കീടനാശിനികളുടെ ലോകത്തെ നായകന്‍, ഇരുട്ടി വെളുത്തപ്പോള്‍ പ്രതിനായകനായ കഥ | Silent Spring@60


എന്‍.എസ്. അരുണ്‍ കുമാര്‍

പ്രതീകാത്മക ചിത്രം | Getty images

കീടനാശിനികളുടെ ലോകത്ത് 'നായകനായിരുന്ന' ഡി.ഡി.ടി. ഇരുട്ടിവെളുത്തപ്പോള്‍ പ്രതിനായകനായത് ഒരു പുസ്തകം കാരണമാണ്. അതിന്റെ പേരാണ് 'സൈലന്റ് സ്പ്രിങ്'. റേച്ചല്‍ കാഴ്സണ്‍ എന്ന ജീവശാസ്ത്രജ്ഞ 60 കൊല്ലം മുന്‍പ് എഴുതിയ പുസ്തകം എങ്ങനെയാണ് ഡി.ഡി.ടി.യുടെ ഭാവി തകര്‍ത്തതെന്നും പൂര്‍ണമായി തകരാതെ ഡി.ഡി.ടി. പിടിച്ചു നിന്നതെങ്ങനെയെന്നും പരിശോധിക്കുന്നു

ഡി.ഡി.ടി. എന്ന കീടനാശിനിക്കെതിരേ ഏറ്റവും ശക്തമായ ജനകീയപൊതുബോധം ലോകത്തെമ്പാടും വളരാനിടയാക്കിയ സൈലന്റ് സ്പ്രിങ് (Silent Spring) എന്ന പുസ്തകത്തിന് 60 തികയുന്നു. 1962 സെപ്റ്റംബര്‍ 27-നാണ് ഇത് പ്രസിദ്ധീകൃതമായത്. റേച്ചല്‍ കാഴ്സണ്‍ (Rachel Carson) എന്ന അമേരിക്കന്‍ ജീവശാസ്ത്രജ്ഞയായിരുന്നു കീടനാശിനിക്കമ്പനികളുടെ വമ്പിച്ച എതിര്‍പ്പിനിടയാക്കിയ ഈ പുസ്തകം എഴുതിയത്. 'ഇന്‍സെക്ട് ബോംബ്' എന്ന പേരില്‍ പ്രസിദ്ധി നേടിയിരുന്ന D.D.T. വിവേചനരഹിതമായി ഉപയോഗിക്കുന്നപക്ഷം പാടാന്‍ പക്ഷികളില്ലാത്ത വസന്തങ്ങളായിരിക്കും ഇനിയുണ്ടാവുകയെന്ന് കാഴ്സണ്‍ മുന്നറിയിപ്പ് നല്‍കി. D.D.T. മാത്രമല്ല, മനുഷ്യനിര്‍മിതവും മനുഷ്യജന്യവുമായ എല്ലാ വിഷവസ്തുക്കളും മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ നിലനില്‍പ്പിന് എങ്ങനെ ഭീഷണിയാവുന്നു എന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ റേച്ചല്‍ കാഴ്സണ് കഴിഞ്ഞു. ഇതിലൂടെ, 'മനുഷ്യനായിരിക്കണം എല്ലാറ്റിന്റെയും മാനദണ്ഡം' (Man is the measure of the world) എന്ന പഴയ ചിന്തയില്‍ നിന്ന് മാറി, മനുഷ്യനുള്‍പ്പെടുന്ന പരിസ്ഥിതിയുടെ നിലനില്പും പരിഗണിക്കേണ്ടതുണ്ട് എന്ന പുതിയൊരു ചിന്ത ഉദയംകൊണ്ടു. ഇന്ന് ഇത് പുതിയൊരു ആശയമായി തോന്നില്ലെങ്കിലും അത് രൂപംകൊണ്ട കാലത്ത്, 1960-കളില്‍ അതിന് വമ്പിച്ച എതിര്‍പ്പ് നേരിടേണ്ടിവന്നു. രാസകീടനാശിനികള്‍ നിര്‍മിക്കുന്ന വന്‍കിട കുത്തക കമ്പനികളാണ് ഇതിനെതിരേ വന്‍തോതില്‍ പ്രചാരവേലകള്‍ നടത്തിയത്. എങ്കിലും കീടനാശിനികള്‍ ഉള്‍പ്പെടെയുള്ള വിഷവസ്തുക്കള്‍ പരിസ്ഥിതിയിലേല്‍പ്പിക്കുന്ന ആഘാതം സംബന്ധിച്ച് പുതിയ പഠനങ്ങളും ഗവേഷണങ്ങളും നടക്കാന്‍ റേച്ചല്‍ കാഴ്സണ്‍ നല്‍കിയ മുന്നറിയിപ്പ് കാരണമായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇത്തരം പഠനങ്ങളില്‍ വെളിപ്പെട്ടത്. അതേസമയം, പൊതുജനങ്ങളില്‍നിന്ന് അവ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടായി. അതുകൊണ്ടുതന്നെ പൊതുജനങ്ങളെ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നതിനായി സംഘടിതമായ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും ഉയര്‍ന്നുവന്നു.



ഇതാണ് ലോകമെമ്പാടുമായി പരിസ്ഥിതിചിന്ത എന്ന എന്‍വയോണ്‍മെന്റലിസം ഉയര്‍ന്നുവരാന്‍ കാരണമായത്. ഈ ജനകീയപ്രസ്ഥാനത്തിന് അടിത്തറ പാകിയ പുസ്തകം എന്ന നിലയ്ക്കാണ് റേച്ചല്‍ കാഴ്സണിന്റെ 'സൈലന്റ് സ്പ്രിങ്' ഇന്നും പ്രസക്തമാവുന്നതും.

ഡി.ഡി.ടി.യുടെ കഥ

ലോകത്തിലെ ഏറ്റവും സുപരിചിതമായ കീടനാശിനികളിലൊന്നാണ് D.D.T. (dichloro-diphenyl-trichloroethane). 'ഉറുമ്പുപൊടി' എന്ന പേരില്‍ കേരളത്തിലും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഡി.ഡി.ടി. സ്ഥാനമുറപ്പിച്ചിരുന്നു. ഉറുമ്പുകള്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമായിരുന്നില്ലെങ്കിലും പേനിനെ നശിപ്പിക്കാന്‍ ഡി.ഡി.ടി. നിര്‍ലോഭം ഉപയോഗിക്കുന്ന രീതി 1960-കള്‍ക്കുമുന്‍പും അതിനുശേഷവും കേരളീയര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഡി.ഡി.ടി.യുടെ ദോഷഫലങ്ങളെക്കുറിച്ച് ആളുകള്‍ പൊതുവേ അജ്ഞരായിരുന്നതാണ് ഇതിന് കാരണമായത്. സത്യത്തില്‍, രണ്ടാം ലോകമഹായുദ്ധമാണ് ഡി.ഡി.ടി.യുടെ സാര്‍വജനീനതയ്ക്ക് കാരണമായത്. ഭൂമധ്യരേഖയോടടുത്ത ട്രോപ്പിക്കല്‍ മേഖലയിലെ രാജ്യങ്ങളില്‍ യുദ്ധം ചെയ്യേണ്ടിവന്ന യൂറോപ്പുകാരായ പട്ടാളക്കാര്‍ക്ക് മലേറിയ, ടൈഫസ് പനി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു. കൊതുകുകളായിരുന്നു മലേറിയ പരത്തിയിരുന്നത്. പേനുകളും ചെള്ളുകളുമായിരുന്നു ടൈഫസ് പടരാന്‍ കാരണം. യുദ്ധകാലത്തെ കുടിയൊഴിപ്പിക്കലുകളും വൃത്തിഹീനമായ പരിസരങ്ങളിലെ കൂട്ടമായ പാര്‍ക്കലും ഇത്തരം രോഗങ്ങളുടെ ആക്കം കൂട്ടി. ചതുപ്പുനിലങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ കഴിയേണ്ടിവന്ന പട്ടാളക്കാര്‍ക്കിടയില്‍ മലമ്പനി വലിയ പ്രശ്‌നമായി. കൊതുകിനെ നിയന്ത്രിക്കുക എന്നത് മാത്രമായിരുന്നു പരിഹാരം. ഡി.ഡി.ടി.യായിരുന്നു ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കിയത്. യുദ്ധപരമായ പ്രാധാന്യം ഡി.ഡി.ടി.യെ ലോകപ്രശസ്തമാക്കുകയും ചെയ്തു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ജര്‍മനിയിലെ സ്ട്രാസ്ബെര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഓത്മാര്‍ സെഡ്ലര്‍ (Othmar Zeidler) ആയിരുന്നു 1874-ല്‍ D.D.T. കണ്ടെത്തിയത്. പഠനം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിക്കേണ്ട തീസിസിനുവേണ്ടി നടത്തിയ പരീക്ഷണങ്ങളാണ് ഓത്മാര്‍ സെഡ്ലറെ ഡി.ഡി.ടി.യുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ക്‌ളോറല്‍ ഹൈഡ്രേറ്റ് ഗാഢ സള്‍ഫ്യൂറിക്കാസിഡിന്റെ സാന്നിധ്യത്തില്‍ ക്‌ളോറോബെന്‍സീനുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നതിലൂടെയാണ് ഡി.ഡി.ടി. സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ പുതിയൊരു രാസസംയുക്തം എന്നതിലുപരിയായി ഡൈക്‌ളോറോ-ഡൈഫിനൈല്‍-ട്രൈക്‌ളോറോ-ഈഥേന്‍ എന്ന ഡി.ഡി.ടി.യുടെ ഗുണവിശേഷങ്ങള്‍ അന്വേഷിക്കാന്‍ ഓസ്ട്രിയക്കാരനായ ഓത്മാര്‍ സെഡ്ലര്‍ മിനക്കെട്ടില്ല. തീസിസ് സമര്‍പ്പിച്ചശേഷം വിയന്ന സര്‍വകലാശാലയിലേക്ക് മാറിയ സെഡ്ലര്‍, എന്തുകൊണ്ടോ ഡി.ഡി.ടി.യില്‍ തന്റെ ഗവേഷണപ്രവൃത്തികള്‍ തുടര്‍ന്നില്ല. ഇക്കാരണത്താല്‍ D.D.T., കീടനാശിനി എന്ന നിലയില്‍ അറിയപ്പെടാതെ, പിന്നേയും 65 വര്‍ഷത്തോളം സെഡ്ലറിന്റെ തീസിസില്‍ത്തന്നെ പൊടിപിടിച്ച് കിടന്നു.

1939-ല്‍, സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സ്വകാര്യ രാസവ്യവസായ കമ്പനിയില്‍ ജോലിചെയ്തിരുന്ന പോള്‍ ഹെര്‍മന്‍ മുള്ളര്‍ എന്ന ഗവേഷകനാണ് ഡി.ഡി.ടി.യുടെ കീടനാശിനി സ്വഭാവം കണ്ടെത്തിയത്. ക്‌ളോത്ത് മോത്ത് (Cloth Moth) എന്നറിയപ്പെടുന്ന കീടത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഏതെങ്കിലും രാസസംയുക്തം കണ്ടെത്തുക എന്ന ജോലിയാണ് പോള്‍ മുള്ളറിന് നല്‍കിയിരുന്നത്. പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന കീടങ്ങള്‍ ഡി.ഡി.ടി. പ്രയോഗിക്കുന്നതിലൂടെ ചത്തുപോവുന്നതായി യാദൃച്ഛികമായാണ് അദ്ദേഹം കണ്ടെത്തിയത്. മാത്രമല്ല, ഉരുളക്കിഴങ്ങിനെ ബാധിക്കുന്ന കൊളെറാഡോ പൊട്ടറ്റോ ബീറ്റില്‍ എന്ന കീടത്തിനെതിരേയും ഡി.ഡി.ടി. ഫലപ്രദമാണെന്ന് അദ്ദേഹം കണ്ടെത്തി.

Also Read

അത്യുഷ്ണത്തോടൊപ്പം വരൾച്ച,വെള്ളപ്പൊക്കം; ...

മീഥെയിനെ ഗൗനിക്കാത്തത് പരിസ്ഥിതിക്ക് വെല്ലുവിളി, ...

നീല തണുപ്പിനെയും ചുവപ്പ് ചൂടിനെയും സൂചിപ്പിക്കുന്നു, ...

പ്രകൃതിയിലെ ശുചീകരണത്തൊഴിലാളികൾ; ശവംതീനികൾ ...

1939-ല്‍ത്തന്നെ പോള്‍ മുള്ളര്‍ ഡി.ഡി.ടി.യുടെ പേറ്റന്റിനായി അപേക്ഷിക്കുകയും സ്വിസ് ഗവണ്‍മെന്റ് അത് അനുവദിക്കുകയും ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രധാന ഭക്ഷ്യവിളകളിലൊന്നായ ഉരുളക്കിഴങ്ങിന് കടുത്ത നാശംവിതയ്ക്കുന്ന പുതിയ കീടമായിരുന്നു കൊളെറാഡോ പൊട്ടറ്റോ ബീറ്റില്‍. അതുകൊണ്ടുതന്നെ പോള്‍ മുള്ളറിന്റെ കണ്ടുപിടിത്തം സവിശേഷശ്രദ്ധയും വാര്‍ത്താപ്രാധാന്യവും നേടി. സ്വിസ് ഗവണ്‍മെന്റ് കാര്‍ഷിക വകുപ്പിന്റെ സഹായത്തോടെ ഡി.ഡി.ടി. കീടങ്ങള്‍ക്കുനേരെ വന്‍തോതില്‍ പ്രയോഗിക്കുകയും അത് രാജ്യമൊട്ടാകെയുള്ള ഉരുളക്കിഴങ്ങ് വിളകളെ സര്‍വനാശത്തില്‍നിന്നും രക്ഷിക്കുകയും ചെയ്തു. ഡി.ഡി.ടി.യുടെ ഈ കീടനാശിനീപ്രഭാവം മറ്റ് കീടങ്ങള്‍ക്കെതിരേയും ഫലപ്രദമാണോ എന്ന് പരീക്ഷിക്കാനും സ്വിസ് ഗവണ്‍മെന്റ് തുടര്‍ന്ന് തയ്യാറായി. ആപ്പിള്‍, റാസ്പ്ബെറി, കാബേജ്, വിളവെടുക്കപ്പെട്ട ധാന്യങ്ങള്‍ തുടങ്ങിയവയെ ബാധിക്കുന്ന കീടങ്ങള്‍ക്കെതിരേയും ഡി.ഡി.ടി. ഫലപ്രദമാവുന്നതായി ഈ പരീക്ഷണങ്ങള്‍ തെളിയിച്ചു. സ്‌കൂളുകളും അഭയാര്‍ഥി ക്യാമ്പുകളും കേന്ദ്രീകരിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെ മൂട്ട, പേന്‍, ചെള്ള്, ഈച്ച തുടങ്ങിയ ക്ഷുദ്രജീവികള്‍ക്കെതിരേയും ഡി.ഡി.ടി.യുടെ നശീകരണ ശക്തി സംശയാതീതമായി തെളിയിക്കപ്പെട്ടു. കീടങ്ങള്‍ക്കെതിരേ സ്വിറ്റ്സര്‍ലന്‍ഡ് ഇത്തരത്തില്‍ ഡി.ഡി.ടി. ഉപയോഗിച്ച് യുദ്ധംചെയ്യുമ്പോള്‍ യൂറോപ്പിലെ മറ്റുരാജ്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുകയായിരുന്നു. അതെ! രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വിറ്റ്സര്‍ലന്‍ഡില്‍ ഈ പരീക്ഷണങ്ങളൊക്കെയും അരങ്ങേറിയത്.


സ്വിറ്റ്സര്‍ലന്‍ഡ് നിഷ്പക്ഷ രാജ്യമായിരുന്നതിനാല്‍ അവര്‍ ഡി.ഡി.ടിയുടെ സാങ്കേതികവിദ്യ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന, ഇരുചേരികളില്‍പ്പെട്ട രാജ്യങ്ങള്‍ക്കും 1942-ല്‍ ഒരുപോലെ കൈമാറി. സഖ്യചേരിയില്‍പ്പെട്ട രാജ്യങ്ങളെല്ലാം പട്ടാള ബാരക്കുകളിലെയും ക്യാമ്പുകളിലെയും പേന്‍, മൂട്ട തുടങ്ങിയവയാല്‍ പൊറുതിമുട്ടിയിരുന്നതിനാല്‍ ഡി.ഡി.ടി.യെ ഒരു വരദാനമെന്ന തരത്തില്‍ സര്‍വാത്മനാ സ്വീകരിച്ചു. അച്ചുതണ്ടുശക്തികളില്‍ (Axis Powers) പെട്ടിരുന്ന ജര്‍മനി പക്ഷേ, ഡി.ഡി.ടി.യുടെ പ്രയോഗത്തില്‍ വലിയ താത്പര്യമെടുത്തില്ല. സ്വിറ്റ്സര്‍ലന്‍ഡിന് നല്‍കേണ്ടുന്ന പ്രതിഫലത്തുക അഥവാ പേറ്റന്റ് ഫീ ലാഭിക്കുകയായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഇക്കാരണത്താല്‍, ഹിറ്റ്ലറുടെ നിര്‍ദേശപ്രകാരം, ജര്‍മനിയിലെ ശാസ്ത്രജ്ഞര്‍ ഡി.ഡി.ടി.ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു രാസകീടനാശിനി വികസിപ്പിക്കുന്നതിനായി പരിശ്രമിച്ചു. ഇതിന്റെ പരിണതിയായിരുന്നു ഡൈഫ്‌ളൂറോ ഡൈ ഫിനൈല്‍ ട്രൈക്ലോറോ ഈഥേന്‍ (Difluorodiphenyltrichloroethane) എന്ന D.F.D.T. ഇത് കീടങ്ങള്‍ക്കെതിരേ ഡി.ഡി.ടി.യെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും പരിസ്ഥിതിയെ D.D.T.യോളം മലിനപ്പെടുത്താത്തതുമാണെന്നായിരുന്നു ജര്‍മനിയുടെ വാദം. മലേറിയ, ടൈഫസ് എന്നിവയെ നേരിടുന്നതില്‍ D.F.D.T.യാണ് കൂടുതല്‍ ഫലപ്രദമെന്ന് അവകാശപ്പെട്ട ജര്‍മനി D.F.D.T. വ്യാവസായികമായി ഉത്പാദിപ്പിക്കാനും തുടങ്ങി. എന്നാല്‍ സഖ്യകക്ഷികളില്‍പ്പെട്ട ഇതരരാജ്യങ്ങള്‍ ജര്‍മനിയുടെ ഈ അവകാശവാദം അംഗീകരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല, ഈ രാജ്യങ്ങളിലെ മിലിട്ടറി ഇന്റലിജന്‍സ് നടത്തിയ രഹസ്യാന്വേഷണത്തില്‍ D.F.D.T.യുടെ ഫലപ്രാപ്തി സംബന്ധമായി ജര്‍മനി നടത്തിയ അവകാശവാദങ്ങള്‍ വെറും പ്രചാരവേലയാണെന്നും തെളിയിക്കപ്പെട്ടു.

ചെള്ളിനേയും പേനിനെയും നിയന്ത്രിക്കാൻ
പട്ടാളക്കാരുടെ ശരീരത്തിൽ DDT സ്പ്രേ ചെയ്യുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്തെ ദൃശ്യം/
By Image and description Content Providers(s):
CDC - http://phil.cdc.gov/phil/details.asp?pid=2620 (PHIL 2620),
Public Domain, https://commons.wikimedia.org/w/index.php?curid=1889029

ടൈഫസിനെ നിയന്ത്രിച്ച മാന്ത്രിക വസ്തു

ഡി.ഡി.ടി.യുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനായി സ്വിറ്റ്സര്‍ലന്‍ഡ് വിപുലമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ബ്രിട്ടണും അമേരിക്കയും ആദ്യകാലങ്ങളില്‍ അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. സ്വന്തമായിത്തന്നെ പരീക്ഷണങ്ങള്‍ നടത്താനായിരുന്നു അവരുടെ തീരുമാനം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് പടര്‍ന്നുപിടിച്ച ടൈഫസ് പനി കാരണവും തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ മൂലവും ജനങ്ങള്‍ പൊറുതിമുട്ടുകയായിരുന്നു. ടൈഫസ് പനി ബാധിച്ചവരില്‍ നാലിലൊരുഭാഗവും മരണത്തിന് കീഴടങ്ങിയിരുന്നു. ജെ.ആര്‍. ഗൈഗി (J.R. Geigy) എന്ന കമ്പനിയായിരുന്നു സ്വിറ്റ്സര്‍ലന്‍ഡില്‍ ഡി.ഡി.ടി. ഉത്പാദിപ്പിച്ചിരുന്നത്. 1943-ല്‍ ഈ കമ്പനി അമേരിക്കയില്‍ അതിന്റെ ഒരു ഉപവിഭാഗം ആരംഭിക്കുകയും ഡി.ഡി.ടി.യുടെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തു. സിന്‍സിനാറ്റി കെമിക്കല്‍ വര്‍ക്‌സ് (Cincinnati Chemical Works) എന്നായിരുന്നു ഈ ഉപകമ്പനിയുടെ പേര്. എന്നാല്‍ 1944 ആയപ്പോഴേക്കും ആകെ 15 കമ്പനികള്‍ അമേരിക്കയില്‍ ഡി.ഡി.ടി.യുടെ ഉത്പാദകരായെത്തി. ഡി.ഡി.ടി.യുടെ ഉത്പാദനം നടത്തുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതില്‍ സ്വിസ് കമ്പനിയായ ജെ.ആര്‍. ഗൈഗി കര്‍ശനമായ നിലപാടുകള്‍ കൈക്കൊള്ളാതിരുന്നതായിരുന്നു ഇതിനു കാരണം. വളരെ തുച്ഛമായ തുക മാത്രമായിരുന്നു പേറ്റന്റ് ഫീ ആയി ജെ.ആര്‍. ഗൈഗി ആവശ്യപ്പെട്ടിരുന്നത്. ഇക്കാരണത്താല്‍ അമേരിക്കയെക്കൂടാതെ ബ്രിട്ടണ്‍, കാനഡ എന്നിവിടങ്ങളില്‍ D.D.T. നിര്‍മിക്കുന്ന കമ്പനികള്‍ വ്യാപകമാവുകയും അത് ഏറ്റവും സുലഭമായി ലഭിക്കുന്ന കീടനാശിനികളിലൊന്നായി മാറുകയും ചെയ്തു.

ചെള്ള്, പേന്‍, കൊതുക് തുടങ്ങിയവ മൂലമുണ്ടാവുന്ന രോഗങ്ങളുടെ നിയന്ത്രണത്തിനായിരുന്നു D.D.T. പ്രധാനമായും ഉപയോഗിക്കപ്പെട്ടത്.

ഒന്നാം ലോകമഹായുദ്ധത്തിനു മുന്‍പേ പോളണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ടൈഫസ് ഒരു 'തദ്ദേശീയരോഗം' അഥവാ എന്‍ഡെമിക് ഡിസീസ് ആയി നിലനിന്നിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ, പടിഞ്ഞാറന്‍ മുന്നണിയില്‍ രോഗം വ്യാപകമാവുകയും അത് കിഴക്കന്‍ മുന്നണിയിലേക്ക് പടരുകയും ചെയ്തു. കിഴക്കന്‍ മുന്നണിയില്‍പ്പെട്ട സെര്‍ബിയയില്‍ മാത്രം 1,50,000-ത്തോളംപേര്‍ ടൈഫസ് ബാധയാല്‍ മരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുമുന്‍പേ റഷ്യയില്‍ ടൈഫസ് പനി രൂക്ഷമാവുകയും മൂന്ന് ദശലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്തിരുന്നു. ജര്‍മന്‍കാര്‍ക്ക് സോവിയറ്റ് റഷ്യയിലെ സ്റ്റാലിന്‍ ഗ്രാഡിനെ കീഴ്പ്പെടുത്താന്‍ കഴിയാതിരുന്നതിന് ഒരു കാരണം അവര്‍ക്ക് ടൈഫസ് പനിയെ പ്രതിരോധിക്കാന്‍ കഴിയാത്തതായിരുന്നു. എന്നാല്‍ ജര്‍മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിക്കപ്പെട്ടവര്‍ക്കിടയില്‍ ടൈഫസ് രോഗം വ്യാപകമാവുകയും അരലക്ഷത്തിലേറെപ്പേര്‍ മരിക്കുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയുമടക്കം താമസിപ്പിച്ചിരുന്ന, വടക്കന്‍ ജര്‍മനിയിലുള്ള ബെര്‍ജന്‍ ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു മരണനിരക്ക് ഏറ്റവുമധികം. തന്റെ ഡയറിക്കുറിപ്പുകളിലൂടെ ലോകപ്രശസ്തി നേടിയ ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടിയും ടൈഫസ് ബാധിച്ച് ബെര്‍ജന്‍ ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍വെച്ചാണ് മരിച്ചത്. 16 വയസ്സ് പൂര്‍ത്തിയാവുംമുന്‍പേ മരണത്തിനു കീഴടങ്ങേണ്ടി വന്ന ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ് നാസി ക്രൂരതകള്‍ പുറംലോകം ആദ്യമറിഞ്ഞത്.
ജര്‍മനിക്കുപുറത്ത് ഇറ്റലിയിലെ നേപ്പിള്‍സില്‍ 1943-ല്‍ ടൈഫസ് പടര്‍ന്നുപിടിച്ചപ്പോള്‍ത്തന്നെ ഡി.ഡി.ടി. ഉപയോഗിച്ചതിലൂടെ അത് നിയന്ത്രണവിധേയമായി. 1943 മാര്‍ച്ചിലായിരുന്നു ഇറ്റലിയില്‍ ആദ്യമായി ടൈഫസ് പടര്‍ന്നുപിടിച്ചത്. റഷ്യയില്‍നിന്ന് മടങ്ങിവന്ന ഇറ്റാലിയന്‍ പട്ടാളക്കാരിലായിരുന്നു അത് പ്രത്യക്ഷപ്പെട്ടത്. ഇവരെ മിലിട്ടറി ഹോസ്പിറ്റലുകളില്‍ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും രോഗത്തിന്റെ പകര്‍ച്ച നിയന്ത്രിക്കാനായില്ല. ജര്‍മന്‍ പട്ടാളക്കാര്‍ സിസിലിയിലും അനുബന്ധ തുറമുഖനഗരങ്ങളിലുമുള്ള മൂന്നുലക്ഷത്തിലധികംപേരെ ഒഴിപ്പിച്ചിരുന്നു. ഇവര്‍ ഇറ്റലിയുടെ മറ്റുഭാഗങ്ങളില്‍ ഇടതിങ്ങി പാര്‍ക്കുകയായിരുന്നു. അതേസമയം ജയിലുകളില്‍ ടൈഫസ് പടര്‍ന്നു. ജര്‍മന്‍കാരാവട്ടെ, തങ്ങള്‍ പിന്‍വാങ്ങുന്നതിനും ദിവസങ്ങള്‍ക്കുമുന്‍പ്, 1943 സെപ്റ്റംബര്‍ 30-ന് സിസിലിയിലെ പോഗിയോറിയല്‍ എന്ന ജയില്‍ തുറന്ന് തടവുകാരെ ഓടിപ്പോവാനനുവദിച്ചു. ഇതിലൂടെ, കുടിയൊഴിക്കപ്പെട്ട ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലങ്ങളില്‍ ടൈഫസ് പടര്‍ന്നുപിടിച്ചു. അമേരിക്കന്‍ സൈന്യമായിരുന്നു ഇതിനെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്.

വടക്കനാഫ്രിക്കയില്‍ യുദ്ധത്തടവുകാരായി പിടിച്ചിരുന്നവരില്‍ ടൈഫസ് പടര്‍ന്നുപിടിച്ചപ്പോള്‍ അമേരിക്കന്‍ സൈന്യം അതിനെതിരേ ഡി.ഡി.ടി. ഒരു ഘടകമാവുന്ന നിയോസൈഡ് (Neocide) എന്ന കീടനാശിനി ഉപയോഗിച്ചിരുന്നു. ഇതേ മാതൃകയില്‍ അവര്‍ നേപ്പിള്‍സില്‍, 1944 ജനുവരിയില്‍ സ്ഥാപിക്കപ്പെട്ട രണ്ട് ഡീലൗസിങ് സ്റ്റേഷനുകളിലൂടെ, 1.3 ദശലക്ഷം സിവിലിയന്മാരില്‍ ഡി.ഡി.ടി. അടിസ്ഥാനമാവുന്ന കീടനാശിനീമിശ്രിതം പ്രയോഗിച്ചു. ഇതിലൂടെ വെറും മൂന്നാഴ്ചയ്ക്കുള്ളില്‍ത്തന്നെ ടൈഫസ് രോഗബാധ നിയന്ത്രണവിധേയമായി.

യുഎസ്സിലെ പാട ശേഖരങ്ങളിൽ ഹെലികോപ്റ്ററിൽ കീടനാശിനി തളിക്കുന്നു |getty

മലേറിയക്കെതിരേയും

ടൈഫസിനെതിരേ ഡി.ഡി.ടി. നേടിയ വിജയം കൊതുകുജന്യരോഗമായ മലേറിയയുടെ നിയന്ത്രണത്തിനായും അതുപയോഗിക്കാനുള്ള സാധ്യതയിലേക്ക് നയിച്ചു. ബര്‍മ (മ്യാന്‍മാര്‍), മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് യൂറോപ്പിലെയും പസിഫിക് ദ്വീപുകളിലെയും പട്ടാളക്യാമ്പുകളിലേക്ക് മലേറിയ അതിവേഗം പടരുന്ന കാലമായിരുന്നു അത്. 1944 സെപ്റ്റംബര്‍ 28-ന്, നടത്തിയ ഒരു റേഡിയോ പ്രഭാഷണത്തിലൂടെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് ഡി.ഡി.ടി. എന്ന പുതിയ കീടനാശിനിയെക്കുറിച്ച് ലോകത്തോട് പറഞ്ഞത്. ബര്‍മയിലെ ബ്രിട്ടീഷ് സൈനികരും പസിഫിക് മേഖലയിലെ അമേരിക്കന്‍ സൈന്യവും ഡി.ഡി.ടി.യിലൂടെ മലേറിയയ്‌ക്കെതിരേ വിജയംവരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. പൈറെത്രം, ഡെറിസ് എന്നീ ജൈവകീടനാശിനികളായിരുന്നു കൊതുകിന്റെയും ടൈഫസിനുകാരണമാവുന്ന കീടങ്ങളുടെയും നിയന്ത്രണത്തിനായി അതുവരെ ഉപയോഗിച്ചിരുന്നത്. എന്നാല്‍, പൈറെത്രം (Pyrethrum) ലഭിക്കുന്ന ചെടികളുടെ ലഭ്യതയ്ക്കുമേലുള്ള സമ്പൂര്‍ണനിയന്ത്രണം രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്‍ കൈയടക്കി. ബ്രിട്ടന്റെ അധീനതയിലായിരുന്ന ഈസ്റ്റ് ഇന്‍ഡീസ് അച്ചുതണ്ടുശക്തികള്‍ കീഴടക്കിയപ്പോള്‍ അവിടെനിന്നുമുള്ള ഡെറിസ് കീടനാശികളുടെ വരവും നിലച്ചു. ഇതെല്ലാം യുദ്ധമുഖങ്ങളില്‍പ്പോലും പ്രാധാന്യമേറുന്നതും നിക്കോട്ടിനെക്കാള്‍ സുരക്ഷിതവുമായ ഏക രാസകീടനാശിനിയായി ഡി.ഡി.ടി. അവരോധിക്കപ്പെടാന്‍ കാരണമായി.

കാര്‍ഷികമേഖലയിലെ കീടങ്ങള്‍ക്കെതിരേയുള്ള പരീക്ഷണങ്ങള്‍ വിജയിച്ചതോടെ ലോകമെമ്പാടുമുള്ള കര്‍ഷകരും ഡി.ഡി.ടി.യെ സര്‍വാത്മനാ സ്വീകരിക്കാന്‍ തുടങ്ങി. ബോംബര്‍ വിമാനങ്ങള്‍ രൂപമാറ്റംവരുത്തി ആകാശത്തുനിന്ന് ഡി.ഡി.ടി. സ്പ്രേ ചെയ്യാന്‍ തുടങ്ങിയതിലൂടെ ആധുനികകൃഷിക്ക് പുതിയൊരു മുഖംതന്നെ കൈവരുന്ന സ്ഥിതിയായി.

വെള്ളത്തില്‍ ലയിക്കുന്ന ഒന്നായിരുന്നില്ല ഡി.ഡി.ടി. എന്നാല്‍, അത് മണ്ണെണ്ണയില്‍ ലയിക്കുമായിരുന്നു. 1940-കളില്‍ മലേറിയയ്‌ക്കെതിരേ ആദ്യമായി ഉപയോഗിച്ചപ്പോള്‍, അത് മണ്ണെണ്ണയില്‍ കലര്‍ത്തി ചുമരുകളില്‍ സ്പ്രേ ചെയ്യുകയാണ് ചെയ്തിരുന്നത്. എന്നാല്‍, മണ്ണെണ്ണയുടെ ഗന്ധം അസഹ്യമായതിനാലാണ് നിഷ്‌ക്രിയസ്വഭാവമുള്ള മറ്റൊരു പൊടിയുമായി കലര്‍ത്തി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതോടൊപ്പം വെള്ളത്തില്‍ ലയിക്കുന്ന തരത്തിലുള്ള ഒരു രാസസംയുക്തവും ഉള്‍ച്ചേര്‍ക്കപ്പെട്ടു. ഇക്കാരണത്താല്‍, ചുമരുകളില്‍ പെയിന്റ് എന്നതുപോലെ ഡി.ഡി.ടി. പ്രയോഗിക്കാന്‍ കഴിയുമെന്നായി. മണ്ണെണ്ണയ്ക്ക് പകരം വെള്ളമുപയോഗിക്കാനായത് ഡി.ഡി.ടി.യുടെ സാര്‍വത്രികത വര്‍ധിക്കാന്‍ കാരണമായി. ചുമരുണങ്ങുന്നതോടെ ചാരനിറത്തില്‍ പറ്റിപ്പിടിക്കുന്ന ഡി.ഡി.ടി. വായുവിലേക്ക് പടരുന്നതിന്റെ അളവ് തുലോം കുറവായിരുന്നു. ഡി.ഡി.ടി.യുടെ വേപ്പര്‍ പ്രഷര്‍ (Vapour Pressure) കുറവായതായിരുന്നു ഇതിനുകാരണം. ഇക്കാരണത്താല്‍, ചുമരില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഡി.ഡി.ടി. ശ്വാസകോശങ്ങളിലേക്ക് കടക്കാനുള്ള സാധ്യത കുറവായിരുന്നു. ശ്വാസകോശങ്ങളിലേക്ക് എത്തിപ്പെടുന്നതിനുമുന്‍പുതന്നെ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധസംവിധാനങ്ങള്‍ അതിനെ പുറന്തള്ളുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം, ശരീരം കൊഴുപ്പ് സംഭരിക്കുന്ന കലകളില്‍ ഡി.ഡി.ടി. അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. മനുഷ്യശരീരം ഡി.ഡി.ടി.യെ എങ്ങനെ പുറന്തള്ളുന്നു എന്നത് സംബന്ധിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതായുണ്ട്. എന്നിരുന്നാലും, മനുഷ്യരിലെ ഡി.ഡി.ടി.യുടെ പ്രഭാവമല്ല പില്‍ക്കാലത്ത് വിവാദമായിത്തീര്‍ന്നത്.

റേച്ചല്‍ കാഴ്സണ്‍

റേച്ചല്‍ ലൂയിസ് കാഴ്സണ്‍ എന്ന അമേരിക്കന്‍ മറൈന്‍ ബയോളജിസ്റ്റ് 1907-ല്‍ പെന്‍സില്‍വാനിയയിലാണ് ജനിച്ചത്. യു.എസിലെ ഫിഷറീസ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന റേച്ചല്‍ 1951-ല്‍ എഴുതിയ 'ദ സീ എറൗണ്ട് അസ്' എന്ന പുസ്തകം ഏറെ ജനപ്രിയമായി. തുടര്‍ന്ന് 'ദ എഡ്ജ് ഓഫ് ദ സീ,' 'അണ്ടര്‍ ദ സീ വിന്‍ഡ്' എന്നീ ഗ്രന്ഥങ്ങളും രചിച്ചു. 1950-കളുടെ ഒടുവില്‍ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച റേച്ചല്‍ രാസകീടനാശിനികളുടെ അമിതോപയോഗം മൂലമുള്ള പ്രശ്‌നങ്ങളില്‍ ഗവേഷണം നടത്താനാരംഭിച്ചു. അങ്ങനെയാണ് 1962-ല്‍ സൈലന്റ് സ്പ്രിങ് (നിശ്ശബ്ദ വസന്തം) എന്ന പുസ്തകം പുറത്തിറങ്ങുന്നത്. ആദ്യം അമേരിക്കയിലും പിന്നീട് ലോകത്തെമ്പാടും കോളിളക്കം സൃഷ്ടിച്ച പുസ്തകം ഡി.ഡി.ടി. എന്ന കീടനാശിനിയുടെ നിരോധനത്തിനും കാരണമായി. 20-ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. എങ്കിലും സൈലന്റ് സ്പ്രിങ്ങിന്റെ രചയിതാവ് എന്ന നിലയിലാണ് അവരുടെ ആഗോള പ്രശസ്തി. സ്തനാര്‍ബുദവുമായി പോരടിച്ച്, 1964ല്‍, തന്റെ 56-ാം വയസ്സില്‍ റേച്ചല്‍ കാഴ്സണ്‍ അന്തരിച്ചു.

റേച്ചൽ കാർസൺ

റേച്ചലിന്റെ മുന്നറിയിപ്പ്

മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ വളര്‍ന്നിരുന്ന എല്‍മ് (Elm) മരങ്ങളില്‍ തുടര്‍ച്ചയായി ഡി.ഡി.ടി. പ്രയോഗിച്ചിരുന്നു. ഡച്ച് എല്‍മ് ഡിസീസ് (Dutch Elm Disease) എന്നറിയപ്പെട്ടിരുന്ന ഒരുതരം ഫംഗസ് രോഗം പടര്‍ത്തുന്ന തടിതുരപ്പന്‍ വണ്ടുകളെ കൊല്ലാനായിരുന്നു ഡി.ഡി.ടി. സ്പ്രേ ചെയ്തിരുന്നത്. വര്‍ഷത്തില്‍ രണ്ടുതവണയായി, വസന്തകാലത്തും വേനല്‍ക്കാലത്തുമാണ്, മരങ്ങളുടെ ചില്ലകളിലും തായ്ത്തടിയിലുമായി ഇത് ചെയ്തിരുന്നത്. ഇതിലൂടെ മരങ്ങളിലെ ഫംഗസ് രോഗം നിയന്ത്രണവിധേയമായെങ്കിലും കുരുവികളടക്കമുള്ള വിവിധതരം പക്ഷികള്‍ ചത്തുവീഴുന്ന അവസ്ഥ സംജാതമായി. മിഷിഗന്‍ കാമ്പസില്‍മാത്രമല്ല, അമേരിക്കയിലെമ്പാടും ഡി.ഡി.ടി. പ്രയോഗിക്കപ്പെട്ട മരങ്ങളില്‍ ഇരതേടിയെത്തിയ പക്ഷികള്‍ ചത്തുവീണു. അമേരിക്കന്‍ റോബിന്‍, ബ്രൗണ്‍ ക്രീപ്പര്‍, അമേരിക്കന്‍ വുഡ്കോക്ക് തുടങ്ങി ഒട്ടനവധി പക്ഷി സ്പീഷീസുകള്‍ 1947-50 കാലഘട്ടത്തില്‍ കൂട്ടത്തോടെ ചത്തു. ഡി.ഡി.ടി.യുടെ ഉപയോഗമാണ് ഇതിനിടയാക്കിയതെന്ന റേച്ചല്‍ കാഴ്സന്റെ നിരീക്ഷണം അംഗീകരിക്കപ്പെട്ടതോടെയാണ് ഡി.ഡി.ടി.യുടെ പ്രതാപകാലത്തിന്റെ അസ്തമനം തുടങ്ങിയത്.

മലേറിയയെ നിയന്ത്രിക്കുന്നതില്‍ ഡി.ഡി.ടി. വഹിച്ച പങ്കുമൂലം അതിനെ ഒരു അവശ്യകീടനാശിനിയായി ഉയര്‍ത്തിക്കാട്ടുന്ന സാഹചര്യം അപ്പോഴുമുണ്ടായിരുന്നു. 1960-കളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ മലേറിയബാധയുടെ തീവ്രത കുറയ്ക്കുന്നതില്‍ ഡി.ഡി.ടി. വളരെയധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു. മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിലൂടെ, ആഫ്രിക്കയ്ക്ക് പുറത്തുള്ള 21 രാജ്യങ്ങള്‍ മലേറിയയെ അകറ്റിനിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. ഡി.ഡി.ടി. ഉപയോഗിക്കുന്നതിലൂടെ 1960-കളുടെ മധ്യത്തില്‍ത്തന്നെ തയ്വാന്‍, മലേറിയമുക്തമാവുകയും നേപ്പാള്‍ അതിലേക്ക് ചുവടുവയ്ക്കുകയും ചെയ്തു. ഇത്തരം ഫലങ്ങള്‍ ലോകാരോഗ്യസംഘടന മലേറിയയ്‌ക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഡി.ഡി.ടി.യെ തുടര്‍ന്നും ശുപാര്‍ശചെയ്യുന്നതിന് കാരണമായി.

1970-ല്‍, ലോകാരോഗ്യസംഘടനയ്ക്കുള്ളില്‍ത്തന്നെ ഡി.ഡി.ടി.ക്കെതിരെ ഒറ്റപ്പെട്ട സ്വരങ്ങള്‍ ഉയര്‍ന്നുവന്നു. തുടര്‍ന്ന്, 1971-ല്‍, ലോകാരോഗ്യസംഘടന ഡി.ഡി.ടി.യുടെ ഉപയോഗത്തെ ശക്തമായി ന്യായീകരിച്ചുകൊണ്ടുള്ള ഒരു നയരേഖ പുറത്തിറക്കി എന്നതും ശ്രദ്ധേയം. ഗുരുതരമായ പരിസ്ഥിതിനാശം വരുത്തുന്നതും ഡേര്‍ട്ടി ഡസന്‍ (Dirty Dozen) എന്ന് വിശേഷിപ്പിക്കപ്പെട്ടതുമായ വിഷവസ്തുക്കളുടെ (ബോക്‌സ് കാണുക) കൂട്ടത്തില്‍ ഡി.ഡി.ടി.യെയും ഉള്‍പ്പെടുത്താന്‍ 1995-ല്‍ ഐക്യരാഷ്ട്രസഭ തീരുമാനമെടുക്കുന്നതുവരെ ആ കീടനാശിനി നായകസ്ഥാനത്ത് തുടരുകയായിരുന്നു.

2004-ല്‍ സ്റ്റോക്ക്ഹോം ഉടമ്പടി നിലവില്‍വന്ന ശേഷവും ഡി.ഡി.ടി. സമ്പൂര്‍ണമായി നിരോധിക്കപ്പെട്ടില്ല. ഗ്രീന്‍പീസ്, വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് എന്നീ സംഘടനകള്‍ ശക്തമായി വാദിച്ചുവെങ്കിലും ഡി.ഡി.ടി.യുടെ സമ്പൂര്‍ണനിരോധനം സാധ്യമായില്ല. മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ നിയന്ത്രണത്തില്‍നിന്ന് ഡി.ഡി.ടി.യെ ഒഴിവാക്കുക അസാധ്യമായതായിരുന്നു ഇതിന് കാരണം. അതുകൊണ്ടുതന്നെ സ്റ്റോക്ക്ഹോം ഉടമ്പടി ഡി.ഡി.ടി.യെ അനുച്ഛേദം ബി-യില്‍ ആണ് ഉള്‍പ്പെടുത്തിയത്. അതായത്, അംഗരാജ്യങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം ഉത്പാദനവും ഉപയോഗവും സാധ്യമാവും എന്ന തരത്തില്‍. ഇതേത്തുടര്‍ന്ന് 30 രാജ്യങ്ങള്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഡി.ഡി.ടി. ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, 2009 ആയപ്പോഴേക്കും ഇത് 15 ആയി ചുരുങ്ങി. നിലവില്‍ ഡി.ഡി.ടി. ഉത്പാദിപ്പിക്കുന്നതിനുള്ള അനുമതി തേടുന്ന രാജ്യങ്ങള്‍ ഇന്ത്യ, ചൈന, നോര്‍ത്ത് കൊറിയ എന്നിവ മാത്രമാണ്.

ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് എന്ന കമ്പനിയാണ് ഇന്ത്യയില്‍ ഡി.ഡി.ടി. നിര്‍മിക്കുന്നതും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും. 2021 ജൂലായില്‍ കേന്ദ്രസര്‍ക്കാര്‍ 27 രാസകീടനാശിനികളെ നിരോധിക്കാനായി പട്ടികപ്പെടുത്തിയെങ്കിലും അതില്‍ ഡി.ഡി.ടി. ഉള്‍പ്പെടുന്നില്ല. പൊതുജനാരോഗ്യ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഡി.ഡി.ടി. ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

സ്റ്റോക്ഹോം ഉടമ്പടിയില്‍ ഒപ്പുവെച്ച 151 രാജ്യങ്ങള്‍ ഡി.ഡി.ടി.യുടെ ഉപയോഗം മലേറിയ അടക്കമുള്ള കൊതുകുജന്യരോഗങ്ങളുടെ നിയന്ത്രണത്തിനായി മാത്രം പരിമിതപ്പെടുത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഡി.ഡി.ടി. കാരണമുള്ള പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സ്റ്റോക്ഹോം ഉടമ്പടി നിര്‍ദേശിക്കുന്നു. കൊതുകുകളുടെ നിയന്ത്രണം സാധ്യമാക്കാന്‍ ജൈവനിയന്ത്രണം അടക്കമുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാനും ഉടമ്പടി നിര്‍ദേശിക്കുന്നു. ഡി.ഡി.ടി.ക്ക് പകരമായി ഉപയോഗിക്കാവുന്ന സുരക്ഷിതകീടനാശിനികള്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ത്വരിതപ്പെടുത്താനും ഉടമ്പടി നിര്‍ദേശിക്കുന്നു. ബദല്‍ ഉണ്ടാകും വരെ ഡി.ഡി.ടി. ഇവിടെ തുടരുമെന്നുതന്നെ കരുതണം.

ഡേര്‍ട്ടി ഡസന്‍

ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പോഗ്രാം അഥവാ UNEPയുടെ ഗവേണിങ് കൗണ്‍സില്‍ ആയിരുന്നു Dirty Dozen എന്ന പേരില്‍ 12 മാരക വിഷവസ്തുക്കളെ നിയന്ത്രിക്കണമെന്ന് നിര്‍ദേശിച്ചത്. 1995 മേയ് 25-നാണ് UNEP ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. ഇതിനായി ഒരു ഉച്ചകോടി നടത്താനും ഉടമ്പടി രൂപപ്പെടുത്താനും തീരുമാനമായി. 1996-ല്‍ ഇതിനായി വിളിച്ചുചേര്‍ക്കപ്പെട്ട രാജ്യാന്തര പ്രതിനിധി സമ്മേളനത്തെ ലോകാരോഗ്യസംഘടന പിന്തുണച്ചതോടെ അത് വലിയ വാര്‍ത്താപ്രാധാന്യം നേടി. പരിസ്ഥിതിയുടെ മാത്രമല്ല, മനുഷ്യന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്ന രാസവസ്തുക്കള്‍ നിരോധിക്കണം എന്നുതന്നെ ആവശ്യമുയര്‍ന്നു. 1998 മുതല്‍ 2000 വരെ സ്റ്റോക്ക് ഹോമില്‍ ഇതിനായി രാജ്യാന്തരസമ്മേളനങ്ങള്‍ നടന്നു. 2001-ല്‍ സ്റ്റോക്ക്ഹോം ഉടമ്പടി എന്ന പേരില്‍ ഇത് പ്രതിനിധിരാജ്യങ്ങളുടെ ഒപ്പുവയ്ക്കലിനായി സമര്‍പ്പിക്കപ്പെട്ടു. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ ഓണ്‍ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ്സ് (Stockholm Convention on Persistent Organic Pollutants) എന്ന പൂര്‍ണരൂപമുള്ള ഇത് 2004 മേയ് 17-ന് നിലവില്‍വന്നു. A, B, C എന്നിങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളിലായാണ് ഇതില്‍ മാരക വിഷസ്വഭാവമുള്ള രാസവസ്തുക്കളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍, ഉപയോഗം പരിമിതപ്പെടുത്തേണ്ടത് അഥവാ റെസ്ട്രിക്റ്റഡ് (Restricted) എന്ന വിഭാഗത്തിലാണ് ഡി.ഡി.ടി.യെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ഡേര്‍ട്ടി ഡസന്‍ എന്ന പേരില്‍ 12 രാസവസ്തുക്കള്‍ മാത്രം ഉണ്ടായിരുന്ന ഈ പട്ടികയില്‍ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ അടക്കം 29 രാസവസ്തുക്കള്‍ ഉള്‍പ്പെടുന്നുണ്ട്.

(മാതൃഭൂമി ജി.കെ. ആന്‍ഡ് കറന്റ് അഫയേഴ്‌സ് മാസികയുടെ, 2022 സെപ്റ്റംബര്‍, ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: 60 anniversary of Rachel carson's book silent spring, DDT, environment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented