ട്യൂഷൻ വഴി വീട്ടിലിരുന്ന് ജന്തുശാസ്ത്രം പഠിച്ചു; ഒടുവിൽ ഫ്ലി ചെള്ളുകളുടെ ആധികാരിക ശബ്ദം


വിജയകുമാർ ബ്ലാത്തൂർ



പിതാവായ ചാൾസ് റോത്സ്ചൈൽഡ്  ബാങ്കറാണെങ്കിലും എൻഡമോളജിയിൽ വലിയ തത്പരനും  ഗവേഷകനും ആയിരുന്നു

മിറിയം റൊത്സ്ചെെൽഡ് | Photo: Wiki/By Open Media Ltd. - Open Media Ltd, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=63054074

ന്താരാഷ്ട്ര വനിതാദിനത്തിൽ മിറിയം റോത്‌സ്‌ചൈൽഡ്‌(Miriam Rothschild) എന്ന മഹതിയെ ആണ് ഓർക്കാനുള്ളത്. പ്രാണിലോകത്തിന്റെ പഠനങ്ങൾക്കായി ജീവിതം മാറ്റിവെച്ച ബ്രിട്ടീഷ് നാച്വറിസ്റ്റും ഗവേഷകയുമാണ്‌ അവർ. 1908 ആഗസ്ത് മാസം ജനനം. 97-ാം വയസിൽ അവർ പിറന്ന അതേ വീട്ടിൽ 2005 ജനുവരിയിൽ മരിക്കുകയും ചെയ്തു. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഇവർ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾ എത്രയോ വിലപ്പെട്ടതാണ്. പിതാവായ ചാൾസ് റോത്‌സ്‌ചൈൽഡ്‌ ബാങ്കറാണെങ്കിലും എൻഡമോളജിയിൽ വലിയ തത്പരനും ഗവേഷകനും ആയിരുന്നു. അദ്ദേഹം പല രാജ്യങ്ങളിൽ നിന്നുമായി ശേഖരിച്ച 2,60,000 ഫ്ലീ ചെള്ളുകളുടെ സ്പെസിമനുകൾ ഇപ്പോഴും നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ റോത്ചീൽഡ്‌ കലക്ഷൻ വിഭാഗത്തിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. 500 പുതിയ സ്പീഷിസുകളെ ആണ് അദ്ദേഹം പുതുതായി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി വിശദീകരിച്ചത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

Photo: Wiki/By unknown - http://theloveforhistory.com/wp-content/uploads/2011/06/plague_380x529_712060a.jpg, Public Domain, https://commons.wikimedia.org/w/index.php?curid=17582564

1901-ൽ സുഡാനിലെ ചെറുപട്ടണമായ ഷെൺദിയിൽനിന്നും അദ്ദേഹം കണ്ടെത്തി 1903-ൽ പ്രസിദ്ധീകരിച്ച വിവരങ്ങളിലാണ് ലോകജനതയെ എത്രയോ നൂറ്റാണ്ടുകളായി മരണഭീതിയിൽ നിർത്തിയിരുന്ന, ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നു തള്ളിയ ബ്യൂബോണിക് പ്ലേഗിന്റെ കാരണക്കാരായ ബാക്ടീരിയകളുടെ യഥർത്ഥ വാഹകരെ കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. എലികളിൽ പരാദമായി കൂടുന്ന ഫ്ലീ ആയ Xenopsylla cheopis തിരിച്ചറിയുന്നത് അദ്ദേഹമാണ്. മകൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ പഠനങ്ങൾ നടത്തിയതും ഫ്ലീ ചെള്ളുകളിലാണ്. പതിനഞ്ചാം വയസിൽ അച്ഛൻ മരിച്ചു . പിന്നീട് അമ്മാവനാണ് അവരെ വളർത്തിയത്. പതിനേഴാം വയസിലാണ് രാത്രി ട്യൂഷൻ വഴി വീട്ടിലിരുന്ന് അവർ ജന്തുശാസ്ത്രം പഠിച്ച് തുടങ്ങുന്നത്. മറൈൻ ബയോളജിയിൽ ഗവേഷണങ്ങളിലാണ് അവരുടെ പഠനങ്ങൾ ആരംഭിച്ചതെങ്കിലും പിന്നീട് ഫ്ലീ ചെള്ളുകളുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ആധികാരിക ശബ്ദമായിഇവർ മാറി.

ഫ്ലീകൾ ചാടുന്നതിലെ അത്ഭുത രസതന്ത്രം തിരിച്ചറിയാൻ സഹായിച്ചത് അവരുടെ പഠനങ്ങളാണ്. ഏറ്റവും ദൂരത്തേക്ക് തുള്ളുന്ന ഷഡ്പദമായ ഫ്രോഗ് ഹോപ്പർമാരുടെ ഒപ്പം തന്നെ ദൂരം ഇവർക്കും ചാടാൻ കഴിയും. കുത്തനെ 18 സെന്റീമീറ്ററും വിലങ്ങനെ 33 സെന്റീമീറ്റർ വരെയും ഇവർ ചാടും. പിൻകാലുകളിലെ മസിലുകളുടെ ശക്തിയല്ല ഇതിന് പ്രധാനമായും ഫ്ലികൾ ഉപയോഗിക്കുന്നത്. അമ്പ് തൊടുക്കാൻ വില്ലിലെ ഞാൺ വലിച്ച് പിടിച്ച് നമ്മൾ ഊർജ്ജം ശേഖരിക്കുന്നതുപോലെ, കാലിലെ റെസിലിൻ എന്ന ഇലാസ്റ്റിക്ക് പ്രോട്ടീൻ പ്രതലത്തിൽ പേശീബലം ശേഖരിച്ച് വെച്ച് പെട്ടന്ന് അത് പുറത്തേക്ക് വിടുകയാണ് ചെയ്യുക. സ്വന്തം നീളത്തിന്റെ നൂറു മടങ്ങ് ദൂരം ഇവർ സ്പ്രിങ്ങ് പോലെ തെറിച്ച് ചാടും.

വളരെയധികം സ്വീകാര്യത ലഭിച്ചതാണ് റോത്‌സ്‌ചൈൽഡ്‌ രചിച്ച Fleas, Flukes and Cuckoos എന്ന പുസ്തകം. പരാദജീവികളുടെ ബയോളജിയെ വിശദീകരിക്കുന്നതാണ് അത്. ജീവികളുടെ പുറമെ പറ്റിക്കൂടി ജീവിക്കുന്ന ഫ്ലീകളുടെയും ഉള്ളിൾ ജീവിക്കുന്ന ഫ്ലൂക്കുകളുടെയും, മറ്റുള്ളവരുടെ ഇടയിൽ കുയിലിനെപ്പോലെ ഒളിച്ച് പറ്റിച്ച് ജീവിക്കുന്ന കുക്കൂ സ്വഭാക്കാരുടെയും പരാദജീവിതമാണ് ഇതിൽ വിശദീകരിക്കുന്നത്. ഫ്ലീ ചെള്ളുകളെക്കൂടാതെ പൂമ്പാറ്റകളിൽ ഇരപിടിയൻ പക്ഷികളിൽനിന്നു രക്ഷപ്പെടാനായുള്ള മിമിക്രികളെക്കുറിച്ചും ധാരാളം പഠനങ്ങൾ അവർ നടത്തീട്ടുണ്ട്.

ചില മൊണാർക്ക് ശലഭങ്ങളേപ്പോലുള്ളവയെ പക്ഷികൾ തിന്നാതെ ഒഴിവാക്കുന്നത് അവയുടെ ശരീരത്തിൽ വിഷാംശം ഉള്ളതുകൊണ്ടാണെന്നും ഈ സാഹചര്യം ഒഴിവായി രക്ഷപ്പെടാനായി ചിലയിനം വിഷമില്ലാത്ത പൂമ്പാറ്റകളും മൊണാർക്ക് ശലഭങ്ങളെ രൂപത്തിൽ അനുകരിക്കുന്നുണ്ടെന്നും മനസിലാക്കി. മിൽക് വീഡുകൾ തിന്നു വളരുന്ന പൂമ്പാറ്റപ്പുഴുക്കളുടെ ശരീരത്തിലെ വിഷാംശമാണ് പൂമ്പാറ്റകളിലും എത്തുന്നതെന്നും അവർ മനസിലാക്കി. എന്റമോളജിയിലും ബയോളജിയിലും മറ്റുമായി മുന്നൂറ്റിയൻപതിലധികം കനപ്പെട്ട ശാസ്ത്ര പ്രബന്ധങ്ങൾ അവരുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അംഗീകരങ്ങളും പുരസ്കാരങ്ങളും ബഹുമതികളും ഹോണററി ബിരുദങ്ങളും ഡോക്ടറെറ്റുകളും ഇവർക്ക് ലഭിച്ചിട്ടുണ്ട്. നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ അതിന്റെ ട്രസ്റ്റി അംഗമാകുന്നത് മിറിയം ആണ്. റോയൽ എൻഡമോളജി സൊസൈറ്റിയുടെ ആദ്യത്തെ സ്ത്രീ പ്രസിഡണ്ടും ഇവരാണ്.

Hooke Flea | Photo: Wiki/By Robert Hooke - This image is available from the National Library of Wales, Public Domain, https://commons.wikimedia.org/w/index.php?curid=117354

ഫ്ലീ ചെള്ളുകളെക്കുറിച്ച് കൂടുതൽ അറിയേണ്ടവർ തുടർന്ന് വായിക്കാം.

ആർത്രോപോഡ വിഭാഗക്കാരായ, ഫ്ലി (Flea ), മൈറ്റ് ( Mite ) , ടിക് ( Tick) എന്നീ ചിറകില്ലാത്ത മൂന്നുതരം ജീവികൾക്കും ചെള്ള് എന്ന വാക്ക് തന്നെയാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. ഇത് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. ഈ ജീവികൾ ഒരോ വിഭാഗത്തിനും വ്യത്യസ്തമായ പേരുകൾ നൽകുകയോ അല്ലെങ്കിൽ ഇംഗ്ലീഷ് പേരു തന്നെ ഉപയോഗിക്കുകയോ ചെയ്യുന്നതാണുത്തമം. നായകളുടെയും പൂച്ചകളുടേയും മറ്റും ദേഹത്ത് കയറി ചോരകുടിക്കുന്ന , ഇടയ്ക്ക് അതി വേഗം തെറിച്ച് നീങ്ങുന്ന ഒന്നര മുതൽ മൂന്നു മില്ലീമീറ്ററു വരെ മാത്രം വലിപ്പത്തിൽ വളരുന്ന ഫ്ലി എന്ന ഒരു ഇൻസെക്റ്റിനെ സൂചിപ്പിക്കാൻ കൂടി ഉപയോഗിക്കുന്ന വാക്കാണ് ചെള്ള്. അതിനാൽ ആശയക്കുഴപ്പം ഉണ്ടാകുമെന്നതിനാൽ ഫ്ലീ ചെള്ള് എന്ന് ഉപയോഗിക്കുന്നതാവും സൗകര്യം. ബ്രൗണോ കറുപ്പോ നിറത്തിലുള്ള ചിറകില്ലാത്ത ഈ ആറുകാലി ‘ ഷഡ്പദം’ Siphonaptera ഓർഡറിൽ ആണ് ഉൾപ്പെടുക.

2500-ൽ അധികം ഇനം ഫ്ലികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും ആയിരക്കണക്കിന് ഇനങ്ങൾ കണ്ടെത്താനുണ്ടാകും. സസ്തനികളിലും പക്ഷികളിലും ശരീരത്തിന്റെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന് രക്തം കുടിച്ച് കഴിയുന്ന പരാദപ്രാണികളാണിവർ. കുത്തനെ ഒട്ടി, പരന്ന രൂപത്തിൽ, നേർത്ത ശരീരം ആയതിനാൽ ഇവർക്ക് വളരെ എളുപ്പം ആതിഥേയ ജീവിയുടെ രോമങ്ങൾക്കിടയിലൂടെയും തൂവലുകൾക്ക് ഇടയിലൂടെയും സഞ്ചരിക്കാൻ കഴിയും. രോമങ്ങളിൽ ഉറച്ച് പിടിക്കാൻ കഴിയുന്ന നഖങ്ങൾ കാലുകളുടെ അഗ്രങ്ങളിൽ ഉള്ളതിനാൽ ജീവിയുടെ ദേഹത്ത് നിന്ന് വേഗം താഴെ വീണുപോകുകയും ഇല്ല. മാന്തിയാലും ചീകിയാലും നക്കിയാലും കുലുക്കിയാലും ഒന്നും പിടിവിടാതിരിക്കാൻ ഇവർക്ക് അതിനാൽ പറ്റും.

തൊലി തുരക്കാനും ചോര വലിച്ച് കുടിക്കാനും പറ്റുന്ന വിധത്തിൽ പരിണമിച്ചവയാണ് ഇതിന്റെ വദനഭാഗവും പ്രൊബോസിസും. സധാരണയായി ഓരോ തരം ഫ്ലികളും പ്രത്യേകതരം ആതിഥേയ ജീവിയിൽ മാത്രം വളരുന്നവയാണ്. ചിലർ ഒറ്റൊരു വിഭാഗത്തിൽ മാത്രം വളരുന്നവരുണ്ട്. Ischnopsyllidae ഇനം ഫ്ലികൾ വവ്വാലുകളിൽ മാത്രമേ പരാദമായി കയറിക്കൂടുകയുള്ളു. വലിയ തോതിൽ മരണം ഉണ്ടാക്കിയ , കറുത്ത മരണം എന്ന് പേരുള്ള ബ്യുബോണിക് പ്ലേഗ് രോഗകാരികളായ Yersinia pestis എന്ന ബാക്റ്റീരിയകളുടെ വാഹകരായി അവയെ കറുത്ത എലികളിൽ എത്തിച്ചത് Xenopsylla cheopis എന്ന ഇനം ഫ്ലികൾ ആണ്. ലോക ജനസംഖ്യയിൽ വലിയൊരു ഭാഗം ആളുകളെ കൊന്നുതീർത്തത് ഈ രോഗം ആയിരുന്നു. ഇവർക്ക് മറ്റ് ഷഡ്പദങ്ങൾക്ക് ഉള്ളതുപോലെ സംയുക്ത നേത്രങ്ങൾ ഇല്ല. സാധാരണ നേത്രപൊട്ടുകളേ ഉള്ളു. ചില ഇനങ്ങൾക്ക് അതും ഇല്ല. ഇണചേരുന്നതും മുട്ടയിടുന്നതും ആതിഥേയ ശരീരത്തിൽ തന്നെ.

വെളുത്ത കുഞ്ഞ് മുട്ടകൾ രോമങ്ങൾക്കിടയിൽ പറ്റി നിൽക്കാൻ കഴിവുള്ളതല്ല. അവ നിലത്തും കാർപൊറ്റിലും ഒക്കെ പൊഴിഞ്ഞ് വീഴും. അവിടെ അവ വിരിഞ്ഞ് വരുന്ന ലാർവകൾ കാലുകളും കണ്ണും ഇല്ലാത്ത പുഴുരൂപികളാണ്. മുതിർന്നവർ ചോര കുടിച്ച് വിസർജ്ജിച്ചവയിലെ ഉണങ്ങിയ ചോരയും നിലത്തെ മറ്റ് ജൈവ അവശിഷ്ടങ്ങളും ആണ് ഇവ ഭക്ഷിക്കുക. അവയ്ക്ക് ചോരകുടിക്കാനുള്ള കഴിവ് ഇല്ല.

ഫ്ലികളുടെ ജീവചക്രത്തിലും ആദ്യം മൂന്ന് ഘട്ടങ്ങൾ ഉണ്ട്. മുട്ട, ലാർവ, പ്യൂപ്പ എന്നിങ്ങനെ . രക്തസദ്യകൾ കിട്ടിത്തുടങ്ങിയാലേ മുതിർന്ന ഫ്ലികൾ ആണും പെണ്ണും ആയി പെരുമാറിത്തുടങ്ങുകയുള്ളു. രണ്ടു മൂന്നു മാസം മാത്രമേ ആയുസുള്ളുവെങ്കിലും ഇവയിലെ പെൺ ഫ്ലികൾ ആ സമയം കൊണ്ട് അയ്യായിരം മുട്ടകൾ വരെ ഇട്ട് കൂട്ടും. മനുഷ്യ പരിണാമത്തിന്റെ ഭാഗമായി നമ്മുടെ ശരീരത്തിൽ രോമങ്ങൾ കുറഞ്ഞത് ഈ ഫ്ലികളും അതുപോലുള്ള ബാഹ്യ പരാദ ജീവികളും സുഖിച്ച് ജീവിക്കാനുള്ള അവസരം കുറക്കുക എന്ന അനുകൂലനം തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ടാണ് എന്ന ചില തിയറികൾ ഉണ്ട്. ഇവ കടിച്ച സ്ഥലത്തെ അലർജി മൂലമുള്ള ചൊറിച്ചിലും അതുവഴിഉണ്ടായ ചർമ്മരോഗങ്ങളും കൂടാതെ ബാക്റ്റീരിയകൾ, വൈറസുകൾ , പ്രോട്ടോസോവകൾ, വിരകൾ തുടങ്ങിയവയുടെ വാഹകരായി, മൃഗങ്ങളിലും മനുഷ്യരിലും ഒക്കെ രോഗങ്ങൾ എത്തിക്കുന്നവർ കൂടിയാണിവർ.

Content Highlights: about all you need to know about miriam rothschild

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented