കമ്മ്യൂണിസ്റ്റ് പച്ച മുതൽ കോൺഗ്രസ്സ് പച്ച വരെ... കടന്നു കൂടി ഇടം പിടിച്ച ചെടികളെ കുറിച്ചറിയാം


ജി.എസ്. ഉണ്ണികൃഷ്ണൻ നായർ

6 min read
Read later
Print
Share

Chromolaena odorata

നമ്മുടെ കാട്ടിലും കൃഷിയിടങ്ങളിലും അതിവേഗം വ്യാപിച്ച് ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയായി മാറുകയാണ് അധിനിവേശസസ്യങ്ങൾ. വയനാടൻ കാടുകളെ മൂടിയ മഞ്ഞക്കൊന്നയെ നശിപ്പിക്കാൻ വലിയ അധ്വാനവും പണച്ചെലവും ആവശ്യമാണ്. ഇത്തരം സസ്യങ്ങളെയും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച്...

പിങ്ക് പരവതാനിപോലെ ജലാശയത്തെ ഒട്ടാകെ പാടലവർണത്തിലാക്കിയ 'സുന്ദരിപ്പായൽ', കോവിഡ് കാലത്തുപോലും ഒട്ടേറെപ്പേരെ കോഴിക്കോട് ആവളപ്പാണ്ടിയിലേക്ക് ആകർഷിച്ചു. പായലിന്റെ ഭംഗിയിൽ ആകൃഷ്ടരായ പലരും അത് പറിച്ച് സ്വന്തം നാട്ടിലെ ജലാശയങ്ങളിൽ കൊണ്ടുപോയി നിക്ഷേപിച്ചു. ഇവിടം വിനോദസഞ്ചാരകേന്ദ്രമായി മാറാൻ തുടങ്ങി. ഇത് 'കബൊംബ' (Cabomba furcata) എന്ന അധിനിവേശസസ്യമാണെന്നും പമ്പയുൾപ്പെടെയുള്ള ജലാശയങ്ങളിലെ ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയുണ്ടാക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ വഴിയറിഞ്ഞപ്പോഴാണ്, മനോഹാരിതയ്ക്ക് പിന്നിലെ അപകടം ജനങ്ങൾക്ക് ബോധ്യപ്പെടുന്നത്. വയനാടൻ കാടുകളെ മൂടിയ മഞ്ഞക്കൊന്നയുടെ കഥയും വ്യത്യസ്തമല്ല. സൗന്ദര്യവത്കരണം ലക്ഷ്യമിട്ട് കൊണ്ടുവന്ന സസ്യം കാടിനെ മൂടുകയും മറ്റ് ചെടികളെയും ജന്തുക്കളെയും വരെ തുരത്തുകയും ചെയ്തപ്പോളാണ്, അധികൃതർക്ക് അപകടം ബോധ്യമായത്. ഇപ്പോഴതിനെ നശിപ്പിക്കാൻ കോടികൾ ചെലവിടുന്നു. അതിഥിയായി വന്ന് വീടിനുതന്നെ ഭീഷണിയാവുന്ന സ്ഥിതിയാണ്, കേരളത്തിലെ 'അധിനിവേശസസ്യങ്ങളു'ടെത്.

കടന്നുകയറ്റത്തിന്റെ ഇന്നലെകൾ

സസ്യങ്ങളുടെ വരവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപുള്ളതാണ്. ഇത് കാറ്റ്, ജലം, മൃഗങ്ങൾ എന്നിവ വഴി പ്രകൃത്യാ സംഭവിക്കുന്നതാകാം. കൂടാതെ, മനുഷ്യർ അവരുടെ കുടിയേറ്റത്തിന്റെ ഭാഗമായി അറിഞ്ഞും അറിയാതെയും തദ്ദേശീയമല്ലാത്ത ഒട്ടേറെ സസ്യങ്ങളെ മറ്റ് ദേശങ്ങളിലെത്തിച്ചിരുന്നു. ഇത് ഇന്നും തുടരുന്നു. ഇങ്ങനെ എത്തിയതിൽ ചിലതിന് പുതിയ ആവാസവ്യവസ്ഥയിൽ നിലനിൽക്കാനായില്ല. മറ്റ് ചിലതാകട്ടെ, നന്നായി പൊരുത്തപ്പെട്ടു. ഇതിൽ പലതും ഗുണകരമായതിനാൽ, സ്വാഗതം ചെയ്യപ്പെട്ടു. കേരളത്തിൽ 'മരച്ചീനി' എത്തിയതാണ് ഒരുദാഹരണം. എന്നാൽ, ഇങ്ങനെ പൊരുത്തപ്പെട്ട തദ്ദേശീയമല്ലാത്ത സസ്യജാതികളിൽ നല്ല പങ്കും ഒരു പ്രയോജനവുമില്ലാത്തവയായിരുന്നു എന്നുമാത്രമല്ല, പ്രശ്നക്കാരായി മാറുകയും ചെയ്തു.
അന്യദേശത്തുനിന്നുള്ള ജീവജാതികൾ അവയുടെ സ്വാഭാവിക ആവാസകേന്ദ്രമല്ലാത്ത മറ്റൊരിടത്തേക്ക് കടന്നുകയറി, പടർന്ന്, തദ്ദേശീയമായ സസ്യജാലത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും അങ്ങനെ, തദ്ദേശീയ സസ്യജൈവവൈവിധ്യത്തെ നശിപ്പിക്കുകയും ചെയ്യുമ്പോഴാണ് 'അതിഥിസസ്യങ്ങളെ' (Non-Native Species/Exotic Species) 'അധിനിവേശസസ്യങ്ങൾ' (Invasive Species/Alien Species) എന്ന് വിശേഷിപ്പിക്കുക. ക്രമേണ, ഇവ ആവാസവ്യവസ്ഥയ്ക്കും ജന്തുക്കൾക്കും മനുഷ്യനും വരെ പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇവയിൽ നല്ലൊരു പങ്കും ഏറെക്കാലമായി ഇവിടെ ചുവടുറപ്പിച്ചിട്ടുള്ളതിനാൽ, പലപ്പോഴും നാടൻസസ്യങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു, ഉദ്യാനസസ്യങ്ങളായിപ്പോലും ഇവ വളർത്തപ്പെടുന്നുണ്ട്. അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടിരുന്ന 'കൊങ്ങിണി' (Lantana camara) പത്തൊൻപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉദ്യാനസസ്യമായാണ് കേരളത്തിലെത്തുന്നത്. ഇതുപോലെയെത്തിയ അലങ്കാരവൃക്ഷമാണ്, മഞ്ഞക്കൊന്ന (Senna spectabilis). ഇവ രണ്ടും ചേർന്ന് കേരളത്തിലെ 17,483 ഹെക്ടർ വനപ്രദേശത്തിലാണ് വ്യാപിച്ചിരിക്കുന്നതെന്ന്, 'കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടി'ന്റെ പഠനം വെളിപ്പെടുത്തുന്നു.

നാടനെ തുരത്തുന്ന മറുനാടൻ

അധിനിവേശസസ്യങ്ങൾ പടർന്നുപിടിക്കുന്നതിന് പല കാരണങ്ങളുണ്ട്. അവയ്ക്ക് തദ്ദേശീയസസ്യങ്ങളുമായി മത്സരിച്ച്, അവയെ പിന്തള്ളി പടർന്നുപിടിക്കാനുള്ള ശേഷി കൂടുതലാണെന്നതാണ് ഒരു കാരണം. അധിനിവേശസസ്യങ്ങൾ പുതിയ പ്രദേശത്തെത്തുമ്പോൾ, അവയ്ക്ക് ശത്രുകീടങ്ങൾ അത്രത്തോളമുണ്ടാവില്ലെന്നതാണ് മറ്റൊരു കാരണം. സസ്യഭുക്കുകളായ തദ്ദേശീയമൃഗങ്ങൾ, ഇവയുടെ ഇല ഭക്ഷിക്കുന്നതും കുറവാണ്. ലൈംഗിക, അലൈംഗിക പ്രത്യുത്പാദനം നടത്താനുള്ള ശേഷി, വളരുന്ന പ്രദേശത്തെ ഉപാധികൾ നന്നായി വിനിയോഗിക്കാനുള്ള കഴിവ്, ദൈർഘ്യം കുറഞ്ഞ ജീവിതചക്രം, വിത്തുകളുടെ കൂടിയ അങ്കുരണശേഷി, വലിയതോതിലുള്ള വിത്തുവിതരണശേഷി, ആവാസവ്യവസ്ഥയെ മാറ്റിമറിക്കാനുള്ള കഴിവ്, തദ്ദേശീയ പരാഗണജീവികളെ ഉപയോഗപ്പെടുത്തൽ, തണലുണ്ടാക്കി പ്രാദേശികസസ്യങ്ങളുടെ വളർച്ച മുരടിപ്പിക്കൽ, രോഗ-കീട പ്രതിരോധശേഷി, ത്വരിതവളർച്ച, വ്യത്യസ്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഐ.യു.സി.എൻ. ചെമ്പട്ടികയിൽ (red list) ഉൾപ്പെടുത്തിയിട്ടുള്ള പത്ത് ജീവജാതികളിൽ ഒന്നെങ്കിലും അധിനിവേശജീവജാതികളുടെ ഭീഷണി നേരിടുന്നു. കൃഷിയും ആരോഗ്യവും കുടിവെള്ളലഭ്യതയും കന്നുകാലിപരിപാലനവും തുടങ്ങി ടൂറിസം വരെയുള്ള ജീവിതത്തിന്റെ സമസ്തമേഖലകളെയും അധിനിവേശസസ്യങ്ങൾ ബാധിക്കുന്നുണ്ട്. അധിനിവേശജീവജാലങ്ങൾ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിലുണ്ടാക്കുന്ന ഇടിവ് 12 ശതമാനത്തോളമാണെന്നറിയുമ്പോൾ, വിഷയത്തിന്റെ രൂക്ഷത ബോധ്യപ്പെടും. കഴിഞ്ഞ അറുപതുവർഷത്തോളമായി അധിനിവേശജീവികളെ നിയന്ത്രിക്കാൻ ഓരോ വർഷവും ഇന്ത്യ ചെലവിടുന്നത് രണ്ട് ശതകോടി (2 Billion) ഡോളറാണ്.

അധിനിവേശം ജലാശയങ്ങളിലും

കേരളത്തിലെ ജലാശയങ്ങളിലും നിരവധി അധിനിവേശസസ്യങ്ങൾ പ്രശ്‌നകാരികളായി മാറിയിട്ടുണ്ട്. ആഫ്രിക്കൻ പായൽ (Salvinia molesta), മുട്ടപ്പായൽ (Pistia stratiotes), കുളവാഴ (Eichhornia crassipes), കബൊംബ (Cabomba furcata) എന്നിവയാണ് സാരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്. ഈ കളപ്പായലുകൾ കൃഷിക്കും ജലഗതാഗതത്തിനും മൽസ്യങ്ങൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനും ടൂറിസത്തിനും ഉണ്ടാക്കുന്ന നാശനഷ്ടം ഏറെയാണ്. മാത്രമല്ല കൊതുകുകൾ പെരുകാനും ഇവ കാരണമാകുന്നു.

നിരീക്ഷണം പരമപ്രധാനം

അധിനിവേശം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം അവ മുളയിലേ കണ്ടെത്തി നിയന്ത്രിക്കുകയാണ്. ഒരിക്കൽ പടർന്നുപിടിച്ചാൽ പൂർണ നിയന്ത്രണം അസാധ്യമാകും. നിലവിൽ ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത് ഓരോ പ്രദേശമായി തിരഞ്ഞെടുത്തുള്ള ഘട്ടംഘട്ടമായ നിയന്ത്രണമാണ്. ആദ്യപരിഗണന പരിസ്ഥിതിലോല പ്രദേശങ്ങൾക്കായിരിക്കണം. ജൈവ, ഭൗതിക, രാസ നിയന്ത്രണ രീതികൾ അനുവർത്തിക്കാം. ഇതോടൊപ്പം തദ്ദേശീയ സസ്യങ്ങൾ കൂടുതലായി വ്യാപിപ്പിക്കുകയും വേണം. മരങ്ങളും സസ്യങ്ങളും ഇടതിങ്ങി വളരുന്ന നിബിഡവനങ്ങളിൽ കടന്നുകയറ്റക്കാർക്ക് സാധ്യത കുറവായിരിക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം അധിനിവേശസസ്യങ്ങൾ എത്തിപ്പെടുന്നത് തടയാൻ ശക്തമായ ജൈവപ്രതിരോധ നയങ്ങളും നിയമങ്ങളും അവയുടെ കൃത്യമായ പരിപാലനവും ഉണ്ടാകണം. ഇതിനൊക്കെ വേണ്ട പിന്തുണയും ധനവും സർക്കാർതലത്തിൽ രൂപപ്പെടണം. അധിനിവേശസസ്യങ്ങളുടെ നിയന്ത്രണവും പ്രതിരോധവും വന്യജീവി സംരക്ഷണംപോലെ മുഖ്യ അജൻഡകളിലൊന്നായി മാറേണ്ടതുണ്ടെന്ന് സാരം. അല്ലാത്തപക്ഷം ഈ മറുനാടന്മാർ, നാടൻ ജൈവസമ്പത്തുകളെ നിഷ്‌കാസനം ചെയ്യുന്ന കാലം വിദൂരമല്ല.

അധിനിവേശ സസ്യങ്ങൾ കേരളത്തിൽ

കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് 89 അധിനിവേശസസ്യങ്ങളെയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 82 അധിനിവേശസസ്യങ്ങളെയും കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇവയെ ഏറ്റവും അപകടമുണ്ടാക്കുന്നവ (high risk), മധ്യമതോതിൽ അപകടമുണ്ടാക്കുന്നവ (medium risk), അപകടസാധ്യത കുറഞ്ഞവ (low risk), തീരെ അപകടസാധ്യത ഇല്ലാത്തവ (no risk) എന്നിങ്ങനെ വർഗീകരിച്ചരിക്കുന്നു. ഇവയിൽ ചില സസ്യങ്ങളെ അറിയാം:

മഞ്ഞക്കൊന്ന (Senna spectabilis)

കേരളത്തിലെ വനംവകുപ്പിന് പറ്റിയ അബദ്ധമാണ് മഞ്ഞക്കൊന്ന. ഇത് സാമൂഹികവനവത്കരണത്തിന്റെ ഭാഗമായി വലിയതോതിൽ നട്ടുവളർത്തിയിരുന്നു. സംരക്ഷിതകേന്ദ്രങ്ങളുൾപ്പെടെയുള്ള വനങ്ങളിൽ കടന്നുകയറി വ്യാപിച്ച് തദ്ദേശീയ സസ്യങ്ങൾക്കും വൃക്ഷങ്ങൾക്കും മഞ്ഞക്കൊന്ന ഭീഷണിയായി മാറി. 'നീലഗിരി ബയോസ്ഫിയർ റിസർവിലുൾപ്പെടെ' ഇത് പടർന്നുപിടിക്കുകയാണെന്ന് വനംവകുപ്പ് നിരീക്ഷിക്കുകയുണ്ടായി. ഇപ്പോൾ വനംവകുപ്പുതന്നെ ഇതിനെ വനത്തിൽനിന്ന് ഉന്മൂലനം ചെയ്യാനുള്ള യജ്ഞത്തിന് തുടക്കമിട്ടിട്ടുണ്ട്. മഞ്ഞക്കൊന്നയുടെ ചുവട് വെട്ടിമാറ്റിയാലും കുറ്റിയിൽനിന്നും വേരിൽനിന്നും പുതിയ ചെടി മുളയ്ക്കും. ചെടിയെ ഉണക്കിയോ വേരോടെ പിഴുതുമാറ്റിയോ നശിപ്പിക്കുകയാണ് ഏക പോംവഴി. ഇതിനെ moderate risk എന്ന വിഭാഗത്തിലാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നത്. ട്രോപ്പിക്കൽ അമേരിക്കൻ വൃക്ഷമാണ്.

കോൺഗ്രസ് പച്ച (Parthenium lobatum)

കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വ്യാപിച്ചിരിക്കുന്ന മധ്യമതോതിൽ അപകടമുണ്ടാക്കുന്ന അധിനിവേശ സസ്യമാണ് പാർത്തീനിയം. 1950-കളിലാണ് വടക്ക്, തെക്ക് അമേരിക്കയിൽനിന്നെത്തിയ ഇത് ശ്രദ്ധിക്കപ്പെടുന്നത്. ധാന്യങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ ഇതിന്റെ വിത്ത് കലർപ്പായി എത്തിയതാണെന്ന് കരുതപ്പെടുന്നു. കടുത്ത വരൾച്ചയിൽപ്പോലും ഗ്രാമമോ നഗരമോ നാടോ കാടോ എന്ന വ്യത്യാസമില്ലാതെ പടർന്നുപിടിച്ചുവ്യാപിക്കുന്ന കുറ്റിച്ചെടിയാണിത്. മറ്റുസസ്യങ്ങളെ മുച്ചൂടും മുടിക്കുന്ന ഇതിന്റെ സസ്യഭാഗങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും വലിയതോതിലുള്ള ത്വക്ക്, ശ്വാസകോശ അലർജിക്കും മരണത്തിനുംവരെ കാരണമാകുന്നുണ്ട്. മറ്റുസസ്യങ്ങളുടെ പ്രത്യുത്പാദനത്തെയും പാർത്തീനിയം ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

മഞ്ഞ കോളാമ്പി വള്ളി (Merremia vitifolia)

ഇന്തോ- മലേഷ്യ, ചൈന എന്നിവിടങ്ങളിൽ കാണുന്ന ഏറ്റവും അപകടമുണ്ടാക്കുന്ന വിഭാഗത്തിൽപ്പെട്ട വള്ളിച്ചെടിയാണ് മഞ്ഞ കോളാമ്പി വള്ളി. ഇത് കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപകമായി പടർന്നുപിടിച്ചിട്ടുണ്ട്. മരങ്ങളിൽപ്പോലും പടർന്നുകയറി അവയെ പൂർണമായി പൊതിഞ്ഞ് വളരാൻ കെൽപ്പുള്ള കളവള്ളിയാണിത്. പൂക്കൾക്ക് മഞ്ഞനിറമാണ്.

ആനത്തൊട്ടാവാടി (Mimosa diplotricha)

ലോകത്ത് ഏറ്റവും വേഗത്തിൽ പടരുന്ന 100 അധിനിവേശസസ്യങ്ങളിലൊന്ന്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്ന് വന്ന ആനത്തൊട്ടാവാടി കേരളത്തിൽ വ്യാപകമാണ്. കുറ്റിച്ചെടിയായ ഇത് വളർന്ന് വ്യാപിച്ച് മറ്റുസസ്യങ്ങളെ മൂടി അവയുടെ വളർച്ച തടസ്സപ്പെടുത്തുന്നു. സസ്യഭാഗങ്ങളിലൊക്കെ വിഷ ആൽക്കലോയ്ഡുകളുണ്ട്. വളർത്തുമൃഗങ്ങൾ കഴിച്ചാൽ ഹൃദയത്തിലും കരളിലും വിഷബാധയുണ്ടാവും.

ധൃതരാഷ്ട്രപ്പച്ച (Mikania micrantha)

ഇന്ത്യയിലൊട്ടാകെ കാണുന്ന ഈ അമേരിക്കൻ വള്ളിച്ചെടി ലോകത്ത് ഏറ്റവും വേഗത്തിൽ പടരുന്ന 100 അധിനിവേശസസ്യങ്ങളിലൊന്നാണ്. റബ്ബർത്തോട്ടങ്ങളിലാണ് ഇതാദ്യം കാണപ്പെട്ടത്. ഇന്ന് റബ്ബറിനുമാത്രമല്ല, ഒട്ടേറെ വിളകൾക്കിത് ഭീഷണിയായിട്ടുണ്ട്. ധൃതരാഷ്ട്രപ്പച്ച ഒരു പ്രദേശമാകെ വ്യാപകമായി പടർന്നുകയറി മറ്റു സസ്യങ്ങളെ കീഴ്പ്പെടുത്തുന്നു. High risk വിഭാഗത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ധൃതരാഷ്ട്രപ്പച്ച ഉണങ്ങുമ്പോൾ കാട്ടുതീ പടരാൻ ഹേതുവാകുന്നു.

വാഴച്ചെടി (Heliconia psittacorum)

ഉദ്യാനസസ്യമെന്ന പരിവേഷത്തോടെയെത്തിയ ഈ തെക്കേ അമേരിക്കൻ കുറ്റിച്ചെടി വലിയതോതിൽ കളയായി പടർന്നുവളരാൻ ശേഷിയുള്ള high risk വിഭാഗത്തിൽപ്പെടുന്ന അധിനിവേശസസ്യമാണ്. കിഴങ്ങിൽനിന്ന് പുതിയ തൈകളുണ്ടായി വളരെ കുറഞ്ഞ കാലംകൊണ്ടുതന്നെ മറ്റുസസ്യങ്ങൾക്കുമുകളിൽ വളർന്ന് ഇത് മേൽക്കോയ്മ സ്ഥാപിക്കും.

കമ്യൂണിസ്റ്റ് പച്ച (Chromolaena odorata)

രണ്ടാം ലോകമഹായുദ്ധകാലത്ത് അസം വഴി കേരളത്തിലെത്തിയ അമേരിക്കൻ സസ്യം. കേരളത്തിലെ ആദ്യ അധിനിവേശസസ്യങ്ങളിലൊന്നും ഏറ്റവും അപകടകരമായതും. ഇതും ലോകത്ത് ഏറ്റവും വേഗത്തിൽ പടരുന്ന 100 അധിനിവേശസസ്യങ്ങളിലൊന്നാണ്. വളരെ വ്യത്യസ്തസാഹചര്യങ്ങളിൽ വ്യാപകമായി വളർന്ന് മറ്റു സസ്യജാലങ്ങൾക്ക് ഭീഷണിയാകുന്നു. നശിപ്പിക്കാനും പ്രയാസമാണ്.

മഞ്ഞപ്പയർ (Calopogonium mucunoides)

മഞ്ഞപ്പയർ, തോട്ടപ്പയർ എന്നീ പേരുകളിൽ അറിയപ്പെടുന്ന പടർവള്ളി. റബ്ബർത്തോട്ടത്തിലെ ആവരണവിള എന്നനിലയിലാണ് കേരളത്തിലെത്തുന്നത്. തോട്ടത്തിൽ പടർന്നുവളർന്ന് മറ്റുകളകളുടെ വളർച്ച ഇത് തടയുന്നു. മണ്ണിലെ നൈട്രജന്റെ അളവ് മെച്ചപ്പെടുത്തുകയുംചെയ്യും. എന്നാൽ റബ്ബർത്തോട്ടങ്ങളിൽനിന്ന് നാടാകെ വ്യാപിച്ച് മറ്റു സസ്യങ്ങൾക്ക് ഭീഷണിയായതോടെയാണ് കർഷകർ ഇതുണ്ടാക്കിയ അപകടം തിരിച്ചറിഞ്ഞത്. Medium risk വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

തേൻപൂവള്ളി (Antigonon cinerascens)

അലങ്കാരസസ്യമായി വന്ന് പ്രശ്‌നകാരിയായ മറ്റൊരു വള്ളിച്ചെടിയാണ് high risk വിഭാഗത്തിൽപ്പെട്ട തേൻപൂവള്ളി. മനോഹരമായ ചുവന്ന പൂങ്കുലകളും വേലിപോലെ പടർത്തി വളർത്താവുന്ന സ്വഭാവവുമാണ് ഇതിനെ ഉദ്യാനപ്രേമികൾക്ക് പ്രിയങ്കരമാക്കിയത്. പൂന്തേനിന്റെ നല്ല സ്രോതസ്സായതിനാൽ തേനീച്ച വളർത്തുന്നവരും ഇതിനെ നട്ടുപരിപാലിച്ചു. എന്നാൽ, വലിയതോതിൽ പടർന്നുകയറി ഇത് വലിയ ഭീഷണിയായിമാറി. മറ്റുസസ്യങ്ങൾക്ക്, പ്രത്യേകിച്ച് വള്ളിച്ചെടികൾക്ക് അല്പം പോലും അവസരം നൽകാത്തരീതിയിലായിരുന്നു തേൻവള്ളിയുടെ വ്യാപനം. കേരളത്തിൽ മിക്ക ജില്ലകളിലും ഇത് ഇന്ന് കാണപ്പെടുന്നുണ്ട്. തെക്കേ അമേരിക്കൻ സസ്യമാണ്.

കരിപ്പൻ പച്ച (Tithonia diversifolia)

ഈ മെക്‌സിക്കൻ സസ്യവും, 'മെക്‌സിക്കൻ സൺഫ്‌ളവർ' എന്നപേരിൽ, ഉദ്യാനസസ്യമായാണ് ഇവിടെയെത്തുന്നത്. പൂക്കൾക്ക് സൂര്യകാന്തിപ്പൂക്കളോടുള്ള സാമ്യമാണ് ഈ പേരുവീഴാൻ കാരണം. മൂന്നുമീറ്റർവരെ ഉയരംവെയ്ക്കുന്ന ഈ സസ്യം ഇന്ന് മിക്ക ജില്ലകളിലും പടർന്നുപിടിച്ചിട്ടുണ്ട്. ഒരു നിയന്ത്രണവുമില്ലാതെ വളർന്ന് ഒരു സ്ഥലമാകെ ഇത് അധീനതയിലാക്കുന്നു. Moderate risk എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

(മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സ് മാസിക, 2023 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Invasive plant species in kerala

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bracken Cave
Premium

7 min

ലക്ഷക്കണക്കിന് വവ്വാലുകള്‍ പിറന്നുവീഴുന്ന ഗുഹ; 10,000 വർഷത്തിലേറെ പഴക്കം, വവ്വാലുകളുടെ പരിശീലനക്കളരി

Sep 18, 2023


cape grim
Premium

8 min

ശുദ്ധവായു ശ്വസിക്കണമെങ്കിൽ 'ലോകത്തിന്റെ അറ്റത്ത്' എത്തണം...! ഗ്രിം മുനമ്പ് എങ്ങനെ ഇത്ര ശുദ്ധമായി?

Oct 3, 2023


nuclear plant
Premium

7 min

ഗ്യാരണ്ടി ലക്ഷം വര്‍ഷം; ഫിന്‍ലന്‍ഡില്‍ ആണവമാലിന്യത്തിന് കല്ലറയൊരുങ്ങുന്നു

Aug 11, 2023


Most Commented