അന്ന് തളർച്ച മാറ്റാൻ കഴിച്ചു; ഇന്ന് 'ആരോഗ്യപ്പച്ച' അഗസ്ത്യാർകൂടത്തിന്റെ നട്ടെല്ല്‌


ആതിര തര്യന്‍

ആരോഗ്യപ്പച്ച എന്ന് ശാസ്ത്രസമൂഹവും 'ചാത്താൻകളഞ്ഞ' എന്നു കാണിക്കാരും വിളിക്കുന്ന സസ്യത്തെ കുറിച്ച് പുറംലോകം അറിഞ്ഞിട്ടു 36 കൊല്ലമാകുന്നു എന്നതു ശ്രദ്ധേയമാണ്

കുട്ടിമാത്തൻ കാണി, ആരോഗ്യപ്പച്ചയുടെ കായ്

പ്രാചീന ഗോത്രസംസ്‌കാരത്തിന്റെ ഉടമകളായ കാണിക്കാർ കണ്ടെത്തിയ, ആഗോളതലത്തിൽ ശ്രദ്ധേയമായ ഒന്നായിരുന്നു 'ആരോഗ്യപ്പച്ച' എന്ന ജീവൻസസ്യം. ആരോഗ്യപ്പച്ച എന്ന് ശാസ്ത്രസമൂഹവും 'ചാത്താൻകളഞ്ഞ' എന്നു കാണിക്കാരും വിളിക്കുന്ന സസ്യത്തെ കുറിച്ച് പുറംലോകം അറിഞ്ഞിട്ടു 36 കൊല്ലമാകുന്നു. അഗസ്ത്യമലനിരകളിലെ കോട്ടൂര് ചോനാംപാറ കോളനിയിലെ കുട്ടിമാത്തൻകാണിയും മല്ലൻ കാണിയുമാണ്. 1987-ൽ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞർക്ക് ഈ സസ്യത്തെ കാണിച്ചുകൊടുത്തത്. ഇവർ രണ്ടാളും ആരോഗ്യപ്പച്ചയുടെ സംരക്ഷകരായി ചോനാംപാറയിൽ ഇപ്പോഴുമുണ്ട്. മിറക്കിൾ ഹെർബ്ബ് (അത്ഭുതസസ്യം) എന്ന പ്രൈംസ്റ്റോറി നല്കിയ ''ടൈം മാഗസി''ന്റ കവർ പേജിൽ പോലും നിറഞ്ഞുനിന്ന കുട്ടിമാത്തൻ കാണി എന്ന അറുപതുകാരൻ ആദിവാസികളിൽ നിന്ന് ആദ്യമായി ഭൗമ ഉച്ചകോടിയിൽ പങ്കെടുത്തയാൾ കൂടിയാണ്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupആദിവാസികൾ ലോകത്തിന് കാട്ടിക്കൊടുത്ത അഗസ്ത്യമലയുടെ വരദാനമായ ആരോഗ്യപ്പച്ച ആഗോളതലത്തിൽ അന്ന് വൻചലനം ഉണ്ടാക്കിയിരുന്നു. ആഗോളപ്പെരുമയ്ക്കൊപ്പം ശാസ്ത്രലോകത്തിനു മുഴുവൻ കൗതുകമായി മാറിയ ഈ സസ്യത്തെ പ്രശസ്തിയിലേക്ക് ഉയർത്തിയത് പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ['ടിബിജിആർഐ - Jawaharlal Nehru Tropical Botanic Garden & Research Institute] ശാസ്ത്രജ്ഞരാണ്. കാട്ടിലെ സസ്യങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനു വന്ന ശാസ്ത്രജ്ഞർ ഇടയ്ക്ക് വിശ്രമിക്കാനായി ഇരുന്നപ്പോഴാണ് കാണിക്കാർ അവിടെ കണ്ടൊരു ചെടിയുടെ ഇലയും കായും കഴിക്കുന്നത് കണ്ടത്. ശാസ്ത്രജ്ഞർ അത് എന്താണെന്നു അവരോട് ചോദിക്കുന്നതോടെ തുടങ്ങുന്നു ഇരുളിൽ നിന്നു പ്രകാശത്തിലേയ്ക്കുള്ള ആരോഗ്യപ്പച്ചയുടെ യാത്ര.

കുട്ടിമാത്തന്‍ കാണി

''വിശപ്പടക്കാനും തളർച്ച മാറ്റാനും ആദിവാസികൾ ഉപയോഗിച്ചു വന്നിരുന്ന ഈ സസ്യത്തെ ബൊട്ടാണിക്കൽ ഗാർഡൻ മുൻ ഡയറക്ടർ ഡോ. പി. പുഷ്പാംഗദനും റിസർച്ച് വിങ് തലവനായിരുന്ന ഡോ. എസ് രാജശേഖരനും എട്ടു വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കു വിധേയമാക്കി. അതിൽ നിന്ന് പിന്നീട് 'ജീവനി' എന്ന ഔഷധം നിർമിക്കുകയും ചെയ്തു. പ്രതിരോധശക്തി വർദ്ധിപ്പിച്ച് രക്തത്തിന്റെ അളവ് കൂട്ടാനാണ് 'ജീവനി' ഉപയോഗിച്ചിരുന്നത്.''-ടി.ബി.ജി.ആർ.ഐ. ഡയറക്ടർ ഡോ. ആർ. പ്രകാശ്കുമാർ പറയുന്നു.

ആരോഗ്യപ്പച്ചയുടെ സംരക്ഷകർ

കുട്ടിമാത്തൻ കാണിയ്ക്കു ഇപ്പോഴും ആരോഗ്യപ്പച്ചയെക്കുറിച്ചു പറയാൻ നൂറുനാവാണ്. '' അന്ന് കാട്ടിൽനിന്നു തേൻ, കുന്തിരിക്കം, എന്നിവയൊക്കെ ശേഖരിക്കലായിരുന്നു ഞങ്ങളുടെ പ്രധാന ജോലി. അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിൽ വിശപ്പകറ്റുന്നതിനൊപ്പം എത്ര വലിയ ക്ഷീണത്തേയും പമ്പ കടത്താൻ ചാത്തൻകളഞ്ഞ ചെടിയ്ക്ക് പറ്റുമെന്ന് സ്വന്തം അനുഭവത്തിൽ നിന്നു തന്നെ അറിയാമായിരുന്നു. ആ സമയം ഇവിടുത്തെ ചെടികളെയും മറ്റ് വനവിഭങ്ങളെയും ജീവികളെയുമൊക്കെ തിരഞ്ഞ് ശാസ്ത്രജ്ഞർ എത്താറുണ്ട്. അന്ന് അവരെ കാടു കാണിക്കാൻ കൊണ്ടുപോയാൽ 35 രൂപ കിട്ടും. കൂലിപ്പണി ചെയ്താലും അന്ന് അത്ര തന്നെയാകും കിട്ടുക. അത് ലക്ഷ്യമാക്കിയാണെങ്കിലും ഞങ്ങൾക്കു സന്തോഷം ലഭിക്കുന്ന കാര്യം കൂടിയായിരുന്നു ഇത്തരത്തിൽ അവരുടെ ഒപ്പം കാട്ടിലൂടെയുള്ള സവാരി. കിലോമീറ്ററുകൾ താണ്ടിയുള്ള ഈ യാത്രയ്ക്കിടയിലും ക്ഷീണം മാറ്റാൻ പച്ചിലകൾ കഴിക്കുന്നത് ശീലമാണ്. ഇപ്പോഴത്തെ ചോനാമ്പാറയിൽ നിന്നും 30-35 കിലോമീറ്റർ ദൂരെ കാടിന് ഉള്ളിലുള്ള സ്ഥലമാണ് കൊട്ടാരംവെച്ചപാറ. അവിടെ വെച്ചാണ് ആദ്യമായി ഇങ്ങനെയൊരു സസ്യത്തെക്കുറിച്ചുള്ള വിവരം ശാസ്ത്രജ്ഞരോട് പറയുന്നത്. അന്ന് അവർക്കൊപ്പം ഉണ്ടായിരുന്നത്, മല്ലൻ കാണിയും ഞാനുമാണ് - കുട്ടി മാത്തൻ കാണി പറയുന്നു.

വിശക്കുമ്പോൾ ചാത്തൻകളഞ്ഞ ചെടിയുടെ ഇലയും കായും ഒക്കെ കഴിക്കുന്നതിനൊപ്പം തോട്ടിലെ വെള്ളവും കുടിക്കും. ഇതു കണ്ടിട്ടാണ് അവരന്ന് ഈ ചെടിയെപ്പറ്റി കൂടുതൽ അന്വേഷിക്കുന്നത്. പിന്നീടാണ് ആരോഗ്യപ്പച്ചയെന്ന പേരിൽ ഈ ചെടിയുടെ അത്ഭുത ഗുണങ്ങളെക്കുറിച്ച് പുറംലോകമറിയുന്നത്. ദക്ഷിണാഫ്രിക്കയിൽ 2002-ൽ നടന്ന ലോകഭൗമ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതും ആരോഗ്യപ്പച്ചയുടെ പേരിലാണ്. അന്നത്തെ യാത്രാനുഭവം മറന്നിട്ടില്ല. തിരുവനന്തപുരത്തുനിന്നു ബോംബയിലെത്തി അവിടുന്ന് 14 മണിക്കൂർ യാത്ര ചെയ്താണ് ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ധാരാളം രാജ്യങ്ങളുടെ തലവന്മാർ അന്നവിടെ ഉണ്ടായിരുന്നു.16 ദിവസം കഴിഞ്ഞു തിരിച്ചു പോന്നു.''-കുട്ടിമാത്തൻ കാണി ഓർത്തെടുക്കുന്നു.

''കാടിന്റെ മക്കളായ ഞങ്ങൾക്ക് കിട്ടിയ വരദാനങ്ങളെ കാത്തുസൂക്ഷിയ്ക്കാൻ വേണ്ടതൊക്കെ ചെയ്യാൻ ഞങ്ങൾ എപ്പോഴും തയ്യാറാണ്. മറ്റു ലാഭങ്ങൾ ഒന്നുമില്ലെങ്കിലും ഞങ്ങളുടെ പുരയിടങ്ങളിൽ ആരോഗ്യപ്പച്ചയെ ഇന്നും പൊന്നു പോലെ സൂക്ഷിക്കുന്നുണ്ട്. ആരോഗ്യപ്പച്ചപോലെയുള്ള ധാരാളം ഔഷധസസ്യങ്ങൾ ഇവിടുണ്ട്. അതിനെയൊക്കെ മറ്റുള്ളവർക്കു കൂടി ഉപയോഗപ്രദമാകുന്ന തരത്തിൽ ആക്കിമാറ്റാൻ കഴിയണം എന്നു തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. തൊഴിലവസരങ്ങൾ ഇതിലൂടെ ഉണ്ടായാൽ ഞങ്ങളിൽ പലരുടേയും ദുരിതങ്ങൾ ഒരു പരിധി വരെ മാറിക്കിട്ടും എന്നു് കരുതുന്നു. വ്യാവസായികമായി സസ്യങ്ങളിൽ നിന്നു മരുന്നുണ്ടാക്കുന്ന ഫാക്ടറികൾ വന്നാൽ ഞങ്ങളിൽ പലർക്കും അവിടെ ജോലി കിട്ടും. അടുത്ത തലമുറയുടെ ജീവിതസാഹചര്യങ്ങളും ഇതിലൂടെ മെച്ചപ്പെടും. ഞാൻ ഉൾപ്പെടെയുള്ള സമുദായാഗംങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും നിരക്ഷരർ ആണ്. പക്ഷേ ഞങ്ങളുടെ മക്കൾ അങ്ങനെയല്ല. അവരെ മുന്നോട്ടു കൊണ്ടു വരാൻ കൂടി ഇത്തരം പദ്ധതികൾ സഹായിക്കും. ഇത്തരത്തിലുള്ള സസ്യങ്ങളെ സംരക്ഷിയ്ക്കുവാനുള്ള സഹായങ്ങളെങ്കിലും ഞങ്ങൾക്കു വേണ്ടി ചെയ്തു തരണം'കുട്ടിമാത്തൻ കാണി പറയുന്നു.

അഗസ്ത്യാർകൂടവും കാണിക്കാരും ആരോഗ്യപ്പച്ചയും

കേരളത്തിന്റെ തെക്കേയറ്റത്ത് താമസിക്കുന്ന ഗോത്രവർഗ്ഗമാണ് കാണിക്കാർ. തെക്കേയറ്റം എന്നു പറഞ്ഞാൽ പഴയ തിരുവിതാംകൂറിൽ. ഇപ്പോഴവർ തമിഴ്നാട്ടിലെ കന്യാകുമാരിയിലും തിരുവനന്തപുരത്ത് പരുത്തിപ്പള്ളി, കുളത്തൂപ്പുഴ, പാലോട് റെയ്ഞ്ചിലെ കോട്ടൂർ, ക്ലാമല, പാലോട് റിസർവ് വനം, കൊല്ലം ജില്ലയിലെ ഏരൂർ റിസർവ് വനം എന്നിവിടങ്ങളിലുമായി താമസിക്കുന്നു. 2011 സെൻസസ് പ്രകാരം 21,251 പേരുണ്ട് കാണിക്കാരായി. 9,975 പുരുഷൻമാരും 11,276 സ്ത്രീകളും ഇതിൽ ഉൾപ്പെടും. ഇവരിൽ പകുതിയിലേറെപ്പേരും വനാന്തരങ്ങളിലാണ് ജീവിക്കുന്നത്. ഇക്കൂട്ടത്തിൽ 15364 പേർ സാക്ഷരരാണ്. അഗസ്ത്യാർകൂട മേഖലയിൽ കാണിക്കാർ ധാരാളമായുണ്ട്. സഹ്യപർവതനിരകളിൽ കോണാകൃതിയിൽ സമുദ്രനിരപ്പിൽ നിന്നുo 1890 മീറ്റർ ഉയർന്നു നിൽക്കുന്ന കൊടുമുടിയാണ് അഗസ്ത്യാർകൂടം. അപൂർവയിനം ചെടികളുടെയും ഔഷധ സസ്യങ്ങളുടെയും പറുദീസയായ് ഇവിടം തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ പൂജ നടത്തുന്നതാകട്ടെ കാണി വിഭാഗത്തിൽപ്പെട്ട ആദിവാസികളും.

ആരോഗ്യപ്പച്ചയുടെ കായ്‌

ആരോഗ്യപ്പച്ച

വിശേഷപ്പെട്ട ഔഷധഗുണങ്ങൾ ഉള്ള അപൂർവ്വമായ ഒരു ഔഷധച്ചെടിയാണ് ആരോഗ്യപ്പച്ച .ട്രൈക്കോപ്പസ് സെലാനിക്കസ്(Trichopus zeylanicus) ആണ് ആരോഗ്യപ്പച്ചയുടെ ശാസ്ത്ര നാമം. ഇത് ഡയസ്‌കോരസി കുടുംബത്തിൽപ്പെടുന്നു. അഗസ്ത്യാർകൂട മലനിരയിൽ സ്വാഭാവികമായി കണ്ടുവരുന്ന ഇതിന്റെ ഔഷധഗുണം വളരെ യാദൃശ്ചികമായിട്ടാണ് പുറം ലോകമറിഞ്ഞത്. ഇതിന്റെ കായയിൽ ഗ്ലൈക്കോലിപ്പിഡും നോൺ സ്റ്റിറോയിഡൽ സംയുക്തങ്ങളും ഉണ്ട്. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഇത് ഉപകരിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും വേറിട്ടു നട്ടുവളർത്താനുള്ള സാങ്കേതികവിദ്യ ഇതിന്റെ കാര്യത്തിൽ പരിമിതമാണ്. സമുദ്രനിരപ്പിൽനിന്ന് 900 മീറ്റർ മുകളിൽ മാത്രം വളരുന്ന ഈ സസ്യത്തെ കാട്ടിനകത്തേ വളർത്താനാകൂ. അഥവാ പുറത്തു വളർത്തിയാലും സ്വാഭാവികഗുണങ്ങളിൽ വ്യത്യാസം വരുമെന്ന് ഗവേഷകർ പറയുന്നു. കുറ്റിച്ചെടിയായി മാത്രം വളരുന്ന ഇതിന്റെ കുരിന്നിലയും പാകമാകാത്ത കായുമാണ് കൂടുതൽ ഗുണം തരുന്നത്.


ആരോഗ്യപ്പച്ചയുടെ വളർച്ച

ആരോഗ്യപ്പച്ചയിൽ നിന്നുണ്ടാക്കുന്ന'ജീവനി'ക്ക് മാർക്കറ്റിങ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 1996-ൽ ഔഷധം നിർമിച്ച് വിതരണം ചെയ്യാൻ കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിക്ക് 10 ലക്ഷം രൂപയ്ക്കാണ് പാലോട് ബൊട്ടാണിക്കൽ ഗാർഡൻനിലെ ശാസ്ത്രജ്ഞർ സാങ്കേതികവിദ്യ കൈമാറിയത്. റോയൽറ്റി ഇനത്തിൽ വിറ്റുവരവിന്റെ രണ്ടു ശതമാനം കാണിക്കാർക്ക് നൽകാനും ചട്ടമുണ്ടാക്കി. അതോടെ കാണിക്കാർക്ക് ആവേശം ഇരട്ടിച്ചു. കാണിക്കാർ ഒരു ട്രസ്റ്റ് ഉണ്ടാക്കി ഈ തുക ചെലവഴിക്കാനും ആരോഗ്യപ്പച്ച കൃഷി ചെയ്യാനും അധികൃതരുടെ സഹായത്തോടെ പദ്ധതി തയാറാക്കി. ആരോഗ്യപ്പച്ചയുടെ ഇലകളാണ് 'ജീവനി' ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. അങ്ങനെ ആരോഗ്യപ്പച്ചയുടെ കൃഷി വനത്തിൽ വ്യാപകമാകുകയും അതിനായി വനംവകുപ്പ് സഹകരിക്കുകയും ചെയ്തു.

ഇതിനിടെ അമേരിക്കയിലെ ടെക്സാസിലെ കോട്ട് ആൻഡ് വൈറ്റ് ക്ലിനിക്ക് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെയും ഹെൽത്ത് സയൻസ് സെന്ററിലെയും ശാസ്ത്രജ്ഞർ മനുഷ്യരുടെ് കോശങ്ങളിൽ അടിയുന്ന അഴുക്കിനെ മാറ്റാൻ ഈ സസ്യത്തിന് കഴിയുമെന്ന് കണ്ടെത്തി. കൃഷി വ്യാപിപ്പിക്കാൻ ഇതും കാരണമായി. കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഇതിലുള്ളതിനാൽ ആരോഗ്യപ്പച്ചയ്‌ക്കൊപ്പം തൃപ്പലി, വിഷ്ണുഗന്ധി, എന്നീ ഔഷധ സസ്യങ്ങൾ ചേർത്തുണ്ടാക്കുന്ന മരുന്നിന് പല രോഗങ്ങളെയും ശമിപ്പിക്കാൻ കഴിയും. പിന്നീട് സർക്കാർ സ്ഥാപനമായ 'ഔഷധി'യ്ക്കാണ് അന്ന് കരാർ നൽകിയത്. ആരോഗ്യപ്പച്ചയെക്കുറിച്ചുള്ള തുടർഗവേഷണം ഇപ്പോഴും പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്നുണ്ടെന്നും അതിൽ നിന്നു സമൂഹത്തിനു ഗുണം കിട്ടുന്ന ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഗവേഷണം സഹായകമാകുമെന്നും ടി.ബി.ജി.ആർ.ഐ. ഡയറക്ടർ ഡോ. ആർ. പ്രകാശ്കുമാർ പറഞ്ഞു.

Content Highlights: about the tribal group in agasthyarkoodam and arogyapacha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented