പ്രതീകാത്മക ചിത്രം | Photo-AFP
പാരീസിലെ ലോവ്രെ മ്യൂസിയത്തിൽ ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസ പെയിന്റിംഗിൽ തേച്ച കേക്ക് മുതൽ ലണ്ടനിലെ നാഷണൽ ഗാലറിയിൽ വിൻസെന്റ് വാൻ ഗോഗിന്റെ "സൂര്യകാന്തി" ചിത്രത്തിലേക്ക് എറിഞ്ഞ തക്കാളി സൂപ്പ് വരെ നിരുപദ്രവകാരിയായി കരുതിയ പലതും അന്താരാഷ്ട്ര പത്രങ്ങളുടെ മുൻ പേജുകളിൽ എത്തുമെന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് വരെ ആരാണ് കരുതിയിരുന്നത്. നെതര്‍ലന്‍ഡിലെ ജോഹന്നാസ് വെർമീറിന്റെ ലോക പ്രസിദ്ധമായ "പേൾ കമ്മലുള്ള പെൺകുട്ടി" എന്ന ചിത്രത്തിലേക്ക് പശ ഒഴിച്ചതാണ് ഇക്കൂട്ടത്തിൽ കലയെ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥ പോരാട്ടത്തിന്റെ ഏറ്റവും പുതിയ ഉദാഹരണം. എന്തുകൊണ്ട് പ്രശസ്തമായ കലാസൃഷ്ടികൾ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഇരയാവുന്നു എന്ന ചോദ്യത്തിന് മനോഹരവും അമൂല്യവുമായ ഒന്ന് നിങ്ങളുടെ കൺമുന്നിൽ നശിക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നോ അത് തന്നെയാണ് നമ്മുടെ ഗ്രഹം നശിപ്പിക്കപ്പെടുന്നത് കാണുമ്പോഴും നമുക്ക് തോന്നേണ്ട വികാരം എന്നത് തന്നെയാണ് പ്രതിഷേധക്കാരുടെ ഉത്തരം.
എന്തായാലും ആർട്ട് ഗാലറികൾ തുടങ്ങി പൊതുനിരത്തു വരെ നീളുന്ന സമീപകാല കാലാവസ്ഥാ പ്രതിഷേധങ്ങളും പ്രകടനങ്ങളും വാർത്താ തലക്കെട്ടുകൾ പിടിച്ചെടുക്കുകയും, ഈ ഗറില്ലാ പ്രതിഷേധ രീതിയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു. അക്രമരഹിതമായ ഇത്തരം പ്രക്ഷോഭങ്ങൾ കലാസൃഷ്ടികൾക്ക് നാശം സംഭവിക്കാതിരുന്നിട്ടു പോലും, "പൊതു സ്വത്തിനെതിരായ അക്രമത്തിന്റെ" പരിധിയിൽ വരികയും പ്രതിഷേധക്കാർ നിയമലംഘനത്തിന് കുറ്റം ചുമത്തപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇതിനു സമാനമായി നോർവേയിൽ നടക്കുന്ന എണ്ണ പര്യവേക്ഷണത്തിനെതിരായ കാലാവസ്ഥ-പ്രതിഷേധത്തിന് എന്റെ സഹപ്രവർത്തകനു ഈയടുത്ത് സ്വന്തം കയ്യിൽ നിന്ന് പിഴ അടക്കേണ്ടി വരികയും ചെയ്തു. ഇനി എന്തു കൊണ്ടാണ് കാലാവസ്ഥ സമരങ്ങളിൽ നിയമ ലംഘനം ഇത്രയും പ്രസക്തമാവുന്നത് എന്ന് നോക്കാം.
.jpg?$p=2dcbb92&&q=0.8)
നിയമലംഘനങ്ങളുടെ പ്രസക്തി
കാലാവസ്ഥ-പാരിസ്ഥിതിക പ്രതിസന്ധിയുടെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ഏറെക്കുറെ എല്ലാവർക്കും അറിയാം. ഈ അടിയന്തരാവസ്ഥകളുടെ ശാസ്ത്രീയ പശ്ചാത്തലം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ശാസ്ത്രജ്ഞർ അവരുടെ കണ്ടെത്തലുകളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പൊതുജനങ്ങളെയും സർക്കാരുകളെയും മാധ്യമങ്ങളെയും അറിയിച്ചിട്ടുള്ളതുമാണ്. എന്നാൽ വർദ്ധിച്ചുവരുന്ന കാലാവസ്ഥാ ആഘാതങ്ങളുടെ നിരക്കും വ്യക്തമായ മുന്നറിയിപ്പുകളും തൃണവൽക്കരിക്കപ്പെട്ടുകൊണ്ട് ഹരിതഗൃഹ വാതക ഉത്സർജനവും താപനില വർധനവും ഭൂമിയുടെ ചരിത്രത്തിലെ തന്നെ മറ്റേതൊരു ഘട്ടത്തേക്കാളും വേഗത്തിൽ അനുസ്യുതമായി കുതിച്ചുയരുന്നു എന്നതാണ് നാം കാണുന്നത്. നമ്മൾ അഭിമുഖീകരിക്കുന്ന ഈ കാലാവസ്ഥ വ്യതിയാനം എന്ന വിപത്തിനെ മനുഷ്യരാശിക്കും ജൈവമണ്ഡലത്തിനും ഏറ്റവും വിനാശകരമായ ഭീഷണികളായി തിരിച്ചറിഞ്ഞ്, ഉത്തരവാദിത്തമുള്ള നടപടികൾ ഉടനടി കൈകൊള്ളാൻ നമുക്കിനിയും സാധിച്ചില്ലെങ്കിൽ കൂടുതൽ വിശദമായി പഠനങ്ങൾ നടത്തുന്നതിലോ രേഖപ്പെടുത്തുന്നതിലോ അർത്ഥമില്ല.
ഫോസിൽ ഇന്ധനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ശ്വാസം മുട്ടിക്കുകയാണെന്ന തിരിച്ചറിവ് ഭരണകൂടത്തിന്റെയോ തന്മൂലം സമൂഹത്തിന്റെയോ പെരുമാറ്റത്തിൽ പ്രതിഫലിക്കുന്നില്ല. പ്രധാനമായും സർക്കാരുകൾ, വ്യവസായം, എന്നിവയിൽ നിന്നുള്ള ഈ നിഷ്‌ക്രിയത്വം ഈ ദശാബ്ദത്തിന്റെ അവസാനത്തേക്ക് അനിയന്ത്രിതമായി ചൂട് കൂടുന്നതിലേക്ക് വഴിയൊരുക്കുന്നു. ചുരുക്കി പറഞ്ഞാൽ കാലാവസ്ഥാ വ്യതിയാനത്തിന് അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട എല്ലാ തെളിവുകളും ഉണ്ടായിരിക്കെ അവശ്യ നടപടികൾ കൈകൊള്ളാതിരിക്കുകയും വേണ്ട രീതിയിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നതിലെ ഈ പൊരുത്തക്കേട് ശാസ്ത്രവും ഭരണകൂടവും തമ്മിലുള്ള ഒരു തകർന്ന കരാറാണ് കാണിക്കുന്നത്. ഇവിടെയാണ് കാലാവസ്ഥാ ആക്ടിവിസത്തിന്റെയും നിയമലംഘനത്തിന്റെയും പ്രസക്തി.
പരിസ്ഥിതി ബോധം
പല തരത്തിലുള്ള ആക്ടിവിസങ്ങളെയും ആക്ടിവിസ്റ്റുകളെയും കുറിച്ചും അത് /അവർ സമൂഹത്തിൽ കൊണ്ട് വന്ന മാറ്റങ്ങളെയും കുറിച്ചു നമുക്കറിയാം. കാലാവസ്ഥ പ്രതിസന്ധിക്കു നേരെ ലോകനേതാക്കൾ കണ്ണടക്കുന്നതിനെതിരെ സ്കൂൾ വിദ്യാർത്ഥികളുടെ Fridays for Future എന്ന ഗ്രെറ്റ ത്യുൻബെ നയിക്കുന്ന പാരിസ്ഥിതിക പോരാട്ടങ്ങളെ കുറിച്ചും നമ്മൾ ഏറെ കേട്ടിട്ടുണ്ട്. എന്നാൽ അതിന് അർഹിക്കുന്ന പരിഗണന കിട്ടിയോ അല്ലെങ്കിൽ കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ നമുക്കറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം പോരാട്ടങ്ങൾ നിരന്തരം നടത്തികൊണ്ടിരിക്കേണ്ട ഒരു ഗതികേടിലാണ് പരിസ്ഥിതി ബോധമുള്ള മനുഷ്യർ. കാർബൺ ഉത്സർജനം കുറക്കുക എന്നതിന് മറ്റൊരു പോംവഴിയും ഇല്ല എന്നും കാർബൺ നീക്കം ചെയ്യൽ പോലുള്ള സാങ്കേതിക മാർഗങ്ങൾ ഉത്സർജനം കുറക്കുക എന്നതിനുള്ള ബദൽ അല്ല എന്നും മറിച്ചു പ്രാരംഭ ദശയിലുള്ള ഒരു അധിക നടപടി മാത്രമാണ് എന്നും തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.
ഇത്തരം പോരാട്ടങ്ങൾ നിരന്തരം നടത്തികൊണ്ടിരിക്കേണ്ട ഒരു ഗതികേടിലാണ് പരിസ്ഥിതി ബോധമുള്ള മനുഷ്യർ
അക്രമരഹിതമായ നിയമലംഘനം
ആവശ്യമായതും അടിയന്തിരവുമായ ഒരു പരിവർത്തനത്തിനു സമ്മർദ്ദം ചെലുത്താൻ സഹായിക്കുന്ന അവസാനത്തെ മാർഗമായാണ് non -violent civil disobedience അഥവാ അക്രമരഹിതമായ നിയമലംഘനം പരിഗണിക്കപ്പെടുന്നത്. ഇത്തരം പൗര നിഷേധങ്ങൾ പൂർണമായ നിയമലംഘനത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല, മറിച്ചു ഒരു പൊതു നീതിക്കു വേണ്ടി മനഃപൂർവം ഒരു നിയമം ലംഘിക്കുകയും അതെ സമയം നിയമത്തിനു കീഴടങ്ങി കൊണ്ട് സ്വമേധയാ അറസ്റ് വരിക്കുകയും ചെയ്യുന്ന ഈ രീതി രാഷ്ട്രീയ ആശയവിനിമയത്തിന്റെ ഒരു മാർഗമാണ്. നിയമലംഘനത്തിന്റെ ഏറ്റവും പ്രശസ്തനായ വക്താവായ മാർട്ടിൻ ലൂഥർ കിംഗ്, ജൂനിയർ, ഇത്തരം നിയമലംഘനത്തെ ക്രിയാത്മകമോ മനുഷ്യനിർമിതമോ ആയ നിയമാനുസൃതതയുടെ ഉയർന്ന രൂപമായാണ് കണക്കാക്കിയത്. ഉദാഹരണത്തിന്, ഉപ്പിന്റെ മേലുള്ള ബ്രിട്ടീഷ് കുത്തകയിൽ പ്രതിഷേധിച്ച് ഗാന്ധി നടത്തിയ ഉപ്പുസത്യാഗ്രഹം നിയമലംഘനത്തിന്റെ നിർവചനത്തിൽ പെടുന്നതാണ്. കൂടാതെ വർണ വിവേചനത്തിനെതിരെയും സ്ത്രീ തുല്യതക്കു വേണ്ടിയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും ഒക്കെ ഇതുപോലെ ജനങ്ങൾ തെരുവിലിറങ്ങി നിയമം കയ്യിലെടുക്കുകയും അവ ഫലപ്രാപ്തിയിൽ എത്തുകയും ചെയ്തത് ചരിത്രത്തിൽ നിന്നുള്ള ദൃഷ്ടാന്തങ്ങളാണ്.
ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന വാർത്താമാധ്യമ ശ്രദ്ധ നേടുക, അതിലൂടെ കാലാവസ്ഥാ പ്രതിസന്ധിയെയും പരിഹാരങ്ങളെയും ശാസ്ത്രത്തിനു പിന്നിൽ അണിനിരന്നു പ്രവർത്തിക്കേണ്ട ആവശ്യകതയെയും കുറിച്ച് സുതാര്യമായി ആശയവിനിമയം നടത്തുക തുടങ്ങിയവയാണ് കാലാവസ്ഥ അഭിഭാഷകർ ഈ നൂതന മാർഗത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
ന്യായീകരിക്കപ്പെടുന്ന നിയമലംഘനം
ശാസ്ത്ര രംഗത്തുള്ളവർ ഇത്തരത്തിലുള്ള കാര്യങ്ങളിൽ മുന്നിട്ടിറങ്ങുന്നത് യഥാർത്ഥത്തിൽ ഇതൊരു പ്രതിസന്ധിയാണെന്ന സന്ദേശത്തിന് ആക്കം കൂട്ടും. പൊതുജനങ്ങളെ ഉണർത്താൻ ആവശ്യമായ ശ്രദ്ധ നേടുന്നതിന് ഇതല്ലാതെ ഇനി ഒരുമാർഗം ഇല്ലതാനും. മനുഷ്യ ജീവിതത്തിനും ക്ഷേമത്തിനും കാലാവസ്ഥ പ്രതിസന്ധി വെല്ലുവിളി ഉയർത്തുന്ന പ്രത്യേക സാഹചര്യത്തിൽ ധാർമ്മിക പ്രതിസന്ധി' എന്ന നിലയിൽ, നിയമലംഘനം ന്യായീകരിക്കപ്പെടുന്നു. 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ഭാഗമായി അന്താരാഷ്ട്ര നേതാക്കൾ താപവർധന 2 ഡിഗ്രിയിൽ നിയന്ത്രിക്കാൻ വേണ്ട രാഷ്ട്രീയ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും, തീരുമാനങ്ങൾ എടുക്കുന്നവരുടെ വർഷങ്ങളുടെ കാലതാമസവും അവ്യക്തതയും ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നതിലേക്ക് ഇതിനകം നമ്മെ എത്തിച്ചു, കൂടുതൽ ദൂരവ്യാപകവും തിരിച്ചെടുക്കാനാവാത്തതുമായ അനന്തര ഫലങ്ങൾ ഒഴിവാക്കാൻ നമുക്കിനി വളരെ കുറച്ച് സമയം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നതും നിയമലംഘനത്തിന് കൂടുതൽ സ്വീകാര്യത നൽകി.
%20(1).jpg?$p=5420a3c&&q=0.8)
സമ്പന്നരാജ്യങ്ങളുടെ പങ്ക്
ഈ നവലിബറൽ കാലഘട്ടത്തിൽ ഊർജത്തിന്റെ ഭൂരിഭാഗം ഉപഭോഗവും ലോകത്തിലെ ഏറ്റവും സമ്പന്നരിൽ നിന്നുമാണ് വരുന്നത്, സമ്പന്നരായ 10% ആഗോള വ്യക്തിഗത ഉദ്വമനത്തിന്റെ പകുതിയോളം സംഭാവന ചെയ്യുന്നു. അവികസിത-വികസ്വര രാജ്യങ്ങളിൽ ഏറ്റവും ചെറിയ കാർബൺ കാൽപ്പാടുകൾ (Carbon Footprint) ഉണ്ടായിരിക്കാം, പക്ഷേ ആഗോളതാപനം മൂലമുണ്ടാകുന്ന തീവ്രമായ കാലാവസ്ഥയെ ആദ്യം അഭിമുഖീകരിക്കേണ്ടി വരുന്നത് അവരാണ്. അതിനാൽ തന്നെ ഈ പ്രതിസന്ധി ഒരു ആഗോള പ്രശ്നമാണെന്നതിൽ തർക്കമില്ല. ലിംഗഭേദം, സമ്പത്ത്, സാമൂഹിക അസമത്വം എന്നിവ കൈകാര്യം ചെയ്യുന്നതാണ് കാലാവസ്ഥാ അനീതിക്കെതിരായ പോരാട്ടത്തിന്റെ കാതൽ. അതുകൊണ്ട് തന്നെ വികസിത സമൂഹങ്ങളിൽ നിന്നും ഇത്തരം ഇടപെടലുകൾ പ്രതീക്ഷാവഹമാണ്.
വർദ്ധിച്ചുവരുന്ന ഈ പ്രതിസന്ധിക്കിടയിൽ, പല ശാസ്ത്രജ്ഞരും അവരുടെ അക്കാദമിക ലോകം ഉപേക്ഷിച്ച് പരസ്യമായി കാലാവസ്ഥ രാഷ്ട്രീയ ഇടപെടലുകൾ നടത്തുക, കാലാവസ്ഥ അഭിഭാഷകരായി തുടരുക, കാലാവസ്ഥ നീതിക്കു വേണ്ടി പോരാടുക തുടങ്ങിയവ തങ്ങളുടെ അധിക ഉത്തരവാദിത്തമായി തിരിച്ചറിയുന്നു, കാലാവസ്ഥാ പ്രതിസന്ധി അതിൽ കുറവൊന്നും ആവശ്യപ്പെടുന്നില്ലതാനും. മനുഷ്യവംശത്തിന്റെ സുഗമമായ നിലനിൽപിന് ഫോസിൽ ഇന്ധനങ്ങൾ തീർച്ചയായും നമ്മെ സഹായിച്ചു. എന്നാൽ ഇവയുടെ അമിത ഉപയോഗം, പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ, ത്വരിതഗതിയിൽ ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെടാൻ കാരണമായി. വ്യാവസായിക പ്രവർത്തനങ്ങൾ ലോകത്തെ എത്രമാത്രം സാരമായി ബാധിച്ചുകഴിഞ്ഞു എന്നതിന്റെ തെളിവാണ് 1900 മുതൽ ആഗോള ജൈവവൈവിധ്യത്തിൽ വന്ന ഇടിവ്. തദ്ദേശീയ ജീവിവർഗങ്ങളുടെ 20% നശിപ്പിക്കപ്പെട്ടു. 16-ആം നൂറ്റാണ്ട് മുതൽ ഭക്ഷണത്തിനും കൃഷിക്കും ഉപയോഗിചു വരുന്ന വളർത്തുമൃഗ-ഇനങ്ങളിൽ 9% ത്തിലധികം 2016 ആയപ്പോഴേക്കും വംശനാശം സംഭവിച്ചു.
വംശനാശഭീഷണി
വംശനാശഭീഷണി നേരിടുന്ന പട്ടികയിൽ 40% ഉഭയജീവി ഇനങ്ങളും, 10% പ്രാണികളും ഏതാണ്ട് 33% പവിഴപ്പുറ്റുകളും, സമുദ്രത്തിലെ മൂന്നിലൊന്ന് ഭാഗം സസ്തനികളും ഉൾപ്പെടുന്നു. ഒരു ദശലക്ഷം മൃഗങ്ങളും സസ്യജാലങ്ങളും ഇപ്പോൾ വംശനാശ ഭീഷണിയിലാണ്. ഭീമാകാരമായ ഹിമപാളികൾ, സമുദ്ര പ്രവാഹങ്ങൾ, പെർമാഫ്രോസ്റ്റ് മേഖലകൾ എന്നിവ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം മാറ്റങ്ങൾക്ക് വിധേയമായി കഴിഞ്ഞു. താപവർധന 1.2 ഡിഗ്രി കടന്നതോടു കൂടി ആർട്ടിക് ഉരുകുന്നത് പോലെ, അപകടകരമായ ഇത്തരം അഞ്ച് കാലാവസ്ഥാ ടിപ്പിംഗ് പോയിന്റുകൾ ഇതിനകം കടന്നുപോയിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി 4 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ഒരു ലോകത്തിലേക്കാണ് നമ്മൾ പോകുന്നത്. ഇത് ഭൂരിഭാഗം ആവാസവ്യവസ്ഥകൾക്കും വിനാശകരമാണ്, എട്ട് ബില്യൺ ആളുകളെ അല്ലെങ്കിൽ അതിന്റെ പകുതിയെപ്പോലും ഇതിനോട് പൊരുത്തപ്പെടാൻ (Adaptation) പാകപ്പെടുത്തി എടുക്കുക അസംഭവ്യം ആണ്. 2050-ഓടെ നമ്മൾ മറി കടക്കാൻ പോവുന്ന 2 ഡിഗ്രി താപവർധന പോലും നമ്മളെ കൊണ്ടെത്തിക്കുക വലിയ അപകടത്തിലേക്കാണ്.
വേണ്ടത്ര ഭക്ഷണവും വെള്ളവുമില്ലാതെ കോടിക്കണക്കിന് ആളുകൾ, ദശലക്ഷക്കണക്കിന് അഭയാർത്ഥികൾ, എല്ലാ വർഷവും ചരിത്രപരമായ പ്രകൃതി ദുരന്തങ്ങൾ, യുദ്ധം, രോഗങ്ങൾ, രാഷ്ട്രീയവും സാമ്പത്തികവുമായ വിപ്ലവം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പരിഹാരമില്ലാത്ത പ്രശ്നങ്ങൾ. ഇവയൊക്കെ തന്നെയാണ് ശാസ്ത്രജ്ഞരുടെ ചെറുത്തുനിൽപ്പിനു ആധാരം. ഒരു സമൂഹമെന്ന നിലയിൽ വരാനിരിക്കുന്ന നാഗരിക തകർച്ചയെ അഭുമുഖീകരിക്കാനും നമ്മളാലാവുന്ന വിധം പൊരുതാനും നമുക്ക് ക്ലൈമറ്റ് എമർജൻസി മോഡിലേക്ക് മാറേണ്ടതുണ്ട്. ഊർജ സംവിധാനങ്ങൾ, ഗതാഗതം, വ്യവസായം, ഭൂവിനിയോഗം, കൃഷി, പാർപ്പിടം എന്നിവയെ പരിവർത്തനം ചെയ്യാനും കാലാവസ്ഥാ തകർച്ചയുടെ പ്രത്യാഘാതങ്ങൾക്ക് തയ്യാറെടുക്കാനും നമുക്ക് വലിയ നിക്ഷേപം ആവശ്യമാണെന്ന് IPCC റിപ്പോർട്ട് പറയുന്നു.
വംശനാശ കലാപവും ശാസ്ത്രജ്ഞരുടെ കലാപവും
2020 ഇൽ യുകെ യിലെ രണ്ട് ശാശ്ത്രജ്ഞർ തുടങ്ങിയ Scientist Rebellion അഥവാ ശാസ്ത്രജ്ഞരുടെ കലാപം എന്നറിയപ്പെടുന്ന സംഘടന ഈ രംഗത്തു വലിയ അംഗീകാരം നേടി. കാലാവസ്ഥ നയങ്ങൾ ത്വരിതപ്പെടുത്താൻ നിയമ ലംഘനത്തിലൂടെ സർക്കാരുകളെ സമ്മർദ്ദത്തിലാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട Extinction Rebellion (വംശനാശ കലാപം) ന്റെ തുടർച്ചയാണ് Scientists Rebellion. ഫോസിൽ ഇന്ധന വ്യവസായങ്ങൾ സർക്കാരുകളെ വിലയ്ക്ക് വാങ്ങുകയും അവർക്കനുകൂലമായി ഗവേഷണ ഫലങ്ങൾ വളച്ചൊടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വസ്തുനിഷ്ഠമായ അറിവ് ജനങ്ങളിലേക്ക് എത്തിക്കുക എന്നത് പ്രധാനമാണ്. കാലാവസ്ഥ പ്രതിസന്ധിയിൽ എന്ത് ചെയ്യുമെന്നറിയാതെ പകച്ചിരുന്ന ഒരുപാട് പേർക്ക് ഇതിൽ ഭാഗഭാക്കാവാൻ സാധിച്ചു. IPCC സംഭാവകർ ഉൾപ്പെടെ 42 രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം അക്കാദമിക് വിദഗ്ധർ ഇതിനകം ഈ സംഘടനയിൽ ഒപ്പുവച്ചു കഴിഞ്ഞു, വിവിധ ശാസ്ത്ര പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും അല്ലാത്തവരും ഇതിൽ പ്രവർത്തകരാണ്.
പ്രത്യക്ഷമായല്ലെങ്കിലും, ശാസ്ത്രജ്ഞർക്ക് അധികാരവും നിയമസാധുതയും ഉണ്ട്, അത് രാഷ്ട്രീയപരമായി എങ്ങനെ ഉപയോഗപ്പെടുത്തി സമൂഹത്തിൽ എങ്ങനെ മാറ്റം കൊണ്ട് വരാം എന്ന് നോക്കാൻ തന്നെയാണ് ഈ സംഘടയുടെ തീരുമാനം. കാലാവസ്ഥ നയങ്ങൾ രാഷ്ട്രീയ അജണ്ടയിലില്ലാത്ത സ്ഥലങ്ങളിൽ എണ്ണ ശുദ്ധീകരണശാലകൾ ഉപരോധിക്കുന്നത് മുതൽ പരിസ്ഥിതി അവബോധം വളർത്തുന്നത് വരെ വ്യത്യസ്ത സമൂഹങ്ങളിൽ വ്യത്യസ്ത നടപടികളാണ് ഈ സംഘടന മുന്നോട്ട് വെക്കുന്നത്.
ഇനി, നിയമലംഘനത്തിൽ ശാസ്ത്രജ്ഞരുടെ പങ്കാളിത്തത്തിന് ഒരു എതിർ വാദം, ഇത് ശാസ്ത്രത്തിന്റെ സമഗ്രതയെ ദുർബലപ്പെടുത്തും എന്നതാണ്. ശാസ്ത്രവും രാഷ്ട്രീയവും വേറിട്ടുനിൽക്കണം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ അഭിപ്രായം. എന്നാൽ, അസ്തിത്വപരമായ പാരിസ്ഥിതിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഈ പാരമ്പര്യ മാനദണ്ഡങ്ങൾ പിന്തുടരേണ്ടതില്ല എന്നതു തന്നെയാണ് ന്യായം. അതേസമയം, കാലാവസ്ഥാ പ്രതിസന്ധിയെ ചുറ്റിപ്പറ്റിയുള്ള സാമൂഹികവും രാഷ്ട്രീയവുമായ ഘടനകളെക്കുറിച്ചും മാറ്റങ്ങൾ എവിടുന്നു എങ്ങനെ തുടങ്ങണം എന്നതിനെ കുറിച്ചും ആഴത്തിലുള്ള ധാരണയിലേക്ക് പങ്കാളിത്തം നയിക്കും. മാത്രമല്ല ശാസ്ത്രജ്ഞരുടെ വിശ്വാസ്യത ഇത്തരം പ്രവർത്തനങ്ങളിൽ (climate advocacy) ഏർപെടുന്നതിലൂടെ ദുർബലപ്പെടുന്നില്ലെന്നു പഠനങ്ങൾ കണ്ടെത്തി. നേരെമറിച്ച്, പൊതുനന്മയ്ക്കായി വാദിക്കാൻ ശാസ്ത്രജ്ഞർ തങ്ങളുടെ അറിവ് ഉപയോഗിക്കണമെന്ന് പൊതുജനങ്ങളിൽ പലരും പ്രതീക്ഷിക്കുന്നു. താരതമ്യേന ലിബറൽ സമൂഹങ്ങളിൽ ജീവിക്കുന്ന പൗരന്മാർക്ക് നിയമലംഘനവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വ്യക്തിപരമായ അപകടസാധ്യത കുറവാണു എന്നത് അമേരിക്കയിലും യൂറോപ്പിലും പരിസ്ഥിതി-പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിന് കാരണമായി.
മറ്റുള്ളവരുടെ പങ്കാളിത്തത്തിനുള്ള തടസ്സങ്ങൾ കുറയ്ക്കാനും, പാരിസ്ഥിതിക പ്രവർത്തനത്തിനായി സമ്മർദ്ദം ചെലുത്താനുമുള്ള അവസരമായി കൂടി ഇതിനെ ഉപയോഗപ്പെടുത്താൻ പറ്റും. കാലാവസ്ഥാ എമർജൻസി ഫണ്ടിൽ (https://www.climateemergencyfund.org/) നിന്നുള്ള സാമ്പത്തിക പിന്തുണയും ലോകമെമ്പാടുമുള്ള വ്യക്തിഗത ദാതാക്കളിൽ നിന്നുള്ള സംഭാവനകളും മാത്രമാണ് ഇവരുടെ സാമ്പത്തിക പിന്തുണ.
ഈയൊരു കാലാവസ്ഥ, ജൈവവൈവിധ്യ പ്രതിസന്ധിയുമായി ഒരു താരതമ്യപ്പെടൽ അത്ര എളുപ്പമല്ല എന്ന് മാത്രമല്ല, അതിനൊരു ഒറ്റമൂലി പരിഹാരവുമില്ല. കാരണം പരിഹാരങ്ങൾ ഓരോ പ്രദേശത്തിന്റെയും പ്രത്യേക പ്രശ്നങ്ങൾ, സന്ദർഭങ്ങൾ, ആവശ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായിരിക്കണം. എന്നിരുന്നാലും, കൂടുതൽ സുസ്ഥിരമായ ഒരു ലോകത്തിലേക്കുള്ള പൊതു സമീപനത്തിൽ, ഫോസിൽ ഇന്ധനങ്ങളിലുള്ള നമ്മുടെ ആശ്രിതത്വം കുറയ്ക്കുക, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുക, ഹരിത അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യകളിലും നിക്ഷേപം നടത്തുക, പ്രകൃതി വിഭവങ്ങളും പരിസ്ഥിതി വ്യവസ്ഥകളും സംരക്ഷിക്കുക എന്നിവ ഉൾപ്പെടുന്നു.
ബഹിർഗമനം കുറയ്ക്കുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും കൂടുതൽ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥകൾ സൃഷ്ടിക്കുന്നതിനും നാം നടപടികൾ കൈക്കൊള്ളണം. അതേസമയം, ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും തന്മൂലം തൊഴിൽ നഷ്ടപെടുന്നവർക് പുനരധിവാസം സാധ്യമാകുന്ന രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയിൽ സാമൂഹികവും സാമ്പത്തികവുമായ നയങ്ങളിൽ സർക്കാരുകൾ നിക്ഷേപം നടത്തേണ്ടതുണ്ട്. ആത്യന്തികമായി, സുസ്ഥിരമായ ഒരു ലോകം സാധ്യമാണ്, പക്ഷേ അത് സാധ്യമാക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ഇതിനർത്ഥം നമ്മുടെ ദൈനംദിന ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുക, ഹരിത സാങ്കേതികവിദ്യകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്തുക, നമ്മുടെ പരിസ്ഥിതിയെയും ഗ്രഹത്തെയും സംരക്ഷിക്കുകയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങളെ പിന്തുണയ്ക്കുക.
(നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആണ് ലേഖിക)
Content Highlights: about climate change and non -violent civil disobedience
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..