കടലാസിൽ നിന്ന് കൺമുന്നിലെത്തുന്ന കാലാവസ്ഥാമാറ്റത്തിന് ഉച്ചകോടിയുടെ മറുമരുന്ന് എന്ത്?


സരിന്‍.എസ്.രാജന്‍"ആദ്യത്തെ ഭൗമ ഉച്ചകോടിയാണ് പിന്നീട് കാലാവസ്ഥാ ഉച്ചകോടിയായി പരിണാമം കൊണ്ടത്. ഇന്നിപ്പോൾ കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ആ​ഗോള രാഷ്ട്രങ്ങൾ ചർച്ച ചെയ്യുന്നതിന് പിന്നിലെ കാരണമായി കാലാവസ്ഥാ ഉച്ചകോടി മാറി കഴിഞ്ഞു

In Depth

പ്രതീകാത്മക ചിത്രം | Photo-twitter.com/COP27P/header_photo

പുസ്തകത്താളുകളിൽ നിന്നും കാലാവസ്ഥാമാറ്റങ്ങൾ നമ്മുടെ മുന്നിൽ അനുഭവങ്ങളായി മാറിക്കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈജിപ്തിലെ ഷറം അൽഷെയ്ഖിൽ COP 27 കാലാവസ്ഥാ ഉച്ചകോടി നടന്നത്. 1995-ൽ ബെർലിനിലായിരുന്നു കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ലോകരാജ്യങ്ങൾ ഒന്നു ചേർന്ന കാലാവസ്ഥാ ഉച്ചകോടിയുടെ തുടക്കമായത്. 27 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു കാലാവസ്ഥാ ഉച്ചകോടി കൂടി അരങ്ങേറിയത്. ആദ്യത്തെ ഭൗമ ഉച്ചകോടിയാണ് (Earth Summit) പിന്നീട് കാലാവസ്ഥ ഉച്ചകോടിയായി പരിണമിച്ചത്.

എന്താണ് COP 27?കോൺഫറൻസ് ഓഫ് പാർട്ടീസ് എന്നതിന്റെ ചുരുക്കരൂപമാണ് COP. ആഗോള താപനത്തിന് തടയിടാന്‍ ആഗോള സമൂഹത്തെ ഒരൊറ്റ കുടകീഴില്‍ ഒന്നിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ഉച്ചകോടിക്ക് ആദ്യമായി തുടക്കം കുറിക്കുന്നത്. ഓരോ രാജ്യങ്ങളുടെയും ഹരിതഗൃഹ വാതക ബഹിര്‍ഗമനങ്ങളും മറ്റും എത്രത്തോളമെന്ന് വിലയിരുത്തുന്നതും കാലാവസ്ഥാ ഉച്ചകോടിയിലാണ്. 1995 ൽ ആരംഭിച്ചതിന് ശേഷം 27 വർഷങ്ങൾക്കിപ്പുറവും മറ്റൊരു ഉച്ചകോടി സംഘടിപ്പിക്കാനുള്ള കാരണങ്ങളെന്താവും?

കാലാവസ്ഥ ഉച്ചകോടിയുടെ ആവശ്യകത

ആഗോള താപന വർധനവിലേക്കാണ് ആവശ്യകത വെളിച്ചം വീശുന്നത്. ഇതിനോടകം തന്നെ ആഗോള താപനിലയിൽ 1.15 ഡിഗ്രി സെൽഷ്യസ് വർധനവ് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ട് (IPCC) പ്രകാരമാണിത്. 1.5 ഡിഗ്രിയെന്ന അപകടകരമായ അളവിലേക്കുള്ള ദൂരം വലുതല്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ പ്രസക്തി. ആഗോള താപനം പ്രകൃതിയെ മാത്രമല്ല, മനുഷ്യരെയും ബാധിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളിലൂടെയും മറ്റുമാണിത്. മനുഷ്യരക്തത്തിലും മുലപ്പാലിലും മെെക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത് ഇതിന് ഉദാ​ഹരണങ്ങളാണ്.

പാരിസ്ഥിതിക സംബന്ധിയായ വിഷയങ്ങളിൽ വിലയിരുത്തൽ അനിവാര്യമായതിനാലാണ് ഇത്തരത്തിൽ തുടർച്ചയായി ഉച്ചകോടികൾ സംഘടിപ്പിക്കുന്നതെന്ന് കേരള സർവകലാശാല അക്വാട്ടിക്‌ ബയോളജി ആൻഡ് ഫിഷറീസ് വിഭാ​ഗം മേധാവിയായ ഡോ.എ. ബിജുകുമാറും പറയുന്നു.

"എല്ലാ രാജ്യങ്ങൾക്കും പരമാവധി എത്രത്തോളം ഹരിത​ഗൃഹ വാതകങ്ങൾ പുറന്തള്ളാമെന്ന് കൃത്യമായ ധാരണയുണ്ട്. പക്ഷേ ആ കാലാവസ്ഥാ ലക്ഷ്യങ്ങൾ ഇതുവരെ ആരും നടപ്പാക്കി കാണുന്നുമില്ല. ഇത് എത്രത്തോളം നടപ്പാക്കിയെന്ന് വിലയിരുത്തുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ഇത്തരത്തിൽ കാലാവസ്ഥാ ഉച്ചകോടികൾ സംഘടിപ്പിക്കുന്നത്", ഡോ.എ ബിജുകുമാർ കൂട്ടിച്ചേർത്തു.

കാർബൺ ബഹിർ​ഗമനം എത്രത്തോളമാണെന്ന് കൃത്യമായ റിപ്പോർട്ട് നൽകുന്ന രാജ്യങ്ങളും പൊതുവെ കുറവാണ്.

ഈജിപ്തിൽ കാലാവസ്ഥ ഉച്ചകോടി നടക്കുന്ന ഷറം അല്‍ഷെയ്ഖ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്രവേശന കവാടം

ആരൊക്കെ പങ്കെടുക്കും

ഇത്തവണ ഈജിപ്തിലെ ഷറം അൽഷെയ്ഖിൽ നടന്ന ഉച്ചകോടിയിൽ 198 രാജ്യങ്ങളിൽ നിന്നായി 45,000 ത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. രാഷ്ട്രത്തലവൻമാർ, ലോകനേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്ര സമൂഹം, വ്യവസായ പ്രമുഖർ, ഇന്ധന കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ഉച്ചകോടിയുടെ ഭാഗമായി. 18 അംഗ ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് നയിച്ചത്.

വേദി തിരഞ്ഞെടുക്കുന്നതിങ്ങനെ

ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ, മധ്യ-കിഴക്കൻ യൂറോപ്പ്, പടിഞ്ഞാറൻ യൂറോപ്പ് എന്നീ പ്രദേശങ്ങൾ ഊഴം വെച്ചാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.

വികസിതരാജ്യങ്ങളുടെ പ്രതികരണമിങ്ങനെ:

എല്ലാ വികസിത രാജ്യങ്ങളും കാർബൺ ബഹിർ​ഗമനത്തിലും മറ്റും വലിയ പങ്ക് സംഭാവന ചെയ്യുന്നുണ്ട്. ഇതിന്റെ ദൂക്ഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരിക വികസ്വരരാജ്യങ്ങളാണ്. വികസിത രാജ്യങ്ങൾക്ക് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്നാണ് പരിസ്ഥിതിവാദികളുടെ പക്ഷം. ദ്വീപ് സമൂഹങ്ങളാണ് കാലാവസ്ഥാ മാറ്റങ്ങളുടെ ദൂഷ്യഫലം ഏറ്റവുമധികം അനുഭവിക്കുന്നത്. അഭിമുഖീകരിക്കേണ്ടി വന്ന നാശങ്ങൾക്കും നഷ്ടങ്ങൾക്കും സാമ്പത്തിക സഹായങ്ങളും ഇത്തരം രാഷ്ട്രങ്ങൾ അര്‍ഹിക്കുന്നുമുണ്ട്. ഇത്തരത്തിൽ വികസ്വരരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തേണ്ടത് വികസിതരാജ്യങ്ങളാണ്. സാമ്പത്തികസഹായം മാത്രമല്ല, കാലാവസ്ഥാ മാറ്റങ്ങൾക്ക് എതിരേ പൊരുതാനുള്ള സാങ്കേതികവിദ്യയും അനിവാര്യമാണ്. വികസിത രാജ്യങ്ങൾക്ക് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠനും പറയുന്നു.

"പരിസ്ഥിതി പ്രവർത്തനങ്ങൾ ഏതെങ്കിലും വ്യക്തികളിലോ സ്ഥാപനങ്ങളിലോ അധിഷ്ഠിതമല്ല. അതിന് ആ​ഗോള സമൂഹത്തിന് പിന്തുണ അനിവാര്യമാണ്. അതിന്റെ തുടർച്ചയാണ് ഇത്തരം കാലാവസ്ഥാ ഉച്ചകോടികൾ", സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെടുന്നു.

കൊടുങ്കാറ്റ്, ഭക്ഷ്യക്ഷാമം, വരൾച്ച തുടങ്ങിയ കാലാവസ്ഥാ പ്രതിസന്ധികളായി എല്ലാ മേഖലകളിലും നമ്മുടെ മുന്നിൽ കാലാവസ്ഥാ മാറ്റങ്ങളെത്തിയിരിക്കുകയാണെന്നും നീലകണ്ഠൻ പറഞ്ഞു.

നാശങ്ങളും നഷ്ടങ്ങളും കുറയ്ക്കാന്‍ ശേഷിയുള്ള വികസിത രാജ്യങ്ങളാണ് കാലാവസ്ഥാ പ്രതിസന്ധിയില്‍ മുന്നോട്ട് വരേണ്ടത്.

ചരിത്രപരമായ ഉത്തരവാദിത്വം; അഥവാ 'ചരിത്രപരമായ ബഹിർ​ഗമനം'

ഇത്രയും കാലയളവിനുള്ളില്‍ ഓരോ രാജ്യങ്ങളും നടത്തിയ ബഹിർ​ഗമനങ്ങളാണ് ചരിത്രപരമായ അവരുടെ ബഹി​ർ​ഗമനം. വികസിത രാജ്യങ്ങളാണ് ഇതിൽ ഏറിയ പങ്കും സംഭാവന ചെയ്തിരിക്കുന്നത്. അന്തരീക്ഷത്തിൽ നിലവിലുള്ള 80 ശതമാനത്തോളം ഹരിത​ഗൃഹവാതകങ്ങളും വികസിതരാജ്യങ്ങളുടെ മാത്രം സംഭാവനയാണെന്നാണ് സി.ആർ. നീലകണ്ഠൻ ഉന്നയിക്കുന്ന ആരോപണം.കാര്‍ബണ്‍ പാദമുദ്ര നിര്‍ണയിക്കുന്നതിലെ അപാകതകളാണ് മറ്റൊരു പ്രധാന ഘടകം. ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാകണം കാർബൺ പാദമുദ്ര നിർണയിക്കേണ്ടത്. പക്ഷേ ആഗോളവത്ക്കരണത്തിന് ശേഷം ഇതിൽ മാറ്റങ്ങളുണ്ടായി. ഉദാഹരണത്തിന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ഒരു ഉത്പന്നത്തിന്റെ കാർബൺ പാദമുദ്ര, ഇന്ത്യയുടെ സംഭാവന തന്നെയായി കണക്കാക്കുകയാണ് വേണ്ടതെന്നും സി.ആർ. നീലകണ്ഠൻ പറഞ്ഞു.

എന്തു കൊണ്ട് ഈജിപ്ത്?

ഇത് അഞ്ചാം വട്ടമാണ് ആഫ്രിക്കയിൽ കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഭൂഖണ്ഡത്തിലെ പ്രധാന പരിസ്ഥിതി വിഷയങ്ങൾ ഇതിലൂടെ ലോകശ്രദ്ധയിലെത്തിക്കാൻ കഴിയുമെന്നാണ് കരുതപ്പെട്ടിരുന്നു. കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും കൂടുതൽ വിധേയമാകുന്ന മേഖലകളിലൊന്ന് കൂടിയാണ് ആഫ്രിക്കയെന്ന് ഐപിസിസി റിപ്പോർട്ടും ശരിവെയ്ക്കുന്നുണ്ട്.

പദ്ധതികൾ, പ്രഖ്യാപനങ്ങൾ

ആഗോള താപന വർധനവ് 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാകും ലോകരാജ്യങ്ങൾ ഒരു കുടക്കീഴിൽ ഒന്നിക്കുക. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഒരുമിച്ച് പോരാടുക എന്നതു തന്നെയാണ് പ്രധാന നയം.

പാരീസ് ഉടമ്പടി

പരിസ്ഥിതി സംരക്ഷണത്തിനായി നിലവിൽ വന്ന 1997 ലെ ക്യോട്ടോ പ്രോട്ടോകോളിന് (kyoto protocol ) പകരം വന്നതാണ് പാരീസ് ഉടമ്പടി. 2015 ലാണ് ലോകരാജ്യങ്ങൾ പാരീസ് ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്നത്.

പാരീസ് ഉടമ്പടിയിലെ പ്രധാന നിർദേശങ്ങൾ

1) ഹരിതഗൃഹ വാതക ബഹിർഗമനം കുറച്ചു കൊണ്ടു വരിക.
2) ആഗോള താപന വർധനവ് 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തുക
3) ഉടമ്പടി ഒപ്പു വെച്ച രാജ്യങ്ങളെല്ലാം അഞ്ചുവർഷത്തിലൊരിക്കൽ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണം.
4) കാലാവസ്ഥാ വ്യതിയാനം നേരിടാൻ വികസ്വര രാഷ്ട്രങ്ങൾക്ക് 2020 ഓടെ ഓരോ വർഷവും 10,000 കോടി ഡോളർ സഹായം നൽകുക.

കാലാവസ്ഥാ പ്രതിസന്ധി ആ​ഗോള പ്രതിഭാസമാണെന്ന് വിലയിരുത്തുന്നത് 2015-ലെ പാരീസ് ഉടമ്പടിയിലാണ്.

മുൻവർഷങ്ങളിൽ

യു.കെയിലെ ഗ്ലാസ്‌ഗോയിലായിരുന്നു കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ ഉച്ചകോടി (cop 26) സംഘടിപ്പിച്ചത്.

COP 26 ലെ പ്രധാന പ്രതിജ്ഞകൾ ഇവയായിരുന്നു

1) ഫോസിൽ ഇന്ധന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന കൽക്കരി ഉപയോഗം കുറയ്ക്കുക
2) വനനശീകരണം 2030 ഓടെ 30 ശതമാനമായി കുറയ്ക്കുക
3) മീഥെയ്ൻ ബഹിർഗമനം 2030 ഓടെ 30 ശതമാനമായി കുറച്ചു കൊണ്ടു വരിക
4) പുതിയ കാലാവസ്ഥാ പദ്ധതികൾ ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിക്കുക


COP 27

ഈജിപ്തിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നു. 2015 മുതലുള്ള എട്ടുവർഷങ്ങളാകാം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷങ്ങളെന്നാണ് ഞായറാഴ്ച പുറത്തിറക്കിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വികസ്വര രാജ്യങ്ങൾ കാലാവസ്ഥാ നാശം മൂലമുള്ള സാമ്പത്തിക സഹായങ്ങൾക്ക് ഊന്നൽ നൽകും. സുസ്ഥിര ഊർജ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ ലോകനേതാക്കളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടേക്കുമെന്നാ‌യിരുന്നു സൂചന. മുൻവർഷം ഗ്ലാസ്‌ഗോ ഉച്ചകോടിയിലെടുത്ത പ്രതിജ്ഞകൾക്ക് പ്രാധാന്യം നൽകണമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് COP 27 ഉച്ചകോടിയിൽ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയായ ശേഷം സുനക് പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര വേദി കൂടിയായിരുന്നു ഇത്. വനങ്ങളുടെ സംരക്ഷണത്തിനും വികസ്വര രാജ്യങ്ങളിലെ ഹരിത സാങ്കേതിക വിദ്യ നിർമാണത്തിനുമായി 1860 കോടി രൂപ (200 മില്ല്യൺ പൗണ്ട്) സാമ്പത്തിക സഹായവും സുനക് വാഗ്ദാനം ചെയ്തിരുന്നു.

തങ്ങളാണ് കാലാവസ്ഥാ മാറ്റത്തിന് പിന്നിലെന്ന് ധൈര്യത്തോടെ പ്രഖ്യാപിച്ച് മുന്നോട്ട് വരാന്‍ രാജ്യങ്ങള്‍ക്ക് കഴിയുന്ന രാഷ്ട്രീയസാഹചര്യമില്ലെന്നത് ഉച്ചകോടിയുടെ പോരായ്മയാണ്‌, സി.ആര്‍. നീലകണ്ഠന്‍ പറയുന്നു

കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യ

2070 ഓടെ പൂജ്യം കാർബൺ ബഹിർ​ഗമനം എന്ന ലക്ഷ്യമാണ് ഇന്ത്യ ഉച്ചകോടിയിൽ മുന്നോട്ട് വെച്ചത്. സാമ്പത്തിക നിക്ഷേപത്തിന് (Climate Finance) ഇത്തവണ ഉച്ചകോടിയിൽ ഇന്ത്യ ഊന്നൽ നൽകി. കാലാവസ്ഥാ സംബന്ധിയായ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നിക്ഷേപത്തിന് ഊന്നൽ നൽകിയാകും ഇത്തവണ COP 27 ൽ പങ്കെടുക്കുകയെന്ന് കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ഉച്ചകോടിക്ക് മുൻപായി അറിയിച്ചിരുന്നു.

"കാലാവസ്ഥാ നിക്ഷേപമെന്നത് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഇതിന്റെ സാധ്യതയിലും മറ്റും വ്യക്തത അനിവാര്യമാണ്. ലോണുകളുടെയോ ഗ്രാന്റുകളുടെയോ സബ്‌സിഡികളുടെയോ രൂപത്തിലാണോ സ്വകാര്യ മേഖലകളിൽ നിന്നാണോ പൊതുമേഖലകളിൽ നിന്നാകണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത അനിവാര്യമാണ്", ഭൂപേന്ദർ യാദവ് അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയുടെ പൊതുവെയുള്ള വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതാണെന്നാണ് സി.ആര്‍. നീലകണ്ഠന്റെ വിമര്‍ശനം. പുനരുപയോഗ ഊർജങ്ങളെ ആശ്രയിച്ചാകും മുന്നോട്ടുള്ള പ്രവർത്തനങ്ങളെന്ന് ഇന്ത്യ ആവർത്തിക്കുമ്പോഴും ഇതിനായി സ്വീകരിച്ച മാർഗങ്ങൾ എവിടെയും പരാമർശിച്ചു കാണുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതീക്ഷയോടെ മുന്നോട്ട് പോവുകയല്ലാതെ മറ്റ് മാർ​ഗങ്ങളില്ലെന്നും നീലകണ്ഠൻ അഭിപ്രായപ്പെടുന്നു.

പ്രതിഷേധം

കൊക്കോ കോളയുടെ സ്‌പോൺസർഷിപ്പടക്കമുള്ള വിഷയങ്ങളിൽ കാലാവസ്ഥ ഉച്ചകോടിക്കെതിരേ പ്രതിഷേധം തലപൊക്കിയിരുന്നു. പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ത്യുൻബെയും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പൊള്ളയായ വാഗ്ദാനങ്ങളാണ് കാലാവസ്ഥാ ഉച്ചകോടിയിൽ ഉന്നയിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണിത്. 'ബ്ലാ ബ്ലാ ബ്ലാ ബ്ലാ'യാണ് കാലാവസ്ഥാ ഉച്ചകോടിയെന്നാണ്‌ ഗ്രെറ്റയുടെ വിമർശനം.

പുതിയ വിഷയങ്ങൾ

കൽക്കരി ഉപയോഗം കുറയ്ക്കുന്നത് പോലെയുള്ള മേഖലയിലേക്ക് ഇത്തവത്തണത്തെ കാലാവസ്ഥാ ഉച്ചകോടി വിരൽ ചൂണ്ടും. സാമ്പത്തിക സഹായമാണ് ഉച്ചകോടിയിൽ ഉന്നയിക്കപ്പെടാൻ സാധ്യതയുള്ള മറ്റൊരു പ്രധാന വിഷയം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും മറ്റൊരു മറ്റൊരു പ്രധാന വിഷയമായി കണക്കാക്കിയിരുന്നു.

COP 27 കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക-ഇതിനായി ഗ്ലാസ്‌ഗോ (COP 26) ഉടമ്പടിയിൽ പറഞ്ഞ കാര്യങ്ങൾ വിലയിരുത്തുക. രാജ്യങ്ങളുടെ ദേശീയ കാലാവസ്ഥാ പദ്ധതികളും പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളുടെ ഉപയോഗവും വിലയിരുത്തുക

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക- രാജ്യങ്ങൾ കാലാവസ്ഥാ പ്രത്യാഘാതങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും തീരുമാനിക്കുക

കാലാവസ്ഥാ സഹായധന വിതരണം ത്വരിതപ്പെടുത്തുക-കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ വികസിതരാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് സാമ്പത്തികസഹായം ഉറപ്പു വരുത്തുക

കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റാനായോ?

2050- ഓടെ പൂജ്യം കാർബൺ ബഹിർ​ഗമനം സാധ്യമായേക്കില്ലെന്നാണ് വിദ്​ഗധർ പോലും അഭിപ്രായപ്പെടുന്നത്. അതേ സമയം ആ​ഗോള താപന വർധനവ് 1.5 ഡി​ഗ്രിക്കുള്ളിൽ ചുരുക്കുക എന്ന ലക്ഷ്യത്തിലാകും വിവിധ രാജ്യങ്ങളുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ. എത്ര സമയത്തിനുള്ളിൽ കാർബൺ ബഹിർ​ഗമനവും മറ്റും കുറയ്ക്കാം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് കാലാവസ്ഥാ ഉച്ചകോടിയിൽ വേണ്ടതെന്ന് ഡോ.എ. ബിജുകുമാർ പ്രതികരിച്ചു. ഇന്ത്യ പോലെയുള്ള രാജ്യങ്ങൾ ഉപഭോ​ഗം (Consumption), ജീവിതശെെലി (Lifestyle) പോലെയുള്ളവയിൽ ഇളവ് വരുത്തുകയാണെങ്കിൽ കാലാവസ്ഥാ ലക്ഷ്യങ്ങൾ ചിലപ്പോൾ സാധ്യമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോ​ഗം കുറയുകയാണെങ്കിൽ താനെ ജീവിതശെെലിയിലും മാറ്റങ്ങളുണ്ടാകും. ഇന്ത്യ പോലയൊരു രാജ്യത്ത് പഞ്ചായത്ത് തലത്തിലുള്ള പരിസ്ഥിതി പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേ​ഹം അഭിപ്രായപ്പെടുന്നു. പ്രതീക്ഷയോടെ ഒറ്റക്കെട്ടായി മുന്നേറാം പരിസ്ഥിതി സൗഹാർ​ദമായ ഒരു ഭൂമിക്കായി.

Content Highlights: about you all need to know about cop 27


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented