
ചുനക്കര പാടശേരത്തുണ്ടാക്കിയ ശിൽപം, ശിൽപത്തിന് സമീപം ലിനേഷ്
ജലാശയങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്തി ചുനക്കര സ്വദേശി ലിനേഷ് കെആര്‍എസ്. ചുനക്കര പാടശേഖരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളുപയോഗിച്ച് അതിമനോഹരമായ മത്സ്യത്തിന്റെ ശില്പം നിര്‍മ്മിച്ചാണ് ജലാശയങ്ങള്‍ മലിനമാക്കുന്നതിനെതിരേ ലിനേഷ് ബോധവത്കരണം നടത്തിയത്. മാത്രവുമല്ല പാടശേഖരത്തിൽ ഇടാൻ സാധ്യതയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാനുള്ള ഒരു അറ കൂടി ഈ ശിൽപത്തിലുണ്ട്. പെരുവിലില്‍ച്ചാല്‍ പുഞ്ചയില്‍ ബണ്ട് റോഡിന് താഴെയുള്ള വഴി സ്ഥലത്താണ് 18 അടി ഉയരത്തില്‍ ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. ദിനംപ്രതി പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിയുന്ന പ്രദേശമായിരുന്നു പാടശേഖരം.
പ്രളയത്തില്‍ വന്നടിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളും പാടശേഖരത്ത് ധാരാളമുണ്ടായിരുന്നു. ഒരു മാറ്റം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതോടെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ലിനേഷിന്. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റായ ലിനേഷ് നാല് സുഹൃത്തുക്കളെയും ഒപ്പം കൂട്ടി. ഏട്ട് ദിവസമെടുത്തു പാടശേഖരത്ത് നിന്ന് പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിക്കാന്‍. ഏഴ് ദിവസം കൊണ്ട് 50 ചാക്കുകളിലായി 20,000-ഓളം പ്ലാസ്റ്റിക്ക് കുപ്പികള്‍ ശേഖരിച്ചു. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളാണ് ശേഖരണത്തിനായി ലിനേഷും സുഹൃത്തുക്കളും വിനിയോഗിച്ചത്.
12 ദിവസം കൊണ്ടാണ് ശില്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. നിര്‍മാണ സാമഗ്രിക്കായുള്ള തുക സ്വന്തം പോക്കറ്റില്‍ നിന്ന് കണ്ടെത്തി. പാടശേഖരവുമായി ബന്ധപ്പെട്ട് കിടക്കുന്നതു കൊണ്ടാണ് മത്സ്യത്തിന്റെ ശില്പം നിര്‍മ്മിച്ചത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ ആസ്വദിക്കാന്‍ കഴിയുമെന്ന് തോന്നി. തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ ബി.എ ഫൈന്‍ ആര്‍ട്ട്സ് ശില്പകല പഠിച്ചതും ഗുണം ചെയ്തുവെന്നും ലിനേഷ് പറയുന്നു.
ദിവസം നാല് മണിക്കൂറോളം ചെലവഴിച്ചാണ് മത്സ്യത്തിന്റെ ശില്പം പൂര്‍ത്തിയാക്കിയത്. പിന്നീടങ്ങോട്ട് അഭിനന്ദന പ്രവാഹമായിരുന്നു. ഒടുവില്‍ സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളുടെ ഭാഗമായി ആലപ്പുഴയില്‍ ശില്പം പ്രദര്ശിക്കുമോയെന്ന് ചോദിച്ചു വരെ വിളിയെത്തി. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നും പൂര്‍ണ പിന്തുണയാണ് ലിനേഷിന് ലഭിച്ചത്.
ഇപ്പോള്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപേക്ഷിക്കാനെത്തുന്നവരെല്ലാം ശില്പത്തിന്റെ പൊള്ളയായ ഭാഗത്താണ് നിക്ഷേപിക്കുക. ഉൾവശത്തിന്റെ കാൽഭാഗത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ടു നിറഞ്ഞു കഴിഞ്ഞു. ഇനിയും ഇത്തരത്തിലുള്ള ബോധവത്കരണങ്ങള്‍ നടത്തണമെന്നാണ് ആഗ്രഹമെന്നും ലിനേഷ് കൂട്ടിച്ചേര്‍ത്തു.
പാടശേഖരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുക മാത്രമല്ല അത് ശിൽപമാക്കി കാണിച്ച് തങ്ങൾ എത്രത്തോളം ആ നീർത്തടത്തെ മലിനപ്പെടുത്തിയെന്ന് നാട്ടുകാരെ ബോധവത്കരിക്കാനുള്ള എളിയ ശ്രമമാണ് ലിനേഷിന്റെ ഭാഗത്തു നിന്നുണ്ടായത്. ഈ ശിൽപം വന്നതോടെ പ്രദേശത്ത് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്നത് കുറഞ്ഞു. കൂടാതെ വലിച്ചെറിയുന്നവർ ആ ശിൽപത്തിലെ പൊള്ളയായ ഭാഗത്ത് നിക്ഷേപിക്കാനുള്ള ശ്രദ്ധ ചെലുത്തുന്നു എന്നതും ശ്രദ്ധേയമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..