അധിനിവേശ ജീവി വർഗത്തിൽപെട്ട ബ്രൗൺ ട്രീ സ്‌നേക്ക് | Photo-Wiki/By Pavel Kirillov from St.Petersburg, Russia - Brown tree snake (Boiga irregularis), CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=46853510
കോടികളുടെ നാശനഷ്ടങ്ങള്‍ വരുത്തി ഒരു രാജ്യത്തിന് തന്നെ തലവേദനയായ പാമ്പുകളാണ് ബ്രൗണ്‍ ട്രീ സ്‌നേക്കുകൾ. അധിനിവേശ ജീവി വര്‍ഗ പട്ടികയിലെ ഏറ്റവും വിനാശകാരിയെന്നാണ് 'സയന്റിഫിക് റിപ്പോര്‍ട്ട്‌സ്' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ബ്രൗണ്‍ ട്രീ സ്‌നേക്കിനെ വിശേഷിപ്പിച്ചത്. അമേരിക്കന്‍ ബുള്‍ഫ്രോഗാണ് മറ്റൊരു വിനാശകാരി. 1986 മുതല്‍ ആഗോള തലത്തില്‍ ഈ രണ്ടു ജീവികള്‍ മൂലമുണ്ടായ നഷ്ടം 1630 കോടി രൂപയാണ് (16.3 ബില്ല്യണ്‍). പസഫിക് ദ്വീപ് സമൂഹമായ ഗ്വാമിലാണ് ബ്രൗണ്‍ ട്രീ സ്‌നേക്ക് ഏറ്റവുമധികം നാശങ്ങള്‍ വിതച്ചത്. ഇലക്ട്രിക്ക് വയറുകളിലും മറ്റും കയറിപ്പറ്റി ഇവ വലിയ രീതിയിലുള്ള വൈദ്യുതി തകരാറുകള്‍ ദ്വീപിലുണ്ടാക്കി. പാരിസ്ഥിതിക ആഘാതത്തിന് പുറമേ കൃഷി നാശവും കൂടിയുണ്ടാക്കി കടുത്ത സാമ്പത്തിക നഷ്ടമാണ് രാജ്യത്തിന് വരുത്തിവെച്ചത്. 1950 കളിലാണ് ഗ്വാം ദ്വീപില്‍ ആദ്യമായി ബ്രൗണ്‍ ട്രീ സ്‌നേക്കിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. ന്യൂ ഗിനിയില്‍ നിന്നുള്ള ചരക്ക് കപ്പലുകള്‍ മൂലമാണ് ദ്വീപ് രാഷ്ട്രത്തിലേക്കുള്ള ഇവയുടെ കടന്നുവരവെന്നാണ് കരുതപ്പെടുന്നത്. ഗ്വാമില്‍ ഇവയ്ക്ക് പെറ്റുപെരുകാനുള്ള എല്ലാവിധ അനുകൂല സാഹചര്യങ്ങളുമുണ്ടായിരുന്നു.
പൂച്ചക്കണ്ണ്, എന്നാല്‍ അത്ര പാവമല്ല
പേര് സൂചിപ്പിക്കുന്നത് പോലെ തവിട്ടു നിറം കലര്‍ന്നതാണ് ഇവയുടെ ശരീരം. ശരീരത്തെ അപേക്ഷിച്ച് വലിപ്പ കൂടുതലുള്ള തല ഇവയുടെ പ്രത്യേകതയാണ്. ശരീരത്തിന്റെ 70 ശതമാനം ആഹാരം കൊണ്ടു നിറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. പൂച്ച കണ്ണുകളാണ് ബ്രൗണ്‍ ട്രീ പാമ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത. വിദേശരാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഇവ വരുത്തിവെച്ചത്.
മറ്റുള്ള പാമ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയ്ക്ക് മാരകമായ തോതില്‍ വിഷമില്ല. മുതിര്‍ന്നവർക്ക് ഇവയുടെ വിഷമേറ്റാൽ വലിയ പ്രശ്നങ്ങളുണ്ടാവില്ല. എന്നാല്‍ കുട്ടികളില്‍ ഇവയുടെ വിഷം ചില മാറ്റങ്ങള്‍ വരുത്താറുണ്ട്. മുതിര്‍ന്നവരില്‍ വിഷമേറ്റ് മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രിയില്‍ അധികസമയവും മരങ്ങള്‍ക്കിടയിലാകും ബ്രൗണ്‍ ട്രീ സ്‌നേക്കുകള്‍ കാണപ്പെടുക. ഇടയ്ക്കിടെ മണ്ണിലേക്കുമിറങ്ങും. അങ്ങനെയാണിവയ്ക്ക് ബ്രൗണ്‍ ട്രീ സ്‌നേക്കെന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. മഞ്ഞ കലര്‍ന്ന തവിട്ടു നിറത്തിലാണ് ഇവയുടെ ഭൂരിഭാഗം വരുന്നവയെയും കാണാന്‍ കഴിയുക. ഹവായി ഇന്‍വാസീസ് സ്പീഷിസ് കൗണ്‍സില്‍ ഇവയെ അധിനിവേശ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പെറ്റുപെരുകിയതിങ്ങനെ
ഇന്‍ഡൊനീഷ്യ, ന്യൂ ഗിനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ തദ്ദേശീയരാണ് ബ്രൗണ്‍ ട്രീ സ്‌നേക്കുകള്‍. 2020-ല്‍ ഗ്വാമിന്റെ തെക്കേയറ്റത്തുള്ള കോക്കോസ് ദ്വീപില്‍ ബ്രൗണ്‍ ട്രീ സ്‌നേക്കിന്റെ ഒരു കൂട്ടത്തെ തന്നെ കണ്ടെത്തുകയുണ്ടായി. ദ്വീപില്‍ ഇവയുടെ കൂട്ടത്തെ കണ്ടെത്തുന്ന ആദ്യത്തെ സംഭവുമായിരുന്നു ഇത്. പ്രകൃത്യായുള്ള വേട്ടക്കാര്‍ ബ്രൗണ്‍ ട്രീ സ്‌നേക്കിനില്ല. പെറ്റുപെരുകാനുള്ള അനുകൂല സാഹചര്യങ്ങള്‍ ഇതു മൂലം ഇവയ്ക്കുണ്ടായി.
അധിനിവേശ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനു പുറമേ ഇവയെ കണ്ടാല്‍ ഉടന്‍ വിവരമറിയിക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ഹവായിയില്‍ ഇവയുടെ സാന്നിധ്യമില്ലെങ്കിലും കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്ന നിര്‍ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ചരക്ക് കപ്പലില്‍ ഒളിപ്പിച്ചാകാം ഇവ ഗ്വാം ദ്വീപികളിലെത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രകൃതായുള്ള വേട്ടക്കാരില്ലെന്നത് മാത്രമല്ല, ഇവയെ അലട്ടുന്ന രോഗങ്ങളും പൊതുവേ കുറവാണ്. അതിനാല്‍ തന്നെ ഇവയുടെ ആയുസ്സിന് അലട്ടുന്ന യാതൊരു വിധ പ്രശ്‌നങ്ങളുമുണ്ടാകില്ല.
.jpg?$p=499398c&&q=0.8)
വംശത്തെ തുടച്ചു നീക്കിയ വിനാശകാരി
നിരവധി വംശത്തെ തുടച്ചു നീക്കിയ വിനാശകാരി കൂടിയാണ് ബ്രൗണ്‍ ട്രീ സ്‌നേക്ക്. പക്ഷി, ഉരഗ വര്‍ഗങ്ങളുടെ മുട്ടകള്‍, എലി, പല്ലി, ചുണ്ടെലികള്‍ എന്നിവയാണ് ബ്രൗണ്‍ ട്രീ സ്‌നേക്കിന്റെ പ്രധാന ആഹാരം.13ഓളം കാട്ടുപക്ഷികളുടെ വംശമറ്റു പോകാനുള്ള പ്രധാന കാരണവും ഈ അധിനിവേശ സ്വഭാവമുള്ള പാമ്പുകളാണ്. പല്ലിവിഭാഗങ്ങളില്‍ മൂന്നോളം വരുന്നവയുടെയും വംശം ബ്രൗണ്‍ ട്രീ സ്‌നേക്കുകള്‍ മൂലം വംശനാശത്തിനിരയായി. കടല്‍പക്ഷികളടക്കമുള്ളവയുടെ എണ്ണവും ഇവ മൂലം കുറഞ്ഞു. ടേണ്‍, ഷിയര്‍വാട്ടര്‍ തുടങ്ങിയ കടല്‍പക്ഷികള്‍ക്ക് ദ്വീപില്‍ ഇപ്പോള്‍ കൂടുകളും തീരെ കുറവാണ്. വംശമറുക്കാന്‍ അധിനിവേശ വിഭാഗക്കാര്‍ മതിയെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ബ്രൗണ്‍ ട്രീ സ്‌നേക്കുകള്‍.
ചെറിയ പക്ഷികൾക്കും സസ്തനികൾക്കും പകരമായി പല്ലി, ഓന്ത് തുടങ്ങിയവയെയാണ് ഈ പാമ്പുകൾ ഭക്ഷണമാക്കുന്നത്. ദ്വീപിൽ ഇത്തരം ചെറിയ ജീവികൾ വളരെ വേഗത്തിൽ പെരുകുന്നതിനാൽ ബ്രൗൺ ട്രീ സ്‌നേക്കുകൾക്ക് ഭക്ഷ്യദൗർലഭ്യത എന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഇതും ഇവയുടെ എണ്ണം ക്രമാതീതമാകുന്നതിനു കാരണമായിട്ടുണ്ട്. പക്ഷികളുടെയും ചെറു പ്രാണികളെ ഭക്ഷിക്കുന്ന പല്ലികളുടെയും അഭാവം പ്രാണികളുടെ എണ്ണം പെരുകാന്‍ കാരണമാകുന്നു. ഇത് വിളകളുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുന്നു. ഗ്വാമില്‍ അടിക്കടിയുണ്ടാവുന്ന വൈദ്യുതി തകരാറുകളുടെ പിന്നിലും ഇവയാണ് പ്രധാന കാരണം. 1978 മുതല്‍ 1997 വരെയുള്ള 20 വര്‍ഷ കാലയളവില്‍ 1,600 ഓളം വൈദ്യുതി തകരാറുകള്‍ ബ്രൗണ്‍ ട്രീ സ്‌നേക്കുകള്‍ മൂലമുണ്ടായി.
ശരീരപ്രകൃതമിങ്ങനെ
മുട്ട വിരിഞ്ഞുണ്ടാവുന്ന പാമ്പുകള്‍ക്ക് 45 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. മൂന്നടി വരെ നീളത്തില്‍ കാണാറുണ്ടെങ്കിലും സാധാരണയായി 1 മുതല്‍ 2 വരെ അടി നീളത്തിലാണ് കാണപ്പെടാറുള്ളത്. ഗ്വാമില്‍ തന്നെ കണ്ടെത്തിയ മൂന്നടി വരുന്ന ബ്രൗണ്‍ ട്രീ സ്‌നേക്കാണ് ഇതുവരെ കണ്ടെത്തിയതില്‍ വലിപ്പമേറിയത്. പെണ്‍ പാമ്പുകള്‍ നാല് മുതല്‍ 12 വരെ മുട്ടകളിടും. 90 ദിവസം വരെയാണ് അടയിരിക്കല്‍ കാലയളവ്. വര്‍ഷം തോറും ഇത്തരത്തില്‍ പ്രത്യുത്പാദനം നടന്നു കൊണ്ടേയിരിക്കും. വരണ്ട, അധിക താപനിലയില്ലാത്ത മേഖലകളിലാകും മുട്ടകള്‍ സൂക്ഷിക്കുക. മുട്ട വിരിഞ്ഞുണ്ടാവുന്ന പാമ്പുകള്‍ മൂന്ന് മുതല്‍ നാല് വര്‍ഷം കൊണ്ട് ലൈംഗികശേഷി ആര്‍ജിക്കും. ഗ്വാം ദ്വീപിന് ഉള്‍ക്കൊള്ളാവുന്നതിലധികം എണ്ണത്തില്‍ ഇപ്പോള്‍ ബ്രൗണ്‍ ട്രീ സ്‌നേക്കുകളുടെ സാന്നിധ്യമുണ്ടെന്നാണ് കരുതപ്പെടുന്നത്.
.jpg?$p=2deac24&&q=0.8)
വേട്ടക്കാരിവർ
ബ്രൗണ്‍ ട്രീ സ്‌നേക്കുകള്‍ക്ക് പ്രകൃതായുള്ള വേട്ടക്കാരില്ലെങ്കിലും, ഇതിനെ ചുറ്റിപ്പറ്റി അന്വേഷണങ്ങള്‍ അധികൃതര്‍ നടത്തുകയുണ്ടായി. അന്വേഷണത്തില്‍ ബ്രൗണ്‍ ട്രീ സ്‌നേക്കുകളെ കീഴ്‌പ്പെടുത്താന്‍ ശേഷിയുള്ള മറ്റു പാമ്പ് വിഭാഗങ്ങളെ കണ്ടെത്തി. റെഡ് ബെല്ലീഡ് ബ്ലാക്ക് സ്‌നേക്ക്, കെയ്ന്‍ ടോഡ് എന്നിവ ബ്രൗണ്‍ ട്രീ സ്‌നേക്കുകളെ ആഹാരമാക്കാറുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ഇത്തരത്തില്‍ ഇവയുടെ അംഗസംഖ്യ നിയന്ത്രണം സാധ്യമാകുമെന്ന് പഠനം സ്ഥിരീകരിച്ചില്ല. മനുഷ്യരുടെ ജീവന് ഭീഷണിയാവുന്ന രണ്ടു പാമ്പു വിഭാഗങ്ങളെ ദ്വീപില്‍ അവതരിപ്പിക്കുന്നത് പക്ഷേ പ്രായോഗികമല്ല. ഇവയുടെ കുഞ്ഞുങ്ങളെ ബ്രൗണ്‍ ട്രീ സ്‌നേക്ക് ആഹാരമാക്കാനുള്ള സാധ്യതയുമുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
ഹവായിയില്‍ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ചത്തൊടുങ്ങിയ നിലയില്‍ ബ്രൗണ്‍ ട്രീ സ്‌നേക്കുകളെ കണ്ടെത്തിയിട്ടുണ്ട്. 1981 നും 1998 നുമിടയിലാണിത്. ഗ്വാമില്‍ നിന്നുമെത്തുന്ന മിലിട്ടറി വാഹനങ്ങളിലൂടെയാകാം ഇവ ഹവായിയയില്‍ എത്തുന്നതെന്നാണ് കരുതപ്പെടുന്നത്. ഹവായിയയില്‍ ബ്രൗണ്‍ ട്രീ സ്‌നേക്കുകള്‍ അവതരിപ്പിക്കപ്പെട്ടാല്‍ കനത്ത സാമ്പത്തിക ചെലവ് പ്രതിവര്‍ഷം വേണ്ടി വരുമെന്നാണ് ഹവായി സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ യുഎസ്ജിഎസ്സും ഇവയുടെ കടന്നുവരവ് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഉണ്ട്. ഇവയുടെ പ്രത്യുത്പാദന രീതികള്‍ കണ്ടെത്താനുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഐയുസിഎന്‍ പട്ടികപ്രകാരം ലീസ്റ്റ് കണ്‍സേണിലാണ് ബ്രൗണ്‍ ട്രീ സ്‌നേക്കുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
Content Highlights: all you need to know about brown tree snake, invasive species
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..