വയനാട് കുപ്പാടിത്തറയിൽ മയക്കുവെടിവെച്ചു പിടിച്ച കടുവയെ സുൽത്താൻബത്തേരി പച്ചാടിയിലെ വന്യമൃഗസംരക്ഷണ പരിപാലനകേന്ദ്രത്തിൽ കൊണ്ടുവന്നപ്പോൾ |ഫോട്ടോ: എം.വി. സിനോജ്
കാടിറങ്ങുന്ന വന്യജീവികള്‍ എല്ലാക്കാലത്തും മനുഷ്യന് വെല്ലുവിളിയാണ്. അവന്റെ ജീവനും ജീവിതോപാധികളും നശിപ്പിക്കുന്നവര്‍! മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാഗ്വാദങ്ങളും ഉയര്ന്നുകേള്ക്കുന്നതിനിടയിലാണ് വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്ഷകന് മരിച്ചത്. വയനാട്ടില്‍ ഇതുവരെ വന്യമൃഗശല്യം റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശത്താണ് കടുവയുടെ ആക്രമണമുണ്ടായത്.
വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പൊതുവേ വയനാട്ടില്‍ ആനയും കടുവയുമൊക്കെ ഇറങ്ങാറുള്ളത്. എന്നാല്‍, കര്‍ഷകനെ കടുവ ആക്രമിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്ന് പ്രദേശം വനത്തില്‍നിന്ന് എട്ടു കിലോ മീറ്ററിലധികം ദൂരത്താണ്. ഇതുവരെ ശല്യമില്ലാതിരുന്ന മേഖലകളില്‍ വന്യമൃഗങ്ങളെത്തുന്നത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. ആക്രമണങ്ങളുടെ വ്യാപ്തിയും കൂടിയെന്നാണ് അവരുടെ ആരോപണം. ജീവനോപാധിയായ ഹെക്ടര്‍ കണക്കിന് കൃഷിയാണ് കാട്ടാനയും കാട്ടുപന്നിയും കുരങ്ങും പ്രതിവര്‍ഷം നശിപ്പിക്കുന്നത്. പുലിയും കടുവയും ക്ഷീരകര്‍ഷകര്‍ക്കും ഭീഷണിയാവുന്നു. മനുഷ്യനും മൃഗങ്ങളും തമ്മില്‍ സംഘര്‍ഷം കൂടിവരുന്ന പശ്ചത്തലത്തില്‍ വന്യജീവി ഗവേഷകനും ഐ.യു.സി.എന്‍., ഏഷ്യന്‍ എലെഫന്റ് സ്പെഷല്‍ ഗ്രൂപ്പ് അംഗവും ആരണ്യകം നാച്വര്‍ ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ. പി.എസ്. ഈസ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
കേരളത്തില്‍ വലിയ തോതിലാണ് വന്യജീവി ആക്രമണത്തെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത്. മുമ്പില്ലാത്ത വിധം വന്യജീവികള്‍ കാടിറങ്ങുന്നത് എന്തുകൊണ്ടാകും?
ഇക്കാര്യത്തില്‍ ഒരു പൊതുകാരണം പറയാന്‍ സാധിക്കില്ല. വന്യജീവി ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍, അതാത് പ്രദേശത്തെ അടിസ്ഥാനമാക്കി മാത്രമേ നമുക്ക് കാരണങ്ങള്‍ പറയാന്‍ സാധിക്കൂ. അട്ടപ്പാടിയിലുള്ള പ്രശ്നമാകണമെന്നില്ല വയനാട്ടിലുള്ളത്. അവിടെയുള്ള പ്രശ്നമാകില്ല മൂന്നാറിലെ ആനയിറങ്കലിലുള്ളത്. ഓരോ സ്ഥലത്തും ഓരോ കാരണങ്ങളാകാം. അത് ചിലപ്പോള്‍ ചരിത്രപരമായിരിക്കാം. അല്ലെങ്കില്‍ ഭൂവിനിയോഗത്തിലുള്ള പ്രശ്നങ്ങളുണ്ട്, ജനങ്ങളുടെ മനോഭാവത്തില്‍ വന്ന മാറ്റങ്ങളുണ്ട്. ഇതോടൊപ്പം വന്യജീവികളില്‍ വരുന്ന മാറ്റങ്ങളുമുണ്ട്. ഉദാഹരണത്തിന് അവയുടെ സ്വഭാവത്തില്‍ വരുന്ന മാറ്റം. ഓരോന്നിന്റേയും സ്വഭാവത്തില്‍ മാറ്റം വരാം. അതിന്റെ പ്രശ്നമുണ്ട്. മനുഷ്യരിലുള്ളത് പോലെ സ്വഭാവത്തിലെ മാറ്റങ്ങള്‍ എല്ലാ ജീവികളിലും ഉള്ളതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു പൊതുപ്രസ്താവന നടത്തുന്നതില്‍ അര്‍ത്ഥമില്ല.
എങ്കിലും കേരളത്തില്‍ വന്യജീവി ആക്രമണങ്ങള്‍ മുന്പത്തേക്കാള് വല്ലാതെ വര്‍ധിച്ചില്ലേ ?
നമ്മുടെ നാട്ടില്‍ പണ്ടും ഈ സംഭവങ്ങളെല്ലാം നടക്കുന്നുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ടിങ് വളരെ കൂടുന്നുണ്ട്. പിന്നെ ആളുകള്‍ ഇക്കാര്യത്തില്‍ വളരെ താല്പര്യം എടുക്കുന്നു. ചില പ്രത്യേക താല്പര്യമുള്ളവരുണ്ട്. അവര്‍ ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ച് കാണിക്കുന്ന സ്ഥിതിയുണ്ട്. നമ്മുടെ ജീവിതരീതിയില്‍ വന്ന മാറ്റവും ഇതിനെ ബാധിക്കുന്നുണ്ട്. കാരണങ്ങളിലേക്ക് പോകുമ്പോള്‍ എല്ലാ ഘടകങ്ങളും പരിഗണിക്കേണ്ടി വരും. കുറേ വര്‍ഷങ്ങളിലായി ആനകളെ കാണാത്ത സ്ഥലമാണ് കോട്ടയം ജില്ലയിലെ മുണ്ടക്കയം ഭാഗം. മുണ്ടക്കയത്ത് റബര്‍ തോട്ടത്തിലേക്ക് ഒരു കൂട്ടം ആനകള്‍ എത്തുകയുണ്ടായി. പാലക്കാട്ട് ആന എത്തി. പാലക്കാട്ട് പണ്ടും ആന വരുന്നതാണ്. എന്നാല്‍, പാലക്കാട്ടുനിന്ന് മുണ്ടൂര്‍ വഴി ഭാരതപ്പുഴ വരെ പോയിരുന്നു ആന. ഇത് പ്രത്യേക പ്രതിഭാസമായി മാറുന്നത് എന്തുകൊണ്ടാണെന്ന പ്രശ്നമുണ്ട്. നമുക്കതിന് കൃത്യമായ വിശദീകരണം നല്കാന് കഴിയുന്നില്ല. പൊതുവേ പറയുന്നത് 'എക്സ്പ്ലോറിങ് ദി ഏര്‍ലിയര്‍ റൂട്ട്സ്' എന്നാണ്. ആനയുടെ ഓർമ്മയിലുള്ള സ്ഥലങ്ങളിലേക്ക് വളരെ കാര്യമായിട്ടുള്ള യാത്രകള്‍ തുടങ്ങി എന്നതാണ്.
2002-ലോ മറ്റോ ആണെന്ന് തോന്നുന്നു ഛത്തീസ്ഗഢിലേക്ക് ആനകള്‍ ആദ്യമായി വന്നു. ആദ്യമായി എന്ന് പറയുമ്പോള്‍ 100 വര്‍ഷത്തിനിടെ ആദ്യമായി. 100 വര്‍ഷത്തിന് മുമ്പ് അവിടെ ആനകള്‍ ഉണ്ടായിരുന്നതിന് രേഖകളുണ്ട്. മധ്യപ്രദേശിലേക്കും ആനകള്‍ വന്നു. അവിടെയും വളരെ മുമ്പ് ആനകള്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. ഒഡീഷയില്‍നിന്നും ജാര്‍ഖണ്ഡില്‍നിന്നും ആന ഛത്തീസ്ഗഢിലെത്തുകയും അവിടെനിന്ന് മധ്യപ്രദേശിന്റെ ചില ഭാഗങ്ങളിലേക്ക് വരികയും ചെയ്തു. അപ്പോള്‍, എന്തോ ഒരു കാരണത്താല്‍ ആനകളുടെ ഒരു മൂവ്മെന്റ് നടക്കുന്നുണ്ട്. ചില അസ്വസ്ഥതകളാണെന്നാണ് ആദ്യം കരുതിയിരുന്നു. അതാകാന്‍ വഴിയില്ല. ഇന്ത്യയിലെ അറിയപ്പെടുന്ന പ്രധാന യാത്ര, ആനകള്‍ കൂട്ടമായി തമിഴ്നാട്ടില്‍നിന്ന് ആന്ധാപ്രദേശിലേക്ക് പോയതാണ്. അതുപോലെ കര്‍ണാടകയില്‍നിന്ന് ആനകള്‍ മഹാരാഷ്ട്രയിലേക്ക് പോയി. ഈ പറഞ്ഞ സ്ഥലങ്ങളില്‍ അവ പണ്ടുള്ളതായി പറഞ്ഞു കേട്ടിട്ടില്ല. അസമില്‍ ബ്രഹ്മപുത്രയുടെ കരവഴി ആനകള്‍ കാസിരംഗയിലേക്ക് യാത്ര തുടങ്ങി. കാസിരംഗയ്ക്ക് മുമ്പ് അവരെ തടഞ്ഞ് തിരിച്ചുവിട്ടു. അതിപ്പോള്‍ ഒരു വാര്‍ഷിക പ്രതിഭാസമായി മാറി. ചൈനയിലെ ആനകളുടെ യാത്രയുടെ വാര്‍ത്തയും നമ്മള് വായിച്ചിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. ഇതിന്റെ കാരണം തേടിപ്പോയിക്കഴിഞ്ഞാല്, എല്ലാവരും പറയും കാലാവസ്ഥാ വ്യതിയാനമെന്ന്. പക്ഷേ, എല്ലാത്തിനും കാലാവസ്ഥാ വ്യതിയാനം എന്ന് പറയുന്നതില്‍ അര്‍ഥമില്ല. നമുക്ക് അതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള പഠനവിവരങ്ങള്‍ ഒന്നുമില്ല. പക്ഷേ, എന്തോ ഒന്ന് സംഭവിക്കുന്നുണ്ട്.
അടുത്ത് വയനാട്ടിലുണ്ടായ കടുവയുടെ ആക്രമണം പരിശോധിച്ചാല്‍ ജനവാസകേന്ദ്രങ്ങള്‍ കടന്നാണ് കടുവ എത്തിയത്. ഇതിനെ എങ്ങനെ വിശദീകരിക്കാം?
നമ്മുടെ നാട്ടില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നത് പ്രധാനമായും ആനയും കടുവയുമാണ്. കടുവയുടെ കാര്യമെടുത്താല്‍, ആക്രമണം ഉണ്ടായ സ്ഥലത്തെല്ലാം അടിക്കാട് നന്നായുള്ള തോട്ടങ്ങളുണ്ട്. കടുവകള്‍ക്ക് തോട്ടങ്ങള്‍ മതി. വയനാടിന്റെ ഒരു പ്രശ്നം അതാണ്. കാടെന്നു വിളിക്കുന്ന, അതായത് നിയമപരമായുള്ള കാടും കൃഷിസ്ഥലവും വന്യജീവികള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് വയനാടിന്റെ കിടപ്പ്. കാപ്പി തോട്ടങ്ങളാണെങ്കിലും മറ്റ് തോട്ടങ്ങളാണെങ്കിലും അടിക്കാടുകള്‍ വന്യജീവികള്‍ക്ക് അനുകൂലസ്ഥലമാണ്. പ്രത്യേകിച്ച് കടുവയ്ക്കും പുള്ളിപ്പുലിക്കും കാട്ടുപന്നിക്കുമൊക്കെ. മറ്റൊന്ന് മൃഗങ്ങള്‍ക്ക് ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങളാണ്. 'അവന് മഹാകുറുമ്പനാണെന്ന്' നാട്ടിലുള്ള ചില 'കാട്ടാന'കളെക്കുറിച്ച് പറയാറില്ലേ? മറ്റൊരുത്തന് 'വളരെ ശാന്തനാണെന്ന്' പറയും. സ്വഭാവത്തിലെ ഈ വ്യത്യാസങ്ങള്‍ എല്ലാ മൃഗങ്ങളിലുമുണ്ട്. ഇങ്ങനെ വരുന്ന സ്വഭാവവ്യതിയാനങ്ങള്‍ നമുക്ക് താങ്ങാവുന്നതിലും അധികമായിരിക്കും. അപ്പോഴാണ് കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരുന്നത്. ഇത് അങ്ങനെയാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ അതിന് പരിക്ക് പറ്റിയതാകാം. അതിനും സാധ്യതയുണ്ട്.
കാട്ടാന ആക്രമണങ്ങളാണ് മുമ്പ് നമ്മള് അധികം കേട്ടിരുന്നത്. പക്ഷേ ഇന്ന് കടുവ, പുലി, കുരങ്ങ്, കാട്ടുപന്നി, മയില്‍ അടക്കമുള്ളവയെല്ലാം നാട്ടിലേക്ക് എത്തുകയാണ്. എന്തായിരിക്കാം ഇതിന് കാരണം?
കുരങ്ങിന്റെ കാര്യമെടുത്താല്‍, അത് പുതുമയുള്ള കാര്യമല്ല. വര്‍ഷങ്ങളായി ഉള്ളതാണത്. നിലമ്പൂര്‍ നഗരത്തിലും തൃശ്ശൂര്‍ നഗരത്തിലും കൊല്ലം ശാസ്താംകോട്ടയിലുമെല്ലാം കുരങ്ങുകള്‍ കൂട്ടമായി നടന്നിരുന്നു. മലപ്പുറത്ത് മിക്ക സ്ഥലത്തും കുരങ്ങിനെ കണ്ടിരുന്നു. മലയോര പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. കുരങ്ങ് വലിയൊരു പ്രശ്നം തന്നെയാണ്. പക്ഷേ, അതൊരു പുതിയ പ്രശ്നമല്ല. കുരങ്ങിന്റെ കാര്യത്തില്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. താമരശ്ശേരി ചുരത്തിലൂടെ പോകുമ്പോള്‍ ആളുകള്‍ അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കാണാം. അതുവഴി സ്വാഭാവികമായി ഭക്ഷണം തേടാനുള്ള അതിന്റെ സ്വഭാവം മാറ്റി, ഭക്ഷണം കാത്തിരിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് നമ്മള്. പല സ്ഥലത്തും ആളുകള്‍ പോകുമ്പോള്‍ കടലയും മറ്റും കൊണ്ടുപോകും. എന്തിന് കുറേ പേര് കോഴിക്കോട് നിന്ന് കുരങ്ങിന് ഓണസദ്യ കൊടുക്കാന്‍ വരെ താമരശ്ശേരിയിലേക്ക് പോയി.
കാട്ടുപന്നിയുടെ കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് നമ്മുടെ ജീവിതശൈലി തന്നെയാണ്. പല നഗരപ്രദേശങ്ങളിലും ഇപ്പോള്‍ ഇവയെ കാണാം. ഈ സ്ഥലങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ മാലിന്യസംസ്കരണത്തിന്റെ പ്രശ്നം കാണാം. മാലിന്യം അവിടെയെല്ലാം വലിച്ചുവാരി ഇടുകയാണ്. വളരെ സുലഭമായി പോഷകസമൃദ്ധമായ ആഹാരാവശിഷ്ടങ്ങള്‍ അവയ്ക്ക് കിട്ടുന്നു. ഈ ആഹാരാവശിഷ്ടങ്ങള്ക്ക് ഒരു പ്രശ്നമുണ്ട്. സാധാരണയായി നമുക്ക് കണക്കുകൂട്ടാവുന്നതിന് അപ്പുറത്തേക്ക് പോകും അവയുടെ വളര്‍ച്ചയും പ്രത്യുത്പാദനവുമെല്ലാം. അപ്പോള്‍ എണ്ണം കൂടാന്‍ സാധ്യത കൂടുതലാണ്. അതൊരു പ്രശ്നം തന്നെയാണ്. മാലിന്യസംസ്കരണം കൃത്യമായി നടപ്പാക്കിയാല്‍ നമുക്ക് കുറേ സ്ഥലങ്ങളിലെങ്കിലും ഇത് കുറയ്ക്കാന്‍ സാധിക്കും.
കാടുകളില്‍ വന്യജീവികളുടെ എണ്ണം വര്‍ധിക്കുന്നതാണ് ഇതിന് പിന്നിലെന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?
വയനാട്ടിലെ കടുവയുടെ കണക്ക് തന്നെ ഉദാഹരണമായി എടുക്കാം. കാല്‍പ്പാടുകള്‍ നോക്കിയാണ് മുമ്പ് എണ്ണം കണക്കാക്കിയിരുന്നത്. അന്ന് തന്നെ അതിന്റെ പോരായ്മ നമുക്കറിയാം. ആ രീതിക്ക് അതിന്റേതായ പരിമിതികള്‍ ഉണ്ട്. അതിന് ശേഷം പല മാറ്റം വന്നാണ് ക്യാമറ ട്രാപ്പിലേക്ക് വരുന്നത്. ഈ രീതി അവലംബിക്കുമ്പോള്‍ വ്യത്യസ്തമായ ഫോട്ടോഗ്രാഫുകള്‍ ലഭിക്കും. അതുവഴി ഓരോന്നിനേയും തരംതിരിച്ച് എത്ര എണ്ണമുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കും. ഇത് പരിശോധിച്ചാല്‍ പണ്ട് ഉണ്ടായിരുന്ന എണ്ണം തന്നെയാണ് ഇപ്പോഴും ഉള്ളത്. പക്ഷേ, ഇന്ന് അതിന് കൃത്യമായ കണക്കുണ്ട്. മുമ്പ് അത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവയുടെ എണ്ണം വര്‍ധിച്ചു എന്നുപറയുന്നതിനോട് വലിയ യോജിപ്പില്ല.
ഇനി ആനയുടെ കണക്കെടുത്താല്‍, അതും ഇതുപോലെ തന്നെയാണ്. നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച രീതിയാണ് ഡങ് കൗണ്ട് മെത്തേഡ്. ആ രീതിവെച്ച് ചെറിയ മാറ്റങ്ങള്‍ മാത്രമേ വരുന്നുള്ളൂ. വയനാട്ടിലെ ആനകളുടെ എണ്ണം കൂടുന്നു എന്ന് പറയുമ്പോഴും വയനാട് ഒറ്റക്ക് നില്ക്കുന്ന സ്ഥലം അല്ലല്ലോ? വയനാടിന് ബന്ദിപ്പൂരുമായി ബന്ധമില്ലേ ? മുതുമലയുമായി ബന്ധമില്ലേ? നാഗര്ഹോളയുമായി ബന്ധമില്ലേ? ഏകദേശം ഒരു 12,500 സ്ക്വയര്‍ കിലോ മീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന പ്രദേശത്തിന്റെ ഭാഗമാണ് വയനാട്. അപ്പോള്‍ വയനാട്ടിലെ ആന എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ശാസ്ത്രസമൂഹം ചെയ്ത ഒരു പ്രശ്നം എന്താണെന്നു വെച്ചാല്‍ ഈ പ്രദേശത്തെ ഒന്നിച്ച് എടുത്തുകൊണ്ട് കണക്ക് തയ്യാറാക്കിയില്ല. അങ്ങനെയായിരുന്നെങ്കില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് അറിയാമായിരുന്നു. അത് ചെയ്യണം എന്നാലേ പറയാന്‍ സാധിക്കൂ.
പറയാവുന്ന ഒരു സ്ഥലം ഇടുക്കിയാണ്. അതിന് മറ്റ് സ്ഥലങ്ങളുമായൊന്നും ബന്ധമില്ല. ഇടുക്കി വന്യജീവി സങ്കേതവും അതിന് തൊട്ടടുത്തുള്ള നഗരമ്പാറയോ അയ്യപ്പന്കോവിലോ ചേര്‍ന്നാലും കുറച്ച് സ്ഥലമേയുള്ളൂ. അവിടെയുള്ള ആനകള്‍ക്ക് പുറത്തുള്ള ആനകളുമായി ബന്ധമില്ല. അതൊരു ഒറ്റപ്പെട്ട പോപ്പുലേഷനാണ്. അത് നിരീക്ഷിച്ചാല്‍ ആ പോപ്പുലേഷന്‍ എങ്ങനെയാണെന്ന് അറിയാന്‍ പറ്റും. പ്രശ്നമെന്താണെന്ന് വെച്ചാല്‍, അഖിലേന്ത്യാതലത്തില്‍ 2017നുശേഷം കണക്കെടുപ്പ് നടന്നിട്ടില്ല. അത് ചെയ്യേണ്ടതുണ്ട്. പേരിന് ചെയ്യുക എന്നതല്ല, വളരെ ശാസ്ത്രീയമായി ആത്മാര്‍ത്ഥതയോടെ ചെയ്യണം. അങ്ങനെ ആണെങ്കില്‍ മാത്രമേ വ്യക്തമായ ഒരു ചിത്രം കിട്ടൂ. ഇടുക്കി ഒഴിച്ച് ബാക്കി എല്ലാത്തിനും തമിഴ്നാടുമായും കര്‍ണാടകയുമായും തുടര്‍ച്ചയുള്ളതാണ് നമ്മുടെ കാടുകള്‍. അതിനാല്‍തന്നെ വര്‍ധിച്ചു എന്ന് പറയുന്നതില്‍ വലിയ അര്‍ഥമില്ല.
.jpg?$p=2922c1a&&q=0.8)
വന്യജീവികളെ കൊന്ന് അവയുടെ എണ്ണം നിയന്ത്രിക്കുന്നത് നമ്മുടെ സാഹചര്യത്തില്‍ എത്രത്തോളം പ്രായോഗികമാണ്?
എണ്ണം വര്‍ധിക്കുന്നത് തടയാനാണല്ലോ കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പിന്നെ ബാക്കിയുള്ള ജീവികളെ എങ്ങനെ കൊന്നൊടുക്കാന്‍ സാധിക്കും ? അത് എങ്ങനെയാണ് നടക്കുക ? ഇതില്‍ വിരുദ്ധ താല്പര്യങ്ങളുമുണ്ട്. മൂന്നാറില്‍ പടയപ്പ ഇറങ്ങുമ്പോള്‍, പടയപ്പ വരണം എന്നാഗ്രഹിക്കുന്ന ഒരു ടൂറിസം മേഖല അവിടെയുണ്ട്. പടയപ്പ എന്ന പേരിട്ടത് തന്നെ അതിനായിട്ടാണ്. പടയപ്പ ഇറങ്ങിയെന്ന് കേട്ടാല്തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വണ്ടിയും എടുത്തുകൊണ്ട് പോകും. പടയപ്പയെ കാണാന്‍, ഒരു ഫോട്ടോ എടുക്കാന്‍. അതൊരു ഭാഗത്ത് നടക്കുമ്പോള്‍, ഇത് വലിയ പ്രശ്നമാണെന്ന് മറ്റൊരു ഭാഗം പറയും. ഇതേപോലെ, വയനാട്ടില്‍ ആളുകള്‍ വരുന്നത് അവിടുത്തെ തണുപ്പ് ആസ്വദിക്കാന്‍ മാത്രമല്ല, കാടും വന്യജീവികളേയും കാണാനാണ്. അല്ലെങ്കില്‍ ബത്തേരിയിലോ മറ്റോ വന്ന് തിരിച്ചുപോയാല്‍ പോരെ? അതല്ലല്ലോ സംഭവിക്കുന്നത്. അവിടെയാണ് വിരുദ്ധ താല്പര്യങ്ങളുമുണ്ടെന്നു ഞാന്‍ പറയുന്നത്. ചില ആളുകള്‍ നടത്തുന്ന ടൂറിസവും വൃത്തികെട്ട ടൂറിസമാണ്, അത് പറയാതിരിക്കാന്‍ വയ്യ. ചില മൃഗങ്ങളെ അനാവശ്യമായി ഉപദ്രിച്ച് പ്രകോപിപ്പിച്ച് ഫോട്ടോ എടുക്കാനും സെല്‍ഫി എടുക്കാനും നടക്കുന്നവരുണ്ട്.
കാട് കാടായും നാട് നാടായും നിര്‍ത്തണമെന്നാണ് ഒരു വിഭാഗം പറയുന്നത്. അതില്‍ അര്‍ത്ഥമില്ല, നടക്കില്ല അത്. എന്തുകൊണ്ടാണ് നടക്കാത്തത്? വയനാട്ടില്‍ കാടും നാടും തമ്മിലുള്ള അതിര്‍ത്തി എങ്ങനെ തീരുമാനിക്കും? നൂറ്റിപ്പത്തോളം സെറ്റില്‍മെന്റുകളുണ്ട് കാടിനകത്ത്. അപ്പോള്‍ ഏതാണ് നാട്, ഏതാണ് കാട് ? കാടും നാടും തമ്മിലുള്ള വേര്‍തിരിവ് വ്യക്തമാക്കുക വലിയ വെല്ലുവിളിയാണ് വയനാട്ടില്‍. അവിടെ മാത്രമല്ല, മിക്ക സ്ഥലത്തും വെല്ലുവിളിയാണ്. പിന്നെ, സര്‍ക്കാരിന്റെ നയത്തിലും ഇക്കാര്യത്തില്‍ പ്രശ്നങ്ങളുണ്ട്. ആനയിറങ്കലില്‍ ആദിവാസികളെ കൊണ്ട് താമസിപ്പിച്ചു. ആനകള്‍ ഉപയോഗിച്ചിരുന്ന സ്ഥലം ആദിവാസികള്‍ക്ക് പതിച്ചുകൊടുത്തു. ഇപ്പോള്‍ ആ പാവങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാതായി. അതില്‍ രാഷ്ട്രീയ നേതൃത്വത്തിന് അവരുടേതായ താല്പര്യങ്ങളുണ്ടാകും. വാസ്തവത്തില്‍ വന്യജീവി സംഘര്‍ഷത്തിന്റെ പ്രശ്നം വിവിധ വിഷയങ്ങളുമായി കൂടിപ്പിണഞ്ഞ് കിടക്കുകയാണ്. വനവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളുമായി അത് കൂടിക്കുഴഞ്ഞ് കിടക്കുകയാണ്. പിന്നെ, നമ്മുടെ നാട്ടില്‍ കാട്ടുപന്നിയെ വെടിവെക്കാന്‍ അനുമതി നല്കിയപ്പോള് ഒരു ചോദ്യം വന്നു, എന്തിനാ കുഴിച്ചിടുന്നത്, തിന്നാല്‍പോരെ എന്ന്. പക്ഷേ, ഒരുവട്ടം തുടങ്ങിയാല്‍ പിന്നെ അത് നില്‍ക്കില്ല.
വന്യജീവി സംഘര്‍ഷം കുറക്കാന്‍ നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?
ഇക്കാര്യത്തില്‍ വയനാട്ടിലെ മുന്‍കരുതല്‍ സമീപനമായിരിക്കില്ല കോഴിക്കോട് ജില്ലയിലെ ഒരു പ്രദേശത്ത് വേണ്ടത്. അതാത് പ്രദേശത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള നടപടികള്‍ സ്വീകരിക്കണം. ഇവിടെ പ്രശ്നം രണ്ട് മൂന്ന് തരത്തിലാണ്. വയനാട്ടില്‍ തന്നെ ചതുപ്പുനിലങ്ങളുണ്ട്. ഈ ചതുപ്പുനിലങ്ങളില്‍ സോളാര്‍ പവര്‍ ഫെന്‍സ് ഇട്ടാല്‍ നില്‍ക്കില്ല. അവിടെ മതില് പോലെ കട്ടിയുള്ള സ്റ്റീല്‍ വയറുകള്വെച്ച് സംരക്ഷണം ഒരുക്കേണ്ടിവരും. 1818-ല്‍ തിരുവിതാകൂര്‍ മഹാറാണി പാര്‍വതി ബായി ഇറക്കിയ ഒരു വിളംബരമുണ്ട്. വന്യജീവിശല്യം മൂലം കൃഷി ഉപേക്ഷിച്ച് തിരിച്ചുപോരരുതെന്ന് അതില്‍ പറയുന്നുണ്ട്. അപ്പോള്‍ അന്നും ഈ പ്രശ്നങ്ങളുണ്ട്. വയനാട് ഏറുമാടങ്ങളുടെ നാടാണെന്ന് വയനാട്ടിലൂടെ സഞ്ചരിച്ച് ഫ്രാന്‍സിസ് എന്ന സഞ്ചാരി എഴുതിവെച്ചിട്ടുണ്ട്. മനുഷ്യസാന്നിധ്യവും കാവലും ഉണ്ടെന്ന് അറിഞ്ഞാല്‍ മൃഗങ്ങള്‍ വരില്ല. അപ്പോള്‍ ചോദിക്കും ചെണ്ട കൊട്ടി ഓടിക്കണോ എന്ന് ? അതേ ബുദ്ധിമുട്ടാണ്. കമ്മ്യൂണിറ്റി ഗാര്‍ഡിങ് എന്നത് നമുക്കില്ല. എന്റെ ഭൂമിയിലേക്ക് വരുന്നത് വരെ മിണ്ടാതിരിക്കും, മറ്റവന്റെ ഭൂമിയില്‍ വന്നാല്‍ അതവന്റെ ഉത്തരവാദിത്വമാണ് എന്ന ചിന്താഗതിയാണ്.
.jpg?$p=79c0b37&&q=0.8)
സോളാര്‍ പവര്‍ ഫെന്‍സ് നല്ല രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്താന്‍ വളരെ മനോഹരമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഗുണനിലവാരമുള്ള മെറ്റീരിയല്‍സ് ഉപയോഗിക്കണം. അതേപോലെ നന്നായി ഇന്‍സ്റ്റാള്‍ ചെയ്യണം. കൃത്യമായ അറ്റകുറ്റപ്പണി നടത്തണം. അടിക്കാട് വെട്ടിക്കൊടുക്കണം. പുനലൂര്‍ അടുത്ത് ഒരു പട്ടികജാതി കോളനിയുണ്ട്. 10 വര്‍ഷമായി അവിടെ സോളാര്‍ പവര്‍ ഫെന്‍സ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവിടുത്തെ ആളുകള്‍ പറഞ്ഞു. അതിന്റെ കാരണം അവിടെ ഐ.ടി.ഐ. പഠിച്ച ഒരു യുവാവുണ്ട്. എന്തെങ്കിലും തകരാര്‍ വന്നാല്‍ അയാള്‍ പരിഹരിക്കും. വലിയ പ്രശ്നം ഉണ്ടായാല്‍ വനംവകുപ്പില്‍ അറിയിക്കും. അവര്‍ അതിന്റെ ആളുകളെ വിളിച്ച് അത് പരിഹരിക്കും. ഇത്തരത്തില്‍ കൃത്യമായ അറ്റകുറ്റപ്പണി നടത്തുന്ന ഒരു സംവിധാനം നമ്മുടെ നാട്ടിലെങ്ങുമില്ല. ഇതിനെല്ലാമായി കോടികള്‍ മുടക്കിയെന്ന് സര്‍ക്കാര്‍ പറയും. പക്ഷേ, എത്ര സ്ഥലത്താണ് സോളാറിന്റെ കമ്പികള്‍ പൊട്ടിക്കിടക്കുന്നതെന്നോ? അതുപോലെ കിടങ്ങുകളുണ്ട്. പഞ്ചായത്തിന്റെ കിടങ്ങുകളുണ്ട്, കാര്‍ഷിക വകുപ്പിന്റേതുണ്ട്. പക്ഷേ, എല്ലാം ആകെ കുളമായി കിടക്കുകയാണ്.
ചെലവാക്കിയ കാശിന് ഇവ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള സംവിധാനം നമുക്കില്ല. ഇവയെല്ലാം അതാത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ മുന്നില്‍ കണ്ടുള്ളതാകണം. ഒപ്പം ചെലവും കുറവായിരിക്കണം. അതുപോലെ തന്നെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ളതുമാകണം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്, അപ്പോള്‍ ഉള്ള പണം കൊണ്ട് നന്നായി ചെയ്യാന്‍ കഴിയണം. ഇവിടെ ഗുണഭോക്താക്കള്‍ ഇതില്‍നിന്നെല്ലം മാറി നില്‍ക്കുകയാണ്. ചെയ്യാന്‍ വരുന്നവര്‍ എന്തെങ്കിലും ചെയ്തിട്ട് പോകുകയാണ്. അത് ശരിയല്ല. ഓരോ പ്രദേശത്തിനും അനുസരിച്ച് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനും കഴിയണം. അങ്ങനെയാണെങ്കില്‍ കുറേക്കൂടി മെച്ചം കിട്ടും. മറ്റൊന്ന് ലഭിക്കുന്ന ഫണ്ട് വികേന്ദ്രീകരിച്ച് പോകുന്നതാണ്. ചെറിയ തുക പലയിടത്തായി അലോട്ട് ചെയ്യുമ്പോള്‍ ഒരിടത്തും ഒന്നും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ല. പ്രശ്നങ്ങള്‍ അവിടെ കിടക്കും. അതിന് പകരം മുന്‍ഗണന തീരുമാനിക്കണം. ആ മുന്‍ഗണനാ ക്രമത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി തുക ചെലവഴിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണം. അങ്ങനെയാണെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
വലിയ പ്രശ്നക്കാരായ മൃഗങ്ങള്‍ ഇറങ്ങിയാല്‍ തീര്‍ച്ചയായും പിടിച്ച് കൂട്ടിലാക്കണം. സംരക്ഷണം എന്നത് ആത്യന്തികമായി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. ജനങ്ങളുടെ ക്ഷേമം എന്നത് അവരുടെ സന്തോഷമാണ്. അതിന് അവരുടെ പങ്കാളിത്തവും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ നടക്കുകയുള്ളൂ. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ഇത്ര രൂപ ചെലവാക്കി, ഇത്ര ഗാര്‍ഡിനെ വെച്ചു എന്നൊക്കെ സര്‍ക്കാര്‍ പറയുമ്പോഴും വൈകുന്നേരമായാല്‍ പുറത്തേക്ക് പോകാന്‍ പറ്റാതെ വീടിനുള്ളില്‍ കഴിഞ്ഞുകൂടേണ്ട ഒരുവിഭാഗം ആളുകളുണ്ട്. രാവിലെ സ്കൂളില്‍ തനിച്ച് പോകാന്‍ സാധിക്കാത്ത കുട്ടികളുണ്ട്. വൈകുന്നേരം വിനോദത്തിനായി ഒരു സിനിമയ്ക്ക് പോയാല്‍ തിരിച്ചുവരാന്‍ പറ്റാത്ത ആളുകളുണ്ട്. ഇത്തരം നിരവധി ത്യാഗങ്ങള്കൂടി സഹിക്കുന്നുണ്ട് ആളുകള്‍. ഒരാളും അവരുടെ ബുദ്ധിമുട്ടുകള്‍ അളന്നിട്ടില്ല. അങ്ങനെ ഒരു സംഭാവനകൂടി ഇതില്‍ കണക്കാക്കണം. അത് കണക്കാക്കുമ്പോള്‍ സംരക്ഷണം എന്നത് ജനങ്ങളുടെ ക്ഷേമത്തിനാകണം. അല്ലെങ്കില്‍ സംരക്ഷണം വിജയിക്കാന്‍ പോകുന്നില്ല.
മൃഗസ്നേഹികള്‍ മാത്രമല്ല, ഞാനും ഭാര്യയും മാത്രം മതി എന്ന ചിന്താഗതിയും ശരിയല്ല. ബാലന്‍സ് ചെയ്ത് പോകാന്‍ ഇതെല്ലം പരിഹരിക്കാനുള്ള ശ്രമമുണ്ടാകണം. ഒപ്പം ആദിവാസികളുടെ അനുഭവവും അവരുടെ പ്രതിരോധ മാര്‍ഗങ്ങളും ഇക്കാര്യത്തില്‍ തേടണം. അവരെ മാറ്റി നിര്‍ത്തി ഒരു പ്രതിരോധപ്രവര്‍ത്തനം ഫലപ്രദമായേക്കില്ല.
Content Highlights: Interview with Dr. PS Easa, human-wildlife conflict, wild animal attack in wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..