അനൂപ് മുത്തേരി പകർത്തിയ വേഴാമ്പലിന്റെ ചിത്രങ്ങൾ
മഞ്ഞും മഴയും മാറിമാറി മായാജാലം തീര്‍ക്കുന്ന നെല്ലിയാമ്പതിയിലേക്ക് യാത്ര പോയത് വോഴാമ്പലുകളെ തേടിയായിരുന്നു. ഇത്തവണ കൂട്ടിന് പ്രശ്‌സത വന്യജീവി ഫോട്ടോഗ്രഫറും സുഹൃത്തുമായ നിസാര്‍ കൊളക്കാടനുമുണ്ട്. എണ്ണമറ്റ യാത്രകള്‍ക്ക് നെല്ലിയാമ്പതി ഇടമായിട്ടുണ്ട്, എങ്കിലും ഇത്തവണത്തെ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ വേഴാമ്പല്‍ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. തലയില്‍ കിരീടം ചൂടാത്ത ആ രാജകുമാരിയെ ഒന്ന് കാണണം, ഒപ്പം അവളുടെ കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തണം. വേഴാമ്പലുകളുടെ ചിത്രങ്ങള്‍ നിരവധി പകര്‍ത്തിയിട്ടുണ്ടെങ്കിലും വേഴാമ്പല്‍ കുഞ്ഞിന്റെ ചിത്രമെന്നത് ഒരു സ്വപ്‌നമായിരുന്നു.
വെറും വയറ്റില്‍ ഒരു ചൂടുകാപ്പി മാത്രം കുടിച്ച് ഞങ്ങള്‍ പുലര്‍ച്ചെ കൃത്യം 3 മണിക്ക് യാത്രയാരംഭിച്ചു. ഈ സമയത്ത് വാഹനങ്ങള്‍ നന്നേ കുറവായിരിക്കുമെന്നതിനാല്‍ തന്നെ യാത്ര ലക്ഷ്യസ്ഥാനത്ത് പ്രതീക്ഷിച്ചതിലും നേരത്തെ എത്തിച്ചേര്‍ന്നു. രാവിലെ 7 മണിക്കാണ് നെല്ലിയാമ്പതി ചെക്‌പോസ്റ്റ് തുറക്കുക. ഞങ്ങള്‍ക്ക് മുന്നേ നിരവധി വാഹനങ്ങള്‍ ചെക്‌പോസ്റ്റിന് മുമ്പില്‍ സ്ഥാനം പിടിച്ചിരുന്നു.
വന്യജീവി ഫോട്ടോഗ്രഫറായ അനൂപ് മുത്തേരി പകർത്തിയ ചിത്രങ്ങൾ കാണാം..


.jpeg?$p=341269a&q=0.8&f=16x10&w=284)


+1
ചെക്‌പോസ്റ്റില്‍ വാഹനത്തിന്റെയും ഞങ്ങളുടെയും വിവരങ്ങള്‍ എല്ലാം എഴുതി നല്‍കിയ ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ചെക്‌പോസ്റ്റ് മുതല്‍ നെല്ലിയാമ്പതി വരെയുള്ള ഇരുപതോളം കിലോമീറ്റര്‍ കുത്തനെയുള്ള ചുരമാണ്. വന്യമൃഗങ്ങള്‍ ധാരാളമുള്ള സ്ഥലം. ഭാഗ്യമുണ്ടെങ്കില്‍ ആന, കാട്ടുപോത്ത്, മ്ലാവ്, കുരങ്ങുകള്‍ എന്നിവ നമുക്ക് ദര്‍ശനം നല്‍കും. മനസില്‍ ഇപ്പോഴം റോഡ് മുറിച്ചു കടന്നു കൊണ്ട് ഒരു പുള്ളിപ്പുലിയോ കടുവോ നടന്നു നീങ്ങുന്ന ഒരു ദൃശ്യം മാത്രമായിരുന്നു. കാരണം കേരളത്തില്‍ നിന്നം ഒരു കടുവയുടെ ചിത്രം പകര്‍ത്തുക എന്നത് ഒരു ചിരകാല സ്വപ്‌നമായി കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
ബൈക്ക് യാത്രക്കാരന്റെ മുന്നിലൂടെ പുള്ളിപ്പുലി ഓടി മറഞ്ഞ കഥ കൂടെയുള്ള നിസാര്‍ കൊളക്കാടന്‍ പറയുക കൂടി ചെയ്തതോടെ പ്രതീക്ഷ വര്‍ധിച്ചു. പക്ഷെ കാര്യമായി ഒന്നും സംഭവിച്ചില്ല. ആകെ കാണാന്‍ കഴിഞ്ഞത് കുറച്ച് കുരങ്ങന്മാരെയും മ്ലാവുകളെയും മാത്രം. നിരാശ ഒട്ടും മനസിനെ അലട്ടിയില്ല. കാരണം ഞങ്ങളുടെ ലക്ഷ്യം ഇവയൊന്നുമായിരുന്നില്ല. നെല്ലിയാമ്പതിയുടെ രാജകുമാരിയായിരുന്നു.
ഏകദേശം എട്ട് മണിയോട് കൂടി ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. നിരവധി തവണ വന്ന സ്ഥലമായതിനാല്‍ തന്നെ വോഴാമ്പലുകളുടെ കൂട് എവിടെയായിരുന്നു എന്ന് അറിയാമായിരുന്നു. വാഹനം നിര്‍ത്തി ക്യാമറയും എടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി. പിന്നീടങ്ങോട്ട് ഒരു നീണ്ട കാത്തിരിപ്പായിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും എവിടെയാണ് വേഴാമ്പലുകള്‍ എന്ന് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. സമയം മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. ആകാശം രാവിലെ തന്നെ ഇരുണ്ടുകൂടി തുടങ്ങി. വെളിച്ചം നന്നേ കുറവ്. ഏത് നിമിഷവും മഴ പെയ്‌തേക്കാം. ഫോട്ടോഗ്രഫിക്ക് തികച്ചും പ്രതികൂലമായ അന്തരീക്ഷം.
ആശങ്കകള്‍ക്ക് വിരാമമിട്ട് കൊണ്ട് പ്രതീക്ഷകളുടെ ചിറകടി ശബ്ദം അങ്ങ് മലമുകളില്‍ നിന്ന് കേള്‍ക്കാന്‍ തുടങ്ങി. വേഴാമ്പല്‍ കുഞ്ഞിന്റെ അമ്മയാണ് ആദ്യം മുന്നിലൂടെ പറന്നു പോയത്. അപ്പോഴും വേഴാമ്പല്‍ കുഞ്ഞ് കാണാമറയത്ത് തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്‍ വേഴാമ്പലും മുന്നിലെത്തി. അമ്മ വേഴാമ്പലിന്റെ നീക്കങ്ങള്‍ പിന്നീട് നിരീക്ഷിച്ചു. മെല്ലെ ഒരു കാപ്പിത്തോട്ടത്തിനുള്ളിലെ മരത്തിലേക്ക് അമ്മ നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. അമ്മ വേഴാമ്പലിനെ നിരീക്ഷിച്ചു കൊണ്ടിരിക്കെ തൊട്ടപ്പുറത്തെ ചില്ലയില്‍ ഒരു അനക്കം ശ്രദ്ധയില്‍പ്പെട്ടു.
അപ്പോഴാണ് നെല്ലിയാമ്പതിയുടെ രാജകുമാരി ഞങ്ങള്‍ക്ക് ദര്‍ശനം നല്‍കുന്നത്. കിരീടം ചൂടാത്ത നെല്ലിയാമ്പതിയുടെ രാജകുമാരി. കുഞ്ഞിനെ കണ്ടെത്തിയെങ്കിലും ചിത്രമെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഒരുപാട് ഉയരം കൂടിയ മരങ്ങളുള്ള പ്രദേശം കൂടിയാണത്. ഏതെങ്കിലും ഒരു ഒഴിഞ്ഞ ചില്ലയില്‍ വരാതെ ചിത്രമെടുക്കുക സാധ്യമാകില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചേര്‍ന്നു. എന്നാലും ഞങ്ങള്‍ അവിടെ തുടര്‍ന്നു. കുഞ്ഞിന് തീറ്റ കൊടുക്കാനെത്തിയതായിരുന്നു അമ്മ വേഴാമ്പല്‍.
തീറ്റ കൊടുത്തതിന് ശേഷം അടുത്ത തീറ്റ തേടി അമ്മയും അച്ഛനും യാത്രയായി. പിന്നീട് ക്യാമറയില്‍ ചിത്രമെടുക്കാവുന്ന തരത്തിലേക്ക് വോഴാമ്പല്‍ കുഞ്ഞെത്തി. പിന്നീടങ്ങോട്ട് ക്ലിക്കുകളുടെ നീണ്ട നിരയായിരുന്നു. ക്യാമറയിലേക്ക് അതിമനോഹരങ്ങളായ ധാരാളം ചിത്രങ്ങളെത്തി. പത്ത് മണി കഴിഞ്ഞാല്‍ വേഴാമ്പല്‍ ഉള്‍ക്കാടുകളിലേക്ക് പോകും. അതോടെ ഫോട്ടോഗ്രഫി നിര്‍ത്തി ഞങ്ങള്‍ യാത്രയായി. പഴുത്ത ചക്ക തിന്നാനെത്തുന്ന വന്യജീവികളുടെ ചിത്രം പകര്‍ത്തുകയായിരുന്നു അടുത്ത ലക്ഷ്യം. ഏതാനും ചിത്രങ്ങളെടുത്ത ശേഷം റൂമിലേക്ക് പോയി.
വൈകുന്നേരം ഫോട്ടോഗ്രഫിക്ക് പോയ ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. പിറ്റേന്ന് നല്ല ചിത്രങ്ങള്‍ പ്രതീക്ഷിച്ച് ഞങ്ങള്‍ പോയി. വേഴാമ്പലിന്റെ ചിറകടി ശബ്ദം കേട്ടു. കൊമ്പിലിരുന്ന് കുഞ്ഞിന് തീറ്റ കൊടുക്കുന്ന അമ്മ വേഴാമ്പലിനെയാണ് കണ്ടത്. എന്നാല്‍ ഞങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോള്‍ വേഴാമ്പല്‍ പറന്നകന്നു. അട്ട കടിയായിരുന്നു മറ്റൊരു വില്ലന്‍. അട്ടയെ എടുത്ത് മാറ്റുമ്പോഴേക്ക് നല്ലൊരു ഫ്രെയിം മിസ്സാകും.
Content Highlights: about the princess of nelliyampathy, photostory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..