താനൊരുക്കിയ വനത്തിനുള്ളിൽ ബുൾഭേന്ദ്രൻ
അത്യപൂര്‍വമായ പാതാള തവള, പാമ്പിനങ്ങളായ രാജവെമ്പാല, അണലി തുടങ്ങിയവയെല്ലാമുള്ള ഒരു സ്വകാര്യ വനമുണ്ട് അടിമാലിക്കടുത്ത ആയിരം ഏക്കറില്‍. കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാരനായ ബുള്‍ബേന്ദ്രനാണ് ഈ കാടിന്റെ ഉടമസ്ഥന്‍. 2015-ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ബുള്‍ബേന്ദ്രന്‍ പക്ഷേ പരിസ്ഥിതി സ്നേഹത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. 30 വര്‍ഷങ്ങളായി പരിസ്ഥിതി പ്രവര്‍ത്തനവും ബുള്‍ബേന്ദ്രന്റെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്. പൂര്‍വികരില്‍ നിന്നും ലഭിച്ച മൂന്നേക്കര്‍ സ്ഥലത്താണ് ബുള്‍ബേന്ദ്രന്‍ വനം ഒരുക്കിയിരിക്കുന്നത്. ചെറുപ്പം മുതലേ വനങ്ങളോടും വന്യജീവികളോടുമുള്ള കമ്പമാണ് വനമെന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് അദ്ദേഹം പറയുന്നു.
"ചെറുപ്പം മുതല്‍ക്കെ വനങ്ങളോടും വന്യജീവികളോടും കമ്പമുണ്ട്. വലുതാകുമ്പോള്‍ ഇത്തരത്തിലൊന്ന് ഒരിക്കല്‍ ഒരുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കൊള്ളമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്", പറയുമ്പോള്‍ ബുള്‍ബേന്ദ്രന്റെ വാക്കുകളില്‍ സ്വര്‍ണതിളക്കം. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന വനനശീകരണത്തിന് എന്നും എതിരായിരുന്നു ബുള്‍ബേന്ദ്രന്‍. മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാവുന്ന ചെറു വനത്തിലേക്ക് ബുള്‍ബേന്ദ്രന്‍ എത്തിയതും ഇങ്ങനെ തന്നെ. പ്രകൃതിയെ സംരക്ഷിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടതെന്ന സന്ദേശമാണ് അദ്ദേഹത്തിന് നല്‍കാനുള്ളത്.

ഇന്നിപ്പോള്‍ 'നീലഗിരി ഗ്രീന്‍ ബയോവാലി ബെട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ബയോ റിസര്‍ച്ച് സെന്റര്‍' നിരവധി കണക്കിന് വരുന്ന സസ്യജന്തുജാലങ്ങളുടെ അഭയ കേന്ദ്രം കൂടിയാണ്. നിത്യസന്ദര്‍ശനത്തിനെത്തുന്ന ജന്തുജാലങ്ങളുമുണ്ട്. പുറമേ നിന്നുള്ള ആര്‍ക്കും പ്രവേശനം അനുവദിക്കില്ല. പുറമേ നിന്ന് ആരെങ്കിലും എത്തിയാല്‍ അത് വന്യജീവികള്‍ക്ക് ശല്യമാകുമെന്ന് കരുതിയാണിത്. എന്നാല്‍ ചിരപരിചിതനായ ബുള്‍ബേന്ദ്രനെ കണ്ടാല്‍ മാത്രം അവ അകന്നു പോകാറില്ല. 400 ലേറെ വരുന്ന വിഭാഗത്തില്‍പെടുന്ന വൃക്ഷങ്ങളും വനത്തില്‍ ഒരുക്കിയിട്ടുണ്ട്.
വൻ കാടുകള്‍ക്ക് സമാനമായ ആവാസവ്യവസ്ഥ തന്നെയാണ് ഇവിടേയും ഒരുക്കിയിരിക്കുന്നത്. 3 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വനത്തിന് ചുറ്റിലും ഈറ്റയും മറ്റും കൊണ്ടുള്ള ജൈവവേലിയാണ് സ്ഥാപിച്ചിരിക്കുന്നത്. വനത്തിലാദ്യം നട്ടത് പുല്ലും മറ്റുള്ള ചെടികളുമാണ്. ശാസ്ത്രീയമായ രീതിയില്‍ തന്നെയാണ് വനം നിര്‍മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വനത്തിലെ എട്ടു കുളങ്ങളില്‍ ഏഴെണ്ണവും തവളകള്‍ക്കായി നിര്‍മ്മിച്ചവയാണ്. പറക്കും തവള, പച്ച തവള പോലെയുള്ള തവള വിഭാഗങ്ങളും പാതാള തവളയ്ക്ക് പുറമേ ഇവിടെയുണ്ട്. പാമ്പുകള്‍ വാസമുറപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന പച്ച തുരുത്തും വനത്തിലുണ്ട്. സന്ദര്‍ശനത്തിനും മറ്റുമെത്തുന്ന പക്ഷികള്‍ക്കായി പഴ വര്‍ഗങ്ങളും നട്ടു പിടിപ്പിച്ചിട്ടുണ്ട് ബുള്‍ബേന്ദ്രന്‍.
കാടിന്റെ തനി പകര്‍പ്പ് തന്നെ ലഭ്യമാക്കുന്നതിനായി ബുള്‍ബേന്ദ്രന്‍ വളപ്രയോഗങ്ങള്‍ പാടെ ഉപേക്ഷിച്ചു. മരത്തില്‍ നിന്നും വീഴുന്ന ചുള്ളികമ്പുകളും മറ്റും അവിടെ കിടക്കും. പിന്നീട് ഇതേയിടത്ത് സൂക്ഷ്മജീവികളുണ്ടായി മരത്തിന് വളമായി തീരുകയാണ് ചെയ്യുക. മലയണ്ണാന്‍, മലമുഴക്കി വേഴാമ്പല്‍, ചരടന്‍ കോഴി തുടങ്ങിയവര്‍ നിത്യസന്ദര്‍ശകരാണ്. ചിത്രശലഭങ്ങളുമെത്തുന്ന മിനി വനത്തില്‍ കുരുവികളും വിരുന്നെത്താറുണ്ട്. പഴവര്‍ഗങ്ങള്‍ ഉള്ളതിനാല്‍ രാത്രി കാലങ്ങളില്‍ വൗവ്വാലുകളും ധാരാളമെത്തുന്നുണ്ട്. പാമ്പിനങ്ങളായ രാജവെമ്പാല മുതല്‍ അണലി വരെ ഇവിടെ കാണാറുണ്ട്. ഇവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയും വനത്തിലൊരുക്കിയിട്ടുണ്ട്.
മണ്ണിനടിയിലൊരു അനക്കം കണ്ടിട്ടാണ് പ്രദേശത്ത് പാതാള തവളകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അന്ന് ബുള്‍ബേന്ദ്രന്റെ 'മിനി വനം' വാര്‍ത്തകളിലിടം നേടിയിരുന്നു. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന്
തടസ്സമാകാതിരിക്കാന്‍ ഇടയ്ക്ക് മാത്രമാണ് താന്‍ വനത്തിലേക്ക് പോവുകയെന്നും ബുള്‍ബേന്ദ്രന്‍ പ്രതികരിച്ചു. സ്‌കൂളുകളില്‍ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ ക്ലാസുമെടുക്കാറുണ്ട് ബുള്‍ബേന്ദ്രന്‍. കടുവകള്‍ കാടിറങ്ങിയാലും ബുള്‍ബേന്ദ്രന്റെ സഹായം വനംവകുപ്പ് തേടാറുണ്ട്. ഇടുക്കി ജില്ലയുടെ വന്യജീവി വിദ്ഗദ്ധന്‍ കൂടിയായ ഇദ്ദേഹം അടിമാലി ഫോറസ്റ്റ് റേഞ്ചിന്റെ സ്നേക്ക് റെസ്‌ക്യുവര്‍ കൂടിയാണ്. വനമിത്ര, 2021-ല്‍ പരിസ്ഥിതിമിത്ര അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കേൾക്കുമ്പോൾ കൗതകം തോന്നുന്ന പേരാണ് ബുള്‍ബേന്ദ്രന്റേത്. പേരിന് പിന്നിലെ കൗതുകത്തെ കുറിച്ച് ബുള്‍ബേന്ദ്രന്‍ പറയുന്നതിങ്ങനെ; "അച്ഛന്‍ പള്ളിവാസൽ ജലവൈദ്യുത നിലയത്തിലെ മുന്‍ ജീവനക്കാരനായിരുന്നു (ഫോര്‍മാന്‍) അന്നത്തെ കാലത്ത് ചില വിദേശികളും അവിടെ ജോലി ചെയ്തിരുന്നു. അച്ഛന്‍ താമസിച്ച ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള ഒരു യൂറോപ്യൻ സമ്മാനിച്ച പേരാണ് ഇത്. അർഥം ഒന്നും അറിയില്ല. പലപ്പോഴും ഈ പേര് മാറ്റാൻ ആലോചിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല''.
Content Highlights: bulbendran sets up forest in his own property
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..