-
ഒരു മഴക്കാലംകൂടി കടുത്ത ദുരന്തങ്ങള്‍ വിതച്ചുകൊണ്ട് കടന്നുപോകുകയാണ്. മുന്‍പ്രളയങ്ങളില്‍ വലിയ പരിക്കേല്‍ക്കാത്ത പ്രദേശങ്ങളാണ് ഇത്തവണ ദുരിതങ്ങള്‍ക്ക് ഇരയായത്. സംസ്ഥാനത്തിന് പരിചിതമല്ലാത്ത കാലാവസ്ഥാമാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ദിശയിലേക്കുള്ള ന്യൂനമര്‍ദസഞ്ചാരം, പശ്ചിമഘട്ടത്തെയും കടന്നുപോകുന്ന ചുഴലിക്കൊടുങ്കാറ്റ്, മേഘവിസ്‌ഫോടനത്തോട് അടുത്തുനില്‍ക്കുന്ന അതിവൃഷ്ടി, വായുപ്രവാഹങ്ങളുടെ പൊടുന്നനെയുള്ള ദിശാമാറ്റം ഇവയൊക്കെ എല്ലാ പ്രവചനങ്ങളെയും അസാധ്യമാക്കുന്നുണ്ട്.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് തടയിടാന്‍ മനുഷ്യന് സാധ്യമല്ല. എന്നാല്‍, അവ മനുഷ്യനും പ്രകൃതിക്കും ഏല്‍പ്പിക്കുന്ന പരിക്കുകളെ ലഘൂകരിക്കാനും ഒരു പരിധിവരെ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നമുക്ക് സാധിക്കണം.
നിലവിലുള്ള ദുരന്തനിവാരണനയത്തില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. 2018-ലെ അതിവൃഷ്ടിയും അതേത്തുടര്‍ന്ന് പശ്ചിമഘട്ടമലനിരകളിലുണ്ടായ ആയിരക്കണക്കായ ഉരുള്‍പൊട്ടലുകളും നമ്മെ ഒന്നും പഠിപ്പിച്ചില്ലെന്നുവേണം കരുതാന്‍. 2019-ലും 2020-ലും ദുരന്താനന്തരഘട്ടത്തില്‍മാത്രമാണ് നാം ഉണര്‍ന്നുപ്രവര്‍ത്തിച്ചത്. ദുരന്തനിവാരണത്തില്‍ ദുരന്തപൂര്‍വഘട്ടത്തിനുള്ള പ്രാധാന്യത്തെപ്പറ്റി നാമിപ്പോഴും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടില്ല. ദുരന്തലഘൂകരണം (mitigation), മുന്നൊരുക്കം (preparedness) എന്നിവ ദുരന്തപ്രതികരണഘട്ടം, ദുരന്താനന്തരഘട്ടം എന്നിവയെക്കാള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
കേരളത്തില്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലുകളുടെ 67 ശതമാനവും ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് സംഭവിച്ചതാണ്.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെയും ഉരുള്‍പൊട്ടല്‍-വെള്ളപ്പൊക്ക-വരള്‍ച്ച സാധ്യതാ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി ആ മേഖലയിലെ പരിസ്ഥിതി പുനരുജ്ജീവന നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണം. കേരളത്തിന്റെ ഉരുള്‍പൊട്ടല്‍ സംവേദകമേഖലാഭൂപടം, സംസ്ഥാന ദുരന്തനിവാരണവിഭാഗം 2010-ല്‍ത്തന്നെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതനുസരിച്ച്, ആ മേഖലയിലെ ഭൂവിനിയോഗത്തിനും ഭൂസംരക്ഷണത്തിനും ഉതകുന്ന ഒരുകാര്യവും അധികൃതര്‍ നടപ്പാക്കിയിട്ടില്ലെന്നുകാണാം.
കേരളത്തില്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലുകളുടെ 67 ശതമാനവും ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് സംഭവിച്ചതാണ്. അതുപോലെത്തന്നെ തോട്ടം മേഖലകളും ഉരുള്‍പൊട്ടലുകളുടെ പ്രഭവകേന്ദ്രമായി മാറുന്നുണ്ട്. ഭൂവിനിയോഗരീതികളില്‍ ക്വാറി, തോട്ടം, കാര്‍ഷികഭൂമി എന്നിവയെല്ലാം ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുമ്പോള്‍ ആ മേഖലകളെ സവിശേഷമായി പരിഗണിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കണം.
ചരിഞ്ഞ പ്രദേശങ്ങളിലെ വനനാശം തടഞ്ഞും സ്വാഭാവിക ജലനിര്‍ഗമനമാര്‍ഗങ്ങള്‍ സംരക്ഷിച്ചും ഭൂമിയുടെ കിടപ്പ് പരിഗണിക്കാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ഹരിതാവരണം വര്‍ധിപ്പിച്ചും അത്തരം പ്രദേശങ്ങളില്‍ താങ്ങുഭിത്തികള്‍ നിര്‍മിച്ചുമെല്ലാം വലിയൊരളവില്‍ ദുരന്തലഘൂകരണം നടത്താവുന്നതാണ്.
കേരളത്തിലെ ജനവാസമേഖലയില്‍ മാത്രമല്ല, വനപ്രദേശങ്ങളിലും വലിയതോതിലുള്ള ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാട്, തെന്മല വനമേഖലയിലെവിടെയോ ഉരുള്‍പൊട്ടല്‍ സംഭവിച്ചു എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. വനമേഖലയിലെ ഉരുള്‍പൊട്ടലുകള്‍ മണ്ണിന്റെ ജൈവശേഷി കുറഞ്ഞുവരുന്നതിന്റെ ലക്ഷണംകൂടിയായി പരിഗണിക്കണം. മണ്ണിലെ ജൈവാംശങ്ങളുടെ കാര്യത്തില്‍ അഖിലേന്ത്യാ ശരാശരിയെക്കാളും ഏറെ താഴെയാണ് കേരളമെന്നത് പരിഗണിച്ചുകൊണ്ട് അതിനുള്ള പരിഹാരനടപടികള്‍ സ്വീകരിക്കേണ്ടത് ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനും തടയുന്നതിനും അത്യാവശ്യമാണ്.
പരിസ്ഥിതിയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കാനുതകുന്ന കേരള സില്‍വര്‍ ലൈന്‍ പദ്ധതി, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തുരങ്കപാത, തീരപരിസ്ഥിതിയെ കണക്കിലെടുക്കാത്ത തുറമുഖ പദ്ധതികള്‍ എന്നിവയൊക്കെയും ഈ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കണം
ദുരന്തത്തിനുമുമ്പുള്ള ഒരുക്കങ്ങളും ദുരന്ത ലഘൂകരണവും സാധ്യമാകണമെങ്കില്‍ അടിസ്ഥാനപരമായി നമ്മുടെ വികസന നയങ്ങളില്‍ മാറ്റംവരുത്തേണ്ടിവരും.
ദുരന്തങ്ങളുടെ ആവര്‍ത്തനങ്ങള്‍ കൂടുമ്പോഴും നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും ജൈവശേഷിക്കും താങ്ങാവുന്ന പദ്ധതികളല്ല സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. പൊതുവില്‍ ദുര്‍ബലമായിക്കഴിഞ്ഞ കേരള പരിസ്ഥിതിയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കാനുതകുന്ന കേരള സില്‍വര്‍ ലൈന്‍ പദ്ധതി, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തുരങ്കപാത, തീരപരിസ്ഥിതിയെ കണക്കിലെടുക്കാത്ത തുറമുഖ പദ്ധതികള്‍ എന്നിവയൊക്കെയും ഈ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിവരും. നിര്‍മിതപ്രദേശങ്ങളുടെ വ്യാപനം താങ്ങാന്‍ കേരള പരിസ്ഥിതിക്ക് ഇനിയും സാധ്യമല്ല.
ഉരുള്‍പൊട്ടലുകളും മലവെള്ളപ്പാച്ചിലുകളും മലയോരമേഖലയെയും സമതലങ്ങളെയും ദുരിതത്തിലേക്ക് തള്ളിവിടുമ്പോള്‍ കടല്‍ക്ഷോഭവും തീരശോഷണവും തീരദേശവാസികളുടെ ജീവനെയും ജീവനോപാധികളെയും നാശത്തിലേക്ക് തള്ളിവിടുന്നു. മാറിയ കാലാവസ്ഥയില്‍ സാമ്പ്രദായിക വികസനബോധ്യങ്ങള്‍ പൊളിച്ചെഴുതാന്‍ ആഗോള ഭരണകൂടങ്ങള്‍പോലും നിര്‍ബന്ധിതമായിക്കഴിഞ്ഞു. ഇതില്‍നിന്ന് മാറിനില്‍ക്കാന്‍ ഒരു സമൂഹത്തിനും സാധ്യമല്ലെന്ന് തിരിച്ചറിയുന്നതിലാണ് വിവേകം. പ്രകൃതിയുമായി സഹസ്രാബ്ദങ്ങളായി മനുഷ്യന്‍ നടത്തിവരുന്ന യുദ്ധത്തില്‍ തോല്‍വി മനുഷ്യനുതന്നെയായിരിക്കും എന്ന തിരിച്ചറിവിനെയാണ് ശാസ്ത്രബോധം എന്ന് വിശേഷിപ്പിക്കേണ്ടത്
content highlights: K sahadevan On Climate change and rebuilding nature
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..