പെൻഗ്വിൻ വിഭാഗക്കാരിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള കിങ് പെൻഗ്വിനുകൾ | Photo: Gettyimage
തലയില്‍ മഞ്ഞ തൊപ്പിയുമായി റോന്ത് ചുറ്റുന്നവര്‍. മഞ്ഞയുടെ പത്രാസ്സില്ലാതെ മഞ്ഞിന്‍ കൂട്ടത്തിന് ഇടയിലൂടെ നീങ്ങുന്നവര്‍. അങ്ങനെ ഇത്തിരികുഞ്ഞന്മാര്‍ മുതല്‍ രാജാക്കന്മാര്‍ വരെയുണ്ട് പെന്‍ഗ്വിന്‍ കൂട്ടത്തില്‍. പേരിന് പക്ഷി വിഭാഗക്കാരാണെങ്കിലും പറക്കുവാനുള്ള കഴിവ് ഇവയ്ക്കില്ല. സ്‌പെനിസിഡി (Spheniscidae) എന്ന ശാസ്ത്രനാമത്തിലാണിവര്‍ അറിയപ്പെടുന്നത്. ഭൂമധ്യരേഖയ്ക്ക് (below the equator) താഴെയായിട്ടാണ് ഒട്ടുമിക്ക പെന്‍ഗ്വിനുകളുടെയും വാസസ്ഥലം. അപൂര്‍വം വരുന്ന ചില പെന്‍ഗ്വനുകള്‍ ചൂടേറിയ കാലാവസ്ഥയില്‍ ജീവിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം വരുന്നവയെയും തണുപ്പുള്ള പ്രദേശങ്ങളിലാണ് കാണാന്‍ കഴിയുക. എംപറര്‍, ചിന്‍സട്രാപ്പ്, ജെന്റൂ പെന്‍ഗ്വിനുകള്‍ അവയില്‍ ചിലത് മാത്രം.
മിക്ക പെന്‍ഗ്വിനുകളുടെയും ശരീരപ്രകൃതി ഒന്നാണ്. കറുത്ത ശരീരത്തില്‍ വെളുത്ത നിറത്തോട് കൂടിയ വയറാണ് മിക്കവയിലും കാണാന്‍ കഴിയുക. മഞ്ഞുപാളികളില്‍ ഉപജീവനം നടത്തുമ്പോള്‍ പലപ്പോഴും വെള്ള നിറം ഇവയ്ക്ക് വിവിധ രീതിയില്‍ ഗുണകരമാകാറുണ്ട്. വേട്ടക്കാരായ ലെപ്പേര്‍ഡ് സീല്‍, ഓര്‍ക്കസ് എന്നിവയില്‍ നിന്നും ഇവയ്ക്ക് സംരക്ഷണം നല്‍കുന്നത് ഈ ശരീരപ്രകൃതിയാണ്. പറക്കുവാനുള്ള ശേഷിയില്ലെങ്കിലും മികച്ച നീന്തല്‍ക്കാരാണ് പെന്‍ഗ്വിനുകള്‍. ഒതുങ്ങിയ ശരീരം ഇവയ്ക്ക് മികച്ച രീതിയില്‍ നീന്തുവാനുള്ള ശേഷി നല്‍കുന്നു. നീന്താന്‍ കഴിയുന്ന ഫ്‌ളിപ്പറുകള്‍ (നീന്താന്‍ സഹായകരമാകുന്ന കൈകാലുകള്‍) പ്രധാന സവിശേഷതയാണ്.
18 തരത്തിലുള്ള പെന്‍ഗ്വിനുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ പെന്‍ഗ്വിനുകളുടെയെല്ലാം പ്രധാന സവിശേഷത കറുപ്പും വെളുപ്പും ചേര്‍ന്ന ശരീരപ്രകൃതി തന്നെയാണ്. മികച്ച നീന്തല്‍ക്കാരായതിനാല്‍ തന്നെ ഭൂരിഭാഗം സമയവും സമുദ്രങ്ങളിലാകും ഇവ ചെലവഴിക്കുക. ക്രില്‍, സ്‌ക്വിഡ്, ഞണ്ടുകള്‍ എന്നിവയെ വേട്ടയാടുന്നത് വെള്ളത്തില്‍ വെച്ച് തന്നെയാണ്. മണിക്കൂറില്‍ 15 മൈല്‍ വേഗതയില്‍ വരെ ഇവയ്ക്ക് നീന്താന്‍ കഴിയും. കരയില്‍ പലപ്പോഴും മുന്നോട്ടാഞ്ഞാകും ഇവ നടക്കുകയോ ഓടുകയോ ചെയ്യുക. 15 മുതല്‍ 20 വര്‍ഷം വരെയാണ് പെന്‍ഗ്വനികളുടെ ശരാശരി ആയുസ്സ്. 16 മുതല്‍ 45 ഇഞ്ച് വരെ നീളം വെയ്ക്കാറുള്ള ഇവയെ 2 മുതല്‍ 88 പൗണ്ട് ഭാരത്തില്‍ കാണാന്‍ കഴിയും.
തണുപ്പേറിയ കാലാവസ്ഥയില്‍ പലപ്പോഴും കോളനികളായിട്ടാണ് പെന്‍ഗ്വിനുകളെ കാണാന്‍ കഴിയുക. കോളനികളായി കഴിയുന്നത് പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്കാണ്. തണുപ്പേറിയ കാലാവസ്ഥയില്‍ കോളനികളില്‍ കൂട്ടത്തോടെ കഴിയുന്നത് ചൂട് പകരാന്‍ കാരണമാകും. വേട്ടക്കാരില്‍ നിന്നും പെന്‍ഗ്വിനുകള്‍ക്ക് സംരക്ഷണം നല്‍കുന്നതും ഇത്തരം വലിയ കോളനികളാണ്. ഒരു കോളനിയില്‍ തന്നെ ചിലപ്പോള്‍ ആയിരക്കണക്കിന് പെന്‍ഗ്വിനുകളാകും ഉണ്ടാവുക.പെന്‍ഗ്വിനുകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പ്രജജനം നടത്തുന്നതെങ്കിലും ആഫ്രിക്കന്‍ പെന്‍ഗ്വിന്‍, ബ്ലൂ പെന്‍ഗ്വിന്‍ എന്നിവ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടു തവണ പ്രജജനം നടത്തുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
.jpg?$p=4b0ed6b&&q=0.8)
കര ഭാഗമാകും പെന്‍ഗ്വിനുകള്‍ മുട്ടയിടാനായി തിരഞ്ഞെടുക്കുക. പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ വളര്‍ന്ന് വരുന്നതും കരയിലാണ്. ഇണയ്‌ക്കൊപ്പം വര്‍ഷങ്ങളോളം തുടരുന്ന പെന്‍ഗ്വിനുകള്‍ ഒരു സമയത്ത് ഒന്നോ രണ്ടോ മുട്ടകള്‍ മാത്രമാണിടുക. പെന്‍ഗ്വിനുകളുടെ പ്രജജനകാലം ആരംഭിക്കുന്നത് പ്രധാനമായും വേനല്‍ക്കാലത്താണെങ്കിലും ജെന്റൂ പെന്‍ഗ്വിനുകളുടെ പ്രജജനം ശീതക്കാലത്താണ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയിലെ ക്രോസെറ്റ് ദ്വീപില്‍ ജൂലൈ മാസത്തോടെയാകും ജെന്റൂ പെന്‍ഗ്വിനുകള്‍ മുട്ടയിടുക. 35 മുതല്‍ 36 ദിവസം വരെയാണ് അടയിരിക്കല്‍ കാലയളവ്. കുഞ്ഞി പെന്‍ഗ്വിനുകളുടെ പരിപാലനത്തിനായി രണ്ടു മാസം സമയമെടുക്കും. മുട്ടയിട്ട ശേഷം അമ്മ പെന്‍ഗ്വിനുകള്‍ ആഹാരം തേടി കടലിലേക്ക് യാത്രയാകും. ഈ സമയത്ത് പരിപാലന ചുമതല ഏറ്റെടുക്കുന്നത് അച്ഛനാകും.
എംപറര്‍ പെന്‍ഗ്വിനുകളുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. മുട്ടയിട്ടത്തിന് ശേഷം എംപറര്‍ കോളനിയില്‍ നിന്നും 80 മുതല്‍ 160 കിലോമീറ്റര്‍ വരെ യാത്ര ചെയ്താകും കടലിലേക്ക് പോവുക. അടയിരിക്കല്‍ കാലയളവ് കഴിഞ്ഞാലേ തിരികെ എത്തുവെന്ന് പ്രത്യേകതയുമുണ്ട്. 64 ദിവസം വരെ നീണ്ടേക്കാവുന്ന ഇന്‍കുബേഷന്‍ പീരിയഡില്‍ ആണ്‍ എംപറര്‍ പെന്‍ഗ്വിനുകളാകും മുട്ട സംരക്ഷിക്കുക. പെന്‍ഗ്വിനുകളില്‍ വെച്ചേറ്റവും വലിയ വിഭാഗക്കാരാണ് എംപറര്‍ പെന്‍ഗ്വിനുകള്‍. വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള കിങ് പെന്‍ഗ്വിനുകള്‍ക്ക് ശരീരത്തില്‍ ഓറഞ്ച് നിറം കാണാന്‍ കഴിയും. 13 മുതല്‍ 16 വരെ മാസമാണ് ഇവയുടെ പ്രജജന കാലയളവ്. മറ്റ് പെന്‍ഗ്വിനുകളെ പോലെ കൂടൊരുക്കാതെ, കാലിന് ചുവട്ടിലാകും മുട്ട സൂക്ഷിക്കുക.
മറ്റ് ജീവി വിഭാഗങ്ങളെ അപേക്ഷിച്ച് കാല് പിറകിലാണ് പെന്‍ഗ്വിനുകള്‍ക്ക് കാണപ്പെടുക. തീരെ ചെറിയ കാലാണെങ്കിലും വളരെ വേഗത്തില്‍ ഓടാന്‍ ഇവയ്ക്ക് സാധിക്കും. സാള്‍ട്ട് ഗ്ലാന്‍ഡുകളും (ഉപ്പ് ഗ്രന്ഥി) ഇവയ്ക്കുണ്ട്. കണ്ണിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥി കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തക്ഷമമാകും. ആദ്യത്തെ ദിനം മുതല്‍ മത്സ്യങ്ങള്‍ കഴിക്കാന്‍ തുടങ്ങുമെന്ന പ്രത്യേകതയും പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ക്കുണ്ട്.
എംപറര്‍ പെന്‍ഗ്വിന്‍, കിങ്, അഡിലി, ചിന്‍സ്ട്രാപ്പ്, ജെന്റൂ, ലിറ്റില്‍ ബ്ലൂ, വൈറ്റ് ഫ്‌ളിപ്പേര്‍ഡ്, മാജിലീനിക്, ഹംബോള്‍ഡ്റ്റ്, ഗാലപ്പഗോസ്, ആഫ്രിക്കന്‍, യെല്ലോ ഐഡ്, ഫിയോര്‍ഡ്‌ലന്‍ഡ്, സ്‌നയേഴ്‌സ്, എറക്റ്റ് ക്രെസ്റ്റ്ഡ്, ഈസ്റ്റേണ്‍ റോക്ക്‌ഹോപ്പര്‍, നോര്‍ത്തേണ്‍ റോക്ക്‌ഹോപ്പര്‍, റോയല്‍, മാക്രോണി എന്നിവയാണ് വിവിധ പെന്‍ഗ്വിന്‍ വിഭാഗക്കാര്‍. ഇതില്‍ റോയല്‍, മാക്രോണി എന്നീ പെന്‍ഗ്വിന്‍ വിഭാഗങ്ങള്‍ക്ക് തലയില്‍ കടും മഞ്ഞ് നിറത്തിലുള്ള പൂവ് പോലെയുള്ളവയുണ്ടാകും. ഭൂമധ്യരേഖയ്ക്ക് വടക്കായി സ്ഥിതി ചെയ്യുന്നവരും ഗാലപ്പഗോസ് ദ്വീപിലെ തദ്ദേശീയരുമാണ് ഗാലപ്പഗോസ് പെന്‍ഗ്വിനുകള്‍. തലയില്‍ ഹെല്‍മറ്റ് വെച്ചത് പോലെയാകും ചിന്‍സ്ട്രാപ്പ് പെന്‍ഗ്വിനുകള്‍ കാണപ്പെടുക. കൂട്ടത്തില്‍ ഭീമന്മാരായ എംപറര്‍ പെന്‍ഗ്വിനുകള്‍ക്ക് 122 സെന്റിമീറ്റര്‍ വരെ നീളവും 22 നും 45 കിലോയ്ക്കുമിടയില്‍ ഭാരവുമുണ്ടാകും.
തീരെ ചെറിയ ശരീരവും തത്തി തത്തിയുള്ള നടപ്പുമാണ് പെന്‍ഗ്വിനുകളെ ജനപ്രിയമാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പെന്‍ഗ്വിന്‍ വിഭാഗങ്ങളുടെ മൂന്നില്‍ രണ്ട് വരുന്നവയും ഐയുസിഎന്നിന്റെ ചുവപ്പ് പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. ആവാസവ്യവസ്ഥയുടെ നാശം, രോഗങ്ങള്‍, വിനോദ സഞ്ചാരികളില്‍ നിന്നും പകരുന്ന രോഗങ്ങള്‍ എന്നിവ പെന്‍ഗ്വിനുകള്‍ നേരിടുന്ന പ്രധാന ഭീഷണിയാണ്. വന്‍തോതില്‍ വംശനാശ ഭീഷണി നേരിടുന്നതിനാല്‍ അന്റാര്‍ട്ടിക്കയുടെ തനത് വിഭാഗക്കാരായ എംപറര്‍ പെന്‍ഗ്വിനുകളെ എന്‍ഡാന്‍ജേര്‍ഡ് സ്പീഷിസ് ആക്ടില്‍ (endangered species act) ഉള്‍പ്പെടുത്തി സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു കഴിഞ്ഞു. വന്‍തോതില്‍ മത്സ്യബന്ധനം നടക്കുന്ന പെന്‍ഗ്വിനുകളുടെ ഭക്ഷ്യ ലഭ്യത കുറച്ചു കഴിഞ്ഞു. ആഗോള താപനത്തിന്റെ ഫലമായി മഞ്ഞുരുകുന്നതും പെന്‍ഗ്വിനുകള്‍ നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണ്.
Content Highlights: about all you need to know about penguins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..