പത്രം വിറ്റ കാശുകൊണ്ട് തുടക്കം; കടലിലെ പ്ലാസ്റ്റിക്കിനെതിരേ പൊരുതി 'ഡ്രോപ്'


സരിന്‍.എസ്.രാജന്‍

ചെറിയ തുക ഈടാക്കി വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നത് ആദ്യം പ്ലാന്‍ അറ്റ് എര്‍ത്തെന്ന സംഘടനയാണ്. പിന്നീട് ഇതേ ആശയം സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയുടെ ഹരിതകര്‍മ സേനയിലൂടെ നടപ്പിലാക്കി

സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന് എതിരേ പ്ലക്കാർഡുമായി സ്‌കൂൾ വിദ്യാർഥികൾ

രയിലെ മാലിന്യം മനുഷ്യന്റെ നിത്യ ജീവിതത്തെ ബാധിക്കുന്നതുകൊണ്ട് അതേ കുറിച്ച് മാത്രമാണ് നമ്മളെന്നും ചർച്ച ചെയ്തതും പരിഹാരം കണ്ടെത്താൻ ശ്രമിച്ചിട്ടുള്ളതും. കടലിലെ മാലിന്യം ജൈവ ചക്രത്തെ ഏറ്റവും ബാധിക്കുന്ന ഒന്നായിട്ടും നാം പലപ്പോഴും വേണ്ടത്ര ശ്രദ്ധ പുലർത്തിയിരുന്നില്ല.. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് Plan @ Earth എന്ന സംഘടന. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് മത്സ്യബന്ധനത്തിന് പുറം കടലിലേക്ക് രണ്ടു കിലോമീറ്റര്‍ ദൂരം പോയാല്‍ പോലും മത്സ്യങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ പത്തിരിട്ടി ദൂരം പോയാല്‍ പോലും മത്സ്യങ്ങള്‍ കിട്ടാത്ത സ്ഥിതി വിശേഷമാണുള്ളത്. കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെയും വില്ലനാകുന്നത്. ഇതിനെതിരായിട്ടാണ് 'ഡ്രോപ്' (Drive To Recover Ocean Plastic) എന്ന പദ്ധതി സംഘടന കൊണ്ടുവന്നത്. 2009 ലാണ് ആലുവ ആസ്ഥാനമാക്കി പ്ലാന്‍ അറ്റ് എര്‍ത്ത് എന്ന സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡ്രോപ്പിനെ കുറിച്ച് സംഘടനയുടെ സെക്രട്ടറി സൂരജ് എബ്രഹാം സംസാരിക്കുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupപാരിസ്ഥിതിക ബഹങ്ങളങ്ങില്ലാതെ തുടക്കം

"വലിയ പാരിസ്ഥിതിക ബഹളങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച സംഘടന ഒരു വര്‍ഷത്തിന് ശേഷമാണ് മാലിന്യനിര്‍മാര്‍ജനത്തിലേക്ക് കടക്കുന്നത്. ഇപ്പോള്‍ എറണാകുളം ജില്ലയിലെ മോഡല്‍ ഹാര്‍ബര്‍ കൂടിയായ മുനമ്പം ഹാര്‍ബറിലാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്നതും പ്ലാന്‍ അറ്റ് എര്‍ത്തെന്ന സംഘടനയാണ്. ഒക്ടോബര്‍ 14ന് തിങ്കളാഴ്ച ബോട്ടുകളിലൂടെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിനായി സംഘടന സ്വീകരിച്ചു. മുനമ്പം ആസ്ഥാനമായുള്ള എഴുന്നൂറോളം ബോട്ടുകളുടെ വലകളില്‍ ഒരു മാസം കുടുങ്ങുന്നത് 11.5 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണെന്ന് ബോട്ട് തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ ഉപജീവനമാര്‍ഗത്തെ കൂടി ബാധിക്കാന്‍ തുടങ്ങിയതോടെ സംഘടനയുടെ 'ഡ്രോപ്' പദ്ധതിക്ക് പിന്തുണയുമായി മത്സ്യബന്ധന തൊഴിലാളികളുമെത്തി.

ആശയം പിറക്കുന്നതിങ്ങനെ

കേന്ദ്ര സര്‍ക്കാരിന്റെ MPEDA( Marine Products Export Development Authority)യും സംസ്ഥാന സര്‍ക്കാരിന്റെ ഫിഷ് നെറ്റിലെയും സാജു, സന്തോഷ് എന്നീ ഉദ്യോഗസ്ഥരാണ് സമുദ്ര മാലിന്യത്തിന് ഒരു പോംവഴി വേണമെന്നാവശ്യവുമായി സംഘടനയെ സമീപിക്കുന്നത്. തുടര്‍ന്ന് സംഘടന 2021 ല്‍ മുനമ്പം ഹാര്‍ബര്‍ അടിസ്ഥാനമാക്കി പഠനം നടത്തി. പഠനത്തില്‍ പ്ലാസ്റ്റിക് മാലിന്യം മത്സ്യബന്ധനത്തെയും ബാധിക്കുന്നതായി കണ്ടെത്തുകയായിരുന്നു. 400 ഓളം വലിയ ബോട്ടുകളും 200 ഓളം ചെറിയ ബോട്ടുകളുമാണ് ഹാര്‍ബറിലുണ്ടായിരുന്നത്. ഈ ബോട്ടുകളെല്ലാം മത്സ്യബന്ധത്തിന് പോകുമ്പോഴും സ്ഥിതി സമാനമായിരുന്നു. 25 ഓളം ദിവസം മത്സ്യബന്ധനത്തിനായി കടലിലേക്ക് ബോട്ടുകള്‍ പോകുമ്പോഴും പ്ലാസ്റ്റിക് മാലിന്യം കടലില്‍ തള്ളുന്ന രീതിയുണ്ടായിരുന്നു.

സമുദ്രത്തില്‍ നിന്നും മത്സ്യ തൊഴിലാളികളിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് മുന്നില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

2018 ലെ പ്രളയത്തിൽ ധാരാളം പ്ലാസ്റ്റിക് മാലിന്യമാണ് കടലിലെത്തിയത്. ഈ വിഷയത്തിൽ മുനമ്പം ഹാര്‍ബറിനെ ഒരു ഓര്‍മപ്പെടുത്തലായി നാം കാണേണ്ടതുണ്ട്", സൂരജ് പറയുന്നു.

കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം വിഘടിച്ച് മൈക്രോപ്ലാസ്റ്റിക് പോലെയുള്ള ഹാനികരമായ പദാര്‍ത്ഥങ്ങള്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. സമുദ്രജീവജാലങ്ങള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും മൈക്രോ പ്ലാസ്റ്റിക് ഭീഷണിയാണ്. രക്തത്തിലും, മുലപ്പാലിലും അടുത്തിടെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്ലാസ്റ്റിക് മാലിന്യം സമുദ്രങ്ങളില്‍ സൃഷ്ടിക്കുന്ന വിപത്തിനെ കുറിച്ച് സംഘടന കൂടുതൽ ബോധവതിയാവുന്നത്.

2021 ഡിസംബറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉദ്യാഗസ്ഥരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി ഒരു ചര്‍ച്ച സംഘടന നടത്തി. മത്സ്യത്തൊഴിലാളികളടക്കം പങ്കെടുത്ത ചര്‍ച്ചയില്‍ പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ പൊരുതാന്‍ തങ്ങള്‍ തയ്യാറെന്ന് ഒരൊറ്റ സ്വരത്തില്‍ അറിയിച്ചു. കടലില്‍ മത്സ്യബന്ധത്തിന് പോകുമ്പോള്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ തയ്യാറായിരുന്നു. പക്ഷേ ഇതിനുള്ള ചെലവ്‌ ആര് വഹിക്കുമെന്നതായിരുന്നു പിന്നീട് നേരിട്ട് വെല്ലുവിളി. സംഘടനയുടെ പ്രവര്‍ത്തനം ആലുവയിലായതിനാല്‍ മുനമ്പത്ത് നിന്നുള്ള മാലിന്യം അവിടെ നിന്നും എത്തിക്കാന്‍ ചെലവ് വരും. എന്നാല്‍ ലഭിക്കുന്നതില്‍ ഭൂരിഭാഗവും പുനരുപയോഗ യോഗ്യമാകണമെന്നില്ല. ഒരു വര്‍ഷത്തോളം പല കമ്പനികളുടെ പിറകെ നടന്നിട്ടും പ്ലാസ്റ്റിക് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. നിരാശയായിരുന്നു ഫലം.

ജൂണ്‍ മാസം പരിസ്ഥിതി ദിനം വന്നെത്തിയതോടെയാണ് ഇതിനൊരു പരിഹാരമാവുന്നത്. എറണാകുളം കേന്ദ്രമായ മൂന്ന് പ്രമുഖ സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമായി. രാജഗിരി പബ്ലിക് സ്‌കൂള്‍, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍, ദ ചോയ്‌സ് സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളായിരുന്നു അത്. മൂന്ന് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി തങ്ങളുടെ ആശയം സംഘടന അവതരിപ്പിച്ചു. ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ നിന്നും പത്രം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇങ്ങനെ കൊണ്ടുവരുന്ന പത്രങ്ങള്‍ ആക്രി വിലയ്ക്ക് നല്‍കി പദ്ധതിക്കുള്ള പണം സംഘടന കണ്ടെത്തുകയായിരുന്നു. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ട്രോളിങ് നിരോധനം വന്നതിനാല്‍ പദ്ധതി അപ്പോള്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല.

സമുദ്ര ശുചീകരണത്തിന് ചെലവ് കണ്ടെത്തുന്നതിനായി വീടുകളില്‍ നിന്നും കൊണ്ടുവന്ന പത്രങ്ങളുമായി വിദ്യാര്‍ഥികള്‍

തുടര്‍ന്ന് നവംബറിലാണ് പദ്ധതി വീണ്ടും ചിറക് വിരിച്ചുയര്‍ന്നത്. തരകന്മാരുടെ (ബോട്ട് ഓപ്പറേറ്റര്‍മാര്‍) അസോസിയേഷന്‍ ശുചീകരണത്തിന് വേണ്ട വല വെച്ചുണ്ടാക്കിയ ബാഗ് സ്‌പോണ്‍സര്‍ ചെയ്തു. കഴിഞ്ഞയാഴ്ച രാജഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെത്തി ബാഗ് വിതരണം നടത്തി. ആദ്യ മാലിന്യ ശേഖരത്തിന് സാക്ഷികളായി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍, ദ ചോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമെത്തി. 13 ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് അന്ന് ലഭിച്ചത്. വീണ്ടും 20 ബോട്ടുകള്‍ക്ക് കൈമാറിയിരിക്കുകയാണിപ്പോളെന്ന് സൂരജ് പ്രതികരിച്ചു. 20-25 ദിവസങ്ങള്‍ക്ക് ശേഷം അവരും സമുദ്രങ്ങളിലെ മാലിന്യവുമായി തിരികെ എത്തും. പദ്ധതിക്കുള്ള തുക കണ്ടെത്താനായതോടെ എല്ലാ മാസവും ഇത്തരത്തില്‍ ശേഖരണം നടത്താനൊരുങ്ങുകയാണ് സംഘടന. അടുത്ത മാര്‍ച്ച് വരെ ഇത്തരത്തില്‍ ശേഖരണം തുടരും. വീണ്ടും പദ്ധതിക്കുള്ള തുക കണ്ടെത്താനായാല്‍ ഈ പ്രദേശത്തോട് ചേർന്ന സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന് ഒരു പരിധി വരെ അറുതിയാകുമെന്ന പ്രത്യാശയും സംഘടന പങ്ക് വെച്ചു. ആവശ്യത്തിനുള്ള തുക കണ്ടെത്താനായാല്‍ മറ്റ് ഹാര്‍ബറുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

Content Highlights: about drop project of a ngo named plan at earth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented