പ്രതീകാത്മക ചിത്രം | ഫോട്ടോ:നസി സി.പി
ഗൗരവതരമായി സസ്യശാസ്ത്രമോ ജന്തുശാസ്ത്രമോ പഠിച്ചു തുടങ്ങാനുള്ള ഏറ്റവും നല്ല കര്ട്ടന് റൈസറാണ് ജീവജാലങ്ങളുടെ വര്‍ഗ്ഗീകരണം. ജീവജാലങ്ങളിലെ എല്ലാ വിഭാഗങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കി പഠിച്ചില്ലെങ്കിലും ജീവനിലെ ഹരിതാഭയെ ഒന്നുചേര്‍ത്ത് 'ചെടികള്‍' എന്നും മറ്റു ജീവനുകളെ ഒന്നുചേര്‍ത്ത് 'ജന്തുക്കള്‍' എന്നും വിളിക്കുന്നത് നീതിയുക്തമല്ലാത്ത ലളിതവത്കരണമാണ്. ഫൈവ് കിങ്ങ്ഡം ക്ളാസിഫിക്കേഷന് ഓഫ് ലൈഫ് എന്നതില്‍ നിന്നാണ് പഠനം തുടങ്ങേണ്ടത്. it's a decent classification to start with !
1. Kingdom Monera (കിങ്ങ്ഡം മൊണെറെ )
2. Kingdom Protista (കിങ്ങ്ഡം പ്രോട്ടിസ്റ്റ )
3. Kingdom Plantae (കിങ്ങ്ഡം പ്ലാന്റെ )
4. Kingdom Fungi (കിങ്ങ്ഡം ഫംഗൈ)
5. Kingdom Animalia ( കിങ്ങ്ഡം എനിമാലിയ )
ജീവനെ ഇങ്ങനെ അഞ്ച് 'രാജവംശങ്ങളായി' തരം തിരിക്കുന്നതിന് മുന്‍പേ അടിസ്ഥാനപരമായ രണ്ട് സാമ്രാജ്യങ്ങളായി ( Empire ) ജീവനെ തരം തിരിച്ചിട്ടുണ്ട്!
1. Empire Prokaryota ( പ്രോക്കാരിയോട്ട് )
2. Empire Eukaryota ( യൂക്കാരിയോട്ട് )
ഇതില്‍ പ്രോക്കാരിയോട്ട് എന്ന വിഭാഗത്തില്‍ വരുന്നത് അതീവ ലളിതമായ ജീവികളാണ്. പ്രോക്കാരിയോട്ടുകള്‍ ന്യൂക്ലിയസും മൈറ്റോകോണ്ട്രിയയും, ഗോള്‍ഗി ബോഡീസും എന്റോപ്ലാസ്മിക്ക് റെറ്റിക്കുലവും എന്നിങ്ങനെ മെംബ്രെയിന്‍ ബൗണ്ട് സെല്‍ ഓര്‍ഗനല്‍സ് ഒന്നും തന്നെ ഇല്ലാത്ത ഏക കോശ ജീവികളാണ്. കോശത്തിന്റെ സെല്‍ മെംമ്പ്രൈനകത്ത് സൈറ്റോപ്ലാസത്തില്‍ ചുമ്മാ വളരെ പ്രിമിറ്റീവ് ആയ കോശഘടനയില്‍ ജീനുകള്‍ അങ്ങിങ്ങായി കിടക്കുന്നുണ്ടാകും.
ഭൂമിയില്‍ ജീവന് പരിണമിച്ചുണ്ടായതില്‍ ഏറ്റവും പ്രാകൃതമായ ജീവ വിഭാഗങ്ങളാണ് പ്രോക്കാരിയോട്ട് സാമ്രാജ്യത്തിലെ ജീവജാലങ്ങള്‍. വിഭജിച്ച് വേറിട്ട് രണ്ട് ജീവനായി പരക്കുന്ന അലൈംഗിക പ്രത്യുത്പാദനമാണ് ഇവയില്‍ നടക്കുന്നത് . ലളിത കോശഘടന , തുടര്‍ച്ചയായ വിഭജനം, നൈമിഷികമായ ജീവിത ചക്രം, എണ്ണത്തില്‍ ഏറെയുള്ളവ എന്നീ കാരണങ്ങള്‍ കൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ പുതു സ്പീഷീസുകള്‍ മ്യൂട്ടേഷന് സംഭവിച്ച് ഉണ്ടാകാറുണ്ട്.
മറ്റ് ജീവ വര്‍ഗങ്ങളേക്കാളും എത്രയോ മടങ്ങ് സ്പീഷീസുകള്‍ ഉള്ളതുമാണ് പ്രോക്കാരിയോട്ട് കുടുംബം ! ബാക്റ്റീരിയകള്‍ എല്ലാം പ്രോകാരിയോട്ടുകളാണ്. ചില ബാക്ടീരിയങ്ങളില്‍ ക്ളോറോഫില്‍ ഉണ്ടാകും. അവയ്ക്ക് സൂര്യപ്രകാശം സ്വീകരിച്ച് ഭക്ഷണം 'പാകംചെയ്യാന്‍' കഴിയും , ഇവയെ സൈനോ ബാക്റ്റീരിയങ്ങള്‍ എന്നു പറയുന്നു ..
.jpg?$p=953d0a6&w=610&q=0.8)
ഇനി നമുക്ക് 5 കിങ്ങ്ഡം ക്ലാസ്സിഫിക്കേഷനിലേക്ക് തിരികെ വരാം
1. Kingdom Monera (കിങ്ങ്ഡം മൊണെറെ )
ഭൂമിയിലെ ന്യൂക്ലിയസ്സും മൈറ്റോകോണ്ട്രിയയും സെല്ലിനുള്ളിലെ മറ്റ് 'പ്രമുഖ കുന്ത്രാമണ്ടികളൊന്നുമില്ലാത്ത' എല്ലാ ഏകകോശ ജീവികളുമുള്ള പ്രോകാരിയോട്ടുകള്‍ മുഴുവനും ചേര്‍ന്ന രാജകുടുംബമാണ് കിങ്ങ്ഡം മൊണെറെ ! (പ്രോക്കാരിയോട്ട് സാമ്രാജ്യം തന്നെയാണ് കിങ്ങ്ഡം മൊണെറെ എന്നും പറയാം )
2. Kingdom Plantae (കിങ്ങ്ഡം പ്ലാന്റെ )
ഹരിതകം(Chlorophyll) ഉള്ള , പാചകം ചെയ്യാനാറിയുന്ന , സെല്ലുകളില്‍ ന്യൂക്ലിയസ് ഉള്ള ജീവികളെ എല്ലാം ഒന്ന് ചേര്‍ന്നുള്ള രാജകുടുംബമാണ് കിങ്ങ്ഡം പ്ലാന്റെ ! ഭൂമിയില്‍ നമ്മള് കാണുന്ന ഒട്ടൊരുവിധം 'ഹരിതാഭയും' പ്ലാന്റെ കിങ്ങ്ഡത്തിന്റെ ഭാഗമാണ് ..
.jpeg?$p=d763a24&f=1x1&w=284&q=0.8)
.jpeg?$p=bb857ee&f=1x1&w=284&q=0.8)
.jpeg?$p=e23f617&q=0.8&f=16x10&w=284)
.jpeg?$p=b07a674&q=0.8&f=16x10&w=284)

+3
3. Kingdom Fungi (കിങ്ങ്ഡം ഫംഗൈ)
ഹരിതകമില്ലാത്ത ( No Chlorophyll ) ചലിക്കാത്ത ജീവികളാണ് ഫംഗൈ രാജകുടുംബത്തില്‍ ഉള്‍പ്പെടുന്നത് . പാചകം ചെയ്യാന്‍ അറിയാത്തതിനാല്‍ അത് ജീവിക്കുന്ന പരിസ്ഥിതിയില്‍ നിന്ന് നേരിട്ട് ഭക്ഷണം സ്വീകരിക്കുകയാണ് ചെയ്യുന്നത് .
യീസ്റ്റ് മുതല്‍ കൂൺ വരെ ഭൂമിയില്‍ 2.2 മില്യന്‍ മുതല്‍ 3.8 മില്യന്‍ സ്പീഷീസ് വരെ ഫംഗൈ രാജകുടുംബാംഗങ്ങള്‍ ഉണ്ട് എന്നാണ് കരുതപ്പെടുന്നത് . ( എന്റെ ടെററിയങ്ങളില്‍ മിക്കവാറും മുട്ടന്‍ പണിതരാറുള്ളത് ഇവരാണ് . പ്രത്യേക എന്‍സൈമുകള്‍ പുറപ്പെടുവിച്ച് ചെടികളെ അസ്സലായി ചീയിപ്പിക്കാനും ഒറ്റ രാത്രികൊണ്ട് ടെററിയം മുഴുവന്‍ വെളുത്ത മഞ്ഞു വീണ മട്ടിലാക്കാനും ചില ഫംഗസുകള്‍ക്ക് പറ്റും ) രാവിലെ കഴിക്കുന്ന ദോശയുടെ പേരില്‍ ഫംഗൈരാജകുടുംബത്തോട് ഞാന്‍ തത്ക്കാലം ക്ഷമിച്ചിരിക്കുന്നു.
ഈ പോസ്റ്റ്, ലൈക്കനുകളെ കുറിച്ചായതിനാല്‍ തത്ക്കാലം ഞാന്‍ Kingdom Protista, Kingdom Animalia എന്നിവയെ കുറിച്ച് കൂടുതല്‍ എഴുതുന്നില്ല. പ്ലാന്റെ രാജ്യകുടുംബത്തിലെ സബ് ക്ലാസ്സിഫിക്കേഷനുകളും പിന്നീട് ഈ സീരീസിലെ വേറെ പോസ്റ്റുകളില്‍ അവസരം പോലെ എഴുതാം . നമുക്ക് തത്ക്കാലം പ്ലസ്ടൂവിലെ ജീവശാസ്ത്രം ക്ലാസിലേക്ക് പോകാം .
ടീച്ചര്‍ ഓരോരോ ജീവികളുടെ പേര് പറഞ്ഞ് അവരൊക്കെ ഏത് കിങ്ങ്ഡത്തില്‍ വരും എന്ന് തരം തിരിക്കാന്‍ ആവശ്യപ്പെടുകയാണ് ..
പൂപ്പല്‍ , പായല്‍ , പൂത്താങ്കീരി, കരിമ്പന, കടുവ , കാട്ട് മുയല് , പഴുതാര , കൂണ് , തേനീച്ച , സ്രാവ് , പാമ്പ് , പെരുച്ചാഴി , മൂവാണ്ടന്‍ മാവ് , മാക്രി. വലിയ തെറ്റൊന്നുമില്ലാതെ കുട്ടികള്‍ക്ക് തരം തിരിച്ച് പറയാന്‍ കഴിയുന്നുണ്ട് .ലൈക്കന്‍ (lichen) .ക്ലാസില്‍ ഒരു നിശബ്ദത !
.jpg?$p=740b052&w=610&q=0.8)
'എന്തൂട്ടാ ലൈക്കന്‍?'
'തെങ്ങിന്റെ തടിയിലും പാറമേലുമൊക്കെ പറ്റിച്ചേര്‍ന്ന് വളരുന്ന വെളുത്ത ആ സാധനം കണ്ടിട്ടില്ലേ?'
ടീച്ചര്‍ ലൈക്കന്റെ ചിത്രം ഉയര്‍ത്തി കാണിച്ചു... 'ആ ഞങ്ങക്കറിയാം വീണ് മുട്ടുകാല് പൊട്ടുമ്പോ മുറിവില്‍ ഇത് ചുരണ്ടിയെടുത്ത് പുരട്ടാറുണ്ട് !'
തൃശൂര്‍ ഇരിഞ്ഞാലക്കുട ഭാഗത്തൊക്കെ പൊതുവെ പ്രതലത്തില്‍ നിന്ന് ചുരണ്ടി എടുക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ക്രസ്റ്റോസ് ( crustose ) ലൈക്കനുകളാണ് ഉള്ളത്
ഇത് പൂപ്പലല്ലേ ടീച്ചറെ ? ..
കിങ്ങ്ഡം ഫംഗൈ എന്താ സംശയം !
ഞാനടക്കമുള്ള കുട്ടികള്‍ ഉറക്കെ പറഞ്ഞു ..
എന്നാല്‍ അല്ല ട്ടാ .. ലൈക്കനുകള്‍ രണ്ട് രാജ്യ കുടുംബത്തിലെ അംഗങ്ങള്‍ ചേര്‍ന്നുള്ള ഒരു വിചിത്ര ജീവനാണ് ഫംഗസ്സുകളും അവയ്ക്കുള്ളില്‍ വളരുന്ന ഹരിതകമുള്ള ആല്‍ഗേകളും ചേര്‍ന്ന 'ജീവനാണ്' ലൈക്കനുകള്‍ ! കുട്ടികളുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു . ! ഫംഗസ് തടവറയിലെ ആല്‍ഗെ സൂര്യപ്രകാശവും പോഷകങ്ങളും ഉപയോഗിച്ച് പാചകം ചെയ്യും അതിനെ പൊതിഞ്ഞ ഫംഗസ് പ്രത്യേക എന്‍സൈമുകള്‍ ഉപയോഗിച്ച് പരിസരത്തുള്ള ഓര്‍ഗാനിക്ക് മാറ്ററിനെ ഒക്കെ അഴുകിച്ച് പോഷകങ്ങള്‍ നിര്‍മ്മിക്കും ..കൊള്ളാല്ലോ
ടീച്ചര്‍ ഞങ്ങളെ ഫംഗൈ & ആല്‍ഗേ മിക്സ് ലൈക്കനുകളെ കുറിച്ച് പഠിപ്പിച്ചതിന് ശേഷം കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചിലയിനം ലൈക്കനുകളില്‍ സൈനോബാക്റ്റീരിയ എന്ന മൂന്നാമത്തെ പങ്കാളി കൂടിയുണ്ടെന്ന് കണ്ടെത്തിയത്
ടീച്ചര്‍ ലൈക്കനുകളെ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുന്ന കാലത്ത് ഫംഗൈ , ആല്‍ഗേ , സൈനോ ബാക്റ്റീരിയ 'ത്രീസം' റിലേഷനിലുള്ള അള്‍ട്രാ ഹൈബ്രിഡ് ലൈക്കന്‍ സ്പീഷീസുകളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ലായിരുന്നു .. !
'ഹൗ പവര്‍ ഫുള്‍' അല്ലെ ?
കിങ്ങ്ഡം മൊണെറെയിലെ സൈനോ ബാക്റ്റീരിയ , കിങ്ങ്ഡം പ്ലാന്റെയിലെ ആല്‍ഗേ , കിങ്ങ്ഡം ഫംഗൈയിലെ ഫംഗസ്സുകള്‍ മൂന്ന് രാജകുടുംബങ്ങളുടെ പാരസ്പര്യം ! ചുമ്മാ സിംബയോട്ടിക്ക്റിലേഷന് എന്നൊക്കെ പറഞ്ഞാലൊന്നും പോരാ. ലോകത്ത് ഇന്നേവരെ തരം തിരിച്ചിട്ടുള്ള 20,000 ലൈക്കന്‍ സ്പീഷീസുകളും ആല്‍ഗേ ഫംഗൈ മിക്സാണ്. പ്രജനനവും വളര്‍ച്ചയുമെല്ലാം ഒരുമിച്ച് .
.jpg?$p=acf370f&w=610&q=0.8)
രണ്ട് ജീവനുകളാണ് എന്നു തരം തിരിക്കാന്‍ തന്നെ പ്രയാസം . ലൈക്കനുകളിലെ സൈനോ ബാക്റ്റീരിയ അന്തരീക്ഷവായുവില്‍ നിന്ന് നൈട്രജന്‍ ഫിക്സേഷന് നടത്തി അത് ഫംഗസ്സിനും ആല്ഗേക്കുമുള്ള വളമാക്കി മാറ്റും . ഫംഗൈ തൊട്ടടുത്തുള്ള ജൈവ വസ്തുക്കളെ അത് പുറപ്പെടുവിക്കുന്ന എന്‍സൈമുകള്‍ ഉപയോഗിച്ച് ചീയിച്ച് വളര്‍ച്ചക്ക് വേണ്ടി ഉപയോഗിക്കുന്നു ....
ഒരിച്ചിരി സൂര്യപ്രകാശം ലഭിച്ചാല്‍ ലൈക്കനുകളിലെ ആല്‍ഗേ പങ്കാളി പാചകവും തുടങ്ങും . പിരിച്ചുമാറ്റാനാകാത്ത പാരസ്പര്യം . ഓരോ ഇനം ലൈക്കനുകളും ഓരോ സ്പീഷീസുകളാണ് . കേവലമായ സിംബയോട്ടിക്ക് റിലേഷന്‍ഷിപ്പിലുള്ള ജീവനുകളെ ചേര്‍ത്ത് ഒരൊറ്റ സ്പീഷേസിന്റെ പേര് പറയാറില്ല എന്നു നമുക്ക് അറിയാമല്ലോ ?? ഉദാഹരണത്തിന് മനുഷ്യന്റെ ദഹന നാളത്തില്‍ ധാരാളമായി കാണപ്പെടുന്ന ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളില്‍ ഒന്നിന്റെ സ്പീഷീസ് നാമമാണ് 'Bifidobacterium adolescentis' മനുഷ്യന് സ്വന്തമായി വേറൊരു സ്പീഷീസ് നാമവും ഉണ്ട് Homo sapiens. പാരസ്പര്യത്തോടെ ജീവിക്കുന്ന മനുഷ്യനെയും അവന്റെ ഉള്ളില്‍ ജീവിക്കുന്ന ചങ്ങാതി ബാക്റ്റീരിയയെയും ചേര്‍ന്ന് ഒരൊറ്റ സ്പീഷീസ് നാമം കൊടുക്കാത്തത് എന്തായിരിക്കും ??
ഇവ രണ്ടും രണ്ടു ജീവികളാണ് എന്നതാണ് കാരണം . ലൈക്കൻ ഒരു ജീവിയാണ് . വൈവിധ്യമുള്ള ജൈവ ഘടകങ്ങള്‍ ചേര്‍ന്ന ഒരു ഒരൊറ്റജീവി . ഓരോ സ്പീഷീസ് ലൈക്കനുകള്ക്കും അവയുടേതായ രൂപവും സ്വഭാവവും ഘടനയുമുണ്ട്. മുന്‍പ് പറഞ്ഞതുപോലെ എന്റെ നാടായ ഇരിഞ്ഞാലാക്കുടയില് Crustose lichen എന്ന ഇനത്തില്‍പെട്ട ചുരണ്ടിപ്പോലും എടുക്കാന്‍ ബുദ്ധിമുട്ടുള്ള ലൈക്കനുകളെയാണ് ഞാന്‍ കണ്ടിട്ടുള്ളത് .
പാളികളായി എഴുന്നേറ്റു വളരുന്ന എളുപ്പത്തില്‍ അടര്‍ത്തിയെടുക്കാവുന്ന ലൈക്കന്‍ ഇനങ്ങളെ പൊതുവെ ഫോളിയോസ് ലൈക്കനുകള്‍ ( Foliose lichen) എന്നു പറയും . പൈന്‍ മരങ്ങളില്‍ ധാരാളം വളരുന്ന ഇവ കാറ്റില്‍ വേര്‍പെട്ട് ഇലകള്‍ പോലെ പൊഴിഞ്ഞു വീണ് ചിലയിടങ്ങളില്‍ കാട്ടിടവഴികളില്‍ മെത്തവിരിച്ചതുപോലെ കാണപ്പെട്ടു. ഇനി ഒരിനം ലൈക്കനുകള്‍ ഫ്രൂട്ടിക്കോസ് ലൈക്കനുകളാണ് ( Fruticose lichen ) ലൈക്കനുകളില്‍ സബ്സ്ട്രാറ്റത്തില് നിന്ന് ഏറ്റവും വിട്ട് വളര്‍ന്നു വലുതാകുന്ന ലൈക്കനുകളാണ് ഇത് . മരച്ചില്ലകളില്‍ നീണ്ട , നരച്ച ഹരിത രോമങ്ങള്‍ പോലെ തൂങ്ങിയാടി നില്ക്കും .. !

'റൈന്‍ ഡിയര്‍ ലൈക്കനുകള്‍' (Reindeer lichen) എന്ന പേരില്‍ അറിയപ്പെടുന്ന ലൈക്കനുകള്‍ പോലുമുണ്ട് . റൈന്ഡിയറുകളുടെ ഏറ്റവും വലിയ ഫുഡ്ഡ് സോഴ്സ് ആണ് ഈ ഇനം ലൈക്കനുകള്‍ . പശു പുല്ലു തിന്നുമ്പോള്‍ റൈന്ഡിയറുകള് ലൈക്കനുകളെങ്കിലും തിന്നണ്ടേ ?? അന്തരീക്ഷമലിനീകരണം പല ലൈക്കന്‍ സ്പീഷീസുകള്‍ക്കും നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട് .
വാഹനങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള കാര്‍ബണ്‍മോണോക്സൈഡ് എമിഷനുകളൊന്നും ലൈക്കനുകള്‍ക്ക് താങ്ങാന്‍ സാധിക്കില്ല . ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ലൈക്കനുകളെ കുറിച്ച് പഠിക്കുന്ന . അന്നെ പ്രിങ്കിള്‍ (Anne Pringle) എന്ന ഗവേഷക കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്ത് പലയിടങ്ങളിലുമുള്ള സെമിത്തേരികളിലെ സ്മാരകശിലകളില്‍ ലൈക്കനുകളുടെ വളര്‍ച്ച പഠിക്കുകയും രേഖപ്പെടുത്തുകയുമാണ് ... !
അവര്‍ നിരീക്ഷിച്ചപ്പോള്‍ ഇന്ത്യയിലെ ഡല്‍ഹി പോലെയുള്ള ഇടങ്ങളിലെ നഗരമേഖലകളില്‍ ഒരൊറ്റ ഇനം ലൈക്കനുകള്‍ പോലും കാണുന്നില്ല എന്നത് അവിടുത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു
ലൈക്കനുകളെ പൊതുവെ പൊലൂഷന്‍ ഇന്റിക്കേറ്റെഴ്സ് എന്നു വിളിക്കാറുണ്ട് ! ഇനി നിങ്ങള്‍ എവിടേയ്ക്കെങ്കിലും യാത്രപോകുമ്പോള്‍ അന്തരീക്ഷ മലിനീകരണവും ലൈക്കനുകളുടെ അസാന്നിധ്യവും തമ്മിലുള്ള പരസ്പരബന്ധം നിരീക്ഷിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമല്ലോ . പല സ്പീഷീസ് ലൈക്കനുകളും ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട് . ഫോളിയോസ് ലൈക്കനുകളും ഫ്രൂട്ടിക്കോസ് ലൈക്കനുകളും പക്ഷികള്‍ കൂട് കൂട്ടാനും ഉപയോഗിക്കും . ഇന്നിതുവരെ ലൈക്കനുകളെ എനിക്ക് ടെറാറിയത്തില്‍ വളര്‍ത്തി വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .
ടെറാറിയത്തിനുള്ളില് ഫംഗസ്സുകളെപോലെയോ ആല്ഗേയെപോലെയോ ആക്രാന്തം കാണിച്ച് വളര്‍ന്ന് നിറഞ്ഞു മറ്റ് ചെടികളെ നശിപ്പിക്കാനൊന്നും ലൈക്കനുകള്‍ക്ക് താത്പര്യമില്ല .
'അത്യാവശ്യം സ്വയംഭക്ഷണം പാചകം ചെയ്ത് കഴിക്കാനൊക്കെ താല്പര്യമുള്ള മോഡേണ്‍ ഫാമിലിയാണ് ലൈക്കനുകളുടേത് !' 'നഗ്നഭൂമികളില്' ആദ്യത്തെ അധിനിവേശം നടത്തുന്ന കൂട്ടരാണ് ലൈക്കനുകള്‍.. ഒട്ടുമേ ന്യൂട്രീഷ്യസ് അല്ലാത്ത മേഖലകളിലെ കല്ലുകളിലൊക്കെ പറ്റി പിടിച്ച് വളരുന്ന ഇവ, പതിയെ പതിയെ കല്ലുകളുടെ ഉപരിതലമൊക്കെ പൊടിച്ച് 'മണ്ണുണ്ടാക്കുന്നു' .
ലൈക്കനുകള്‍ക്ക് ശേഷം പതിയെ മോസും ഫേണുകളും ചെറിയ ചെടികളുമൊക്കെ വളര്‍ന്നു തുടങ്ങും . ലൈക്കനുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയെ ലൈക്കനോളജി (Lichenology) എന്നു പറയും . ഭൗമേതരമായ ഗ്രഹങ്ങളില്‍ ബയോബബിളുകള്ക്ക് പുറത്ത് വന്യതയില്‍ ഒരുപക്ഷേ ആദ്യം വളര്‍ത്താന്‍ ശ്രമിക്കുന്ന ജീവനുകള്‍ ലൈക്കനുകളാകാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..