അറബിക്കടലിലെ സമുദ്രജലോഷ്മാവ് ഉയര്‍ന്നത് 1.2 മുതല്‍ 1.4 ഡിഗ്രി വരെ; കാലാവസ്ഥാ വ്യതിയാനവും പ്രതിരോധവും


ഡോ.വിനോദ് തോമസ്‌

കാലാവസ്ഥാവ്യതിയാന പ്രതിരോധത്തിൽ വനസംരക്ഷണവും വനമേഖല വ്യാപിപ്പിക്കലും വലിയ പങ്കുവഹിക്കുന്നു. ഇത് സംസ്ഥാനത്തെ അമൂല്യമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുമെന്നുമാത്രമല്ല കാലാവസ്ഥാവ്യതിയാനത്തിൽനിന്ന് സ്വാഭാവികമായ പ്രതിരോധവുമൊരുക്കുന്നു

തിരുവനന്തപുരത്തെ ഗ്രോവ് ബീച്ചിൽ നിന്നുള്ള അറബിക്കടലിന്റെ ദൃശ്യം | Photo-PTI

2017-ലെ ഓഖി ചുഴലിക്കാറ്റിനും അതിനുമുമ്പത്തെ രണ്ടുവര്‍ഷങ്ങളിലുണ്ടായ വരള്‍ച്ചയും 2018-ലെ പ്രളയവും മനുഷ്യനിര്‍മിത കാലാവസ്ഥാവ്യതിയാനം കാരണമുണ്ടാകുന്ന നാശത്തെക്കുറിച്ചുള്ള സൂചനകളാണ്. എന്നാല്‍, കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ നമ്മുടെ സംസ്ഥാനം വൈകിപ്പോയി.

അറബിക്കടലിലെ സമുദ്രജലോഷ്മാവ് കഴിഞ്ഞ രണ്ടുദശാബ്ദത്തില്‍ 1.2 ഡിഗ്രിമുതല്‍ 1.4 ഡിഗ്രിവരെയാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് പശ്ചിമതീരത്ത് ചുഴലിക്കാറ്റുകളുടെയും മേഘസ്‌ഫോടനങ്ങളുടെയും പേമാരിയുടെയും എണ്ണവും കൂടി. അതായത് ദുരന്തങ്ങള്‍ തടുക്കാനാകാത്തവിധം തുടങ്ങിക്കഴിഞ്ഞെന്നര്‍ഥം. 2014-ലെ കേരളസംസ്ഥാന കാലാവസ്ഥാവ്യതിയാനം കര്‍മപദ്ധതി പ്രകാരം രണ്ടുരീതിയിലുള്ള സമീപനമാണ് കേരളം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. ഒന്ന്, കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നിര്‍മിതികളിലും സംവിധാനങ്ങളിലും നിക്ഷേപം നടത്തി അനിവാര്യമായ കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടാന്‍ സജ്ജമാകണം. അതേസമയം, കാലാവസ്ഥാവ്യതിയാനത്തെ കൂടുതല്‍ തീവ്രമാക്കുന്ന പരിസ്ഥിതിനശീകരണം അവസാനിപ്പിക്കണം.

പ്രതിരോധിക്കാം പ്രളയവും ചുഴലിക്കാറ്റും

പടിഞ്ഞാറന്‍ കേരളത്തിലെ താഴ്ന്നപ്രദേശങ്ങള്‍ എല്ലായ്പ്പോഴും വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും സാധ്യതയുള്ളതാണ്. വലിയതോതില്‍ കടല്‍കയറുന്നതും തീരമേഖലകളിലെ മണ്ണൊലിപ്പും അവര്‍ക്കുമുന്നിലുള്ള അപകടസാധ്യത വര്‍ധിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനം കാലാവസ്ഥാരീതികളെ അപ്രവചനീയമായ ഒന്നാക്കി മാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, 2018-ലെ പ്രളയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ബാധിച്ചിരുന്നു. കാലാവസ്ഥാവ്യതിയാന പ്രത്യാഘാതത്തെ പ്രതിരോധിക്കാനാകുന്ന ശക്തമായ കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ സംസ്ഥാനത്തുടനീളം നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ഡ്രെയിനേജ് സംവിധാനങ്ങളുള്ള സ്ഥലങ്ങളിലെ നിര്‍മാണങ്ങള്‍ ഒഴിവാക്കാനും അതുവഴി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്താനും കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ പൊളിച്ചെഴുതണം. അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും മുന്‍കരുതലെടുക്കുന്നതിനുമായി ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ വെള്ളപ്പൊക്കസാധ്യതാമേഖലകള്‍ മാപ്പുചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഒപ്പം, 1994-ല്‍ രൂപവത്കരിച്ച ചട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ബില്‍ഡിങ് കോഡുകള്‍ നിലവിലെ കാലാവസ്ഥാമാറ്റം പ്രതിരോധിക്കുന്ന തരത്തിലേക്ക് പരിഷ്‌കരിക്കേണ്ടതും ആവശ്യമാണ്. കൂടാതെ, എല്ലാ വാണിജ്യ നിര്‍മിതികള്‍ക്കും പാരിസ്ഥിതികാഘാതപഠനം നിര്‍ബന്ധമാക്കണം.

വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുതുതായി തുടങ്ങുന്ന ഭൂമിയുടെ ഒരു ഭാഗം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനായി നീക്കിവെക്കണമെന്ന രീതി ബ്രസീലില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. ഇത്തരം ഹരിതനിക്ഷേപങ്ങള്‍ക്ക് നികുതിയിളവുകള്‍ നല്‍കാം.

അതിതീവ്ര വെള്ളപ്പൊക്കത്തെയും ശക്തമായ കാറ്റിനെയും പ്രതിരോധിക്കുന്ന തരത്തിലാകണം ഇനിയുള്ള നിര്‍മാണങ്ങള്‍. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന, പ്രളയജലം അടിയിലൂടെ ഒഴുകിപ്പോകുന്ന രീതിയില്‍ പില്ലറുകള്‍ക്കു മേല്‍ നിര്‍മിച്ച വീടുകള്‍ കേരളത്തില്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ചുഴലിക്കാറ്റുകള്‍ മേല്‍ക്കൂരയെയും അടിത്തറയെയും തകര്‍ക്കാതിരിക്കാന്‍, കാറ്റിന്റെ ശക്തി കുറയ്ക്കുന്നതിന് ഒപ്റ്റിമല്‍ എയ്റോഡൈനാമിക് ഓറിയന്റേഷന്‍ കണക്കിലെടുത്ത്, വൃത്താകൃതിയിലുള്ള വീടുനിര്‍മാണം പരീക്ഷിക്കാവുന്നതാണ്. ഒന്നിലേറെ ചെരിവുകളുള്ള മേല്‍ക്കൂരകള്‍ക്ക് കാറ്റിനെ കൂടുതല്‍ പ്രതിരോധിക്കാനാകും.

എങ്ങനെയാണ് അണക്കെട്ടുകള്‍ക്ക് ദുരന്തങ്ങളുടെ തീവ്രത വര്‍ധിപ്പിക്കാനാകുകയെന്ന് 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ നമുക്ക് വെളിപ്പെട്ടതാണ്. സംസ്ഥാനത്തെ അറുപതോളം അണക്കെട്ടുകള്‍ക്ക് വെള്ളപ്പൊക്കത്തെ മിതമായ രീതിയില്‍ നിയന്ത്രിക്കാനാകും. എന്നാല്‍, കാലാവസ്ഥാവ്യതിയാനത്താല്‍ പെട്ടെന്ന് അതിശക്തമായ മഴയുണ്ടായാല്‍ അതിന്റെ ഒഴുക്ക് നിയന്ത്രിക്കണമെന്നതിനെ മുന്‍നിര്‍ത്തിവേണം വര്‍ഷം മുഴുവനുമുള്ള ഈ അണക്കെട്ടുകളുടെ പ്രവര്‍ത്തനം ആസൂത്രണംചെയ്യാന്‍. അതിനൊപ്പം വേലിയേറ്റ സമയത്ത് കാര്‍ഷിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് നദീതീരങ്ങള്‍ ഉപയോഗിക്കപ്പെടുന്നുവെന്നും ഡാം മാനേജ്മെന്റാണ് ഇതിന് വഴിയൊരുക്കേണ്ടതെന്നും തിരിച്ചറിയണം.

വനസംരക്ഷണവും വനമേഖല വ്യാപിപ്പിക്കലും

പശ്ചിമഘട്ടത്തിലെ ലോലമായ പരിസ്ഥിതിക്ക് കുറഞ്ഞ സമയംകൊണ്ട് പെയ്യുന്ന അതിതീവ്രമഴ താങ്ങാനുള്ള ശേഷിയില്ല. പാറപൊട്ടിക്കലും വലിയ നിര്‍മാണപ്രവര്‍ത്തനങ്ങളുമെല്ലാം 2011-ലെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശരിവെക്കുന്നപ്രകാരം മേഖലയുടെ പരിസ്ഥിതിനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട് (കേരളത്തില്‍ ഏകദേശം ആറായിരത്തോളം ക്വാറികളുണ്ടെന്നാണ് കണക്ക്). കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്ക് തീവ്രതകൂട്ടുന്ന പാറപൊട്ടിക്കലും വനനശീകരണവും ഖനനങ്ങളും നിയന്ത്രിച്ച് എത്രയും പെട്ടെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്.

കാലാവസ്ഥാവ്യതിയാന പ്രതിരോധത്തില്‍ വനസംരക്ഷണവും വനമേഖല വ്യാപിപ്പിക്കലും വലിയ പങ്കുവഹിക്കുന്നു. ഇത് സംസ്ഥാനത്തെ അമൂല്യമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുമെന്നുമാത്രമല്ല കാലാവസ്ഥാവ്യതിയാനത്തില്‍നിന്ന് സ്വാഭാവികമായ പ്രതിരോധവുമൊരുക്കുന്നു. സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നത് ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും വഴിയൊരുക്കും. വനസംരക്ഷണവും പുനരുജ്ജീവനവും മനസ്സില്‍വെച്ചുവേണം ഭൂമിയേറ്റെടുക്കലെന്ന് ഉറപ്പിക്കാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും അവ നടപ്പാക്കുകയും വേണം. 2021-ല്‍ ഗ്ലാസ്ഗോയില്‍നടന്ന യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയില്‍ വനസംരക്ഷണം സംബന്ധിച്ച് 141 രാജ്യങ്ങള്‍ ഒപ്പുവെച്ച ഗ്ലാസ്ഗോ പ്രഖ്യാപനത്തിന്റെ ഭാഗമാകുന്നതിലൂടെ കേരളത്തിന് ഒട്ടേറെ നേട്ടങ്ങളുണ്ട്.

കാലാവസ്ഥാമാറ്റവുമായി പൊരുത്തപ്പെട്ടുപോകുന്നത് കാലാവസ്ഥയെ പ്രതിരോധിക്കാനുതകുന്ന കൃഷിക്കും പിന്തുണയാകും. വൈവിധ്യവത്കരണമാണ് ഇക്കാലം ആവശ്യപ്പെടുന്നത്. ഉദാഹരണത്തിന്, ഒരേ കൃഷിയിടത്തില്‍ ഒന്നിലധികം വിളകള്‍ അല്ലെങ്കില്‍ നെല്‍കൃഷിക്കൊപ്പം മത്സ്യക്കൃഷിയും. പ്രാദേശികമായുണ്ടാകുന്ന വെള്ളപ്പൊക്കവും വരള്‍ച്ചയും നേരിടാന്‍ പ്രാദേശിക ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സും കര്‍ഷകര്‍ക്ക് സഹായകമാകും. കാലാവസ്ഥാവ്യതിയാനത്തെ അടിസ്ഥാനമാക്കി ക്ലെയിമുകള്‍ നല്‍കാനാകുന്ന, കെനിയയില്‍ നടപ്പാക്കുന്ന പദ്ധതി ഉദാഹരണമാണ്.

ദുരന്തനിവാരണത്തിനായി നിക്ഷേപം

പൊതുനിക്ഷേപത്തിനുള്ള വിഭവങ്ങള്‍ക്കായി സംസ്ഥാനം ബുദ്ധിമുട്ടുന്ന സാഹചര്യമാണെങ്കിലും കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കും.

എല്ലാവരും പ്രത്യേകിച്ച് വന്‍തോതില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വന്‍ശക്തികള്‍ കാരണമുണ്ടാകുന്ന ആഗോള പ്രതിഭാസമെന്ന നിലയില്‍ കാലാവസ്ഥാമാറ്റം നിയന്ത്രിക്കുന്നതിന് ബാഹ്യസഹായധനമുള്‍പ്പെടെയുള്ള ആഗോള ഫണ്ട് ലഭിക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാന ആഘാതങ്ങള്‍ക്കുമെതിരായ കേരളത്തിന്റെ മുന്നൊരുക്കത്തെ പിന്തുണയ്ക്കുന്നതിനായി 12.5 കോടി ഡോളറിന്റെ പദ്ധതിക്ക് ലോക ബാങ്ക് അംഗീകാരംനല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടുന്നതിനും അതിനു അനുസരിച്ചുള്ള കൃഷിരീതികള്‍ രൂപപ്പെടുത്തുന്നതിനും നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേള്‍ഡ് ഫുഡ് പ്രോഗ്രാമും സഹായധനം നല്‍കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക-സാങ്കേതിക വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി പ്രകൃതിദുരന്തങ്ങളെക്കുറിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുന്ന കാലാവസ്ഥാസംവിധാനങ്ങള്‍മുതല്‍ കേന്ദ്രാവിഷ്‌കൃത കാലാവസ്ഥാപദ്ധതികള്‍വരെ നേടിയെടുക്കാനുള്ള അവസരം നമുക്കു മുന്നിലുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പുഫണ്ട് കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെട്ടുള്ള കൃഷി, മാലിന്യസംസ്‌കരണം, ഉപജീവനം എന്നിവയിലേക്ക് ഉപയോഗിക്കാം.

അവസാനമായി, കേരളത്തില്‍ കാലാവസ്ഥാവ്യതിയാനത്തോട് പോരാടുന്നതിനുള്ള നയങ്ങളും നിക്ഷേപങ്ങളും തീരുമാനിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഈ വിഷയത്തെക്കുറിച്ചുള്ള ധാരണയെ ആശ്രയിച്ചിരിക്കും. കാലാവസ്ഥാമാറ്റത്തിന് മുന്‍തൂക്കം നല്‍കിയുള്ള നടപടികള്‍ക്ക് പൊതുസമ്മര്‍ദമുയരണമെങ്കില്‍ കാലാവസ്ഥാദുരന്തങ്ങള്‍ മനുഷ്യനിര്‍മിതമാണെന്നും ദൈവത്തിന് ഇതില്‍ പങ്കില്ലെന്നും മനസ്സിലാക്കാന്‍ നമുക്കാകണമെന്നുമാത്രം.

(ഏഷ്യന്‍ വികസന ബാങ്കിന്റെ മുന്‍ ഡയറക്ടര്‍ ജനറലും നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂര്‍ വിസിറ്റിങ് പ്രൊഫസറുമാണ് ലേഖകന്‍)

Content Highlights: importance of climate change and it's effects in Kerala during recent times

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented