അത്യുഷ്ണത്തോടൊപ്പം വരൾച്ച,വെള്ളപ്പൊക്കം; കാലാവസ്ഥാദുരന്തങ്ങളുടെ തുടക്കം? വിനയാകുമോ ഉഷ്ണവാതം?


കെ. സഹദേവൻ

യൂറോപ്യൻ രാജ്യങ്ങളെ എരിയുന്ന ചൂളയാക്കി ­മാറ്റുന്ന ഉഷ്ണവാതം ­അവിടങ്ങളിൽമാത്രമായി ഒതുങ്ങിനിൽക്കാൻ പോകുന്നില്ല. റഷ്യയും ചൈനയും അടക്കമുള്ള ­രാജ്യങ്ങളിലേക്ക് ­­അതിന്റെ തീവ്രത വരാനിരിക്കുന്നതേയുള്ളൂ.

കാട്ടുതീ അണയ്ക്കുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ/AP

യൂറോപ്പ് അക്ഷരാർഥത്തിൽ കത്തുകയാണ്. ജൂൺ പകുതിയോടെ ആരംഭിച്ച ഉഷ്ണവാതം പശ്ചിമ, ദക്ഷിണ, മധ്യ യൂറോപ്യൻ രാജ്യങ്ങളെ ഒന്നാകെ പൊള്ളിക്കുന്നു. യൂറോപ്യൻ യൂണിയനിലെ പകുതിയോളം പ്രദേശങ്ങൾ (46 ശതമാനം) കടുത്ത വരൾച്ചയുടെ പിടിയിലാണ്. ഫ്രാൻസിൽമാത്രമായി 32,000 ഹെക്ടർ പ്രദേശം കത്തിനശിച്ചു. പോർച്ചുഗൽ, ഗ്രീസ്, ബെൽജിയം, നെതർലൻഡ്, സ്പെയിൻ, ഇറ്റലി, യു.കെ. എന്നിവിടങ്ങളിലെല്ലാം പതിനായിരക്കണക്കിന് ഹെക്ടർ വനഭൂമിയിൽ ഇപ്പോഴും തീ പടരുകയാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ താപനില 39 ഡിഗ്രിമുതൽ 45 ഡിഗ്രി സെൽഷ്യസ്‌വരെ ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിനായിരങ്ങളെ അവരുടെ താമസസ്ഥലങ്ങളിൽനിന്ന് ഒഴിപ്പിക്കുന്നു. തീയണയ്ക്കാൻ, ആയിരക്കണക്കിന് അഗ്നിരക്ഷാഭടന്മാരാണ് 24 മണിക്കൂറും പണിയെടുക്കുന്നത്. അഗ്നിശമനവിമാനങ്ങളിൽനിന്ന് ജലബോംബുകൾ വർഷിച്ച് കാട്ടുതീയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കയാണവർ. ഒരു മാസമായി തുടരുന്ന ഉഷ്ണക്കാറ്റിൽ ഇതുവരെ മരിച്ചവരുടെ എണ്ണം അയ്യായിരത്തോളമാണ്‌. ഉഷ്ണക്കൊടുങ്കാറ്റ് യൂറോപ്യൻ രാജ്യങ്ങളെ ദേശീയ അടിയന്തരാവസ്ഥയിലേക്ക് നയിച്ചിരിക്കുന്നു.

അപകടമാകുന്ന അത്യുഷ്ണം

അത്യുഷ്ണവും അതിതീവ്ര ഉഷ്ണവാതങ്ങളും യൂറോപ്പിലെങ്ങും ആവർത്തിക്കുകയാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട്, ഉഷ്ണദിനങ്ങൾ കൂടുന്നതും ശീതകാലത്തിന്റെ ദൈർഘ്യം കുറയുന്നതും ഒരു ദശാബ്ദമായെങ്കിലും നാം അനുഭവിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ താപസൂചിക (Heat Index) 37 ഡിഗ്രി സെൽഷ്യസിനുമുകളിലേക്ക്‌ ഉയരുന്ന പ്രക്രിയ ഇരട്ടിയാകുമെന്നും താപസൂചിക 40 ഡിഗ്രിക്കുമുകളിലുള്ള ദിനങ്ങൾ മൂന്നുമടങ്ങ് വർധിക്കുമെന്നുമാണ് യു.എസ്. നാഷണൽ ക്ലൈമറ്റ് അസസ്‌മെന്റിന്റെ പ്രവചനം. ഉഷ്ണവാതങ്ങൾ കൂടുതൽ തീവ്രമാകുന്നത് കാലാവസ്ഥാവ്യതിയാനംമൂലമാണെന്ന് ഉറപ്പിച്ചുപറയാൻ കഴിയുമെന്ന് കാലാവസ്ഥാശാസ്ത്രജ്ഞ ഫ്രീഡ്‌റീഷ് ഓട്ടോ വിശദീകരിക്കുന്നു.

അത്യുഷ്ണം, ഇതര കാലാവസ്ഥാഭീഷണികളെ അപേക്ഷിച്ച് കൂടുതൽ അപകടകരമാകുന്നത് അവയുടെ കാലദൈർഘ്യം കൂടുന്നതോടെയാണ്. ഉയർന്ന താപത്തോടൊപ്പം ഈർപ്പമേറിയ അന്തരീക്ഷനിലകൂടിയാകുമ്പോൾ മനുഷ്യശരീരത്തിന് താങ്ങാൻപറ്റാതാകുന്നു. വരണ്ടകാലാവസ്ഥ വനമേഖലകളിൽ കാട്ടുതീപോലുള്ള ഭീഷണികൾ ഉയർത്തുമ്പോൾ, നഗരങ്ങളിലെ കോൺക്രീറ്റ് നിർമിതികൾ ചൂട് ആഗിരണംചെയ്യുകയും സ്വയമേവ താപതുരുത്തുകളായി (Heat Islands) മാറുകയും ചെയ്യുന്നു. ഇത് മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് വലിയ ഭീഷണിയാണ്. വൃദ്ധർ, കുട്ടികൾ, രോഗികൾ, തുറന്ന പ്രദേശങ്ങളിൽ തൊഴിലെടുക്കുന്നവർ എന്നിവരുടെ ആരോഗ്യത്തെ ഈ അത്യുഷ്ണം ക്ഷയിപ്പിക്കും. 2000 മുതൽ 2020 വരെയുള്ള രണ്ടുദശകത്തിൽമാത്രം ആഗോളതലത്തിൽ അത്യുഷ്ണത്തിൽ മരിച്ചവരുടെ സംഖ്യ 1,57,000-ത്തിലധികം വരും.

ശാസ്ത്രവും രാഷ്ട്രീയവും

കാലാവസ്ഥാവ്യതിയാനമെന്നത് വിദൂരഭാവിയിൽ സംഭവിക്കാവുന്ന ഒന്നല്ലെന്ന്, ആവർത്തിക്കുന്ന അതിതീവ്ര കാലാവസ്ഥാസംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. എങ്കിൽക്കൂടിയും ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്തുകൊണ്ട് ഗൗരവമായ നയതീരുമാനങ്ങൾ കൈക്കൊള്ളാൻ ഭരണകൂടങ്ങൾ തയ്യാറാകുന്നില്ല. 2030-ഓടെ ആഗോള കാർബൺ ഉദ്‌വമനത്തോത് 1970-കളുടെ നിലവാരത്തിലേക്ക് താഴ്‌ത്തണമെന്നും 2050-ഓടെ അത് വ്യവസായപൂർവകാലത്തിന് സമാനമായിരിക്കണം എന്നുമുള്ള നിർദേശങ്ങളെ ഗൗരവത്തിലെടുക്കുന്നില്ല. ദേശീയ നിർണീത സംഭാവനകൾ (National Determined Cotnributions-NDCs) സംബന്ധിച്ച വാഗ്ദാനങ്ങൾ പ്രവൃത്തിപഥത്തിലേക്ക് എത്തിക്കാൻ രാഷ്ട്രങ്ങൾ മിനക്കെടുന്നില്ല എന്നതിൽനിന്ന് അലംഭാവം വ്യക്തമാണ്.

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ശാസ്ത്ര മുന്നറിയിപ്പുകളോടുള്ള ഭരണകൂടനിസ്സംഗത, വസ്തുതകൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ ശാസ്ത്രജ്ഞരെ നിർബന്ധിക്കുന്നു. ഐ.പി.സി.സി. (ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്)യുടെ ആറാമത് വിലയിരുത്തൽ റിപ്പോർട്ടി (AR6)ന്റെ മൂന്നാം ഖണ്ഡത്തിന്റെ കരട് പൊതുസമൂഹത്തിന് ചോർത്തിനൽകാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത് അതാണ്.

കാലാവസ്ഥാവിഷയത്തിൽ ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭരണകൂടങ്ങൾക്കുമേൽ പൊതുസമൂഹത്തിൽനിന്ന് സമ്മർദമുണ്ടാകണമെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ദുരന്തലഘൂകരണവും വികസനലക്ഷ്യങ്ങളും വർധിച്ചുവരുന്ന കാലാവസ്ഥാമാറ്റങ്ങൾക്കൊപ്പം കൈവരിക്കാനാവില്ലെന്നാണ് അവർ വാദിക്കുന്നത്. കാർബൺ ഉദ്‌വമനം കുറയ്ക്കാനുള്ള നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ, വെല്ലുവിളികൾ രേഖീയമല്ലാത്തരീതിയിൽ വർധിക്കുകയും പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

അതിർത്തികളില്ലാത്ത ഭീഷണി

യൂറോപ്യൻ രാജ്യങ്ങളെ എരിയുന്ന ചൂളയാക്കി മാറ്റുന്ന ഉഷ്ണവാതം അവിടങ്ങളിൽമാത്രമായി ഒതുങ്ങിനിൽക്കാൻ പോകുന്നില്ലെന്നത് മറ്റൊരു വസ്തുതയാണ്. റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലേക്ക് അതിന്റെ തീവ്രത വരാനിരിക്കുന്നതേയുള്ളൂ. അത്യുഷ്ണത്തോടൊപ്പം കടന്നുവരുന്ന വരൾച്ച, മഞ്ഞുപാളികൾ ഉരുകൽ, ഹിമതടാകസ്ഫോടനം ഇവയെത്തുടർന്നുള്ള വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാദുരന്തങ്ങളുടെ നിർഝരപ്രഭാവങ്ങൾ (Cascade effects) ജനജീവിതത്തെയും സാമ്പത്തികമേഖലയെയും കൂടുതൽ രൂക്ഷമായി ബാധിക്കും.

ഐക്യരാഷ്ട്രസഭാതലവൻ അന്റോണിയോ ഗുട്ടറെസ് ശരിയാംവിധം ചൂണ്ടിക്കാണിച്ചതുപോലെ, ഭരണകൂടങ്ങളുടെ ‘സംഘടിത കാപട്യ’ത്തിലൂടെ കാലവസ്ഥാവ്യതിയാനംപോലുള്ള ആഗോളപ്രതിസന്ധിയെ മറികടക്കാൻ സാധിക്കില്ല. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ദേശീയാതിർത്തികളെ മാനിക്കുന്നില്ലെന്നതുകൊണ്ടുതന്നെ ആഗോള സഹകരണത്തിലൂടെമാത്രം പരിഹരിക്കാവുന്നതോ ലഘൂകരിക്കാവുന്നതോ ആയ പ്രതിസന്ധിയാണിത്. ഗ്ലാസ്‌ഗോ ഉച്ചകോടിയിൽവെച്ച് അംഗീകരിച്ച തീരുമാനങ്ങൾ അതത് രാഷ്ട്രങ്ങളുടെ വികസനസാമ്പത്തികനയങ്ങളിലേക്ക് ഉൾച്ചേർക്കേണ്ടതുണ്ട്. അറിഞ്ഞിടത്തോളം മറ്റൊരു ജൈവമണ്ഡലം ഈ പ്രപഞ്ചത്തിൽ വേറെയില്ല. ജനിതകമാറ്റംവരുത്തിയ മനുഷ്യനും ചൊവ്വാഗ്രഹത്തിലേക്കുള്ള കുടിയേറ്റവും ശാസ്ത്രകഥകൾക്കപ്പുറം വികസിച്ചിട്ടില്ല. ജീവന്റെ ആധാരമായ ഈ ഗ്രഹത്തെ, നമ്മുടെ ഭൂമിയെ, ആഗോളതാപനമെന്ന മഹാദുരന്തത്തിൽനിന്ന് രക്ഷിക്കുക എന്നതിൽമാത്രമാണ് മനുഷ്യവംശത്തിന്റെ ഭാവി.

Content Highlights: Heatwave in europe

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented