ഡോ. പി.എൻ. നായർ
കേരള വനംവകുപ്പില്‍നിന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായി ഡോ. പി.എന്‍. നായര്‍ വിരമിക്കുന്നത് 1986-ലാണ്. വിശ്രമജീവിതത്തിന്റെ മൂന്നര പതിറ്റാണ്ടിലും അദ്ദേഹത്തിന്റെ ജീവിതം സസ്യലോകത്തു തന്നെ. സസ്യങ്ങളെപ്പറ്റിയുള്ള ആധികാരിക വിജ്ഞാന ഗ്രന്ഥങ്ങളിലൂടെ പി.എന്‍. നായര്‍ കൈമാറിക്കൊണ്ടിരിക്കുന്നു വനവിജ്ഞാനീയത്തിലെ അമൂല്യ വിവരങ്ങള്‍.
തിരുവനന്തപുരം ജവഹര്‍ നഗര്‍ ശ്രീരംഗത്തില്‍ 93-ാം വയസ്സിലും പി. നാരായണന്‍ നായര്‍ എന്ന ഡോ. പി.എന്‍. നായര്‍ വനസഞ്ചാരത്തിലാണ്. എഴുത്തുമേശയ്ക്കരികില്‍ കാടകങ്ങളിലൂടെ അദ്ദേഹത്തിന്റെ ചിന്ത ചുറ്റിത്തിരിയുന്നു. മൂന്ന് പതിറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍നിന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായി പടിയിറങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് തികയുന്നു. ഈ കാലയളവിനിടെ കേരളത്തിലെ വനസമ്പത്ത്, വനസസസ്യങ്ങള്‍, വനഗവേഷണം, വനപരിപാലനം, സസ്യസംരക്ഷണം എന്നീ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ പ്രബന്ധങ്ങള്‍. കാടിനെ അറിഞ്ഞ വനപാലകന്‍ വരുംതലമുറകള്‍ക്കു വേണ്ടി കൈ മാറുന്ന അറിവിന്റെ മഹാശേഖരം. മനുഷ്യനുള്‍പ്പെടെയുള്ള ജീവിലോകത്തിന് വനങ്ങളോടും വനവിഭവങ്ങളോടുമുള്ള വിധേയത്വത്തെ അറിവുകൊണ്ട് സമര്‍ഥിക്കുന്ന വിജ്ഞാനഗ്രന്ഥങ്ങള്‍. 1972-ല്‍ രചിച്ച കേരളത്തിലെ വനസമ്പത്ത് എന്ന പുസ്തകത്തില്‍ സംസ്ഥാനത്തെ വനങ്ങള്‍, വനശാസ്ത്രം, വനവിഭവങ്ങള്‍ എന്നിവയെപ്പറ്റി പൊതുവായി പരാമര്‍ശിച്ചിട്ടുണ്ട്.
അരിച്ചൂരലും അലസിപ്പൂമരവും ഒടിയമടന്തയും ചടച്ചിയും ഉള്‍പ്പെടെ നാനൂറോളം വനസസ്യങ്ങളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അദ്ദേഹം രചിച്ച പുസ്തകമാണ് കേരളത്തിലെ വനസസ്യങ്ങള്‍. 1985-ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം വനവിജ്ഞാന ശാഖയിലെ മുതല്‍ക്കൂട്ടാണ്. വിശ്രമജീവിതത്തിലും എഴുത്തിലൂടെ അദ്ദേഹം കാട് കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു. ഫോറസ്റ്റ്‌സ് ആന്‍ഡ് ഫോറസ്ട്രി വിത്ത് സ്‌പെഷ്യല്‍ റഫറന്‍സ് ടു കേരള എന്ന പേരില്‍ ഇംഗ്ലീഷില്‍ പുറത്തിറക്കിയ പുസ്തകമാണ് വനവിജ്ഞാനശാഖയ്ക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സമ്മാനം. കേരളത്തിലെ കാടുകളുടെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച പുസ്തകത്തെ കേരളത്തിന്റെ വനനിഘണ്ടു എന്ന് വിശേഷിപ്പിക്കാം. നാലു പതിറ്റാണ്ടുകാലത്തെ ഗവേഷണ അന്വേഷണങ്ങളുടെ ഫലമാണ് ഈ ഗ്രന്ഥമെന്ന് അദ്ദേഹം പറയുന്നു. കാടിനെപ്പറ്റി സംസാരിക്കുമ്പോഴും എഴുതുമ്പോഴും അദ്ദേഹം ഊര്‍ജസ്വലനാകുന്നു. കാടെന്നാല്‍ വെറും പച്ചപ്പു മാത്രമല്ലെന്നും നിലനില്പിന്റെ ആണിക്കല്ലാണതെന്നും ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ കാടറിവുകളും സര്‍വീസ് ജീവിതവും കാട്ടുപച്ച പോലെ കനമേറിയതാണ്.

സര്‍വീസ് സ്‌റ്റോറി
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നു ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കി 1953-ലാണ് പി.എന്‍. നായര്‍ അമേരിക്കയിലേക്ക് തുടര്‍പഠനത്തിനായി പോകുന്നത്. മിനസോട്ട സര്‍വകലാശാലയില്‍ സസ്യരോഗ വിജ്ഞാനം അഥവാ പ്ലാന്റ് പത്തോളജി ആയിരുന്നു പഠനവിഷയം. അവിടെനിന്ന് പിഎച്ച്.ഡി. നേടി. അതേ സര്‍വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റായി കുറച്ചുകാലം. പിന്നെ നാട്ടില്‍ തിരികെയെത്തി അധ്യാപനത്തിലേക്ക്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിലും പന്തളം എന്‍.എസ്.എസ്. കോളേജിലും അധ്യാപകനായി. 1957-ല്‍ കേരള സംസ്ഥാന വനംവകുപ്പില്‍ സില്‍വി കള്‍ച്ചറല്‍ റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ നിയമനം. 1958 മുതല്‍ മൂന്നു വര്‍ഷക്കാലം ഡെറാഡൂണിലെ ഇന്ത്യന്‍ ഫോറസ്റ്റ് കോളേജില്‍ സുപ്പീരിയര്‍ ഫോറസ്ട്രി പരിശീലനം. 1966-ല്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക്. കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ആയി തുടക്കം. 1980-ല്‍ ചീഫ് കണ്‍സര്‍വേറ്ററായി. 1986-ല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായി വിരമിച്ചു. ഇതാണ് അദ്ദേഹത്തിന്റെ സര്‍വീസ് സ്റ്റോറി.
കാടറിഞ്ഞ്
മൂന്ന് പതിറ്റാണ്ടുകാലത്തെ സര്‍വീസ് ജീവിതത്തില്‍ ഡോ. പി.എന്‍. നായര്‍ സ്വന്തമാക്കിയ നേട്ടങ്ങളേറെ. നിലമ്പൂരിലെ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസിന്റെ രൂപരേഖ തയ്യാറാക്കിയത് ഇദ്ദേഹമാണ്. ഡെറാഡൂണിലെ ദേശീയ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമെ സംസ്ഥാനത്തിന് മാത്രമായി ഒരു പ്രത്യേക വനഗവേഷണ കേന്ദ്രം എന്ന ആശയം മുന്നോട്ടു വച്ചതും ഇദ്ദേഹമാണ്. ദേശീയ വനനയത്തിന്റെ പരിധിക്കുള്ളില്‍ കേരളത്തിന് മാത്രമായി ഒരു വനനയം രൂപികരിക്കുന്നതിന് പ്രേരകശക്തിയായി. ഒട്ടനവധി വനംവികസ പദ്ധതികള്‍ക്കും പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ ഉപദേശക സമിതി അധ്യക്ഷന്‍, ആലുവ കേരള വുഡ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍. ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കോഴിക്കോട് സര്‍വകലാശാലയിലെ വന വിജ്ഞാനീയ വകുപ്പിന്റെ സ്ഥാപക മേധാവിയും ഡോ. പി.എന്‍. നായര്‍ ആയിരുന്നു. വനവികസനം സംബന്ധിച്ച ഉന്നതതല സമിതികളിലും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റികളിലും അംഗത്വം വഹിച്ചിട്ടുമുണ്ട്.
അക്കാലം
സര്‍വീസില്‍നിന്ന് വിരമിച്ച് മൂന്നര പതിറ്റാണ്ട് തികഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മയില്‍ മൂന്നു പതിറ്റാണ്ടിന്റെ സേവനകാലം തെളിമയോടെയുണ്ട്. ആ കാലം സമ്മാനിച്ച ഓര്‍മകള്‍ അനുഭവങ്ങള്‍. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ അതികായരുമായുള്ള ബന്ധം. കൈയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍. കാലം സമ്മാനിച്ച കാടറിവുകള്‍. കാടുപോലെ ഓര്‍മകള്‍. ആ ഓര്‍മകളിലേക്ക് അദ്ദേഹം പതിയെ കടന്നു.
"ഔദ്യോഗിക ജീവിതത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പല പ്രമുഖന്‍മാരുമായും അടുത്ത് ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതില്‍ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും ഗവര്‍ണര്‍മാരുമൊക്കെ ഉള്‍പ്പെടും. അവരൊക്കെയും എന്റെ നിത്യസ്മരണയില്‍ ഉണ്ട്. രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, ആര്യാടന്‍ മുഹമ്മദ്, കെ.പി. നൂറുദ്ദീന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവരുമായൊക്കെ ഉണ്ടായിരുന്ന ബന്ധം. വ്യക്തിപരമായ പെരുമാറ്റ ശ്രേഷ്ഠതയും പ്രവര്‍ത്തന ശൈലിയുമൊക്കെയാണ് ഇവരിലൊക്കെ ഞാന്‍ കണ്ട വ്യക്തി വൈഭവം. മുഖ്യമന്ത്രിമാരില്‍ കെ. കരുണാകരനോട് ആയിരുന്നു എനിക്ക് ഏറ്റവും അടുപ്പം. 1963-ല്‍ കെ. കരുണാകരന്‍ മാളയില്‍നിന്ന് മത്സരിക്കുമ്പോള്‍ ഞാന്‍ റിട്ടേണിങ് ഓഫീസറായിരുന്നു. അന്നു തുടങ്ങിയ പരിചയം. സഹൃദയനാണ്. കാര്യങ്ങള്‍ മനസ്സിലാക്കി തീരുമാനം എടുക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. മരണം വരെയും അദ്ദേഹമെന്റെ സ്‌നേഹിതനായിരുന്നു. ഇ.കെ. നായനാരും അതുപോലെ തന്നെ. നര്‍മബോധവും ബുദ്ധിശക്തിയും പെരുമാറ്റരീതിയും... അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ഇടപഴകേണ്ടി വന്ന സാഹചര്യം ഞാന്‍ ഇന്നും മറന്നിട്ടില്ല. സൈലന്റ്‌വാലി വന്യജീവി സങ്കേതത്തെ ദേശീയോദ്യാനമാക്കി മാറ്റാനുള്ള തീരുമാനം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് കൈക്കൊണ്ടത്. പക്ഷേ, അവരുടെ ആകസ്മിക മരണത്തെ തുടര്‍ന്ന് ഉദ്ഘാടനം അനിശ്ചിതകാലത്തേക്ക് നീണ്ടുപോയി. പിന്നെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. 1985 സെപ്റ്റംബറില്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ചു. ആ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെക്കൊണ്ട് ദേശീയോദ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതിയിട്ടു. പരിസ്ഥിതിവാദികളും പ്രോജക്റ്റ് അനുകൂലികളും തമ്മില്‍ സൈലന്റ് വാലി വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന കാലമാണത്. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെടുത്തി 1985 സെപ്റ്റംബര്‍ ഏഴിലേക്ക് ഉദ്ഘാടനം നിശ്ചയിച്ചു. വിവാദങ്ങള്‍ ഉദ്ഘാടന വാര്‍ത്തയ്ക്ക് ശ്രദ്ധ നല്‍കി.
കെ. കരുണാകരനാണ് മുഖ്യമന്ത്രി. കെ.പി. നൂറുദ്ദീന്‍ വനംമന്ത്രിയും. സൈലന്റ് വാലിയുടെ ചുമതല ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. പക്ഷേ, വ്യക്തി ജീവിതത്തില്‍ സംഭവിച്ച ഒരു അത്യാഹിതത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അവധിയില്‍ പോകേണ്ടി വന്നു. അതോടെ ഉദ്ഘാടന മേല്‍നോട്ടം സര്‍ക്കാര്‍, ചീഫ് കണ്‍സര്‍വേറ്ററായ എന്നെ ഏല്‍പിച്ചു. ലഭ്യമായ ചെറിയ സമയത്തിനിടെ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണം. ഞാന്‍ അവിടെയെത്തി. കാര്യങ്ങളെല്ലാം താറുമാറായിക്കിടക്കുന്ന സ്ഥിതി. ഒന്നും എവിടെയും എത്തിയിട്ടല്ല. എങ്ങനെയൊക്കെയോ എല്ലാം തയ്യാറാക്കി. ഉദ്ഘാടനദിവസമെത്തി. പ്രധാനമന്ത്രി വന്നു. കൂടെ ഭാര്യ സോണിയ ഗാന്ധിയുമുണ്ട്. അദ്ദേഹം അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. കാര്യങ്ങള്‍ വിവരിച്ചുകൊടുക്കാന്‍ ഞാനും കൂടെയുണ്ട്. ചെറുപ്പമാണെങ്കിലും വലിയ ഗൗരവം പെരുമാറ്റത്തില്‍ സൂക്ഷിക്കുന്ന ആളായിരുന്നു അദ്ദേഹം.
കാഴ്ചകളൊക്കെ കണ്ട് ഉദ്ഘാടന വേദിക്കരികെയുള്ള ഫലകത്തിനടുത്ത് അദ്ദേഹമെത്തി. അതില്‍ അണിയിച്ചിരുന്ന തിരശ്ശീല ചൂണ്ടി ഇത് എന്തിനാണ് ഇവിടെ വച്ചിരിക്കുന്നത് എന്ന് ചോദിച്ചു. സര്‍ ഈ തിരശ്ശീല നീക്കിയാണ് അങ്ങ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. ഉദ്ഘാടനമോ എന്ത് ഉദ്ഘാടനം എന്നായി അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ ഉദ്ഘാടന വിവരം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടല്ല. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു ഉദ്ഘാടനത്തെപ്പറ്റി അദ്ദേഹം അറിഞ്ഞിട്ടില്ല എന്ന് വ്യക്തമായി. ഈ പിഴവ് അദ്ദേഹത്തോട് പറയുന്നതെങ്ങനെ. മുഖ്യമന്ത്രിയും വനംമന്ത്രിയും അവിടെയുണ്ട്. പക്ഷേ, കാര്യം ഞാന്‍ തന്നെ അദ്ദേഹത്തെ അറിയിക്കണമെന്ന് അവര്‍ പറഞ്ഞു.
ഒന്നാമതേ സൈലന്റ് വാലി ഒരു തര്‍ക്ക വിഷയമാണ്. പോരാത്തതിന് ഉദ്ഘാടന വിവരം എല്ലാ മാധ്യമങ്ങളിലും ഒന്നാം പേജില്‍ തന്നെ പരസ്യപ്പെടുത്തുകയും ചെയ്തു. എന്ത് ചെയ്യാന്‍. ഞാന്‍ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു... സര്‍... അങ്ങയുടെ ഓഫീസിലേക്ക് ഈ വിവരം കൈമാറുന്ന കാര്യത്തില്‍ ഒരു പിഴവ് സംഭവിച്ചു. തെറ്റ് മനസ്സിലാക്കുന്നു. പക്ഷേ, എങ്ങനെയെങ്കിലും അങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചാല്‍ അത് വളരെ ഉപകാരമാകും.. ഞാന്‍ ചെറിയൊരു പതര്‍ച്ചയോടെയാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണം എന്താകും എന്ന് അറിയില്ലല്ലോ. പക്ഷേ, അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ ചുമലില്‍ തട്ടി. എന്താ വേണ്ടതെന്ന് നിങ്ങള്‍ പറഞ്ഞാല്‍ മതി. ഞാന്‍ ചെയ്യാം എന്നു പറഞ്ഞ് അദ്ദേഹം ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസമാണ് അത്. രാജ്യത്തിന്റ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന ഒരാള്‍. ഒരു ജ്യേഷ്ഠസഹോദരനോടെന്നപോലെയാണ് അദ്ദേഹം അന്നെന്നെ പരിഗണിച്ചത്.
കാടിനൊരു കേന്ദ്രം
പീച്ചിയിലെ വന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വരാന്‍ കാരണമായത് ഡോ. പി.എന്‍. നായരുടെ ഇടപെടലുകളായിരുന്നു. കേരളത്തിലെ കാടുകളെപ്പറ്റി ആധികാരിക പഠനനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിനുള്ളില്‍ ഒരു പഠനകേന്ദ്രം എന്ന നിര്‍ദേശം മുന്നോട്ടു വച്ചതും തുടര്‍ന്നു വന്ന വെല്ലുവിളികളും അദ്ദേഹം ഓര്‍ക്കുന്നു.
"ഗവേഷണ രംഗത്ത് കുറേക്കാലം ഉണ്ടായിരുന്നതുകൊണ്ടാകാം നമ്മുടെ നാട്ടിലും ഒരു വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് വേണ്ടതല്ലേ എന്ന ചിന്ത എനിക്കുണ്ടായത്. ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് അക്കാലത്ത് ആ രംഗത്ത് ആകെയുണ്ടായിരുന്ന സ്ഥാപനം. 1906-ല്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ചതാണ്. പക്ഷേ, ഇന്ത്യ പോലെ ജൈവവൈവിധ്യത്തിന്റെ കലവറയായ ഒരു ദേശത്തിന് ഈ ഒരു വനഗവേഷണ കേന്ദ്രം കൊണ്ട് എന്ത് കാര്യം. ഹിമാലയത്തിലെ കാട് പോലെയാണോ സഹ്യാദ്രിയിലെ കാടുകള്‍. ഓരോ പ്രദേശത്തെയും മഴയും മഞ്ഞും മര്‍ദവും ഒക്കെ അടിസ്ഥാനമാക്കി കാടിന്റെ സ്വഭാവം മാറും. കേരളത്തിലെ കാടുകളെപ്പറ്റി ആധികാരികമായി പഠനം നടത്താന്‍ ഡെറാഡൂണിലെ ആ സ്ഥാപനം മതിയാകില്ല എന്നുതന്നെ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട് സമര്‍പ്പിച്ചു. ഞാന്‍ അതിനു വേണ്ടി വാദിച്ചു. അന്നത്തെ ചീഫ് കണ്‍സര്‍വേറ്റര്‍ അതിനെ എതിര്‍ത്തു. പക്ഷേ, ഞാന്‍ നിര്‍ദേശം ആവര്‍ത്തിച്ചു. എന്റെ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചു. കേന്ദ്രത്തിന്റെ പിന്തുണയും കിട്ടി. വിദഗ്ധ സംഘം റിപ്പോര്‍ട് പരിശോധിച്ചു. ഒടുവില്‍ സെക്രട്ടേറിയല്‍ മീറ്റിങ് കൂടി. എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ കാര്യകാരണ സഹിതം വിശദീകരിച്ചു. ഒടുവില്‍ എല്ലാവരും കൈയടിച്ചു. അച്യുത മേനോനാണ് അന്ന് മുഖ്യമന്ത്രി. അനുമതി ലഭിച്ചു. അങ്ങനെ പീച്ചിയില്‍ വനഗവേഷണ കേന്ദ്രം നിലവില്‍ വന്നു. സര്‍വീസ് ജീവിതത്തിലെ ഏറ്റവും ചാരിതാര്‍ഥ്യം നിറഞ്ഞ ഒരു അനുഭവമാണ് അത്."

വേണം കരുതല്‍
"സര്‍വീസ് ജീവിതത്തില്‍ കുടിയേറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. കോട്ടയം ഡി.എഫ്.ഒ. ആയിരുന്ന കാലത്ത്. തൊടുപുഴയില്‍ കുടിയേറ്റം നടക്കുന്ന പ്രദേശം സന്ദര്‍ശിക്കാന്‍ പോയി. കാട് കൈയേറി ആരാധനാലയങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. എങ്ങനെയും വനഭൂമി വെട്ടിത്തെളിക്കാനുള്ള നീക്കം. ആളുകള്‍ ചുറ്റും കൂടി. ഞാന്‍ എതിര്‍പ്പുകളും സമ്മര്‍ദവും കണക്കിലാക്കാതെ സത്യസന്ധമായ റിപ്പോര്‍ട്ട് തയ്യാറാക്കി. സത്യത്തിന്റെ ഭാഗത്ത് ഉറച്ചുനിന്നാല്‍ ആരെയും ഭയപ്പെടേണ്ട കാര്യമില്ല. വ്യക്തിപരമായി എന്റ സമ്പാദ്യം ആ നിലപാട് തന്നെയാണ്."
വനസംരക്ഷണത്തിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറയുന്നു. പേപ്പര്‍ പള്‍പ്പ്, റയോണ്‍ പള്‍പ്പ്, പ്ലൈവുഡ് ഇന്‍ഡസ്ട്രീസ്, റെയില്‍ വേ സ്ലീപ്പേഴ്‌സ്, ഇതിനൊക്കെ മരങ്ങള്‍ വേണം. ഗ്വാളിയോര്‍ റയോണ്‍സിനു വേണ്ടി ഒരുപാട് മരഭൂമി വെട്ടിത്തെളിച്ചിട്ടുണ്ട്. അവിടെയൊക്കെ യൂക്കാലിപ്റ്റസ് മരങ്ങള്‍ നട്ടു. പ്ലാന്റേഷനുകള്‍ വന്നു. പീരുമേട്ടിലും മൂന്നാറിലും വള്ളക്കടവിലുമൊക്കെയുള്ള മേച്ചില്‍സ്ഥലങ്ങളായ പുല്‍മേടുകളില്‍ യൂക്കാലി മരങ്ങള്‍ നിറഞ്ഞതും ഇങ്ങനെയാണ്. ഇന്‍ഡസ്ട്രി വളര്‍ന്നു. സ്വാഭാവിക വനം ഇല്ലാതായി. ഇതിനൊപ്പം വേട്ടക്കാരും കുടിയേറ്റക്കാരും. പുരോഗതിക്ക് വ്യവസായം വേണം. വ്യവസായത്തിന് വനം വേണം. പക്ഷേ, ഔചിത്യത്തോടെയുള്ള സമീപനമാണ് ഇവിടെ പ്രധാനം. തോന്നുംപോലെ കാട് തെളിക്കാം എന്നുള്ളതല്ല രീതി. വര്‍ക്കിങ് പ്ലാനും നിയമങ്ങളും ഉണ്ട്.
പ്ലാന്റേഷനുകള്‍ ഉണ്ടാക്കാന്‍ ഏതേതു കാടുകള്‍ ഉപയോഗിക്കണം എന്നുള്ളത് കാടിന്റെ സ്വഭാവം മനസ്സിലാക്കി തീരുമാനിക്കണം. പ്രാഥമിക തലത്തില്‍ അവബോധം ഉണ്ടാവണം. അത് ജനങ്ങള്‍ക്കും അധികാരിവര്‍ഗത്തിനും ഒരുപോലെ വേണം. ഓരോ ഫോറസ്റ്റ് ഡിവിഷനിലും വര്‍ക്കിങ് പ്ലാന്‍ അനുസരിച്ച് കൂപ്പുകള്‍ തിരിച്ചാണ് മരം മുറിക്കേണ്ടത്. പക്ഷേ, സാഹചര്യം അനുസരിച്ച് പ്ലാനില്‍നിന്ന് വ്യതിചലിക്കും. സര്‍ക്കാരിന്റേത് മൃദുസമീപനം ആണെങ്കില്‍ കാട് നശിച്ചുകൊണ്ടിരിക്കും. വനത്തിന്റെ അതിരുകള്‍ ഭദ്രമായിരിക്കണം. അല്ലെങ്കില്‍ കാടിന്റെ സന്തുലിതാവസ്ഥ തെറ്റും. അത് അപകടമാണ്... കാടിനോടുള്ള കരുതല്‍ നിറയന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകളില്‍.
എഴുത്തിലേക്ക്

പുതിയ പുസ്തകത്തിന്റെ എഴുത്ത് നാല്പതു കൊല്ലം മുമ്പ് തുടങ്ങിവച്ചതാണ്. അത് പൂര്‍ത്തിയാക്കിയത് ഇപ്പോഴാണെന്നുമാത്രം. വരുംതലമുറയ്ക്ക് കാടിനെപ്പറ്റി എന്തെങ്കിലുമൊക്കെ അറിവു വേണ്ടേ. അങ്ങനെ ഒരു ഉദ്ദേശ്യത്തോടെയാണ് എഴുതുന്നത്. കേരളത്തിലെ വനസസ്യങ്ങള്‍ എഴുതാന്‍ സി.എസ്. നായര്‍ എന്ന ഫോറസ്റ്റ് റേഞ്ചര്‍ എന്റെ സഹായി ആയിരുന്നു. അഞ്ച് വോള്യങ്ങളായി കേരളത്തിലെ എല്ലാ സസ്യജാലങ്ങളേയും ഉള്‍ക്കൊള്ളിക്കണം എന്നായിരുന്നു ലക്ഷ്യം. പക്ഷേ, അത് നടന്നില്ല. ഒറ്റ വോള്യം മാത്രമാണ് പുറത്തിറക്കാനായത്. കേരളത്തില്‍ കാണപ്പെടുന്ന നാനൂറോളം സസ്യ ഇനങ്ങളുടെ സമഗ്രവിവരങ്ങള്‍ രേഖാചിത്രങ്ങള്‍ സഹിതം അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലം അനുവദിച്ചാല്‍ ഇനിയും എഴുതും. എത്ര എഴുതിയാലും തീരാത്ത അറിവിന്റെ കടല്‍ ആണ് കാട്. അദ്ദേഹം പറഞ്ഞു നിര്‍ത്തി.
Content Highlights: Dr P N Nair interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..