ആനകളുടെയല്ല, മനുഷ്യന്റെ സ്വഭാവത്തിലാണ് മാറ്റമുണ്ടായത് | ആനകളുടെ നാടിറക്കം


ഒ.കെ. മുരളീകൃഷ്ണന്‍

ആന പണ്ടുമുതലേ ചക്ക തിന്നു ജീവിക്കുന്നവയൊന്നുമല്ല. കാട്ടില്‍ ഫലവൃക്ഷം വെച്ചുപിടിപ്പിക്കാമെന്ന് പറയുന്നതും അസംബന്ധമാണ്. കാടിന് കാടിന്റെതായൊരു ഘടനയുണ്ട് അത് മാറുന്ന അവസ്ഥയാണ് ഇതുവഴിയുണ്ടാവുക

പ്രതീകാത്മക ചിത്രം

നുഷ്യനും ആനകളും തമ്മില്‍ സംഘര്‍ഷം കൂടിവരുന്ന പശ്ചത്തലത്തില്‍ വന്യജീവി ഗവേഷകനും IUCN, ഏഷ്യന്‍ എലെഫന്റ് സ്‌പെഷല്‍ ഗ്രൂപ്പ് അംഗവും ആരണ്യംക നാച്വര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. പി.എസ്. ഈസയുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്

ഉന്നിദ്രം തഴയ്ക്കുമീ താഴ്വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാന്‍ വേറിട്ടിടം
(സഹ്യന്റെ മകന്‍-വൈലോപ്പിള്ളി)

ആനകളുടെ നാടിറക്കം അവയുടെ എണ്ണം വര്‍ധിച്ചതുകൊണ്ടാണ് എന്നൊരു വാദമുണ്ടല്ലോ അത് ശരിയാണോ?

ആനകളുടെ എണ്ണമല്ല പ്രശ്നം, ജനങ്ങളുടെ മാനസികാവസ്ഥയാണ്. അവര്‍ കൂടുതല്‍ വിവരങ്ങള്‍ ശ്രദ്ധിക്കുന്നു. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നതിനാല്‍ ഇതിപ്പോള്‍ കൂടുതലാണല്ലോ എന്നവര്‍ക്ക് തോന്നുന്നതിന്റെ പ്രശ്നമുണ്ട്. പക്ഷെ യഥാര്‍ത്ഥത്തിലുള്ള കണക്കുനോക്കണം. അതിനൊക്കെ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഇപ്പോഴുണ്ടല്ലോ. ആനകള്‍ കൂടുന്നു എന്നതിലുപരി അവയ്ക്ക് സഞ്ചരിക്കാനുള്ള സ്ഥലം കുറഞ്ഞുവെന്നതാണ് പ്രധാനം. ഇപ്പോള്‍ പ്രശ്നങ്ങളുള്ള സ്ഥലങ്ങള്‍ നോക്കിയാലറിയാം എല്ലാം മനുഷ്യവാസം കൂടുതലുള്ള പ്രദേശമാണ്. അട്ടപ്പാടിയാണെങ്കിലും വയനാടാണെങ്കിലും ഇതാണ് സ്ഥിതി. മനുഷ്യരുടെ താമസസ്ഥലം, അതിനിടയ്ക്ക് കാട് എന്നിങ്ങനെയാണ്. മറ്റു സ്ഥലത്ത് കുറച്ചു പ്രശ്നങ്ങള്‍ ഇല്ലെന്നല്ല. കാടും നാടും ഇടകലര്‍ന്നുള്ള ആവാസവ്യവസ്ഥയില്‍ ആനയും മനുഷ്യനും ബന്ധപ്പെടാനുളള സാധ്യത വര്‍ധിക്കുകയാണ്. ആ വര്‍ധനവാണ് ഒരു പ്രധാന പ്രശ്നമായി വരുന്നത്. ആനകളുടെ എണ്ണം മാത്രമല്ല മനുഷ്യരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കൂടാതെ വികസനത്തിന്റെ ഭാഗമായി ഭൂമിയുടെ ഉപയോഗത്തില്‍ വന്നിട്ടുള്ള മാറ്റവും പ്രശ്നമാണ്.

മറ്റൊരു കാര്യം ഇവിടെ ആനകളുള്ള സ്ഥലങ്ങള്‍ കര്‍ണാടകവുമായോ തമിഴ്നാടുമായോ ബന്ധപ്പെട്ട പ്രദേശങ്ങളാണ്. അതിനൊരു അപവാദം ഇടുക്കിമാത്രമാണ്. നമ്മുടെ മാത്രം ആനയുള്ളത് ഇടുക്കി വനമേഖലയിലാണ്. ബാക്കിയൊക്കെ മറ്റ് സംസ്ഥാനത്തിനപ്പുറത്തേക്കും ഇങ്ങോട്ടും സഞ്ചരിക്കുന്ന ആനകളാണ്. തുടര്‍ച്ചയായി കിടക്കുന്ന വനപ്രദേശമാണ് കേരളത്തിന്റേത് എന്നതിനാല്‍ ആനകളുടെ എണ്ണം വര്‍ധിച്ചു എന്ന് പറയാന്‍ പറ്റില്ല. വനം വകുപ്പിന്റെ മിടുക്കുകൊണ്ട് ആനകള്‍ വര്‍ധിച്ചു എന്ന രീതിയില്‍ എടുക്കുന്നതിലും അര്‍ത്ഥമില്ല. പക്ഷെ അത്തരം ഒരു വിശകലനം നടത്തേണ്ടത് ആവശ്യമാണ്. ഇവിടെയുള്ള ആനകളുടെ കണക്ക് എടുക്കുന്നുണ്ടാവാം പക്ഷെ അയല്‍സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളെയും പരിഗണിച്ചുള്ള കണക്ക് വന്നിട്ടില്ല. താരതമ്യത്തിനുള്ള പഴയ ഡാറ്റയും ലഭ്യമല്ല

ആവാസവ്യവസ്ഥയുടെ നാശവും ആനകളുടെ കാടിറക്കവും തമ്മില്‍ ബന്ധമുണ്ടോ?

ഇക്കാര്യം ഉപരിപ്ലവമായി പറയുന്നത് ശരിയല്ല. അവയുടെ ആവാസവ്യവസ്ഥയില്‍ പോയി പഠിച്ചുവേണം ഇക്കാര്യം ഉറപ്പിക്കാന്‍. അവ എന്തുകൊണ്ട് പുറത്തേക്കുവരുന്നു, അതിനകത്ത് എന്തു സംഭവിക്കുന്നു എന്നീകാര്യങ്ങള്‍ അറിയണം. അവയുടെ സ്വഭാവത്തില്‍ വന്ന മാറ്റം കൊണ്ടാണോ എന്നും അന്വേഷിക്കണം. അതില്ലാതെ നമ്മള്‍ നേരത്തേ തീരുമാനിക്കും കാട്ടില്‍ ഭക്ഷണമില്ലാത്തതിനാലാണ്, വെള്ളമില്ലാത്തതുകൊണ്ടാണ് എന്നൊക്കെ. പക്ഷെ കണക്കെടുത്താല്‍ കാട്ടില്‍ വെള്ളമുള്ള അവസരത്തിലും ആനകള്‍ നാട്ടിലിറങ്ങുന്നുണ്ട്. ഭക്ഷണമില്ലെന്നതും വാസ്തവമല്ല. ആനകള്‍ക്കുവേണ്ടവ അവിടെയൊക്കെയുണ്ട്. കാട്ടില്‍ പ്ലാവില്ലാത്തതുകൊണ്ടാണ് എന്നു പറയുന്നവരും ഉണ്ട്. ആന പണ്ടുമുതലേ ചക്ക തിന്നു ജീവിക്കുന്നവയൊന്നുമല്ല. കാട്ടില്‍ ഫലവൃക്ഷം വെച്ചുപിടിപ്പിക്കാമെന്ന് പറയുന്നതും അസംബന്ധമാണ്. കാടിന് കാടിന്റെതായൊരു ഘടനയുണ്ട് അത് മാറുന്ന അവസ്ഥയാണ് ഇതുവഴിയുണ്ടാവുക. അങ്ങനെ ഇടപെടുമ്പോള്‍ വിപരീതഫലമുണ്ടാകും. ചക്ക സീസണിലല്ലാതെയും ആന കാടിറങ്ങുന്നുണ്ട്.

Also Read

അപാര ബുദ്ധിയും ഓർമ്മയും, വന്നവഴിമറക്കാറില്ല; ...

ആനപ്പക?: വയോധികയെ ചവിട്ടി കൊന്നു, പിന്നീട് ...

ഡോ. പി.എസ്. ഈസ

കാടിന്റെ വിസ്തീര്‍ണം കൂടിയതുകൊണ്ടാണ് വന്യജീവികളുടെ പെരുക്കം എന്ന് പറയുന്നുണ്ട്?

വനവിസ്തീര്‍ണം കൂടി എന്ന് പറയുന്നു. എവിടെയാണ് കൂടിയത്. സോഷ്യല്‍ ഫോറസ്ട്രി കൂട്ടിയാണോ ഈ വിസ്തീര്‍ണം എന്നും നോക്കണം. ശരിക്ക് വിസ്തീര്‍ണം കുറഞ്ഞിട്ടുണ്ട്. രണ്ടാമതായി വനപ്രദേശം വിഘടിച്ചിട്ടുണ്ട്. വയനാട് ഉദാഹരണം. വയനാടിലെ കാടുകളുടെ വിസ്തീര്‍ണം ഇത്രയാണ് എന്ന് പറയുമ്പോള്‍ അതില്‍ എത്രമാത്രം ആനയ്ക്ക് സഞ്ചരിക്കാനായിട്ടുണ്ട് എന്ന് നോക്കണം. അതിനിടയ്ക്ക് കുടിയേറ്റ പ്രദേശങ്ങളില്ലേ.100 ഓളം ജനവാസകേന്ദ്രങ്ങളുണ്ട്. മനുഷ്യന്റെ ഇടപെടലില്ലാത്ത എത്ര സ്ഥലമുണ്ടെന്നതാണ് നോക്കേണ്ടത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ചില തെറ്റായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേരളത്തില്‍ 600 ആനയ്ക്കുള്ള വനപ്രദേശമേയുള്ളൂ, എന്നാല്‍ 6000 ആനയുണ്ട് എന്നതാണ് അതിലൊന്ന്. മറ്റൊന്ന് 24 ചതുരശ്ര കി മീ സ്ഥലമേ ഒരാനയ്ക്കു വേണ്ടുവെന്നതാണ്. ഇത് ആര് കൊടുത്ത കണക്കാണ് ? ഇങ്ങനെ പറയുന്നതില്‍ താത്പര്യങ്ങളുണ്ട്. ആന കൂട്ടമായി സഞ്ചരിക്കുന്ന ജീവിയാണ്. കൂട്ടത്തിന് സഞ്ചരിക്കാന്‍ , ജീവിക്കാന്‍ എത്ര സ്ഥലം വേണമെന്നത് അതിലെ അംഗങ്ങളുടെ എണ്ണം , ഓരോ ആവാസ വ്യവസ്ഥ എന്നതനുസരിച്ച് മാറിക്കൊണ്ടിരിക്കും. പറമ്പിക്കുളത്ത് ഞാന്‍ നടത്തിയ പഠനത്തില്‍ ആനകളുടെ സഞ്ചാരമേഖല വേനല്‍്ക്കാലത്ത് 128 ച.കി.മീ ആണെങ്കില്‍, മഴ വരുമ്പോള്‍ ഭക്ഷണം എല്ലായിടത്തും കിട്ടുമ്പോള്‍ 156 ച. കി.മീ ആകും. ഇത് കൂട്ടങ്ങളുടെ കണക്കാണ്. പ്രദേശങ്ങള്‍ കടന്നും ഇവ സഞ്ചരിക്കാം.

കാട്ടില്‍ വനം വകുപ്പിന്റെ തന്നെ പ്ലാന്റേഷന്‍ പ്രശ്നമാകുന്നുണ്ടോ?

അത്തരം പ്രദേശങ്ങള്‍ കേരളത്തിലുണ്ടെന്നത് ശരിയാണ്. അത് ആനകളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു എന്ന് പറയാന്‍ പറ്റില്ല. വാഴച്ചാല്‍ ഭാഗത്ത് വ്യവസായ ആവശ്യത്തിനുള്ള മരംനടാനുള്ള ഡിവിഷന്‍ തന്നെയുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് കൊടുക്കാന്‍ യുക്കാലിപ്റ്റസ് വെച്ചു പിടിപ്പിച്ചത് മറ്റൊരു ഉദാഹരണം. വയനാട് കുറിച്യാട് തേക്കുണ്ടെങ്കിലും അടിക്കാടുള്ളതിനാല്‍ ആനയ്ക്ക് ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടായിട്ടില്ല. പറമ്പിക്കുളത്തും തേക്കുണ്ട് 90 ച. കി. മീറ്ററോളം വരുമത്. അവിടെയും പ്രശ്നമില്ല. പെരിയാറിലും യൂക്കാലിപ്റ്റസ് തോട്ടമുണ്ട്. പക്ഷെ തീവ്രമായ പ്രശ്നങ്ങളില്ല. കാരണം അവിടെ ആളുകളില്ല. തോട്ടങ്ങള്‍കൊണ്ട് മാത്രമല്ല കാലിമേയലും കാട്ടുതീയും കാടിന് ശോഷണമുണ്ടാക്കുന്നുണ്ട്. അതിന് ഇക്കോ റെസ്റ്റോറേഷന്‍ പ്രോഗ്രാം വനം വകുപ്പിനുുണ്ട്.

ആന മനുഷ്യനെ ആക്രമിക്കുന്ന സാഹചര്യം പിന്നെ എങ്ങനെയാണ് ഉണ്ടാകുന്നത്?

ആനകളുടെ ആക്രമണം ഉണ്ടാകുന്നതിന്റെ സാഹചര്യം വിശകലനം ചെയ്യണം. ഇക്കാര്യം വനം വകുപ്പിനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എങ്ങനെയാണ് സംഭവം ഉണ്ടായത്. കാടിന്റെ അകത്തുവെച്ചാണോ, പുറത്തുവെച്ചാണോ ആളുകള്‍ കാടുകയറിയപ്പോഴാണ്, ആന ഇങ്ങോട്ടിറങ്ങിയതാണോ എന്നിവയെല്ലാം പരിശോധിക്കണം. കൃഷിയിടത്തില്‍ ആന വന്നപ്പോള്‍ ഓടിക്കാന്‍ പോയതാണോ? സമയവും പ്രധാനമാണ്. രാത്രി, പകല്‍ എന്നിങ്ങനെ. ടോയ്ലറ്റില്ലാത്തവര്‍ തൊട്ടടുത്ത കാടില്‍ കയറിയപ്പോള്‍ അക്രമണത്തിനിരയായതാണോ?. ഇതൊക്കെ പരിശോധിച്ചാലേ പരിഹാരം കാണാന്‍ പറ്റൂ

മറ്റു സംസ്ഥാനങ്ങളില്‍ മനുഷ്യനുനേരെയുള്ള ആനകളുടെ ആക്രമണം ഉണ്ടാകുന്നുണ്ടോ?

ധാരാളമായിട്ടുണ്ട്.ഛത്തീസ്ഗഢിലൊക്കെ സ്ഥിതി ഭീകരമാണ്. പണ്ട് ആനയുണ്ടായിരുന്ന സ്ഥലമായിരുന്നു ഛത്തീസ്ഗഢ്. പിന്നെ അവയ്ക്ക് വംശനാശമുണ്ടായി. 100 വര്‍ഷത്തിനുശേഷമാണ് അവിടെ വീണ്ടും വന്നത്. ഒഡിഷയില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നും കയറിവന്നവയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ആന എങ്ങനെ പെരുമാറുമെന്ന് അറിയില്ലായിരുന്നു. ആനകളുള്ള ഭൂപ്രദേശത്ത് എങ്ങനെ ജീവിക്കണമെന്നും ധാരണയില്ലായിരുന്നു. അതുകൊണ്ടുതന്നെ മരണം നടക്കുന്നുണ്ട്. അതുപോലെ ഛത്തീസ്ഗണ്ഡിലും പശ്ചിമബംഗാളിലും അസമിലും ആനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ മരിക്കുന്നുണ്ട്.

ഇവിടെ കൂടുതല്‍ മരണം നടക്കുന്നത് അട്ടപ്പാടയിലും വയനാടുമാണ്. ഇടപഴകാനുള്ള സാഹചര്യം കൂടി എന്നതിനൊപ്പം മനുഷ്യരുടെ സ്വഭാവത്തില്‍ വന്ന മാറ്റവും പ്രധാനമാണ്.

കാട്ടില്‍ ആദിവാസികളായിരുന്നു ഉണ്ടായിരുന്നത്. അവര്‍ക്ക് ആനയുമായി ഒരു ബന്ധമുണ്ട്. പിന്നീട് കാടിനടുത്ത് കുടിയേറിയവര്‍ക്ക് അതില്ല. മുന്‍പ് ആദിവാസികള്‍ ആനയ്ക്ക് കൊടുക്കാന്‍ അവരുടെ കൃഷിയുടെ ഒരു പങ്ക് മാറ്റിവെക്കുമായിരുന്നു. ഇപ്പോള്‍ അവരും മാറി.

ഇതോടൊപ്പം മറ്റ് രീതിയിലുള്ള ഇടപെടലും ഉണ്ടായിട്ടുണ്ട്‌. ചിലസംഘടനകള്‍ ആനയ്ക്കെതിരായി രംഗത്തുവരുന്നതും കാണാതിരുന്നുകൂടാ. ഇവിടെ നിയമങ്ങള്‍ ഉണ്ടാക്കിയത് മനുഷ്യരുടെ രക്ഷയ്ക്കും വന്യജീവികളുടെ രക്ഷയ്ക്കും കൂടിയാണ്. വനം-വന്യജീവി നിയമങ്ങള്‍ ആത്യന്തികമായി മനുഷ്യരുടെ നിലനില്‍പ്പിനുവേണ്ടിയാണ് എന്ന് മനസ്സിലാക്കണം. ഉദാഹരണത്തിന് വയനാട് ആന വേണ്ട എന്ന് തോന്നിപ്പോകും ചിലവാദങ്ങള്‍ കേട്ടാല്‍. എന്നാല്‍ ടൂറിസവും വേണ്ടല്ലോ. ആനയെ, വന്യജീവികളെ കാണാന്‍കൂടിയാണ് വയനാട്ടില്‍ പലസ്ഥലത്തും ആളുകള്‍ വരുന്നത്. ആളുകളുടെ ഉപജീവനം കൂടിയാണത്. ഇക്കോസിസ്റ്റം സര്‍വീസസ് പ്രധാനമാണ്. മണ്ണ് സംരക്ഷണവും ജലസംരക്ഷണവും എല്ലാം നടക്കുന്ന ഇത്തരം ആവാസവ്യവസ്ഥ
ഉള്ളതിനാലാണ്.

ആനയെ തടയാന്‍ ഏതുതരം വേലിയാണ് നല്ലത്?

ആദ്യകാലത്ത് ട്രഞ്ചാണ് ഉണ്ടാക്കിയത്. ഇതിന് ചെലവേറും. അതിന് ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ട്. ആനകള്‍ പിന്നെ അത് ഇടിച്ചിറങ്ങി പോകാന്‍ തുടങ്ങി. സോളാര്‍ പവര്‍ ഫെന്‍സ് ഫലപ്രദമാണ്. വേലി ഉണ്ടാക്കുമ്പോള്‍ ചെലവ് കുറഞ്ഞതായിരിക്കുക, പ്രദേശത്തിന് അനുയോജ്യമായിരിക്കുക, പരിസരവാസികള്‍ക്ക് സ്വീകാര്യമായിരിക്കുക ഇവയൊക്കെ പ്രധാനമാണ്. മതിലുകള്‍ വേണമെന്ന് പറയുന്നതില്‍ സാമ്പത്തിക താത്പര്യങ്ങളുണ്ടാകും. നിര്‍മാണലോബിയാണ് ഇതിനുപിന്നില്‍. തൂങ്ങനില്‍ക്കുന്ന വേലികളാണ് കൂടുതല്‍ നല്ലത്. മുകളില്‍നിന്ന് വരുന്നതുകൊണ്ട് ആനയ്ക്ക് പിടിക്കാന്‍ പറ്റില്ല.

ആനകളെ തടയാന്‍ കൃഷി രീതീയില്‍ മാറ്റം വരുത്തണമെന്ന് പറയുന്നത് ശരിയല്ല. നെല്ല് വേണ്ടാ, വാഴ വേണ്ടാ എന്നൊക്കെ പറയാമെന്നേയുള്ളൂ. ഭക്ഷ്യസുരക്ഷയുടെ പ്രശ്നം കൂടിയാണത്. ജനങ്ങളെ ബുദ്ധിമുട്ടിക്കലാണത്. കര്‍ഷകര്‍ക്കും പരിഗണനനല്‍കണം. അങ്ങനെയൊരു സമീപനം വേണം.

കാടിറക്കം കൂടുമ്പോള്‍ ആനയുടെ ആവശ്യമുണ്ടോ എന്നുവരെ ചോദിക്കുന്നവരുണ്ട്? കാട്ടില്‍ ആനയുടെ പ്രാധാന്യം എന്താണ് ?

ആന കാടിന്റെ എന്‍ജിനിയറാണ്. മറ്റ് സസ്യഭുക്കുകള്‍ക്ക് ഭക്ഷണം കിട്ടാന്‍ അത് സഹായിക്കുന്നുണ്ട്. മുകളിലുള്ള മരങ്ങളില്‍നിന്ന് ഭക്ഷണം താഴേക്ക് കൊണ്ടുവരുന്നത് കാട്ടുപോത്തിനും മാനിനും സഹായകമാണ്. കാടിന്റെ ആവാസവ്യവസ്ഥയെ അത് പോഷിപ്പിക്കുന്നുണ്ട്. പുല്ലുകള്‍ വലിച്ചുതിന്നുകയും മണ്ണ് ഉുഴുതുമറിച്ച അവസ്ഥയിലാക്കുകയും ചെയ്യുമ്പോള്‍ അവിടെ പുതിയ സസ്യങ്ങള്‍ മുളയ്ക്കും. ആഫ്രിക്കയില്‍നിന്ന് രസകരമായ ഒരു കണ്ടെത്തലുണ്ടായത് ആന ചവിട്ടിയ ഇടങ്ങളില്‍ മഴവെള്ളംകെട്ടി തവളയുടെ പ്രജനനകേന്ദ്രങ്ങളാകുന്നുണ്ട് എന്നാണ്. വിത്തുവിതരണവും മറ്റൊരു സേവനമാണ്. ഒരു സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ചാല്‍ മറ്റൊരിടത്ത് പോയി പിണ്ഡമിടും. ഒട്ടേറേ സസ്യങ്ങള്‍ ഇങ്ങനെ ആനയുടെ ഇടപെടല്‍കൊണ്ട് കിളിര്‍ക്കുന്നുണ്ട്.
കൂടാതെ ആനകളെ സംരക്ഷിക്കുകയെന്നാല്‍ ചെറിയ ജീവികളെമുതല്‍ വലിയ ജീവികളെവരെ സംരക്ഷിക്കുന്ന പരിപാടിയാണ്.എപ്പോഴും സഞ്ചരിക്കുന്ന ജീവിയെന്ന നിലയില്‍ അവയ്ക്ക് വിസ്തൃമായ സ്ഥലം വേണം. എലിഫെന്റ് റിസര്‍വുകളുടെ പ്രസക്തി ഇവിടെയാണ്. കുറച്ച് സ്ഥലം ആവശ്യമായതുമുതല്‍ വലിയ സ്ഥലം ആവശ്യമായതുവരെയുള്ള ജീവികളെ നമ്മള്‍ അതുവഴി സംരക്ഷിക്കുകയാണ്.

എന്തുകൊണ്ട് ആന ചോദ്യത്തിന് ഡീപ് ഇക്കോളജിയാണ് മറുപടി. എല്ലാ ജീവികള്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നാണ് അത് പറയുന്നത്. നിങ്ങള്‍ക്ക് ഒരു ജീവിയെയോ സസ്യത്തെയോ നാശത്തിലേക്ക് തള്ളിവിടാന്‍ പറ്റില്ല.അതിനപ്പുറം സൗന്ദര്യമൂല്യവും പ്രധാനമാണ്. കാട് മുഴുവന്‍ നാടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചരണത്തിനുമുന്നില്‍. പിന്നെ വനവൈവിധ്യമില്ലെങ്കില്‍ കൃഷി വൈവിധ്യവും സാധ്യമല്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കാം എന്ന മിഥ്യാധാരണയും കുറേപേര്‍ക്കുണ്ട്. നാട്ടാനകള്‍ എത്രപേരെ കൊന്നിട്ടുണ്ട്. എന്നിട്ട് നാട്ടിലെ ഉത്സവത്തിന് ആന വേണ്ട എന്ന ആരെങ്കിലും പറയുന്നുണ്ടോ.

Content Highlights: Interview with Dr. PS Easa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented