മരം മുറി പാപമല്ല, പരിസ്ഥിതി വിരുദ്ധവുമല്ല; രീതിയാണ് പ്രശ്‌നം


വിജയകുമാർ ബ്ലാത്തൂർകാർബൺ ബഹിർഗമനം തടയാൻ അവ ജീർണ്ണിക്കുന്നതിനു മുമ്പേ തന്നെ മരങ്ങളെ നല്ല പലകകള്‍ ആയി ഈര്‍ന്ന് പല ഉപകരണങ്ങളും നിര്‍മ്മാണസമഗ്രിയായും  ഉപയോഗിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ മരം മുറിക്കുന്നത് എന്തോ കുറ്റകൃത്യമായ പാപബോധത്തോടെ കരുതുന്നവരെ തിരുത്തലും  പ്രകൃതി സംരക്ഷണത്തില്‍ പ്രധാനമാണ്.

അതിജീവിച്ച നീർകാക്കകളിലൊന്ന് | ഫോട്ടോ : അജിത് ശങ്കരൻ

തിരൂരങ്ങാടിക്കടുത്തുള്ള വി കെ പടിയില്‍ ഹൈവേ ആറുവരിയാക്കുന്നതിന്റെ ഭാഗമായി പഴയ റോഡരികിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്ന പണിക്കിടയിലാണ് വളരെ വേദനാജനകമായ സംഭവം കഴിഞ്ഞ ദിവസം ഉണ്ടായത്. നിറയെ നീര്‍പക്ഷികളുടെ കൂടുകളുണ്ടായിരുന്ന ഒരു പുളിമരം ജെ സി ബി ഉപയോഗിച്ച് മറിച്ചിട്ടപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയി. അടയിരുന്ന പക്ഷികള്‍ക്ക് രക്ഷപ്പെടാന്‍ പോലും പറ്റിയില്ല. കൂട്ടിലെ മുട്ടകളും പറക്കമുറ്റാത്ത നൂറുകണക്കിന് കുഞ്ഞുങ്ങളും റോഡില്‍ ചത്ത്ചിതറുന്ന വീഡിയോ കാഴ്ച വളരെ സങ്കടകരം തന്നെയായിരുന്നു. നാട്ടുകാരിലും ആ കാഴ്ച സോഷ്യല്‍ മീഡിയകളിലൂടെ കണ്ട ആളുകളിലും പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. ഷെഡ്യൂള്‍ 4 ല്‍ പെടുന്ന ഈ പക്ഷിയെയും മുട്ടയേയേയും നശിപ്പിക്കുന്നത് വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകൃത്യം ആണ്. ജെ സി ബി ഡ്രൈവര്‍ക്കെതിരെ വനം വകുപ്പ് കേസ് എടുത്തു എന്നാണറിയുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ചെറിയ നീര്‍കാക്ക എന്ന് വിളിക്കുന്ന (little cormorant ) പക്ഷികളാണ് ആ കൂടുകളില്‍ ഭൂരിഭാഗവും ഉണ്ടായിരുന്നത്. കൂടെ കൊക്കുകളും കുളകൊക്കുകളും കൂടി ഉണ്ടായിരുന്നു. മുന്‍പ് Phalacrocorax niger എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെട്ടിരുന്ന ഈ പക്ഷിയുടെ പുതിയ ഫൈലോജെനിറ്റിക് അനാലിസിസുകള്‍ വഴി ഇവയെ Microcarbo എന്ന ജനുസിലാണിപ്പോള്‍ ഉള്‍പ്പെടുത്തിക്കാണുന്നത്. വെള്ളത്തില്‍ മുങ്ങി മീനുകളേയും നീര്‍ക്കോലികളെയും ഒക്കെ ഭക്ഷിച്ച് ജീവിക്കുന്നവയാണ് നീര്‍കാക്കകള്‍. ചേരകോഴികള്‍ എന്നു വിളിക്കുന്ന പക്ഷികളോടൊപ്പം ഇവയേയും കാണാം. ഇവയുടെ സ്വഭാവത്തിനും നല്ല സാദൃശ്യമുണ്ട്. തിളക്കമുള്ള കറുപ്പ് നിറമുള്ള ഇവയുടെ കഴുത്ത് കുറിയതും തടിച്ചതുമാണ് എന്ന വ്യത്യാസം ഉണ്ട്. പുറത്തുള്ള കറുപ്പില്‍ ഒരു പച്ചരാശി കാണാം. ചെറുകൂട്ടങ്ങളായാണ് ഇരതേടുക. ഈ പക്ഷിയുടെ കാലുകള്‍ ഗുദത്തിനടുത്തായി സ്ഥിതിചെയ്യുന്നതിനാല്‍ ഇവയുടെ നില്‍പ്പ് എപ്പഴും നിവര്‍ന്നാണ് . ജലാശയങ്ങളുടെ സമീപത്തായാണ് പൊതുവെ കൂടു കെട്ടുക. ജൂണ്‍ ജൂലൈ മാസങ്ങള്‍ മുതലാണ് ഇവരുടെ ഇണചേരല്‍ കാലം ആരംഭിക്കും. അതിനോടനുബന്ധിച്ചാണ് കൂട് പണി ആരംഭിക്കുക. നമ്മള്‍ മനുഷ്യരുടെ വീടുകള്‍പോലെ സ്ഥിരവാസത്തിനുള്ളതല്ല പക്ഷികളുടെ കൂടുകള്‍. സുരക്ഷിതമായി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് പറക്കമുറ്റും വരെ വളര്‍ത്താനുള്ള സംവിധാനം മാത്രമാണ് കൂടുകള്‍. അതിനുശേഷം അവ കൂടുപേക്ഷിക്കുകയാണ് ചെയ്യക.

മനുഷ്യ സാമീപ്യം ഉള്ള ഇടങ്ങളില്‍ കൂടുകെട്ടാനാണ് ഇത്തരം പക്ഷികള്‍ ഇഷ്ടപ്പെടുന്നത്. വാഹനങ്ങളും ആളുകളും ഉള്ള അങ്ങാടികളുടെ അരികിലെ മരങ്ങള്‍ തിരഞ്ഞെടുക്കുന്നതും അതുകൊണ്ട് കൂടിയാണ്. മനുഷ്യസാമീപ്യം ഉള്ളപ്പോള്‍ ഇവരുടെ ഇരപിടിയന്മാര്‍ അകന്നു നില്‍ക്കും എന്ന സുരക്ഷിത ബോധമാണിതിന് പ്രേരണ നല്‍കുന്നത്.

തലമുറകളായി ഒരേ മരത്തിൽ തന്നെയാണ് നീർകാക്ക
പോലുള്ള പക്ഷികൾ കൂട് കെട്ടുക

കേരളത്തില്‍ പഴയപോലെ ആളുകള്‍ ഇവയെ വേട്ടയാടുകയോ ശല്യം ചെയ്യുകയോ ഇല്ല. കൂട്ടമായി കാക്കകളെപ്പോലെതന്നെ ഇവരും ഉയരമുള്ള മരങ്ങളില്‍ ഒന്നിച്ച് കൂടുകള്‍ കെട്ടുക. മാവ് , തെങ്ങ് , പുളി ,പരുവ , വെള്ളവാക തുടങ്ങിയവയിലാണ് സാധാരണയായി കൂട് കെട്ടുക. പത്ത് മീറ്ററിനടുത്ത് ഉയരത്തിലാണ് കൂടുകള്‍ പണിയുക. ഇവര്‍ മാത്രമല്ല മറ്റ് നീര്‍പക്ഷികളും കുളകൊക്കുകളും ചിന്നമുണ്ടിയും ഒക്കെ ഒരേ മരത്തില്‍ കൂടു കെട്ടും. കുളങ്ങള്‍, തടാകങ്ങള്‍, വെള്ളം മൂടിക്കിടക്കുന്ന പാടങ്ങള്‍ എന്നിവയുടെ ഒക്കെ സമീപമാണ് തീറ്റതേടല്‍ കൂടി പരിഗണിച്ച് കൂടു കെട്ടാന്‍ കൂടുതലായി തിരഞ്ഞെടുക്കുക. ഇണചേരല്‍ കാലത്ത് ഇവയുടേ താടിയിലുള്ള വെള്ളനിറം അപ്രത്യക്ഷമാകും. ആണും പെണ്ണും കൂട്ടായാണ് കൂടു പണിയുക. ചുള്ളിക്കമ്പുകള്‍ ചേര്‍ത്ത് വെച്ച് കൊക്കും നെഞ്ചും ഒക്കെ ഉപയോഗിച്ച് തള്ളിയും കൊത്തിവലിച്ചും ആണ് കൂടിന്റെ ആകൃതി ഉണ്ടാക്കുന്നത്. രണ്ട് മുതല്‍ ആറു മുട്ടവരെ ഇടും. പ്രത്യേകത എന്താണെന്നു വെച്ചാല്‍ ആദ്യ മുട്ട ഇട്ട ഉടന്‍ തന്നെ അടയിരിക്കലും ആരംഭിക്കും. . ആണും പെണ്ണും അടയിരിക്കും ഇരിക്കും. അതിനാല്‍ എല്ലാ മുട്ടകളും ഒന്നിച്ചല്ല വിരിയുക. കുഞ്ഞുങ്ങള്‍ തമ്മില്‍ ദിവസങ്ങളുടെ പ്രായ വ്യത്യാസം ഉണ്ടാകും. ഒരു കൂട്ടില്‍ മുട്ടയും കുഞ്ഞും ഒന്നിച്ച് കാണുന്നത് ഇതിനാലാണ്. കാക്കകളും പാമ്പുകളും ഇവരുടെ ശത്രുക്കളാന്. നമ്മുടെ കാലവര്‍ഷത്തില്‍ കാറ്റില്‍ പലപ്പോഴും പല കൂടുകളും തകര്‍ന്ന് വീഴുകയും നിരവധി കുഞ്ഞുങ്ങള്‍ ചത്തുപോകുന്നതും ഒക്കെ സാധാരണവും സ്വാഭാവികവും ആയിരുന്നു. സപ്തംബര്‍ ഒക്ടോബര്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ പറക്കാറായാല്‍ ഇവര്‍ കൂടുപേക്ഷിക്കും. അടുത്ത സീസണിലും അതേ മരം തന്നെ കൂടുകെട്ടാന്‍ തലമുറകളായി ഇവര്‍ തിരഞ്ഞെടുക്കും.

നീർകാക്ക | ഫോട്ടോ : എൻ.എ നസീർ

വികസനത്തിന്റെ ഭാഗമായുള്ള ജോലികള്‍ക്കിടയില്‍ ഇത്തരം അശ്രദ്ധകളും തെറ്റുകളും ഉണ്ടായേക്കാം. അപൂര്‍വമായി സംഭവിക്കുന്ന ഇത്തരം ഒറ്റപ്പെട്ട കാര്യങ്ങള്‍ പര്‍വതീകരിച്ച് കാണിച്ച് , വളരെ അത്യാവശ്യമായ വികസന പദ്ധതികളെ തടസപ്പെടുത്താനും വൈകിപ്പിക്കാനും ആണ് ചില പക്ഷി, പ്രകൃതി സ്‌നേഹികള്‍ ശ്രമിക്കുന്നത് എന്നതാണ് ഒരു വാദം.

അതേ സമയം അപൂര്‍വമായ നീര്‍പക്ഷികളെ വളരെ ക്രൂരമായി കൊലയ്ക്ക് കൊടുക്കുകയാണ് ഉണ്ടായത് എന്ന് വാദിക്കുന്നവരുണ്ട്. പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി ഓടിക്കാമായിരുന്നു, കൂടുകള്‍ നീക്കം ചെയ്ത ശേഷം മരം മുറിച്ചാല്‍ മതിയായിരുന്നു. ഇവ കൂടുകെട്ടിത്തുടങ്ങുന്നതിന് മുന്‍പേ മരങ്ങള്‍ മുറിക്കണമായിരുന്നു, അല്ലെങ്കില്‍ ഒക്ക്‌ടോബറോടെ കൂടൊഴിയുന്നത് കാത്തു നില്‍ക്കാമായിരുന്നു എന്നൊക്കെ പല അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ജെ സി ബി കൊണ്ട് പെട്ടന്ന് തള്ളിയിട്ടതാണ് ഇത്രയധികം പക്ഷികള്‍ ചത്തുപോകാന്‍ കാരണം എന്ന് പറയുന്നവരുണ്ട്. കാറ്റില്‍ മരം സാധാരണയായി ചെരിയുന്നതുപോലെ ആടുകമാത്രമാണ് എന്ന് കരുതിയാണ് അടയിരിക്കുന്ന പക്ഷികള്‍ കൂട്ടില്‍ നിന്നും പറന്ന് രക്ഷപ്പെടാതെ അവിടെ തന്നെ ഇരുന്നത് എന്നും അതിനാലാണ് നിലത്ത് കൊമ്പുകള്‍ അടിച്ച് വീണപ്പോല്‍ അവ ചത്തതെന്നും ആണ് ചിലര്‍ പറയുന്നത്. എന്തായാലും ഇത്തരത്തില്‍ പക്ഷികളെ കുരുതികൊടുത്തത് ഒഴിവാക്കേണ്ടതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതും ആണ്. ഇനിയും നിരവധി മരങ്ങള്‍ മുറിക്കേണ്ട ആവശ്യം വരും എന്നത് ഉറപ്പാണ്. അപ്പോള്‍ മുന്‍കൂട്ടി ശ്രദ്ധകൊടുത്ത് ഇത്തരത്തില്‍ ഒരു ദുരന്തം ഉണ്ടാകുന്നത് തടയാനും ശ്രമിക്കേണ്ടതാണ്.

മരംമുറിയിൽ ചത്ത പക്ഷി കുഞ്ഞ്

റോഡ് വികസനത്തിന്റെ ഭാഗമായി ഇത്തരത്തില്‍ പൊതുവിടങ്ങളിലെ മരങ്ങള്‍ മുറിച്ച് മാറ്റുമ്പോള്‍ മാത്രമല്ല ഏത് മരങ്ങള്‍ മുറിക്കുമ്പോഴും അതില്‍ പക്ഷിക്കൂടുകള്‍ ഉണ്ടാവാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. ഇത്തരത്തില്‍ കൊറ്റില്ലങ്ങള്‍ എന്ന് വിളിക്കുന്ന സ്ഥിരം കൂട് കെട്ടുന്ന മരങ്ങളും വാവലുകള്‍ ചേക്കേറുന്ന മരങ്ങളും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും മുറിക്കാറുണ്ട്. പക്ഷെ അത്തരം സംഭവങ്ങള്‍ വീഡിയോ എടുത്ത് പ്രചരിപ്പിക്കപ്പെടുന്നില്ല, അങ്ങിനെ വാര്‍ത്തകളാകുന്നില്ല എന്നേ ഉള്ളു. വീടുപണിയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി കേരളത്തിലെ ഒരു വിധം എല്ലാകുടുംബക്കാരും മരങ്ങള്‍ മുറിച്ചിട്ടുണ്ടാകും. ഈ സംഭവത്തില്‍ ഒരു തീവ്രകാല്‍പ്പനിക ജന്തുസ്‌നേഹ, മര സ്‌നേഹ തലത്തിലേക്കുകൂടി വളര്‍ന്നിട്ടുണ്ട്. മരങ്ങള്‍ മുറിക്കുന്നത് വളരെ പ്രകൃതിവിരുദ്ധവും ക്രൂരവുമായ ഒരു കൃത്യം ആണെന്ന് കരുതും വിധം ഉള്ള മനോഭാവം നമ്മൂടെ പ്രകൃതിസ്‌നേഹ പരിശീലനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് . ഈ സംഭവത്തിലും പലരും മരം മുറിച്ചത് ഒരു തെറ്റായ നടപടി ആണ് എന്ന തലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. മരങ്ങളോടുള്ള അമിത സ്‌നേഹവും അതി കാല്‍പ്പനികതയും പലപ്പോഴും നമ്മുടെ വികസന പദ്ധതികളെ പതുക്കെയാക്കുകയോ താമസിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടല്ലോ. നമുക്ക് ഭക്ഷണം നല്‍കുന്നതു കൂടാതെ അന്തരീക്ഷ കാര്‍ബണ്‍ ഡയോക്‌സൈഡിനെ ബയോ മാസായി സൂക്ഷിക്കുന്നതാണല്ലോ മരങ്ങള്‍ ചെയ്യുന്ന ഒരു പ്രധാന സഹായം. ഏറ്റവും നല്ല പ്രകൃതി സ്‌നേഹി ചെയ്യേണ്ടത് കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് അവ നല്ല തടിയാകുന്ന സമയം നോക്കി വെട്ടി പലകകളായി ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്നതാണ്. കോണ്‍ക്രീറ്റ് വീടുകള്‍ പണിയുന്നതിനുപകരം മരങ്ങള്‍ കൂടുതല്‍ വെച്ച് പിടിപ്പിച്ച് വളര്‍ത്തി അവ മുറിച്ച് വീടും ഫര്‍ണിച്ചറുകളും പണിയുക എന്നതാണ് ആഗോള താപനം കുറയാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. അങ്ങിനെ അത്രയും കാലം അന്തരീക്ഷകാര്‍ബണെ നമുക്ക് പിടിച്ച് വെച്ച് സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ ഓക്‌സിജന്‍ ഫാക്ടറികളാണ് മരങ്ങള്‍ എന്ന ഒരു ലളിത കഥയാണ് സ്‌കൂളുകളില്‍ നിന്ന് പലരുടെയും തലയില്‍ കയറിയിരിക്കുന്നത്. മരം ഇല്ലെങ്കില്‍ ഓക്‌സിജന്‍ കിട്ടാതെ നമ്മള്‍ ശ്വാസം മുട്ടി മരിച്ചുപോകും എന്ന ഭീകര ഭയത്തോളം അത് വളര്‍ന്നുകഴിഞ്ഞു. അന്തരീക്ഷത്തില്‍ 20.9% ഓക്‌സിജന്‍ ഉള്ളതില്‍ കഴിഞ്ഞ എട്ടു ലക്ഷം വര്‍ഷം കൊണ്ട് 0.7% ഓക്‌സിജന്റെ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളു. എല്ലാ സസ്യങ്ങളും മറ്റ് ജീവജാലങ്ങളും ശ്വസിക്കാന്‍ ഉപയോഗിച്ച് തീര്‍ക്കുന്ന ഓക്‌സിജന്റെ അളവ് വളരെ കുറവാണ്. തിരിച്ച് അന്തരീക്ഷത്തിലേക്ക് ഓക്‌സിജന്‍ ഉത്പാദിപ്പിച്ച് നല്‍കുന്നതില്‍ മരങ്ങള്‍ക്കുള്ള സ്ഥാനം അത്ര വലുതല്ല.

കടലിലെ ഗ്രീന്‍ ആല്‍ഗകളും സൈനോ ബാക്ടീരിയകളും ഒക്കെ ആണ് 70% ഓക്‌സിജനും നിര്‍മ്മിക്കുന്നത്. ബാക്കി മാത്രമാണ് കരയിലെ സസ്യങ്ങള്‍ എല്ലാം കൂടി ഉണ്ടാക്കുന്നത്.

പക്ഷെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 0.04% എന്ന അളവില്‍ നിന്നും ചെറിയ വര്‍ദ്ധന പോലും നമ്മുടെ ജീവിതം പ്രതിസന്ധിയില്‍ ആക്കും. അതിനാല്‍ മരങ്ങള്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനെ നീക്കം ചെയ്ത് സൂക്ഷിക്കുന്ന സഹായി എന്ന തരത്തിലാണ് നമ്മള്‍ മനസിലാക്കേണ്ടത്. കാര്‍ബണ്‍ ശേഖരിച്ച് വെച്ച മരങ്ങള്‍ ആയുസെത്തി ദ്രവിച്ച് മണ്ണില്‍ വീണ് വിഘടിക്കും. കത്തിക്കും . അപ്പോഴൊക്കെ ശേഖരിച്ച് മാറ്റി നിര്‍ത്തപ്പെട്ട കാര്‍ബണ്‍ വീണ്ടും അന്തരീക്ഷത്തിലേക്ക് തിരിച്ച് പോകുകയാണ് ചെയ്യുക. അത് തടയാന്‍ അതിനു മുമ്പേ തന്നെ മരങ്ങളെ നല്ല പലകകള്‍ ആയി ഈര്‍ന്ന് പല ഉപകരണങ്ങളും നിര്‍മ്മാണസമഗ്രിയായും ഉപയോഗിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ മരം മുറിക്കുന്നത് എന്തോ കുറ്റകൃത്യമായ പാപബോധത്തോടെ കരുതുന്നവരെ തിരുത്തലും പ്രകൃതി സംരക്ഷണത്തില്‍ പ്രധാനമാണ്.

മരം മുറിച്ചതിനെത്തുടർന്ന് ചത്ത നീർകാക്കളും കുഞ്ഞുങ്ങളും

പക്ഷികള്‍ക്ക് കൂടുകൂട്ടാനുള്ള ഇടം തൊട്ട് നൂറായിരം ഗുണങ്ങള്‍ മരങ്ങള്‍ക്കുണ്ട്. കുതിച്ച് ഉയരുന്ന ജനസംഖ്യ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്രയധികം ജനങ്ങള്‍ തിങ്ങി ജീവിക്കുമ്പോഴും നിലവില്‍ നല്ല ഗ്രീന്‍ കവര്‍ ഉള്ള ഇടം തന്നെയാണ് കേരളം. സ്വകാര്യ സ്ഥലങ്ങളില്‍ മരം വെച്ച് പിടിപ്പിക്കാനും അതു മുറിച്ച് ഉപയോഗിക്കാനും ഉള്ള ഒരു ശീലം ആണ് നമ്മള്‍ വളര്‍ത്തേണ്ടത്. മരം മുറിക്കുന്നതിനോടുള്ള പാപബോധം മായ്ച്ചുകളയുകയാണ് ആദ്യം വേണ്ടത്. റോഡരികുകളില്‍ മരം വെച്ച് പിടിപ്പിച്ചതൊക്കെ അക്ബറിന്റെയും മഹാരാജാക്കന്മാരുടെയും ഭരണപരിഷ്‌കാരങ്ങളില്‍ പഠിച്ചതിന്റെ ഓര്‍മ്മകള്‍ ബാക്കിയുള്ളവരാണ് ഇപ്പോഴും വഴിയരികില്‍ മരം വെക്കാന്‍ തിടുക്കം കൂട്ടുന്നത്. സത്യത്തില്‍ കാല്‍നടയാത്രികര്‍ക്കും കാളവണ്ടിപോലുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും തണല്‍ കിട്ടും എന്നതായിരുന്നു പൊതുവഴികളുടെ അരികില്‍ മരങ്ങള്‍ വെക്കുന്നതുകൊണ്ട് പണ്ട് ഉദ്ദേശിച്ചിരുന്നത്. ഇന്നതില്‍ കാര്യമില്ല. കാഴ്ച മനോഹരമാക്കാന്‍ പറ്റുന്ന തരം ചെടികളും അധികം ഉയരം വളരാത്തതും പെട്ടന്ന് മറിഞ്ഞ് വീഴാത്തതും ആയ ഇനം മരങ്ങളും മറ്റും നടുന്നതാണ് ശാസ്ത്രീയം. വളരെ ശക്തിയില്‍ ദീര്‍ഘകാലം മഴ പെയ്യുന്ന നമ്മുടെ നാട്ടിലെ റോഡുകളുടെ പരിപാലനത്തിനും അത് സഹായിക്കും. വേണമെങ്കില്‍ , റോഡില്‍ നിന്നും അകന്ന് പൊതു സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ മരം വളര്‍ത്തുന്നതാണ് നല്ലത്. കൂടാതെ പൊതുവിടങ്ങള്‍ വികസന ആവശ്യങ്ങള്‍ക്കായി ഏതു കാലത്തും ഉപയോഗിക്കേണ്ടി വരും എന്ന ഓര്‍മ്മയോടെ വേണം മരങ്ങള്‍ നടാന്‍. മുറിക്കാന്‍ വേണ്ടി നടുന്ന മരങ്ങളാവണം അതില്‍ ഉള്‍പ്പെടുത്തേണ്ടത്.

ഫോട്ടോ: അജിത് ശങ്കരൻ

റോഡരികുകളിലും പൊതു സ്ഥലങ്ങളിലും മാത്രമേ ഇപ്പോള്‍ വലിയ മരങ്ങള്‍ ഉള്ളു എന്നതും പ്രധാനമാണ്. സ്വകാര്യ സ്ഥലങ്ങള്‍ ചെറിയ പ്ലോട്ടുകളും പുരയിടങ്ങളും വീടുകളും ആയി മാറിയതോടെ അത്തരം സ്ഥലങ്ങളില്‍ ഉയരത്തില്‍ വളരുന്ന മരങ്ങള്‍ കുറഞ്ഞു എന്നതും പക്ഷികള്‍ക്ക് കൂടു കെട്ടാന്‍ മറ്റ് മരങ്ങള്‍ കിട്ടാത്ത പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. മരം മുറിക്കാനുള്ള നൂലാമാലകള്‍ മൂലമാണ് പലരും സ്വകാര്യം സഥലങ്ങളില്‍ വലിയ മരങ്ങള്‍ നടത്തതും . ഇനിയും നമുക്ക് മരങ്ങള്‍ മുറിക്കേണ്ടി വരും അതില്‍ കിളിക്കൂടുകള്‍ ഉണ്ടാവുകയും ചെയ്യും. കൂടുതല്‍ മരങ്ങള്‍ നടുകയും കൂടുതല്‍ പക്ഷികള്‍ക്ക് കൂടൊരുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നതോടൊപ്പം നമുക്ക് റോഡ് വികസനത്തെ തടസപ്പെടുത്താതിരിക്കാനും ശ്രമിക്കേണ്ടിയിരിക്കുന്നു.

Content Highlights: cutting trees isn't always a bad thing, sensitive, vijayakumar blathur,neerkaakka,birds died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented