ദിനോസറുകളുടെ ഭക്ഷണം, വിക്ടോറിയൻ ഗമ, നൊസ്റ്റു ഇലയടയാളങ്ങൾ; പന്നയല്ല ഈ പന്നൽച്ചെടികൾ


കിരണ്‍ കണ്ണന്‍ഉദ്യാനസസ്യങ്ങളിലെ പ്രിയതാരമായ സ്വേഡ് ഫേണുകള്‍ ചെടിച്ചട്ടിയില്‍ തിങ്ങിവളരുമ്പോള്‍ താഴേയ്ക്ക് നൂലുപോലെയൊരു റൈസോമിനെ വളര്‍ത്തിയിടും അതിന്റെ തുഞ്ച് നിലത്ത് മണ്ണില്‍ തൊടുമ്പോള്‍ അവിടെ വേരുപിടിച്ച് പുതിയ ചെടിയുണ്ടാകും. അവിടുന്ന് വീണ്ടും റൈസോമുകള്‍ അകലേക്ക് വളര്‍ന്ന് മണ്ണില്‍ തൊടും അവിടെ വീണ്ടും പുതിയ ചെടിയുണ്ടാകും. അങ്ങിനെ പുതു തലമുറകള്‍ അങ്ങോട്ട് 'നടന്ന് നടന്ന്' അകന്നു പോകും.

ഫേൺ | ഫോട്ടോ:നസീഹ സി പി

കാലം പതിനെട്ടാം നൂറ്റാണ്ട്. വിക്ടോറിയന്‍ സൗന്ദര്യ സങ്കല്പങ്ങളിലേക്ക് പൊടുന്നനെ ഒരിനം സസ്യം കടന്നു വന്നു. അക്കാലത്തെ പാശ്ചാത്യ യൂറോപ്യന്‍ നാഗരികതയ്ക്ക് ആ സസ്യത്തിന്റെ ശേഖരണവും വളര്‍ത്തലും ചിത്രീകരണവും സമ്മാനങ്ങളും കൗതുകമായി വളര്‍ന്നു. എന്തിന്, സര്‍ഗസാഹിത്യത്തില്‍ പോലും ആ സസ്യം വളരെ പെട്ടെന്ന് ഭ്രമിതമായ ആവേശമായി മാറി. ചിത്രകാരന്മാരുടെ ക്യാന്‍വാസുകളിലെമ്പാടും ആ ചെടി കരിംപച്ച ചായങ്ങളില്‍ നിറഞ്ഞു .

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

വിരുന്നുമുറികളിലെ പിഞ്ഞാണപാത്രങ്ങളില്‍, ക്ഷണക്കത്തുകളില്‍ , ആശംസാ കാര്‍ഡുകളില്‍, ജാലക ചില്ലുകളില്‍, വിവാഹവസ്ത്രങ്ങളില്‍, പ്രണയലേഖനങ്ങളില്‍. എല്ലായിടത്തും പ്രാചീന ജൈവ ചരിത്രമുള്ള ആ ചെടികളുടെ ചിത്രണം മാത്രം. മാലകളിലെ ചില്ലു ലോക്കറ്റുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ ആ ചെടിയിലത്തുമ്പുകള്‍ ഒട്ടിച്ച് വച്ചു. ഏകദേശം അര നൂറ്റാണ്ടോളം കാലം പശ്ചിമദേശങ്ങളിലെ മനുഷ്യരുടെയാകമാനം മനം കവര്‍ന്ന ഫേണുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ലീവിങ്‌ ഫോസിൽ എന്നറിയപ്പെടുന്ന Psilotum | ഫോട്ടോ:നസീഹ സി പി

പടര്‍ന്ന് പിടിച്ച ചെടിപ്രാന്ത്

വിശാലമായ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ പ്രജകളുടെ ഗമപറച്ചിലുകളിലൂടെ അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്റെ ഇരുകരകളിലെ ദേശങ്ങളിലും ആ പ്രത്യേക വിഭാഗം 'ചെടിപ്രാന്ത്' പടര്‍ന്നു വളര്‍ന്ന് വ്യാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ തന്നെ എല്ലാ കാലാവസ്ഥയിലും ആ ചെടികളെ പരിരക്ഷിച്ചു വളര്‍ത്താന്‍ പാകത്തിന് ആധുനിക ടെറേറിയങ്ങളുടെ പ്രാഗ് രൂപങ്ങളായ വലിയ ചില്ലുകൂടുകള്‍ വിപണിയില്‍ ലഭ്യമായി തുടങ്ങി. നതാനിയേല്‍ ബാഗ്ഷ്വോ വാര്‍ഡ് (Nathaniel Bagshaw Ward) എന്ന സസ്യ ശാസ്ത്രജ്ഞനാണ് 'വാര്‍ഡിയന്‍ കേയ്സ്' (Wardian case) എന്ന ചില്ലുകൂടുകളുടെ ഉപജ്ഞാതാവ്. അക്കാലഘട്ടത്തില്‍ വരേണ്യവര്‍ഗ്ഗത്തിന്റെ ഉദ്യാനകലയിലെ ഏറ്റവും പ്രിയപ്പെട്ട സസ്യത്തിന്റെ അപൂര്‍വ ഇനങ്ങളുടെ വിലകള്‍ക്ക് പരിധിയില്ലാതായി. വിലയും വിപണിയും വര്‍ദ്ധിച്ചതോടെ ലോകമെമ്പാടും ആ ചെടികളുടെ ശേഖരണവും പരിസ്ഥിതി ചൂഷണവും വര്‍ധിച്ചു. ചിലയിനങ്ങള്‍ വംശനാശത്തിന്റെ വക്കോളമെത്തി. ഈ പ്രാന്തിന് ചരിത്രത്തില്‍ ഒരു വിളിപ്പേരുണ്ടായിരുന്നു, ടെറിഡോമാനിയ (Pteridomania).

വാര്‍ഡിയന്‍ കേസ്, Wardian Case | Photo-twitter.com/idealbraintonic

പന്നല്‍ ചെടി അഥവാ 'ചിത്രപ്പുല്ല്'

ഫേണുകള്‍ പ്ലാന്റെ 'രാജകുടുംബത്തിലെ' (Kingdom Plantae) ടെറിഡോഫൈറ്റ്‌സ് (Pteridophyta) എന്ന ഡിവിഷനില്‍ ഉള്‍പ്പെടുന്ന സസ്യങ്ങളാണ്. മോസ്സുകളെപോലെയല്ല, ഫേണുകള്‍ക്ക് മലയാളത്തില്‍ വിളിപ്പേരുണ്ട് 'പന്നല്‍ ചെടികള്‍' അധികമാരും ഉപയോഗിച്ച് കാണാറില്ലെങ്കിലും 'പന്നലി'നേക്കാള്‍ മനോഹരമായ വേറൊരു മലയാളം വാക്ക് കൂടിയുണ്ട് ഫേണുകള്‍ക്ക്- ചിത്രപുല്ലുകള്‍ .ഒരുപക്ഷേ പഴയ വിക്ടോറിയന്‍ ടെറിഡോമാനിയാ കാലഘട്ടത്തിലെ സര്‍വസാധാരണമായിരുന്ന ചിത്രണങ്ങളുടെ കൊളോണിയല്‍ ഓര്‍മ്മകളായിരിക്കണം ഫേണുകള്‍ക്ക് 'ചിത്രപ്പുല്ല്' എന്ന മലയാള നാമം സമ്മാനിച്ചത്.

ഫേണുകളെ വരയ്ക്കാന്‍ വളരെ എളുപ്പമാണ്. സമമിതിയിലകള്‍ (Symmetrical leaves) , ചുരുണ്ടുവളരുന്ന തളിരുകള്‍, ജുറാസിക്ക് കാലഘട്ടത്തിലെ പ്രാചീനസസ്യഭംഗികള്‍ മോസ്സുകളൊക്കെ ഉള്‍പ്പെടുന്ന ബ്രയോഫൈറ്റുകളില്‍ നിന്ന് ഫേണുകളുടെ 'ടെറിഡോഫൈറ്റ്' ഡിവിഷനിലേക്ക് പരിണമിച്ചപ്പോള്‍ പ്ലാന്റെ രാജകുടുംബത്തിന് ഘടനാപരമായ വലിയൊരു അനുകൂലനം ലഭിച്ചു. സൈലം(Xylem) & ഫ്‌ലോയം(Phloem) എന്ന പേരില്‍ അറിയപ്പെടുന്ന ചില പ്രത്യേക കോശജാലങ്ങളാണ് അത്. ഇതില്‍ സൈലംകോശങ്ങള്‍ മണ്ണില്‍ നിന്ന് ജലവും ലവണങ്ങളും മൂലകങ്ങളും വലിച്ചെടുത്ത് ചെടിയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നു.

ഫേണിന്റെ ജീവിത ചക്രം | Photo-bio.miami.edu/dana/226/226F08_15print.html

ഫ്‌ലോയം കോശങ്ങള്‍ ഇലകള്‍ സൂര്യപ്രകാശത്തില്‍ ഹരിതകമുപയോഗിച്ച് നിര്‍മ്മിച്ച 'ഭക്ഷണം' (ഫോട്ടോഅസിമിലേറ്റ്‌സ്- Photoassimilates) ചെടിയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. മനുഷ്യ ശരീരത്തിലെ ധമനികളേയും സിരകളേയും തല്‍ക്കാലം സൈലം ഫ്‌ലോയം കലകളോട് കൃത്യതയില്ലാതെ താരതമ്യപ്പെടുത്താമെന്ന് തോന്നുന്നു. ചെടിയുടെ ശരീരത്തിലേക്ക് വെള്ളം വലിച്ചെടുക്കാമെന്നായതോടെ മുന്‍പത്തെ ഡിവിഷനുകളില്‍ 'റൈസോയിഡ്സ്' (Rhizoids) എന്ന് വിളിച്ചിരുന്ന നാരുകളെ ഫേണുകള്‍ മുതല്‍ക്കങ്ങോട്ട് 'വേരുകള്‍' എന്നു വിളിച്ചു തുടങ്ങി.

ശരീരത്തിന്റെ മുകളിലേക്ക് വെള്ളം എത്തിക്കാന്‍ സൈലം കോശങ്ങള്‍ക്ക് കഴിയുമെന്നായതോടെ ഫേണുകള്‍ക്ക് മോസ്സുകളെക്കാള്‍ വളരെ ഉയരത്തില്‍ വളരാനും ജല സ്രോതസ്സുകളില്‍ നിന്ന് അകന്നു മാറി വളര്‍ന്ന് നിറയാനും സാധ്യമായി. സസ്യങ്ങളുടെ ജീവ ചരിത്രത്തില്‍ വളരെ വ്യതിരിക്തമായ ഒരു നാഴികകല്ലാണ് വാസ്‌കുലാര്‍ കോശസമൂഹങ്ങളുടെ പരിണാമം (സൈലം/ഫ്‌ലോയം) . ഇതോടൊപ്പം തന്നെ പ്രജനനത്തിന് ജലം എന്ന മാധ്യമം ആവശ്യമില്ലാത്ത രീതിയിലുള്ള പരിണാമവും സംഭവിച്ചു.

ബ്രയോഫൈറ്റുകളിലെ മോസ്സുകളിലും ലിവര്‍വോര്‍ട്ടുകളിലുമെല്ലാം ആന്ത്രീഡിയത്തില്‍ (Antheridium) നിന്ന് പുരുഷബീജങ്ങള്‍ക്ക് നീന്തി ആര്‍ക്കിഗോണിത്തില്‍ ഉത്പാദിപ്പിക്കുന്ന സ്‌ത്രൈണ അണ്ഡകോശങ്ങളില്‍ എത്തിച്ചേരാന്‍ ജലം അത്യാവശ്യമായിരുന്നു, എന്നാല്‍ പലയിനം ഫേണുകളിലും കാറ്റാണ് പ്രധാനമായും ഈ ധര്‍മ്മങ്ങളൊക്കെ നിര്‍വഹിക്കാന്‍ സഹായിക്കുന്നത്.

നതാനിയേല്‍ ബാഗ്ഷ്വോ വാര്‍ഡ് | Photo-Wiki/By Unknown author - Scan aus einem Buch; Original: Bodleian Library, E.W. Godwin, Artistic Conservatories, Shelfmark 19186., Public Domain, https://commons.wikimedia.org/w/index.php?curid=3708223

കരയില്‍ മാത്രമല്ല, ആഫ്രിക്കന്‍ പായലും ഒരിനം

ഫേണുകള്‍ കരയില്‍ മാത്രമേയുണ്ടാകൂവെന്ന തെറ്റിദ്ധരിക്കരുത്. കേവലം മൂന്ന് മാസം കൊണ്ട് അറുപത്തിയഞ്ച് സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ജലപ്പരപ്പില്‍ വളര്‍ന്ന് നിറഞ്ഞ് അവിടുത്തെ പാരിസ്ഥിതിക സന്തുലനത്തെ ആകമാനം താറുമാറാക്കാന്‍ കഴിയുന്ന സാല്‍വിനിയ അരിക്കുലാറ്റാ (ആഫ്രിക്കന്‍ പായല്‍ African Algae) എന്ന ജല സസ്യം നമുക്കെല്ലാം പരിചിതമാണ്. അതേ, വേമ്പനാട്ട് കായലിലും കേരളത്തിന്റെ കോള്‍ നിലങ്ങളിലും ഒഴുക്കില്ലാത്ത പുഴകളിലും കുളങ്ങളിലുമെല്ലാം അതിശല്യക്കാരനായി വളരുന്ന സാക്ഷാല്‍ 'ആഫ്രിക്കന്‍ പായല്‍' ഒരിനം ഫേണ്‍ ആണെന്നറിയാമോ?!

ആഫ്രിക്കന്‍ പായല്‍

പേരില്‍ ആഫ്രിക്കന്‍ എന്നൊക്കെ ഉണ്ടെങ്കിലും ഈ കക്ഷിയുടെ ജന്മദേശം ലാറ്റിന്‍ അമേരിക്കയിലെ ബ്രസീല്‍ ആണെന്നാണ് കരുതപ്പെടുന്നത്.

ഫേണുകള്‍ ഭൂമിയില്‍ പരിണമിച്ചുണ്ടായിട്ട് നാനൂറ് ദശലക്ഷം വര്‍ഷങ്ങളെങ്കിലുമായിട്ടുണ്ട്. ഒട്ടുമിക്ക കരജീവികള്‍ക്ക് മുന്‍പും ഫേണുകള്‍ ഭൂമിയിലുണ്ട്. ജുറാസിക്ക് കാലഘട്ടത്തിലെ സസ്യഭോജികളായ ദിനോസറുകളുടെ പ്രധാന ഭക്ഷണവും ഫേണുകളായിരുന്നു.

ദിനോസറുകള്‍ക്ക് തിന്നാന്‍ പുല്ലൊന്നും (മോണോക്കോട്ട് ചെടികള്‍-Monocot Plants) ആ കാലഘട്ടത്തില്‍ ഭൂമിയില്‍ പരിണമിച്ചുണ്ടായിരുന്നില്ല. ഇന്നും മനുഷ്യനടക്കം പലയിനം ജീവികളുടെയും പ്രിയ ഭക്ഷണമാണ് പന്നല്‍ ചെടിയിനങ്ങള്‍ ! നമ്മുടെ നാട്ടില്‍ കന്നുകാലികള്‍ക്ക് വളരെയേറെ ഇഷ്ടമുള്ള ഒരിനം ഫേണ്‍ കര്‍ഷകര്‍ക്കെല്ലാം പരിചിതമായിരിക്കും, 'അസോള' (Azolla) എന്നാണ് വെള്ളത്തില്‍ വളരുന്ന അതിന്റെ പേര്. സംഗീതോപകരണമായ വയലിന്റെ തലപ്പിനെപ്പോലെ ചുരുണ്ട തളിരിലകളുണ്ടാകുന്ന 'ഫിഡില്‍ ഹെഡ് ഫേണുകള്‍' ലോകമാകമാനമുള്ള ജനങ്ങളുടെ പ്രിയ ഭക്ഷണ വിഭവമാണ്.

അസോള | Photo-Wiki/By Kurt Stüber [1] - caliban.mpiz-koeln.mpg.de/mavica/index.html part of www.biolib.de This specific image can be found at [Junwer29 here]., CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=6070

മറ്റു സസ്യവിഭാഗങ്ങളെ അപേക്ഷിച്ച് ഫേണുകൾക്ക് ജനിതക വൈവിധ്യം കുറവാണ്. ഏകദേശം പന്ത്രണ്ടായിരം സ്പീഷീസിലുള്ള ഫേണുകള്‍ മാത്രമാണ് ഇന്ന് ഭൂമിയിലുള്ളത്, ഇതില്‍ തന്നെ പലതും വംശനാശത്തിന്റെ വക്കിലാണ് .20 മീറ്റര്‍ വരെയൊക്കെ ഉയരം വയ്ക്കുന്ന പന്നല്‍ മരങ്ങളുണ്ട് ( Tree Fern - Cyathea Australis )

ഫേണുകൾ പലവിധം

ഒപ്പിഗ്ലോസ്സം | ഫോട്ടോ:ലക്ഷ്മി പ്രജത്ത്‌

- Xerophyte - വരണ്ട മരുപ്രദേശങ്ങളില്‍ വളരുന്നവ
- Hydrophyte - ജലത്തില്‍ വളരുന്നവ
- Epiphyte - മരങ്ങളില്‍ വളരുന്നവ

എന്നിങ്ങന്നെ വിവിധ പരിതസ്ഥിതികളില്‍ വളരുന്ന ടെറിഡോഫൈറ്റുകളുണ്ട്. ഭൂമിയിലെ സകല ജീവനുകളിലും വച്ച് ഏറ്റവും അധികം ക്രോമസോം നമ്പറുള്ള ( ആയിരത്തി നാനൂറ്റി നാല്പത് ക്രോമസോമുകള്‍Chromosome) ഒരു ഫേണ്‍ ആണ് ഓഫിയോഗ്ലോസം ( Ophioglossum ) . ഇതിനെ നമ്മുടെ നാട്ടിലും കാണാറുണ്ട്. നമ്മള്‍ മനുഷ്യരുടെ കോശങ്ങളില്‍ കേവലം 46 ക്രോമസോമുകളെ ഉള്ളൂ എന്നറിയുക. വേരുകളില്ലാതെ സസ്യങ്ങളുടെ ഉയര്‍ന്ന ശാഖകളിലെല്ലാം ഉടക്കി വളര്‍ന്ന് അന്തരീക്ഷത്തിലെ ജലാംശം ഉപയോഗിച്ചു വളരുന്നയിനം പല പന്നല്‍ സ്പീഷീസുകളും ഉണ്ട് !

തിരി പോലെ മണ്ണില്‍ നിന്ന് നാരുകളായി ഉയര്‍ന്നു വളരുന്ന Whisk Fern (Psilotum) ഫേണുകളിലെ ജീവിക്കുന്ന ഫോസിലുകളായാണ് കണക്കാക്കപ്പെടുന്നത്. ബ്രയോഫൈറ്റുകളില്‍ നിന്ന് ടെറിഡോഫൈറ്റുകളിലേക്കുള്ള പരിണാമസ്ഥിതിയിലെ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും പ്രാചീന സസ്യം ! വാസ്‌കുലാര്‍ കോശകലകള്‍ ഉണ്ടെങ്കിലും മറ്റുള്ള ടെറിഡോഫൈറ്റുകളെക്കാള്‍ പ്രാചീനമായ രീതിയിലാണ് സൈലം, ഫ്‌ലോയം കോശവ്യൂഹങ്ങള്‍ ഈ ചെടിയില്‍ ക്രമീകരിച്ചിരിക്കുന്നത്.

Whisk Fern | Photo-Wiki/By James St. John - https://www.flickr.com/photos/47445767@N05/51109644102/, CC BY 2.0, https://commons.wikimedia.org/w/index.php?curid=103521677

അതുകൊണ്ട് തന്നെ ടെറിഡോഫൈറ്റ് ഡിവിഷനിലാണെങ്കിലും ഫേണ്‍ എന്നല്ല 'ഫേണിനെപ്പോലെ' എന്നാണ് ഈ സസ്യത്തെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിലും ഈ സസ്യം കാണപ്പെടുന്നുണ്ട്. ഇങ്ങനെ പരിണാമത്തിന്റെ പാതിവഴിയിലുള്ള ധാരാളം സസ്യങ്ങളും ജീവികളുമുണ്ട്. വര്‍ഗീകരണങ്ങളെല്ലാം മനുഷ്യന്‍ മനുഷ്യന്റെ പഠന സൗകര്യത്തിന് വേണ്ടി നിര്‍വചിച്ച് ഉണ്ടാക്കിയെടുത്തതാണെന്നും പരിണാമം എന്നത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജൈവനൈരന്തര്യമാണെന്നും മനസ്സിലാക്കിയാല്‍തന്നെ ഇത്തരം ആശയക്കുഴപ്പങ്ങള്‍ ലഘൂകരിക്കപ്പെടും.

gametophyte (Prothallus) ൽ നിന്നും മുളച്ചു വരുന്ന അടുത്ത generation Sporophyte, ഫേണുകളുടെ ജീവിത ചക്രം, ഫോട്ടോ:നസീഹ സി പി

പൊതുവെ ഫേണുകളുടെ ജീവചക്രം പറയുമ്പോഴെല്ലാം ഓർത്തുപോവുന്നത് ചിത്രശലഭങ്ങളുടെ പ്രജനനചരിതമാണ്. തളിരിലകളില്‍ ശലഭം മുട്ടയിട്ട് വിരിഞ്ഞ് ശലഭങ്ങളോട് ഒരു സാദൃശ്ച്യവുമില്ലാത്ത ഇലതീനി 'പുഴുക്കളായി' വളര്‍ന്ന് പിന്നീട് പ്യൂപ്പയായി ഒരു പ്രഭാതത്തില്‍ വര്‍ണ്ണ ചിറകുകള്‍ വീശി പറന്നു പോകുന്ന ശലഭജീവിതം എന്ത് കൗതുകമാണല്ലേ . നമ്മളില്‍ അധികമാര്‍ക്കും അറിയാത്തൊരു രഹസ്യജീവിതം ഫേണുകള്‍ക്കും ഉണ്ട് .

ലൈംഗിക പ്രത്യുത്പാദനത്തില്‍ ഫേണുകളുടെ ഇലക്കീഴില്‍ വളരുന്ന സ്‌പോര്‍ ബാഗുകള്‍ പൊട്ടി ദശലക്ഷകണക്കിന് ജീവബിന്ദുക്കള്‍ (Spores) കാറ്റിലും വെള്ളത്തിലുമൊക്കെ പരന്ന്, അനുകൂലമായ പ്രതലത്തിലേക്ക് വീണ്, പറ്റി ചേര്‍ന്ന്, ഒരു കുഞ്ഞു ശരീരമുണ്ടാകും. പലപ്പോഴും മോസ്സ് അല്ലെങ്കില്‍. ലിവര്‍വോര്‍ട്ട് എന്നൊക്കെ തെറ്റിദ്ധരിക്കാവുന്ന രീതിയിലുള്ള ഒരു പിറുണാസ് ചെടി . നമ്മള്‍ ആ പീക്കിരി ചെടികളെ കാണുന്നുപോലും ഉണ്ടാകില്ല 'ഗാമറ്റൊഫൈറ്റ്' (Gametophytes) എന്നാണ് ഇത്രരത്തിലുള്ള കുഞ്ഞന്‍ ചെടികളെ പറയുന്ന പേര് .

ഗാമറ്റൊഫൈറ്റ് എന്ന ഇത്തിരി കുഞ്ഞന്‍ ചെടി | Photo-Wiki/By Random Tree - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=8762181

ഈ കുഞ്ഞന്‍ ചെടിയിലെ ആര്‍ക്കിഗോണിയം എന്ന ഘടനയില്‍ അണ്ഡം ഉത്പാദിപ്പിക്കപ്പെടുകയും ആന്ത്രീഡിയം എന്ന ഘടനയില്‍ പുരുഷബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. അനുകൂലമായ സാഹചര്യങ്ങളുണ്ടായി ബീജസങ്കലനം നടന്നില്ലെങ്കില്‍ ഈ കുഞ്ഞു ചെടികള്‍ അങ്ങിനെ തന്നെ നശിച്ചു പോകും. ബീജസങ്കലനം നടന്നാല്‍ ബീജവും അണ്ഡവും ചേര്‍ന്ന് സിക്താണ്ഡം (Zygote) രൂപപ്പെടുന്ന സാഹചര്യമുണ്ടായാല്‍ അതില്‍ നിന്ന് ഭ്രൂണം (Embryo) ഉണ്ടാകുകയും ഉടനെ കുഞ്ഞന്‍ ചെടിയുടെ ഓരത്ത് നിന്ന് ഇത്തിരികൂടെ നല്ല വേരുകള്‍ താഴെക്കിറങ്ങുകയും അതിനാടകീയമായി വലിയൊരു ചെടി മുളച്ച് ഉയരുകയും ചെയ്യും. റൈസോമില്‍ നിന്നും വളര്‍ന്നു വരുന്ന പുതിയ ചെടികള്‍ ഇങ്ങനെയാകുമുണ്ടാവുക, റൈസോമുകളെ റണ്ണേഴ്സ് (rhizome runner) എന്നും പറയാറുണ്ട്.

നമ്മളെപ്പോഴും കാണാറുള്ള ഫേണുകള്‍ ഇവയാണ്. | ചിത്രങ്ങള്‍-ലക്ഷ്മി പ്രജിത്ത്

രണ്ടാമതും 'പ്രായപൂര്‍ത്തി' ആകുമ്പോള്‍ ഇലകളുടെ കീഴെ ദശലക്ഷക്കണക്കിന് സ്‌പോറുകള്‍ ഉണ്ടാകും ഒരു ചെറിയ കാറ്റ് വീശുമ്പോള്‍ അവയെല്ലാം വളരെ വളരെ ദൂരങ്ങളിലേക്ക് പറന്നുപോയി വീഴും. വീണ്ടും ബീജസങ്കലനത്തിന് വേണ്ടി ഇത്തിരിക്കുഞ്ഞന്‍ ഗാമറ്റൊഫൈറ്റുകള്‍ മുളയ്ക്കും. അവയില്‍ നിന്ന് വീണ്ടും നമ്മളീക്കാണുന്ന ഫേണുകളെന്ന സ്‌പോറോഫൈറ്റുകള്‍ (Sporophyte) മുളച്ച്‌പൊങ്ങും. ഫേണുകളില്‍ അലൈംഗികപ്രത്യുത്പാദനവും (Asexual reproduction) സാധാരണമാണ്.

ഉദാഹരണത്തിന് ഉദ്യാനസസ്യങ്ങളിലെ പ്രിയതാരമായ സ്വേഡ് ഫേണുകള്‍ ചെടിച്ചട്ടിയില്‍ തിങ്ങിവളരുമ്പോള്‍ താഴേയ്ക്ക് നൂലുപോലെയൊരു റൈസോമിനെ വളര്‍ത്തിയിടും അതിന്റെ തുഞ്ച് നിലത്ത് മണ്ണില്‍ തൊടുമ്പോള്‍ അവിടെ വേരുപിടിച്ച് പുതിയ ചെടിയുണ്ടാകും. അവിടുന്ന് വീണ്ടും റൈസോമുകള്‍ അകലേക്ക് വളര്‍ന്ന് മണ്ണില്‍ തൊടും അവിടെ വീണ്ടും പുതിയ ചെടിയുണ്ടാകും. അങ്ങിനെ പുതു തലമുറകള്‍ അങ്ങോട്ട് 'നടന്ന് നടന്ന്' അകന്നു പോകും. പുതിയ തലമുറയെ അകലേക്ക് 'ഓടിപ്പായിക്കാന്‍' സഹായിക്കുന്നതുകൊണ്ടാവാം ഇതിലെ റൈസോമുകളെ റണ്ണേഴ്സ് (rhizome runner) എന്നും പറയാറുണ്ട് . പ്രകൃതിയില്‍ എന്തെന്ത് വിസ്മയങ്ങളാണല്ലേ ! അനവധിയായ ചിത്രപുല്ലുകള്‍ നിറഞ്ഞു വളരുന്ന നാട്ടിലെ ചരല്‍കല്ലുവഴികള്‍.കിണര്‍വട്ടങ്ങളിലെ കാടുകള്‍ കുഞ്ഞുകയ്യില്‍ പതിപ്പിച്ച ഇലയടയാളങ്ങള്‍. ഫേണുകള്‍ നമ്മുടെയല്ലാം പണ്ടൊര്‍മ്മകളിലെ പ്രിയസസ്യങ്ങളാണ് !

Content Highlights: all you need to know about ferns

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented