മാന്‍ മുതല്‍ മുയല്‍ വരെ നശിച്ചു; ബര്‍മീസ് പെരുമ്പാമ്പ് തകര്‍ത്ത ആവാസവ്യവസ്ഥ


പ്രണവ് ജയരാജ്‌

കോടതിക്കുള്ളിൽ അദ്ദേഹം സംസാരിക്കുന്നതിന്റെ ഒരാഴ്ച മുമ്പായിരുന്നു സെൻട്രൽ ഫ്ലോറിഡയിൽ ഒരു രണ്ടു വയസ്സുകാരി എട്ട് അടിയോളം നീളമുണ്ടായിരുന്ന ബർമീസ് പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്‌

Premium

ബർമീസ് പെരുമ്പാമ്പുമായി വേട്ടക്കാർ | Photo: Twitter@ACurrylow

'ദുരന്തം സംഭവിച്ചിരിക്കുന്നു.'
2009 ജൂലൈയിൽ ക്യാപിറ്റോൾ ഹില്ലിൽ നടന്ന ഒരു വിചാരണക്കിടെ തന്റെ കയ്യിലുണ്ടായിരുന്ന അഞ്ച് മീറ്ററോളം നീളം വരുന്ന ബർമീസ് പെരുമ്പാമ്പിന്റെ ഉണങ്ങിയ തൊലി ഉയർത്തി കാണിച്ചുകൊണ്ട് സെനറ്റ് അംഗം ബിൽ നെൽസൺ പറഞ്ഞ വാക്കുകളാണിത്. കോടതിക്കുള്ളിൽ അദ്ദേഹം സംസാരിക്കുന്നതിന്റെ ഒരാഴ്ച മുമ്പായിരുന്നു സെൻട്രൽ ഫ്‌ളോറിഡയിൽ ഒരു രണ്ടു വയസ്സുകാരി എട്ട് അടിയോളം നീളമുണ്ടായിരുന്ന ബർമീസ് പെരുമ്പാമ്പിന്റെ ആക്രമണത്താൽ കൊല്ലപ്പെട്ടത്.

പ്രകൃതിയെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനെ പറ്റി നമ്മളിൽ പലർക്കും ധാരണയുണ്ടാകും. എന്നാൽ, അധിനിവേശ ജീവികളുടെ രൂപത്തിൽ പല ആവാസവ്യവസ്ഥകളിലും കടന്നുകയറി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ തകിടം മറിക്കുന്ന തരം ജീവികളും ഭൂമിയിലുണ്ട്. കൃത്യമായ നിയന്ത്രണ രീതികൾ നടപ്പിലാക്കിയില്ലെങ്കിൽ ഇത്തരം ജീവികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന വിപത്ത് വളരെ വലുതായിരിക്കും.

2009 ജൂലൈയിൽ കാപ്പിറ്റോൾ ഹില്ലിൽ നടന്ന വിചാരണയ്ക്കിടെ ബിൽ നെൽസൺ

1980-കളില്‍ എവര്‍ഗ്ലേഡ്‌സ് നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്ന് മറ്റു ജീവികളെ വംശനാശത്തിന്റെ വക്കില്‍ വരെ കൊണ്ടെത്തിച്ച ഒരു അധിനിവേശ ഉരഗമുണ്ട് ഫ്‌ളോറിഡയില്‍. പൈത്തണ്‍ ബിവിറ്റാറ്റസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ബര്‍മീസ് പെരുമ്പാമ്പുകള്‍.

മനുഷ്യൻ ആരംഭിച്ചു..ആൻഡ്രൂ ചുഴലിക്കാറ്റ് പൂർത്തീകരിച്ചു

എവർഗ്ലേഡ്സ് നാഷണൽ പാർക്കിലെ ചില സന്ദർശകർ തങ്ങൾ അന്നോളം കണ്ടതിൽ വച്ച് വലിയൊരു പെരുമ്പാമ്പിനെ കണ്ടതായി അറിയിക്കുന്നത്‌ 1981 നവംബർ 16-നാണ്. അന്ന് ആ സന്ദർശകരിൽ ഒരാള്‍ പോലും വിചാരിച്ചു കാണില്ല പിന്നീട് വർഷങ്ങൾക്കിപ്പുറം ബർമീസ് പെരുമ്പാമ്പ് എന്ന അധിനിവേശ ഉരഗം പാർക്കിലെ ആവാസവ്യവസ്ഥയ്ക്ക് തന്നെ അപായമണി മുഴക്കിക്കൊണ്ട് പെരുകുമെന്ന്. 1981-ൽ അതൊരു തുടക്കം മാത്രമായിരുന്നു. 1992-ല്‍ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ ആന്‍ഡ്രൂ അമേരിക്ക അഭിമുഖീകരിച്ചു. മണിക്കൂറിൽ 150 മെെൽ വേഗത്തിൽ വീശിയടിച്ച കൊടുങ്കാറ്റിൽ ബാധിക്കപ്പെട്ട കെട്ടിടങ്ങളിൽ ഒന്ന് ബർമീസ് പെരുമ്പാമ്പുകളുടെ പ്രജനന കേന്ദ്രമായിരുന്നു. അന്ന് ആ പ്രജനന കേന്ദ്രത്തില്‍നിന്നു പുറത്തുകടന്ന പെരുമ്പാമ്പുകള്‍ പിന്നീട് എവര്‍ഗ്ലേഡ്‌സ് പരിസ്ഥിതിക്ക് വരുത്തിവച്ച വിന ചെറുതല്ല.

ഇരുപതാം നൂറ്റാണ്ടിൽ യു.എസിലെ ചിലർക്ക് അസാധാരണമായ വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു പാമ്പുകളും. അത്തരത്തിൽ അവരിൽ ചിലർക്ക് വളർത്താനും പ്രദർശിപ്പിക്കാനും വേണ്ടി തെക്ക് കിഴക്കൻ ഏഷ്യയിൽനിന്ന്‌ ഇറക്കുമതി ചെയ്തതായിരുന്നു ബർമീസ് പെരുമ്പാമ്പുകൾ. എന്നാൽ അവർ സ്വപ്നത്തിൽ പോലും ചിന്തിക്കാത്തതായിരുന്നു പിന്നീട് സംഭവിച്ചത്. കുഞ്ഞുപാമ്പുകളെ സ്വന്തമാക്കിയ ഇക്കൂട്ടർ പിന്നീടാണ് തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്. പത്ത് മുതല്‍ പതിനഞ്ച് അടി വരെ നീളവും 90 കിലോ വരെ ഭാരവും വയ്ക്കാവുന്ന ഇവയെ പരിപാലിക്കുകയെന്നത് ഏറെക്കുറെ അസാധ്യമായിരുന്നു. അന്ന്‌ ആ പ്രശ്നത്തിന് ഫ്ലോറിഡക്കാർ കണ്ടെത്തിയ ഉപായമായിരുന്നു ഫ്ലോറിഡ എവര്‍ഗ്ലേഡ്‌സിലേക്ക് ഇവയെ സ്വതന്ത്രരായി വിടുക എന്നത്. നിലവില്‍ ഒരു ലക്ഷത്തിലധികം ബർമീസ് പെരുമ്പാമ്പുകളുണ്ടെന്നാണ് എവർഗ്ലേഡ്സ് നാഷണൽ പാർക്കിലെ ശാസ്ത്രഞ്ജനായ കെവിൻ ഡോൺമോയർ എൽ.എ. ടെെംസിനോട് വ്യക്തമാക്കുന്നത്.

ആവാസവ്യവസ്ഥ നശിപ്പിച്ചു, രോഗം പരത്തി

എവർഗ്ലേഡ്സ് നാഷണൽ പാർക്കിനെ സംബന്ധിച്ചിടത്തോളം ബർമീസ് പെരുമ്പാമ്പുകൾ അധിനിവേശ ഉരഗങ്ങളാണ്. ഇത്തരം ആവാസവ്യവസ്ഥകളിൽ അവ വേട്ടയാടപ്പെടുകയില്ലെന്ന് മാത്രമല്ല, ഇവയ്ക്ക് വളരാനുള്ള അനുയോജ്യമായ സാഹചര്യങ്ങളും പ്രദാനം ചെയ്യുന്നു. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തന്നെ തകിടം മറിക്കുന്നു. പെൺപെരുമ്പാമ്പ് വർഷത്തിൽ ശരാശരി 20-നും 50-നും ഇടയിൽ മുട്ടകൾ ഇടും. 15 മുതൽ 25 വർഷം വരെ നീണ്ടു നിൽക്കുന്ന ആയുസ്സ്, ഉയർന്ന പ്രത്യുൽപ്പാദനശേഷി, ദീർഘദൂരം സഞ്ചരിക്കാനുള്ള കഴിവ് എന്നിവ കൂടെ ചേരുന്നതോടെ ഇവ എണ്ണത്തിൽ പെരുകുന്നു. നാടെങ്ങും വ്യാപിക്കുന്നു.

ലോകത്തിലെ തന്നെ വലിയ പാമ്പുകളിലൊന്നാണ് പെരുമ്പാമ്പിന്റെ വര്‍ഗത്തില്‍ പെടുന്ന റെട്ടിക്യുലേറ്റഡ് പെരുമ്പാമ്പുകള്‍. 16 മുതല്‍ 20 അടി നീളത്തില്‍ വരെ ഇവയെ കാണപ്പെടുന്നു. എഷ്യന്‍ വന്‍കരയില്‍ പ്രധാനമായും കാണപ്പെടുന്ന പെരുമ്പാമ്പ് വര്‍ഗമാണ് പൈത്തണ്‍ മോളറസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പെരുമ്പാമ്പുകള്‍. ശരാശരി 13 അടിയിലധികമാണ് ഇവയുടെ നീളം. ബര്‍മീസ് പെരുമ്പാമ്പുകള്‍ക്കാവട്ടെ 15 അടി വരെ നീളം വെയ്ക്കുവാന്‍ കഴിയും.

ഇവയുടെ അനിയന്ത്രിതമായ വർധന കാരണം സ്ഥലത്തെ പല സസ്തനികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞതായാണ് പ്രൊഫ. ഡൊർക്കാസും സംഘവും നടത്തിയ പഠനത്തെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്തത്‌. 1993-99 കാലഘട്ടങ്ങളിലും 2003-11 കാലഘട്ടങ്ങളിലും ഇവർ നടത്തിയ അന്വേഷണമാണ് പഠനത്തിന്റെ ആധാരം. ഇതിൽ പെരുമ്പാമ്പുകള്‍ പെരുകി എന്ന് പറയപ്പെടുന്ന 2000-ത്തിനു ശേഷമുള്ള കാലഘട്ടത്തിൽ 80- 99% വരെ പല ജീവികളുടെയും എണ്ണത്തിൽ കുറവുണ്ടായി. മുയൽ, കുറുക്കൻ, റാക്കൂൺസ്, ബോബ്ക്കാറ്റ്, ഒപ്പോസം തുടങ്ങി വെെറ്റ് ടെയിൽഡ് മാൻ വരെ ഇല്ലാതായി. ഭൂമിശാസ്ത്രപരമായി പാമ്പുകൾ ഇല്ലാത്തിടങ്ങളിലും താരതമ്യേന കുറവുള്ളിടങ്ങളിലുമാണ് സസ്തനികളുടെ സംഖ്യ കൂടുതലായി കാണപ്പെടുന്നത്.

രോഗങ്ങൾ പടരുന്നതിനും അവാസവ്യവസ്ഥയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കാരണമാകുന്നുണ്ട്. സസ്തനികളുടെ എണ്ണം കുറയുന്നതോടെ സ്ഥലത്തെ കൊതുകുകൾ തങ്ങളുടെ ആശ്രയം എലികളടക്കമുള്ള ജീവികളിലേക്ക് മാറ്റുന്നു. എവർഗ്ലേഡ്സിലെ പല തരം വെെറസുകളെയും ഉൾക്കൊള്ളുന്ന ഇത്തരം ജീവികളിൽനിന്നു വെെറസുകൾ കൊതുകുവഴി മനുഷ്യനിലേക്കും പകരാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ അധിനിവേശ ജീവിവർഗങ്ങൾ ഉണ്ടാക്കാവുന്ന സങ്കീർണതയെ അടിവരയിടുന്നു.

നായകള്‍ മുതല്‍ മനുഷ്യന്‍ വരെ; എങ്ങുമെത്താതെ നിയന്ത്രണം

അനിയന്ത്രതമായ രീതിയിൽ പാമ്പുകളുടെ എണ്ണം വർധിച്ചതോടെ ഇവയെ നിയന്ത്രിക്കാൻ ഒട്ടേറെ മാർഗങ്ങൾ സർക്കാർ തലത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യർ നേരിട്ടും നായകളെ ഉപയാഗിച്ചുമെല്ലാം പാമ്പുകളെ എവർഗ്ലേഡ്സിൽനിന്നു തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലപ്രദമായ രീതിയിൽ ഒന്നും കലാശിച്ചില്ല എന്നതാണ് വാസ്തവം. 2000-ത്തിനുശേഷം വിവിധ മാർഗങ്ങളാൽ 17,000-ത്തിലധികം പെരുമ്പാമ്പുകളെ എവർഗ്ലേഡ്സിൽനിന്നു തുരത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്‌.

സസ്യങ്ങൾക്കിടയിൽനിന്നു പാമ്പുകളെ കണ്ടുപിടിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. രാത്രിയിലാണ് ഇവ കൂടുതലായും ഇര തേടാൻ പുറത്തേക്കിറങ്ങുക എന്നത് പ്രശ്നം വീണ്ടും ഗുരുതരമാക്കുന്നു. എന്നിരുന്നാലും 2013 മുതൽ ഫ്ലോറിഡ ഫിഷ് ആൻഡ് വെെൽഡ്ലെെഫ് കൺസർവേഷന്റെ നേതൃത്വത്തിൽ പാമ്പുകളെ വേട്ടയാടുന്നതിനു വേണ്ടിയുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ബര്‍മീസ് പെരുമ്പാമ്പ്‌ | Photo:Twitter@DrWildlife

വെെറസുകളെയും രോഗാണുക്കളെയും ഉപയോഗിച്ച് ഇത്തരം ജീവികളെ ഉന്മൂലനം ചെയ്യുന്നത് ലോകത്ത് പലയിടങ്ങളിലും വിജയിച്ചിട്ടുള്ള പദ്ധതിയാണ്. എന്നാൽ, പാളിയാൽ രോഗാണുക്കൾ മറ്റു ജീവജാലങ്ങളിൽ വിപരീതഫലമുണ്ടാക്കാൻ സാധ്യതയുണ്ട്. എവർഗ്ലേഡ്സ് പോലുള്ള ആവാസവ്യവസ്ഥയിലേക്ക് ഇത്തരം ജെെവനിയന്ത്രണ മാർഗങ്ങൾ അവതരിപ്പിക്കുന്നതിന് മുൻപ് കൃത്യമായ പഠനം നടത്തേണ്ടത് അനിവാര്യമാണ്.

ബർമീസ് പെരുമ്പാമ്പുകളെ വിവിധ നാടുകളിൽനിന്നു കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിന് പോലും ഭിന്നാഭിപ്രായങ്ങളുണ്ടായി. വലിയൊരു വ്യവസായത്തെ തകർക്കുമെന്നതായിരുന്നു മൂലകാരണം. നിലവിൽ ബർമീസ് ഇനങ്ങളുടെ വ്യാപാരത്തിന് യു.എസിൽ വിലക്കുണ്ട്. ഇത്തരം നിരോധനങ്ങളിലൂടെ എവർഗ്ലേഡ്സിൽ സ്ഥാപിതമായ ആവാസവ്യവസ്ഥകളിൽ പ്രകടമായ വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും അനുയോജ്യമായ മറ്റ് ആവാസവ്യവസ്ഥകളിലേക്ക് ഇവ വ്യാപിക്കുന്നത് തടയാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Content Highlights: how burmese python affects everglades national park


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented