ഒറ്റപ്പെയ്‌ത്തിൽ പ്രളയവും ഉരുൾപൊട്ടലും വിതയ്ക്കുന്ന ഭീമൻ മഴ | ഉരുകുന്ന ഭൂമി, ഉലയുന്ന കേരളം - 02


രജി ആർ. നായർമഴയുടേതുമാത്രമായി എല്ലാ പാപങ്ങളെയും മാറ്റിവെക്കാനാവില്ല. പ്രളയങ്ങൾക്ക് പറയാനുണ്ട് ഭൂമി മണ്ണിട്ടുനികത്തിയതിന്റെയും ആസൂത്രണമില്ലാത്ത നഗരവത്കരണത്തിന്റെയും കഥകൾ

പരമ്പര

-

മഴ കേരളത്തിന്റെ സ്വഭാവമാണ്. എടവപ്പാതിയും തുലാവർഷവും ഇടമഴയും ചേർന്നാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത്. എന്നാൽ, മാറിയ ഭൂപ്രകൃതിയും മഴയും ചേർന്ന് മാറ്റിയെഴുതുകയാണ് നമ്മുടെ നാട്ടുശീലങ്ങളെ. മഴയുടെ മാറ്റം നൂറ്റാണ്ടുകൾകൊണ്ടുള്ളതാണെങ്കിലും ആഗോളതാപനം അതിനുപിന്നിലുണ്ട്

പ്രളയം വന്ന വഴി
1901 മുതൽ ആകെ മഴയുടെ അളവിൽ പത്തുശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് കോട്ടയത്തെ കാലാവസ്ഥാമാറ്റ പഠനകേന്ദ്രം (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്ഞ്ച്‌സ് സ്റ്റഡീസ്) പറയുന്നു. എന്നാൽ, മഴ പതിവിലും കനത്തുപെയ്യുന്ന ദിവസങ്ങൾ കൂടിയതായും പഠനറിപ്പോർട്ടിലുണ്ട്. 2018-ലെ ഓഗസ്റ്റ് 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രണ്ടു മണിക്കൂറിൽ 30 മി.മീ.യിലധികം മഴപെയ്ത ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ-ജൂലായ്‌ കാലത്തെ അപേക്ഷിച്ച് തീവ്രമഴ ഓഗസ്റ്റ്, സെപ്‌റ്റംബർ മാസങ്ങളിലായിത്തുടങ്ങിയതായും പഠനങ്ങൾ പറയുന്നു. അതും പ്രളയത്തിന് വഴിവെച്ചു.2018ലെ പ്രളയത്തില്‍ മുങ്ങിയ ആലുവയുടെ ആകാശദൃശ്യം | Photo: PTI

മഴ, അതിതീവ്ര മഴ

ഒറ്റപ്പെയ്‌ത്തിൽ പ്രളയവും ഉരുൾപൊട്ടലും വിതയ്ക്കുന്ന ഭീമൻ മഴയുടെ യഥാർഥചിത്രം 2019-ലേതായിരുന്നു. ഓഗസ്റ്റ് ആറുമുതൽ 11 വരെയുള്ള തീയതികളിൽ കിട്ടിയത് പതിവുമഴയെക്കാൾ 998 ശതമാനം കൂടുതലെന്ന് കുസാറ്റിന്റെ പഠനങ്ങൾ പറയുന്നു. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ പലയിടത്തും 260 മി.മീ.യിൽ കൂടുതൽ മഴ ഈ ദിവസങ്ങളിൽ പെയ്തു. രണ്ടുമണിക്കൂറിനുള്ളിൽ 50 മി.മീ. മഴ പലയിടത്തും കിട്ടി.

കൂട്ടിക്കൽ ദുരന്തത്തിന്റെ കണക്കുകളിലും മഴയുടെ സ്ഫോടനസ്വഭാവം വ്യക്തമാണ്. ഉരുൾപൊട്ടലുണ്ടായത് ഒക്ടോബർ 16-ന്. അന്നുരാവിലെ എട്ടുമുതൽ 17-ന് രാവിലെവരെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കാഞ്ഞിരപ്പള്ളി വെതർ സ്റ്റേഷൻ പരിധിയിൽ പെയ്തത് 266 മി.മീ. മഴ. ഈ പരിധിയിലാണ് കൂട്ടിക്കൽ. പീരുമേട് രേഖപ്പെടുത്തിയത് 292 മി.മീ. ഇതിന്റെ പരിധിയിലാണ് കൊക്കയാർ.

Also Read
ഉരുകുന്ന ഭൂമി ഉലയുന്ന കേരളം

ഏഴ് വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് 3782 ...

Kavalappara landslide

കൊക്കയാര്‍ - ഫോട്ടോ സി.എച്ച് ഷഹീര്‍

ഇത്തരം അതിതീവ്രമഴയെ ലഘു മേഘവിസ്ഫോടന(Mini cloud burst)മായാണ് ചില കാലാവസ്ഥാ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. കാലാവസ്ഥാ മാനകങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ 100 മി.മീറ്ററോ അതിൽക്കൂടുതലോ മഴപെയ്യുന്നതാണ് മേഘവിസ്ഫോടനം. കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടാവാറില്ല. എന്നാൽ, രണ്ടുമണിക്കൂറിൽ 50 മി.മീ. മഴ വിതയ്ക്കുന്ന ലഘുമേഘവിസ്ഫോടനങ്ങൾ ഇവിടെയും എത്തിയെന്നുവേണം മനസ്സിലാക്കാൻ.

ചുഴലികളുടെ പുതിയ വീട്

വർഷങ്ങൾകൊണ്ട് അറബിക്കടലിന്റെ സ്വഭാവം മാറിത്തുടങ്ങി. ഒരുനൂറ്റാണ്ടുകൊണ്ട് അറബിക്കടലിന്റെ ഉപരിതല താപനില 1.197 ഡിഗ്രി കൂടി. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങൾ 0.78 മുതൽ 0.8 ഡിഗ്രിവരെമാത്രം താപവർധന കാണിച്ചപ്പോഴാണ് ഇത്. കടലിന്റെ ചൂടുകൂടുമ്പോൾ മുകൾത്തട്ടുമാത്രമല്ല, അടിത്തട്ടുവരെയുള്ള വലിയൊരു ജലരാശിയാണ് ചൂടാവുന്നത്. അതോടെ ബാഷ്പീകരണം വേഗത്തിലാവുന്നു. ഒപ്പം അന്തരീക്ഷവും മുമ്പുള്ളതിനെക്കാൾ ചൂടാവുന്നതോടെ കടലിൽനിന്നെത്തുന്ന നീരാവിക്ക്‌ കൂടുതൽ സ്ഥലം കിട്ടുന്നു. ഇതോടെ കൂമ്പാരമേഘങ്ങൾ (നിംബോ കുമുലസ്) രൂപപ്പെടുന്നു. ഈ കൂമ്പാരമേഘങ്ങളാണ് അതിതീവ്രമഴയുണ്ടാക്കുന്നത്.

ആറു കിലോമീറ്റർവരെയാണ് ഒരു കൂമ്പാരമേഘത്തിന്റെ ഉയരം. എന്നാൽ, കഴിഞ്ഞ കുറച്ചുവർഷങ്ങളായി കൂമ്പാരമേഘങ്ങൾ ഇരട്ടി ഉയരത്തിൽ വളരുന്നു. 12 കിലോമീറ്ററും അതിലധികവും പൊക്കത്തിൽ. അവ രണ്ടും മൂന്നും മണിക്കൂർ കനത്തുപെയ്ത് പ്രളയമൊരുക്കുന്നു, ഉരുൾപൊട്ടലുണ്ടാക്കുന്നു.

ചുഴലികൾക്കുള്ള ഊർജം നൽകുന്നതും ഇവതന്നെ. മുമ്പൊന്നും മൺസൂൺസമയത്ത് അന്തരീക്ഷച്ചുഴിയോ ചുഴലികളോ പതിവായിരുന്നില്ല. എന്നാൽ, കഴിഞ്ഞ പത്തുവർഷമെടുത്താൽ ഏഴുവർഷവും മൺസൂൺ ഒരുക്കക്കാലത്ത് ചുഴലികൾ ഉണ്ടായതായി വിദഗ്ധർ പറയുന്നു. വർഷം ഒന്നോ രണ്ടോ ചെറിയ ചുഴലിക്കാറ്റുകൾ മാത്രമായിരുന്നു പണ്ട്. എന്നാൽ, 2019-ൽ മാത്രം അറബിക്കടലിൽ ഉണ്ടായത് അഞ്ചുചുഴലിക്കാറ്റ്‌.

പറയാനുണ്ട്, പിന്നണിക്കഥകൾ

മഴയുടേതുമാത്രമായി എല്ലാ പാപങ്ങളെയും മാറ്റിവെക്കാനാവില്ല. പ്രളയങ്ങൾക്ക് പറയാനുണ്ട് ഭൂമി മണ്ണിട്ടുനികത്തിയതിന്റെയും ആസൂത്രണമില്ലാത്ത നഗരവത്കരണത്തിന്റെയും കഥകൾ. ‘നമ്മുടെ ഞാറ്റുവേലകളെ കടലെടുക്കുന്നു’ എന്ന ബോധവത്കരണ കാന്പയിൽ കേരളത്തിൽ നടന്നത് 25 വർഷം മുന്പാണ്. മഴ മണ്ണിലേക്കിറങ്ങാതെ ഒഴുകിപ്പോയി അറബിക്കടലിൽ ചേരുന്നു എന്നതായിരുന്നു അതിന്റെ സൂചന. വരൾച്ചയായിരുന്നു അന്നു മുന്നിൽക്കണ്ട ആപത്ത്. ഇന്ന് ഈ അതിതീവ്ര മഴകളുടെ കാലത്തും കാൽഭാഗം വെള്ളംപോലും മണ്ണിലേക്ക്‌ ഇറങ്ങുന്നില്ല. മുക്കാലും ഒഴുകിപ്പോവുന്നു. അന്നത്തെ വരൾച്ചക്കാലത്തും ഇന്നത്തെ പ്രളയത്തിലും മഴയ്ക്ക്‌ മണ്ണിലേക്ക്‌ താഴാൻ ആവുംവിധം ഭൂമിയൊരുക്കാൻ നമുക്ക്‌ ആവുന്നില്ലെന്ന പ്രശ്നം അതേപോലെ ശേഷിക്കുന്നു.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുപ്രകാരം 60 ശതമാനം പരിസ്ഥിതിദുർബല പ്രദേശമുള്ള പശ്ചിമഘട്ടത്തെ നൂറ്റാണ്ടുമുന്നേ വെല്ലുവിളിച്ചുതുടങ്ങിയതിന്റെ പിന്നണിക്കഥകളുണ്ട് ഓരോ ഉരുൾപൊട്ടലിനും പറയാൻ. ഭൂപ്രദേശത്തിന്റെ സ്വഭാവം, ചരിവുകളിലെ പദാർഥത്തിന്റെ സ്വഭാവം, ഭൗമാന്തർഘടന, ഭൂവിനിയോഗം, സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തൽ തുടങ്ങി ഒട്ടേറെ ഘടകങ്ങൾകൂടി ഇതിനോടൊപ്പം ചേർക്കേണ്ടതുണ്ട്.

മാധവ് ഗാഡ്ഗില്‍ | ഫോട്ടോ: കെ. അബൂബക്കര്‍

പ്രകൃതിയെ പിണക്കരുത്‌

മലയോരമേഖലകളെല്ലാം അപകടത്തിലാണെന്ന ആശങ്ക വേണ്ട. സ്നേഹത്തോടെ പരിപാലിക്കപ്പെടുന്ന ഭൂമി ചതിക്കില്ല. 20 ഡിഗ്രിയിലധികം ചരിവുള്ള പ്രതലം ഇടിഞ്ഞുവീണേക്കാം എന്ന് ഭൗമശാസ്ത്രജ്ഞരുടെ കണക്കുകൾ. കേരളത്തിൽ മിക്കയിടത്തും പശ്ചിമഘട്ടത്തിൽ പ്രത്യേകിച്ചും ഇത്തരം പ്രദേശങ്ങൾ ഏറെയാണ്. ഈ ഭൂമിയിലാണ് മണ്ണിനെ ഇളക്കിമറിച്ചുകൊണ്ടുള്ള നിർമാണങ്ങൾ നടക്കുന്നത്.

മലപ്പുറം കവളപ്പാറയിൽ ഇടിഞ്ഞുവീണ മുത്തപ്പൻകുന്നിന്റെ ചരിവ് 60 ഡിഗ്രിയായിരുന്നു. കുന്നിൻമുകളിൽനിന്നിറങ്ങിവരുന്ന രണ്ടു നീർച്ചാലുകളുണ്ടായിരുന്നതായി 1972-ലെ സർവേ പറയുന്നു. ഈ രണ്ടു നീർച്ചാലുകളും ഏതാണ്ട് നികത്തിക്കഴിഞ്ഞു. കുന്നിൻമുകളിൽ റബ്ബർക്കൃഷിക്കായി യന്ത്രങ്ങൾകൊണ്ട് കുഴിയുണ്ടാക്കിയിരുന്നു. ഇവയിൽ മഴവെള്ളം നിറഞ്ഞുനിന്നു. താഴോട്ടൊഴുകാൻ നീർച്ചാലുകളില്ലാതെ വെള്ളം ഭൂമിക്കടിയിലേക്കിറങ്ങി. ഭൂമിക്കടിയിലെ കുതിർന്ന ഭാഗങ്ങളിൽ പൈപ്പിലെന്നപോലെ വെള്ളത്തിന്റെ ഒഴുക്കു രൂപപ്പെടുന്ന പ്രതിഭാസമായ ‘സോയിൽ പൈപ്പിങ്’ ഇവിടെയുമുണ്ടായിക്കാണണം. ദിവസങ്ങളായി പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ വീണ്ടും അതിതീവ്രമഴ ആഘാതമുണ്ടാക്കി. താഴെയുള്ള പാറകളിലെ പിടിവിട്ട് രണ്ടുമീറ്റർമാത്രം ഉയരത്തിലുള്ള മേൽമണ്ണ് ആദ്യമൊഴുകിപ്പോന്നു. പിന്നാലെ ഉരുൾപൊട്ടൽ.

2019-ല്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ | ഫോട്ടോ: മാതൃഭൂമി

ക്വാറികളെക്കുറിച്ചും ആശങ്കകളുണ്ട്. നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ് സ്റ്റഡീസിന്റെ സഹായത്തോടെ കേരള ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ മണ്ണിടിച്ചിൽ സാധ്യതാ മാപ്പ് പരിശോധിച്ച് അതിലുൾപ്പെടുന്ന പ്രദേശമല്ലെന്ന് ഉറപ്പുവരുത്തിമാത്രമേ ക്വാറികൾക്ക് അനുമതി നൽകാവൂ എന്ന് നിയമമുണ്ട്. എന്നാൽ, ക്വാറികൾ അനുമതിക്കപ്പുറത്തേക്ക് വളരുന്നതാണ് പലപ്പോഴുമുള്ള കാഴ്ചകൾ. ഈവർഷം ഓഗസ്റ്റിൽ ഉരുൾപൊട്ടലുണ്ടായ കണ്ണൂരിലെ കണിച്ചാർ, കോളയാട് പ്രദേശങ്ങളിൽനിന്ന് അധികം ദൂരെയല്ലാതെ രണ്ടു ക്വാറികളുണ്ടായിരുന്നു.

അടുത്തിടെ കേരളം കാണുന്ന മറ്റൊരു കാഴ്ചയാണ് അർബൻ ഫ്ളഡ് -നഗര പ്രളയം. കൊച്ചിയെ മുക്കുന്ന, പാലായെ നിത്യ പ്രളയത്തിലാക്കുന്ന കേരളത്തിന്റെ കൃഷിയും മണ്ണും ആരോഗ്യവും അടിമുടി ഉലയ്‌ക്കുന്ന കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അടുത്തലക്കം

Content Highlights: Climate change in Kerala, environmental issues


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented