പ്രതീകാത്മക ചിത്രം| Mathrubhumi
ഏറ്റവും കുറഞ്ഞ ചിലവില്‍, ഏറ്റവും വലിയ അളവില്‍ മനുഷ്യ ശരീരത്തിലേക്ക് പ്രോട്ടീന്‍ സപ്ലൈ ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് മത്സ്യം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നൂറുകണക്കിന് ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ ഇന്ന് ലഭ്യമാണ്. മാര്‍ക്കറ്റുകളില്‍ നിന്നും മത്സ്യസംസ്‌കരണ ശാലകളില്‍ നിന്നും പുറംതള്ളപ്പെടുന്ന മത്സ്യമാലിന്യത്തിന്റെ അളവ് ഏതാണ്ട് 50 % ത്തോളമാണ്. മത്സ്യത്തിന്റെ തല, തൊലി, മുള്ള്, ചെകിള, ആന്തരികാവയവങ്ങള്‍ എന്നിവയെല്ലാം മത്സ്യമാലിന്യത്തില്‍ ഉള്‍പ്പെടുന്നു. മാലിന്യ സംസ്‌കരണം ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. മത്സ്യമാലിന്യ സംസ്‌കരണം സംബന്ധിച്ച പഠനങ്ങള്‍ അവയില്‍ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങളെപറ്റിയുള്ള വലിയ അറിവുകളാണ് ലോക ജനതക്ക് മുന്നില്‍ തുറന്നു കാട്ടിയത്. അതിനാല്‍ ഇന്ന് മത്സ്യ മാലിന്യസംസ്‌കരണത്തേക്കാള്‍ ഉപരി ഭൂമിക്ക് ഭാരമാകാത്ത രീതിയില്‍ അവയുടെ പോഷകഗുണങ്ങളെ വീണ്ടെടുത്തുകൊണ്ടു മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കി പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണ് ശാസ്ത്രലോകം.
ഏകദേശം 8118 കി.മീ തീരദേശം ഉള്ള രാജ്യമാണ് ഇന്ത്യ. 2021 -2022 വര്‍ഷത്തെ കണക്കു പ്രകാരം 13,69,264 മെട്രിക് ടൺ, അതായത് 7 .76 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യമുള്ള മത്സ്യമാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്. ലോകജനതയുടെ ഭക്ഷണ ശൈലികളില്‍ മത്സ്യോത്പന്നത്തിന്റെ പ്രാധാന്യം എത്രമാത്രം ആണെന്ന് ഈ കണക്കിൽ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
മത്സ്യ മാലിന്യം - ഒരു പ്രോട്ടീന്‍ സ്രോതസ്സ്
മത്സ്യമാലിന്യത്തില്‍ ധാരാളമായി പ്രോട്ടീനുകള്‍, അമിനോആസിഡുകള്‍, ആരോഗ്യത്തിന് കൂടുതൽ ഗുണപ്രദമായ ഫാറ്റി ആസിഡുകൾ( PUFA), കരോറ്റെനോയിഡുകള്‍, മിനറലുകള്‍ എന്നിവയുടെ സാന്നിധ്യം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗവേഷക ഫലങ്ങള്‍ ഇവയെ ഫലപ്രദമായ ന്യൂട്രാസ്യൂട്ടിക്കലുകളായി ഉപയോഗിക്കാം എന്നും തെളിയിച്ചിട്ടുണ്ട്. ഭക്ഷണപദാര്‍ത്ഥത്തില്‍ നിന്ന് ഉറവെടുത്ത് പോഷകമൂല്യത്തിന് പുറമെ അധിക ആരോഗ്യനേട്ടം നേടിത്തരാന്‍ സാധിക്കുന്ന എന്തിനെയും ന്യൂട്രാസ്യൂട്ടിക്കല്‍ എന്നു വിളിക്കാം. മാലിന്യത്തില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന ന്യൂട്രാസ്യൂട്ടിക്കലുകള്‍ മനുഷ്യാരോഗ്യ വര്‍ദ്ധനവിനും ആയുസ്സ് വര്‍ധിപ്പിക്കാനും പല ജീവിതശൈലീ രോഗങ്ങള്‍ക്ക് തടയിടാനും ഉപകാരപ്രദമായി ഉപയോഗിക്കാവുന്നവയാണ്.
നഗരവത്ക്കരണവും പൊതുജനങ്ങളുടെ ആരോഗ്യത്തെ ചൊല്ലിയുള്ള ആശങ്കയും ന്യൂട്രാസ്യൂട്ടിക്കല്‍ മേഖലയുടെ അതിവേഗ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. തുച്ഛമായ വിലയില്‍ പോഷകമൂല്യമുള്ള അനുബന്ധ ഭക്ഷണങ്ങളുടെ ലഭ്യത ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ പോഷകാഹാരക്കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. മത്സ്യമാലിന്യത്തില്‍ ബയോആക്റ്റിവ് മോളിക്യൂളുകളായ കൊളാജന്‍, ജലാറ്റിന്‍, പലതരത്തിലുള്ള ആന്റിഓക്‌സിഡന്റ് കോമ്പൗണ്ടുകള്‍, കൈറ്റിന്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൃത്യവും നിഷ്ഠവുമായ രാസവിദ്യയിലൂടെ ഇവയെ മത്സ്യമാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്താല്‍ വളരെ ഉപയോഗപ്രദമായി ഭക്ഷണത്തിലും ഔഷധക്കൂട്ടിലും ഉള്‍പ്പെടുത്താന്‍ സാധിക്കും.മറ്റു സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഗുണമേന്മയുള്ള മത്സ്യ ബയോആക്റ്റിവ് പെപ്‌റ്റൈഡുകള്‍ പ്രോട്ടീനുകളുടെ വലിയൊരു കലവറയാണ്.
മത്സ്യ മാലിന്യത്തിന്റെ ഏറ്റവും വലിയ ശതമാനം വരുന്ന ചെമ്മീന്‍, ഞണ്ട് എന്നിവയുടെ തൊണ്ടില്‍ കൈറ്റിന്‍, കൈറ്റോസാന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചെമ്മീന്‍, ഞണ്ട് മുതലായവയുടെ തൊണ്ടില്‍ അടങ്ങിയിട്ടുള്ള കൈറ്റോസാന്‍ പ്രോട്ടീനുകളുടെ മറ്റൊരു സ്രോതസ്സാണ്. ആന്റി-ഏജിങ് , ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കൊളസ്റ്ററോള്‍, തരുണാസ്ഥി സംബന്ധമായ രോഗങ്ങള്‍ക്ക് കൊളാജന്‍ സപ്ലിമെന്റുകള്‍, കൈറ്റോസാന്‍ ടാബ്ലറ്റുകള്‍ എന്നിവ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഭക്ഷണ ശൃംഖലയുടെ താഴെത്തട്ടില്‍ വരുന്ന മത്സ്യങ്ങളുടെ ശരീരത്തില്‍ മറ്റു പക്ഷിമൃഗാദികളെ അപേക്ഷിച്ചു ഹെവിമെറ്റല്‍ അളവ് കുറവായതിനാല്‍ അവയുടെ മുള്ളുകളെപോലും ഔഷധ ഗുണമുള്ളവയാക്കി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും. മത്സ്യ മുള്ളുകളില്‍ കാല്‍സ്യം ഉള്ളതിനാല്‍ കാല്‍സ്യം ടാബ്ലെറ്റുകളായി അവയെ രൂപാന്തരപ്പെടുത്തി നമുക്കുപയോഗിക്കാവുന്നതാണ്. മത്സ്യ മാലിന്യ നിര്‍മാര്‍ജനം വഴിയുള്ള മലിനീകരണത്തെ തടഞ്ഞു അവയുടെ മൂല്യവര്‍ദ്ധനവിലൂടെ ഇന്ത്യയുടെ സമ്പദ്ഘടനയില്‍ തന്നെ തന്റെതായ ഒരു സംഭാവന നല്കാന്‍ പ്രാപ്തിയാര്‍ജ്ജിച്ചു വളര്‍ന്നു വന്നിരിക്കുകയാണ് മത്സ്യമാലിന്യ സംസ്‌കരണത്തിന്റെ ആധുനീക നൂതന വിദ്യകള്‍.
മത്സ്യ മാലിന്യ സംസ്‌കരണം - മറ്റുപയോഗങ്ങള്‍
ന്യൂട്രാസ്യൂട്ടിക്കലുകള്‍ എന്നതിന് പുറമെ മത്സ്യമാലിന്യത്തെ പല തരത്തിലുള്ള രാസപ്രക്രിയകള്‍ക്ക് വിധേയമാക്കി അവയെ ഭക്ഷ്യപൂരണങ്ങളായും (Food additives), കവചന വസ്തുക്കളായും( Encapsulation material), ജൈവ വിഘടന പാക്കേജുകളായും (Biodegradable Packaging) ഉപയോഗിക്കാവുന്നവയാണ്. ദന്താരോഗ്യമേഖലയില്‍ മത്സ്യമാലിന്യത്തില്‍ നിന്നുള്ള ബയോആക്റ്റിവ് പെപ്‌റ്റൈഡുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നു. ബയോടെക്‌നോളജിയുടെ വികസനത്തോടെ വെറും മാലിന്യമായി തള്ളിക്കളയണ്ട ഇവയെ എഡിബിള്‍ പാക്കേജിങ്, 3D പ്രിന്റിംഗ് എന്നീ നൂതന മേഖലയില്‍ വരെ ഉപയോഗിക്കാം എന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇതിനു പുറമെ ഫിഷ് മീലായും ഇവയെ നമുക്കുപയോഗിക്കാം. വിപണിമൂല്യം കുറഞ്ഞ മത്സ്യങ്ങളേയും മത്സ്യ സംസ്‌കരണത്തിനു ശേഷം പുറംതള്ളുന്ന മാലിന്യത്തെയും ഉണക്കി പൊടിച്ചു തയ്യാറാക്കുന്ന ഉത്പന്നമാണ് ഫിഷ് മീല്‍. ഇവ കോഴി തീറ്റയിലെയും കാലി തീറ്റയിലെയും മികച്ച പ്രോട്ടീന്‍ സ്രോതസ്സാണ്. രാസപ്രവര്‍ത്തനത്തിലൂടെ മത്സ്യമാലിന്യത്തെ ജൈവ വളമാക്കി മാറ്റാന്‍ സാധിക്കും. ഭക്ഷ്യ യോഗ്യവും അല്ലാത്തതുമായി പലതരത്തില്‍ പല മേഖലകളില്‍ വളരെ ഫലപ്രദമായ രീതിയില്‍ മത്സ്യ മാലിന്യത്തെ നമുക്ക് പ്രയോജനപ്പെടുത്താം.
(കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ അധ്യാപകരാണ് ലേഖകർ)
Content Highlights: fish waste management,environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..