ചോണനുറുമ്പ്, കമ്മ്യൂണിസ്റ്റ് പച്ച; ജൈവ അധിനിവേശം ശീലമാകുന്ന കേരളം


ആതിര തര്യൻ

സ്വന്തമെന്ന് നാം ചിന്തിക്കുന്ന നമുക്കേറെ ചിരപരിചിതമായ മാനത്ത്കണ്ണി മറ്റൊരിടത്ത് നിന്ന് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ ഇങ്ങോട്ട് വന്ന ജീവജാലങ്ങളാണെന്ന് എത്രപേര്‍ക്ക് അറിയാം. ലോകത്ത് അധിനിവേശ ജീവജാലങ്ങള്‍ കൊണ്ട് ഒരു വര്‍ഷം ഏകദേശം 14 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ ഇത് മൊത്തം ജിഡിപിയുടെ ഇരുപത് ശതമാനമാണത്രെ

ചോണനുറുമ്പ്(yellow crazy ant) (Photo: By Dinakarr - Own work, CC0, https://commons.wikimedia.org/w/index.php?curid=15397483)

ണ്ടായിരത്തിപതിനെട്ടിലെ പ്രളയാനന്തരം വയനാട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അവയെല്ലാം വിദേശീയരായിട്ടുള്ള മണ്ണിരകളായിരുന്നെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു. മാത്രവുമല്ല ജൈവവൈവിധ്യത്തിനു വലിയ നാശം വരുത്താന്‍ കഴിവുള്ള അധിനിവേശ ഇനമാണ് അതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. അധിനിവേശ ജീവികളെ കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും അവിടുന്ന് പിന്നെയും മുന്നോട്ട് പോയി. അതിനു പത്തുകൊല്ലം മുന്‍പ് രണ്ടായിരത്തിയെട്ടില്‍ കേരളത്തിലെ കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കി മണ്ഡരിയെന്ന സൂഷ്മജീവി രംഗപ്രവേശം ചെയ്തതു കൃഷിക്കാര്‍ക്കു പുറമേ എല്ലാ വിഭാഗം ആളുകള്‍ക്കും തലവേദനയുണ്ടാക്കി. അതിനും മുന്‍പ് രണ്ടായിരത്തിയഞ്ചില്‍ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മുരിക്ക് മരം കൂട്ടത്തോടെ ഉണങ്ങിപ്പോയിരുന്നു. മൊബൈല്‍ഫോണ്‍ ടവറിന്റെ റേഡിയേഷന്‍ കാരണമാണ് അങ്ങനെ സംഭവിക്കുന്നതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നെങ്കിലും 2004 ല്‍ സിങ്കപ്പൂരില്‍ കണ്ടെത്തിയ പരാദകടന്നലുകളാണ് അതിനു പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഈ സംഭവങ്ങളെല്ലാം മനുഷ്യരെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രശ്‌നത്തിലാക്കുന്നതായിരുന്നു . ജൈവഅധിനിവേശം എത്രമാത്രം അപകടരമാണെന്ന് വെളിവാക്കിത്തരുന്നു ഓരോ സംഭവങ്ങളും.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

അധിനിവേശ സസ്യമായ കമ്മ്യൂണിസ്റ്റ് പച്ച | By Ashasathees - Transferred from ml.wikipedia to Commons.,
Public Domain, https://commons.wikimedia.org/w/index.php?curid=8271240

എന്താണ് ജൈവ അധിനിവേശം?

ഒരു ജീവി അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്ന് പുറത്തു കടന്ന് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത പുതിയൊരു സ്ഥലത്ത് എത്തുന്നു. തുടര്‍ന്ന് അവിടെ പെരുകി പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പോഴാണ് അതിനെ ജൈവഅധിനിവേശ ജീവജാലം എന്ന് പറയുന്നത്. ഇന്ത്യയില്‍ 3500-ല്‍ പരം അധിനിവേശ ജീവജാലങ്ങളുണ്ടെന്നാണ് കണക്ക്. സ്വന്തമെന്ന് നാം ചിന്തിക്കുന്ന നമുക്കേറെ ചിരപരിചിതമായ മാനത്ത്കണ്ണി മറ്റൊരിടത്ത് നിന്ന് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ ഇങ്ങോട്ട് വന്ന ജീവജാലങ്ങളാണെന്ന് എത്രപേര്‍ക്ക് അറിയാം.

മാനത്ത് കണ്ണി| By פעיל למען זכויות אדם - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=74708204

2019-ല്‍ കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 89 തരം അധിനിവേശ സസ്യങ്ങളുണ്ട്.

ലോകജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന നാശവും അധിനിവേശ ജീവികളുടെ സ്വാധീനവുമാണ്. എന്നിട്ടും ജൈവ അധിനിവേശത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ച് ക്രിയാത്മകമായി ഇടപെടാന്‍ മനുഷ്യന് കഴിഞ്ഞിട്ടുണ്ടോ എന്നത് ചോദ്യചിഹ്നമാണ്. 2019-ല്‍ കേരള വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 89 തരം അധിനിവേശ സസ്യങ്ങളുണ്ട്. ഇത്തരം അധിനിവേശ സസ്യങ്ങള്‍ വനങ്ങളുടെ നാശത്തിന് കാരണമാകാറുമുണ്ട്. നമുക്ക് ചിരപരിചിതമായ കമ്മ്യൂണിസ്റ്റ് പച്ച ജൈവഅധിനിവേശ സസ്യത്തിന് ഒരു ഉദാഹരണമാണ്.

ലോകത്ത് അധിനിവേശ ജീവജാലങ്ങള്‍ കൊണ്ട് ഒരു വര്‍ഷം ഏകദേശം 14 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍ ഇത് മൊത്തം ജിഡിപിയുടെ ഇരുപത് ശതമാനമാണത്രെ. അധിനിവേശ സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളുമായി താരതമ്യം ചെയ്താല്‍ അധിനിവേശ ജന്തുക്കളെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്ത്യയില്‍ താരതമ്യേന കുറവാണെന്ന് പറയാം. ആഫ്രിക്കന്‍ ഒച്ച്, മണ്ഡരിയെന്ന സൂഷ്മജീവി, ചോണനുറമ്പ്, ചെമ്പന്‍ചെവിയനാമ, ചിലയിനം തേനീച്ചകള്‍, കടന്നലുകള്‍, മണ്ണിരകള്‍, മറ്റ് പ്രാണികള്‍ ഇങ്ങനെ പോകും കേരളത്തിൽ കണ്ടുവരുന്ന അധിനിവേശ ജന്തുക്കള്‍. 2019-ല്‍ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പഠനപ്രകാരം ആകെയുള്ള 157 അധിനിവേശ ജന്തുക്കളില്‍ 58 ഇനവും കരയിലും ശുദ്ധജലത്തിലും കാണപ്പെടുമ്പോള്‍ 99 എണ്ണം കടലില്‍ കാണപ്പെടുന്നു.

ആഫ്രിക്കൻ ഒച്ച്

ആഫ്രിക്കന്‍ ഒച്ച്(African snail, Achatina fulica)

അധിനിവേശ ജീവികളില്‍ സുപരിചിതനായ ആഫ്രിക്കന്‍ ഒച്ച് ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ 100 അധിനിവേശ ജീവികളിലൊന്നാണ്. മനുഷ്യന്‍ കൃഷി ചെയ്യുന്ന 225-ല്‍ അധികം സസ്യങ്ങള്‍ തിന്നൊടുക്കുന്ന ഇവ ഫലവൃക്ഷങ്ങളായ വാഴ, പപ്പായ, ചെറുനാരകം, കൊക്കോ എന്നിവ നശിപ്പിക്കുന്നതില്‍ വിരുതന്മാരാണ്. ആഫ്രിക്കക്കാരനായ ഈ ഒച്ച് ഇന്ത്യയിലെത്തുന്നത് മൗറീഷ്യസ് വഴിയാണെന്നാണ് അനുമാനം. ആഫ്രിക്കന്‍ ഒച്ച് ഒറ്റത്തവണ 100-200 വരെ മുട്ടകളിടും. വര്‍ഷത്തില്‍ അഞ്ചാറു പ്രാവശ്യമെങ്കിലും മുട്ടയിടുകയും ചെയ്യും. പകല്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രി സജീവമാകും. തരം കിട്ടിയാല്‍ സ്വന്തം വര്‍ഗക്കാരെപ്പോലും തിന്നാല്‍ ഇവയ്ക്കു മടിയില്ലത്രേ. വീടിന്റെ മച്ചും കോണ്‍ക്രീറ്റും എന്നു വേണ്ട മതിലിലെ കുമ്മായം വരെ നക്കിത്തുടച്ച് ഇല്ലാതാക്കാനുള്ള കഴിവ് ആഫ്രിക്കന്‍ ഒച്ചുകള്‍ക്കുണ്ട്. ഇതിനെ നിയന്ത്രിക്കുക വലിയ വെല്ലുവിളിയാണ്. ഒച്ചുനാശിനികള്‍ മനുഷ്യര്‍ക്കു വലിയ ദോഷം ചെയ്യുമെന്നതിനാല്‍ വലിയ കുഴികളെടുത്ത് ഉപ്പും മരപ്പൊടിയുമിട്ട് കുഴിച്ചുമൂടുന്നതു മാത്രമാണ് ഇവയെ നിയന്ത്രിക്കാനുള്ള മാര്‍ഗം.

മണ്ഡരി ബാധിച്ച തേങ്ങ | Hartford Hammond Keifer - An Illustrated Guide to Plant Abnormalities Caused by Eriophyid Mites in North America p.121.
Probably originally from ERIOPHYID STUDIES B-14. 20 pp. Calif. Dept. Agr. Bur. Ent., H.H. Keifer.,
Public Domain, https://commons.wikimedia.org/w/index.php?curid=89625442

മണ്ഡരി (Coconut Eriojoloylid Mite)

നമ്മുടെ നാളികേരത്തിനെ ബാധിച്ചിട്ടുള്ള മണ്ഡരിയെന്ന അധിനിവേശ സൂക്ഷ്മജീവി 1998 ലാണ് കേരളത്തിലെത്തുന്നത്. മെക്‌സിക്കയില്‍ നിന്ന് വന്നെന്നു കരുതുന്ന ഈ കീടം കേരകര്‍ഷകര്‍ക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ തെങ്ങ് വളരുന്ന ഉഷ്ണമേഖലാ രാജ്യങ്ങളിലൊക്കെ ഈ അധിനിവേശജീവി വ്യാപിച്ചു കഴിഞ്ഞു. മച്ചിങ്ങ ഉണ്ടാകുന്ന സമയത്തു തന്നെയാണ് മണ്ഡരി തെങ്ങിനെ ആക്രമിക്കുന്നത്. ഇതിന്റെ ഫലമായി കൊപ്രയില്‍ മുപ്പത് മുതല്‍ നാല്പത് ശതമാനം വരെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടായി. ചകിരി വ്യവസായത്തില്‍ ഇത് അന്‍പത് ശതമാനത്തോളം നഷ്ടം വരുത്തി. മണ്ഡരി ബാധയേറ്റ തേങ്ങയുടെ തൊണ്ടു വിണ്ടുകീറി നെടുനീളത്തില്‍ വിള്ളലുകളായിത്തീരുന്നു. തേങ്ങ കുരുടിച്ച് വികൃതമായിപ്പോകുകയും ചകിരിച്ചോറു മാറ്റാനാകാത്തവിധം തൊണ്ട് ഉപയോഗശൂന്യമാകുകയും ചെയ്യുന്നു. അങ്ങനെ ഒരു വര്‍ഷം കേരളത്തില്‍ 200-250 കോടി രൂപയുടെ നഷ്ടം കേരകര്‍ഷകര്‍ക്ക് ഉണ്ടാകാന്‍ ഈ കുഞ്ഞന്‍ ജീവി കാരണമായി. വേനല്‍മഴ പെയ്യുന്ന സമയത്താണ് മണ്ഡരിയുടെ അംഗസംഖ്യ വര്‍ധിക്കുന്നതും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതും. കാറ്റിലൂടെയും ഇവ പരക്കും.

ചോണനുറുമ്പ്(yellow crazy ant)

കൂറയെ തിന്നുന്ന ചോണനുറുമ്പ് |
By Bradley Rentz - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=62118606

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ക്രിസ്മസ് ദ്വീപീലെ ജൈവവൈവിദ്ധ്യത്തിന് അതിഭീമമായ നാശം വന്നത് ചോണനുറമ്പ് അധിനിവേശം ചെയ്തതോടു കൂടിയാണ്. ഉറുമ്പുകളുടെ കൂട്ട ആക്രമണം കാരണം ഈ ദ്വീപിലെ 20 ദശലക്ഷത്തോളം തദ്ദേശീയ ചുവന്ന ഞണ്ടുകള്‍ അപ്രത്യക്ഷമായി.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 267 സ്പീഷിസ് ഉറുമ്പുകളില്‍ അധിനിവേശ ഇനങ്ങള്‍ ധാരാളമുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്ക സ്വദേശമായി കരുതുന്ന ചോണനുറുമ്പിനെ ആദ്യമായി കേരളത്തില്‍ കണ്ടെത്തിയത് 1980 കളിലാണ്. പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞനിറവും വിറളി പിടിച്ച സ്വഭാവക്കാരുമാണിവ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ക്രിസ്മസ് ദ്വീപീലെ ജൈവവൈവിദ്ധ്യത്തിന് അതിഭീമമായ നാശം വന്നത് ചോണനുറമ്പ് അധിനിവേശം ചെയ്തതോടു കൂടിയാണ്. ഉറുമ്പുകളുടെ കൂട്ട ആക്രമണം കാരണം ഈ ദ്വീപിലെ 20 ദശലക്ഷത്തോളം തദ്ദേശീയ ചുവന്ന ഞണ്ടുകള്‍ അപ്രത്യക്ഷമായി. ഞണ്ടുകള്‍ ഇല്ലാതായതോടെ കളകള്‍ വളരുകയും മറ്റ് അധിനിവേശ സസ്യങ്ങള്‍ ദ്വീപിലെ നിത്യഹരിത വനങ്ങളുടെ ശോഷണത്തിന് കാരണമാകുകയും ചെയ്തു. മറ്റ് ഉറുമ്പുകളെ ആക്രമിച്ച് കീഴ്‌പ്പെടുത്താനും വലിയ കോളനികള്‍ ഉണ്ടാക്കി ചുരുങ്ങിയ കാലയളവിനുള്ളില്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കുവാനും ചോണനുറുമ്പിന് കഴിവുണ്ട്. അതുകൊണ്ടു തന്നെ ലോകത്തെ മിക്ക ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇവയ്ക്ക് സാനിധ്യം അറിയിക്കാനായി. നമുക്കിടയില്‍ സാധാരണയായി കാണുന്ന കടിയനുറുമ്പും നെയ്യുറുമ്പും അധിനിവേശ ഉറുമ്പുകളാണ്.

പസഫിക്ക് മഹാസമുദ്രത്തിലെ ജോണ്‍സണ്‍ അറ്റോള്‍ എന്ന കൊച്ചു ദ്വീപിലെ കടല്‍ പക്ഷികളെ വംശനാശത്തിലേക്ക് എത്തിച്ചതും ചോണനുറുമ്പുകളായിരുന്നു. അവയുടെ മുട്ടകളേയും കുഞ്ഞുങ്ങളേയും ആക്രമിച്ച് കീഴടക്കിക്കൊണ്ടായിരുന്നു അത്. കേരളത്തിലെ പ്രധാന ജൈവനിയന്ത്രണ പ്രാണിയായി അറിയപ്പടുന്ന പുളിയുറുമ്പിന്റെ ആവാസവ്യവസ്ഥ ഇല്ലാതാക്കുന്നതിലും ചോണനുറുമ്പിനു പങ്കുണ്ടെന്ന് കേരള വനഗവേഷണകേന്ദ്രം നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ കരിബോരന്‍ ഉറുമ്പും അധിനിവേശക്കാരനായ മറ്റ് ജീവികള്‍ക്ക് ദോഷം ഉണ്ടാക്കുന്ന ഇനം ഉറുമ്പാണ്.

ടൈഗര്‍ കൊതുക് (Asian Tiger Mosquito-Aedes albopictus)

ടൈഗർ കൊതുക് | Getty images

ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്നൈല്‍ വൈറസ് തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് കാരണമായ വൈറസുകളെ മനുഷ്യരിലേക്ക് എത്തിക്കുന്ന ടൈഗര്‍ കൊതുക് മനുഷ്യര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന അധിനിവേശ ജീവിവര്‍ഗമാണ്. കേരളവും ഈ കൊതുക് പരത്തുന്ന രോഗങ്ങള്‍ കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയായ ഈ കൊതുക 1967-ലാണ് ടൈഗര്‍ കൊതുകുകള്‍ ഏഷ്യയില്‍ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. ഇതിന്റെ അധിനിവേശത്തിനു കാലാവസ്ഥാ വ്യതിയാനവും ഒരു കാരണമായി പറയുന്നുണ്ട്.

ചിതലുകള്‍, തേനീച്ചകള്‍, മണ്ണിരകള്‍,കടന്നലുകള്‍

ആഫ്രിക്കൻ നൈറ്റ് ക്രാളർ | By MarvinBikolano -
Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=69579572

വിദേശ ഫര്‍ണ്ണിച്ചറുകള്‍ വഴി നമ്മുടെ നാട്ടിലേക്ക് ചേക്കേറിയ ചില സ്പീഷീസ് ചിതലുകള്‍ക്ക് ചുരുങ്ങിയ സമയം കൊണ്ട് ഫര്‍ണിച്ചറുകള്‍ക്കുള്ളില്‍ കോളനികള്‍ ഉണ്ടാക്കി ക്രമേണ ഫര്‍ണ്ണിച്ചറുകളെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള 282 ഇനം ചിതലുകളില്‍ 3 സ്പീഷിസുകള്‍ മാത്രമാണ് അധിനിവേശക്കാര്‍ എന്നത് ആശ്വാസകരമാണ്. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ മാത്രം കണ്ടു വരുന്ന ക്രിപ്‌റ്റോടേമ്‌സ് ഡഡ്‌ലെയി(Cryptotermes dudleyi) കേരളത്തില്‍ കണ്ടെത്തിയിട്ടു അധികകാലം ആയിട്ടില്ല.

യൂറോപ്യൻ തേനീച്ച | By Andreas Trepte - Own work,
CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=10979574

നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന തനതായ തേനീച്ചകള്‍ക്ക് വലിയ ഭീഷണിയാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്ന യൂറോപ്യന്‍ തേനീച്ചയെ(European bee, Apis mellifera) ഹിമാചല്‍ പ്രദേശില്‍ 1960-കളിലാണ് ആദ്യമായി കണ്ടത്. ഇവിടുള്ള നാലിനം തദ്ദേശീയമായ തേനീച്ചകളുമായി ഏറെക്കുറെ സ്വഭാവത്തിലും രൂപത്തിലും സാമ്യമുള്ള ഇവയെ വ്യവസായിക അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും തേനിനായി ഇപ്പോള്‍ വളര്‍ത്തുന്നുണ്ട്. ഈ യൂറോപ്യന്‍ തേനീച്ചകള്‍ നമ്മുടെ തേനീച്ചയുടെ സൂക്ഷ്മ ആവാസ വ്യവസ്ഥകളും ആഹാരസ്ഥലങ്ങളും കയ്യേറുന്നതിന് പുറമെ പൂമ്പൊടി കട്ടെടുക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

മണ്ണിനടിയിലെ ജൈവഅധിനിവേശത്തിന് ഉദാഹരണമാണ് ആഫ്രിക്കന്‍ നൈറ്റ് ക്രാളര്‍(African night crawler)എന്നറിയപ്പെടുന്ന ഇനം മണ്ണിരകള്‍. കേരളത്തില്‍ കണ്ടെത്തിയ 113 ഇനം മണ്ണിരകളില്‍ ഇരുപതോളം സ്പീഷീസ് വിദേശികളാണ്. ഇവയില്‍ പലതും തീരപ്രദേശങ്ങള്‍ മുതല്‍ ആനമുടിക്കടുത്തുള്ള ചോലക്കാടുകള്‍ വരെ എത്തിയിട്ടുണ്ടത്രെ. കേരളത്തിന്റെ ആവാസ വ്യവസ്ഥയോട് ചേര്‍ന്ന് ജീവിക്കാനുള്ള സവിശേഷ കഴിവ് ഈ അധിനിവേശ മണ്ണിരയ്ക്കുണ്ട്. കപ്പയും റബ്ബറുമൊക്കെ മറ്റ് നാടുകളില്‍ നിന്ന് എത്തിയതിനൊപ്പമാണ് മണ്ണിരയും നമ്മുടെ നാട്ടിലേക്ക് എത്തിയത്.

യൂക്കാലി മരങ്ങളെ നശിപ്പിക്കുന്ന കടന്നലുകളെ (യൂക്കാലിപ്റ്റസ് ഗാല്‍ വാസ്പ്) 2007 ല്‍ കേരളത്തിലും ഇന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലും അധിനിവേശജീവിയായി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആദ്യമായി കണ്ടെത്തിയത് അറേബ്യന്‍ രാജ്യങ്ങളില്‍ 2004 ലാണ്. യൂക്കാലി വളരുന്ന രാജ്യങ്ങളിലൊക്കെ ഇവ പടരുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലാന്‍ഡില്‍ വിമാനമിറങ്ങിയ സമയത്ത് കളിക്കാരുടെ മണ്ണ് പിടിച്ച ഷൂ അധിനിവേശ ജീവജാലങ്ങളിലെ കടന്നുകയറ്റം തടയാനായി തടഞ്ഞുവെച്ചിരുന്നു. ആ ശ്രദ്ധ പക്ഷെ നമുക്കില്ല

പല അധിനിവേശ സസ്യങ്ങളും ജന്തുക്കളും ഇന്ന് നാടന്‍ വിളിപ്പേരുകളോട് കൂടിയ തദ്ദേശീയ സസ്യങ്ങളും ജന്തുക്കളുമായി മാറിയെന്നതാണ് സത്യം. യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്ന അലങ്കാരച്ചെടികളുടെ വ്യാപാരം, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ജീവിവര്‍ഗ്ഗങ്ങളുടെ കൈമാറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവയൊക്കെ വിദേശ ജീവജാലങ്ങളുടെ കടന്നു കയറ്റത്തിന് കാരണമായിട്ടുണ്ട്. അധിനിവേശ ജന്തുജാലങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തി കണ്ടെത്തുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ച് സമയ ബന്ധിതമായ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുകയാണ് വേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസിലാന്‍ഡില്‍ വിമാനമിറങ്ങിയ സമയത്ത് കളിക്കാരുടെ മണ്ണ് പിടിച്ച ഷൂ അധിനിവേശ ജീവജാലങ്ങളിലെ കടന്നുകയറ്റം തടയാനായി തടഞ്ഞുവെച്ചിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമുക്കിടയിലെ അധിനിവേശക്കാര്‍ ആരെന്നറിയാനുള്ള പ്രാഥമിക കണക്കുകള്‍ പോലും താരതമ്യേന കുറവാണ്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും പരിശീലനം ലഭിച്ച വളരെക്കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്. അതായത് അമേരിക്കയുടെ ക്വാറന്റൈന്‍ സ്റ്റാഫിന്റെ അഞ്ച് ശതമാനവും ചൈനയുടെ ഏഴ് ശതമാനവും മാത്രമാണ് ഇന്ത്യയിലെ സ്റ്റാഫിന്റെ എണ്ണം. സാധാരണ ജനങ്ങളിലേക്ക് അധിനിവേശ ജീവജാലങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് നല്‍കുന്നത് ഇത് നിയന്ത്രിക്കാനുള്ള ഫലപ്രമായ മാര്‍ഗ്ഗമാണ്.

അവലംബം
1. അരണ്യം മാസിക, കേരള വനംവകുപ്പ്
2. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

Content Highlights: Invasive species Kerala, damaging the indigenous life, african snail, mandari, yellow crazy ant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented