പ്രതിവര്‍ഷമുണ്ടാകുന്നത് 380 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യം; 'ബയോപ്ലാസ്റ്റിക്' എന്ന ബദല്‍


റസിയ സുൽത്താന

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദുരന്തം ലോകത്തിന് ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന കാര്യത്തിൽ ഒരു വീണ്ടുവിചാരമുണരുകയാണ്. കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് എന്ന ബദലിനുവേണ്ടിയുള്ള ശ്രമങ്ങൾ ഇന്ത്യയിലും തുടങ്ങിയിരിക്കുന്നു

പ്രതീകാത്മക ചിത്രം

പ്ലാസ്റ്റിക് മലിനീകരണം സർവജീവജാലങ്ങൾക്കും വെല്ലുവിളിയായി മാറിയിരിക്കുന്ന കാലഘട്ടമാണിത്. എവറസ്റ്റ് കൊടുമുടി മുതൽ ചലഞ്ചർ ഗർത്തംവരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപിച്ചുകിടക്കുന്നു. പ്രതിവർഷം 380 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ലോകമെമ്പാടുമായി ഉണ്ടാകുന്നത്. അടിയന്തരമായി പരിഹാരമാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ, അടുത്ത പത്തുവർഷങ്ങൾക്കുള്ളിൽ ഈ സംഖ്യ ഇരട്ടിയായേക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ വേളയിലാണ് ബയോപ്ലാസ്റ്റിക്, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് തുടങ്ങിയവയുടെ ഉത്പാദനവും ഉപയോഗവും ചർച്ചചെയ്യപ്പെടുന്നത്. പരിസ്ഥിതിക്ക് നാശമുണ്ടാക്കാത്ത കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇന്ത്യയിൽ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-ന് കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിന്റെ ഉത്പാദനത്തിനും വാണിജ്യവത്കരണത്തിനുമായി മഹാരാഷ്ട്രയിലെ സത്താരയിൽ പ്രവർത്തിക്കുന്ന 'ടി.ജി.പി. ബയോപ്ലാസ്റ്റിക്സ്' എന്ന സ്റ്റാർട്ടപ്പിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി, ഡോക്ടർ ജിതേന്ദ്ര സിങ് 1.15 കോടി രൂപയുടെ വായ്പാസഹായം പ്രഖ്യാപിക്കുകയും പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ ധാരണാപത്രം ഒപ്പിടുകയും ചെയ്തത് ഇതിന്റെ ആദ്യപടിയാണ്. ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെയും (DST NIDHI Prayas) നീതി ആയോഗിന്റെയും യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷന്റെയും (UNIDO) ഫണ്ടുകൾ ഇതിനായി ഉപയോഗിക്കുന്നു.

സിംഗിൾ യൂസ് പ്ലാസ്റ്റിക് (എസ്.യു.പി.)

ഒരുതവണ മാത്രം ഉപയോഗിക്കുകയും ശേഷം ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നവയാണ് സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ. ഇവ റീസൈക്കിൾ ചെയ്യപ്പെടുന്നില്ല എന്നതിനാൽ, മാലിന്യമായി അവശേഷിച്ച് മിക്കപ്പോഴും സമുദ്രങ്ങളിലേക്കെത്തുന്നു. പാത്രങ്ങൾ, ബലൂണുകൾ, പാഴ്സൽ കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിങ്ങനെ നമ്മുടെ കൈകളിൽ എത്താറുള്ള പലതും എസ്.യു.പി. ഉത്പന്നങ്ങളാണ്. 2019-ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സിംഗിൾ യൂസ് പ്ലാസ്റ്റിക് മലിനീകരണത്തിൽനിന്ന് മോചിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു. മിനിസ്ട്രി ഓഫ് എൻവയൺമെൻറ് ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് 2021-ൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് (അമെൻഡ്മെന്റ്) റൂൾസ് പ്രഖ്യാപിച്ചു. വലിയതോതിൽ മാലിന്യഭീഷണിയുണ്ടാക്കുന്ന 20 ഇനം സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ 2022-ഓടുകൂടി നിരോധിക്കുകയായിരുന്നു ലക്ഷ്യം.

കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്

പെട്രോളിയം അല്ലെങ്കിൽ നാച്വറൽ ഗ്യാസിൽനിന്നുള്ള പോളിമറുകളാണ് സാധാരണ പ്ലാസ്റ്റിക് വസ്തുക്കളിൽ കാണപ്പെടുക. ഇവ മണ്ണിൽ ചേർന്നുതുടങ്ങണമെങ്കിൽ, 500 മുതൽ 700 വർഷങ്ങൾവരെ വേണ്ടിവരും. സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകൾ പൊടിഞ്ഞ് മൈക്രോപ്ലാസ്റ്റിക്കുകളായി മാറുകയാണ് പതിവ്. അഞ്ച് മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ളവയാണ് മൈക്രോപ്ലാസ്റ്റിക്കുകൾ. ഇവ ദീർഘകാലം മണ്ണിൽ അവശേഷിക്കുകയോ ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുകയോ ചെയ്യുന്നു. പ്രകൃതിമലിനീകരണത്തിന് പുറമേ ജീവജാലങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാനും മൈക്രോപ്ലാസ്റ്റിക്കുകൾക്ക് കഴിയും. 15 മുതൽ 51 ട്രില്യൺ വരെ മൈക്രോപ്ലാസ്റ്റിക് കണികകൾ ലോകമെമ്പാടുമുള്ള ജലാശയങ്ങളിൽ പരന്നുകിടക്കുന്നു എന്നാണ് കണക്കുകൾ. മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഹാനികരമാകുന്ന വിഷവാതകങ്ങൾ പുറന്തള്ളുന്നതിനാൽ, പ്ലാസ്റ്റിക് മാലിന്യത്തെ കത്തിച്ചുകളയാനും സാധിക്കുന്നില്ല. ഇതിന് പരിഹാരമായി ആദ്യം പരിഗണിച്ചിരുന്നത് ഹൈബ്രിഡ് പ്ലാസ്റ്റിക്കിനെയായിരുന്നു. പെട്രോളിയത്തിൽനിന്നും സസ്യസ്രോതസ്സുകളിൽനിന്നും വേർതിരിച്ചെടുത്ത പോളിമറുകൾ ഒരുമിച്ചുപയോഗിച്ചാണ് ഇവ നിർമിക്കുക. എന്നാൽ, പെട്രോളിയത്തിന്റെ സാന്നിധ്യമുള്ളതിനാൽ, ഇവയെ പൂർണമായി കമ്പോസ്റ്റാക്കുക സാധ്യമല്ല. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധികൾക്കുള്ള പരിഹാരമെന്ന നിലയിൽ, ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടതാണ് കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കുകൾ. പ്ലാസ്റ്റിക്കിന്റെ മെച്ചങ്ങളുണ്ട് എന്നതിനൊപ്പം ഉപയോഗശൂന്യമാകുമ്പോൾ കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യാമെന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്.

ചോളം, ഉരുളക്കിഴങ്ങ്, മരച്ചീനി തുടങ്ങിയ സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന അന്നജം അഥവാ സ്റ്റാർച്ച് ആണ് കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് നിർമാണത്തിന് ഉപയോഗിക്കുക. ഗ്ലൂക്കോസ് മോണോമറുകൾ ചേർന്നാണ് സ്റ്റാർച്ച് എന്ന പോളിമർ ഉണ്ടാകുന്നത്. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗശേഷം കമ്പോസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുമ്പോൾ, വിഘടനം നടന്ന് കാർബൺഡയോക്‌സൈഡും വെള്ളവും ബയോമാസും ആയി മാറുന്നു. പ്ലാസ്റ്റിക് മാലിന്യം ഇങ്ങനെ കമ്പോസ്റ്റായി മാറുന്നതുവഴി പ്രകൃതിമലിനീകരണം തടയാൻ സാധിക്കുന്നു.

കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണത്തിന് താരതമ്യേന കുറവ് ഊർജമാണ് ആവശ്യമായിവരുന്നത്. നിർമാണപ്രക്രിയയ്ക്കിടയിൽ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവും കുറവ്. ഭക്ഷ്യപദാർഥങ്ങൾ കൈകാര്യംചെയ്യുന്ന പാത്രങ്ങളും കണ്ടെയ്നറുകളും നിർമിക്കാനാണ് കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് ഏറ്റവും ഉപയുക്തമാവുക. സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് നിലവിൽ ഈ ആവശ്യത്തിനായി ഉപയോഗിച്ചുവരുന്നത്. എന്നാൽ, ഇവയിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് റീസൈക്ലിങ് പ്രക്രിയയെ സാരമായി ബാധിക്കുന്നു. കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെത്തന്നെ എളുപ്പത്തിൽ കമ്പോസ്റ്റാക്കി മാറ്റാം. നഗരങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ വലിയൊരു പങ്കും ഭക്ഷണം പാഴ്സൽ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ളവയാണെന്നിരിക്കെ, ആ പ്രശ്‌നത്തിനുള്ള മികച്ച പരിഹാരമാണ് കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് എന്നതിൽ സംശയമില്ല.

നിർമാണരീതി

ജൈവസ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന വിവിധ പോളിമറുകൾ നിർമാണത്തിനായി ഉപയോഗിക്കാറുണ്ട്. സെല്ലുലോസ് (Cellulose), കൈറ്റോസാൻ (Chitosan), പ്രോട്ടീൻ, സ്റ്റാർച്ച് എന്നിവയുപയോഗിച്ച് ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുന്നു. പ്ലാസ്റ്റിക്കിന് വഴക്കവും മൃദുത്വവും നൽകുന്ന ഘടകങ്ങളെയാണ് പ്ലാസ്റ്റിസൈസറുകൾ (Plasticizers) എന്ന് പറയുന്നത്. വെള്ളം, ഗ്ലിസറോൾ മുതലായ പ്ലാസ്റ്റിസൈസറുകൾ ചേർക്കുകവഴി സ്റ്റാർച്ചിനെ തെർമോപ്ലാസ്റ്റിക് സ്റ്റാർച്ച് (Thermoplastic starch) ആക്കുകയാണ് ആദ്യഘട്ടം. ഈ രൂപത്തിലുള്ള സ്റ്റാർച്ച് വേഗം ഈർപ്പത്തെ ആഗിരണംചെയ്യുന്നതിനാൽ, ഇവയുപയോഗിക്കുന്നത് എളുപ്പമല്ല. ഇത് പരിഹരിക്കാനായി പോളിലാക്ടിക് ആസിഡ് (Polylactic Acid-PLA), പോളിഹൈഡ്രോക്സിബ്യൂട്ടൈറേറ്റ് (polyhydroxybutyrate) പോലെയുള്ള ബയോപോളിമറുകൾ ഇതോടൊപ്പം ചേർക്കുന്നു. വിവിധഘട്ടങ്ങളിൽ ചേർക്കുന്ന ഘടകങ്ങളെല്ലാം കമ്പോസ്റ്റബിളാണെന്ന് ഉറപ്പാക്കുന്നതിനാൽ, അവസാനം രൂപംകൊള്ളുന്ന പ്ലാസ്റ്റിക്കും കമ്പോസ്റ്റബിളാകുന്നു.

ബയോപ്ലാസ്റ്റിക്കുമായി CTCRI

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ICAR) കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രം (CTCRI-Central Tuber Crops Research Institute). മരച്ചീനി(cassava)ത്തണ്ടിൽനിന്ന് വേർതിരിച്ചെടുക്കുന്ന സ്റ്റാർച്ചുപയോഗിച്ച് ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് നിർമിക്കുന്നതിൽ ഈ സ്ഥാപനം വിജയിച്ചു. ഈ ഗവേഷണവുമായി ബന്ധപ്പെട്ട് നാല് പേറ്റന്റുകൾ സി.ടി.സി.ആർ.ഐ. സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരം ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനായി മരച്ചീനി സ്റ്റാർച്ചിനൊപ്പം സോയാബീൻ എണ്ണ, മാലിക് ആൻഹൈഡ്രൈഡ് (Maleic Anhydride) എന്നിവ ചേർത്ത് തയ്യാറാക്കുന്ന CS-SOMA മിശ്രിതമാണ് സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംഭാവന.

പ്ലാസ്റ്റിക് വിവിധതരം

1. ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് (Biodegradable Plastics): സ്വാഭാവികമായി മണ്ണിലേക്ക് അഴുകിച്ചേരുന്നവയാണ് ഇത്തരം പ്ലാസ്റ്റിക്കുകൊണ്ടുണ്ടാക്കിയ വസ്തുക്കൾ. പക്ഷേ, ഇതിന് കാലതാമസമെടുക്കാം.
2. വ്യാവസായികമായി കമ്പോസ്റ്റാക്കാവുന്ന പ്ലാസ്റ്റിക് (Industrially Compostable Plastics): വ്യാവസായികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്പോസ്റ്റ് നിർമാണകേന്ദ്രങ്ങളിൽ അനുകൂലസാഹചര്യങ്ങളിൽ അഴുകുന്നവയാണ് ഇവ.
3. വീടുകളിൽ കമ്പോസ്റ്റാക്കാവുന്ന പ്ലാസ്റ്റിക് (Home Compostable Plastics): വ്യാവസായിക കമ്പോസ്റ്ററുകളിലുള്ളതിനെക്കാൾ കുറഞ്ഞ താപനിലയിൽ വീടുകളിൽത്തന്നെ കമ്പോസ്റ്റാക്കി മാറ്റാവുന്നവയാണ് ഇവ. ഇതിനായി, വീടുകളിൽ കമ്പോസ്റ്റർ സ്ഥാപിക്കേണ്ടതായുണ്ട്.
4. ബയോ-ബേസ്ഡ് പ്ലാസ്റ്റിക് (Bio-based Plastics): പൂർണമായോ ഭാഗികമായോ ജൈവസ്രോതസ്സുകളിൽനിന്നുമുള്ള പോളിമറുകളാണ് ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്.
5. നോൺ-ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് (Non-Biodegradable Plastics): ഇവ ദീർഘകാലം അഴുകാതെ നിലനിൽക്കുന്നു. കാലക്രമേണ മൈക്രോപ്ലാസ്റ്റിക്കുകളായി മാറുകയും ജലത്തിലും മണ്ണിലും അടിഞ്ഞുകൂടുകയും ചെയ്യുന്നു.
6. ഓക്‌സോ-ഡീഗ്രേഡബിൾ പ്ലാസ്റ്റിക് (OXO-Degradable Plastics): പ്ലാസ്റ്റിക് പൊടിഞ്ഞ് മൈക്രോപ്ലാസ്റ്റിക്കാകുന്ന പ്രക്രിയയെ ഓക്‌സിഡേഷൻ വഴി ത്വരപ്പെടുത്താൻ അനുയോജ്യമായ പ്രത്യേക ഘടകങ്ങൾ ചേർത്തുണ്ടാക്കിയവയാണ് ഇത്തരം പ്ലാസ്റ്റിക് വസ്തുക്കൾ.
സമാനമെന്ന് തോന്നാമെങ്കിലും ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കും കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കും തമ്മിൽ വ്യത്യാസമുണ്ട്. ബാക്ടീരിയപോലുള്ള സൂക്ഷ്മജീവികളുടെ (Microorganisms) പ്രവർത്തനഫലമായി മണ്ണിലേക്ക് സ്വാഭാവികമായി അഴുകിച്ചേരുന്ന വസ്തുക്കളെയാണ് ബയോഡീഗ്രേഡബിൾ (Biodegradable) എന്ന് പറയുക. വസ്തുക്കൾ കമ്പോസ്റ്റാക്കുന്നതിന് മനുഷ്യപ്രയത്നം ആവശ്യമാണ്. അതായത്, കമ്പോസ്റ്റുണ്ടാക്കുന്നതിന് അനുകൂലസാഹചര്യമൊരുക്കേണ്ടതുണ്ട്. അല്ലെങ്കിൽ, നിശ്ചിതസമയത്തിനുള്ളിൽ വസ്തു മണ്ണിൽ അഴുകിച്ചേരില്ല.

(മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സ് മാസിക, 2022 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: about bioplastics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented