ജെെവവെെവിധ്യ ഹോട്ട്സ്പോട്ടിൽ 3 എണ്ണമുള്ള രാജ്യം; ആവാസവ്യവസ്ഥയ്ക്കും വേണം അമൃതകാലം


ശ്രീധർ രാധാകൃഷ്ണൻ

ലോകത്തെ മൊത്തം ജൈവവൈവിധ്യത്തിന്റെ 70 ശതമാനവും ഉൾക്കൊള്ളുന്ന 17 രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ

പ്രതീകാത്മക ചിത്രം | Photo-AP

വർഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുകയാണ്, സ്വതന്ത്രഭാരതത്തിന്റെ 75 വർഷം. മുൻപെങ്ങുമില്ലാത്ത വിധം ആർഭാടത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടക്കുന്നത്. വരാൻ പോകുന്ന 25 വർഷം അമൃതകാലമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച (ഒക്ടോബർ 3) ലോക ആവാസദിനമായിരുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടിവരുമ്പോൾ, ഒരു ജീവനും ഒരു പ്രദേശവും അവഗണിക്കപ്പെടരുത് എന്നാണതിന്റെ സന്ദേശം. ഈ പശ്ചാത്തലത്തിൽ അമൃതകാല വികസനസങ്കല്പം ഇന്ത്യയിലെ ജനങ്ങളുടെ ജീവനും പരിസ്ഥിതിയും മനുഷ്യരടക്കമുള്ള ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും പര്യാപ്തമാണോ എന്ന് വിശകലനം ചെയ്യേണ്ടതുണ്ട്.

അതിജീവനത്തിന് താങ്ങ്141 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യ, 2023-ഓടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. ഭൂപ്രകൃതി, പരിസ്ഥിതി, കാലാവസ്ഥ, സംസ്കാരം തുടങ്ങിയവയുടെ പ്രത്യേകതകൾ കൊണ്ടാണ് ഈ വലിയ ജനസംഖ്യ ഇവിടെ അതിജീവിക്കുന്നത്. ഏറ്റവും മികച്ച ജൈവവൈവിധ്യമുള്ള പത്തു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തെ മൊത്തം ജൈവവൈവിധ്യത്തിന്റെ 70 ശതമാനവും ഉൾക്കൊള്ളുന്ന 17 രാജ്യങ്ങളിലൊന്ന്. രാജ്യത്തെ പത്ത് ജൈവ-ഭൂമിശാസ്ത്ര പ്രദേശങ്ങളിലായി 91,000 ജന്തുവർഗങ്ങളെയും 45,500 സസ്യങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതും മറ്റൊരിടത്തും ഇല്ലാത്തവയാണ്. ലോകത്തെ 36 ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ, മൂന്നെണ്ണം ഇവിടെയാണ്. വിഖ്യാത റഷ്യൻ ജനിതകശാസ്ത്രജ്ഞൻ എൻ.ഐ. വാവിലോവ് ആഗോള വിളവൈവിധ്യത്തിന്റെ എട്ട് കേന്ദ്രങ്ങളിലൊന്നായി ഇന്ത്യയെ തിരഞ്ഞെടുത്തിട്ടുണ്ട്.

നിർഭാഗ്യവശാൽ, ഭൗമ-ജല ആവാസവ്യവസ്ഥകളുടെയും അവയിലെ ജൈവവൈവിധ്യത്തിന്റെയും നാശത്തിന്റെ തോത് വളരെ കൂടിയിരിക്കുന്നു. വികസന ആവശ്യങ്ങൾക്കായി പ്രകൃതിദത്ത ഭൂപ്രദേശങ്ങൾ പരിവർത്തനം ചെയ്യുന്നതിന്റെ ഏറ്റവും ഉയർന്ന നിരക്ക് ഇന്ത്യയിലാണ്.

സർക്കാരും പ്രകൃതിയും

രാജ്യത്തിന്റെ ഏറ്റവും വിലപ്പെട്ട പ്രകൃതിവിഭവങ്ങൾ, പ്രത്യേകിച്ച് വനങ്ങൾ, വാണിജ്യ താത്‌പര്യങ്ങൾക്കായി ചൂഷണം ചെയ്യാൻ തുടങ്ങിയത് ബ്രിട്ടീഷുകാരുടെ കാലത്താണ്. അതിനുവേണ്ട നിയമങ്ങളും ഭരണവ്യവസ്ഥയും അവർ കൊണ്ടുവന്നു. പ്രാദേശികസമൂഹത്തെ അവരുടെ പരമ്പരാഗത വിഭവങ്ങൾ ശേഖരിക്കുന്നതിൽനിന്ന് തടയുകയും വനത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന ജനതയുടെ അവകാശങ്ങൾ എടുത്തുകളയുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം, ജവാഹർലാൽ നെഹ്രു പ്രധാനമന്ത്രിയായതോടെ, ഇന്ത്യ അതിവേഗ വ്യവസായവത്‌കരണത്തിലേക്കും തദ്ദേശീയ ഉത്‌പാദനത്തിലേക്കും കടന്നു. അത് ഒരു വശത്ത് നഗരങ്ങളുടെയും പട്ടണങ്ങളുടെയും വ്യവസായ ടൗൺഷിപ്പുകളുടെയും വികസനത്തിന് വഴിവെക്കുകയും ഒരു ജനതയെ പട്ടിണിയിൽനിന്ന് കരകയറ്റുകയും സമ്പദ് വ്യവസ്ഥയെ ദൃഢമാക്കുകയും ചെയ്തു. എന്നാൽ, മറുവശത്ത്, തീരദേശ, വനവാസി സമൂഹങ്ങളെയും ഗ്രാമീണരെയും ചൂഷണം ചെയ്യുകയും നഗരങ്ങളിൽത്തന്നെ ദരിദ്രരെ സൃഷ്ടിക്കുകയും ചെയ്തു.

ഇന്ത്യയുടെ പാരിസ്ഥിതികചരിത്രത്തിൽ ഹരിത ദശകങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന കാലമായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേത്. 1972 ജൂണിൽ, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ആദ്യ പരിസ്ഥിതി ഉച്ചകോടിയിൽ ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം അവിസ്മരണീയവും ആഗോളതലത്തിൽ വൻ സ്വാധീനം ചെലുത്തിയതുമാണ്. 1972-ലെ വന്യജീവി നിയമം, 1980-ലെ വന നിയമം എന്നിവയുൾപ്പെടെ പരിസ്ഥിതി, വനം, വന്യജീവി എന്നിവയുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ നിയമങ്ങളും ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഉണ്ടായത്. 1980-ൽ പരിസ്ഥിതിവകുപ്പ് നിലവിൽവന്നു. 1981-ൽ വായുനിയമവും 1974-ൽ ജലനിയമവും പ്രാബല്യത്തിലാക്കി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 1974-ൽ ജലനിയമത്തിലൂടെയാണ് സ്ഥാപിതമായത്. ഇന്ത്യയെ മനുഷ്യവാസയോഗ്യമാക്കി നിലനിർത്താൻ ഈ നിയമങ്ങൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

നവലിബറലുകളുടെ കാലം

ഇന്ദിരാഗാന്ധിയുടെ ഹരിത ദശകങ്ങൾ ഇന്ത്യയെ ആഗോളതലത്തിൽ പരിസ്ഥിതിസംരക്ഷണത്തിന്റെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. 1991-ൽ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെയും ധനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെയും നേതൃത്വത്തിൽ ഉദാരീത്‌കരണത്തിന് തുടക്കമായി. 2004-ൽ ഡോ. മൻമോഹൻ സിങ്‌ പ്രധാനമന്ത്രിയായി. 2014 വരെ അധികാരത്തിലുണ്ടായിരുന്ന മൻമോഹൻ സിങ് സർക്കാർ പരിസ്ഥിതിക്ക് കനത്തപ്രഹരമേൽപ്പിച്ചു. ജയറാം രമേഷ്‌ പരിസ്ഥിതിമന്ത്രിയായിരുന്ന 2009-2011 കാലത്ത് മാത്രമാണ് പ്രതീക്ഷാവഹമായി എന്തെങ്കിലും ഇക്കാര്യത്തിൽ സംഭവിച്ചത്.

2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ഒട്ടേറെ സംരംഭങ്ങൾ തുടങ്ങിവെച്ചെങ്കിലും മറുവശത്ത് ചൂഷണം തടയുന്ന പല നിയമങ്ങളെയും വിജ്ഞാപനങ്ങളെയും തന്ത്രപരമായി ദുർബലപ്പെടുത്തുകയാണ് ഈ സർക്കാർ. മോദി സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് ബിസിനസ് എളുപ്പത്തിലും വേഗത്തിലും ആക്കുക എന്നതായിരുന്നു. നിക്ഷേപകരെ ആകർഷിക്കാനായി ‘ഗുരുതര മലിനീകരണം’ എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് തരംതിരിച്ച വ്യാവസായിക ബെൽറ്റുകളിൽ കൂടുതൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിനുള്ള നിരോധനം നീക്കി. 47 അംഗങ്ങളുള്ള നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് (NBWL), 2020 വരെ ഒരിക്കൽപ്പോലും യോഗം ചേർന്നിട്ടില്ല. 2017 ജൂലായിൽ, ഒരു ധനകാര്യ ബില്ലിലൂടെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ സ്വയംഭരണാവകാശത്തെ അക്ഷരാർഥത്തിൽ ഇല്ലാതാക്കാൻ സർക്കാർ ശ്രമിച്ചു. നിയമപരമായി ശാക്തീകരിക്കപ്പെട്ട, പരിസ്ഥിതിയുടെ കാവലാളെന്ന് കരുതാവുന്ന ഹരിത ട്രിബ്യൂണലിനെ 2019-ൽ സുപ്രീംകോടതി ഇടപെട്ടാണ് രക്ഷിച്ചത്.

സെപ്റ്റംബർ 23-ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ പരിസ്ഥിതിമന്ത്രിമാരോട് നടത്തിയ ആഹ്വാനം ഒന്നുമാത്രംമതി ഇന്ത്യയുടെ വികസന ആവശ്യങ്ങൾക്കായി പരിസ്ഥിതിയും ആവാസവ്യവസ്ഥയും ഇനി എത്ര നാശം നേരിടണമെന്ന് മനസ്സിലാക്കാൻ; ‘‘പരിസ്ഥിതി ക്ലിയറൻസ് എത്ര വേഗത്തിൽ ലഭ്യമാകുന്നുവോ അത്രയും വേഗത്തിൽ വികസനവും നടക്കുമെന്ന് നാം ഓർക്കണം’’ എന്നാണ് അദ്ദേഹം പറഞ്ഞത്.

1970-കളിലും 1980-കളിലും പാരിസ്ഥിതിക കാര്യനിർവഹണത്തിന്റെ കേന്ദ്രബിന്ദുവായി ആഗോളതലത്തിൽ പ്രകീർത്തിക്കപ്പെട്ട ഇന്ത്യ, 40 വർഷത്തിനുള്ളിൽ ഏറ്റവും മോശം സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. ലോക ആവാസദിനവും അമൃതകാലവുമൊക്കെ ആചരിക്കുന്ന ഈ വേളയിൽ പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും അവസ്ഥയെക്കുറിച്ച്‌ സത്യസന്ധമായ ഉൾക്കാഴ്ച ഉണ്ടാവേണ്ടതുണ്ട്. ഇന്ത്യയുടെ നിലനിൽപ്പിന് അത് ആവശ്യമാണ്. അത് മനസ്സിലാക്കുന്ന ആധുനികവും പരിസ്ഥിതിബോധവുമുള്ള ഒരു രാഷ്ട്രീയനേതൃത്വം അനിവാര്യമാണ്. അതിനുവേണ്ടി പോരാടുന്ന ഒരു ജനതയും വളർന്നുവരേണ്ടതുണ്ട്.

(എൻജിനിയറും പരിസ്ഥിതിപ്രവർത്തകനും പരിസ്ഥിതി, കൃഷി, കാലാവസ്ഥ വികസന നയങ്ങളുടെ നിരീക്ഷകനുമാണ് ലേഖകൻ)

Content Highlights: about world ecosystem day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented