കാലാവസ്ഥാ മാറ്റത്തിനൊപ്പം മാറണം കാഴ്പ്പാടുകളും | പരമ്പര-04


രജി ആർ. നായർ

അടുത്തദിവസം, കൊച്ചി റെഡ് അലർട്ടിലായിരുന്നു. പക്ഷേ, നഗരത്തിൽ മഴ കാര്യമായി പെയ്തില്ല. ശക്തമായ മഴ പെയ്തത്, കൊച്ചി തീരത്തുനിന്ന് 50 കിലോമീറ്റർ അകലെ അറബിക്കടലിൽ. ആ പ്രവചനത്തിൽ കൃത്യത നഷ്ടപ്പെട്ടത് സ്ഥലം കണക്കാക്കുന്നതിലാണ്.

ഉരുകുന്ന ഭൂമി ഉലയുന്ന കേരളം

പെട്ടിമുടി ദുരന്തമുഖത്ത് നിന്നുള്ള ചിത്രം | ഫോട്ടോ:ജോർജ് തോമസ്‌

ടുക്കി ഏലപ്പാറയിലെ ഒരു കർഷകൻ ഒരു അന്തരീക്ഷശാസ്ത്രജ്ഞനെ ഫോണിൽവിളിച്ചുചോദിച്ചു: ‘‘സർ, അടുത്ത ആഴ്ചയിൽ ചെറിയ മഴപെയ്യാൻ സാധ്യതയുള്ളദിവസം പറഞ്ഞു തരാമോ? ഏലത്തിന് വളമിടാനാണ്. വെള്ളം വേണം, എന്നാൽ ഇടുന്ന വളം ഒലിച്ചുപോവാനും പാടില്ല.’’ കാലാവസ്ഥയെക്കുറിച്ച് ജനങ്ങൾക്കാവശ്യമുള്ള അറിവുകൾ ഇത്രയും സൂക്ഷ്മമാണ്. എന്നാൽ, നാടുമുഴുവൻ ഒഴുകിപ്പോവുമ്പോൾപ്പോലും ആവശ്യമായ മുന്നറിയിപ്പുകളെത്തിക്കാൻ, അതിനനുസരിച്ച് പ്രവർത്തിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾക്കാവുന്നുണ്ടോ?

ഭാഗ്യത്തിന്റെ പങ്ക്പെട്ടിമുടിയിൽ 2020 ഓഗസ്റ്റിലാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ഈ വർഷം ഓഗസ്റ്റ്‌ ആറിന് അവിടെ വീണ്ടും ഉരുൾപൊട്ടി. ഒരു ക്ഷേത്രവും രണ്ടു കടകളും എടുത്ത ഉരുൾ, മൂന്നാർ-വട്ടവട റോഡിൽതട്ടി നിന്നതുകൊണ്ടുമാത്രം ജീവാപായമുണ്ടായില്ല. മുന്നറിയിപ്പുകളോ ഔദ്യോഗിക സംവിധാനമോ അല്ല രക്ഷിച്ചത്; വെറും ഭാഗ്യം!

2022 ഓഗസ്റ്റ് ഒന്നിന് കണ്ണൂരിലെ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലുണ്ടായത് ഇരുപത്തേഴിലധികം ഉരുൾപൊട്ടലുകളാണ്. രണ്ടു സംഭവങ്ങളിലായി മൂന്നുപേർ മരിച്ചു. കോഴിക്കോട് ജില്ലയുടെ ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ വടക്കുകിഴക്കേ ഭാഗമാണ് ഇത്. ജൂലായിൽ പ്രദേശത്ത് ലഭിച്ചത് 50 ശതമാനം കൂടുതൽ മഴ. ഇവിടെയുമുണ്ടായിരുന്നില്ല കാര്യമായ മുന്നൊരുക്കങ്ങളൊന്നും.

അറിയണം മുന്നേ

അമേരിക്കയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വീശിയടിച്ചത് അമ്പതോളം ശക്തമായ ചുഴലിക്കാറ്റുകൾ. എന്നാൽ, മരണസംഖ്യ വളരെ കുറവ്. മികച്ച മുന്നറിയിപ്പു സംവിധാനങ്ങളും ദുരന്തരക്ഷാ ക്രമീകരണങ്ങളുമാണ് മരണസംഖ്യ കുറയാൻ കാരണം.

എന്നാൽ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാലാവസ്ഥാ പ്രവചനം എളുപ്പമല്ലെന്ന് വിദഗ്ധർ പറയുന്നു. സൂര്യതാപത്തിന് കാലാവസ്ഥയിൽ അതിസ്വാധീനമുള്ള ഭൂഭാഗമാണിത്. ഇവിടെ ഒരു മേഘം രൂപപ്പെടാൻ അരമണിക്കൂർ മതി. പെയ്തൊഴിയാനും അത്രതന്നെ സമയമേ വേണ്ടൂ. കാറ്റിന്റെ ഗതി, താപനില, വായു സാന്ദ്രത, മേഘമർമത്തിന്റെ സ്വഭാവം ഇങ്ങനെ ഒട്ടേറെ ഘടകങ്ങൾ അറിഞ്ഞാലേ പ്രവചനം പറ്റൂ. ഇതിന്റെയെല്ലാം തത്‌സമയ വിവരങ്ങൾ സമാഹരിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ നമുക്കില്ല.

പ്രവചനം തെറ്റുന്നത്‌ എന്തുകൊണ്ട്

മഴ പ്രവചനത്തിൽ മൂന്നു ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവണം. എവിടെ പെയ്യും? എപ്പോൾ പെയ്യും? എത്ര പെയ്യും? എളുപ്പമല്ല ഉത്തരം. സ്ഥലം തെറ്റാം, സമയം മാറാം, തീവ്രത കുറയാം. ഈ ഓഗസ്റ്റ്‌ 30-ന്, വെള്ളക്കെട്ടുണ്ടായതിന്റെ അടുത്തദിവസം, കൊച്ചി റെഡ് അലർട്ടിലായിരുന്നു. പക്ഷേ, നഗരത്തിൽ മഴ കാര്യമായി പെയ്തില്ല. ശക്തമായ മഴ പെയ്തത്, കൊച്ചി തീരത്തുനിന്ന് 50 കിലോമീറ്റർ അകലെ അറബിക്കടലിൽ. ആ പ്രവചനത്തിൽ കൃത്യത നഷ്ടപ്പെട്ടത് സ്ഥലം കണക്കാക്കുന്നതിലാണ്.

നിലവിൽ ഏറക്കുറെ കൃത്യമായ മുന്നറിയിപ്പു നൽകാനാവുന്നത് മൂന്നുമണിക്കൂർ മുന്നേവരെ മാത്രമാണ് (nowcasting). രണ്ടോമൂന്നോ ദിവസംമുമ്പ് മുന്നറിയിപ്പ് നൽകാനുള്ള ഫോർകാസ്റ്റിങ് സംവിധാനവുമുണ്ട്. പക്ഷേ, അതിന്റെ കൃത്യതയിൽപ്പോലും സങ്കീർണമായ അന്തരീക്ഷ ഘടകങ്ങളാൽ വ്യത്യാസം വരാം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 14 കാലാവസ്ഥാ നിരീക്ഷണ സംവിധാനവും 58 മഴമാപിനികളുമുണ്ട് നമുക്ക്. 14 സ്വയം പ്രവർത്തിത കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളും (Automatic weather station.-AWS) 28 സ്വയം പ്രവർത്തിത മഴമാപിനികളും വേറെ. സംസ്ഥാനത്തിന്റേതായുള്ള മഴമാപിനികൾ നേരത്തേത്തന്നെയുണ്ട്. 100 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾക്കൂടി വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇതിൽ പകുതിയിലധികവും സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ബാക്കിയുള്ളവ പൂർത്തീകരിക്കുന്നതേയുള്ളൂ.

38,864 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വിസ്തൃതി. 10 കിലോമീറ്റർ നീളവും വീതിയുമുള്ള പ്രദേശത്തിന് ഒരു ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ എന്ന കണക്കിലെങ്കിലും ഉണ്ടായാൽ നിരീക്ഷണം കുറച്ചുകൂടി ഫലപ്രദമാകുമെന്ന് വിദഗ്ധർ പറയുന്നു. അതിന് 400 വെതർസ്റ്റേഷനുകളെങ്കിലും വേണ്ടിവരും.

ഒരുങ്ങണം ഓരോ പ്രദേശവും

ഭൂമിയെക്കുറിച്ച് ചിന്തിക്കുന്നതിനൊപ്പം ഏറ്റവും പ്രാദേശികമായി പ്രവർത്തിച്ചാണ് ദുരന്തങ്ങളെ നേരിടേണ്ടത്. മുൻകരുതലുകളും നടപടികളും ഉണ്ടാവേണ്ടതും പ്രാദേശികമായിത്തന്നെ. സർക്കാർ മാത്രമല്ല, ജനങ്ങൾ, ശാസ്ത്രജ്ഞർ, സാമൂഹിക വിദഗ്ധർ, എൻ.ജി.ഒ.കൾ, പ്രാദേശികവിഭാഗങ്ങൾ എന്നിവരെല്ലാം ഇതിന്റെ മുൻനിരയിലുണ്ടാവണം.

ഒരു ജില്ലയ്ക്കാകെയുള്ള മുന്നറിയിപ്പുകളാണ് ഇപ്പോൾ പതിവ്. അതു മതിയോ? പോരാ. ഓരോ പഞ്ചായത്തിലും കഴിയുമെങ്കിൽ വാർഡ്തലത്തിൽ നിരീക്ഷണവും മുന്നറിയിപ്പുകളും ഉണ്ടാവണം. തദ്ദേശസ്ഥാപനങ്ങളുടെ അധികാരികളിൽവരെ മുന്നറിയിപ്പുകൾ എത്തിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നുണ്ട്. എന്നാൽ, ഇത് ദുരന്തം നേരിടേണ്ടിവരുന്ന ഓരോ മനുഷ്യനിലേക്കും മുൻകൂട്ടി എത്തുന്നു എന്നു പറയാനാവില്ല. അടിസ്ഥാന ജനവിഭാഗങ്ങൾ ഇപ്പോഴും പല മുന്നറിയിപ്പുകൾക്കും പുറത്താണ്.

ഒരുക്കങ്ങൾ ചുരുക്കത്തിൽ

ദുരന്തങ്ങളെ നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ തയ്യാറെടുപ്പുകൾ ഇവയാണ്.....

1) സിവിൽ ഡിഫൻസ് വൊളന്റിയർമാർ, ആബ്ദാ മിത്ര, സാമൂഹിക സന്നദ്ധ സേന, തദ്ദേശ പ്രവർത്തകസംഘങ്ങൾ എന്നിവയുടെ ആൾ ബലം.

2) കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും വിവിധ സ്വകാര്യ കാലാവസ്ഥാ ഏജൻസികളുടെയും ഡേറ്റാ ലഭ്യത.

3) 126 ഇടങ്ങളിൽ അപായ മുന്നറിയിപ്പിനായി സ്ട്രോബ് ലൈറ്റ് വാർണിങ് സ്ഥാപിക്കൽ തുടരുന്നു.

4) തീരദേശത്ത് 17 ഇടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾക്കായി സ്ഥിരം കെട്ടിടങ്ങൾ

രക്ഷ നമ്മുടെ കൈയിൽ

കാലാവസ്ഥാമാറ്റം അകലെ എവിടെയോ ഉള്ള കാര്യമല്ല. നമ്മുടെ മുറ്റ​ത്തെത്തിക്കഴിഞ്ഞു. അത് നമ്മളെമാത്രം ബാധിക്കില്ലെന്ന് കരുതരുത്; ആരെയും ബാധിക്കാം. പണമോ സ്വാധീനമോ ഇവിടെ എണ്ണപ്പെടില്ല. അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കുക. മുന്നറിയിപ്പുകൾ അറിഞ്ഞുവെക്കുക, കാര്യമായെടുക്കുക. തുടർച്ചയായി അതിശക്ത മഴപെയ്യുന്ന സമയത്ത് ആ സ്ഥലങ്ങളിൽനിന്ന് മാറിത്താമസിക്കണം. വീട് ചരിവിലാണെങ്കിൽ പ്രത്യേകിച്ചും. രാത്രിയിൽ ഒരു കാരണവശാലും വീട്ടിൽ തങ്ങരുത്. അപായസൂചനയുണ്ടെങ്കിൽ വീട്ടിലുള്ളവരിൽ ഒരാൾ പുറത്തെ കാര്യങ്ങൾ ശ്രദ്ധിക്കുക. അറിഞ്ഞു പ്രവർത്തിച്ചതുകൊണ്ടുമാത്രം അകന്നുപോയ ദുരന്തങ്ങളുണ്ട്. അതിലാവട്ടെ നമ്മുടെ പ്രതീക്ഷ.

അടിമുടി മാറിയ കാലാവസ്ഥയെ നേരിടാൻ അടിമുടി മാറിയ കാഴ്ചപ്പാടുകളാണാവശ്യം. ജനാധിഷ്ഠിത മുന്നേറ്റങ്ങളുടെ കരുത്തുകൂടി ചേർത്ത്, കാലാവസ്ഥാ മാറ്റത്തെ സുരക്ഷിതമായി കടന്നുപോവാനാവും വിധം നമുക്കൊരുങ്ങാം. ഭൂമിയെ ചേർത്തുപിടിക്കാം.

മാറിത്താമസിക്കാൻ മടിയോ?

നല്ല സൗകര്യങ്ങളുള്ള ദുരിതാശ്വാസ ക്യാന്പുകളുണ്ടാവണം. അപ്പോഴേ ആളുകൾ അടിയന്തരഘട്ടങ്ങളിൽ സ്വന്തം വീട്ടിൽനിന്ന് അവിടേക്ക് മാറിത്താമസിക്കാൻ തയ്യാറാവൂ.

കർഷകരാണ് മിക്കപ്പോഴും ദുരന്തത്തിനിരയാവുന്നത്. അവർക്ക് ബോധവത്കരണം അത്യാവശ്യം.

പുഴയുടെ വളവുകളിൽ ആവേഗം കുയ്ക്കാനുള്ള വസ്തുക്കൾ വിന്യസിക്കുക. ഒഴുക്കു കുറഞ്ഞാൽ തീരത്തിനേൽക്കുന്ന പരിക്കുകൾ കുറയും.

ദുരന്തമുണ്ടായേക്കാവുന്ന മേഖല തത്‌സമയം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങൾ വേണം. അവ നമുക്ക് താങ്ങാനാവുന്ന ചെലവിലുള്ളതുമാവണം.

മലയോര മേഖലകൾക്കായി ഒരു കാലാവസ്ഥാമാറ്റനയം ആവശ്യമുണ്ട്. അത് കൃത്യമായി നടപ്പാക്കുകയുംവേണം.

-ഡോ. വി. നന്ദകുമാർ

(മുൻ ഡയറക്ടർ. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്)

തോറ്റിട്ടുണ്ട് കൊടുങ്കാറ്റുകൾ

1999-ൽ ഒഡിഷ ഇന്ത്യയുടെ മുന്നിൽ തകർന്നുകിടന്നു. ഒരു ചുഴലിക്കാറ്റായിരുന്നു വില്ലൻ. അനൗദ്യോഗിക കണക്കുകളിൽ മരണം 30,000 കടന്നു. 2020-ൽ അതേപാതയിൽ മറ്റൊരു ചുഴലിക്കാറ്റു വന്നു. മരിച്ചത് വെറും മൂന്നുപേർ. ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ പ്രവചനങ്ങളും മുന്നറിയിപ്പുകളും ഫലം കണ്ടു. ഒഡിഷയുടെ മാതൃക നമുക്കാവശ്യമുണ്ട്.

കേരളത്തിനും ചില മികവുകൾ പറയാനുണ്ട്. ഓരോവർഷവും 70-ഓളം പേർ ഇവിടെ മിന്നലിന് ഇരയായിരുന്നു. എന്നാൽ, ഇന്ന് ആ സംഖ്യ ഏഴിൽത്താഴെയാണ്. മുന്നറിയിപ്പുകളും അവബോധവും മിന്നലിനെ തോൽപ്പിച്ചു.

എന്താണ് ചുവപ്പ് ജാഗ്രത

210 മില്ലിമീറ്ററോ അതിൽ കൂടുതലോ മഴ പെയ്യാനിടയുള്ള ദിവസം ചുവപ്പ് ജാഗ്രത (റെഡ് അലർട്ട്)യിൽ പെടും. ഉടൻ നടപടിയെടുക്കാനാണ് ഈ ജാഗ്രതാ നിർദേശം. ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പു നൽകിയാൽ നടപടികൾക്ക് തുടക്കമിടാനായി എന്നർഥം. മഞ്ഞജാഗ്രതയിൽ നമുക്ക് അതിശ്രദ്ധാലുക്കളാവാം.

ഇടമൊരുക്കണം പുഴയ്ക്ക്

നികത്തപ്പെട്ടും അന്യാധീനപ്പെട്ടും ചുരുങ്ങിയൊഴുകാൻ വിധിക്കപ്പെട്ട പുഴകളാണ് അതിതീവ്ര മഴകളിൽ കരകവിഞ്ഞത്. അവയ്ക്കായി നമ്മൾ റൂം ഫോർ റിവർ പദ്ധതിയിട്ടു. പ്രളയകാലത്തെക്കൂടി മുന്നിൽക്കണ്ട് പുഴകൾക്ക് ഒഴുകാൻ വേണ്ടത്ര സ്ഥലം എന്നതാണ് റൂം ഫോർ റിവറിന്റെ ലളിതഭാഷ. എന്നാൽ, പ്രളയം നേരിടാൻ ഇതുവരെ ‘റൂം ഫോർ റിവർ’ സജ്ജമായിട്ടില്ല. പുഴകളുടെ ജലനിരപ്പ് അപ്പപ്പോൾ അറിയാനും മുന്നറിയിപ്പു നൽകാനുമുള്ള സജ്ജീകരണങ്ങളെങ്കിലും ആവശ്യത്തിനുണ്ടായേ പറ്റൂ.

നികത്തുന്ന ഓരോ ജലാശയവും ഒരിക്കൽ നിങ്ങളെ അതേ ജലത്തിനിരയാക്കുമെന്ന് ഓർക്കേണ്ട കാലമാണിത്.

(അവസാനിച്ചു)

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. കെ. സന്തോഷ്, ഡയറക്ടർ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം ഡോ. മനോജ് പി. സാമുവൽ. എക്സി. ഡയറക്ടർ, ഡോ. ഹരികുമാർ, മുൻ ചീഫ്‌ സയന്റിസ്സ് ഡോ. യു. സുരേന്ദ്രൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് ഹെഡ്, ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെന്റ് റിസർച്ച് ഗ്രൂപ്പ്, ഡോ. ബി. വിവേക്. സയന്റിസ്റ്റ്, ലാൻഡ് ആൻഡ് വാട്ടർ മാനേജ്മെന്റ് റിസർച്ച് ഗ്രൂപ്പ്, ഡോ. പി.ആർ. അരുൺ, സീനിയർ സയന്റിസ്റ്റ്, ഹൈേഡ്രാളജി ആൻഡ് ക്ലൈമറ്റോളജി റിസർച്ച് ഗ്രൂപ്പ്, ഡോ. ഡോ. അനില അലക്സ്, സയന്റിസ്റ്റ്, (സി.ഡബ്ല്യു.ആർ.ഡി.എം.), ഡോ.കെ.വി. തോമസ്, മുൻ ചീഫ് സയന്റിസ്റ്റ്, കോസ്റ്റൽ പ്രൊസസ്‌ ഗ്രൂപ്പ്, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്. ഡോ. ഡി.എസ്. പൈ, ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ചസ് സ്റ്റഡീസ്. ഡോ. എസ്. അഭിലാഷ്. ഡയറക്ടർ, എം.ജി. മനോജ്, സയന്റിസ്റ്റ് (അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ച്, കുസാറ്റ്.) ഡോ. ശേഖർ എൽ. കുര്യാക്കോസ്, ഹെഡ്, കേരളാ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റര്‍. ഡോ. എം.എസ്. മനു, സ്റ്റേറ്റ് നോഡൽ ഓഫീസർ, നാഷണൽ പ്രോഗ്രാം ഓൺ ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഹ്യൂമൻ െഹൽത്ത്. എസ്.പി. രവി, ഡയറക്ടർ, റിവർ റിസർച്ച് സെന്റർ.

Content Highlights: Climate Change in Kerala, Environmental issues


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented