മണാട്ടിത്തവളകൾ Fungoid Frog | Photo-Wiki/By Uajith - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=41660701
മഴയില്‍ വണ്ടി കയറി പരന്നുപോയ ഒരു മണവാട്ടി. ലോകത്ത് ഇവിടെ മാത്രമുളള ഒരിനം തവള. റോഡുകളിൽ, ഇത്തരം നിരവധി അപൂർവ്വതവളകൾ മഴക്കാലത്ത് ചത്തൊടുങ്ങുന്നുണ്ട്. പശ്ചിഘട്ടത്തില്‍ കേരളം മുതല്‍ മുംബൈ വരെ മാത്രം കാണുന്നവര്‍ ഫംഗോയിഡ് ഫ്രോഗ് (Fungoid Frog) എന്നും മലബാര്‍ 'മലത്തവളകള്‍' എന്നും ഓമനപ്പേരിട്ട് വിളിക്കുന്ന തവളയിനം. 1883-ല്‍ കണ്ടെത്തിയതിന് ശേഷം പല തവണ ഇവയുടെ ശാസ്ത്രനാമം പുനര്‍നാമകരണം ചെയ്യപ്പെട്ടു. റാണാ മലബാറിക്ക (Rana Malabaria) എന്ന ശാസ്ത്രനാമത്തില്‍ തുടങ്ങി ഇന്നത് ഹെഡ്രോ ഫൈലാക്‌സ് മലബാറിക്‌സ് (Hydrophylax malabaricus) എന്നതില്‍ എത്തി നില്‍ക്കുന്നു. ചെറിയ ചില വ്യത്യാസങ്ങളുള്ള പുതിയ ഒരിനം മണവാട്ടിത്തളവയായ ഹൈഡ്രോ ഫൈലാക്‌സ് ബഹുവിസ്താര (Hydrophylax Bahuvistara) എന്നതിനെ 2015-ല്‍ ഗോവന്‍ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.
കാട്ടില്‍ ഇലകള്‍ക്കിടയിലും ഗുഹകളിലും മാളങ്ങളിലും ഒക്കെയാണ് ജീവിതം. ഇണചേരലിനു മാത്രമാണ് വെള്ളത്തിലിറങ്ങുന്നത്. ചിലപ്പോള്‍ മനുഷ്യകുലത്തിന്റെ തന്നെ രക്ഷകര്‍. മനുഷ്യരിലെ ഇന്‍ഫ്‌ളുവന്‍സ് എ വൈറസിനെതിരേ (Influenza A virus) ഔഷധമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന തെളിഞ്ഞ 'ഉറുമിന്‍' എന്ന ഘടകം ഇതിന്റെ തൊലിയില്‍ (Hydrophylax Bahuvistara) നിന്ന് വേര്‍തിരിച്ച് എടുക്കാന്‍ സാധിച്ചിട്ടുണ്ട്.

പേരിന് പിന്നില്‍
ചാരായ നിരോധനക്കാലത്ത് ഇത്തിരി അകത്താക്കിയാല്‍ താടി നെഞ്ചിലേക്ക് വീഴ്ത്തുന്ന, അത്യുഗ്രന്‍ പവറുള്ള നാടന്‍ വാറ്റിന്റെ കോഡുഭാഷയില്‍ നിന്നാകും പേര് വന്നത്. (ബാലകൃഷ്ണനെ ബാലിഷ്ണാ എന്ന് വിളിക്കുന്ന നമ്മള്‍ മണാട്ടി എന്ന് ചുരുക്കി വിളിക്കുമല്ലോ)'. അതിനാല്‍ 'മണവാട്ടി' എന്ന് പേര് നല്‍കിയത് സഹൃദയരാവില്ല. ഓടും ഓലയും കൊണ്ട് പണിത പഴയ വീടുകളില്‍ താമസിക്കുന്ന അതിസുന്ദരരൂപികളായ കുഞ്ഞ് തവളകള്‍. തെയ്യത്തിന്റെ അണിയലങ്ങള്‍ പോലെ വര്‍ണവും അലങ്കാരവുമുളളതിനാല്‍ കാസര്‍കോടുകാര്‍ 'തെയ്യംതവള' എന്നാണ് വിളിക്കുക. കോഴിക്കോടുകാര്‍ക്ക് അമ്മായിത്തവളയാണ്. ചില പ്രദേശങ്ങളില്‍, നിസ്‌കാരത്തവള എന്ന് പേര് കൂടി പ്രചാരത്തിലുണ്ട്.
തവളയെകൊണ്ട് നമുക്കെന്ത് കാര്യം എന്ന് നിസാരമായി കരുതേണ്ട, പരിസ്ഥിതി സംതുലനത്തിലെയും ഭക്ഷ്യശൃംഗലയിലേയും പ്രധാന കണ്ണിയെന്നതിനപ്പുറം ചിലപ്പോള്‍ മനുഷ്യകുലത്തിന്റെ രക്ഷകരായും ഇവര്‍ മാറിയേക്കും.
ഒപ്പനയ്ക്കിരിക്കുന്ന കല്യാണപെണ്ണ്
മലബാറിലെ ഒപ്പനയ്ക്കിരിക്കുന്ന മണവാട്ടികളുടേത് പോലെയുള്ള അലങ്കാര വര്‍ണങ്ങളുണ്ട്. വര്‍ണ്ണ വസ്ത്രങ്ങള്‍ അണിഞ്ഞ കല്യാണപ്പെണ്ണിനെ പോലെ ഭംഗിയുള്ള ശരീരമാണ് മണവാട്ടിത്തവളകള്‍ക്ക്. അധികം തടിയില്ലാത്ത സ്ലിം ബ്യൂട്ടി. ശരീരത്തിന്റെയും തലയുടെയും മേല്‍ഭാഗം മിനുങ്ങുന്ന ഇഷ്ടിക ചുവപ്പ് നിറമായിരിക്കും. അതില്‍ കറുത്ത പൊട്ടുകളുമുണ്ട്. ശരീരത്തിന്റെ അരികുകളില്‍ കറുപ്പ് കലര്‍ന്ന കടും ബ്രൗണ്‍ നിറത്തിലുള്ള വീതിയുള്ള അടയാളം. അവിടെയും കൈകാലുകളിലും വെളുത്ത വരകള്‍. വയറുഭാഗം നല്ല വെളുപ്പും. പെണ്‍ തവളകള്‍ ആണ്‍ തവളകളേക്കാള്‍ വലിപ്പമുണ്ടാകും. അടിഭാഗത്തിന് മങ്ങിയ വെളുപ്പ് നിറം.

തലതിരിഞ്ഞ നാവ്
മേലണ്ണാക്കില്‍ തലതിരിച്ചാണ് തവളനാവ് ഘടിപ്പിച്ചിരിക്കുന്നത്. മേല്‍ത്താടിയില്‍ മാത്രമാണ് കുഞ്ഞരിപ്പല്ലുകള്‍ ഉള്ളത്. അതുകൊണ്ട് ചവക്കാനൊന്നും സാധിക്കില്ല. വായില്‍ കിട്ടിയ ഭക്ഷണം തടഞ്ഞ് നിര്‍ത്താനുള്ള ഒരു സഹായം മാത്രം. തുറിച്ച കണ്ണുകള്‍ ചുറ്റുമുള്ള കാഴ്ചകള്‍ കാണാന്‍ മാത്രമല്ല തവളകളെ സഹായിക്കുന്നത്, ഭക്ഷണം വിഴുങ്ങാനും കൂടിയാണ്. കണ്ണ് താഴോട്ട് അമര്‍ത്തിയാണ് വായിലെ ഭക്ഷണത്തെ തൊണ്ടയിലേക്ക് കുത്തിയമര്‍ത്തുന്നത്. തുറിച്ച് നില്‍ക്കുന്ന കണ്ണുകളുടെ പിറകിലായി അതേ വലിപ്പമുള്ള ടിമ്പാനത്തിലൂടെയാണ് കേള്‍വി സാധ്യമാകുന്നത്.
പണം കൊടുക്കാത്ത വാടക്കകാര്‍
പഴയവീടുകളില്‍ ഇവര്‍ പൂജാമുറിയിലെ കിണ്ടിക്ക് മുകളിലും, അടുക്കളയിലെ കഞ്ഞിക്കലത്തിനരികിലും ഒക്കെ അനങ്ങാതെ നില്‍കുന്നുണ്ടാകും. പത്തുപതിനഞ്ച് പേരൊക്കെ ഉണ്ടാകും ആണും പെണ്ണും ഒക്കെയായി ഒരു വീട്ടിലെ സ്ഥിര താമസക്കാരായിട്ട്. ഈര്‍പ്പവും ഇരുട്ടും ഉള്ള ചാണകം മെഴുകിയ കിടപ്പുമുറികളൊക്കെ ഇവര്‍ അവരുടെ സ്വന്തം സ്ഥലമാക്കിയിട്ടുണ്ടാകും. വര്‍ഷങ്ങളോളം ഒരേ വീട്ടില്‍ തന്നെ വാടകകൊടുക്കാതെ താമസിക്കുന്ന സ്വഭാവം. വീട്ടില്‍ നിന്ന് കുടിയിറക്കിയാലും യാതൊരു മടിയും ഇല്ലാതെ അവിടേക്ക് തന്നെ തിരിച്ച് വരും.
പകല്‍, മാന്യന്മാരായി ഇരുണ്ട മൂലകളില്‍ ചിലവഴിക്കും വീട്ടിലെ പൂച്ചകളും, ഇടക്ക് അകത്ത് കയറുന്ന ചേരകളും ഇവരെ മൈന്‍ഡ് ചെയ്യില്ല. അപകടം മണത്താല്‍ വെറുപ്പിക്കുന്ന ഒരു നാറ്റം പുറപ്പെടുവിപ്പിച്ച് ഇവയെ അകറ്റാന്‍ മണവാട്ടികള്‍ക്ക് അറിയാം. കാലവര്‍ഷമെത്തി മഴതിമിര്‍ത്ത് പാടം വെള്ളം കൊണ്ട് നിറഞ്ഞാല്‍ പതുക്കെ ആണ്‍ തവളകള്‍ വീടുവിട്ടിറങ്ങും. ദൂരെ വയലില്‍ സൗകര്യപ്രദമായ വെള്ളക്കെട്ട് കിട്ടിയാല്‍ അവിടെ തമ്പടിക്കും
ദൂരെ എങ്ങാനും കൊണ്ട് കളഞ്ഞാലും വിടില്ല വീടന്വേഷിച്ച് അവരെത്തും. രാത്രി മുഴുവന്‍ വീടിനുള്ളില്‍ ഭക്ഷണം അന്വേഷണ യാത്രകളായിരിക്കും. കൊതുകുകളും ഉറുമ്പുകളും ചെറു പ്രാണികളും ഒക്കെയാണ് ഭക്ഷണം. അതുകൊണ്ട് തന്നെ വീടിനുള്ളില്‍ കൊതുകുതിരി കത്തിച്ച് വെച്ച് ഉറങ്ങേണ്ട വിഷയമേ അന്നുണ്ടായിരുന്നില്ല. വീടകം വൃത്തിയാക്കുന്നതില്‍ ഒന്നാം സ്ഥാനം ഇവര്‍ക്ക് തന്നെ.
.jpg?$p=9ace32c&&q=0.8)
ഇണചേരല്‍
പ്രണയപരവശനായി ഇണചേരല്‍ അഭ്യര്‍ത്ഥനാ വിളി തുടങ്ങും. താടിക്കരികിലെ സ്വനപേടകം വിറപ്പിച്ചാണ് ഹൈ ഫ്രീക്വന്‍സി ശബ്ദം ഉണ്ടാക്കുന്നത്. ദിവസങ്ങളോളം നീളും ഈ കരച്ചില്‍. കുറച്ച് ദിവസം കഴിയുമ്പോള്‍ പെണ്‍ തവളകളും ഒന്നൊന്നായി വീടുവിട്ട് രാത്രിയില്‍ പുറത്തിറങ്ങി ശബ്ദം കേട്ട പാടത്തിലെ വെള്ളക്കുഴി ലക്ഷ്യമാക്കി നീങ്ങും. മൈലുകള്‍ വരെ താണ്ടി ഇണത്തവളകള്‍ക്ക് അരികിലെത്തും കൂടുതല്‍ ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കിയ തവളകളെയാണ് ഇണയായി പരിഗണിക്കുക.
ആണ്‍ തവള പെണ്‍തവളയുടെ ശരീരത്തിനുമേല്‍ കയറി, ചേര്‍ന്ന് പിടിച്ച് നില്‍ക്കും. പെണ്‍ തവള ഇട്ടുകൂട്ടുന്ന പതപോലെയുള്ള മുട്ടക്കൂട്ടത്തിലേക്ക് ബീജം വിക്ഷേപിക്കുകയാണ് ആണ്‍ തവള ചെയ്യുക. ഇണചേര്‍ന്ന് കഴിഞ്ഞ് പെണ്‍ തവളകളാണ് വീട്ടിലേക്ക് ആദ്യം തിരിച്ച് വരിക. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആണ്‍ തവളകളും തിരിച്ച് വരും. പുലര്‍ച്ചെ തിരിച്ചെത്തി ഉമ്മറ പടിയില്‍ വാതില്‍ തുറക്കാന്‍ കാത്ത് ഇവര്‍ അസ്വസ്ഥരായി നിരന്നിരിക്കുന്ന കാഴ്ച ചിലപ്പോള്‍ രസകരമാണ്...
വീട്ടുകാര്‍ വാതില്‍ തുറന്നാലുടനെ 'തുറക്കാന്‍ എന്താ ഇത്ര അമാന്തം' എന്ന് ഒരു പരിഭവ നോട്ടം തൊടുക്കും. ഒട്ടും പേടിയും മടിയും ഇല്ലാതെ സ്വന്തം വീട്ടിലേക്കെന്നപോലെ തുള്ളിച്ചാടി അകത്തേക്കൊരു പോക്കാണ് പിന്നെ. വീട്ടുകാര്‍ പൊതുവെ ഇവരോട് അറപ്പും ദേഷ്യവും ഒന്നും കാണിക്കാറില്ല. അതുകൊണ്ട് ഈ തവളയെ വീട്ടില്‍ നിന്ന് അടിച്ചോടിക്കാനൊന്നും ആരും മെനക്കെടാറില്ല.
Content Highlights: all you need to know about about fungoid frogs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..