വേനൽ കടുക്കുന്നു, വ്യാപകമാകുന്ന തീപ്പിടിത്തം; അവലംബിക്കേണ്ട മുനിസിപ്പൽ ലാൻഡ്ഫിൽ രീതി


ഡോ.ബാബു പിള്ളബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ സംഭവം ഒരു പാഠമാണ്. ഒത്തിരി ഒത്തിരി പഠിക്കേണ്ടുന്ന ഒരു പാഠം

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടുത്തം | Photo: ANI

വേനൽ കടുക്കുന്നതോടെ തീപ്പിടിത്തം പലയിടങ്ങളിലും വ്യപകമാകുന്നത് നാം സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്നതാണ്. നഗരങ്ങളിലെ മാലിന്യ സംസ്കരണശാലകളിലും മുനിസിപ്പൽ ലാൻഡ് ഫില്ലുകളിലും അടിക്കടി ഉണ്ടാകുന്ന തീപ്പിടുത്തങ്ങളും അത് ഉളവാക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങളും സ്ഥിരം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. സാധാരണയായി മാർച്ച് മുതൽ ആ​ഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഇത്തരത്തിലുള്ള അഗ്നിബാധ കണ്ടുവരാറുള്ളത്. അനുഭവങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ തികച്ചും ഒഴിവാക്കാവുന്ന അപകടങ്ങളാണ് ഇവയെല്ലാം.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

എന്തുകൊണ്ടാണ് മാലിന്യ സംസ്കരണശാലകളിലും മാലിന്യം നിക്ഷേപിക്കുന്ന ലാൻഡ് ഫില്ലുകളിലും അഗ്നിബാധ ഉണ്ടാകുന്നത്, ഇങ്ങിനെ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങളാണ് മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടത് എന്നീ വിഷയങ്ങളിൽ ഒരു പൊതു അവബോധം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

എന്താണ് മുനിസിപ്പൽ ലാൻഡ്ഫിൽ?
നഗരമാലിന്യം സംസ്കരിക്കുന്നതിനായി സാധാരണ അവലംബിക്കുന്ന ഒരു ശാസ്ത്രീയമായ സംവിധാനം ആണ് മുനിസിപ്പൽ ലാൻഡ് ഫിൽ. ശരിയായ രൂപകൽപനയും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാൽ ഇത്തരം യൂണിറ്റുകൾ പരിസ്ഥിതിക്ക് ആഘാതം ഏൽപിക്കാതെ കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാവുന്നതാണ്. ആധുനിക രീതിയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണശാലയുടെ കാര്യക്ഷമത നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ് ശാസ്ത്രീയമായ ഡിസൈൻ, സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് നടപടിക്രമം, മാലിന്യത്തിൽനിന്നു വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള സംവിധാനം (Waste to Energy), ജലസ്രോതസുകളുടെ മലിനീകരണ സാധ്യത നിരീക്ഷിക്കുന്നതിനായുള്ള മോണിട്ടറിങ്ങ് സംവിധാനങ്ങൾ, പരിശീലനം സിദ്ധിച്ച തൊഴിലാളികൾ, അപകടഘട്ടങ്ങളെ നേരിടുന്നതിനു വേണ്ടിയുള്ള ഉപാധികൾ എന്നിവയെല്ലാം.

എന്നാൽ, ഈ പറഞ്ഞ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിന്റെ ഭാരിച്ച ചെലവു കാരണം പലപ്പോഴും നഗരമാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ അശാസ്ത്രീയമായി പുറംതള്ളപ്പെടുന്നു. ഇങ്ങിനെയുള്ള മാലിന്യകൂമ്പാരങ്ങളാണ് പിൽക്കാലത്ത് അപകടങ്ങൾക്കു കാരണമായിത്തീരുന്നത്. മാലിന്യ സംസ്കരണശാലകളിൽ പലപ്പോഴും നാം കണ്ടുവരാറുള്ള അപകടമാണ് തീപ്പിടുത്തം അഥവാ ലാൻഡ് ഫിൽ ഫയർ.

ലാൻഡ് ഫിൽ ഫയർ എന്ത് ? എങ്ങനെ ഉണ്ടാകുന്നു?

പ്രധാനമായും രണ്ട് തരത്തിലാണ് ലാൻഡ് ഫിൽ ഫയറിനെ തരംതിരിച്ചിരിക്കുന്നത്. ഒന്ന് ഉപരിതലത്തിൽ കാണുന്നതും രണ്ടാമത്തേത് കീഴ്തട്ടിൽ കാണുന്നതും. ഇതിൽ ആദ്യത്തേത് ഏകദേശം ഉപരിതലത്തിന് രണ്ട് മൂന്ന് അടി താഴെ വരെയും രണ്ടാമത്തേത് ഏകദേശം 4 മുതൽ 40 അടി ആഴത്തിൽ വരെയും കണ്ടുവരുന്നു. ലാൻഡ് ഫിൽ ഫയർ ഉണ്ടാകുന്നതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. അടിസ്ഥാനകാരണം, ശാസ്ത്രീയമല്ലാതെയുള്ള അവയുടെ രൂപകല്പനയും, തെറ്റായ രീതിയിലുള്ള കൈകാര്യം ചെയ്യലുമാണ്. കൂടാതെ, മാനുഷികമായ തെറ്റുകളായ അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗററ്റ്‌ കുറ്റി, വാഹനത്തിൽനിന്നുള്ള സ്പാർക്ക്, കത്തിക്കൊണ്ടിരിക്കുന്ന മലിന്യങ്ങളുടെ നിക്ഷേപം, അപകടകരമായ രാസപ്രവർത്തനം ഇവയെല്ലാം തന്നെ തീപ്പിടിത്തത്തിന് ഇടയാക്കാവുന്ന നേരിട്ടുള്ള ചില കാരണങ്ങളാണ്.

മാലിന്യ സംസ്കരണശാലകളിൽ പലപ്പോഴും നാം കണ്ടുവരുന്ന തെറ്റായ പ്രവണതകളിൽ ഒന്നാണ് തരം തിരിക്കാതെ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നത്. ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്ക്, പേപ്പർ, അപകടകരമായ രാസമാലിന്യങ്ങൾ, നിർമാണ മേഖലയിൽ നിന്നുള്ള മാലിന്യങ്ങൾ, ബാറ്ററി, ടയർ,ഇലക്ട്രോണിക് വസ്തുക്കൾ, ഇന്ധനങ്ങൾ ഇവയെല്ലാം കൂടികലർന്ന രീതിയിൽ തരം തിരിക്കാത നിക്ഷേപിക്കപ്പെടുന്നു.

ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീപ്പിടിത്തത്തെ തുടർന്ന് തീ കെടുത്താൻ ശ്രമിക്കുന്നു | ഫോട്ടോ: അജി.വി.കെ

ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികൾ ഓക്സിജന്റെ സഹായത്താൽ ജൈവമാലിന്യങ്ങളെ വിഘടിപ്പിച്ച് കാർബൺഡൈ ഓക്ലൈഡ് പോലുള്ള വാതകങ്ങൾ ആക്കി മാറ്റുന്നു. എന്നാൽ, കൂടുതൽ അടിത്തട്ടിലേക്ക് പോകുമ്പോൾ ഓക്സിജന്റെ അഭാവത്തിൽ മാലിന്യം ജീർണ്ണിച്ച് ഉയർന്ന താപനില രൂപപ്പെടുകയും മീഥേൻ പോലുള്ള പെട്ടെന്ന് കത്തിപ്പിടിക്കുന്ന വാതകങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മീഥേൻ വാതകം 5% മുതൽ 15% വരെയുള്ള അളവിൽ (explosive range) ആണെങ്കിൽ ഒരു എക്സ്പ്ലോസീവ് മിശ്രിതം ആയി രൂപപ്പെടുകയും ഒരു സ്പാർക്കിന്റെ പിൻതുണയോടെ വലിയ പൊട്ടിത്തെറിയോ തീപ്പിടിത്തമോ ആയി കലാശിക്കുകയും ചെയ്യുന്നു.

മാലിന്യകൂമ്പാരത്തിന് കൂടുതൽ ഇളക്കം തട്ടുമ്പോൾ കീഴ്തട്ടിൽനിന്ന് കൂടുതൽ മീഥേൻ വാതകം പുറത്തുവരികയും തീ ആളിക്കത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പ്രധാനമായും കത്തുന്ന മാലിന്യത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെയും താപനിലയേയും ആശ്രയിച്ചിരിക്കും. ഉപരിതലത്തിൽ രൂപപ്പെടുന്ന തീ, സാധാരണ കുറഞ്ഞ ഊഷ്മാവിലുള്ളതിനാൽ വെളുത്ത പുകയാണ് നാം കാണുക. എന്നാൽ പ്ലാസ്റ്റിക്, ടയർ എന്നിവ പോലുള്ള വസ്തുക്കൾ കത്തിപ്പിടിക്കുമ്പോൾ ഊഷ്മാവ് ഉയരുകയും കറുത്ത കട്ടികൂടിയ പുക ബഹിർഗമിക്കുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് വസ്തുക്കൾ കത്തുമ്പോൾ പുറത്ത് വിടുന്ന ഡയോക്സിൻ, ഫുറാൻ, പോളി സൈക്ലിക്ക് ബൈഫിനൈൽസ് പോലുള്ള വാതകങ്ങൾ അളവിൽ കൂടുതൽ ശ്വസിക്കാൻ ഇടവരുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കൂടാതെ കാർബൺ മോണോക്സൈഡ്, അതിസൂക്ഷ്മങ്ങളായ PM10, PM2.5 എന്നീ വിഭാഗത്തിൽ പെടുന്ന പെടിപടലങ്ങൾ ഇവയെല്ലാം അന്തരീക്ഷത്തിലേക്ക് ക്രമാതീതമായി പുറംതള്ളുകയും അവ ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു.

മലിനീകരണത്തിൻറെ അളവ് അനുവദനീയമായതിലും അധികം അന്തരീക്ഷത്തിൽ ഉയരുകയും കൂടുതൽ സമയം ശ്വസിക്കാൻ ഇടവരുകയും ചെയ്താൽ പല തരത്തിലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഇത് കാരണമായേക്കാം. കൂടാതെ കണ്ണെരിച്ചിൽ, ചെറിച്ചിൽ, ഛർദ്ദി, തലകറക്കം എന്നിവയും അനുഭവപ്പെട്ടേക്കാം. കട്ടി കൂടിയ പുകയും പൊടിയും നഗര പ്രദേശങ്ങളിലേക്ക്‌ വ്യാപിച്ചാൽ കാഴ്ചതടസ്സം (poor visibility) മൂലം വാഹന അപകടങ്ങളും ഉണ്ടായേക്കാം.

എങ്ങിനെ അപകടം ഒഴിവാക്കാം? ശാസ്ത്രീയമായ സമീപനം എങ്ങിനെ?

• ലാൻഡ് ഫില്ലുകൾ ശാസ്ത്രീയമായി രൂപകൽപന ചെയ്തതും വേണ്ടത്ര സുരക്ഷ സംവിധാനങ്ങളോട് കൂടിയതും ആണെന്ന് ഉറപ്പാക്കുക.
• ലാൻഡ് ഫില്ലുകൾ നിർമിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിലവിലുള്ള നിയമങ്ങൾ ശക്തമായി നടപ്പിലാക്കുക.
• മാലിന്യത്തിൽനിന്നും ഊർജം എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടു മീഥേൻ വാതകം വീണ്ടെടുത്ത് വൈദ്യുതി ആയി മാറ്റി തീപ്പിടിത്ത സാധ്യത കുറക്കുക.
• പണ്ടു മുതലേ നിലനിൽക്കുന്ന മാലിന്യ കൂമ്പാരങ്ങളുടെ (Legacy Sites) പ്രത്യേകം ഡാറ്റാബേസ് തയ്യാറാക്കി, വിദഗ്ധരെ കൊണ്ട് റിസ്ക്ക് അസസ്സ്മെന്റ് നടത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കുക.
• ബയോ മൈനിങ്ങ്, മീഥേൻ റിക്കവറി എന്നിവ ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കുക
• ഊറിവരുന്ന മലിനജലം (Leachate) ശുദ്ധീകരിച്ച്‌ ജലസ്രോതസ്സുകളുടെ മലിനീകരണം തടയുക
• വേനൽകാലത്തിനു മുൻപ് എല്ലാ പ്രധാന ലാൻഡ് ഫില്ല് കേന്ദ്രങ്ങളിലും അധികാരികൾ, വിദഗ്ധർ, ജനപ്രതിനിധികൾ, പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥർ, എന്നിവർ അടങ്ങിയ ഒരു മോണിട്ടറിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ പരിശോധന നിർബന്ധമാക്കുക.
• മുൻകൂട്ടി അപകടം കണ്ടെത്തുന്നതിനുള്ള ആധുനിക മോണിട്ടറിംങ്ങ് സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
• പരിശീലനം ലഭിച്ച തൊഴിലാളികൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ട്രാഫിക്ക് മാനേജ്മെൻറ് പ്ലാൻ, അത്യാഹിതഘട്ടത്തെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ, അതിനായുള്ള തയ്യാറെടുപ്പ്, ഇവയെല്ലാം ഒരു ലാൻഡ് ഫിൽ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാൻ ആവശ്യമായ ഘടകങ്ങളാണ്.
• പുനഃചംക്രമണം ചെയ്യാനാകുന്ന വസ്തുക്കളെ ക്രമേണ ലാൻഡ് ഫില്ലിൽനിന്നും ഒഴിവാക്കുന്നതിനുള്ള ദീർഘകാല പദ്ധതികൾ ( Land Fill Diversion Plan) ആവിഷ്കരിക്കുക
• മാലിന്യ സംസ്കരണത്തെ പറ്റിയും ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും ഉള്ള ബോധവൽക്കരണം എല്ലാ തൽപരകക്ഷികൾക്കും (അധികാരികൾ, തൊഴിലാളികൾ, കരാറുകാർ, ജന പ്രതിനിധികൾ ) നൽകുക
• സേഫ്റ്റി എന്നത് പഠനവിഷയമായി സ്കൂൾതലത്തിൽ നടപ്പാക്കുക.

(പരിസ്ഥിതി രംഗത്ത് മുപ്പത് വർഷത്തെ പ്രവൃത്തിപരിചയം ഉള്ള എൻജിനീയർ ആണ് ലേഖകൻ. ഐക്യരാഷ്ട്ര സഭയിൽ ഉൾപ്പടെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ സൗദി അറേബ്യയിൽ ഫെർട്ടിലൈസർ & മൈനിംഗ് മേഘലയിൽ പരിസ്ഥിതി വിഭാഗം തലവനായി ജോലി ചെയ്യുന്നു)

Content Highlights: about the necessity to implement municipal landfill method

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented