളിലേക്ക് ആവശ്യമുള്ള മുഴുവന്‍ പാത്രങ്ങളും ലഭ്യമാണ്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍മിച്ച് നല്‍കുന്ന സംവിധാനവും ഉണ്ട്. ഇതിന് പുറമേ ഹാന്‍ഡ് മെയ്ഡ് സോപ്പുകള്‍ക്ക് വേണ്ടിയുള്ള സോപ്പ് ബൗളുകള്‍, തൊപ്പികള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് പാപ്ലയിലൂടെ വിപണിയിലെത്തുന്നത്.

പാളയില്‍ നിന്ന് പാപ്ലയിലേക്ക്...

കാസര്‍കോട്ടെ കവുങ്ങിന്‍ തോട്ടങ്ങളില്‍ പൊഴിഞ്ഞു വീഴുന്ന പാളകളാണ് പ്രധാന അസംസ്‌കൃത വസ്തു. ഇവ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ശേഖരിക്കും. അധികദിവസം തോട്ടത്തില്‍ കിടന്നാല്‍ പാള അഴുകി തുടങ്ങുകയും അതില്‍ കരിമ്പന്‍ പിടിക്കുകയും അവ ഉപയോഗശൂന്യമാകുകയും ചെയ്യും. പ്ലേറ്റ് നിര്‍മിക്കേണ്ടതിനാല്‍ തന്നെ അത്തരം പാളകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ പാളകള്‍ ശേഖരിക്കും. പാളകള്‍ തോട്ടങ്ങളില്‍ കിടക്കുന്നത് കര്‍ഷകര്‍ക്കും ബുദ്ധിമുട്ടാണ്. തോട്ടങ്ങളില്‍ നിന്ന് പാളകള്‍ കൃത്യമായി നീക്കം ചെയ്യണമെന്ന് ആരോഗ്യവകുപ്പില്‍ നിന്നടക്കം നിര്‍ദേശമുണ്ട്.

കര്‍ഷകന് അല്ലെങ്കില്‍ പാള ശേഖരിക്കുന്ന തൊഴിലാളിക്ക് തുക നല്‍കിയാണ് ഇവ ശേഖരിക്കുന്നത്. ഒന്നര രൂപ വരെ നല്‍കിയാണ് ഓരോ പാളയും കര്‍ഷകനില്‍ നിന്ന് ശേഖരിക്കുന്നത്. ഒപ്പം ശേഖരിക്കുന്നയാളിനും വണ്ടിയില്‍ എത്തിക്കുന്നവര്‍ക്കുമടക്കം പണം നല്‍കും. ഇതോടെ ഒരു പാള ഫാക്ടറിയില്‍ എത്തുമ്പോള്‍ മൂന്നര മുതല്‍ നാല് രൂപ വരെ ചിലവാകുമെന്ന് ശരണ്യ പറയുന്നു. പാളകള്‍ ശേഖരിക്കാനായി ഓരോ സ്ഥലത്തും പാപ്ലക്ക് ആളുകളുണ്ട്. തോട്ടങ്ങളില്‍ കര്‍ഷകര്‍ സ്വയം ശേഖരിക്കുകയോ അല്ലെങ്കില്‍ അവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തൊഴിലാളികള്‍ പാളകള്‍ ശേഖരിക്കുകയോ ചെയ്യും.

നിശ്ചിത എണ്ണമാകുമ്പോഴാണ് കര്‍ഷകരില്‍ നിന്ന് പാളകള്‍ ശേഖരിക്കുക. തുടര്‍ന്ന് ഈ പാളകള്‍ പാപ്ല ശേഖരിച്ചുവെക്കുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് അടക്കം അഞ്ചാറ് മാസക്കാലത്തേക്ക് പാള ലഭിക്കാന്‍ ബുദ്ധിമുട്ട് വരാറുണ്ട്. ആ സമയത്ത് ഉത്പാദനം നടത്താനായി പാളകള്‍ ശേഖരിച്ച് വെക്കും. തുടര്‍ന്ന് ഇവ വൃത്തിയാക്കി, യന്ത്രം ഉപയോഗിച്ച് വിവിധ രൂപത്തില്‍ കട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്.

ദേവകുമാറും ശരണ്യയും ഫാക്ടറിയില്‍

മാസം 2 ലക്ഷം വരെ വരുമാനം

വലിപ്പത്തിന് അനുസരിച്ചാണ് ഓരോ ഉത്പന്നത്തിനും വില. ടേബിള്‍ വെയറിന് 1.50 രൂപ മുതല്‍ 10 രൂപ വരെയാണ് വില. ചെറിയ സ്പൂണിന് ഒന്നര രൂപയാണ് വില. വലിയ പ്ലേറ്റ് ഒന്‍പത് രൂപക്ക് വരെയാണ് വില്‍ക്കുന്നത്. എന്നാല്‍, വിപണിക്ക് അനുസരിച്ച് ആകെ ലഭിക്കുന്ന വരുമാനത്തില്‍ വ്യത്യാസമുണ്ടാകും. മാസം ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ വരുമാനം ലഭിക്കാറുണ്ടെന്ന് ശരണ്യ പറയുന്നു. ശരാശരി രണ്ട് ലക്ഷം രൂപ ഒരുമാസം വരുമാനം ലഭിക്കാറുണ്ട്.

പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്നതിനാല്‍ ആളുകളുടെ മനോഭാവത്തില്‍ വലിയ മാറ്റം വന്നുവെന്ന് ശരണ്യ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വന്നതോടെ എല്ലാവരും പ്ലാസ്റ്റിക്കിലേക്ക് തിരികേ പോയി. പക്ഷേ, ഇപ്പോള്‍ വീണ്ടും ആളുകള്‍ ഇതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉത്പന്നത്തിന് നല്ല ഡിമാന്റ് ഉണ്ടെന്നും വളരെ വലിയ വിപണി തന്നെയാണ് അതെന്നും അവര്‍ പറയുന്നു.

ആഭ്യന്തര മാര്‍ക്കറ്റുകളില്‍ തന്നെ സാന്നിധ്യം ഉറപ്പിക്കാനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കോഴിക്കോട് വരെയുള്ള എല്ലാ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉത്പന്നങ്ങള്‍ ഇവര്‍ എത്തിക്കാറുണ്ട്. അതല്ലാതെയും ആഭ്യന്തര മാര്‍ക്കറ്റില്‍ വലിയ തോതില്‍ ഉത്പന്നങ്ങള്‍ വിറ്റുപോകുന്നുണ്ട്. വടക്കേ ഇന്ത്യയിലും ഇതിന് നല്ല വിപണിയുണ്ട്. ഒപ്പം വിദേശവിപണിയിലും എത്തിക്കുന്നുണ്ട്. എന്നാല്‍ അതിനിടയില്‍ കോവിഡ് വന്നതോടെ നല്ലൊരു തിരിച്ചടി നേരിട്ടുവെന്നും ഇപ്പോള്‍ വീണ്ടും തിരിച്ചു കയറി വരുന്നുവെന്നും ശരണ്യ പറയുന്നു.

ചെറുകിട യൂണിറ്റുകള്‍ക്കും കൈത്താങ്ങ്

സ്വന്തം ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് പുറമേ ചുറ്റുവട്ടങ്ങളിലുള്ള മറ്റ് 20 ഓളം യൂണിറ്റുകളെയും പാപ്ല സഹായിക്കുന്നുണ്ട്. അവരുടെ ഉത്പന്നങ്ങള്‍ കൂടി ശേഖരിച്ച് മാര്‍ക്കറ്റില്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നേരത്തെ തന്നെ പ്രവര്‍ത്തിച്ചുവന്നിരുന്നതോ, അല്ലെങ്കില്‍ പാപ്ല നിര്‍മാണം ആരംഭിച്ചതിന് പിന്നാലെ തുടങ്ങിയതോ ആണ് ഈ യൂണിറ്റുകള്‍.

'അസംസ്‌കൃത വസ്തു ശേഖരണത്തിനടക്കം അവര്‍ക്ക് സ്വന്തം സംവിധാനങ്ങളുണ്ട്. എന്നാല്‍, മാര്‍ക്കറ്റായിരുന്നു അവര്‍ക്ക് പ്രശ്‌നം. ഓരോ ചെറിയ യൂണിറ്റിനും മാര്‍ക്കറ്റ് കണ്ടെത്തുക വെല്ലുവിളിയാണ്. ഞങ്ങള്‍ക്കൊരു മാര്‍ക്കറ്റും ബ്രാന്‍ഡ് നെയിമും ഉള്ളതുകൊണ്ട് അവരേയും ഉള്‍പ്പെടുത്തി ഒരു കൂട്ടായ്മ പോലെ പ്രവര്‍ത്തിക്കുന്നു. അവര്‍ ഉത്പന്നങ്ങൾ നമ്മുടെ യൂണിറ്റിലെത്തിക്കും. നമ്മള്‍ അതിനെ തരംതിരിച്ച് ഗ്രേഡ് ചെയ്ത് വിപണിയില്‍ എത്തിക്കും', ശരണ്യ പറയുന്നു.

എന്നാല്‍ എല്ലാ യൂണിറ്റുകളും എല്ലാ സമയത്തും ഉത്പന്നങ്ങള്‍ എത്തിക്കാറില്ല. യൂണിറ്റുകള്‍ക്ക് സ്വന്തമായി മാര്‍ക്കറ്റുള്ള സമയത്ത്, അവര്‍ പ്രാദേശിക വിപണിയില്‍ ഉത്പന്നങ്ങള്‍ നല്‍കും. തെയ്യക്കാലത്തും നാട്ടിലെ ഉത്സവ സമയത്തുമെന്നാം ചെറുകിട യൂണിറ്റുകള്‍ക്ക് പ്രദേശിക മാര്‍ക്കറ്റുണ്ടാകും. എന്നാലിപ്പോള്‍ പാപ്ലക്ക് വേണ്ടി മാത്രം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിട യൂണിറ്റുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും ശരണ്യ പറഞ്ഞു.

Read also-ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായിക്കാം.

Content Highlights: Kasaragod Couple Earning Lakhs While Saving the Planet From Plastic, papla paala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented