വയനാട്ടിലേക്കുള്ള ആഫ്രിക്കന്‍ പന്നിപ്പനിയുടെ വരവ്‌, മനുഷ്യരിലേക്ക് പകരുമോ?


വിജയകുമാര്‍ ബ്ലാത്തൂര്‍1971 ൽ ക്യൂബയിൽ പന്നിപ്പനി  രോഗം വലിയ  പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതൊരു മഹാമാരിയായി പടരുന്നത് തടയാനായി അഞ്ച് ലക്ഷത്തോളം പന്നികളെയാണ് കൊന്നൊടുക്കിയത്. ആറു വർഷങ്ങൾക്ക് ശേഷം ചില പത്രങ്ങൾ , ആ രോഗബാധ അമേരിക്കൻ സർക്കാരിന്റെ ഒരു അട്ടിമറിയായിരുന്നു എന്ന് റിപ്പോർട്ടുകളും  പുറത്തുവിട്ടിരുന്നു

രോഗബാധയുള്ള പന്നികളുടെ മാംസത്തിലൂടെയും അതുപയോഗിച്ചുണ്ടാക്കുന്ന മൃഗത്തീറ്റകൾ പന്നികൾ തന്നെ കഴിക്കുന്നതിലൂടെയും പന്നികളിൽ രോഗം പടരാം. | ഫോട്ടോ:രാമനാഥ് പൈ

ഫ്രിക്കൻ പന്നിപ്പനി (African Swine Fever) കേരളത്തിൽ വയനാട്ടിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 1907 ൽ തന്നെ ഈ രോഗം മൂലം ആഫ്രിക്കയിൽ പന്നികൾ ചത്തു തുടങ്ങിയിരുന്നെങ്കിലും African swine fever (ASF) എന്ന വിധത്തിൽ ഇതിനെ തിരിച്ചറിഞ്ഞ് റിപ്പോർട്ട് ചെയ്യുന്നത് 1921 ൽ കെനിയയിൽ ആണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഫ്രിക്കൻ കോളനികളിൽ 'കന്നുകാലി പ്ലേഗ്' എന്ന് വിളിക്കുന്ന റിണ്ടർപെസ്റ്റ് രോഗം (Rinderpest, Cattle plague,Steppe murrain) വ്യാപകമായി പടർന്ന് പിടിച്ചു. കാലിസമ്പത്ത് മുഴുവൻ നശിപ്പിച്ചപ്പോൾ യൂറോപ്യർ വടക്കൻ ആഫ്രിക്കയിലേക്ക് വ്യാപകമായി പന്നികളെ ഇറക്കുമതി ചെയ്തു ഫാമുകൾ ആരംഭിച്ചു. അത്തരത്തിലുള്ള ഫാമുകളിലാണ് ആദ്യമായി ഈ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പിന്നീട് അത് പതുക്കെ യൂറോപ്പിലും സൗത്ത് ഏഷ്യയിലും എത്തി. 2020 ഏപ്രിൽ 20 ന് ആണ് ഇന്ത്യയിൽ ചൈനയോട് ചേർന്നുള്ള അസമിലേയും അരുണാചലിലേയും ഗ്രാമങ്ങളിൽ പന്നിപ്പനി കണ്ടെത്തിയത്. 15,000 ഓളം പന്നികൾ രോഗം ബാധിച്ച് മരിച്ചു.

Read Also-മനുഷ്യകോശങ്ങള്‍ ജ്യൂസാക്കി വലിച്ച് കുടിക്കും,ചോരകുടിച്ച് വയര്‍ വീര്‍പ്പിക്കും; ചെള്ള് വെറും ചെള്ളല്ല

രോഗബാധയിങ്ങനെ

അസ്ഫാര്‍വിറിഡേ (Asfarviridae) വിഭാഗത്തിൽ പെട്ട ഒരുതരം ഡി.എൻ.എ വൈറസാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഒര്‍നിതോഡോറോസ്‌ (Ornithodoros) ജനുസിൽ പെട്ട ചില ടിക് ചെള്ളുകൾ ആണ് ഇവയുടെ വാഹകർ. കൂടാതെ ആഫ്രിക്കയിൽ കാണുന്ന ചിലയിനം കാട്ടുപന്നികളും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ഈ വൈറസിന്റെ വാഹകരായി പ്രവർത്തിക്കുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വൈറസ് മനുഷ്യരിൽ രോഗം ഉണ്ടാക്കില്ല. പന്നികളിൽ ഈ വൈറസ് ടിക്കുകളിലൂടെ ആണ് എത്തുന്നത്. കൂടാതെ രോഗബാധിതരായ പന്നികളുടെ മലം മൂത്രം ശരീര സ്രവങ്ങൾ എന്നിവയിലൂടെ മറ്റ് പന്നികളിൽ എത്തും. രോഗബാധയുള്ള പന്നികളുടെ മാംസത്തിലൂടെയും അതുപയോഗിച്ചുണ്ടാക്കുന്ന മൃഗത്തീറ്റകൾ പന്നികൾ തന്നെ കഴിക്കുന്നതിലൂടെയും പന്നികളിൽ രോഗം പടരാം. പന്നികളുടെ മലത്തിൽ 11 ദിവസം വരെ വൈറസ് രോഗബാധ ക്ഷമതയോടെ ഉണ്ടാകും.

2020 ഏപ്രില്‍ 20 ന് ആണ് ഇന്ത്യയില്‍ ചൈനയോട് ചേര്‍ന്നുള്ള അസമിലേയും അരുണാചലിലേയും ഗ്രാമങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. | Photo-AP

പന്നി മാംസത്തിലും മറ്റ് ഉത്പന്നങ്ങളിലും മാസങ്ങളോ വർഷമോ തന്നെ ഇവയ്ക്ക് നിലനിൽക്കാൻ കഴിയും. അതിനാൽ തന്നെ ഇവയുടെ കയറ്റുമതിയിലൂടെ രാജ്യാത്തിര്‍ത്തികള്‍ കടന്ന് ഇവ എവിടെയും എത്താം. വിയറ്റ്‌നാം ഗവൺമെന്റിന്റെ ഇക്കഴിഞ്ഞ് ജൂൺ 11 ലെ പത്രക്കുറിപ്പിൽ അവർ ആഫ്രിക്കൻ പന്നിപ്പനിക്കെതിരെയുള്ള വാക്‌സിൻ വിജയകരമായി വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നുണ്ട്. NAVET-ASFVAC എന്ന പേരിൽ ഒന്നര അമേരിക്കൻ ഡോളർ വിലയിൽ അവ മാർക്കറ്റിൽ ഇറക്കിക്കഴിഞ്ഞു. വാക്‌സിനുകൾ കണ്ടെത്തുന്നത് ഭാവിയിൽ പന്നിപ്പനി മൂലമുള്ള വൻ സാമ്പത്തിക നാശം കുറയ്ക്കാൻ സഹായിച്ചേക്കാം. വിവിധ സ്‌ട്രെയിനുകളിൽ (ജനതിക സ്‌ട്രെയിന്‍-Genetic Strain) ചിലത് വളരെ മാരകമാണ്. രക്തസ്രാവം ഉണ്ടാക്കുന്നവയാണ് അവയിൽ ചിലത്. രോഗം പിടിച്ച മുഴുവൻ പന്നികളും ചത്തുപോകും.

രോഗലക്ഷണങ്ങള്‍

ആദ്യ ദിവസങ്ങളിൽ കടുത്ത പനി മാത്രമേ പന്നികളിൽ ലക്ഷണമായി കാണുകയുള്ളു. പിന്നീട് തീറ്റയെടുക്കാതാവുകയും മന്ദത പ്രകടിപ്പിക്കുകയും ചെയ്യും. വെള്ളനിറമുള്ള വളർത്തു പന്നികളുടെ കാലുകളുടെ അഗ്രങ്ങളിൽ രക്തം കട്ടകെട്ടിയപോലെ നീലിച്ച് കാണാം. ചെവികൾ, വയറ് എന്നിവിടങ്ങളിലെ രക്തക്കുഴലുകളിൽ നിന്നും രക്തസ്രാവം ഉണ്ടാകാം. ചിലപ്പോൾ രോഗമുള്ള പന്നികളെല്ലാം കൂട്ടമായി വിറച്ച്‌ കൊണ്ട് പറ്റിക്കൂടിക്കഴിയുകയും സാധാരണമല്ലാത്ത വിധം ശ്വാസം കഴിക്കുകയും ചുമയ്ക്കുകയും ചെയ്യും. കാലുകളിൽ ഉയർന്ന് നേരെ നിൽക്കാൻ പ്രയാസപ്പെടും. കുറച്ച് ദിവസത്തിനുള്ളിൽ അവ അബോധാവസ്ഥയിലേക്ക് പോയി ചത്തു പോകും. ലഘുവായ രോഗബാധ മാത്രം ഉള്ളവ, മെലിഞ്ഞ് ശോഷിക്കുകയും, ന്യൂമോണിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. സന്ധികളിൽ നീർക്കെട്ടും തൊലിയിൽ വ്രണങ്ങളും പ്രത്യക്ഷപ്പെടും.

2008-ല്‍ ചൈനയെ സാമ്പത്തികഞെരുക്കത്തിലാക്കി ആഫ്രിക്കന്‍ പന്നി പനി ബാധിച്ചിരുന്നു | Photo-AP

പിന്നില്‍

അര്‍ഗാസിഡേ (Argasidae) കുടുംബത്തിൽ പെട്ട ഒര്‍നിതോഡോറോസ് മൗബാറ്റാ (Ornithodoros moubata) പോലുള്ള ടിക് ചെള്ളുകളാണ് ഈ വൈറസിന്റെ വാഹകരായി പ്രവർത്തിക്കുന്നത്. കന്നുകാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ച് ചോരകുടിക്കുന്ന മൃദുല ശരീരരായ ഉണ്ണികൾ ആണിവ. വദന ഭാഗം ശരീരത്തിന്റെ അടി ഭാഗത്തായതിനാൽ അവ് കടിച്ച് പിടിച്ചിരിക്കുന്നത് കണ്ടാൽ ഒട്ടിച്ച് വെച്ചതു പോലെ തോന്നും. ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) എന്ന് പരക്കെ അറിയപ്പെടുന്ന രോഗം പരത്തുന്ന മൈറ്റുകൾ എന്ന ജീവിക്കും നമ്മൾ ചെള്ള് എന്നുവിളിക്കുന്നതിനാൽ പന്നിപ്പനി പരത്തുന്ന ജീവികളും ഒന്നു തന്നെയാണെന്ന് നമ്മൾ തെറ്റിധരിച്ചേക്കും. എന്നാല്‍ പന്നിപ്പനി പരത്തുന്നത് ടിക്കുകൾ (Tick) ആണ് .

രണ്ടിനും മലയാളത്തിൽ ചെള്ള് എന്ന ഒറ്റ പദം ഉപയോഗിക്കുന്നത്‌ കൊണ്ടുള്ള പ്രശ്‌നം ആണ്. ഒറിയെൻഷ്യ സുത്സുഗാമുഷി (Orientia tsutsugamushi) എന്ന ബാക്ടീരിയ മനുഷ്യരുടെ രക്തത്തിൽ എത്തുന്നത് ഒരു മില്ലീമീറ്റർ പോലും വലിപ്പമില്ലാത്ത മൈറ്റുകൾ (Mite) വഴിയാണ്. മുതിർന്ന മൈറ്റുകൾ നമ്മളെ കടിക്കാറില്ല. സസ്യഭാഗങ്ങൾ ഒക്കെയാണ് ഭക്ഷണം.

ഇളം ചുവപ്പ് നിറമുള്ള ഒരു പൊടിപോലെ സൂക്ഷിച്ച് നോക്കിയാൽ കാണാമെന്ന് മാത്രം. അതിലും വളരെ ചെറുതാണ് ഇവയുടെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾ. ലെൻസിലൂടെ നോക്കിയാലേ പലപ്പോഴും ഇവയെ കാണാൻ പോലും കഴിയു. ലാർവകൾക്ക് ആറുകാലുകൾ മാത്രമേ ഉണ്ടാകു. (ചിലന്തികളേപ്പോലെ എട്ടുകാലുകളുള്ള ജീവികളെ ഉൾപ്പെടുത്തിയിട്ടുള്ള അരാക്‌നിഡെ വിഭാഗത്തിൽ പെട്ടവരാണ് 'മൈറ്റുകളും ടിക്കുകളും'.)

ട്രോംബികുളിഡേ (Trombiculidae) , കുടുംബത്തിലെ ലെപ്‌ടോട്രോംബീഡിയം (Leptotrombidium) ജനുസിലെ ചില മൈറ്റുകളുടെ ലാർവകളാണ് ഒറിയെൻഷ്യ സുത്സുഗാമുഷി ബാക്ടീരിയകളെ നമ്മളിൽ എത്തിക്കുന്നത്. ചിഗർ മൈറ്റുകൾ (Chigger Mite) എന്നും ഇവയെ വിളിക്കാറുണ്ട് . കരണ്ടുതീനികളായ അണ്ണാനേയും എലികളെയും പോലെയുള്ള ജീവികളുടെ ശരീരത്തിലാണ് ഈ ബാക്ടീരിയ റിസർവുകളായി കഴിയുന്നത്. അവയിൽ രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കുകയുമില്ല.

Photo-AP

പശുവിന്റെയും നായയുടേയും ഒക്കെ ശരീരത്തിൽ പറ്റിപ്പിടിച്ച് ചോരകുടിച്ച് ജീവിക്കുന്നവരാണ് ടിക് ഉണ്ണി എന്നൊക്കെ പേരുള്ള ജീവി - നായുണ്ണി, പാലുണ്ണി എന്നൊക്കെ പേരുകളില്‍ ഇവര്‍ അറിയപ്പെടാറുണ്ട്. ഇവ മൈറ്റുകളെപ്പോലെ അത്ര ചെറിയ ജീവികളൊന്നും അല്ല. പലതിനും മൂന്നു മുതൽ അഞ്ച് മില്ലീമീറ്റർ വരെ വലിപ്പം ഉണ്ടാകും. സസ്തനികളുടെയും, ഉരഗങ്ങളുടെയും പക്ഷികളുടെയും ഉഭയ ജീവികളുടെയും ഒക്കെ ദേഹത്ത് കടിച്ച് പിടിച്ച് നിന്ന് ചോരകുടിച്ച് വയർ വീർപ്പിക്കുന്ന പഹയന്മാരാണിവർ. ഉറച്ച കവച ശരീരമുള്ളവരും ( Ixodidae) മൃദുല ശരീരികളും ( Argasidae) ഇക്കൂട്ടത്തിൽ ഉണ്ട്. മൃദുല ശരീക്കാരായ സോഫ്റ്റ് ടിക്കുകളാണ് പന്നിപ്പനി പരത്തുന്നവർ. അണ്ഡാകൃതിയിലുള്ള ശരീരം രക്തം കുടിച്ച് വീർക്കും.

പൂർണ രൂപി ആകും മുമ്പ് ഇവരുടെ ജീവചക്രത്തില്‍ മുട്ട, ലാർവ, നിംഫ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട് . മുതിർന്ന ടിക്കുകൾ ഒന്നോ അതിലധികമോ ആതിഥേയരിൽ പരാദമായി ജീവിക്കും. ഇത്തരത്തിൽ ചോരകുടിച്ച് കഴിയുമ്പോൾ പല രോഗകാരികളേയും ആതിഥേയരിലേക്ക് പകർത്തുന്ന വാഹകരായി പ്രവർത്തിക്കുകയും ചെയ്യും. ഇവയുടെ മുട്ട വിരിഞ്ഞ് ഉണ്ടാകുന്ന ലാർവകൾക്ക് ആറുകാലുകളേ ഉണ്ടാകുകയുള്ളു.

ചോരകുടിക്കാൻ അവസരം കിട്ടിയാൽ മാത്രമേ അവയുടെ ഉറപൊഴിക്കലും അധികമുള്ള രണ്ട് കാലുകളും ലഭിക്കുകയുള്ളു. നിംഫുകൾക്ക് അതിനാൽ എട്ട് കാലുകൾ ഉണ്ടാകും.ടിക്കുകളുടെ മുന്‍കാലിന്റെ
അഗ്രത്തിൽ ഒരു കുഴിയുണ്ടാകും. അതിന് ഹാലേഴ്‌സ് ഓര്‍ഗന്‍ (Haller's organ) എന്നാണ് പറയുക. അതിസങ്കീർണ്ണമായ ഇന്ദ്രിയം ആണത്. പരാദമായി പറ്റിക്കൂടേണ്ട ജീവിയുടെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന സെൻസറി അവയവം കൂടിയാണിത്.

ആരോയില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നതാണ്‌ 'ഹാലേര്‍സ് ഓര്‍ഗന്‍' | Photo-Wiki/By Lamiot - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=41547299

മണം, കാർബൺ ഡയോക്‌സൈഡിന്റെ അളവ് , ഹ്യുമിഡിറ്റി, താപവ്യത്യാസം, കാറ്റ് എന്നിവയൊക്കെ തിരിച്ചറിഞ്ഞ് ചോര ഊറ്റാൻ, പറ്റിക്കൂടാൻ പറ്റുന്ന ജീവിയുടെ സാന്നിധ്യവും സ്ഥാനവും തിരിച്ചറിയാൻ ഈ അവയവം ആണ് സഹായിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ടിക്കുകൾക്ക് നല്ല കഴിവുണ്ട്. വാക്വം അവസ്ഥയോട് അടുത്ത സാഹചര്യത്തിൽ പോലും അരമണിക്കൂറിലധികം നേരം ഇവ അതിജീവിക്കും. വരൾച്ചക്കാലത്ത് ഒന്നും കുടിക്കാതെ, ഉണങ്ങി ചത്തു പോകാതെ പതിനെട്ട് ആഴ്ചവരെ ഇവർക്ക് കഴിയാൻ പറ്റും. മൈനസ് 18 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ പോലും മണിക്കൂറുകൾ ഇവ ജീവിക്കും.

അന്റാര്‍ട്ടിക്കിലും

അതിനാൽ തന്നെ അന്റാർട്ടിക്കിലെ പെൻ​​ഗ്വിനുകളുടെ ശരീരത്തിലും ടിക്കുകൾ ജീവിക്കും. ശരീരത്തിൽ കയറിക്കഴിഞ്ഞാൽ കട്ടികുറഞ്ഞ തൊലിയുള്ള ഭാഗം അന്വേഷിച്ച് ഇവർ സഞ്ചരിക്കും. സസ്തനികളുടെ ചെവിയും അകിടും ഒക്കെ ഇഷ്ടസ്ഥലങ്ങളാണ്. ചോരകുടിക്കുന്നതിനു മുൻപുള്ളതിന്റെ പല മടങ്ങ് ശരീര ഭാരം ഇവ ചോരകുടിച്ച് തീരുമ്പോൾ ഉണ്ടാകും. ചോര മാത്രം ഭക്ഷണം ആക്കിയതിനാൽ കാർബോ ഹൈഡ്രേറ്റുകൾ , വിറ്റാമിനുകൾ, തുടങ്ങിയവയുടെ ആവശ്യം നിറവേറ്റുന്നത് എൻഡോ സിംബയോസിസ് വഴി കൂടെ തന്നെ ജീവിക്കുന്ന ചിലതരം ബാക്റ്റീരിയകളുടെ സഹായത്തോടെ ആണ്. ഇവ തലമുറകളായി ട്രാന്‍സ്‌വേരിയല്‍ ട്രാന്‍സ്മിഷന്‍ (Transovarial Transmission) വഴി ഇവർക്കൊപ്പം കൈമാറ്റം ചെയ്യപ്പെടുന്നും ഉണ്ട്. വൈറസുകൾ, ബാക്ടീരിയകൾ, പ്രോട്ടോസോവകൾ തുടങ്ങിയവ ഉണ്ടാക്കുന്ന പലതരം രോഗങ്ങൾ ഇവരിലൂടെ മനുഷ്യരിലും എത്തുന്നുണ്ട്.

1971 ൽ ക്യൂബയിൽ പന്നിപ്പനി രോഗം വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കി, രാജ്യത്ത് ഇതൊരു മഹാമാരിയായി പടരുന്നത് തടയാനായി അഞ്ച് ലക്ഷത്തോളം പന്നികളെയാണ് കൊന്നൊടുക്കിയത്. | Photo-Wiki/By kallerna - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=110364679

1971 ൽ ക്യൂബയിൽ പന്നിപ്പനി രോഗം വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതൊരു മഹാമാരിയായി പടരുന്നത് തടയാനായി അഞ്ച് ലക്ഷത്തോളം പന്നികളെയാണ് കൊന്നൊടുക്കിയത്. ആറു വർഷങ്ങൾക്ക് ശേഷം ചില പത്രങ്ങൾ , ആ രോഗബാധ അമേരിക്കൻ സർക്കാരിന്റെ ഒരു അട്ടിമറിയായിരുന്നു എന്ന് റിപ്പോർട്ടുകളും പുറത്തുവിട്ടിരുന്നു. ഫിഡൽ കാസ്‌ട്രോ സർക്കാരിന്റെ ജന പിന്തുണ കുറക്കാനും സാമ്പത്തികമായി തകർക്കാനും വേണ്ട് ക്യൂബയിലേക്ക് രഹസ്യമായി കടത്തിയതാണ് ഈ വൈറസ് എന്നാണ് കരുതപ്പെടുന്നത്. പന്നിപ്പനി വൈറസ് മനുഷ്യരിൽ രോഗം ഒന്നും ഉണ്ടാക്കില്ല എന്നത് ആശ്വാസകരമാണെങ്കിലും ഇതുണ്ടാക്കുന്ന വലിയ സാമ്പത്തിക നഷ്ടം വളരെ പ്രധാനം ആണ്. രോഗം റിപ്പോർട്ട്‌ ചെയ്ത പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊല്ലുക എന്നതാണ് ആദ്യപടി. ഇത് പന്നികൃഷിക്കാരെ സംബന്ധിച്ചടുത്തോളം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. കൂടുതൽ ഇടങ്ങളിലേക്ക് രോഗം പടരാതെ പിടിച്ചു നിർത്തുക എന്നതാണ് ഇപ്പോൾ അടിയന്തിരമായി ചെയ്യേണ്ട കാര്യം.

Content Highlights: about african swine fever

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented