തേൻ ഭരണിപോലുള്ള വയറുകളിൽ സൂക്ഷിക്കുന്ന തേങ്കുടം ഉറുമ്പ് | Photo:Wiki/By Greg Hume at en.wikipedia, CC BY 2.5, https://commons.wikimedia.org/w/index.php?curid=2224330
കുടവയർ എന്നത് അതിശയോക്തികലർന്ന ഒരു വിശേഷണമാണെങ്കിലും പഴയകാല സിനിമകളിലും മറ്റും തമാശയ്ക്കായി വീർത്തു തിളങ്ങുന്ന വയറുള്ള കള്ളൂകുടിയന്മാരെ കാണിക്കാറുണ്ടല്ലോ. അതുപോലെ തൈക്കുടം ബ്രിഡ്ജ് എന്നത് പലർക്കും അറിയാമെങ്കിലും ’’ തേങ്കുടം ഉറുമ്പ് ’’ എന്നത് അധികം കേട്ടുപരിചയം ഇല്ലാത്ത വാക്കും ആണല്ലോ. Honeypot ant എന്നറിയപ്പെടുന്ന ഒരിനം ഉറുമ്പുകളുണ്ട്. സാമൂഹ്യ ജീവിതം നയിക്കുന്നവരാണല്ലോ എല്ലാ ഉറുമ്പുകളും. ഹണി പോട്ട് ഉറുമ്പുകളിലെ ശാരീരിക പ്രത്യേകതയുള്ള ചില വേലക്കാരി ഉറുമ്പുകളുടെ വയറാണ് വീർപ്പിച്ച് ജീവനുള്ള ഭരണികളായി ഉപയോഗിക്കുന്നത്.
ഈ ഉറുമ്പുകളുടെ വയർ അവിശ്വസനീയമായ അളവിൽ വീർക്കാൻ കഴിയുന്നതാണ്. കോളനിയിലെ മറ്റ് വേലക്കാരി ഉറുമ്പുകൾ ശേഖരിച്ച് കൊണ്ടുവരുന്ന തേൻ ഇവരിൽ നിറക്കുകയാണ് ചെയ്യുക. ഭക്ഷ്യ ക്ഷാമകാലത്തേക്ക് പോഷകങ്ങൾ ശേഖരിച്ച് വെക്കുന്ന ജീവനുള്ള സ്റ്റോറേജ് സംവിധാനം ആയി ഇവർ മാറുന്നു.
ഒരു കുഞ്ഞു മുന്തിരിപോലെ വീർത്ത് , ഒട്ടും അനങ്ങാനാകാതെ കൂടിന്റെ മുകൾതട്ടിൽ ഇവർ ഉറിക്കലം പോലെ ഞാഴ്ന്ന് കിടക്കും. മണ്ണിനടിയിലെ നീളമുള്ള കോളനി ടണലിലെ ഇരുണ്ട മൂലകളിൽ സുരക്ഷിത സ്ഥലത്ത് വളരെനാൾ താഴേക്ക് തൂങ്ങി അവരങ്ങിനെ കിടക്കും.
എല്ലാ ജൈവ പ്രവർത്തനങ്ങൾ കുറച്ച്, മിനിമം ഊർജ്ജം മാത്രം ചിലവഴിച്ച് ജീവനുണ്ടെന്ന് മാത്രമുള്ള അവസ്ഥയിൽ അങ്ങിനെ കഴിയും. മറ്റ് അംഗങ്ങൾക്ക് വേണ്ട പോഷകങ്ങളും ഊർജ്ജാവശ്യങ്ങളും നിറവേറ്റാൻ വേണ്ടിയാണ് ഈ ത്യാഗം. ഉറുമ്പുകൾ വന്ന് ഇവരുടെ വീർത്ത വയറിൽ നിന്നും തേൻ ഉറുഞ്ചിക്കുടിക്കും. അതിനായി തേങ്കുടമായിക്കിടക്കുന്ന ഉറുമ്പിന്റെ ആന്റിനകളിൽ തെട്ടുരുമ്മി പ്രചോദിപ്പിക്കുകയണ് ചെയ്യുക. അപ്പോൾ ഉറുമ്പ് കുറച്ച് തേൻ നേർത്ത സ്ഥരമുള്ള ക്രോപ്പ് എന്ന ഭാഗത്ത് ചുരത്തിക്കൊടുക്കും.

ഫോർമിസിനെ ഉപകുടുംബത്തിൽ പെട്ട Myrmecocystus ജനുസിലെ ഉറുമ്പുകൾ ഹണിപോട്ട് ഉറുമ്പുകളിൽ പ്രധാന ഇനങ്ങളാണ്. അമേരിക്കൻ വങ്കരയിൽ വരണ്ട പ്രദേശങ്ങളിലാണ് ഇവരെ കാണുക. തേനീച്ചകളും ചിലയിനം കടന്നലുകളും പിന്നീടുള്ള ആവശ്യത്തിനായി ഇത്തരത്തിൽ തേൻ ശേഖരിച്ച് വെക്കുന്ന കാര്യം നമുക്കറിയാം. പക്ഷെ അവിടെ ഒക്കെയും കൂട്ടിലെ പ്രത്യേക അറകളിൽ അടകളിലും ആണ് തേൻ നിറച്ച് വെക്കുന്നത്. ഈ ഉറുമ്പുകൾ സ്വന്തം ആൾക്കാരുടെ വയറിലും ..
ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന Camponotus inflatus എന്നയിനം ഉറുമ്പുകളിലും ഇത്തരത്തിൽ തേങ്കുടവയറന്മാരുണ്ടാകും. അവിടത്തെ ആദിമനിവാസികളായ അബരിഞ്ചൻസ് ഇത്തരം കൂടുകളിൽ നിന്നും വീർത്ത ഉറുമ്പുകളെ കുഴിച്ച് കണ്ടെത്തി എടുത്ത് ഭക്ഷിക്കുന്ന ശീലമുള്ളവരാണ്. ഈ ഉറുമ്പുകളിലെ വേലക്കാർ പകൽ Acacia aneura എന്ന മുൽഗ മരത്തിന്റെ പൂവുകളിൽ നിന്നും തേൻ ശേഖരിച്ച് കൊണ്ടുവന്നാണ് തേങ്കുട ഉറുമ്പുകളുടെ വയറ് വീർപ്പിക്കുക. തേൻ നിറഞ്ഞ Melophorus bagoti പോലുള്ള ഉറുമ്പുകളേയും ആസ്ത്രേലിയയിലെ ആദിമനിവാസികൾ ഭക്ഷണമാക്കാറുണ്ട്. മണ്ണിൽ മീറ്ററുകളോളം ആഴത്തിൽ കുഴിച്ച് ഉറുമ്പ് കോളനിയിലെ ടണലുകളിൽ നിന്നാണവർ ഇത് ശേഖരിക്കുക.
Content Highlights: about all you need to know about honeypot ants
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..