മണ്‍വെട്ടി പോലെ ദൃഢമായ കൈകാലുകള്‍, വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള വരവ്; 'മാവേലി തവളകള്‍'


വര്‍ഷത്തിലൊരിക്കല്‍ മാവേലി നാട് കാണാന്‍ വരുന്ന മാവേലി തമ്പുരാനെ പോലെ തന്നെയാണ് പാതാള തവളകളും, വര്‍ഷത്തിലൊരിക്കലെ വരൂ...അതും പ്രജനനത്തിന് വേണ്ടി മാത്രം.

പാതാള തവളകൾ മുട്ടകളുമായി | ഫോട്ടോ:സന്ദീപ് ദാസ്‌

ലോക ഉഭയജീവി ഭൂപടത്തില്‍ കേരളത്തിനൊരു പ്രത്യേക സ്ഥാനം നേടി കൊടുത്ത തനി മലയാളിയാണ് പാതാള തവള. കേരളത്തിലും തമിഴ്‌നാട്ടിലും ഇവയെ കണ്ടെത്താറുണ്ടെങ്കിലും ഏറിയ പങ്കും പശ്ചിമഘട്ടത്തിന്റെ കേരള ഭാഗത്താണുള്ളത്. ആദ്യ കാഴ്ചയില്‍ ഊതിവീര്‍പ്പിച്ച ഒരു തവളയാണെന്നേ തോന്നൂ. മണ്ണിനടിയില്‍ വാസമുറപ്പിച്ചിരിക്കുന്ന ഇവ വര്‍ഷത്തിലൊരിക്കല്‍ പ്രജനനലക്ഷ്യത്തോടെ മാത്രമാണ് പുറത്തേക്ക് വരിക. വംശം നിലനിര്‍ത്താനുള്ള വരവില്‍ ഇത്തവണ 20 പാതാളത്തവളകള്‍ ചത്തൊടുങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇവ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനും ആരണ്യകം ഫൗണ്ടേഷനും ചേര്‍ന്ന് കേരള വനംവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലായിരുന്നു റിപ്പോര്‍ട്ട്.

പാതാള തവള അഥവാ പര്‍പ്പിള്‍ ഫ്രോഗ്

പര്‍പ്പിള്‍ ഫ്രോഗ് എന്ന ഇംഗ്ലീഷില്‍ അറിയപ്പെടുന്ന തവളയ്ക്ക് പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ധൂമ്ര നിറത്തിലുള്ള ശരീരമാണെന്ന് കാണപ്പെടുകയെന്ന് പറയുന്നു കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ മുന്‍ റിസര്‍ച്ച് സ്‌കോളര്‍ കൂടിയായ സന്ദീപ് ദാസ്. 2003-ല്‍ മലയാളിയായ ഡോ.ബിജുവാണ് നാസികാബട്രക്കസ് സഹ്യാദ്രെന്‍സിസ് (Nasikabatrachus Sahyadrensis) എന്ന ശാസ്ത്ര നാമം ഉള്ള തവളയെ ശാസ്ത്ര ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. പന്നികളുടേതിന് സമാനമായ മൂക്ക് ചിലയിടങ്ങളില്‍ ഇവയ്ക്ക് പന്നിമൂക്കന്‍ തവളയെന്ന പേര് വീഴാനും കാരണമായി.

സന്ദീപ് ദാസ്

"2003-ലാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നതെങ്കിലും പ്രജനനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത് 2012-ല്‍ ഡോ.അനില്‍ സക്കറിയയും സംഘവും നടത്തിയ പഠനങ്ങളിലൂടെയാണ്. ഈ സംഘത്തിലൊരംഗമാകാനും ഇവയുടെ ജീവിത രീതികള്‍ കൂടുതല്‍ മനസിലാക്കാനും സാധിച്ചുവെന്നത് ഭാഗ്യമായി കരുതുന്നു", സന്ദീപ് ദാസ് പറയുന്നു.

'കൊറ കൊക്ക് കൊറ കൊക്ക്'

ആണ്‍ തവളകള്‍ മഴ തുടങ്ങുമ്പോള്‍ 'കൊറ കൊക്ക് കൊറ കൊക്ക്' എന്ന് നിര്‍ത്താതെ കരയും. മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് വരാതെ തുരങ്കങ്ങളില്‍ ഇരുന്നാകും കരച്ചില്‍. ശബ്ദം കേട്ട് മണ്ണിനടിയില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിയാമെങ്കിലും അടുത്തു ചെന്നാല്‍ കരച്ചില്‍ നിര്‍ത്തി പതിയെ മണ്ണിനടിയിലേക്ക് പിന്‍വാങ്ങും. അതേ സമയം പ്രജനന സമയത്ത് ഒരു പരിധി വരെ അടുത്തേക്ക് പോയാലും മണ്ണിനടിയിലേക്ക് പോവുകയില്ലെന്നും ഇവയെ കുറിച്ച് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തവള പോലെ ചെറിയ ശരീരപ്രകൃതിയുള്ള ജീവികള്‍ എങ്ങനെയാവും മണ്ണിനടിയിലേക്ക് തുരന്ന് പോവുക..

പാതാള തവളകള്‍ക്ക് സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു


മണ്‍വെട്ടി പോലെയുള്ള കൈകാലുകള്‍

കൈകാലുകളിലെ മണ്‍വെട്ടി പോലെയുള്ള തടിപ്പാണ് ഇവയ്ക്ക് മണ്ണിനടിയിലൂടെ കുഴിച്ചു പോകുവാന്‍ സഹായകരമാവുന്നത്. വെളുത്ത നിറമുള്ള കൂര്‍ത്ത മൂക്ക് പന്നിയുടേതിന് സമാനമാണ്. ചിതലുകളെയും മണ്ണിരകളെയും പോലെയുള്ളവ തിന്നുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാന ആഹാരമെന്തെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഫോട്ടോ:സന്ദീപ് ദാസ്

വാല്‍മാക്രികളെ കുറിച്ച് മുന്നെ പഠനങ്ങള്‍

2003-ന് ശേഷം പല ഗവേഷകരും പലയിടങ്ങളിലായി ഇവയെ കണ്ടെത്തിയിരുന്നു. 2004-ല്‍ ഡോ.സുഷില്‍ ദത്തയും സംഘവും ഇവയുടെ വാല്‍മാക്രികളെ കുറിച്ച് പഠിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. നൂറ് വര്‍ഷം മുന്നേ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ഗവേഷകനും കൂടിയായ തോമസ് നെല്‍സണ്‍ അന്നന്‍ഡെയ്‌ലും (Thomas Nelson Annandale) സി.ആര്‍.എന്‍ റാവു എന്ന ഇന്ത്യന്‍ ശാസ്ത്രഞ്ജനും ഇവയുടെ വാല്‍മാക്രികളെ കുറിച്ച് പഠിക്കുകയും മണ്ണിനടിയിലായിരിക്കാം ഇവയുടെ മുതിര്‍ന്നവരുടെ ജീവിതമെന്നും കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ മറ്റ് തവളകളില്‍ നിന്നും വ്യത്യസ്തമായ ഇവയ്ക്ക് ആഫ്രിക്കന്‍ തവളകളുമായി സാമ്യമുള്ളതായും അന്ന് കണ്ടെത്തിയിരുന്നു.

നൂറ് വര്‍ഷം മുമ്പ് ഇവയുടെ വാല്‍മാക്രികളെ കണ്ടെത്തിയിരുന്നു.

നാലായിരത്തോളം മുട്ടകള്‍

കരച്ചില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പെണ്‍ തവള തിരഞ്ഞെടുത്ത ആണ്‍ തവളയുമായി ഇണ ചേരുന്നതാണ് ആദ്യപടി. ശേഷം ആണിനെ ചുമന്നു കൊണ്ട് പെണ്‍ തവള അരുവിയിലെത്തും. അരുവിയിലെ പൊത്തുകളിലും വിടവുകളിലും കയറിയതിന് ശേഷമായിരിക്കും മുട്ടയിടല്‍ തുടങ്ങുക. നാലായിരത്തോളം മുട്ടകള്‍ വരെ പെണ്‍ തവളകളില്‍ കണ്ടിട്ടുണ്ട്. മുഴുവന്‍ മുട്ടകള്‍ ഇട്ടതിനു ശേഷം ഇവ രണ്ടും വെവ്വേറെ ആയും രണ്ട് പേരും ഒരുമിച്ചും തിരിച്ച് മണ്ണിനടിയിലേക്ക് മടങ്ങുകയാണ് പതിവ്. മുട്ടയിടാനുള്ള വരവ് ഇനി അടുത്ത വര്‍ഷം മാത്രം.

സക്കര്‍ മീനുകളെ പോലെ

ആറോ ഏഴോ ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ്, സക്കര്‍ മീനുകളെ പോലെ വെള്ളത്തില്‍ പറ്റിപിടിച്ചു നില്‍ക്കുവാന്‍ സാധിക്കുന്ന വാല്‍മാക്രികളാകും. തുടര്‍ന്ന് ഏഴാമത്തെ ദിവസം വാല്‍മാക്രികള്‍ ഒഴുക്കില്‍ വെള്ളച്ചാട്ടത്തിന്റെ പലയിടങ്ങളിലേക്ക് മാറും. അതേ സമയം വലിയ മഴ പെയ്താല്‍ മുട്ടകള്‍ മുഴുവന്‍ നശിച്ചു പോകും. മഴ വൈകിയാലും കുഴപ്പമാണ്, ചൂടില്‍ മുട്ടകള്‍ നശിക്കും. 2011 മുതല്‍ എല്ലായിടങ്ങളിലും ഇവയുടെ പ്രജനന കണക്കെടുപ്പില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നതായും പഠനത്തില്‍ കണ്ടെത്തി. നൂറ് മുതല്‍ 110 ദിവസങ്ങള്‍ക്കുള്ളില്‍ വാല്‍മാക്രികള്‍ വിരിഞ്ഞു തവള കുഞ്ഞുങ്ങളായി മണ്ണിനടിയിലേക്ക് പോവുകയും ചെയ്യും.

പാതാള തവളയുടെ ഇണചേരല്‍ | ഫോട്ടോ:സന്ദീപ് ദാസ്

ഭൂമിക്കടിയില്‍ ഇരുന്നു കൊണ്ട് മഴയുടെ അളവും, അരുവിയിലെ ജലത്തിന്റെ അളവും എങ്ങനെ അളക്കുന്നുവെന്നത് അതിശയമാണ്. മുട്ടയിടാന്‍ ഉചിതമായ സാഹചര്യം ഭൂമിയിലുണ്ടാകുന്നുവെന്നത് മണ്ണിനടിയിലിരുന്നാണ് ഇവ അറിയുന്നത്!

ബന്ധുക്കള്‍

2017-ല്‍ പാതാള തവളയുടെ ഒരു ബന്ധുവിനെ കൂടി കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിലെ ശ്രീവല്ലിപുത്തൂര്‍ മേഖലയില്‍ നിന്ന് ഡോ.ജനനിയും സംഘവുമാണ് ഇവയെ കണ്ടെത്തിയതും ഭൂപതി പാതാള തവള എന്ന് പേര് നല്‍കിയതും. ഐയുസിഎന്‍ റെഡ് ലിസ്റ്റ് പട്ടികപ്രകാരം വംശനാശം നേരിടുന്ന വിഭാഗത്തില്‍പെട്ട ഇവ പല ഭീഷണികളും നേരിടുന്നുണ്ട്. നദികളിലെയും അരുവികളിലെയും ചെറുതും വലുതുമായ ഡാമുകള്‍, വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള മാലിന്യം, കൃഷിയിടങ്ങളില്‍ നിന്നുള്ള രാസവളങ്ങളുടെ അവശിഷ്ടം എന്നിവ അതില്‍ പ്രധാനമാണ്. ഔഷധ ഗുണമുണ്ടെന്ന ചൂണ്ടിക്കാട്ടിയുള്ള വേട്ടയാടല്‍ മറ്റൊരു പ്രധാന ഭീഷണിയാണ്‌. ഔഷധ ഗുണമുണ്ടെന്ന ചൂണ്ടിക്കാട്ടിയുള്ള വേട്ടയാടലും മറ്റൊരു പ്രധാന ഭീഷണിയാണ്‌.

ഫോട്ടോ:സന്ദീപ് ദാസ്‌

പരിണമിച്ചുണ്ടായവ

80 മുതല്‍ 120 ദശലക്ഷം വര്‍ഷം മുന്നേ പരിണമിച്ചു എന്ന കരുതുന്ന ഇവയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍, ആഫ്രിക്കയുടെയും ഇന്ത്യയുടെയും ഇടയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സെയ്‌ഷെല്‍സില്‍ ഉള്ള സൂഗ്ലോസ്സിടെ (Sooglossidae) എന്ന കുടുംബത്തിലെ തവളകളാണ്. പക്ഷികളെ പോലെ ആകാശ മാര്‍ഗമോ മറ്റ് ജീവികളെ പോലെ കടല്‍ മാര്‍ഗമോ( ഉപ്പു വെള്ളം ഒട്ടും പറ്റാത്ത ഉഭയജീവികളാണ്) സഞ്ചരിക്കാന്‍ ഇവയ്ക്ക് ആകില്ല. അതിനാല്‍ വന്‍കരകളിലൂടെ തന്നെയായിരിക്കാം ഇവയുടെ വരവ് എന്നാണ് നിഗമനം. അതിനാല്‍ ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്ന ഗോണ്ട്വാന സിദ്ധാന്തത്തിന്റെ (Gondwana Theory) ജീവിച്ചിരിക്കുന്ന തെളിവ് കൂടിയായി പാതാള തവളകളെ പരിഗണിക്കപ്പെടുന്നുണ്ട്.

പലയിടങ്ങളില്‍ പല പേരുകളില്‍

പലയിടങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഇവയുടെ ചില പേരുകളാണ് പതാള്‍, കുറവന്‍, കുറത്തി, കൊട്ട്രാന്‍, പതയാള്‍, പന്നിമൂക്കന്‍, പാറമീന്‍ എന്നിവ. മഴക്കാലത്ത് ആിരക്കണക്കിന് ആണ്‍ തവളകളുടെ ശബ്ദം കേട്ടാല്‍ ഇവ അപൂര്‍വമല്ലെന്ന് വരെ തോന്നി പോകും. ഇവയുടെ സ്വഭാവ സവിശേഷതകള്‍ ഒരു പരിധി വരെ ഇവയുടെ അപൂര്‍വതയ്ക്ക് കാരണമാണ്. കേരളത്തിലും തമിഴ്നാട്ടിലും കാണാറുണ്ടെങ്കിലും ഭൂരിഭാഗവും പശ്ചിമഘട്ടത്തിന്റെ കേരള ഭാഗത്താണുള്ളത്.പാറ കെട്ടുകളും വെള്ള ചാട്ടങ്ങളുമുള്ളയിടങ്ങളിലാണ് കൂടുതലായും ഇവയെ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ അഗസ്ത്യമലനിരകള്‍ തുടങ്ങി കണ്ണൂര്‍ വരെ, പാറ കെട്ടുകളും വെള്ള ചാട്ടങ്ങളും ഉള്ളയിടങ്ങളില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.

പാതാളത്തവളയെ വിഴുന്ന നീര്‍ക്കോലി പാമ്പ്.

പരിണാമപരമായി പ്രത്യേകത ഉള്ളതും ആഗോള തലത്തില്‍ വംശനാശ ഭീഷണി നേരിടുന്നത് കൊണ്ടും (Edge List, Evolutionarliy Distinct and Globally Endangered) ലോകത്തിലെ എണ്ണായിരത്തിലധികം വരുന്ന ഉഭയജീവികളില്‍ മൂന്നാം സ്ഥാനത്താണ് പാതാള തവളകളുടെ സ്ഥാനം. വര്‍ഷത്തിലൊരിക്കല്‍ വരുന്നതിനാല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലം, പക്ഷി, മൃഗം പോലെ തന്നെ കേരളത്തിന്റെ തവള ആകുവാന്‍ എന്തു കൊണ്ടും യോഗ്യതയുണ്ടെന്നാണ് സന്ദീപ് ദാസിന്റെ പക്ഷം. ഇതിന് വനം വകുപ്പിനും വൈല്‍ഡ്ലൈഫ് അഡ്വവൈസറി ബോര്‍ഡിനും പ്രൊപ്പാസല്‍ കൊടുത്തു കാത്തിരിക്കുകയാണ് സന്ദീപ് ദാസ്.

Content Highlights: About purple frogs which is considered facing extinction according to IUCN Red List

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented