വീതി കുറഞ്ഞ മീനച്ചിലാര്‍; പാലായില്‍ പ്രതിയാകുന്ന അതിതീവ്ര മഴ | പരമ്പര-03


രജി ആർ. നായർ

മലയോരമേഖലകൾ പരിസ്ഥിതിദുർബല പ്രദേശങ്ങളുടെ മാപ്പിൽ ഉൾപ്പെടുന്നതോടെ അവരുടെ ഭൂമിക്ക് വിലകുറയുന്നു, അപ്രതീക്ഷിത കൃഷിനാശം ജീവിതം അസ്ഥിരപ്പെടുത്തുന്നു

ഉരുകുന്ന ഭൂമി ഉലയുന്ന കേരളം

മീനച്ചിലാർ കര കവിഞ്ഞതോടെ വെള്ളത്തിലായ പാലാ ടൗൺ | ഫോട്ടോ:മാതൃഭൂമി

പാലാ. മീനച്ചിലാറിന്റെ മടിത്തട്ട്. മധ്യകേരളത്തിന്റെ അഭിമാനനഗരം. കഴിഞ്ഞ മൂന്നുവർഷമായി മഴക്കാലത്ത് വെള്ളത്തിലാണ് പാലാ. തീക്കോയ്, പൂഞ്ഞാർ, ഈരാറ്റുപേട്ട ഭാഗങ്ങളിൽ അതിതീവ്ര മഴപെയ്താൽ പാലാ വെള്ളത്തിലാവുന്നു; അതും അതിവേഗത്തിൽ.

പാലാ പട്ടണവും കൊട്ടാരമറ്റവും മുത്തോലിയും മുക്കി, വീടുകൾ പകുതിമുക്കി, ഗതാഗതം തടസ്സപ്പെടുത്തി വെള്ളം ഒന്നോ രണ്ടോ ദിവസം നിൽക്കും. പിന്നെ ഇറങ്ങിപ്പോവും. കടകൾക്കാണ് ഏറ്റവും നഷ്ടം. സാധനങ്ങൾ മാറ്റാൻ സമയംകിട്ടുംമുമ്പ് ചിലപ്പോൾ വെള്ളമെത്തും. രാത്രി ആരുമറിയാതെയും വെള്ളം കയറിവരും. ഒന്നും ചെയ്യാനാവില്ല.‘‘നേരത്തേ എന്റെ പഞ്ചായത്തിൽമാത്രം 400 ഏക്കർ നെൽകൃഷിയുണ്ടായിരുന്നു. തോട്ടിൽ ചിറകെട്ടി വെള്ളം നിർത്തും. ചാലിലൂടെ കണ്ടത്തിൽ കയറ്റും. ജനുവരിവരെ ആ വെള്ളം അവിടെ വേണം. ഒന്നു കൂട്ടിനോക്കിക്കേ... പാലായിലെ പല പഞ്ചായത്തുകളിലുമായി എത്രയെങ്ങാൻ വെള്ളം കെട്ടിനിർത്താനുള്ള ഇടമുണ്ടായിരുന്നു.’’ -കടനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് മജു മാനുവൽ ചോദിക്കുന്നു. ‘‘ഇന്ന് ഇവിടെയുള്ളത് അഞ്ചേക്കർ നെൽകൃഷി. ബാക്കിയെല്ലാം തെങ്ങും കവുങ്ങും ജാതിയുംവെച്ച് കരഭൂമിയാക്കി. മീനച്ചിലാറിന്റെ വീതികുറഞ്ഞു. വെള്ളം ടൗണിലേക്കല്ലാതെ എങ്ങോട്ടുപോവും?’’

അതിതീവ്രമഴകൂടിയാണ് പ്രതിയെന്ന് പാലാക്കാർക്കുമറിയാം. മീനച്ചിലാറിന്റെ നീർത്തടങ്ങളിൽ മാപിനികൾവെച്ച് മഴയളക്കുന്ന രീതി ഇവിടെയുണ്ട്. അതിതീവ്രമഴ പെയ്യുന്ന സന്ദർഭങ്ങളിൽ വിവരം അതിവേഗം പാലായെ അറിയിക്കും. എന്നിട്ടും എല്ലാ കണക്കുംതെറ്റിച്ച് വെള്ളം പാലായിൽ നാശം വിതയ്ക്കുന്നു.

പാലായിലേക്കെത്തുന്ന വെള്ളം കിഴക്കൻ മലകളിൽനിന്നുള്ളതായിരുന്നെങ്കിൽ കൊച്ചിയിൽ പ്രളയംവിതച്ചത് അവിടെനിന്നുപെയ്ത കൂമ്പാരമേഘങ്ങളായിരുന്നു. അതിതീവ്രമഴ വന്നത് ഈ വർഷം ഓഗസ്റ്റ് 30-ന് രാവിലെയാണ്. ആറുമുതൽ എട്ടരവരെ ഒറ്റപ്പെയ്ത്ത്. കിട്ടിയത് 80 മി.മീ. മഴ. ഇത്രയും മഴ ഒന്നിച്ച് ചെറിയ സമയത്തിനുള്ളിൽ പെയ്യുമ്പോൾ അത് ലഘുമേഘവിസ്ഫോടനമായി കാണണം. അത് താങ്ങാനുള്ള ശേഷി നമ്മുടെ നഗരങ്ങൾക്കില്ല. അതിതീവ്രമഴയോടൊപ്പം അശാസ്ത്രീയമായ ഓടകളും എവിടെയും കൊണ്ടുപോയി വീടുവെക്കുന്ന ശീലവും ഇനിയും നഗരപ്രളയങ്ങൾ ഉണ്ടാക്കാം.

തളരുന്ന മണ്ണ്, കിതയ്ക്കുന്ന കൃഷി

പ്രളയവും ഉരുൾപൊട്ടലും മണ്ണിനെ വലിച്ചുകൊണ്ടുപോവുക മാത്രമല്ല ചെയ്തത്, ശേഷിക്കുന്നതിന്റെ ഗുണങ്ങളെ ശോഷിപ്പിക്കുകയും ചെയ്തു. പ്രളയത്തിന്റെ മുമ്പും ശേഷവും മണ്ണിന്റെ ഫലഭൂയിഷ്ഠതയിൽ വ്യത്യാസമുണ്ടെന്ന് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റിന്റെ ഗവേഷണങ്ങൾ പറയുന്നു. നൈട്രജൻ, കാർബൺ അളവ് കുറഞ്ഞു. നേരത്തേ 6.5 ഉണ്ടായിരുന്ന പി.എച്ച്. മൂല്യം മൂന്നുവരെയൊക്കെ താഴ്ന്നു.

ജൂൺമുതൽ ഓഗസ്റ്റ്‌ വരെയുള്ള കാലത്ത് മണ്ണിൽ ഈർപ്പം ആവശ്യത്തിൽ കൂടുതലാണ്. വിളകൾക്കുവേണ്ട അളവിൽ ഓക്സിജനും പോഷകങ്ങളും കിട്ടാൻ പ്രയാസമുള്ള സമയമാണിത്. എന്നാൽ, ഓഗസ്റ്റിനുപകരം ഈ കാലം ഇപ്പോൾ സെപ്റ്റംബർവരെ നീളുന്നു. അത്രയും കാലം മണ്ണ് പല വിളകൾക്കും അനുയോജ്യമല്ലാതെ തുടരുന്നു. മഴ മാത്രമല്ല, അന്തരീക്ഷതാപനില ഉയരുന്നതും വിളകളെ പല രീതിയിലും ബാധിക്കുന്നുണ്ട്. താപനില ഒരു ഡിഗ്രി ഉയർന്നാൽ നെല്ലിന്റെ വിളവിൽ ആറുശതമാനം കുറവ് ­കണക്കാക്കുന്നു. മറ്റു പല വിളകൾക്കും ഇത് 30 ശതമാനം വരെയാണ്.

കാലം തരുന്നു, രോഗങ്ങളും

കാലാവസ്ഥാ മാറ്റം ആരോഗ്യത്തിലേക്കും കടന്നുകയറിത്തുടങ്ങി. മണ്ണിലെ മാറ്റങ്ങൾ വെള്ളത്തിലൂടെ മനുഷ്യരിലെത്തി രോഗങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ പറയുന്നു. നേരത്തേ, വായുജന്യ രോഗങ്ങൾക്കിരയാവുന്നത് ശ്വാസകോശവും തൊലിയുമായിരുന്നു. ഇന്നത് ഹൃദയത്തിനെയും തലേച്ചാറിനെയും വരെ ബാധിക്കുന്നു. ദേശീയ ആരോഗ്യപദ്ധതിയുടെ കീഴിൽ നാഷണൽ പ്രോഗ്രാം ഓൺ ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഹ്യൂമൻ ഹെല്‍ത്ത്‌ പഠനങ്ങളുടെ ഭാഗമാണ് ഈ സൂചനകൾ. അതിതാപമുണ്ടാക്കുന്ന ഉഷ്ണതരംഗങ്ങൾ സൂര്യാഘാതവും പൊള്ളലും ഉണ്ടാക്കുന്നു. പ്രശ്നം അതുമാത്രമല്ല. വെയിലേറ്റു കൊണ്ടുള്ള ജോലികളുടെ സമയം കുറയ്ക്കേണ്ടിവരുന്നതോടെ ഉപജീവനം പ്രതിസന്ധിയിലാവുന്നവരുണ്ട്. ഇതിനെല്ലാമപ്പുറം, പ്രകൃതിദുരന്തങ്ങളിൽ നഷ്ടം വന്നവരും നഷ്ടം ഭയക്കുന്നവരും ഒരുപോലെ മാനസികപ്രശ്നങ്ങൾ നേരിടുന്നു. അതിനുംവേണം പരിഹാരം.

കരയുന്ന കടൽത്തീരം

590 കിലോമീറ്റർ കടൽത്തീരമുണ്ട് കേരളത്തിന്. മലയോരം ഉരുളിനെയെന്നപോലെ, സമതലങ്ങൾ പ്രളയത്തെയെന്നപോലെ പെരുംതിരകളെ നേരിടേണ്ട അവസ്ഥയാണ് ഇന്ന് കടലോരത്തിന്. കഴിഞ്ഞ മുപ്പതുവർഷത്തിൽ പത്തു സെന്റീമീറ്ററിലധികമാണ് കേരളത്തിൽ കടൽനിരപ്പുയർന്നത്. കടൽത്തീരനഗരങ്ങളെ അപകടത്തിലാക്കുംവിധമാണ് ഇത്. ഇതിലെല്ലാമപ്പുറം കടലിന്റെ കവചമായ മണൽത്തീരമില്ലാതാവുകയാണ്. പ്രകൃതിയല്ല, മനുഷ്യനാണ് ഇതിലെ പ്രധാനപ്രതി.

കടപ്പുറത്തെ മണൽ ഒരു സഞ്ചാരിയാണ്. തിരയ്ക്കൊപ്പം പല വഴിക്കുപോവും. പക്ഷേ, പോയിടത്തേക്ക് തിരിച്ചുവരും. എന്നാൽ, ഖനനവും നിർമാണപ്രവൃത്തികളും മണലിന്റെ ഈ സ്വാഭാവികനീക്കത്തെ തടയുന്നു. മഴക്കാലത്ത് മണൽ കടലെടുക്കുന്നതും അതുകഴിഞ്ഞുള്ള നാലഞ്ചുമാസം കൊണ്ട്‌ പതുക്കെ തിരിച്ചെത്തുന്നതുമാണ് പതിവ്. എന്നാൽ, ഈ നാലഞ്ചുമാസങ്ങളിലും ഇപ്പോൾ ചുഴലികൾ വരാറുണ്ട്. ഈ സമയത്തും തിരമാലകൾ ഉയരുന്നതോടെ തീരത്തിന് മണൽത്തിട്ട തിരികെക്കിട്ടാതാവുന്നു.

ഒരു ചതുരശ്ര കിലോമീറ്ററിൽ രണ്ടായിരത്തിലേറെപ്പേർ തിങ്ങിപ്പാർക്കുന്നതാണ് നമ്മുടെ തീരമേഖല. മണൽത്തീരം ചുരുങ്ങിയതോടെ നാശം വിതയ്ക്കുംവിധം കടൽ കടന്നുകയറുന്നു. മത്സ്യത്തൊഴിലാളികളുടെ അന്നംമുട്ടുന്നു. എത്രയോ വീടുകൾ കടലെടുക്കുന്നു. ഇറിഗേഷൻ വകുപ്പിന്റെ കണക്കുപരിശോധിച്ചാൽ പൂവാർ മുതൽ മഞ്ചേശ്വരംവരെ നീളുന്ന തീരത്തിന്റെ മുക്കാൽപ്പങ്കും കടൽ കാർന്നുതിന്നുന്നുണ്ട്.

പലായനം

കാലാവസ്ഥാ മാറ്റങ്ങളാൽ പലായനം ചെയ്യേണ്ടിവരുന്നവരെപ്പറ്റി പറയുമ്പോൾ അതിനുപോലും കഴിയാത്ത മത്സ്യത്തൊഴിലാളികളെക്കുറിച്ച് ആദ്യം പറയേണ്ടിവരും. അവർക്ക് കടൽത്തീരത്തുനിന്ന് സുരക്ഷതേടിപ്പോവാനാവില്ല. കടലാണ് അവരുടെ അന്നം.

മലയോരമേഖലകൾ പരിസ്ഥിതിദുർബല പ്രദേശങ്ങളുടെ മാപ്പിൽ ഉൾപ്പെടുന്നതോടെ അവരുടെ ഭൂമിക്ക് വിലകുറയുന്നു, അപ്രതീക്ഷിത കൃഷിനാശം ജീവിതം അസ്ഥിരപ്പെടുത്തുന്നു. ജീവൻപോലും സുരക്ഷിതമല്ലെന്ന തോന്നലിൽ നാടുപേക്ഷിച്ചുപോവാൻ നിർബന്ധിതരാവുന്നവരുണ്ട്.

ആലപ്പുഴയാണ് പലായനത്തിന്റെ മറ്റൊരു ഭൂമി. കിഴക്കൻ മലകളിൽനിന്നുള്ള അതിജലപ്രവാഹത്താൽ മുങ്ങിയ ജീവിതവും പറിച്ചെടുത്ത് മറ്റു ജില്ലകളിലേക്ക് താമസം മാറുന്നവർ ഏറെ. കൃഷിഭൂമി വിട്ടുമാറാനാവാത്തവർ അപ്പോഴുമുണ്ട്. അവരാണ് കൂടുതലും.

വയനാടും കുടിയിറക്കത്തിലാണ്. മണ്ണിന്റെ സ്വഭാവം മാറി, തണുപ്പ് കുറഞ്ഞു, പല കൃഷികളുടെയും വിളവ് താണു. ഒപ്പം വന്യമൃഗശല്യവും. വർധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾകൂടിയായതോടെ ഒരിക്കൽ കാടുവെട്ടിത്തെളിച്ച് കുടിയേറിപ്പാർത്ത മനുഷ്യരിൽ ചിലർ സമതലങ്ങളിലേക്ക് തിരിച്ചിറങ്ങാൻ തുടങ്ങുന്നു.

മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് നമ്മൾ മാറുന്നുണ്ടോ? ജീവൻ കൈയിലെടുത്ത് ജീവിക്കുന്ന മനുഷ്യർക്കുമുന്നിൽ എന്തുണ്ട് വഴികൾ? അതേക്കുറിച്ച് നാളെ...

Content Highlights: Climate Change in Kerala, Environmental issues


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented