ഫ്രണ്ട്സ് ഓഫ് നേച്ചർ കൂട്ടായ്മ നെല്ലിയാമ്പതിയിൽ നടത്തിയ പഠനക്യാമ്പിൽ നിന്ന്
കരിപ്പൂരില്‍ വിമാനത്താവളം വന്നപ്പോള്‍ അഭിമാനം കൊണ്ടവരാണ് നാട്ടുകാരിലേറെയും. 'ഇതാ വികസനത്തിന്റെ അടയാള'മെന്ന് അവര്‍ വിമാനത്താവളത്തിലേക്ക് വിരലുകള്‍ ചൂണ്ടി. പക്ഷേ, ഉയരുന്ന റണ്‍വേയും വളരുന്ന വിമാനത്താവളവും കണ്ട് മനസ്സ് വേദനിച്ച ഒരുകൂട്ടം ചെറുപ്പക്കാരുണ്ടായിരുന്നു അവിടെ. കുന്നുകളും മലകളും അടക്കംചെയ്യപ്പെട്ട വലിയൊരു ശവപ്പെട്ടിയാണ് ആ റണ്‍വേയെന്ന് അവര്‍ തരിച്ചറിഞ്ഞു. അതായിരുന്നു അവരുടെ വേദന. അങ്ങനെ, 2007-ല്‍ ഫ്രണ്ട്സ് ഓഫ് നേച്ചര്‍ എന്ന കൂട്ടായ്മ പിറന്നു. പ്രകൃതിയോട് കൂട്ടുചേര്‍ന്നും കൂട്ടുചേര്ത്തുമുള്ള ആ യാത്ര 15 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
കരിപ്പൂരിലെ സഹോദരങ്ങളായ എം.എസ്. റഫീഖ് ബാബു, മുഹമ്മദ് മുഖീം എന്നിവരില്‍ നിന്നാണ് ചിന്തയുടെ തുടക്കം. എം.പി ചന്ദ്രന്, മെഹര്‍ നൗഷാദ്, ഒ. ഹാമിദലി, റോഷന്, സി.എം. സുലൈമാന്‍, ശിബിലി ഹമീദ് തുടങ്ങിയവരും അവര്‍ക്കൊപ്പം ചേര്‍ന്നു.
പരിസ്ഥിതി ആക്ടിവിസം
പരിസ്ഥിതി ആക്ടിവിസത്തില്‍ ഊന്നിയായിരുന്നു ഫ്രണ്ട്സ് ഓഫ് നേച്ചര്‍ മുന്നോട്ടുപോയത്. കൊണ്ടോട്ടിയിലെയും ചുറ്റിലുമുള്ള 12 വില്ലേജുകളിലെയും കുന്നും മലകളും റണ്‍വേയില്‍ അടക്കം ചെയ്യപ്പെട്ടുവെന്ന സത്യം അവര്‍ വിളിച്ചുപറഞ്ഞു. പരിസ്ഥിതി വിഷയങ്ങള്‍ പഠിച്ച് അവ ഉദ്യോഗസ്ഥ, നിയമനിര്മാണതലങ്ങളില് എത്തിച്ചു. ഹൈക്കോടതിയിലും ഗ്രീന്‍ ട്രിബ്യൂണലിലും പോയി അനുകൂല ഉത്തരവുകളും വിധികളും നേടിയെടുത്തു.
വിദ്യാര്‍ഥികളിലേക്ക്
പ്രകൃതിയെ സ്നേഹിച്ച് പുതുതലമുറ വളരണമെന്ന് അവര്‍ ആഗ്രഹിച്ചു. വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ നടത്തി. അങ്ങനെ ഫ്രണ്ട്സ് ഓഫ് നേച്ചര്‍ പരിസ്ഥിതി വിദ്യാഭ്യാസ മേഖലയിലേക്കും തിരിഞ്ഞു. സ്വന്തമായും വനംവകുപ്പിന്റെ സഹായത്തോടെയും പഠന ക്യാമ്പുകള്‍ നടത്തി. ഇത്തരം ക്യാമ്പുകളിലൂടെ ഒട്ടേറെ കുട്ടികള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവന്നു. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്, മുതുമല കടുവാസങ്കേതം തുടങ്ങിയ സ്ഥലങ്ങളില്‍ 'കാടറിവ്' ക്യാമ്പുകള്‍ നടത്തി. വിദ്യാര്‍ഥികള്‍ക്കായി പുഴയറിവ് ക്യാമ്പുകളും തണ്ണീര്‍ത്തട ക്യാമ്പുകളും കടലറിവ് ക്യാമ്പുകളും നടത്തി. അങ്ങനെ 'ന്യൂജന്‍ പിള്ളേരും' പരിസ്ഥിതി പ്രവര്‍ത്തകരായി മാറി.
ഗ്രീന്‍ ഫെസ്റ്റുകള്‍
ക്യാമ്പുകളില്‍ പങ്കെടുത്ത വൊളന്റിയര്‍മാരെ ഒരുമിച്ചുകൂട്ടി സംസ്ഥാനാടിസ്ഥാനത്തില്‍ കേരള ഗ്രീന്‍ ഫെസ്റ്റുകളും നടത്തി. എന്‍.എസ്.എസ്., എന്‍.സി.സി. പോലുള്ള ക്ലബ്ബുകളുമായി സഹകരിച്ച് നടത്തിയ ഈ പരിപാടികളിലൂടെ പ്രഗത്ഭരായ വനം ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം കലാലയങ്ങളിലെത്തി. ആ ഫെസ്റ്റുകളിലൂടെ ഫ്രണ്ട്സ് ഓഫ് നേച്ചറിന്റെ പ്രവര്‍ത്തനം മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. ക്യാമ്പില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികള്‍ ജില്ലാ ചാപ്റ്ററുകളുണ്ടാക്കി. ക്യാമ്പസുകളിലും പരിസ്ഥിതിയുടെ പ്രചാരകരായി. ഇപ്പോള്‍ 10 ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നു.
കാടുകയറി കുളം കുഴിച്ച് ...
വേനല്‍ കാലങ്ങളില്‍ കാടുകളിലെ ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ക്ഷാമം പരിഹരിക്കാനും കൂട്ടായ്മയുടെ ഇടപെടലുണ്ടായി. വയനാട്, നിലമ്പൂര്‍ മേഖലകളില്‍ വനങ്ങള്‍ക്കകത്ത് കുളങ്ങളും തടയണകളും നിര്‍മിക്കാനും പ്ലാവ് പോലുള്ള സസ്യങ്ങള്‍ നടാനും വനംവകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ദേശീയ ഹരിത സേന, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവയുമായി ചേര്‍ന്ന് വിദ്യാലയങ്ങളില്‍ വിവിധ പരിപാടികളും നടപ്പാക്കി.
കോവിഡാനന്തരം, പരിസ്ഥിതി സംരക്ഷണം ലോകത്തിന്റെ സുപ്രധാന അജന്‍ഡകളിലൊന്നായി മാറുമ്പോള്‍ ഫ്രണ്ട്സ് ഓഫ് നേച്ചറും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനൊരുങ്ങുകയാണ്. 2022-നെ കാലാവസ്ഥാ വിദ്യാഭ്യാസ വര്‍ഷമായി പ്രഖ്യാപിച്ചും പരിസ്ഥിതി വിദ്യാഭ്യാസം കാര്യക്ഷമമാക്കാന്‍ ഗ്രീന്‍ കലണ്ടര്‍ തയ്യാറാക്കിയും കൂട്ടായ്മ യാത്ര തുടരുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..