കണ്ടുകാണാതാവുന്ന കണ്ടലിടങ്ങൾ; കണ്ടൽ സമ്പത്തിന്റെ 70% സ്വകാര്യ ഉടമസ്ഥതയിൽ


ഹര്‍ഷ സുരേന്ദ്രന്‍

നമ്മുടെ കണ്ടൽസമ്പത്തിന്റെ 70 ശതമാനത്തിലധികം സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പ് പറയുമ്പോൾ വനം-പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായലംഘനവും കണ്ടലുകളുടെ നശീകരണത്തിന് ആക്കം കൂട്ടുന്നുവെന്നതാണ് യാഥാർഥ്യം

Premium

പ്രതീകാത്മക ചിത്രം | ഫോട്ടോ:അനൂപ് വി.എസ്

17-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ കേരളത്തിന്റെ തീരങ്ങളിൽ കാണുന്ന കണ്ടൽവനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്, എന്നാൽ, ജൈവവൈവിധ്യങ്ങളുടെ ഈ കലവറ അതിവേഗം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുന്നുവെന്നാണ്‌ വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (WWF) പുറത്തിറക്കിയ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട്-2022 പറയുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

കേരളത്തിലെ കണ്ടൽ കണ്ടവരുണ്ടോ?

തിരുവാതിരയും ഞാറ്റുവേലയും അരങ്ങൊഴിയുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട് ജൈവവൈവിധ്യ സംരക്ഷണത്തിൽ വിയർക്കുകയാണ്. നീണ്ട കടൽത്തീരമുണ്ടെങ്കിലും കേരളത്തിലെ കണ്ടൽക്കാടുകളുടെ അവസ്ഥ പരിതാപകരമാണ്. ദിനംപ്രതി നഷ്ടമാകുന്ന വനസമ്പത്തിന്റെ പുനരുജ്ജീവനമോ കാര്യമായ തിരിച്ചുപിടിക്കലോ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ചെമ്മീൻ ഫാമുകളും ടൂറിസത്തിനു വേണ്ടിയുള്ള കൈയേറ്റങ്ങളും അസന്തുലിത വികസന പ്രവർത്തനങ്ങളും കാലാവസ്ഥാവ്യതിയാനവും അടിക്കടിയുണ്ടാകുന്ന ചക്രവാതച്ചുഴിയുമൊക്കെ കേരളതീരങ്ങളിൽ നിലവിലുള്ള കണ്ടൽവനങ്ങളുടെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. നമ്മുടെ കണ്ടൽസമ്പത്തിന്റെ 70 ശതമാനത്തിലധികം സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനം വകുപ്പ് പറയുമ്പോൾ വനം-പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനവും കണ്ടലുകളുടെ നശീകരണത്തിന് ആക്കം കൂട്ടുന്നുവെന്നതാണ് യാഥാർഥ്യം.

കണക്കുകളിലെ വാസ്തവം

ഇന്ത്യയിൽ കണ്ടുവരുന്ന 59 തരം കണ്ടൽച്ചെടികളിൽ 17 ഇനങ്ങളിൽപ്പെട്ട യഥാർഥ കണ്ടൽ സ്പീഷീസുകൾ കേരളതീരത്തുണ്ട്. 900 ഹെക്ടർ ആണ് കേരളത്തിലെ ആകെ കണ്ടൽവനങ്ങളുടെ വ്യാപ്തിയെന്നാണ് ഫോറസ്റ്റ് സർവേ ഓഫ്‌ ഇന്ത്യ(എഫ്.സി.ഐ) യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി ഇതുതന്നെയാണ് അവസ്ഥ. കേരളത്തിലെ കണ്ടൽ സംരക്ഷണപ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല എന്നതിന്റെ തെളിവാണിത്.

  • 2003- 800
  • 2005- 500
  • 2009- 500
  • 2011- 600
  • 2013- 600
  • 2015- 900
  • 2017- 900
  • 2021- 900
എന്നാൽ എഫ്.എസ്.ഐ. സർവേയിൽ മൂന്നുജില്ലകളുടെ കണക്ക് മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ.

  • എറണാകുളം - 206
  • കണ്ണൂർ- 639
  • കാസർഗോഡ്- 91
  • മൊത്തം- 936 ഹെക്ടർ
കണ്ടൽ കുറയുന്നുണ്ടെങ്കിലും എഫ്.എസ്.ഐയുടെ സർവേയിലുള്ള കണക്കിനേക്കാൾ കണ്ടൽ കേരളത്തിലുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

എം .രെമിത്ത് കണ്ണൂർ കണ്ടൽ പ്രൊജക്ട്

ഹിമാലയൻ നദികളും ഉപദ്വീപീയൻ നദികളും എക്കൽ നിക്ഷേപിച്ച് സൃഷ്ടിക്കുന്ന ഡെൽറ്റാ പ്രദേശങ്ങൾ വളരെ വലുതും തുടർച്ചയുള്ളതുമാണ്. കേരളത്തിൽ കണ്ണൂർ, കാസർകോട്‌, എറണാകുളം തുടങ്ങിയ ജില്ലകളിൽ മാത്രമേ തുടർച്ചയുള്ള കണ്ടൽപ്രദേശങ്ങളുള്ളൂ. അറബിക്കടലിലേക്ക് 41 നദികൾ ഒഴുകുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായുള്ള എക്കൽനിക്ഷേപങ്ങളും കണ്ടൽവനങ്ങളും കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുകയാണ്. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ.) യുടെ കണക്കുകൾ കേരളത്തെ സംബന്ധിച്ച് ആധികാരികമല്ല. മൂന്നെണ്ണമൊഴികെയുള്ള ജില്ലകൾ നേരിട്ടുള്ള സർവേക്ക് വിധേയമാക്കിയിട്ടില്ല.

ഉപഗ്രഹചിത്രങ്ങളിലൂടെയുള്ള വിവരശേഖരണമായതിനാൽ കേരളത്തിലെ ചിതറിക്കിടക്കുന്ന പല കണ്ടൽപ്രദേശങ്ങളും സർവ്വേയിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ളത് യാഥാർഥ്യമാണ്. പുഴ കടലിൽ ചേരുന്ന പൊഴിപ്രദേശത്ത്, വേലിയേറ്റസമയത്ത് കടലിൽനിന്ന് ഉപ്പുവെള്ളം കയറിവരുന്ന ഇടങ്ങളിലാണ് സാധാരണ കണ്ടൽ വളരുക. മുമ്പ് കായൽപ്രദേശങ്ങളിൽ കണ്ടൽ ധാരാളമായുണ്ടായിരുന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ 1990-കളിൽ 700 ചതുരശ്ര കിലോ മീറ്റർ കണ്ടൽ പ്രദേശം കേരളത്തിലുണ്ടായിരിക്കാമെന്ന് അനുമാനമുണ്ട്.

മറ്റു പഠനങ്ങൾ

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് 2018-ൽ നടത്തിയ പഠനത്തിൽ 2117 ഹെക്ടർ കണ്ടൽക്കാടാണ് കേരളത്തിലുള്ളത്. കുസാറ്റിലെ ഗവേഷകയായ ഡോ. സി.എം. പ്രീതി നടത്തിയ പഠനത്തിൽ 1700 ഹെക്ടർ കണ്ടൽ കേരളത്തിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

  • കാസർകോട്‌- 90
  • കണ്ണൂർ- 900
  • കോഴിക്കോട്- 74
  • മലപ്പുറം- 38
  • തൃശ്ശൂർ- 89
  • എറണാകുളം- 396
  • കോട്ടയം- 44
  • ആലപ്പുഴ- 110
  • കൊല്ലം- 36
  • തിരുവനന്തപുരം- 5
  • മൊത്തം- 1782 ഹെക്ടർ
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ടിൽ ലോകവന്യജീവി സമ്പത്തിന്റെ 69 ശതമാനവും അപ്രത്യക്ഷമായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പറയുന്നുണ്ട്. ഭൂമിയുടെ ശ്വാസകോശമായ, കനോപ്പിയിലുൾപ്പെടെ പകരം വെക്കാനില്ലാത്ത ആവാസവ്യവസ്ഥയുള്ള കണ്ടൽക്കാടുകൾ അപ്രത്യക്ഷമാകുന്നുവെന്ന റിപ്പോർട്ടിലെ പരാമർശം അതീവഗൗരവമുള്ളതാണ്.

കടലുണ്ടിയിലെ കണ്ടൽ | ഫോട്ടോ: സാജൻ വി നമ്പ്യാർ/മാതൃഭൂമി

കണ്ടലിന്റെ പ്രാധാന്യം

ജൈവവൈവിധ്യത്തിന്റെ അക്ഷയപാത്രമാണ് കണ്ടൽക്കാടുകൾ. ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന സങ്കീർണമായ ആവാസവ്യവസ്ഥയാണിത്. അഴിമുഖങ്ങളിലും പൊഴികളിലുമുള്ള തണ്ണീർത്തട ജീവികളുടെയും സമുദ്രജീവികളുടെയും പ്രജനനകേന്ദ്രം കൂടെയാണിവ. ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവ നിത്യഹരിത സ്വഭാവമുള്ളവയാണ്. ഉഷ്ണമേഖലാക്കാടുകളേക്കാൾ വളരെയധികം കാർബൺ വലിച്ചെടുക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അന്തരീക്ഷ മലിനീകരണത്തെ തടയാനും പ്രകൃതിദുരന്തങ്ങളെ ചെറുക്കാനുമുള്ള കഴിവും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യം കൂട്ടുന്നു.

കാരണങ്ങൾ , തടസ്സങ്ങൾ

മാലിന്യപ്രശ്നവും മണൽ അടിഞ്ഞുകൂടുന്നതും തണ്ണീർത്തടങ്ങൾ ചെമ്മീന്‍ കൃഷിക്കായി വകമാറ്റിയതുമൊക്കെ കേരളത്തിൽ കണ്ടൽ കുറയാൻ കാരണമായി. കേരളത്തിലെ കണ്ടൽപ്രദേശങ്ങളിൽ ഏറിയ പങ്കും സ്വകാര്യഭൂമിയിലും റവന്യൂ ഭൂമിയിലുമാണെന്നതും സംരക്ഷണത്തിന് വെല്ലുവിളിയാണ്.

കണ്ണൂരിലെ കണക്കെടുക്കാം... 2017-2018 കാലഘട്ടത്തിൽ വന്യജീവി വകുപ്പിന്റെ കണക്കു പ്രകാരം കണ്ണൂരിൽ 1500 ഹെക്ടർ കണ്ടൽ ഉണ്ടായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കണ്ടൽ വെട്ടി മാത്രം 500 ഹെക്ടർ ഷ്രിംപ് ഫാമുകൾ (ചെമ്മീൻ കെട്ടുകൾ) കണ്ണൂരിൽ ഉണ്ടാക്കിയിട്ടുണ്ട്. അത് വർധിച്ചുവരികയാണ്. ചെമ്മീൻ കൃഷിക്കും കണ്ടലിന്റെ വളർച്ചയ്ക്കും അനുയോജ്യമായത് ഒരേ ഭൂപ്രദേശങ്ങളാണെന്നതാണ് (വേലിയേറ്റ- വേലിയിറക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ) കണ്ടൽനശീകരണത്തിന് പ്രധാന കാരണം.

പരമ്പരാഗത ഷ്രിംപ് ഫാമുകൾക്ക് 80% സബ്സിഡിയും അല്ലാത്ത എക്സോട്ടിക് സ്പീഷീസുകൾക്ക് 40% സബ്സിഡിയും കൊടുക്കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിപ്രകാരം കൂടുതലാളുകൾ കണ്ടൽപ്രദേശങ്ങൾ ചെമ്മീൻ കെട്ടുകളാക്കി മാറ്റുന്നുണ്ട്. വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ സ്ഥാപിച്ചപ്പോഴും ആ മേഖലയിലുള്ള കണ്ടൽക്കാടുകൾക്ക് വൻതോതിൽ നാശം സംഭവിച്ചിട്ടുണ്ട്. നശിപ്പിക്കപ്പെടുന്ന കണ്ടലിന്റെ 75 ശതമാനവും സ്വകാര്യവ്യക്തികളുടെ കയ്യിലാണെന്നതാണ് നശീകരണം തടയാന് വിനയാകുന്നത്. കേരളത്തിലെ 2100 ഹെക്ടർ കണ്ടൽക്കാടുകളിൽ 440 ഹെക്ടർ മാത്രമാണ് വനംവകുപ്പിന്റെ കയ്യിലുള്ളത്. ഇതിൽത്തന്നെ വനംവകുപ്പ് ഏറ്റെടുത്ത കണ്ടൽക്കാടുകളിൽ വെള്ളക്കെട്ടുംതണ്ണീർത്തടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിഹാരങ്ങൾ

സ്വകാര്യ വ്യക്തികളുടെ കയ്യിൽനിന്നും ഏറ്റെടുത്തില്ലെങ്കിൽ കേരളത്തിലെ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ പോലും ഇല്ലാതാകുന്ന കാലം വിദൂരമല്ല. കേരളത്തിൽ കണ്ടൽ സംരക്ഷണത്തിന് പ്രത്യേക നിയമമില്ലെന്നതാണ് പ്രശ്നം. ആകെയുള്ളത് തീരദേശ സംരക്ഷണ നിയമമാണ് (സി.ആർ.സെഡ്.). ഈ നിയമത്തിലെ വകുപ്പ് 1(A) പ്രകാരം സംരക്ഷണമുള്ള ഇനങ്ങളാണ് കണ്ടലെങ്കിലും തീരദേശവികസന വകുപ്പ് സംരക്ഷണത്തിന് കാര്യമായ നടപടി എടുക്കുന്നില്ല.

കണ്ണൂരിൽ വനംവകുപ്പ് നടത്തിയ വിപുലമായ സർവേ പ്രകാരം എക്സ്പേർട്ട് കമ്മിറ്റി സ്വകാര്യ ഉടമസ്ഥരെ കണ്ടെത്തുകയും സാക്ഷ്യപത്രം വാങ്ങിക്കുകയും ചെയ്ത് ഏകദേശം 250 ഹെക്ടർ കണ്ടൽപ്രദേശം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. പക്ഷേ, കഴിഞ്ഞ ഏപ്രിലിലിൽ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടൽ, വനംവകുപ്പ് ഏറ്റെടുക്കേെണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തി. ഇതാണ് നിലവിൽ കണ്ടൽ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന പ്രധാന പ്രശ്നം.

തീരസംരക്ഷണ നിയമത്തിൽ കൊണ്ടുവന്ന ചിലഭേദഗതികളിൽ 1(A) പ്രകാരം കണ്ടലുകൾ ചെറുതായി വെട്ടാമെന്നു നിർദേശവും 1(B) പ്രകാരം കണ്ടലും അതിനോടു ചേർന്ന വെള്ളക്കെട്ടുളള പ്രദേശവും തരംമാറ്റാനുള്ള അനുമതിയും കൊടുത്തിട്ടുണ്ട്. ഇതും വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കോസ്റ്റൽ സോൺ മാനേജ്മെൻ‍റ് അതോറിറ്റി (സി.സെഡ്.എം.എ.) കാര്യമായ നടപടി എടുത്തേ മതിയാവൂ.

കണ്ടൽ സംരക്ഷണത്തിനായി പ്രത്യേക നിയമവും അനിവാര്യമാണ്. അല്ലെങ്കിൽ വനസംരക്ഷണ നിയമത്തിലുൾപ്പെടുത്തി കണ്ടൽ സംരക്ഷിക്കാൻ നിലവിലെ ഭൂമിവില ആസ്പദമാക്കി സ്യകാര്യവ്യക്തികൾക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കുന്ന നടപടി സർക്കാർ പുനരാരംഭിക്കണം. ജലാശയങ്ങൾക്കു സമീപം കൂടുതൽ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതികളും കാര്യക്ഷമമാകണം. കടലുണ്ടി, കൊയിലാണ്ടി മാതൃകയിൽ കൂടുതൽ കണ്ടൽ റിസർവുകളും കേരളത്തിലാവശ്യമാണ്. സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽനിന്നും കടൽത്തീരത്തെ സംരക്ഷിക്കാൻ കണ്ടൽച്ചെടികളും കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന കേരളസർക്കാരിന്റെ പദ്ധതിയാണ് ഹരിതതീരം. പക്ഷേ കേരളത്തിലെ പൂഴിമണൽ നിറഞ്ഞ ബീച്ചുകളിൽ കണ്ടൽ വളർത്തുന്നത് പ്രായോഗികമല്ല.

മാതൃകയാക്കേണ്ട മഹാരാഷ്ട്രൻ മോഡൽ

"കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ തിരിച്ചുപിടിച്ചത് ഇരട്ടിയിലധികം കണ്ടൽ വനസമ്പത്താണ്. മിക്കതും സ്വാഭാവിക വളർച്ചയ്ക്ക് അവസരം ഒരുക്കിയും ചിലത് നിർബന്ധിത വച്ചുപിടിപ്പിക്കൽ വഴിയും. ഇതിനായി മാംഗ്രോവ് സെല്ലും മാംഗ്രോവ് ഫൗണ്ടേഷനും പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ ലക്ഷ്യത്തോടെ വലിയ കണ്ടൽപ്ലാേന്റഷനുകൾ ഒരുക്കി. ഒപ്പം നിയമസംവിധാനവും ശക്തമാക്കി. കണ്ടൽക്കാടുകളുള്ള ഭൂരിഭാഗം സര്ക്കാർ ഭൂമിയും റിസർവ് വനങ്ങളുടെ പരിധിയിൽപ്പെടുത്തി വനം വകുപ്പിനു കൈമാറി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ (ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ) നശിപ്പിക്കപ്പെടുന്ന കണ്ടലുകൾക്ക് നഷ്ടപരിഹാരമായി പ്രോജക്ടിന് വകയിരുത്തിയ തുകയുടെ രണ്ടു ശതമാനം കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ടിലേക്ക് നൽകണമെന്ന് തീരുമാനിച്ചു. ഇത് വഴി അന്യാധീനപ്പെട്ട കണ്ടലിന്റെ പത്തിരട്ടി മഹാരാഷ്ട്രയിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞു. 2005-ൽ നിന്ന് 2021-ലേക്കെത്തുമ്പോൾ മഹാരാഷ്ട്രയിലെ കണ്ടൽക്കാടുകളിൽ 74 ശതമാനത്തിന്റെ വർധനവുണ്ട്. 18600 ഹെക്ടറുള്ളത് 32400 ഹെക്ടറായി. 720 കിലോ മീറ്റർ തീരദൈർഘ്യമുള്ള മഹാരാഷ്ട്രയിൽ 32,400 ഹെക്ടർ കണ്ടൽവനമുണ്ടെങ്കിൽ 590 കിലോ മീറ്റര് തീരദൈർഘ്യമുള്ള കേരളത്തിൽ വർഷങ്ങളായി 1000 ഹെക്ടറിൽ താഴെ മാത്രമാണ് കണ്ടലുള്ളത്. ഇത് വിചിത്രമാണ്."

എൻ. വാസുദേവൻ ഐ.എഫ്.എസ്.
(റിട്ട. ചീഫ് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ, മഹാരാഷ്ട്ര, മുൻ മാംഗ്രോവ് സെൽ തലവൻ, മഹാരാഷ്ട്ര)

WWF റിപ്പോർട്ടിലെ പരാമർശവും ഇന്ത്യയും

റിപ്പോർട്ടിൽ പരാമർശിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനപ്രദേശമായ സുന്ദർബന്റെ മൂന്നിൽ രണ്ടു ഭാഗവും ബംഗ്ലദേശിലാണ്. ബാക്കിയുള്ളവ ഇന്ത്യയിലും. സുന്ദർബൻ മൊത്തം 10 ലക്ഷം ഹെക്ടറുണ്ടെങ്കിലും അതിൽ ഇന്ത്യയിലുള്ളത് 2.1 ലക്ഷം ഹെക്ടറാണ്. ഇന്ത്യയിലെ കണ്ടൽവനങ്ങൾക്ക് കാര്യമായ ശോഷണം സംഭവിച്ചിട്ടില്ലെന്നും സംരക്ഷിതമായിത്തന്നെ നിലനിൽക്കുന്നുവെന്നുമാണ് ഫോറസ്റ്റ് സർവേ ഓഫ്‌ ഇന്ത്യ(എഫ്.സി.ഐ.)യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കണ്ടൽവനങ്ങളുടെ സ്വാഭാവിക വളർച്ചക്കും വച്ചുപിടിപ്പിക്കലിനും ആക്കംകൂട്ടിയ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ഫലം കണ്ടുവെന്നാണ് 2021-വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2019-ലെ സർവ്വേ പ്രകാരമുള്ള കണ്ടൽ വനങ്ങളേക്കാൾ 1700 ഹെക്ടർ വർധനവാണ് 2021-ൽ രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ പത്തുവർഷത്തെ ഇന്ത്യയിലെ കണ്ടൽ വനസമ്പത്ത്(എഫ്.എസ്.ഐ. സർവേപ്രകാരം)

  1. 2001 - 448200
  2. 2003 - 444800
  3. 2005 - 458100
  4. 2009 - 463900
  5. 2011 - 466300
  6. 2013 - 462800
  7. 2015 - 474000
  8. 2017 - 492100
  9. 2019 - 497500
  10. 2021 - 499200(ഹെക്ടറിലാണ് കണക്കുകൾ)
ഇന്ത്യയിൽ കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ളത് പശ്ചിമ ബംഗാളിലും ഗുജറാത്തിലുമാണ്. പക്ഷേ, കണ്ടൽ വർധന ഏറ്റവും കൂടുതലുണ്ടായത് ഒഡിഷയിലും(800 ഹെക്ടർ) മഹാരാഷ്ട്രയിലുമാണ്(400 ഹെക്ടർ). പ്രകൃതിദത്ത പുനരുജ്ജീവനത്തിലൂടെയാണ് മിക്കയിടത്തും വർധനവുണ്ടായത്.

ജി-20 നേതാക്കളുമായി ബാലിയിലെ കണ്ടല്‍വനത്തില്‍ നരേന്ദ്ര മോദി | Photo: ANI

ഇൻഡൊനീഷ്യയിലെ ബാലിയിൽ നടന്ന 17-ാം ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജൊക്കോ വിഡോഡോ തുടങ്ങിയ നേതാക്കൾ ബാലിയിലെ ഏറ്റവും വലിയ കണ്ടൽവനമായ തമാൻ ഹുതൻ രായ എൻഗുറായ് സന്ദർശിച്ചു. ആഗോളപരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഒപ്പം കണ്ടൽച്ചെടി നട്ടുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരേ പൊരുതാനുള്ള മറ്റൊരു നിർണായക ചുവടുവെയ്പ്പ് നടത്തി.

ഇൻഡോനീഷ്യയുടെ ജി-20 അധ്യക്ഷതയ്ക്ക കീഴിലുള്ള ഇൻഡോനീഷ്യയുടെയും യു.എ.ഇയുടെയും സംയുക്ത സംരംഭമായ മാംഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റിൽ ഇന്ത്യ അംഗമായി. കല്ലേൻ പൊക്കുടനെപ്പോലുള്ളവരുടെ ലോകശ്രദ്ധ നേടിയ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു പേരുകേട്ട കേരളം അതിൽനിന്ന് പിറകോട്ടുപോകുന്നത് ശരിയല്ല. കാലാവസ്ഥാവ്യതിയാനങ്ങളും അതിതീവ്രമഴയും മിന്നൽ പ്രളയവും കൊണ്ട് ബുദ്ധിമുട്ടുന്ന മലയാളികൾ പരിസ്ഥിതി സന്തുലനത്തിൽ ശ്രദ്ധ ചെലുത്തിയേ മതിയാവൂ.

Content Highlights: about mangrove conservation and it's importance

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023

Most Commented