വനമില്ലാത്ത ലക്ഷദ്വീപിലെ വനവിസ്തൃതി 90 ശതമാനം, കേരളത്തിൽ 55; പിഴച്ചത് കണക്കോ കണക്കെടുപ്പ് രീതിയോ?


എം.എം. സചീന്ദ്രന്‍



"കേരളത്തില്‍ 1991ല്‍ വനാവരണം 26.48ശതമാനമായിരുന്നു. ഇന്നത് 54.74 ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നുമാത്രമല്ല, വനവിസ്തൃതി വീണ്ടും വര്‍ദ്ധിച്ച് 75 ശതമാനംവരെ എത്താന്‍ ഇടയുണ്ട് എന്നുമാണ് ഏറ്റവും പുതിയ ഡാറ്റ മുന്‍നിര്‍ത്തിയുള്ള വാദം. എന്നുവെച്ചാല്‍ നാടിനേക്കാള്‍ കൂടുതലാണ് കാടെന്ന്! നാട്ടിലാകെ കാടുകേറിയെന്ന്. അതെങ്ങനെ ശരിയാകും?"

Representative Image/Photo- Anu prasanth

കാടെവിടെ മക്കളേ എന്നു കരഞ്ഞുവിളിച്ച മലയാളകവിത ഇനി നാടെവിടെ മക്കളേ എന്നു വേവലാതിപ്പെടേണ്ടി വരുമോ? ഏറെക്കാലമായി വികസനപ്രവര്‍ത്തനങ്ങളും ആധുനിക ജീവിതവും വനംകയ്യേറലും കാരണം കേരളത്തിന്റെ വനഭൂമി കുറഞ്ഞു വരികയാണ് എന്ന വേവലാതിയാണല്ലോ നമ്മുടെ നാട്ടിലെ പരിസ്ഥിതിപ്രവര്‍ത്തകരും ഒരുകൂട്ടം കവികളുമൊക്കെ പലപല മാധ്യമങ്ങളിലൂടെ സമൂഹത്തിലേയ്ക്കു പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പരിസ്ഥിതിയുടെ രാഷ്ട്രീയം കറങ്ങിക്കൊണ്ടിരിക്കുന്ന അച്ചുതണ്ടാണ് വനനശീകരണത്തെയും വനം കൈയേറ്റത്തെയും കുറിച്ചുള്ള ഇത്തരം ആശങ്കകള്‍. കേരളത്തിന്റെ കാലവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍- പ്രത്യേകിച്ചും മഴ കുറയുന്നതും ചിലപ്പോള്‍ മഴ കൂടുന്നതും, കാലംതെറ്റിയും അളവുതെറ്റിയും തോന്നിയപോലെ മഴ പെയ്യുന്നതും, അതുവഴി സംഭവിക്കുന്ന പ്രളയങ്ങളും മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉടനെയുണ്ടാകുന്ന വരള്‍ച്ചയും അടക്കമുള്ള എല്ലാ ദുരന്തങ്ങളും വനനശീകരണത്തിന്റെയും വനമേഖല കയ്യേറുന്നതിന്റെയും കേന്ദ്രബിന്ദുവിനു ചുറ്റുമാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്.

1959ലെ എക്കണോമിക് റവ്യൂ പ്രകാരം കേരളത്തിലെ വനവിസ്തൃതി, 24,33000 ഏക്കര്‍ അഥവാ 9846 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയിരുന്നു. അത് കേരളത്തിലെ ആകെയുള്ള ഭൂവിസ്തൃതിയുടെ 25.8 ശതമാനം വരുമായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടി, കേരളം രൂപീകരിക്കപ്പെട്ട ഉടനെയുണ്ടായിരുന്ന വനവിസ്തൃതിയില്‍നിന്ന് നമ്മളിപ്പോള്‍ ഏറെ പുറകോട്ടു പോയിരിക്കുന്നു എന്നും, വനത്തിന്റെ, പ്രത്യേകിച്ചും നിബിഡവനത്തിന്റെ അളവ് ക്രമാതീതമായി കുറയുകയാണ് ചെയ്യുന്നത്, തുടങ്ങിയ വേവലാതികളിലായിരുന്നു കേരളത്തിന്റെ പാരിസ്ഥിതികമായ അവബോധം വേരുറപ്പിച്ചത്.

എന്നാല്‍ കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ 2021ലെ ഫോറസ്റ്റ് സര്‍വേയനുസരിച്ച് കേരളത്തിലെ വനവിസ്തൃതി, ആകെയുള്ള ഭൂവിസ്തൃതിയുടെ 54.74 ശതമാനമാണ്. കേരളത്തില്‍ 1991ല്‍ വനാവരണം 26.48ശതമാനമായിരുന്നു. ഇന്നത് 54.74 ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നുമാത്രമല്ല, വനവിസ്തൃതി വീണ്ടും വര്‍ദ്ധിച്ച് 75 ശതമാനംവരെ എത്താന്‍ ഇടയുണ്ട് എന്നുമാണ് ഏറ്റവും പുതിയ ഡാറ്റ മുന്‍നിര്‍ത്തിയുള്ള വാദം. എന്നുവെച്ചാല്‍ നാടിനേക്കാള്‍ കൂടുതലാണ് കാടെന്ന്! നാട്ടിലാകെ കാടുകേറിയെന്ന്. അതെങ്ങനെ ശരിയാകും? എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്?

1957 മുതല്‍ കേരളത്തില്‍ നടക്കുന്ന പാരിസ്ഥിതിക പ്രചരണങ്ങളുടെയും അതുവഴി സംഭവിച്ച വനവിസ്തൃതിയുടെയും ഫലമായിട്ടാണ് ഈ വര്‍ദ്ധനവ് എന്നാണ് ഇതിനെക്കുറിച്ചുള്ള ഒരു വിശദീകരണം. ഇത്തരമൊരു വിശദീകരണം ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കു മാത്രമല്ല, ഇതിനുമുമ്പ് കേരളം ഭരിച്ച സര്‍ക്കാറുകള്‍ക്കൊക്കെയും ആശ്വാസം നല്കും. തങ്ങള്‍ വനം കൊള്ളയടിക്കുകയായിരുന്നു എന്നു സമൂഹവും മാധ്യമങ്ങളും പ്രചരിപ്പിച്ചപ്പോഴും യഥാര്‍ത്ഥത്തില്‍ തങ്ങള്‍ വനം വികസിപ്പിക്കുകയായിരുന്നു എന്ന് ഇനിമുതല്‍ പുരപ്പുറത്തു കയറിനിന്നു വിളിച്ചു പറയാമല്ലോ! വനം വികസിച്ചു വികസിച്ചു നാടു കയ്യേറുകയാണ് എന്നും, അങ്ങനെ കേരളത്തിലെ മനുഷ്യരുടെ ഭൂരിഭാഗം സ്ഥലവും കയ്യടക്കി വനം ക്രമാതീതമായി വികസിക്കുന്നതുകൊണ്ടാണ് വന്യജീവികള്‍ നാട്ടിലേയ്ക്കിറങ്ങി കൃഷി നശിപ്പിക്കുകയും നാട്ടുകാരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്നത് എന്നുമാണ് ഈ ഡാറ്റാവിശകലനത്തിന്റെ തുടര്‍ച്ച. ഇത്രയൊന്നും കാട് ആവശ്യമില്ലല്ലോ, അതുകൊണ്ട് കുറേ കാടു കയ്യേറി നാടാക്കിയാലെന്താ എന്നൊരു ചിന്തയും ഇതിന്റെ തുടര്‍ച്ചതന്നെ. ഇന്ത്യയില്‍ വനവിസ്തൃതി വര്‍ദ്ധിച്ച അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ കേരളമെന്നും, വനംകൊള്ളക്കാരുടെയും മാഫിയകളുടെയും കുരുക്ക് തകര്‍ക്കാന്‍ കഴിഞ്ഞതും വനവത്കരണം ഫലവത്തായി നടപ്പിലാക്കിയതുമാണ് ഇതിനു കാരണം എന്നും സര്‍ക്കാരും അവരെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങളും പുളകിതരാകുന്നുമുണ്ട്.

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പടെയുള്ള വിവിധ സംഘടനകളും, പരിസ്ഥിതിപ്രവര്‍ത്തകരും, കവികളുമൊക്കെ തികച്ചും അശാസ്ത്രീയമായ രീതിയില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തി നാടിനെ പിന്നോട്ടടിപ്പിക്കുകയാണ് എന്നും, അതുവഴി സര്‍ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നു എന്നും, വികസനത്തെ തടസ്സപ്പെടുത്തുന്നതുവഴി ഇക്കൂട്ടര്‍ ജനങ്ങളുടെ സുഖജീവിതം അസാധ്യമാക്കുന്നു എന്നും, നാടാകെ കാടുകേറി നശിക്കുന്നുവെന്നും, കാട്ടുമൃഗങ്ങള്‍ പെരുകി നാട്ടില്‍ മനുഷ്യര്‍ക്ക് പൊറുതിമുട്ടുന്നു എന്നും തുടങ്ങി, ഇക്കൂട്ടര്‍തന്നെയാണ് പ്രധാനമായും സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത് എന്നതിനാല്‍ പൊളിഞ്ഞു പാളീസായ ഇവരുടെ വനരോദനം സില്‍വര്‍ലൈനിന് അനുകൂലമാക്കിയെടുക്കാന്‍ പറ്റുമോ എന്ന ചിന്തയും തകൃതിയായി നടക്കുന്നുണ്ട്.എന്നാല്‍, കേരളത്തിന്റെ വടക്കോട്ടും തെക്കോട്ടും - പ്രത്യേകിച്ച് വയനാടും ഇടുക്കിയും മൂന്നാറും പോലുള്ള പ്രദേശങ്ങളിലേയ്ക്ക്- യാത്രചെയ്യുന്നവര്‍ക്ക് കേന്ദ്രപരിസ്ഥിതിവകുപ്പിന്റെ അവകാശവാദങ്ങള്‍ ദഹിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. പലപ്പോഴായി കേരളത്തില്‍ ഭരണം നടത്തിയ സര്‍ക്കാറുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച രേഖകളിലുള്ള വിവരങ്ങളും, കേരളത്തില്‍ വനമേഖല വികസിച്ചുവരുന്നു എന്നും അത് നാടിനേക്കാള്‍ കൂടുതലാണ് എന്നുമുള്ള അവകാശവാദങ്ങളെ തുണയ്ക്കുന്നവയല്ല.

1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമിയില്‍ നടന്ന കയ്യേറ്റങ്ങളെ നിയമപരമായി ക്രമപ്പെടുത്താന്‍ ഇനിയും ബാക്കിയുണ്ടോ എന്ന് പതിനാലാം നിയമസഭയുടെ പത്താം സമ്മേളനത്തില്‍ ഒരു ചോദ്യമുണ്ടായിരുന്നു. അന്നത്തെ വനംവകുപ്പുമന്ത്രി കെ. രാജുവാണ് 3-4-2018ന് ആ ചോദ്യത്തിനു മറുപടി നല്കിയത്. നിയമസഭയില്‍ എഴുതി നല്കിയ ആ മറുപടിയില്‍ അദ്ദേഹം വിശദീകരിച്ചത്, വനംവകുപ്പില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 1-1-1977ന് മുമ്പു നടന്ന വനം കയ്യേറ്റത്തില്‍ ഉദ്ദേശം 5668 ഹെക്ടര്‍ വനഭൂമി ഇനിയും നിയമപരമായി ക്രമപ്പെടുത്താന്‍ ബാക്കിയുണ്ട് എന്നായിരുന്നു.

അതേ നിയമസഭയുടെ പതിനാലാം സമ്മേളനത്തില്‍ ചോദിച്ച മറ്റൊരു ചോദ്യത്തിന് 30-1-2019ല്‍ എഴുതി അവതരിപ്പിച്ച മറുപടിയനുസരിച്ച് 1977 ജനുവരി ഒന്നിനുശേഷം കേരളത്തില്‍ ആകെ 11917 ഹെക്ടറിലധികം വനഭൂമി കയ്യേറിയിട്ടുണ്ട്. ഇതില്‍ 4628 ഹെക്ടര്‍ മാത്രമാണ് ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചത്. മാത്രമല്ല, വനം കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടു എന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായും മന്ത്രി നിയമസഭയില്‍ സമ്മതിക്കുന്നുണ്ട്. ടൂറിസം മേഖലയായ മൂന്നാര്‍ കോന്നി, കോതമംഗലം റേഞ്ചുകളിലാണ് കൂടുതല്‍ വനംകയ്യേറ്റം നടന്നിട്ടുള്ളത് എന്നും സി ആന്റ് ജീ റിപ്പോര്‍ട്ടില്‍ പരാര്‍ശിക്കുന്നതായി പറഞ്ഞിരിക്കുന്നു.

1.1.1977ന് ശേഷം നടന്ന കയ്യേറ്റങ്ങളില്‍ ഇനിയും ഒഴിപ്പിക്കാന്‍ അവശേഷിക്കുന്നത് 7289 ഹെക്ടര്‍ വനഭൂമിയാണെന്നും, ഇതില്‍ 1100 ഹെക്ടര്‍ മൂന്നാര്‍ ഡിവിഷനിലും, 148 ഹെക്ടര്‍ കോതമംഗലം ഡിവിഷനിലും, 11 ഹെക്ടര്‍ കോന്നി ഡിവിഷനിലും ആണെന്നും പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു. ഇതു കൂടാതെ, മുമ്പു പറഞ്ഞ 7289 ഹെക്ടറില്‍ ഉള്‍പ്പെടാത്ത കോതമംഗലം ഡിവിഷനിലെത്തന്നെ കാളിയാര്‍ റെയ്ഞ്ചിലെ 310 ഹെക്ടര്‍ വനഭൂമിയിലെ കൈയേറ്റവും സി ആന്റ് ജീ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി നിയമസഭാരേഖകളില്‍ പറയുന്നുണ്ട്.

വനം കയ്യേറ്റവുമായി ബന്ധപ്പെട്ട് തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് മൂവ്‌മെന്റും വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സൊസൈറ്റിയും ഫയല്‍ ചെയ്തിട്ടുള്ള രണ്ടു കേസുകളില്‍ ഒക്‌ടോര്‍ബര്‍ 2015ന് കേരളാ വനംവകുപ്പ് ഫയല്‍ ചെയ്തിരിക്കുന്ന എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്ന പ്രകാരം ഏറ്റവും കൂടുതല്‍ വനംകയ്യേറ്റം നടന്നിട്ടുള്ളത് മൂന്നാര്‍ ഡിവിഷനിലും (3189 ഹെക്ടര്‍), മണ്ണാര്‍ക്കാട് ഡിവിഷനിലും (2789 ഹെക്ടര്‍) വയനാട് സൗത്ത് ഡിവിഷനിലും (1259 ഹെക്ടര്‍) ആണ്. അതേപോലെ ഏറ്റവും കൂടുതല്‍ വനം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ബാക്കിയുള്ളത് മണ്ണാര്‍ക്കാട് ഡിവിഷനിലും, (2700 ഹെക്ടര്‍), വയനാട് സൗത്ത് ഡിവിഷനിലും (1202 ഹെക്ടര്‍), മൂന്നാര്‍ ഡിവിഷനിലും (1100 ഹെക്ടര്‍) ആണ്. വനഭൂമിയും റവന്യൂഭൂമിയും തമ്മില്‍ ജണ്ട കെട്ടി തിരിക്കാത്തതാണ് കയ്യേറ്റങ്ങളെ സഹായിച്ചതെന്നും ഇതേ മറുപടിയില്‍ വനംവകുപ്പ് സമ്മതിക്കുന്നുണ്ട്.

യുനെസ്‌കോയുടെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കപ്പെട്ട അഗസ്ത്യാര്‍കൂടം വനമേഖലയില്‍പ്പെട്ട ബോണക്കാട്ടും ഇടുക്കിയിലെ പാപ്പാത്തിച്ചോലയിലും വനഭൂമിയില്‍ കുരിശുകള്‍ നാട്ടിയാണ് കയ്യേറ്റം നടക്കുന്നത് എന്ന് നേരത്തേ പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. അഗസ്ത്യാര്‍ കൂടത്തിലെ ബോണക്കാട്ട് വനത്തിനുള്ളില്‍ 16 കുരിശുകളാണത്രേ കണ്ടെത്തിയത്! കറിച്ചട്ടിമലയില്‍ 15 വര്‍ഷംമുമ്പ് ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ മറവിലാണ് കുരിശുനാട്ടലും കയ്യേറ്റശ്രമവും നടക്കുന്നത്. ആദ്യകാലങ്ങളില്‍ മരക്കുരിശുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ ഇപ്പോള്‍ അവയ്ക്കു പകരം സ്ഥിരരൂപത്തിലുള്ളവ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നതുതന്നെ കുരിശുമല എന്ന പേരിലാണത്രേ! മലയുടെ ഏറ്റവും മുകളിലായി ആള്‍ത്താരയും നിര്‍മ്മിച്ചിരിക്കുന്നു. ബോണക്കാട്ടേയ്ക്ക് എത്തുന്നവരെ വനംവകുപ്പിന്റെ ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയാണ് മുകളിലേയ്ക്കു പറഞ്ഞു വിടുന്നത്. പരിശോധനയുടെ ഈ കടമ്പയും കടന്നെത്തിയവരാണ് ബോണക്കാട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അതിനര്‍ത്ഥം മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കയ്യേറ്റങ്ങള്‍ വനമേഖലയില്‍ ഇപ്പോഴും വ്യാപകമാണ് എന്നുതന്നെ.

സംസ്ഥാനത്താകെ 12415. 896 ഹെക്ടര്‍ വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 261 കേസുകള്‍ നിലവിലുണ്ട് എന്നും, 43727.89 ഏക്കര്‍ വനം കാട്ടുതീയില്‍ നശിച്ചതായും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ വനഭൂമിയില്‍ കയ്യേറ്റവും വനനശീകരണവും നടന്നിട്ടും കേരളത്തില്‍ വനവിസ്തൃതി ക്രമാതീതമായി വര്‍ദ്ധിക്കാന്‍ എന്നായിരിക്കും കാരണം?

ഒരു ഉദാഹരണം പറഞ്ഞാല്‍ കാര്യം എളുപ്പത്തില്‍ മനസ്സിലാകും. ലക്ഷദ്വീപില്‍ വനം ഇല്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. 1991ലെ കണക്കുപ്രകാരം ലക്ഷദ്വീപില്‍ സ്വാഭാവികമായും വനാവരണം പൂജ്യമായിരുന്നു. എന്നാല്‍ 2001 ലെ കണക്കുപ്രകാരം ലക്ഷദ്വീപില്‍ ആകെയുള്ള ഭൂവിസ്തൃതിയുടെ 85.91 ശതമാനം വനമായിമാറി. 2021ല്‍ വനവിസ്തൃതി വീണ്ടും വര്‍ദ്ധിച്ച് ആകെയുള്ള ഭൂവിസ്തൃതിയുടെ 90.33 ശതമാനമായിരിക്കുന്നു! എന്നാല്‍ ലക്ഷദ്വീപില്‍ ഇപ്പോഴും വനമില്ല എന്ന് അവിടത്തുകാര്‍ക്കറിയാം. പിന്നെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഡാറ്റയനുസരിച്ച് തൊണ്ണൂറു ശതമാനത്തിലധികം വനമെന്നു കാണിക്കുന്നത്? ഉത്തരം വളരെ ലളിതമാണ്. വനവിസ്തൃതി അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയിലും പരിഗണനയിലും വരുന്ന മാറ്റമാണ് നാടിനെക്കൂടി കാടാക്കി അടയാളപ്പെടുത്തുന്നത്. ലക്ഷദ്വീപിലെ തെങ്ങുകളാകെ ഇപ്പോള്‍ വനത്തിന്റെ കണക്കിലാണ് പെടുത്തിയിരിക്കുന്നത് എന്നര്‍ത്ഥം. പുതിയ കണക്കെടുപ്പുരീതിയനുസരിച്ച് വനവും പ്ലാന്റേഷനും മാത്രമല്ല വനാവരണത്തില്‍ വരുന്നത് എന്നര്‍ത്ഥം. നമ്മുടെ നാട്ടിലെ പ്ലാവും മാവും തെങ്ങും കവുങ്ങുമൊക്കെ വനമായി കണക്കുകൂട്ടിയാണ് പുതിയ സാങ്കേതികവിദ്യകള്‍ വനാവരണത്തെ അടയാളപ്പെടുത്തുന്നത്. അതുകൊണ്ടാണ് കേരളത്തിന്റെ ആകെയുള്ള ഭൂവിസ്തൃതിയുടെ പകുതിയിലധികവും വനമാണെന്നും വനമേഖല കൃമാതീതമായി വര്‍ദ്ധിച്ചുവരികയാണ് എന്നുമൊക്കെ കണക്കുകള്‍ കാണിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇന്നത്തെ സാങ്കേതികവിദ്യയും വനത്തിന്റെ നിര്‍വചനവും വെച്ച് 1957ല്‍ സര്‍വേ നടത്തിയിരുന്നുവെങ്കില്‍ ഇന്നു കാണിക്കുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ വനാവരണമായിരിക്കും അന്നുണ്ടായിരിക്കുക. വനനശീകരണത്തെക്കുറിച്ചും വനം കൈയേറ്റത്തെക്കുറിച്ചുമുള്ള നമ്മുടെ വേവലാതികള്‍ അപ്പാടെ അവസാനിക്കാന്‍ കാലമായിട്ടില്ല എന്നര്‍ത്ഥം.

എഴുത്തുകാരനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനുമാണ് ലേഖകന്‍

Content Highlights: decrease in forest area

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented