അച്യുതന്‍ മാഷ്- പരിസ്ഥിതിക്കായി ഒരു സമരജീവിതം


ഡോക്ടർ എ. അച്യുതൻ | ഫോട്ടോ: കെ. കെ. സന്തോഷ് / മാതൃഭൂമി

പാരിസ്ഥിതികമായ സന്തുലനത്തെ തകര്‍ക്കുന്ന 'വികസനസ്വപ്‌നങ്ങള്‍'ക്കും വ്യവസായവത്കരണത്തിനും എതിരെ കൃത്യവും സൂക്ഷ്മവും ശാസ്ത്രീയവുമായ അന്വേഷണപഠനങ്ങളുടെ വെളിച്ചത്തില്‍ വിമര്‍ശകനായി എത്തിയിരുന്ന ഡോക്ടര്‍ എ. അച്യുതന്‍ കേരളത്തിന്റെ സാമൂഹിക-പാരിസ്ഥിതികരംഗത്തെ ശക്തമായ സാന്നിധ്യമായിരുന്നു. ജീവനും ജീവിതത്തിനും വെല്ലുവിളിയാകുന്ന ഏതുവിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുധീരം ശബ്ദമുയര്‍ത്തിയിരുന്ന ഡോ. അച്യുതന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത് തന്നെ ചാര്‍ട്ടേഡ് ആര്‍ക്കിടെക്റ്റ് എന്നായിരുന്നു. മലിനീകരണം, ശുചീകരണം, ജലം, ഗതാഗതം, ഊര്‍ജ്ജം- വിഷയം സാമൂഹികമോ പാരിസ്ഥിതികമോ ആവട്ടെ നാമനുഭവിക്കാനിടയുള്ള ഗുരുതരപ്രശ്‌നങ്ങള്‍ ഡോ. എ. അച്യുതന്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനത്തിന് ഭീഷണിയാകുമായിരുന്ന അനവധി വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉയര്‍ന്നുകേട്ട ശബ്ദങ്ങളില്‍ മുന്നിട്ടുനിന്നത് ഡോ. അച്യുതന്റേതായിരുന്നു. ചിലയവസരങ്ങളില്‍ ജനങ്ങളെ ബോധവത്കരിച്ചും മറ്റുചിലപ്പോള്‍ അധികാരവര്‍ഗത്തെ വിമര്‍ശിച്ചും കേരളത്തിന്റെ പാരിസ്ഥിതികമേഖലയില്‍ സജീവസാന്നിധ്യമായി പ്രവര്‍ത്തിക്കുകയും അതിലുപരിയായി ജീവിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ഡോ. അച്യുതന്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുടെ ചില നയങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു. തന്റെ പ്രത്യയശാസ്ത്രം ഇടതാണെന്നും എന്നാല്‍ താനൊരു അരാഷ്ട്രീയവാദിയാണെന്നും അദ്ദേഹം പറയുമായിരുന്നു. രാഷ്ട്രീയരംഗത്തോട് താത്പര്യമില്ലാതിരുന്നതിനാല്‍ തന്നെ ഏതൊരു രാഷ്ട്രീയകക്ഷിയേയും അവരുടെ അന്യായമായ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിനെ പോലെ തനിക്കും യാതൊരുവിധ രാഷ്ട്രീയ ബന്ധങ്ങളിലെന്ന് ഡോ. അച്യുതന്‍ ആവര്‍ത്തിച്ചിരുന്നു. സാമൂഹികപ്രസക്തമായ വിഷയങ്ങളില്‍ ആത്മാര്‍ഥമായും അചഞ്ചലമായും ഇടപെടാന്‍ സ്വന്തം നിലപാടുകള്‍ അദ്ദേഹത്തിന് എക്കാലവും ധൈര്യം പകര്‍ന്നു.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായുള്ള സഹവര്‍ത്തിത്വമാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളേക്ക് ഡോ. അച്യുതനെ നയിച്ചത്. പാരിസ്ഥിതിക വിഷയങ്ങളെ കുറിച്ച് അടുത്തറിയാന്‍ ഇത് അദ്ദേഹത്തിന് അവസരം നല്‍കി. പൊതുമരാമത്ത് വകുപ്പില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഡോ. അച്യുതന്‍ ശുചീകരണവുമായി ബന്ധപ്പെട്ട് ഐസിഎംആറില്‍ ഗവേഷണം നടത്തിയിരുന്നു. അക്കാലത്ത് സഹപ്രവര്‍ത്തകര്‍ തന്നെ ടോയ്‌ലെറ്റ് എന്‍ജിനീയര്‍ എന്ന് വിളിച്ച് പരിഹസിക്കുമായിരുന്നതായി ദ ന്യൂ ഇന്ത്യന്‍എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ഓര്‍മിച്ചിരുന്നു. പാരിസ്ഥിക പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേക്ക് ഡോ. അച്യുതനെ എത്തിച്ചത് 1970 കളിലെ സൈലന്റ് വാലി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു.

ഡോ. എ. അച്യുതന്‍ സുഗതകുമാരിക്കൊപ്പം സൈല്‍റ് വാലിയില്‍ | ഫോട്ടോ:സി.ആര്‍. ഗിരീഷ് കുമാര്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്‌സസ് ഓഫ് എനര്‍ജിയില്‍ അംഗവും കോഴിക്കോട് റീജണല്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അധ്യാപകനുമായിരുന്നു അക്കാലത്ത് ഡോ. അച്യുതന്‍. സൈലന്റ് വാലിയിലെ ജലവൈദ്യുതി പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് കാണാനിടയായത് അദ്ദേഹത്തിന്റെ ഉള്ളിലെ സാമൂഹിക-പാരിസ്ഥിതിക ബോധത്തിന് ആക്കം കൂട്ടി. സൈലന്റ് വാലിയിലെ ജലവൈദ്യുത പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കാനുള്ള ലക്ഷ്യത്തിലായിരുന്നു സംസ്ഥാനസര്‍ക്കാര്‍. നിയമസഭയിലെ 141 എംഎല്‍എമാരും പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരുദ്യാഗസ്ഥനായതു കൊണ്ടുമാത്രം സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കാന്‍ ഡോ. അച്യുതന് സാധിക്കുമായിരുന്നില്ല. എം.കെ. പ്രസാദ്, എം.പി. പരമേശ്വരന്‍, വി.കെ. ദാമോദരന്‍, ശ്യാമ സുന്ദരന്‍ നായര്‍ എന്നീ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ശാസ്ത്ര സാഹിത്യ പരിഷത്തിനുമൊപ്പം ഡോ. അച്യുതനും സൈലന്റ് വാലി പ്രതിഷേധസമരങ്ങളുടെ ഭാഗമായി. പിന്നീട് കേരളത്തില്‍ നടന്ന നിരവധി പരിസ്ഥിതി സംരക്ഷണ സമരങ്ങളുടെ മുനിനിരയിലേക്കുള്ള ഡോ. അച്യുതന്റെ യാത്ര ആരംഭിച്ചത് സൈലന്റ് വാലിയില്‍ നിന്നായിരുന്നു.

പ്ലാച്ചിമട, ജീരകപ്പാറ, മാടായിപ്പാറ, മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ്...സമരങ്ങളുടെ നിര നീണ്ടു. കോഴിക്കോട് ഞെളിയന്‍പറമ്പ് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെയുള്ള സമരത്തിന് ചുക്കാന്‍ പിടിച്ചതും ഡോ. അച്യുതനായിരുന്നു. ഗാഡിഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഡോ. അച്യുതന്‍ ശക്തിയുക്തം ആവശ്യപ്പെട്ടിരുന്നു. കാസര്‍കോടിലുണ്ടായ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണ കമ്മിഷന്റെ ചെയര്‍മാനായിരുന്ന ഡോ. അച്യുതന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിസികെ പ്ലാന്റേഷന്‍സ് അടച്ചുപൂട്ടിയത്.

യുഎസിലെ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും മദ്രാസ് ഐഐടിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ ഡോ. അച്യുതന്റെ ഔദ്യോഗികജീവിതം ഒട്ടും സ്ഥായിയായിരുന്നില്ല. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്ററായായിരുന്നു അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. തിരുവനന്തപുരം, തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജുകളിലും കോഴിക്കോട് ആര്‍ഇസിയിലും അദ്ദേഹം അധ്യാപകനായി പ്രവര്‍ത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ ഉള്‍പ്പെടെ നിരവധി അക്കാദമിക് സ്ഥാനങ്ങള്‍ ഡോ. അച്യുതന്‍ അലങ്കരിച്ചു. അദ്ദേഹത്തിന്റെ അധ്യാപന ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത, ഒരു പക്ഷെ കേരളചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് ഒരിക്കലും മായാത്ത സംഭവമാണ് രാജന്‍ കേസ്. ആര്‍ഇസിയില്‍ ഡോ. അച്യുതന്റെ വിദ്യാര്‍ഥിയായിരുന്നു രാജന്‍.

1952 മുതല്‍ കോഴിക്കോട് താമസിച്ചുവന്നിരുന്ന ഡോ. അച്യുതന്‍ വിടപറഞ്ഞതും കോഴിക്കോടാണ്. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂരില്‍ സബ്. രജിസ്ട്രാര്‍ ആയിരുന്ന ഇക്കണ്ടവാര്യരുടേയും മാധവി വാരസ്യാരുടേയും മകനായി 1933 ഏപ്രില്‍ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. കേരള സാഹിത്യ അക്കാദമിയുടെ 2014-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ച പരിസ്ഥിതി പഠനത്തിന് ഒരാമുഖം ഉള്‍പ്പെടെ പത്ത് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹം രചിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും കോഴിക്കോട് ജില്ലാ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പരിസ്ഥിതി സമരങ്ങളുടെ മുന്‍നിര സ്വരമാണ് വിടപറഞ്ഞകലുന്നത്. എങ്കിലും ആ സ്വരമുയര്‍ത്തിയ പ്രതിധ്വനികള്‍ എക്കാലവും ഓര്‍മിക്കപ്പെടും.

Content Highlights: Dr. A. Achuthan, Eminent conservationist, environmental activist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented