ഈച്ച പോലുള്ള പ്രാണി കടിച്ച് മരണം; തിരുവല്ലയിലെ സംഭവത്തിന് പിന്നിൽ


വിജയകുമാർ ബ്ലാത്തൂർതേനീച്ചകൾ, കടന്നലുകൾ, വേട്ടാളന്മാർ, ചിലയിനം തീയുറുമ്പുകൾ തുടങ്ങി പലയിനം പ്രാണികളുടെ കടിയും കുത്തും ഏറ്റ് പലരും ആശുപത്രിയിൽ എത്തുകയും അപൂർവമായി ചിലരൊക്കെ മരിക്കുകയും ചെയ്യുന്നതായി ഇടയ്ക്ക് വാർത്തകളുണ്ടാകുന്നുണ്ട്

Premium

അംജിത അനീഷ്

വീട്ടിലെ മൾബറി ചെടിയിൽനിന്നു പഴം പറിക്കുന്നതിനിടയിൽ ചെവിയുടെ പിറകിൽ ഏതോ പ്രാണിയുടെ കടിയോ കുത്തോ ഏറ്റതിനെ തുടർന്ന് തിരുവല്ലയിൽ ഒരു സ്കൂൾ വിദ്യാർത്ഥിനി അടുത്ത ദിവസമാണ് മരിച്ചത്. കുട്ടിയുടെ ശരീരം തിണിർത്ത് വീർക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തുവെന്നും ആശുപത്രിയിലെത്തിയ കുട്ടി ചികിത്സയ്ക്കിടെ മരണപ്പെട്ടു എന്നുമാണ് വാർത്തകളിൽ കാണുന്നത്. കൃത്യമായ മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിയുകയും ഇല്ല. ശക്തിയേറിയ വിഷമുള്ള പ്രാണിയാകാം കടിച്ചതെന്ന്‌ ഡോക്ടർ അഭിപ്രായപ്പെട്ടുവെന്ന്‌ ചില വാർത്തകളിൽ കാണുന്നു. തേനീച്ചകൾ, കടന്നലുകൾ, വേട്ടാളന്മാർ, ചിലയിനം തീയുറുമ്പുകൾ തുടങ്ങി പലയിനം പ്രാണികളുടെ കടിയും കുത്തും ഏറ്റ് പലരും ആശുപത്രിയിൽ എത്തുകയും അപൂർവമായി ചിലരൊക്കെ മരിക്കുകയും ചെയ്യുന്നതായി ഇടയ്ക്ക് വാർത്തകളുണ്ടാകുന്നുണ്ട്. ചിലന്തികൾ, തേളുകൾ, പഴുതാരകൾ എന്നിവയെക്കൊണ്ടും ചില ശലഭ ലാർവകളുടെ രോമങ്ങൾ കൊണ്ടും വേദനയും നീർക്കെട്ടും ഒക്കെയായി ആളുകൾ ചികിത്സക്ക് എത്താറുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കടന്നൽ കൂട് | ഫോട്ടോ: വിജയകുമാർ ബ്ലാത്തൂർ

നമ്മുടെ നാട്ടിലെ പ്രാണികളിലെ വിഷം മൂലമുള്ള അപകടമരണങ്ങൾ നടക്കുന്നത് അതിനോട് കടുത്ത അലർജിയുള്ള അപൂർവ്വം മനുഷ്യരിൽ മാത്രമാണ്. എല്ലാവർക്കും ചെറിയ തോതിലുള്ള അലർജി ഏത് പ്രാണിമൂലവും ഉണ്ടാകാമെങ്കിലും കൂടിയ എണ്ണം കുത്തിയാൽ ഉള്ളിലെത്തുന്ന വിഷത്തിന്റെ അളവ് കൂടുമെന്നതിനാൽ എല്ലാവർക്കും അപകടകരമായി കണക്കാക്കാവുന്നത് ഹോണെറ്റുകൾ എന്നു വിളിക്കുന്ന വലിയ കടന്നലുകളെ മാത്രമാണ്. സാമൂഹ്യ ജീവിതം നയിക്കുന്ന ഇവർ കൂട്ടമായി ആക്രമിക്കുന്നതിനാൽ ഏറെ കുത്തുകൾ കിട്ടാൻ സാദ്ധ്യതയുള്ളതിനാൽ എണ്ണം കൂടിയാൽ ആരിലും മരണകാരണമാവാം. അതുപോലെ, വലിയ തേനീച്ചയായ പായത്തേനീച്ചയുടെയോ കാട്ടുതേനീച്ചകളുടെയോ കൂട്ടമായുള്ള കുത്തും വളരെ കൂടുതൽ എണ്ണം കിട്ടിയാൽ ജീവാപായം സംഭവിക്കാം.

മറ്റ് ബംബിൾ ബീകൾ, യെല്ലോ ജാക്കറ്റ് കൊളവി - ചെക്കാലികൾ, ജ്വൽ വാസ്പുകൾ, വേട്ടാളന്മാർ, പലതരം ഈച്ചകൾ, ഉറുമ്പുകൾ തുടങ്ങിയവയുടെ കുത്തും കടിയും ഒന്നും സാധാരണയായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. കടുത്ത വേദനയും പുകച്ചിലും ചൊറിച്ചിലും നീർകെട്ടും ഒക്കെ കൊണ്ട് കുറച്ച് സമയമോ ദിവസമോകൊണ്ട് പ്രശ്നം തീരും. എന്നാൽ, അപൂർവമായി ചിലർക്ക് ഇത്തരത്തിലുള്ള ഏതുതരം പ്രാണികടിയുടെ ഭാഗമായും ഗുരുതര അലർജിയും അതിനേത്തുടർന്നുള്ള അനാഫൈലാറ്റിക് ഷോക്കും സംഭവിക്കാം. വ്യക്തികളുടെ ഇമ്യുണോ പ്രതികരണങ്ങൾ വ്യത്യസ്തമായതിനാൽ ആരിലാണ് പ്രശ്നം ഉണ്ടാക്കുക എന്ന് മുൻകൂട്ടി പറയാനും കഴിയുകയില്ല. മുന്നനുഭവങ്ങൾവെച്ച് ഇത്തരം കടികളോട് വലിയ അലർജി അനുഭവപ്പെട്ടവർ പ്രാണികളുമായി സമ്പർക്കപ്പെടേണ്ട അവസരങ്ങളിൽ പ്രത്യേക ജാഗ്രത കാണിക്കേണ്ടതാണ്. കൃത്യസമയത്ത് ചികിത്സ നൽകാനായില്ലെങ്കിൽ അത് മരണത്തിലേക്ക് നയിക്കാം.

ഹോണെറ്റ് കടന്നൽ | Photo: Wiki/By Yasunori Koide - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=90136269

അപകടകരമായ അന്യപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിലെത്തിയാൽ നമ്മെ രക്ഷിക്കാനായി ശരീരം സ്വയമേ തന്നെ ചെയ്യുന്ന അതിതീവ്രമായ ചില പ്രതികരണങ്ങൾ ഉണ്ട്. പരിണാമഘട്ടത്തിൽ അതിജീവനത്തിനായി ആർജ്ജിച്ച പ്രത്യേക കഴിവും കൂടിയാണത്. വിഷം, മദ്യം എന്നിവയൊക്കെ അപകട അളവിൽ ഉള്ളിലെത്തിയാൽ ഛർദ്ദിപ്പിക്കുന്നതും പൊടിയും വിഷവാതകങ്ങളും മൂക്കിലെത്തിയാൽ തുമ്മിയും മൂക്കൊലിപ്പിച്ചും ചുമപ്പിച്ചും ഒക്കെ ഒഴിവാക്കാൻ ശ്രമിക്കുന്നതും ഒക്കെ ഇതിന്റെ ഭാഗമാണ്. ശരീരം പ്രതികരണമായി ഉത്പാദിപ്പിക്കുന്ന ഹിസ്റ്റമിനുകൾ എന്ന രാസഘടകങ്ങളാണ് ഇതൊക്കെ ചെയ്യിക്കുന്നത്. കീടങ്ങളുടെ വിഷങ്ങൾ ഉള്ളിലെത്തിയാലും ഭക്ഷ്യവിഷബാധ സംഭവിച്ചാലും ചില മരുന്ന് അലർജി മൂലവും ചിലരുടെ ശരീരം അതിതീവ്രമായി പ്രതികരിച്ച് കളയും. തൊട്ടടുത്ത നിമിഷമോ മണിക്കൂറുകൾക്കുള്ളിലോ ആകാം ആ പ്രതികരണം. ചെറുപ്പക്കാരിലും കുട്ടികളിലും ഭക്ഷണത്തിലെ വിഷമാണ് കൂടുതലായും ഈ പ്രതികരണം ഉണ്ടാക്കുകയെങ്കിൽ വൃദ്ധരിൽ പ്രാണിവിഷങ്ങളും ചില മരുന്നുകളുമാണ്‌ പ്രശ്നം കൂടുതൽ ഉണ്ടാക്കാറ്. പിടിച്ചാൽ കിട്ടാത്ത അതിതീവ്ര ശരീര പ്രതികരണത്തെ Anaphylaxis എന്നാണ് പറയുക.

എത്രയും പെട്ടെന്ന് ചികിത്സ വേണ്ട അവസ്ഥയാണത്. ദേഹം ചൊറിഞ്ഞ് തിണിർത്ത് തടിക്കുക, തൊണ്ടയിൽ വീർപ്പുണ്ടായി ശ്വാസതടസം ഉണ്ടാകുക, നാവ് വീർത്ത് തൊണ്ട അടയുക, ശ്വാസം കഴിക്കാൻ പറ്റാതാവുക, ഛർദ്ദി, തലപെരുപ്പ്, ബോധം മറയൽ, രക്തസമ്മർദ്ദം കുറയൽ എന്നിവയിൽ ചിലതോ ഇവയെല്ലാമോ ഉണ്ടാകാം. മെഡിക്കൽ ഷോക്ക് സംഭവിക്കാം. തൊട്ടടുത്ത നിമിഷം തന്നെ ഈ ലക്ഷണങ്ങൾ ആരംഭിക്കുകയോ ആദ്യമണിക്കൂറിനകം തന്നെ ഈ അവസ്ഥയിലേക്ക് എത്തുകയോ ചെയ്യാം. ഉടൻ വൈദ്യസഹായം കിട്ടിയില്ലെങ്കിൽ ചിലപ്പോൾ മരണം സംഭവിക്കും. മുന്നേ ഇതുപോലുള്ള അനുഭവം ഉണ്ടായവർ കൈയിൽ രക്ഷക്കായി ഉപയോഗിക്കാൻ എപിനെഫ്രിൻ ഓട്ടോ ഇഞ്ചെക്റ്റർ ആയ ‘എപി പെൻ’ കൈയിൽ കരുതാറുണ്ട്. അല്ലെങ്കിൽ ചിലപ്പോൽ ആശുപത്രിയിൽ എത്തും മുന്നെ തന്നെ മരണം സംഭവിക്കാം.

എപ്പിനെഫ്രിനോടൊപ്പം ആന്റി ഹിസ്റ്റമിനുകളും സ്റ്റിറോയിഡുകളും മറ്റും നൽകിയാണ് ആശുപത്രികളിൽ ഈ അവസ്ഥ മറികടക്കുന്നത്. എങ്കിലും അപൂർവമായി അനാഫൈലാക്സിസ് ഇപ്പോഴും പലരുടെയും മരണത്തിന് കാരണമാകുന്നുണ്ട്. ഈ കുട്ടിയെ കടിക്കുകയോ കുത്തുകയോ ചെയ്ത പ്രാണി ഏതാണെന്ന കാര്യത്തിൽ ഒരു അറിവും ഇല്ല. ചില മാധ്യമങ്ങൾ തെറ്റായി കൊടുത്ത ചിത്രങ്ങൾ മരങ്ങൾ തുരക്കുന്ന ബോറർ വണ്ടുകളുടെ ചിത്രമാണ്. അവ മനുഷ്യരെ കുത്താറൊന്നും ഇല്ല. എങ്കിലും ഏതെങ്കിലും വാസ്പുകളോ ബീകളോ കുത്തിയതാകാനാണ് സാദ്ധ്യത. കുട്ടിക്ക് അനാഫൈലാക്സിസ് സംഭവിച്ചതാണോ എന്ന് ആശുപത്രി രേഖകൾ പരിശോധിച്ചാൽ മാത്രമേ കൃത്യമായി അറിയാനാകു.

യെല്ലോ ജാക്കറ്റ് | ഫോട്ടോ:വിജയകുമാർ ബ്ലാത്തൂർ

സാധാരണഗതിയിൽ ഇവരൊന്നും മനുഷ്യരെ തേടിപ്പിടിച്ച് കുത്തുന്നവരല്ല. അബദ്ധത്തിൽ ഇവരുടെ കൂട്ടിൽ തട്ടിപ്പോയാലും അവയെ ആക്രമിക്കുകയാണെന്നു കരുതിയും മാത്രമേ കുത്താറുള്ളു. കടന്നൽ കൂടുകളിലും തേനീച്ച കൂട്ടിലും പക്ഷികളുടെ റൈഡ് നടന്നയുടൻ അറിയാതെ നമ്മൾ അതിനടുത്ത് എത്തിപ്പോയാൽ ചിലപ്പോൾ കുത്തുകൾ കിട്ടും. പ്രാണികളുടെ കടിയും കുത്തും കൊണ്ട് ഒരിക്കലെങ്കിലും പ്രശ്നം ഉണ്ടാകാതിരുന്ന ഒരു മനുഷ്യരും ഭൂമിയിൽ കാണില്ല. കൊതുകു കടിച്ച് ചൊറിഞ്ഞ് തടിക്കാത്തവർ ഉണ്ടാവില്ല. പല ഇൻസെക്റ്റുകളുടെയും മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളും സ്പർശനം വഴി പലതരം അലർജികൾ ഉണ്ടാക്കുന്നവയാണ്. കൊതുകുകളെപ്പോലെ ഇങ്ങോട്ട് വന്ന് രക്തം കുടിക്കാനായി നമ്മെ കടിച്ച് വിഷമിപ്പിക്കുന്നവർ കുറവാണ്. ഇവയുടെ അതിജീവനത്തിന്റെ ഭാഗമായി പരിണാമപരമായി ആർജ്ജിച്ചതാണ് ഈ പ്രത്യേകതകൾ. ഇരകളെ നിശ്ചലമാക്കാനും കൊല്ലാനുമുള്ള വിഷം ചിലർക്ക് ഉണ്ടാകാം. ശത്രുക്കളെ ഓടിച്ചുവിടാനും കൂടിയുള്ളതാണ് മുള്ളുകളും വിഷവുമൊക്കെ. പരാഗണം, മറ്റ് പ്രാണികളുടെ എണ്ണനിയന്ത്രണം തുടങ്ങി പലതരം സഹായങ്ങൾ ഇത്തരം പ്രാണികളും നമുക്ക് ചെയ്യുന്നുണ്ട്. അതിനാൽ തന്നെ എല്ലാ പ്രാണികളേയും ശത്രുക്കളായി കണ്ട് നശിപ്പിക്കുന്നതും ഇവയെക്കുറിച്ച് അനാവശ്യഭയം സമൂഹത്തിൽ ഉണ്ടാക്കുന്നതും നല്ലതല്ല.

Hymenoptera എന്ന വലിയ ഓർഡറിൽ ഒന്നര ലക്ഷത്തോളം ഇനം ഇൻസെക്റ്റുകളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും ധാരാളം ഇനങ്ങൾ തിരിച്ചറിയാനായി ഉണ്ടാകും. ബീകൾ, വാസ്പുകൾ, ഉറുമ്പുകൾ സോ ഫ്ലൈകൾ തുടങ്ങിയ പ്രാണികൾ ഇതിലാണ് ഉൾപ്പെടുക. ഇവയിൽ പലതിലും പെൺ പ്രാണികളുടെ പിൻഭാഗത്ത്, മുട്ടകൾ ഇട്ടുവെക്കാനായി ഓവിപൊസിറ്റർ എന്ന അവയവം കൂർത്ത മുള്ളുപോലെ പരിണമിച്ചിട്ടുണ്ടാകും. ഇതുപയോഗിച്ചാണ് മരത്തടിയിലും മറ്റും തുരന്ന് മുട്ടയിട്ട് വെക്കുക. പലതും പരാദസ്വഭാവം ഉള്ളതിനാൽ മറ്റുള്ള ജീവികളുടെ ശരീരത്തിലും ഇതുപയോഗിച്ച് മുട്ടകൾ കയറ്റി വെക്കും. ഈ അവയം തന്നെയാണ് ഉപദ്രവിക്കുന്നവരെ കുത്താനും വിഷം കയറ്റാനും ഉള്ള മുള്ളായി രൂപമാറ്റം വന്നിരിക്കുന്നതും. ഇതിനോടനുബന്ധിച്ച് വിഷഗ്രന്ഥികൾ ഉണ്ടാവും.

പ്രാണികളുടെ വിഷമെന്നത് അവയിലെ പല വിധത്തിലുള്ള മിശ്രണങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രോട്ടീനുകൾ, എൻസൈമുകൾ, പെപ്റ്റൈഡുകൾ, ചെറിയ തന്മാത്രാഭാരമുള്ള മറ്റ് ഘടകങ്ങൾ എന്നിവയുടെ സങ്കീർണ്ണമിശ്രിതം ആണവ. അതിനാൽ തന്നെ ഓരോ വിഭാഗത്തിലുമുള്ള വ്യത്യസ്ത സ്പീഷിസുകളിൽ പോലും വിഷസ്വഭാവത്തിലും അളവിലും വലിയ മാറ്റം ഉണ്ടാകാം. വിഷത്തിൽ അടങ്ങീട്ടുള്ള ഹിസ്റ്റമിൻ , ഡൊപമിൻ, നോർ എപിനെഫ്രിൻ തുടങ്ങിയ വാസോ അക്റ്റീവ് അമീനുകൾ അസെറ്റൈൽ കോളിൻ , കിനിൻസ് തുടങ്ങിയവയാണ് ശരിക്കും നമുക്ക് കുഴപ്പങ്ങളുണ്ടാക്കുന്നത് . ഇവയാണ് കടുത്ത വേദനയും ചൊറിച്ചിലും പുകച്ചിലും ഒക്കെ ഉണ്ടാകാൻ കാരണക്കാർ. ചിലവയുടെ വിഷത്തിൽ നാഡീപ്രവർത്തനങ്ങളിൽ പ്രശ്നമുണ്ടാക്കാൻ കഴിയുന്ന വിഷ പദാർത്ഥങ്ങളും അടങ്ങിയിരിക്കും. കൂടിയ എണ്ണം കുത്തുകൾ കിട്ടിയാൽ റാബ്ഡോമയോലൈസിസ് (rhabdomyolysis ) മൂലം കിഡ്നിയുടെ പ്രവർത്തനം താറുമാറാകാം.

തേനീച്ച വിഷത്തിലെ പ്രധാന ഭാഗം പെപ്റ്റൈഡ് കൊണ്ട് നിർമ്മിച്ച മെലിടിൻ എന്ന അപിടോക്സിൻ ആണ്. കോശസ്തരങ്ങൾ നശിപ്പിക്കാൻ കഴിവുള്ള രാസഘടകമാണിത്. ഫോസ്ഫൊ ലിപിഡുകൾ വിഘടിപ്പിക്കാൻ കഴിയുന്ന ഫോസ്ഫൊ ലിപ്പേസ് എൻസൈമുകളാണ്‌ തേനീച്ച വിഷത്തിലെ പ്രധാന കുഴപ്പക്കാരൻ. ഇത് രക്തകോശങ്ങളുടേ പുറംപാളി നശിപ്പിക്കാൻ കഴിയുന്നതാണ്. വിഷത്തിലെ ഈ ഭാഗമാണ് വേദന പ്രേരകഘടകങ്ങളെ പ്രസരിപ്പിക്കുന്നത്. അങ്ങിനെയാണ് നമുക്ക് കടുത്ത വേദന തോന്നുന്നത്. ഇതു കൂടാതെ ചെറിയ അളവിൽ ഹിസ്റ്റമിൻ എന്ന പദാർത്ഥവും തേനീച്ചവിഷത്തിൽ ഉണ്ടാകും. അലർജിക്ക് ആയ വസ്തുക്കൾ നമ്മുടെ ശരീരവുമായി ബന്ധപ്പെടുമ്പോൾ നമ്മൂടെ ശരീരവും ഉണ്ടാക്കുന്ന വസ്തുതന്നെയാണ് ഹിസ്റ്റമിൻ. ചൊറിയും നീർക്കെട്ടും ഒക്കെ ഇതു വഴിയുണ്ടാകും. തേനീച്ചക്കുത്തിലെ പ്രോട്ടീനുകളോട് പ്രതികരിച്ച് ശരീരം വേറെയും ഹിസ്റ്റമിനുകൾ ഉത്പാദിപ്പിക്കുക കൂടി ചെയുന്നതോടെ അലർജി ഭീകരമാകും. MCD പെപ്റ്റൈഡ് എന്ന വിഷഘടകവും കൂടി ഹിസ്റ്റമിൻ ഉത്പാദനത്തിന് കാരണമാകുന്നതോടെ കാര്യം കൈവിട്ട് ഗുരുതരമാകും. കൂടുതൽ തേനീച്ചകൾ കുത്തിയാൽ മാരകമാകുന്നത് അതുകൊണ്ടാണ്.

പായ തേനീച്ച - വലിയ തേനീച്ച | Photo: Wiki/By Sean.hoyland - Own work, Public Domain, https://commons.wikimedia.org/w/index.php?curid=4277304

വാസ്പുകളിലേയും പാനിക്കടന്നലിലേയും വിഷഘടകങ്ങൾ തേനീച്ചവിഷത്തിലേത് പോലെ ഏകദേശം കൃത്യതയോടെ വേർതിരിച്ച് മനസിലാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. എങ്കിലും അതിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് ധാരണയുണ്ട്. ഇവ രണ്ടിന്റേയും വിഷത്തിലെ പെപ്റ്റൈഡുകൾ ‘വാസ്പ് കിനിൻ’ എന്നും ‘ഹോർണെറ്റ് കിനിൻ’ എന്നുമാണ്‌ അറിയപ്പെടുന്നത്. തേനീച്ചവിഷത്തിലേതുപോലെ തന്നെ ഇവയിലും ഫോസ്ഫോ ലിപേസ് A , ഹിയാലുറോനിഡേസ് (hyaluronidase ) എൻസൈം, ഹിസ്റ്റമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. അളവിലും രാസഘടനയിലും വ്യത്യാസങ്ങൾ ഉള്ളതുകൂടാതെ തേനീച്ചവിഷത്തിൽ അടങ്ങിയിട്ടില്ലാത്ത അസിറ്റൈൽകോളിൻ കൂടി വാസ്പുകളുടെ വിഷത്തിൽ ഉണ്ട്. യഥാർത്ഥത്തിൽ, നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്റർ ആണ് അസിറ്റൈൽ കോളിൻ. കടന്നലുകളിലെ വിഷത്തിലെ ഇതിന്റെ സാന്നിദ്ധ്യം വേദനാനുഭവം ഉണ്ടാക്കുന്ന റിസപ്റ്ററുകളെ ഉത്തേജിപ്പിക്കാൻ സഹായിച്ച് കടുത്ത വേദന ഉണ്ടാക്കുന്നു. പാനിക്കടന്നലിന്റെ വിഷത്തിൽ അസിറ്റൈൽ കോളിൻ അളവ് വളരെ കൂടുതലാണ്‌. അതിനാൽ വേദനയും കൂടും. തേനീച്ചവിഷം കൊണ്ട സ്ഥലത്ത് അപ്പക്കാരത്തിന്റെ കുഴമ്പ് പുരട്ടുന്നത് അസിഡിക്ക് ആയ വിഷത്തെ ന്യൂട്രലാക്കാൻ സഹായിക്കുമെന്നു പറയാറുണ്ട്.

എന്നാൽ, കടന്നലുകളൂടെ വിഷം ആൽക്കലൈൻ ആയതിനാൽ അതുകൊണ്ടു ഗുണമൊന്നും ഇല്ല. കുത്ത് കിട്ടിയ നിമിഷംതന്നെ വിഷം ശരീരത്തിനുള്ളിലേക്ക് കടക്കുമെന്നതിനാൽ പുറത്ത് ഇത്തരം കുഴമ്പുകൾ തേച്ചതുകൊണ്ടൊന്നും വലിയ കാര്യമില്ല. നിരവധി ഘടകങ്ങൾ ഉള്ള വിഷത്തിലെ ആസിഡ് ഭാഗം മാത്രം ന്യൂട്രലായാലും ബാക്കിഭാഗങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവുകയില്ലല്ലോ. ആന്റി ഹിസ്റ്റമിൻ ലേപനങ്ങൾ പുരട്ടുന്നതു കൊണ്ടു മാത്രമേ എന്തെങ്കിലും ഗുണം കിട്ടുകയുള്ളു. ഇതൊന്നും കൂടാതെ സാമൂഹ്യ ജീവികളായ തേനീച്ചകളുടേയും പാനിക്കടന്നലുകളുടേയും വിഷത്തിൽ സഹജീവികൾക്ക് അപകട മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ഫിറമോൺ സിഗ്നലിങ്ങ് ഘടകങ്ങൾ കൂടി അടങ്ങീട്ടുണ്ടാകും. തന്മാത്രാഭാരം കുറഞ്ഞ ബാഷ്പശീലമുള്ളതാണ് ആ ഘടകങ്ങൾ. ഒരു തേനീച്ചയൊ പായക്കടന്നലോ കുത്തുമ്പോൾ വിഷത്തിൽനിന്നു വായുവിൽ കലരുന്ന ഫിറമോൺ ഭാഗമാണ്‌ കൂടുതൽ അംഗങ്ങളെ അവിടേക്ക് എത്തിക്കുന്നതും നമ്മളെ തുരത്തി കുത്തിക്കുന്നതും. അതില്ലായിരുന്നെങ്കിൽ ഒന്നിന്റെ കുത്തിൽ പ്രശ്നം തീരുമായിരുന്നു.

പല ഉറുമ്പുകളുടെയും വിഷത്തിൽ ഫോർമിക് ആസിഡ് കൂടാതെ വളരെ ചെറിയ അളവിൽ മാത്രമേ പ്രോട്ടീനുകളും പെപ്റ്റൈഡുകളും അടങ്ങിയിട്ടുള്ളു. വിഷത്തിൽ ആൽക്കലോയിഡുകളാണ് കൂടുതലായി ഉള്ളത്. അവയാണ് കലകളെ നശിപ്പിച്ച് എരിച്ചിലും പൊരിച്ചിലും വേദനയും ഉണ്ടാക്കുന്നത്. കൂടാതെ ചെറിയ അളവിലുള്ള പ്രോട്ടീനുകളാണെങ്കിലും അതും കടുത്ത അലർജിയും മരണകാരണമായേക്കാവുന്ന ഷോക്കും ഉണ്ടാക്കാം. തേനീച്ചകളുടേത് പോലെ വിഷമുള്ള കുത്തോടെ പറിഞ്ഞ് പോകാത്തതിനാൽ ഒരു കടന്നലിന് തന്നെ നമ്മളെ പലതവണ കുത്താൻ പറ്റും. പതിനായിരക്കണക്കിന് ഇനങ്ങൾ വാസ്പുകളിലുണ്ട്‌. ഉയർന്ന മരക്കൊമ്പുകളിലും കെട്ടിടങ്ങളിലും കൂട്ടമായി പറ്റിപ്പിടിച്ച് ഞാന്ന് കിടക്കുന്ന വൻതേനീച്ച, മലന്തേനീച്ച, പായിത്തേനീച്ച എന്നൊക്കെ പലനാടുകളിൽ പല പേരിലറിയപ്പെടുന്ന Apis dorsata എന്ന ഇനം തേനീച്ചകളേയും നമ്മൾ തെറ്റായി കടന്നൽ എന്ന് വിളിക്കാറുണ്ട്. മനുഷ്യർക്ക് ഏറ്റവും അപകടകാരികൾ ആയ വെസ്പ ജനുസിലെ പാനിക്കടന്നലുകൾ എന്നും വിളിക്കുന്ന ഹോണെറ്റുകൾ (Hornets) ആണ് കടന്നൽ എന്ന പേരിന് ശരിക്കും അർഹർ. അതിൽ ഏറ്റവും ഭീകരന്മാർ Asian giant hornet ( Vespa mandarinia), greater banded hornet ( Vespa tropica) തുടങ്ങിയവരാണ്.

തേനീച്ചകളെപ്പോലെ കൂടുണ്ടാക്കി സാമൂഹ്യജീവിതം നയിക്കുന്നവരാണ് ഇവരും. തല കടുംബ്രൗൺ നിറമോ ഇളംചുവപ്പ് നിറമോ ഉള്ളതാകും. കറുത്ത ശരീരത്തിൽ കുറുകെ മഞ്ഞനിറമുള്ള അടയാളം ഉണ്ടാകും. കൂടുകൾ സാധാരണയായി തറയിൽനിന്ന് മൂന്നു മീറ്റർ ഉയരത്തിൽ മരക്കൊമ്പുകളിലും പൊത്തുകളിലും ചിലപ്പോൾ മണ്ണിനടിയിലും ആണുണ്ടാകുക. ഒരു കുടത്തിന്റെ വലിപ്പത്തിൽ ഇലകൾക്കിടയിൽ കൂടുണ്ടാകും. ദ്രവിച്ച മരത്തടികൾ ചവച്ചുണ്ടാക്കിയ പൾപ്പും ഉമിനീരും ഒക്കെ ചേർത്താണ് കൂടുണ്ടാക്കുന്നത്. വളരെ ചെറിയ ഒരു കൂടുണ്ടാക്കി രാജ്ഞി മുട്ടയിട്ട് വളർത്തിയാണ് പതുക്കെ പതുക്കെ പുതിയ കോളനി വളർന്ന് ഭീമാകാരമാകുന്നത്. എല്ലാ ഭാഗവും അടച്ചതുപോലുള്ള കൂടിന്റെ ഉള്ളിലെ താപനിയന്ത്രണസംവിധാനം വളരെ സങ്കീർണ്ണമാണ് .

മറ്റ് പ്രാണികളേയും വേറെ ഇനം കടന്നലുകളേയും തേനീച്ചകളേയും ആക്രമിച്ച് കൊന്നു ഭക്ഷിക്കുന്നവരാണിവർ. തേനും മധുരക്കള്ളും മരക്കറയും അഴുകിയ പഴങ്ങളും ഒക്കെ ഇഷ്ടമാണ്. തേനീച്ചക്കൂടുകളിൽ വൻ റൈഡുകൾ നടത്തുന്നത് വലിയ നാശം വരുത്തും. തേനീച്ച കർഷകർക്ക് ഇതൊരു പ്രശ്നം തന്നെയാണ്. കൂടുകളിൽ കയറി ലാർവകളെ തട്ടിയെടുത്ത് സ്വന്തം കൂട്ടിലെ കുഞ്ഞുങ്ങൾക്ക് തീറ്റയായി എത്തിച്ച്കൊടുക്കുന്നതുപോലുള്ള പണികളിൽ ഏർപ്പെട്ട ജോലിക്കാരികളെയാണ് നമ്മൾ കോളനികൾക്ക് പുറത്ത് പറന്നുകളിക്കുന്നതായി കാണുന്നത്. മറ്റ് പലതരം കടന്നലുകളുടെയും കീടങ്ങളുടെയും എണ്ണം നിയന്ത്രിക്കുന്നതിൽ ഇവർക്ക് പ്രധാന പങ്ക് ഉണ്ട്.

Vespidae കുടുംബത്തിലെ Polistinae ഉപകുടുംബക്കാരെയാണ് പേപ്പർ വാസ്പുകളെന്നു വിളിക്കുന്നത്. ഇവരും പൾപ്പ് കൊണ്ട് ഇത്തരത്തിൽ കൂടുകൾ പണിയുന്നവരാണ്. .മച്ചിലും കസേരകളുടെ അടിയിലുമൊക്കെ, പുറത്തേക്ക് തുറന്ന നിരവധി അറകളോട് കൂടിയ ചെറിയ കൂടുകൾ കാണാം. ചെക്കാലി, കുളവി എന്നൊക്കെ പല നാടുകളിൽ പല പേരുകൾ ഇവർക്കുണ്ട്‌. നിവർത്തിയ കുട പോലെയുണ്ടാകും കൂടുകൾ . കൂട് പിടിപ്പിച്ചിരിക്കുക ഉറപ്പുള്ള നേർത്ത ഒരു തണ്ടിലാവും. ഉറുമ്പുകളെ ആകറ്റുന്ന ദ്രവം ഈ കണക്ഷൻ ഭാഗത്ത് തൂവിവെക്കും. ഇവരെ കൂടാതെ മനോഹര മൺകൂടൊരുക്കുന്ന പോട്ടർ വാസ്പുകൾ, ഭംഗിയൊന്നും ഇല്ലാതെ ചളിയുണ്ട പോലുള്ള കൂടുണ്ടാക്കുന്ന മഡ് വാസ്പുകൾ, പലതരം പരാദക്കടന്നലുകൾ എന്നിവയുടെ ഒക്കെ പെൺ ഇനങ്ങൾ മാത്രമാണ് സാധാരണയായി കുത്തുക.

പല പ്രാണികളേകൊണ്ടും പല ഉപകാരങ്ങളും നമുക്കുണ്ട്‌. അവരെ അങ്ങോട്ട് ശല്യപ്പെടുത്തുന്നതായും അവയുടെ ജീവനും മുട്ടയ്ക്കും മറ്റും ഭീഷണിയായും തോന്നിയാലേ സാധാരണയായി അവ നമ്മെ ആക്രമിക്കാറുള്ളു. അതിനാൽതന്നെ ചുറ്റുമുള്ള പറമ്പിലും തോട്ടത്തിലും വീടകത്തിലും ഇടപെടുമ്പോൾ പ്രാണികളുടെ കുത്തേൽക്കാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്. മുമ്പ്‌ അലർജി പ്രശ്നങ്ങൾ ഉണ്ടായവർ പ്രത്യേക കരുതൽ എടുക്കണം.

Content Highlights: about the death of a girl bitten by poisnous insect in thiruvalla

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented