ക്രൂഡ് ഓയിലില്‍ മുങ്ങിയ കടല്‍പ്പക്ഷികള്‍; എണ്ണ ചോര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങളും പരിഹാരവും


ആതിര തര്യന്‍

ഒരു എണ്ണച്ചോർച്ച ഉണ്ടായാൽ അത് കേരളത്തിലെ തീരദേശ മൽസ്യബന്ധന ഉപകരണങ്ങളെയും ബാധിക്കും. ടൂറിസം മാസങ്ങളോളം തടസപ്പെടും. കേരളത്തിൽ നിന്നും വിദേശത്തേക്ക് കയറ്റി അയക്കുന്ന മൽസ്യങ്ങളുടെ വിപണന സാധ്യത ഇല്ലാതെയാക്കും.

എം വി വകാഷിയോ | Photo-By imo.un - https://www.flickr.com/photos/62937028@N02/50237761237/, CC BY 2.0, https://commons.wikimedia.org/w/index.php?curid=93781176

ണ്ടുകൊല്ലം മുൻപ് 2020 ജൂലൈ 25-ന് എം വി വകാഷിയോ എന്ന ചരക്ക് കപ്പൽ മൗറീഷ്യൻ തീരത്തെ കോറൽ റീഫുകളിൽ ഇടിച്ചു കയറിയതായിരുന്നു ആ വർഷത്തെ കൊറോണക്കപ്പുറമുള്ള ഏറ്റവും ആദ്യത്തെ ദുരന്തം. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ കപ്പലിലെ ഇന്ധന എണ്ണയുടെ ചോർച്ചയാൽ കടലിലും കരയിലും എണ്ണ പടർന്നു. കപ്പൽ രണ്ടായി പിളർന്ന് കപ്പലിന്റെ മുകൾഭാഗം കടലിൽ ഉപേക്ഷിക്കേണ്ടി വന്നു. എണ്ണച്ചോർച്ച കാരണം പരിസ്ഥിതി അടിയന്തരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ടിവന്ന മൗറീഷ്യസിലേക്കായിരുന്നു അന്ന് ലോകത്തിന്റെ കണ്ണു മുഴുവൻ. ലോകത്ത് ഏറ്റവും മനോഹരവും വൈവിധ്യവുമുള്ളതുമായ പവിഴപ്പുറ്റുകളാൽ സമൃദ്ധമായ ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ചെറുദ്വീപ് രാഷ്ട്രമാണ് മൗറീഷ്യസ്. മൗറീഷ്യസിനു പടിഞ്ഞാറാണ് മഡഗാസ്‌ക്കർ ദ്വീപ്. ലോകത്ത് അന്തരീക്ഷോഷ്മാവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആദ്യം ബാധിക്കുന്ന ചെറു ദ്വീപുകളാണിവ. അതുകൊണ്ടുതന്നെ താപനിലയിലെ വർദ്ധനവും കടൽ ഉയരുന്നതും ഏറെ ആശങ്കയോടെയാണ് ഈ ദ്വീപ് രാഷ്ട്രങ്ങൾ കാണുന്നത്. ടൂറിസത്തേയും മത്സ്യബന്ധനത്തേയും ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരെ കൊറോണ തന്നെ നാമാവശേഷമാക്കിയിരുന്ന കാലത്താണ് ഇങ്ങനൊന്ന് മൗറീഷ്യസിൽ സംഭവിക്കുന്നത്. ടൂറിസത്തിന് അടിസ്ഥാനമായ ലഗൂണുകൾ, ബീച്ചുകൾ, പവിഴപ്പുറ്റുകൾ എന്നിവിടങ്ങളിൽ എണ്ണ പടരുന്നത് ടൂറിസ്റ്റ് ആകർഷണം തകർത്ത കൂട്ടത്തിൽ നാട്ടുകാരുടെ ജീവനോപാധിയായ മത്സ്യബന്ധനത്തേയും തടസപ്പെടുത്തിയത് രാജ്യത്തിന് പാരിസ്ഥിതികമായ പ്രശ്‌നങ്ങൾ മാത്രമല്ല, സാമ്പത്തികവും സാമൂഹ്യവുമായ വലിയ നഷ്ടങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കി.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupക്രൂഡ് ഓയില്‍ കാരിയര്‍ | Photo-AP

ഇത്തരത്തിൽ എണ്ണച്ചോർച്ച കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ല. പരിസ്ഥിതി മലിനീകരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ഇത്. എണ്ണച്ചോർച്ച പൂർണമായും മനുഷ്യനിർമിതമാകണമെന്നില്ല. ഭൂവൽക്കത്തിലെ പാളികളുടെ ചലനം വഴിയും ഭൂമിക്കടിയിൽ നിന്ന് എണ്ണച്ചോർച്ച സംഭവിക്കാം. ഇത്തരത്തിൽ സംഭവിക്കാനുള്ള സാധ്യത സമുദ്രത്തിലാണു കൂടുതൽ.

എണ്ണച്ചോർച്ച പ്രധാനമായും രണ്ടു തരമുണ്ട്. കടലിലെ ചോർച്ചയും കരയിലെ ചോർച്ചയും. ഈ രണ്ടു തരം ചോർച്ചയും ജലവും വായുവും മണ്ണും മലിനമാക്കുന്നു.

കരയിൽ ചോരുന്ന എണ്ണ ഭാവിയിൽ മണ്ണിനടിയിലേക്കിറങ്ങി സമീപപ്രദേശങ്ങളിലെ ജലസ്രോതസുകൾ മലിനമാക്കും. രാസവസ്തുക്കൾ വിതറുക, നിയന്ത്രിതമായി കത്തിക്കുക, കോരിമാറ്റുക തുടങ്ങിയ മാർഗങ്ങളിലൂടെയാണ് കടലിലും കരയിലും പടർന്ന എണ്ണ നീക്കം ചെയ്യുക. ഒരു ലിറ്റർ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയിൽ) കലർന്നാൽ പത്തുലക്ഷം ലിറ്റർ ശുദ്ധജലം മലിനമാകും എന്നു കണക്കാക്കപ്പെടുന്നു. എണ്ണ ടാങ്കറുകൾ, എണ്ണ പൈപ്പ് ലൈനുകൾ, ഓയിൽ റിഗുകൾ എന്നിവയ്ക്കൊക്കെ അപകടമോ സാങ്കേതിക തകരാറോ ഉണ്ടാകുമ്പോഴാണ് പ്രധാനമായും എണ്ണച്ചോർച്ച ഉണ്ടാകുന്നത്. കടലിലും കരയിലും വിവിധ കാരണങ്ങൾമൂലം എണ്ണച്ചോർച്ച ഉണ്ടാകുന്നു.

എണ്ണ കൈകാര്യം ചെയ്യുന്ന ഇടങ്ങളിലെ ഓടകളിൽകൂടി ഒഴുകിവരുന്ന അഴുക്കുവെള്ളത്തിൽ എണ്ണ കലർന്ന ഒരു പാട പലപ്പോഴും കാണാൻ കഴിയും. എന്നാൽ എണ്ണക്കപ്പലുകൾക്കുണ്ടാകുന്ന അപകടങ്ങൾ മൂലം അനേകായിരം ലിറ്റർ അസംസ്‌കൃത എണ്ണ സമുദ്ര ജലത്തിൽ കലരാറുണ്ട്. ഇങ്ങനെ കലരുന്ന എണ്ണമൂലം സമുദ്ര ജലത്തിൽ ജീവിക്കുന്ന ചെറു ജീവികൾക്കും മത്സ്യക്കുഞ്ഞുങ്ങൾക്കും വലിയ നാശം സംഭവിക്കുന്നു. കൂടാതെ പ്രധാനമായി കടലുമായി ബന്ധപ്പെട്ടു കഴിയുന്ന പക്ഷികൾക്ക് വളരെ ഉപദ്രവകരമാണ് ഇത്. പക്ഷികളുടെ തൂവലുകളിൽ എണ്ണ പറ്റിപ്പിടിക്കുന്നതു മൂലം അവയ്ക്കു പറക്കാൻ പറ്റാതെ വരും. കടലിൽ എണ്ണ മലിനീകരണം ഉണ്ടായാൽ ധാരാളം പക്ഷികൾ നശിച്ചു പോകാറുണ്ട്. സാധാരണയായി എണ്ണ മലിനീകരണം നീരൊഴുക്കിന്റേയും കാറ്റിന്റേയും ഫലമായി ക്രമേണ ശക്തി കുറഞ്ഞ് ഇല്ലാതെയാകുമെങ്കിലും അസംസ്‌കൃത എണ്ണയിൽ അടങ്ങിയിരിക്കുന്ന ബൻസിൻ, മറ്റ് ചില ഘടകങ്ങൾ മുതലായവ ചെറുജീവികളുടെ കോശങ്ങളിൽ കടന്ന് അവയെ നശിപ്പിക്കുന്നു. മത്സ്യങ്ങളും ചെറുജീവികളും ഇത്തരം മേഖലയിൽ നീന്തുമെങ്കിലും കടൽത്തീരത്തു സ്ഥിതിചെയ്യുന്ന പവിഴപ്പുറ്റുകളും പായൽ പിടിച്ചിരിക്കുന്ന കക്കകളും കടൽപ്പായലുകളും പാടേ തുടച്ചുനീക്കപ്പെടും.

എണ്ണച്ചോർച്ച ബാധിക്കുന്ന വിധം

1. കടൽ പക്ഷികൾ

എണ്ണ മലിനീകരണം ഏറ്റവും എളുപ്പത്തിലും മാരകമായും ബാധിക്കുന്നത് കടൽപക്ഷികളെയാണ്. എണ്ണച്ചോർച്ചയുടെ ഐക്കൺ ആയി മാറിക്കഴിഞ്ഞിരിക്കുന്നു ക്രൂഡ് ഓയിലിൽ മുങ്ങിയ കടൽപ്പക്ഷികൾ. എണ്ണച്ചോർച്ചയുടെ സൂചന കിട്ടിക്കഴിയുമ്പോൾത്തന്നെ ചില പക്ഷികൾക്കു രക്ഷപ്പെടാൻ കഴിയും. എന്നാൽ കടൽവെള്ളത്തിൽ ഇറങ്ങുന്ന ബാക്കി ഭൂരിഭാഗം പക്ഷികളും എണ്ണയിൽ മുങ്ങി ചത്തൊടുങ്ങുന്നു. ഇതു പെട്ടെന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതമാണ്. മുട്ടയിടുന്ന സീസണിലോ കൂടുണ്ടാക്കുന്ന സീസണിലോ ആണ് ഇത്തരം അപകടമുണ്ടാകുന്നതെങ്കിൽ ഇവയ്ക്ക് വംശനാശം സംഭവിക്കാൻതന്നെ സാധ്യതയുണ്ട്. അതാകട്ടെ, ദീർഘകാല പ്രത്യാഘാതവും. ചില പ്രദേശങ്ങളിലുണ്ടാകുന്ന എണ്ണമലിനീകരണം ദേശാടനപ്പക്ഷികളുടെ സഞ്ചാര പാതയ്ക്കും അവയുടെ ദേശാടനത്തിനും തടസ്സമുണ്ടാക്കുന്നു. വളരെ ചെറിയ അളവ് എണ്ണയ്ക്കു പോലും പക്ഷികളെ കൊല്ലാൻ സാധിക്കും. തൂവലിൽ ഒരു തുള്ളി എണ്ണവീണാൽ പോലും അവയ്ക്കു പിന്നെ പറക്കാൻ കഴിയില്ല.

കടല്‍കാക്കകള്‍, ഗുജറാത്തില്‍ നിന്നുള്ള ദൃശ്യം | ഫോട്ടോ:പ്രവീണ്‍ മോഹന്‍ദാസ്

തൂവലിലെ ജലസംരക്ഷണ കവചം നഷ്ടപ്പെടുത്താൻ എണ്ണയ്ക്കു കഴിയുന്നതുകൊണ്ടാണിത്. രക്ഷപ്പെടാൻ വേണ്ടി ചിറകിട്ടടിക്കുമ്പോൾ പക്ഷികൾ കൂടുതൽ അപകടത്തിലേക്കാണു പോകുന്നത്. ചിറകുകൾ എണ്ണയിൽ കുതിരുന്നത് മൂലം അവയ്ക്കു ചിറക് വിടർത്തുവാൻ കഴിയാതെ വരികയും പറക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇര തേടലും ശത്രുക്കളിൽ നിന്ന് രക്ഷ പ്രാപിക്കലും ഇത് അസാധ്യമാക്കും. പക്ഷികൾക്ക് സ്വന്തം തൂവൽ വൃത്തിയാക്കുന്ന സ്വഭാവം ഉള്ളതുകൊണ്ട് അത് ചെയ്യുന്നതിനിടയിൽ എണ്ണയും അകത്താക്കാറുണ്ട്. ഇതിലൂടെ കരൾ, വൃക്കകൾ എന്നിവയ്ക്ക് കേട് സംഭവിക്കുകയും അന്നപഥത്തിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു. ശരീരത്തിലെ എണ്ണപ്പാടയുടെ ഭാരം മൂലം അവ വെള്ളത്തിൽ താഴ്ന്ന് പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ശരീരത്തിന്റെ താപനില നിലനിർത്താനുള്ള കഴിവും എണ്ണയില്‍ കുതിരുന്നതോടെ നഷ്ടമാകുന്നു.

2. കടൽ നീർനായ്ക്കൾ

ശരീരത്തിലെ താപനില കാത്തുസൂക്ഷിക്കുന്നതിനുള്ള കടൽനീർ നായ്ക്കളുടെ കഴിവ് നഷ്ടമാകുന്നതാണ് എണ്ണ മലിനീകരണം കടൽ നീർനായ്ക്കൾക്ക് ഭീഷണിയാകാൻ കാരണം. രോമാവരണത്തിനുള്ളിലെ വായു അറകളുടെ സാന്നിധ്യമാണ് പുറമേയുള്ള താഴ്ന്ന താപനിലയിലും ശരീരോഷ്മാവ് നിലനിർത്തുവാൻ ഇവയെ സഹായിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കാനും വായു അറകളുടെ സാന്നിധ്യം ഇവയെ സഹായിക്കുന്നു. എന്നാൽ എണ്ണ ശരീരത്തിൽ കടന്നുചെല്ലുന്നതോടെ ഈ സംവിധാനം തകരാറിലാകും. എണ്ണ നിറയുന്നതോടെ വായു അറകൾക്ക് അവയുടെ താപരോധക സ്വഭാവം നഷ്ടമാകുന്നു. ഇതിലൂടെയുണ്ടാകുന്ന ഹൈപ്പോതെർമിയ അവയെ പതിയെ ആണെങ്കിലും ജീവനാശത്തിലേക്ക് നയിക്കുന്നു. എന്നാൽ രോമാവരണത്തിലെ എണ്ണയുടെ അംശം നീക്കം ചെയ്യപ്പെടുകയാണെങ്കിൽ വീണ്ടും സ്വാഭാവിക ആവാസ ഇടങ്ങളിലേക്ക് തന്നെ തിരിച്ചു ചെല്ലാനും ജീവിക്കാനും കടൽ നീർനായ്ക്കൾക്ക് സാധിക്കും.

Photo-AFP

3. മത്സ്യങ്ങൾ, തിമിംഗലങ്ങൾ

എണ്ണച്ചോർച്ചകൊണ്ട് ഏറ്റവും കൂടുതൽ നാശമുണ്ടാകുന്നത് കടൽ മൽസ്യങ്ങൾക്കാണ്. മുട്ടയിടുന്ന സീസണണുകളിൽ ക്രൂഡ് ഓയിലിൽ കുഴയുന്ന മുട്ട, മൽസ്യങ്ങളുടെ ഭാവി തലമുറയെയും നശിപ്പിക്കുന്നു. കടലിനെ മാത്രം ആശ്രയിച്ചു കഴിയുന്ന മൽസ്യത്തൊഴിലാളികളുടെ ജീവിതവും ഇതു ദുരിതത്തിലാക്കുന്നു.

തിമിംഗലങ്ങൾ അന്തരീക്ഷവായു ശ്വസിക്കാൻ ഉപയോഗിക്കുന്ന നാസാരന്ധ്രങ്ങളിൽ എണ്ണ കടക്കുന്നതു മൂലം അവ ശ്വസിക്കാൻ കഴിയാതെ ചത്തുപോകുന്നതാണ് എണ്ണ മലിനീകരണം മൂലമുള്ള ഏറ്റവും ഭീകരമായ അവസ്ഥ. എണ്ണ ചോർന്നുള്ള മലിനീകരണത്തിന് പെട്ടെന്നുള്ളതും ദീർഘാകാലാടിസ്ഥനത്തിലുമുള്ള പ്രത്യാഘാതങ്ങളുണ്ട്. ബീച്ചുകൾക്കും തീരദേശ സസ്യങ്ങൾക്കും പുറമെ ജല ആവാസവ്യവസ്ഥയ്ക്ക് അപ്പാടെയും അപകടമുണ്ടാക്കും. കടലിനടിയിൽ നീന്തുന്നതിനിടെ ഇടയ്ക്ക് വെള്ളത്തിന് മുകളിലെത്തുന്ന ഇവ അന്തരീക്ഷവായു ശ്വസിക്കാറുണ്ട്. അതിനു തടസം ഉണ്ടാകും. മറ്റൊരു അപകടം അവ എണ്ണപ്പാളിയിൽ കുതിർന്ന ജീവികളെ ആഹാരമാക്കുന്നതിലൂടെ ഉണ്ടാകുന്നതാണ്. ഇതുമൂലം പെട്രോളിയം ഉത്പന്നങ്ങൾ ശരീരത്തിൽ കടന്നാൽ ഉണ്ടാകുന്ന എല്ലാത്തരം കുഴപ്പങ്ങൾക്കും തിമിംഗലം വിധേയമാകും. സീൽ, ഡോൾഫിൻ തുടങ്ങിയ മറ്റ് വലിയ ജലജീവികളെയും കൊന്നൊടുക്കാൻ എണ്ണച്ചോർച്ചയ്ക്കു കഴിയും. എണ്ണയിൽ മുങ്ങി ശ്വസനാവയവങ്ങളും ആന്തരാവയവങ്ങളുമൊക്കെ തകരാറിലായി ജീവികൾ ചത്തൊടുങ്ങുന്നു. കക്കകൾ പോലുള്ള ജലജീവികളുടെ തോടുകളിൽ കടന്നുകൂടുന്ന ക്രൂഡ് ഓയിൽ അവയുടെ ജീവനെടുക്കുന്നു. എണ്ണ പടർന്ന പ്രദേശങ്ങളിൽ നിന്ന് താൽക്കാലികമായി രക്ഷനേടാൻ കഴിഞ്ഞാലും ഭക്ഷണം വിഷമയമാവുകയും അതുവഴി മരണത്തിലേക്കു നീങ്ങുകയും ചെയ്യുന്നു.

4. തകിടം മറിയുന്ന ആവാസവ്യവസ്ഥ

തീരത്തെ ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥ തകർന്നടിയുന്നുവെന്നത് എണ്ണച്ചോർച്ചയുടെ പരിഹരിക്കാനാകാത്ത ഒരു അപകടമാണ്. തീരമേഖലയിലെ ചെറുസസ്യങ്ങളും വൃക്ഷങ്ങളും കരിഞ്ഞുണങ്ങുന്നു. കണ്ടൽക്കാടുകൾ വാടിക്കരിയുന്നു. ഇവിടെയെല്ലാം ജീവിക്കുന്ന അസംഖ്യം പക്ഷികളും മൃഗങ്ങളും മറ്റു ജീവികളും നാശത്തിലേക്കു നീങ്ങുന്നു. തീരത്തെ മണൽപ്പരപ്പിൽ മുട്ടിയിടുന്ന ജീവികൾക്കും കടലിലെ എണ്ണച്ചോർച്ച അപകടകരം തന്നെ.

5. പ്ലവകങ്ങളും മറ്റു ജീവികളും

സമുദ്ര പരിസ്ഥിതിയിലെ ആഹാരശൃംഖലയുടെ അടിസ്ഥാനഘടകമാണ് പ്ലവക ജീവികൾ അഥവാ പ്ലാങ്ടണുകൾ. പ്രകാശസംശ്ലേഷണം വഴി ആഹാരം നിർമ്മിക്കുന്നതിലൂടെ സസ്യപ്ലവകങ്ങൾ ആഹാര ശൃംഖലയുടെ തുടക്കക്കാരുമാണ്. സമുദ്ര ഉപരിതലത്തിൽ എണ്ണപ്പാട ഉണ്ടാകുമ്പോൾ ഇത്തരം സസ്യപ്ലവകങ്ങൾക്ക് സൂര്യപ്രകാശം ലഭിക്കാതാകുന്നു. അത് അവയുടെ നാശത്തിനും അവയെ ആഹാരമാക്കുന്ന ജീവികളുടെ നാശത്തിനും ഇടയാക്കുന്നു. ആഹാര ശൃംഖലയ്ക്ക് അപകടം സംഭവിക്കുന്നതിനാൽ വലിയ ജീവികൾ പോലും ആഹാരം കിട്ടാതെ ചത്തൊടുങ്ങും. കടലിൽ വളരുന്ന ആൽഗകളേയും മറ്റ് സസ്യങ്ങളേയും എണ്ണപ്പാടയിലൂടെ തടസ്സപ്പെടുന്ന സൂര്യപ്രകാശത്തിലെ സാന്നിധ്യം ദോഷകരമായി ബാധിക്കാറുണ്ട്.

പ്ലാസ്റ്റിടാർ

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നു സൃഷ്ടിക്കപ്പെടുന്ന മൈക്രോ പ്ലാസ്റ്റിക്കുകളും കപ്പലുകളിൽ നിന്നും പൈപ്പ് ലൈനുകളിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന ടാർ പരുവത്തിലുള്ള വസ്തുവും സംയോജിച്ചുണ്ടാകുന്ന പ്ളാസ്റ്റിടാർ എണ്ണച്ചോർച്ചയുടെ ഫലമായി സൃഷ്ടിക്കപ്പെടുന്നതാണ്. എണ്ണച്ചോർച്ചയിലൂടെ ജലത്തിൽ വ്യാപിക്കുന്ന എണ്ണത്തുള്ളികൾ വിവിധ കാലാവസ്ഥകളും ചൂടും നേരിട്ട് ടാർ പരുവത്തിലായി മാറുകയും അത് കടൽത്തീരത്ത് വന്നടിയുകയും ചെയ്യും. ഈ ടാർ തീരത്തെ പാറകളിലും മറ്റു പറ്റിപ്പിടിക്കും. ചൂണ്ടയിടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് പെല്ലറ്റുകൾ, പോളിയെസ്റ്റർ ശകലങ്ങൾ, നൈലോൺ നാരുകൾ തുടങ്ങിയവയൊക്കെ ഈ രീതിയിൽ ടാറിൽ പറ്റിച്ചേർന്നിട്ടുണ്ടാകും. കാലക്രമേണ ഈ മിശ്രിതത്തിനു കട്ടികൂടുന്നു. എൽ ഹിയെറോ, ലാൻസറോട്ട് ഉൾപ്പെടെയുള്ള കനേറി ദ്വീപുകളിലെ തീരങ്ങളിൽ ഇത്തരം പ്ലാസ്റ്റിടാറുകൾ അടിഞ്ഞു കിടക്കുന്നതായി ഗവേഷകർ കണ്ടത്തി. ഈ ദ്വീപുകൾക്ക് സമീപത്തുകൂടിയുള്ള കപ്പൽ ടാങ്കർ റൂട്ടുകളാകാം ഇത്തരം പ്ലാസ്റ്റിടാറുകളുടെ സൃഷ്ടിയ്ക്കു കാരണമെന്നാണ് അനുമാനം.

തീരത്തടിഞ്ഞ എണ്ണ (ഫയൽ ചിത്രം) | Photo: Gettyimages


കേരളത്തിലും എണ്ണച്ചോർച്ച ഉണ്ടാകാം!

കേരളത്തിന്റെ തീരക്കടലിൽ എപ്പോൾ വേണമെങ്കിലും ഒരു എണ്ണച്ചോർച്ച ഉണ്ടാകാമെന്ന് മുരളി തുമ്മാരുകുടിയെ പോലെയുള്ള ദുരന്ത നിവാരണരംഗത്തെ വിദഗ്ധർ പറയുന്നു. കൊച്ചിയിലെ തുറമുഖം, കൊച്ചിൻ റിഫൈനറിയിലേക്ക് എണ്ണ കയറ്റിവരുന്ന വലിയ എണ്ണക്കപ്പലുകളുടെ സാമീപ്യം, ചെറുകിട തുറമുഖങ്ങളിൽ എത്തുന്ന കപ്പലുകളിലെ ഇന്ധന എണ്ണ, അറബിക്കടലിലൂടെ ഗൾഫിൽ നിന്നും ജപ്പാൻ ഉൾപ്പെടെ കിഴക്കേ ഏഷ്യയിലേക്ക് പോകുന്ന കൂറ്റൻ കപ്പലുകളുടെ നിര എന്നിവയൊക്കെ കേരളത്തിലെ തീരക്കടലിനെയും കടൽത്തീരത്തേയും എണ്ണച്ചോർച്ചയ്ക്ക് സാധ്യതയുള്ളതാക്കുന്നു. ഒരു എണ്ണച്ചോർച്ച ഉണ്ടായാൽ അത് കേരളത്തിലെ തീരദേശ മൽസ്യബന്ധന ഉപകരണങ്ങളെയും ബാധിക്കും. ടൂറിസം മാസങ്ങളോളം തടസപ്പെടും. കേരളത്തിൽ നിന്ന് വിദേശത്തേക്ക് കയറ്റിയയക്കുന്ന മൽസ്യങ്ങളുടെ വിപണന സാധ്യത ഇല്ലാതെയാക്കും.

ഇത്തരം ഒരു സാഹചര്യത്തിൽ പല തലത്തിൽ നാം തയ്യാറെടുക്കേണ്ടതുണ്ട്. തീരക്കടലിൽ എണ്ണച്ചോർച്ച കൈകാര്യംചെയ്യേണ്ടത് ഇന്ത്യയുടെ കോസ്റ്റ് ഗാർഡ് ആണ്. അതിന് അവർക്ക് നാഷണൽ സ്പിൽ ഡിസാസ്റ്റർ കണ്ടിജെൻസി പ്ലാനുണ്ട്. റിഫൈനറിയുടെയും തുറമുഖങ്ങളുടെയും കൈയിൽ അവരുടെ സംവിധാനവും ഉണ്ടാകും. മലിനീകരണ നിയന്ത്രണ ബോർഡും കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിക്കും അവരുടേതായ പദ്ധതികളും ഉണ്ടാകും.

ഒരു വലിയ എണ്ണച്ചോർച്ച കൈകാര്യം ചെയ്യണമെങ്കിൽ പല രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായം കേരളത്തിന് വേണ്ടിവരും. എണ്ണച്ചോർച്ച കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളുടെ ശേഖരമുള്ള രാജ്യങ്ങളുമായി മുൻകൂർ ധാരണ ഉണ്ടാക്കണം. ഇവരുടെ വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായി വിമാനത്താവളത്തിൽ എത്തുമ്പോൾ കസ്റ്റംസ് കടമ്പകളിൽ സമയനഷ്ടമുണ്ടാകാതെ ഉടൻ തീരപ്രദേശത്ത് എത്താനുള്ള സംവിധാനവും വേണം.

മാത്രമല്ല എണ്ണച്ചോർച്ച ഉണ്ടാകുന്ന സമയത്ത് വള്ളവും വലയുമൊക്കെ അഴുക്കാകാതെ എങ്ങനെ സുരക്ഷിതമാക്കാം എന്നതിൽ മൽസ്യബന്ധന തൊഴിലാളികൾക്ക് മുൻകൂർ പരിശീലനം നൽകുകയും വേണം. എണ്ണച്ചോർച്ചയുടെ സാഹചര്യത്തിൽ മൽസ്യബന്ധനം അസാധ്യമായതിനാൽ തൊഴിൽ ഇല്ലാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്തെ എണ്ണച്ചോർച്ചാ ആഘാതം നിയന്ത്രിക്കുന്ന ജോലിയിൽ ഭാഗഭാക്കാകാൻ മുൻകൂർ പരിശീലനം നൽകണം.

എണ്ണച്ചോർച്ചാ നിയന്ത്രണത്തിന് ആയിരക്കണക്കിന് കോടി രൂപ വേണം എന്നതാണ്. ചെലവാകുന്ന മുഴുവൻ തുകയും നഷ്ടപരിഹാരവും ഉൾപ്പെടെ പണം എത്ര തന്നെ ആയാലും അത് കിട്ടാനുള്ള സംവിധാനങ്ങൾ അന്താരാഷ്ട്ര തലത്തിലുണ്ട്. അലാസ്‌ക്കയിലും ഗൾഫ് ഓഫ് മെക്‌സിക്കോയിലും ഉണ്ടായ ഓയിൽ സ്പില്ലുകളുടെ നഷ്ടപരിഹാരത്തുക ഒരു ലക്ഷം കോടിയിലും അധികമാണ്. എന്നാൽ ഈവിധത്തിൽ നഷ്ടപരിഹാരം കിട്ടണമെങ്കിൽ എന്ത് നഷ്ടമുണ്ടായി എന്ന് കൃത്യമായി കാണിക്കാനുള്ള സംവിധാനം നമുക്ക് ഉണ്ടാകണം. ഭാവിയിൽ കേരളത്തിലുണ്ടാകാനിടയുള്ള ഓയിൽ സ്പില്ലിനെ പ്രതിരോധിക്കാൻ ഇത്രയും കാര്യങ്ങൾ നമ്മൾ ഇന്നേ ചെയ്തുവെക്കണമെന്നും മുരളി തുമ്മാരുകുടി പറയുന്നു.

കപ്പൽ പൊളിക്കുമ്പോഴും എണ്ണച്ചോർച്ച

കപ്പലിന്റെ ഉള്ളറകളിൽ വിഷവാതകമുണ്ടോ എന്ന് പരിശോധിച്ച ശേഷമേ അവ പൊളിക്കാവൂ എന്നത് അന്താരാഷ്ട്ര തലത്തിലുള്ള നിർദ്ദേശമാണ്. എണ്ണ പരന്നൊഴുകാതിരിക്കാനും അഥവാ പരന്നൊഴുകിയാൽ അവ വലിച്ചെടുക്കാനുമുള്ള സംവിധാനം കപ്പൽ പൊളിക്കും മുമ്പേ ഒരുക്കിയിരിക്കണമെന്നതും നിർദേശമുണ്ട്. എൻജിൻ ഓയിൽ, ലൂബ്രിക്കന്റ് ഓയിൽ തുടങ്ങി ആയിരക്കണക്കിന് ലിറ്റർ ഓയിലാണ് ഒരു കപ്പലിൽ ഉണ്ടാവുക. വേണ്ട മുൻകരുതലില്ലാതെ കപ്പൽ പൊളിക്കുമ്പോൾ ഈ എണ്ണ പാടയായി പടർന്ന് കടൽവെള്ളവും വായുവുമായുള്ള സമ്പർക്കം നഷ്ടപ്പെടുത്തുന്നതോടെ ഈ ഭാഗത്ത് മത്സ്യങ്ങൾ അടക്കമുള്ള ജീവജാലങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതാകുകയോ കുറയുകയോ ചെയ്യും. മാരകമായ പാരിസ്ഥിതിക- ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനാൽ ലോകരാജ്യങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിൽ കപ്പൽ പൊളിക്കുന്നതിന് അനുമതി നൽകാറില്ല. ഇപ്പോൾ കപ്പൽ പൊളിക്കാൻ അനുമതി നൽകുന്നത് ഇന്ത്യ, പാക്കിസ്താൻ, ബംഗ്ലാദേശ്, ചൈന, ടർക്കി എന്നീ രാജ്യങ്ങൾ മാത്രമാണ്. ഇന്ത്യയിൽ ഗുജറാത്തും കേരളവും മാത്രമാണ് കപ്പൽ പൊളിക്കാൻ അനുമതി നൽകുന്ന സംസ്ഥാനങ്ങൾ.

കൊച്ചി തുറമുഖം | Photo-ANI

പ്രധാന ദുരന്തങ്ങൾ

പെട്രോളിയം മനുഷ്യന്റെ ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയ കാലം മുതൽതന്നെ അതുമൂലമുള്ള അപകടങ്ങളും ഉണ്ടായിരുന്നു. വലിയ എണ്ണക്കിണറുകളും എണ്ണ ടാങ്കറുകളും ഒക്കെ രംഗത്തുവന്നതോടെ അപകടത്തിന്റെ വലുപ്പവും തീവ്രതയും കൂടി. 1989ൽ അലാസ്‌കയിലെ എണ്ണ ടാങ്കർ അപകടത്തിൽ കടലിൽ കലർന്നത് 420 ലക്ഷം ടൺ ക്രൂഡ് ഓയിൽ. 'എക്സൺ വാൽഡസ്' എന്ന പടുകൂറ്റൻ സൂപ്പർ ടാങ്കർ പാറക്കെട്ടിലിടിച്ചു തകർന്നായിരുന്നു അപകടം. എണ്ണപ്പാട കടലിൽ കിലോമീറ്ററുകൾ വ്യാപിച്ചപ്പോൾ എണ്ണമില്ലാത്തത്ര പക്ഷികളും സീലുകളും നീർനായ്ക്കളും ചത്തൊടുങ്ങി. എണ്ണപ്പാട നീക്കുന്നതിൽ സാങ്കേതിക പരിജ്ഞാനവും അനുഭവ സമ്പത്തും കുറവുണ്ടായിരുന്ന അക്കാലത്ത് രക്ഷാപ്രവർത്തനവും അത്ര ഫലപ്രദമായില്ല.

1991ലെ ഗൾഫ് യുദ്ധ കാലത്ത് ലോകം ഭീതിയോടെ നോക്കിക്കണ്ട മറ്റൊരു എണ്ണദുരന്തം ഉണ്ടായി. ഇറാഖ് പ്രതികാരബുദ്ധിയോടെ കടലിൽ എണ്ണ കലർത്തിയതാണെന്ന് അമേരിക്കയും എണ്ണ പമ്പിങ് സ്റ്റേഷൻ അമേരിക്ക തകർത്തതാണെന്ന് ഇറാഖും ആരോപണം ഉന്നയിച്ചു. എന്തായാലും കടലിൽ ടൺ കണക്കിന് എണ്ണ പടർന്നു. ആയിരം കിലോമീറ്ററോളം ദൂരത്ത് എണ്ണ വ്യാപിച്ചതായാണു കണക്ക്. തീരത്ത് അടിച്ചുകയറിയത് കറുത്ത നിറമുള്ള തിരകളും. 1.1കോടി ഗാലൻ എണ്ണ പടർന്നതായി അന്ന് കണക്കാക്കിയിരുനു. ആ പരിസ്ഥിതി ദുരന്തത്തിന്റെ പ്രത്യാഘാതം കാൽ നൂറ്റാണ്ടിനു ശേഷവും പൂർണമായും വിട്ടുമാറിയിട്ടില്ല. ഗൾഫ് മെക്സിക്കോയിലെ ഡീപ് വാട്ടർ ഹൊറൈസൺ എന്ന ഓയിൽ റിഗിൽ 2010 ൽ പൊട്ടിത്തെറിച്ചതായിരുന്നു ലോകത്തെ ഞെട്ടിച്ച മറ്റൊരു എണ്ണച്ചോർച്ച. 210 മില്യൺ ഗാലൻ അസംസ്‌കൃത എണ്ണയാണ് അന്നു ചോർന്നത്.

എന്നാൽ അപൂർവ്വമായി നദികളും എണ്ണ ചോർച്ചയാൽ മലിനീകരിക്കപ്പെടാറുണ്ട് . രണ്ടായിരത്തിൽ ആമസോൺ നദിയിൽ ഉണ്ടായ എണ്ണ ചോർച്ച ഇതിന് ഉദാഹരണമാണ്. ജൈവവൈവിധ്യത്തിന്റെ ശോഷണത്തോടൊപ്പം മനുഷ്യരുടെ നിലനിൽപ്പിനു നേരിട്ട് ഭീഷണിയുയർത്തുന്നു എന്നതാണ് നദികളിലെ എണ്ണ മലിനീകരണത്തിന്റെ പ്രത്യേകത. ചൈനയിലെ യാങ്സി നദിയിൽ രണ്ടായിരത്തി ഒന്നിൽ ചരക്കു കപ്പൽ മുങ്ങിയത് മൂലം ഉണ്ടായ മലിനീകരണം വരും വർഷങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് പ്രവചിക്കപ്പെട്ടിരുന്നു. അഴിമുഖ പ്രദേശങ്ങളിൽ നടക്കുന്ന എണ്ണ ചോർച്ച അടുത്തുള്ള ആവാസവ്യവസ്ഥ കളിലേക്ക് എത്തുന്നതും അപൂർവമല്ല.

ചില പരിഹാരമാർഗങ്ങൾ

പരിസ്ഥിതി ദുർബല പ്രദേശങ്ങളായി തണ്ണീർതടങ്ങൾ, കണ്ടൽ വനമേഖലകൾ വന്യജീവിസങ്കേതങ്ങൾ എന്നിവയിലേക്ക് കടന്നു കയറുന്ന എണ്ണമലിനീകരണത്തിന് തടയിടാനാണ് രാസപദാർത്ഥങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മറ്റു മാർഗങ്ങൾ ഉപയോഗിക്കുന്നത്. എണ്ണ വലിച്ചെടുക്കാൻ കഴിയുന്ന സ്പോഞ്ച് പോലുള്ള വസ്തുക്കൾ ഉപയോഗിക്കുകയാണ് ഇതിൽ ഉള്ള ഒരു മാർഗം. സോർബന്റുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. എണ്ണപ്പാടയെ വകഞ്ഞു മാറ്റാനും കോരിയെടുക്കാനും സ്‌കീമ്മറുകളും ഉപയോഗിക്കുന്നു. എന്നാൽ തിരമാലകൾ ഇല്ലാത്ത ശാന്തമായ ഇടങ്ങളിൽ മാത്രമേ സ്‌കീമ്മറുകളുടെ ഉപയോഗം ഫലവത്താകൂ എന്ന പരിമിതിയുണ്ട്. വായുവിന്റെ ശക്തി ഉപയോഗിച്ച് എണ്ണപ്പാടയെ വലിച്ചെടുക്കാനുള്ള സംവിധാനമുണ്ട്. ഇങ്ങനെ വലിച്ചെടുക്കുന്ന എണ്ണപ്പാടയെ അപകേന്ദ്രണയന്ത്രം ഉപയോഗിച്ച് വേഗത്തിൽ കറക്കി അതിൽ നിന്ന് എണ്ണയും ജലവും വേർപെടുത്തിയെടുക്കും.

സാധാരണയായി കടലിലാണ് എണ്ണ ചോർച്ച ഉണ്ടാകുന്നത്. അതിനാൽ സമുദ്ര ജീവികളും തീരമേഖലയെ ആവാസവ്യവസ്ഥയാക്കുന്ന ജീവികളുമാണ് പ്രധാനമായും എണ്ണ മലിനീകരണത്തിന്റെ കെടുതികൾക്ക് ഇരയാകുന്നത്. കടൽപക്ഷികളാണ് ഇത്തരത്തിൽ ജീവഹാനി സംഭവിക്കുന്നതിൽ ഏറെയും. കടൽപ്പരപ്പിലെ എണ്ണപ്പാട ഒരുമിച്ചു കൂട്ടാൻ സഹായിക്കുന്ന രാസപദാർഥങ്ങളാണ് 'ഹെർഡിങ് ഏജന്റ്'. എണ്ണപരന്ന സമുദ്രഭാഗത്ത് ഇതു കലർത്തിയാൽ എണ്ണപ്പാട ഒരുമിച്ചു കൂടുന്നതിനാൽ ശേഖരിക്കാനും കത്തിച്ചുകളയാനും എളുപ്പമാകും.

Content Highlights: about the consequences of oil spill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented