ഫോട്ടോ:മാതൃഭൂമി
കടുവ, പുലി എന്നിവ കന്നുകാലികളെ ആക്രമിക്കുന്നത്, അലഞ്ഞുനടക്കുന്ന സസ്യഭോജികളായ ജീവികളുടെ എണ്ണം കൂടുന്നത്, കാലിമേയ്ക്കല്‍ കാരണം കാടിന് സംഭവിക്കുന്ന നഷ്ടം തുടങ്ങിയവയൊക്കെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങളാണ്. ആവാസവ്യവസ്ഥകളും ജൈവവൈവിധ്യവും വളരെയധികം നാശോന്മുഖമായ ഈ കാലഘട്ടത്തില്‍ കാലാവസ്ഥാവ്യതിയാനവും സുസ്ഥിരമല്ലാത്ത വികസനനയങ്ങളും മനുഷ്യജീവസന്ധാരണത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതുതന്നെയാണ്. സംഘര്‍ഷ കാരണങ്ങള്‍ തൃപ്തികരമായ രീതിയില്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ കാതലായ രണ്ടാമത്തെ തലം എന്ന് ഡോ. സിമ്മര്‍മാന്റെ അപഗ്രഥനത്തെ (2020) ആസ്പദമാക്കി IUCN പറയുന്നു. ചരിത്രപരമായി വനത്തെ ആശ്രയിച്ചുകഴിയുന്നവര്‍ക്ക് ഭൂമിയുടെ മേല്‍ അവകാശം ലഭിക്കുന്നില്ല.
ആധുനികസൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാതെ, സ്ഥിരം കുടിയിറക്ക് ഭീഷണി നേരിട്ടുകൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ഗോത്രവര്‍ഗക്കാരടക്കമുള്ള, വനവുമായി പൊക്കിള്‍ക്കൊടിബന്ധമുള്ള മനുഷ്യരോടുള്ള ചരിത്രപരമായ നീതിനിഷേധം ഒരു പ്രധാന പ്രശ്‌നമാണ്. വികസനത്തിന്റെ പേരില്‍ അതേ മേഖലയില്‍ നടക്കുന്ന വന്‍തോതിലുള്ള വനനാശം, കുടിയേറ്റം, തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍, സാംസ്‌കാരിക നാശം, പട്ടിണി എന്നിവയും മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ കാരണങ്ങളായി കാണേണ്ടതുണ്ട്.
വനാശ്രിതമനുഷ്യരുടെ അവകാശങ്ങള്‍ രാജ്യത്ത് പരിഗണിക്കപ്പെട്ടില്ലെന്ന് ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസില്‍ (1995) കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1952-ലെ ദേശീയ വനനയത്തിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. മനുഷ്യനെ ഒഴിവാക്കി വനം-വന്യജീവി സംരക്ഷണം സാധ്യമാക്കുകയെന്ന യൂറോപ്യന്‍ നയം തന്നെയാണ് ഇന്ത്യയിലെ പ്രധാന വനപരിപാലന നിയമങ്ങള്‍ക്ക് പിന്നില്‍ അന്തര്‍ലീനമായത്. 1927-ലെ വനനിയമത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നേതൃത്വത്തില്‍ വനത്തെയും വന്യജീവികളെയും വികസനാവശ്യങ്ങള്‍ക്കായി തുടച്ചുനീക്കി. ഇന്ത്യയിലെ 80% വനസമ്പത്ത് ഇല്ലാതാക്കിയപ്പോഴാണ് അന്തര്‍ദേശീയ മാറ്റങ്ങളുടെ ചുവടുപിടിച്ച് ബാക്കിയുള്ള വന്യജീവികളെ സംരക്ഷിക്കുന്നതിന് 1972-ല്‍ വന്യജീവി സംരക്ഷണ നിയമവും 1980-ല്‍ വനസംരക്ഷണ നിയമവും വന്നത്.
(എം.ഇ.എസ് അസ്മാബി കോളേജില്‍ ബോട്ടണി അധ്യാപകനും IUCN സ്പീഷീസ് സ്‌പെഷ്യലിസ്റ്റ് & CEM ഗ്രൂപ്പ് അംഗവുമാണ് ലേഖകന്‍)
Content Highlights: human wildlife conflict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..