ഉയരവും ഊര്‍ജവും കൂടി തിര; തിരുവനന്തപുരത്ത് 14 വര്‍ഷത്തിനിടെ കടലെടുത്തത് 647ഏക്കര്‍


ഡോ. ഇ.ഷാജി/ അഖില്‍ ശിവാനന്ദ്പൊഴിയൂരിനും അഞ്ചുതെങ്ങിനും ഇടയിലുള്ള 58 കിലോമീറ്റര്‍ പ്രദേശത്ത് കഴിഞ്ഞ 14 വര്‍ഷത്തിനിടെ 2.62 സ്‌ക്വയര്‍ കിലോമീറ്റര്‍ (647 ഏക്കര്‍) ഭൂമി കടലെടുത്തുവെന്ന് പഠനം.

Interview

ഡോ. ഇ.ഷാജി

കേരളത്തിന്റെ തെക്കന്‍ തീരപ്രദേശത്ത് കടലാക്രമണം അതിരൂക്ഷമാകുന്നതായി പഠനം. തിരുവനന്തപുരം ജില്ലയില്‍ പൊഴിയൂരിനും അഞ്ചുതെങ്ങിനും ഇടയിലുള്ള 58 കിലോമീറ്റര്‍ പ്രദേശത്ത് കഴിഞ്ഞ 14 വര്‍ഷത്തിനിടെ 2.62 സ്‌ക്വയര്‍ കിലോമീറ്റര്‍ (647 ഏക്കര്‍) ഭൂമി കടലെടുത്തുവെന്ന് സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കേരള സര്‍വകലാശാല ജിയോളജി വിഭാഗം തലവന്‍ ഡോ. ഇ. ഷാജിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ചും കേരളത്തില്‍ കടലേറ്റം വര്‍ധിക്കുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഡോ. ഇ. ഷാജി മാതൃഭൂമി ഡോട് കോമുമായി സംസാരിക്കുന്നു.

Also Read

'ഒരു പ്രളയം എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം; ...

തവിടുപൊടിയാണ് ഈ തൂശൻ; കഴിച്ചുകഴിഞ്ഞാൽ ...

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

എന്തായിരുന്നു പഠനത്തിലെ പ്രധാന കണ്ടെത്തല്‍ ?

കേരളത്തിന്റെ തെക്കന്‍ ഭാഗത്ത് അതീവ ഭീതിജനകമായ വേഗത്തിലാണ് തീരപ്രദേശങ്ങള്‍ കടലെടുക്കുന്നതെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. പൊഴിയൂരിനും അഞ്ചുതെങ്ങിനും ഇടയിലുള്ള 58 കിലോമീറ്റര്‍ പ്രദേശത്ത് കഴിഞ്ഞ 14 വര്‍ഷത്തിനിടെ 2.62 സ്‌ക്വയര്‍ കിലോമീറ്റര്‍ (647 ഏക്കര്‍) ഭൂമിയാണ് കടലെടുത്തത്. ഇതില്‍ തന്നെ ഓരോ സ്ഥലത്തും ഓരോ രീതിയിലാണ് തീരം കടലെടുക്കുന്നത്. നദീമുഖത്തടക്കം ചില സ്ഥലങ്ങളില്‍ കുറച്ച് മാറ്റങ്ങളുണ്ട്. എന്നാല്‍, നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു തീരശോഷണ പ്രവര്‍ത്തനമല്ല നടക്കുന്നത്. കടലാക്രമണത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസവും നമ്മള്‍ കാണുന്നതല്ലേ? അതിരൂക്ഷമായ കടലാക്രമണവും തീരശോഷണവുമാണ് നമ്മുടെ തീരപ്രദേശത്ത് നടക്കുന്നത്. 2027 വരെ ഇതേ സ്ഥിതിവിശേഷം തുടര്‍ന്നുപോകുമെന്നാണ് പഠനം പറയുന്നത്.

58 കിലോമീറ്റര്‍ പ്രദേശത്തെ അഞ്ച് മേഖലകളായി വിഭജിച്ചാണ് പഠനം നടത്തിയത്. പൊഴിയൂര്‍- അടിമലത്തുറ, അടിമലത്തുറ- പൊഴിക്കര, പൊഴിക്കര- വേളി, വേളി- കഠിനംകുളം, കഠിനംകുളം- അഞ്ചുതെങ്ങ് എന്നിങ്ങനെ വിഭജിച്ചാണ് ഈ പ്രദേശങ്ങളെ പഠനവിധേയമാക്കിയത്.

ഏറ്റവും കൂടുതല്‍ തീരശോഷണം കാണിക്കുന്നത് കോവളം മുതല്‍ വാഴമുട്ടം വരെയുള്ള ഭാഗത്താണ്. അവിടെ ഏകദേശം മൂന്ന് കിലോമീറ്ററോളം നീളത്തില്‍ തീരം പോയിട്ടുണ്ട്

പൂന്തുറ, വേളി കഠിനംകുളം പ്രദേശത്തും ഒരുപാട് തീരം പോയിട്ടുണ്ട്.എന്നാല്‍ ഇതിനൊപ്പം 12 കിലോമീറ്ററോളം തീരം പുനസ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. എന്നാലത് കടലെടുത്ത തീരവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. നേരത്തേ അവിടെ ഇത്രത്തോളം തന്നെ ബീച്ച് ഉണ്ടായിരുന്നു എന്നതാണ് പ്രധാനകാര്യം. കടലെടുത്ത് പോയ തീരം പിന്നീട് പുനസ്ഥാപിക്കപ്പെട്ടതാണ്. ഒരു കൂട്ടിച്ചേര്‍ക്കല്‍ എന്ന് പറയാന്‍ സാധിക്കില്ല. മാത്രമല്ല അത് വളരെ കുറച്ച് മാത്രമേയുള്ളൂ.

പഠനം നടത്തിയ പ്രദേശം

14 വര്‍ഷം കൊണ്ട് 647 ഏക്കര്‍ ഭൂമി കടലെടുത്തു എന്നത് ഭീതിപ്പെടുത്തുന്ന കണക്കല്ലേ, കേരളം മുഴുവനായി എടുക്കുമ്പോള്‍ ഇതിന്റെ വ്യാപ്തി വളരെ കൂടുതലായിരിക്കില്ല?

അതെത്ര വലുതായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ. ഭീകരമായ കണക്കായിരിക്കും അത്. ഇപ്പോള്‍ 58 കിലോമീറ്ററില്‍ നടത്തിയ പഠനം വിപുലീകരിച്ചാല്‍ ഇതിന്റെ വ്യാപ്തി വളരെ വലുതായിരിക്കും. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശം മുഴുവനായും പഠനവിധേയമാക്കിയാല്‍ എത്രത്തോളം ഭൂമിയായിരിക്കും നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുക എന്ന് ആലോചിച്ചു നോക്കൂ. കേരളത്തിന്റെ തെക്കന്‍ മേഖലയിലെ തീരപ്രദേശം മാത്രമെടുത്ത് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഇത്രയും തീരം കടലെടുത്തുപോകുന്നുണ്ടെന്ന് മനസിലായത്. കടലാക്രമണം കൂടുതലാണ് എന്ന് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. അതിന്റെ വ്യാപ്തിയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

പഠനം നടത്തിയ പ്രദേശത്തെ പ്രതിവര്‍ഷ കണക്ക് പരിശോധിച്ചാല്‍ പൊഴിയൂരാണ് ഏറ്റവുമധികം തീരം നഷ്ടപ്പെട്ടത്. ഇവിടെ 10 മീറ്ററോളമാണ് കടല്‍ ഉള്ളിലേക്ക് കയറിയത്. എന്നാല്‍, മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ മുമ്പ് ശരാശരി ഒരു മീറ്റര്‍ തീരം കടലെടുത്തിരുന്നിടത്ത് അഞ്ച് മീറ്റര്‍ വരെയാണ് ഇപ്പോള്‍ പോകുന്നത്. എന്നാല്‍ എല്ലായിടത്തും ഒരുപോലെയല്ല തീരം പോകുന്നത്. വേളി, ശംഖുമുഖം മേഖലയിലും കഠിനംകുളം പ്രദേശത്തുമാണ് ഏറ്റവുംകൂടുതല്‍ ആക്രമണം സംഭവിക്കാന്‍ പോകുന്നത്.

നമ്മുടെ തീരപ്രദേശത്ത് കടലേറ്റവും തീരശോഷണവും ഈരീതിയില്‍ വര്‍ധിക്കാന്‍ എന്താണ് കാരണം?

അറബിക്കടലിന്റെ താപനിലയിലുണ്ടായ വ്യതിയാനമാണ് ഇതിന് ഒരു പ്രധാനകാരണം. ആഗോളതാപനത്തിന്റെയും മറ്റെല്ലാ പ്രതിഭാസങ്ങളുടെയും ഫലമായി സാധാരണനിലയില്‍ എല്ലാ സമുദ്രങ്ങളും ചൂടായിക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. പക്ഷേ നമ്മുടെ സമുദ്രം കുറച്ച് കൂടുതലായി ചൂടാകുന്നുണ്ട്. രണ്ടാമതായി സമുദ്രനിരപ്പ് തന്നെ പ്രതിവര്‍ഷം 8 മില്ലീമീറ്ററോളം കൂടുന്നുണ്ട്. അതോടൊപ്പം കേരളത്തിന്റെ തെക്കുഭാഗത്തേക്ക് വരുമ്പോള്‍ തിരമാലയുടെ ഉയരത്തിലും ഊര്‍ജത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. ശരാശരി ഒരു മീറ്റര്‍ ആയിരുന്ന തിരമാലയുടെ ഉയരം മൂന്ന് മീറ്ററായി മാറി. സ്വെല്‍ വേവ്സ് പ്രതിഭാസങ്ങളുണ്ടാകുമ്പോള്‍ ഇത് അസാധാരണമായ ഉയരത്തിലേക്ക് പോകുകയും ചെയ്യുന്നു.

2006-ല്‍ തീരം പരിശോധിക്കുമ്പോള്‍ അത് കടലിലേക്ക് ഇറങ്ങിയായിരുന്നുവെന്ന് കാണാന്‍ സാധിക്കും. 2013 ആയപ്പോൾ ഇതിന് കരയിലേക്ക് കുറച്ചുകൂടി കയറിവന്നു. 2022 എത്തുമ്പോള്‍ കടല്‍ പിന്നെയും കയറി. ശംഖുമുഖം തീരം തന്നെയാണ് ഇതിന് ഉദാഹരണം. രൂക്ഷമായാണ് അവിടെ കടല്‍ കയറുന്നത്. ഇപ്പോള്‍ റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ വന്നടിക്കുകയാണ് തിര. ഏകദേശം 500 മീറ്ററോളം ഉണ്ടായിരുന്ന ബീച്ച് ഇപ്പോഴില്ല.

ശംഖ്മുഖത്ത് തീരം കടലെടുത്ത നിലയില്‍ (ഫയല്‍ചിത്രം)| ഫോട്ടോ മാതൃഭൂമി

വേഗത്തിലുള്ള ഈ കടലേറ്റം നമ്മുടെ തീരദേശത്തേയും പരിസ്ഥിതിയേയും എങ്ങനെയായിരിക്കും ബാധിക്കുക?

നമ്മുടെ ബീച്ചുകള്‍ മണല്‍നിറഞ്ഞ ബീച്ചുകളാണ്. പാറക്കെട്ടുകള്‍ സംരക്ഷണം ഒരുക്കുന്ന കോവളം പോലുള്ള ബീച്ചുകള്‍ കേരളത്തില്‍ കുറവാണ്. നമ്മുടെ 90 ശതമാനം ബീച്ചുകളും മണല്‍കൊണ്ട് നില്‍ക്കുന്നവയാണ്. ഇത്തരം ബീച്ചുകള്‍ നമുക്ക് അത്യാവശ്യവുമാണ്. എല്ലാ ആവാസവ്യവസ്ഥകളും നിലനിന്നു പോകാന്‍ ഇത്തരം തീരങ്ങള്‍ അത്യാവശ്യവുമാണ്. പക്ഷേ, അതാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ കടലില്‍നിന്ന് പല മീനുകളും കിട്ടുന്നില്ലെന്നും ചാകര കുറയുന്നതായും മത്സ്യത്തൊഴിലാളി സമൂഹം പലപ്പോഴായി പരാതി ഉന്നയിക്കുന്നുണ്ട്.

നദി കടലില്‍ ചേരുന്ന ചില സ്ഥലത്ത് കായലുണ്ടാകും. കായലില്ലാതെ വന്ന് ചേരുന്ന ഭാഗത്തെയാണ് പൊഴി എന്ന് പറയുന്നത്. മഴക്കാലത്ത് പൊഴി തുറക്കുകയും മഴക്കാലം കഴിയുമ്പോള്‍ കടല്‍ തന്നെ എക്കല്‍ കൊണ്ടിട്ട് ഒരു തിട്ട തീര്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ പൊഴി രൂപപ്പെടുന്നത് ഇപ്പോഴില്ല. പകരം എപ്പോഴും തുറന്നു കിടക്കുകയാണ്. മൊത്തത്തില്‍ നമ്മുടെ തീരദേശത്തെ കോസ്റ്റല്‍ ഡൈനാമിക്‌സില്‍ മാറ്റം വന്നിട്ടുണ്ട്. 2200ല്‍ അധികം ആളുകള്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ താമസിക്കുന്ന ഒരു തീരപ്രദേശം എന്ന നിലയില്‍ അതീവലോലമായ ഒരു പരിസ്ഥിതി ദുര്‍ബല മേഖലയായി നമ്മുടെ നമ്മുടെ തീരപ്രദേശം മാറിയിരിക്കുന്നു.

തീരനിര്‍മിതിയെ സ്വീധീനിക്കുന്ന മറ്റെന്തെങ്കിലും ഘടകങ്ങള്‍ക്ക് ഇക്കാലയളവില്‍ മാറ്റം സംഭവിച്ചിട്ടുണ്ടോ?

പണ്ട് എവിടെ തീരം പോയാലും പിന്നീടത് പുനര്‍നിര്‍മിക്കപ്പെടുമായിരുന്നു. അത് തീരനിര്‍മിതിയുടെ ഒരു പ്രക്രിയയായിരുന്നു. പക്ഷേ ഇപ്പോള്‍ പലേടത്തുനിന്നും കടലെടുക്കുന്ന എക്കല്‍ തിരിച്ച് എത്തുന്നില്ല. സാധാരണ അങ്ങനെയല്ല സംഭവിക്കുക. പ്ലാസ്റ്റിക്കുകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ പോലും തീരത്ത് തിരിച്ചെത്താറുണ്ട്. തിരമാലയുടെ ഊര്‍ജത്തില്‍ മാറ്റം വരുന്നതുകൊണ്ടാണ് ഇത് നടക്കാത്തത്. ബോട്ട് തകര്‍ന്നും മറ്റും മത്സ്യത്തൊഴിലാളികള്‍ മരിക്കുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷമായാണ് നമ്മള്‍ കേള്‍ക്കുന്നത്. എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നപോലെ. ഒരുപാട് മാറ്റങ്ങളാണ് കടലില്‍ സംഭവിക്കുന്നത്.

ആഗോളതാപനത്തിന്റെ പ്രത്യാഘാതം നമുക്ക് ശരിക്ക് കാണാന്‍ സാധിക്കുക സമുദ്രനിരപ്പിന്റെ വര്‍ധനവിലാണ്. സമുദ്രത്തിന്റെ ഉപരിതല താപനില കൂടുന്നതിനാല്‍ കാറ്റ്, മേഘങ്ങളുടെ രൂപീകരണം ഇതെല്ലാം മാറും. തീരത്തേക്ക് വരുന്ന തിരമാലകളല്ലാതെ തെക്ക് നിന്ന് വടക്കേക്ക് ഒഴുകുന്ന ലോങ് ഷോര്‍ കറണ്ടുണ്ട്. അതിലും മാറ്റമുണ്ട്. എക്കലിനെ വഹിച്ചുകൊണ്ട് പോകുന്നത് ഈ ലോങ് ഷോര്‍ കറണ്ടാണ്. തെക്കുനിന്ന് വടക്കേക്കാണ് ഈ ഒഴുക്ക് എക്കല്‍ കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് പുലിമുട്ടുകള്‍ നിര്‍മിച്ചതിന് തെക്കുഭാഗത്ത് ബീച്ചുകള്‍ രൂപപ്പെടുന്നത്. അവിടങ്ങളില്‍ പുലിമുട്ടിന് വടക്കുഭാഗത്ത് വലിയ തീരശോഷണവുമായിരിക്കും. അത് ഏത് പുലിമുട്ടിലും നമുക്ക് കാണാന്‍ സാധിക്കും.

ടെട്രാപോഡ്‌സ് | ഫോട്ടോ: മാതൃഭൂമി

തീരസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്ന പ്രതിരോധമാര്‍ഗങ്ങള്‍ ഫലപ്രദമാണോ?

2006 മുതല്‍ എടുത്തു നോക്കുമ്പോള്‍ നമ്മുടെ തീരത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരികയാണ്. കഴിഞ്ഞ 10-15 വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. അതിനിടയില്‍ നമ്മള്‍ ഒരുപാട് നിര്‍മിതികള്‍ കൊണ്ടുവന്നു. കടല്‍ഭിത്തികള്‍, പുലിമുട്ടുകള്‍, ടെട്രാപോഡ്‌സ് ഉള്‍പ്പെടെയുള്ളവയാണ് നമ്മള്‍ തീരത്ത് നിര്‍മിച്ചത്. എന്നിട്ടും തീരശോഷണത്തിന് ഒരു മാറ്റം വരുത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഹൈബ്രിഡായ ഒരു പരിഹാരം ഇക്കാര്യത്തില്‍ വേണമെന്നാണ് പഠനം ശുപാര്‍ശ ചെയ്യുന്നത്. തീരത്ത് മാത്രമല്ല നിര്‍മിതികള്‍ വേണ്ടത്. പോണ്ടിച്ചേരിയിലൊക്കെ ചെയ്തത് പോലെ, കുറച്ച് കടലിലേക്ക് ഇറക്കി റീഫ് പോലുള്ള പ്രതിരോധ മാര്‍ഗങ്ങളാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.

തീരശോഷണം കുറക്കാന്‍ മറ്റെന്തെല്ലാം നമുക്ക് ചെയ്യാന്‍ സാധിക്കും?

പ്രതിവര്‍ഷം ഏഴ് മുതല്‍ എട്ട് മീറ്റര്‍ വരെ കടല്‍ അകത്തേക്ക് കയറുകയാണ്. ഈ രീതിയില്‍ തീരശോഷണം സംഭവിക്കുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനകം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനെ അത് ബാധിക്കും. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് ആര്‍ട്ടിഫിഷ്യല്‍ റീഫുകള്‍ സ്ഥാപിക്കണം. സ്റ്റീല്‍ നിര്‍മിതികളാണ് ഈ റീഫുകള്‍. അത് കടലില്‍ അഞ്ഞൂറ് മീറ്റര്‍ മാറി ഇടണം. അത് തിരയുടെ ഊര്‍ജ്ജത്തേയും ദിശയേയും മാറ്റുന്നതോടെ തീരത്തേക്കുള്ള ആക്രമണം കുറയും. ശാന്തമായി ഒഴുകി എത്തുന്ന വെള്ളമായിരിക്കും എത്തുക. അതോടെ തെക്കുനിന്ന് വടക്കോട്ടുള്ള സെഡിമെന്റിനെ കൊണ്ടുപോകാനും സാധിക്കും.

തിരകള്‍ക്കും വേലിയേറ്റ വേലിയിറക്കങ്ങള്‍ക്കും തീരത്തിന് സാമാന്തരമായി സഞ്ചരിക്കുന്ന കറണ്ടിനും മാറ്റം വന്നിരിക്കുകയാണ്. ഇവ മൂന്നും നിയന്ത്രിക്കാന്‍ തീരദേശത്ത് നമ്മള്‍ കടല്‍ഭിത്തികള്‍, ടെട്രാപോഡ്സ്, പുലിമുട്ടുകള്‍ എന്നിവയ്ക്ക് പുറമേ റീഫുകള്‍കൂടി നിര്‍മിക്കണം. പോണ്ടിച്ചേരിയില്‍ കടല്‍ത്തീരം സംരക്ഷിക്കാനായി കടലില്‍ റീഫുകള്‍ സ്ഥാപിച്ചിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി പോണ്ടിച്ചേരി ബീച്ചില്‍ നടത്തിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഇവിടെയും സാധ്യമാണോ എന്ന് പരിശോധിക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയേയും നമ്മുടെ വിദഗ്ദ്ധരേയും ഉള്‍പ്പെടുത്തി ഒരു പദ്ധതി തയ്യാറാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നാണ് ഞങ്ങളുടെ നിര്‍ദേശം. അത്തരത്തില്‍ അങ്ങനെ തിരയുടെ ഊര്‍ജ്ജം കുറച്ചാലേ നമുക്ക് കുറച്ചെങ്കിലും സംരക്ഷിക്കാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ വിശദമായ പഠനവും ആവശ്യമാണ്.

Content Highlights: 647 acres of coastal land were lost to the sea in 14 years in Thiruvananthapuram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented