ഏഴ് വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായത് 3782 മണ്ണിടിച്ചിലുകള്‍, കേരളത്തില്‍ മാത്രം 2239 | പരമ്പര- 01


രജി ആർ. നായർനല്ല കാലാവസ്ഥയുടെ കൂടെ ജീവിച്ച മലയാളി ഇന്ന് കാലാവസ്ഥാമാറ്റത്തിന്റെ കടുപ്പങ്ങളറിയുന്നു. കേരളമെന്ന ചെറിയ ഭൂവിഭാഗം ഏൽക്കേണ്ടിവന്ന വലിയ മുറിവുകളും അതിന്റെ പിൻകാഴ്ചകളും അന്വേഷിക്കുന്ന പരമ്പര

ഉരുകുന്ന ഭൂമി ഉലയുന്ന കേരളം

ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ പെട്ടിമുടിയുടെ ആകാശദൃശ്യം

കാലാവസ്ഥാമാറ്റത്തിന്റെ വഴുക്കുള്ള വരമ്പിലൂടെയാണ് കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിന്റെ യാത്ര. അടിതെറ്റാതെ അപ്പുറത്തെത്താനാവുമോ എന്നതാണ് ചോദ്യം. ഭൂമിയിലെങ്ങും കരയും കടലും സ്വഭാവവ്യത്യാസം കാണിക്കുമ്പോൾ അതിന്റെ ദുരന്തഫലങ്ങളുടെ നടുവിലുണ്ട് കേരളം. മലകൾ ഇടിഞ്ഞുവീണും ഇടനാട്ടിൽ വെള്ളംനിറഞ്ഞും തീരങ്ങൾ കടലെടുത്തും ജീവനും ജീവിതവും നിലച്ചുപോകുന്നു. മുൻകാലങ്ങളിൽ അറിഞ്ഞിട്ടില്ലാത്ത കെടുതികൾ മുന്നറിയിപ്പില്ലാതെ കടന്നുവരുന്നു.

ദുരന്തം കണക്കിനപ്പുറം

കേരളത്തിന്റെ കാലാവസ്ഥാ ചരിത്രത്തിൽ പുതിയ കണക്കുകൾ എഴുതപ്പെടുകയാണ്. കഴിഞ്ഞ ഏഴുവർഷത്തിനിടയ്ക്ക് ഏറ്റവും കൂടുതൽ മണ്ണിടിച്ചിലുണ്ടായ പ്രദേശമായി കേരളം മാറി.

2015-നും ’22-നുമിടയിൽ ഇന്ത്യയിലുണ്ടായ 3782 പ്രധാന മണ്ണിടിച്ചിലുകളിൽ 2239 എണ്ണവും കേരളത്തിലാണെന്ന് ഭൗമശാസ്ത്രവകുപ്പ് പാർലമെന്റിന് കൈമാറിയ കണക്കുകളിൽ പറയുന്നു.

കഴിഞ്ഞ അമ്പതുവർഷത്തിനിടയ്ക്ക് തെക്കുപടിഞ്ഞാറൻ കാലവർഷത്തിലുണ്ടായത് 10.4 ശതമാനത്തിന്റെ കുറവ്. അതേസമയം, വടക്കുകിഴക്കൻ കാലവർഷം 114.8 ശതമാനം കൂടി. ആകെ മഴയുടെ 80 ശതമാനത്തോളം തരുന്ന ഇടവപ്പാതിക്കാലം ഇടറുകയും ശേഷിക്കുന്ന ഇരുപതുശതമാനംമാത്രംതരുന്ന തുലാവർഷം കനക്കുകയും ചെയ്യുംവിധമാണ് മാറ്റങ്ങൾ.

അറബിക്കടലിൽ കൊടുങ്കാറ്റുകൾ മുമ്പുണ്ടായിരുന്നതിൽനിന്ന് നാലിരട്ടി വർധിച്ചു. അതിനെല്ലാമപ്പുറം 2018-നുശേഷം കേരളത്തിൽ ഓരോ വർഷവും കുറഞ്ഞസമയത്തിനുള്ളിൽ അതിതീവ്ര മഴയുണ്ടാവുന്ന സംഭവങ്ങൾ കൂടി. ഫലം ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ജീവനാശം, വസ്തുനാശം...

2017-ഓർത്തുവെക്കേണ്ട വർഷം

2013-മുതൽ 2017 വരെയുള്ള വർഷങ്ങളിൽ ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ചെറിയ സമയത്തിനുള്ളിൽ പെയ്യുന്ന അതിതീവ്രമഴ പതിവായിരുന്നില്ലെന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകസംഘം തയ്യാറാക്കിയ പഠനറിപ്പോർട്ടിൽ പറയുന്നു. 2017-നുശേഷമാണ് കേരളത്തിലെ കാലാവസ്ഥാമാറ്റങ്ങൾ ഇത്രയും ജീവനെടുക്കാൻ തുടങ്ങിയത്. ആ വർഷം ഓഖി ചുഴലിക്കാറ്റുവന്നു. 2018-ൽ ഈ നൂറ്റാണ്ടിലെ ആദ്യ പ്രളയം. 2019-ലും പ്രളയവും ഉരുൾപൊട്ടലും ആവർത്തിച്ചു. പെട്ടിമുടിയും കൂട്ടിക്കലും കുടയത്തൂരും പിന്നെയും മനുഷ്യരെ മണ്ണിനടിയിലാക്കി. പാലായും അടൂരും കൊച്ചിയും നഗരപ്രളയത്തിലായി. മലയാളി സ്വന്തംനാടിനെ ഭയന്നുതുടങ്ങി.

koottikkal
കൂട്ടിക്കൽ കാവാലിയിലെ രക്ഷാപ്രവർത്തനം | ഫോട്ടോ: ഇ.വി. രാഗേഷ്‌ \ മാതൃഭൂമി

ഉയിരെടുക്കുന്ന ഉരുൾ

നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ് സ്റ്റഡീസിന്റെ പ്രകൃതിദുരന്ത സാധ്യതാ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിന്റെ 1848 ചതുരശ്ര കിലോമീറ്റർ പ്രദേശവും ഉരുൾപൊട്ടലിനോ മണ്ണിടിച്ചിലിനോ സാധ്യതയുള്ളതായി പറയുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ ഇതിൽപ്പെടും. ഇടുക്കിയുടെ 74 ശതമാനവും വയനാടിന്റെ 51 ശതമാനവും ഈ സാധ്യതയ്ക്കുള്ളിലാണ്.

2018-ൽ കാര്യമായ നാശംവിതച്ചത് 341 ഉരുൾപൊട്ടൽ. 104 ജീവനുമെടുത്തു. 2019 ഓഗസ്റ്റിലെ ഏഴ്-പതിനൊന്ന് തീയതികൾക്കിടയിൽമാത്രം 80 ഇടത്ത് ശക്തിയായി ഉരുൾപൊട്ടി. മരണം 120-ലധികം. 2020-ൽ ഇടുക്കിയിലെ പെട്ടിമുടിയിൽ മരിച്ചത് 69 പേർ. 2021-ൽ കോട്ടയത്തെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും മറ്റു മലയോരപ്രദേശങ്ങളിലുമായി 27 പേരെ ഉരുൾ കൊണ്ടുപോയി. 2022-ൽ തൊടുപുഴയിലെ കുടയത്തൂരിൽ പൊലിഞ്ഞത് അഞ്ചുജീവൻ.

‘മഴക്കാലത്ത് ഞങ്ങൾ ഉറങ്ങാറില്ല’

‘‘മഴ തുടങ്ങിയാൽ പിന്നെ പേടിയാണ്. രാത്രി ഉറങ്ങാനാവുന്നില്ല. എന്തു ശബ്ദംകേട്ടാലും മലയിടിഞ്ഞുവരുന്നതാണെന്നുതോന്നും. എല്ലാവരുംകൂടി ഒരു മുറിയിൽ മിണ്ടാനാവാതെ തൊട്ടുതൊട്ടിരിക്കും...’’-കോഴിക്കോട് തിരുവമ്പാടിയിലെ പി. സുനിൽ പറയുന്നു.

2012 ഓഗസ്റ്റ് ആറിന് പുല്ലൂരാംപാറയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ഇവർ മറന്നിട്ടില്ല. കാവിലുംപാറ, കക്കയം, ആനക്കാംപൊയിൽ തുടങ്ങി സമീപപ്രദേശങ്ങളിൽ കഴിഞ്ഞ പലവർഷങ്ങളിലും ഉരുൾപൊട്ടി. ജീവൻ ബാക്കിയായെങ്കിലും ജീവിതം കൈവിട്ടുപോയവർ ഏറെ.

kavalppara
കവളപ്പാറയിലെ അവശേഷിച്ച തുരുത്ത് |
ഫോട്ടോ: അജിത്ത് ശങ്കരൻ

ചിതറിപ്പോയ നാട്

നിലമ്പൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമായിരുന്നു കവളപ്പാറ. മുത്തപ്പൻകുന്നിന്റെ ചരിവിലും താഴ്‌വാരത്തിലുമായി കുറെ വീടുകൾ. ഭൂദാനമാണ് സമീപപ്രദേശം. 2019 ഓഗസ്റ്റ് ഒമ്പതിന് ഉരുൾപൊട്ടലിൽ ചിതറിപ്പോയത് 49 ജീവനുകൾ മാത്രമല്ല, ഒരു നാടുതന്നെയാണ്. 30-ലധികം വീടുകളാണ് അന്ന് ഉരുളിൽപ്പെട്ടത്. അതിലുമെത്രയോ ഏറെ കുടുംബങ്ങൾ പ്രദേശം വിട്ടുപോയി. യൂസഫലിക്കുന്നെന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന ആലിൻചുവടിനടുത്തുള്ള കോളനിയിലേക്ക് 70-ലധികം കുടുംബങ്ങൾ താമസം മാറി. നെട്ടിക്കുളത്തേക്ക്‌ 30-ഉം ചെമ്പൻകൊല്ലിയിലേക്ക് 20-ഉം കുടുംബങ്ങളെ പറിച്ചുനട്ടു. നഷ്ടപരിഹാരമായി കിട്ടിയ പത്തുലക്ഷവുമായി ഉപ്പട, ചാത്തൻമുണ്ട, മുതുകുളം പ്രദേശങ്ങളിലേക്ക് പോയവരും ഏറെ.

‘‘കടയിൽ കച്ചവടം കുറഞ്ഞു. പലരും പല നാട്ടിലായില്ലേ...’’-ഭൂദാനത്ത് പലചരക്ക്-പച്ചക്കറി കട നടത്തുന്ന ചേന്ദംകുളങ്ങര ഉമ്മർ പറഞ്ഞു. ഒരു നീർച്ചാലിന് ഇപ്പുറമാണ് ഉമ്മറിന്റെ വീട്. അന്ന് നീർച്ചാലിന്റെ അപ്പുറംവന്ന് ഉരുൾ നിന്നു. മഴ പെയ്യുമ്പോൾ, വെള്ളം പൊങ്ങുമ്പോൾ ഇന്നും ചങ്കിടിപ്പ് കൂടും.

തുടക്കം ഓഖിയിൽ

2017-ലെ ഓഖി ചുഴലിക്കാറ്റാണ് ആദ്യപ്രഹരം തന്നത്. നവംബർ 28-ന് ശ്രീലങ്കയിൽനിന്ന് ശക്തമായ കാറ്റായിത്തുടങ്ങി 29-ന് ന്യൂനമർദമായി രൂപപ്പെട്ട് കൊടുംചുഴലിയായി വളർന്ന് അറബിക്കടലിന്റെ കേരളാതീരത്തിലൂടെ കടന്നുപോയ ഓഖിയിൽ നവംബർ 30-ന് കുടുങ്ങിയവരിലേറെയും കേരളത്തിലെ മത്സ്യത്തൊഴിലാളികളായിരുന്നു. 142 പേർ മരിച്ചെന്ന് ഔദ്യോഗിക കണക്കുകൾ. കാണാതായവരുൾപ്പെടെ 318 പേരുണ്ടെന്ന് മറ്റു കണക്കുകൾ. അറബിക്കടലിലും കൊലയാളിച്ചുഴലികൾ കാത്തിരിക്കുന്നുണ്ടെന്ന് അന്നുമുതൽ കേരളം തിരിച്ചറിഞ്ഞുതുടങ്ങി.

2018: ആ വർഷം കാലവർഷം നേരത്തേ എത്തിയിരുന്നു, മേയ് 28-ന്. പൊതുവേ മഴ കൂടുതലുമായിരുന്നു. എന്നാൽ, ഓഗസ്റ്റ് 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ അക്ഷരാർഥത്തിൽ കേരളം നടുക്കടലിലായി. ഈ നൂറ്റാണ്ടിലെ ആദ്യപ്രളയം. അസാധാരണമായിരുന്നു മഴയുടെ അളവ്. ആ ദിവസങ്ങളിൽ കിട്ടിയത് പതിവുമഴയെക്കാർ 853 ശതമാനം കൂടുതൽ. രണ്ടുമാസംകൊണ്ട് പെയ്യേണ്ട മഴ അഞ്ചുദിവസത്തിൽ പെയ്തു. പ്രളയവും ഉരുളുംചേർന്ന് 451 ജീവനെടുത്തു.

2019: പറയുമ്പോൾ ആ വർഷം മഴയെത്തിയത് വൈകിയാണ്. ഓഗസ്റ്റുവരെ പതിവിലും കിട്ടേണ്ടതിൽനിന്ന് കുറവേ മഴ കിട്ടിയിരുന്നുള്ളൂ. എന്നാൽ, ഓഗസ്റ്റ് ആറുമുതൽ 11 വരെയുള്ള ദിവസങ്ങളിൽ കിട്ടിയത് കിട്ടേണ്ട മഴയെക്കാൾ 998 ശതമാനം കൂടുതൽ. മഴയിൽ മുങ്ങിയും ഉരുളിൽ പുതഞ്ഞും പൊലിഞ്ഞത് 125 ജീവൻ.

2020-ൽ ഇടുക്കിയിലെ പെട്ടിമുടിയിലും ഉരുൾവിതച്ചത് അതിതീവ്ര മഴയായിരുന്നു. '21-ൽ കോട്ടയത്തെ കൂട്ടിക്കലും ഇടുക്കിയിലെ കൊക്കയാറുമായിരുന്നു ദുരന്തഭൂമി. 2022-ൽ തൊടുപുഴയിലെ കുടയത്തൂർ. അവസാനിച്ചാൽ മതിയായിരുന്നു ഈ കണക്കുകൾ.

പല കാരണങ്ങൾ വേറെയുമുണ്ടെങ്കിലും അതിതീവ്രമഴയുടെ സന്തതികളാണ് അടുത്തകാലത്തുണ്ടായ പ്രളയവും ഉരുൾപൊട്ടലുകളും. എന്തുകൊണ്ട് ഇത്തരം മഴകൾ? അതിലേക്ക് നയിച്ച കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് അടുത്ത ലക്കം

Content Highlights: environmental issues, Climate change in Kerala, geography, urbanization, Kerala landslide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented