സൗഹൃദത്തിന്റെ 'കൂട്ടെഴുത്ത്'; ഇവര്‍ പരിസ്ഥിതി എഴുത്തിലെ ഏഷ്യന്‍ താരങ്ങള്‍


ഡോ. ഷീജാകുമാരി കൊടുവഴന്നൂര്‍

വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്നുള്ള രണ്ട് സ്ത്രീ-പുരുഷ സുഹൃത്തുക്കള്‍. അവര്‍ എഴുത്തിന്‍റെ മേഖലയില്‍ ഒന്നിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ചത് ഒരുപിടി മികച്ച പരിസ്ഥിതി ഗ്രന്ഥങ്ങള്‍. ഈ ലോക പരിസ്ഥിതി ദിനത്തില്‍ അറിയാം 'കൂട്ടെഴുത്തി'ന്‍റെ അപൂര്‍വ ശൃംഗങ്ങള്‍ കയറിയ രണ്ട് എഴുത്തുകാരെപ്പറ്റി...

ആർ വിനോദ്കുമാറും ഡോ. ജയകുമാരിയും.

പ്രകൃതിയും മനുഷ്യനും തമ്മില്‍ ഒരു അഭേദ്യബന്ധമുണ്ട്. മാനവരാശിയും പ്രപഞ്ചവും അതിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തോടെ പുലരുന്നത് ആ ബന്ധം അതീവഹൃദ്യമാകുമ്പോഴാണ്. ഈ സത്യം തിരിച്ചറിഞ്ഞ രണ്ടു സുഹൃത്തുക്കള്‍ ഒന്നിച്ച് അക്ഷരങ്ങള്‍ ആയുധങ്ങളാക്കി പ്രകൃതിക്കു വേണ്ടി പടവെട്ടാനിറങ്ങിയപ്പോള്‍ പ്രകൃതിസംരക്ഷണമെന്ന ലക്ഷ്യവും കടന്ന് അവരെത്തിയത് പുതിയ ഏഷ്യന്‍ റെക്കോര്‍ഡില്‍. സുഹൃത്തുക്കളായ ഡോ. ടി.ആര്‍. ജയകുമാരിയും ആര്‍. വിനോദ്കുമാറും ചേര്‍ന്ന് പ്രകൃതീശ്വരിക്കു നിവേദിച്ചത് മുപ്പതു പുസ്തകങ്ങള്‍.
മാധവിക്കുട്ടിയും കെ.എല്‍.മോഹനവര്‍മ്മയും ചേര്‍ന്ന് അമാവാസി എന്ന നോവലും എം.ടി.വാസുദേവന്‍ നായരും എന്‍.പി.മുഹമ്മദും ചേര്‍ന്ന് അറബിപ്പൊന്ന് എന്ന നോവലും രചിച്ചിട്ടുള്ളത് നമുക്കറിയാം. ഇങ്ങനെയുള്ള കൂട്ടെഴുത്തുകള്‍ മലയാളത്തില്‍ അപൂര്‍വ്വമായി ഉണ്ടായിട്ടുണ്ടെങ്കിലും സ്ത്രീ-പുരുഷ സുഹൃത്തുക്കള്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ തയ്യാറാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും അത്യപൂര്‍വ്വമാണ്. സൗഹൃദത്തിന്റെ രഥത്തിലേറി രചനാവീഥിയിലൂടെ അവിരാമം തേരോട്ടം നടത്തുന്ന ഇതുപോലെ രണ്ടുപേര്‍ മലയാളത്തിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ ഏഷ്യന്‍ ഭാഷകളിലോ ഇല്ല. ഈ സുഹൃദ് ദ്വയത്തിന്റെ സഹയാത്ര മലയാളഭാഷയെയും പരിസ്ഥിതിസാഹിത്യത്തെയും ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കുമെന്ന് ആരും കരുതിയില്ല. ഒരുപക്ഷേ, വിനോദും ജയകുമാരിയും പോലും!!
ഡോ.ടി.ആര്‍.ജയകുമാരിയും ആര്‍.വിനോദ്കുമാറും ചേര്‍ന്ന് മുപ്പത് പുസ്തകങ്ങള്‍ തയ്യാറാക്കിയപ്പോള്‍ അത് ഏഷ്യന്‍ ഭാഷകളിലെ ആദ്യ സംഭവമായി മാറി. അതാണ് ഈ മിത്രങ്ങളെ റെക്കോര്‍ഡുകളുടെ ഉയരങ്ങള്‍ കയറാന്‍ സഹായിച്ചതും.
books
ആര്‍. വിനോദ്കുമാറും ഡോ. ജയകുമാരിയും ഒന്നിച്ചെഴുതിയ പുസ്തകങ്ങള്‍.

മലയാള വൈജ്ഞാനികസാഹിത്യത്തിന്റെ മണല്‍പ്പുറത്തുകൂടി ധ്യാനനിമഗ്നമായി ജൈത്രയാത്ര തുടരുന്ന ഈ സുഹൃത്തുക്കളുടെ കൂട്ടെഴുത്ത് ആരംഭിക്കുന്നത് 'ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും' എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ്. അതൊരു ശുഭാരംഭമായിരുന്നു. 2012-ല്‍ എഴുത്തിന്റെ മണിഹര്‍മ്മ്യത്തിലേക്ക് അക്ഷരങ്ങളുടെ അലങ്കാരവുമായി എത്തിയ ഇവരുടെ മടിശ്ശീല നിറയെ വനം-വന്യജീവി-പരിസ്ഥിതി വിഷയങ്ങളായിരുന്നു. പരിസ്ഥിതിയുടെ പുതിയ പ്രവണതകളെ യഥാകാലം കണ്ടെത്തി അവതരിപ്പിക്കാനും അതോടൊപ്പം പരിസ്ഥിതിയുടെ പുതുവായനയ്ക്ക് പൊതുസമൂഹത്തെ സജ്ജമാക്കാനും ഇവരുടെ എഴുത്തിന് സാധിച്ചിരുന്നു. അതിന് തെളിവാണ് മുപ്പതോളം ഗ്രന്ഥങ്ങളും അവയുടെ തുടര്‍പ്പതിപ്പുകളും.
ഈ സൗഹൃദത്തിന്റെ തുടക്കവും കാലോചിതമായ കാത്തുവയ്ക്കലുകളും ഇന്നും ഒരു വിസ്മയമാണ്. പ്രായത്തിലും പ്രവൃത്തിമണ്ഡലങ്ങളിലും പ്രകടമായ വ്യത്യാസമുള്ള രണ്ടു പേര്‍. 2011 ലെ പുസ്തകമെഴുത്തിനും വര്‍ഷങ്ങള്‍ക്ക് മുന്നേ പരിചയക്കാരായിരുന്നു ഇവരിരുവരും. ഇവരുടെ എഴുത്തുജീവിതത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഗ്രന്ഥങ്ങള്‍ ഒന്നുമെഴുതാതെ ലേഖനങ്ങള്‍ മാത്രം എഴുതിയിരുന്ന ജയകുമാരിയും ലേഖനങ്ങള്‍ എഴുതാതെ ഗ്രന്ഥകാരനായിത്തീര്‍ന്ന വിനോദ്കുമാറും എഴുത്തിന്റെ പ്രത്യയശാസ്ത്രങ്ങളെ സൗഹൃദം കൊണ്ട് ഏകീകരിക്കുകയായിരുന്നു.
കേരള സര്‍വ്വകലാശാലയില്‍ നിന്ന് ജനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്ങില്‍ ഡിസ്റ്റിങ്ഷനോടെ ഒന്നാം റാങ്കില്‍ ബിരുദാനന്തരബിരുദവും സസ്യശാസ്ത്രത്തില്‍ എം.ഫില്‍., പി.എച്ച്. ഡി. ബിരുദങ്ങളും നേടിയ ജയകുമാരി തിരുവനന്തപുരം ഗവ.വിമെന്‍സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും വകുപ്പുമേധാവിയും വൈസ് പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ച് 2016-ല്‍ വിരമിച്ചു. ജയകുമാരി തിരുവനന്തപുരം ഗവ.വിമെന്‍സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരിക്കുമ്പോഴാണ് വിനോദ്കുമാറുമായി പരിചയപ്പെടുന്നത്. അന്ന് ജയകുമാരി ഗ്രന്ഥകാരിയായിരുന്നില്ല. ഔദ്യോഗികവും ഗാര്‍ഹികവുമായ തിരക്കുകള്‍ ഗ്രന്ഥരചനയ്ക്ക് നിയന്ത്രണങ്ങളായിരുന്ന കാലം. എന്നാല്‍ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളെഴുതാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു.
തിരുവനന്തപുരത്ത് ഒരു സ്വാകാര്യ സ്ഥാപനത്തില്‍ ജോലിനോക്കുന്ന വിനോദ്കുമാര്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് വായനയിലും യാത്രയിലും കടുത്ത പ്രണയം തോന്നി പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് നാടുകാണാനിറങ്ങി. യാത്രകളോട് വിനോദിന് ഭ്രാന്തമായ ഒരഭിനിവേശമായിരുന്നു. ആ യാത്രയില്‍ വിനോദ് കണ്ട കാഴ്ചകള്‍ മലയാള വൈജ്ഞാനികസാഹിത്യത്തിന് മുതല്‍ക്കൂട്ടായി മാറി എന്നത് പില്‍ക്കാലചരിത്രം. കേരളീയം, കേരളത്തിലെ ജില്ലകളും സവിശേഷതകളും, കേരളത്തിലെ സ്മാരകങ്ങള്‍, കേരളം ഒരു യാത്രാസഹായി, കേരളത്തിലെ ഗുഹാക്ഷേത്രങ്ങളും അപൂര്‍വ്വ ക്ഷേത്രങ്ങളും തുടങ്ങിയ രചനകള്‍ അങ്ങനെ പിറന്നവയാണ്.
അത്തരം യാത്രകളുടെ ആരംഭത്തില്‍ യാദൃശ്ചികമായി ഗുരു നിത്യചൈതന്യയതിയെ പരിചയപ്പെടാനിടയായി. അതൊരു വെറും പരിചയമായി അവസാനിച്ചില്ല. കത്തുകളിലൂടെയും കണ്ടുമുട്ടലുകളിലൂടെയും ദൃഢമായി വളര്‍ന്നു ആ ബന്ധം. വിനോദിന്റെ ആദ്യ രചനയുടെ രംഗഭൂമിയായത് നിത്യചൈതന്യയതിയുടെ ഊട്ടിയിലെ ആശ്രമം തന്നെയായിരുന്നു. പ്രണയവും ആത്മീയതയും ഇടകലര്‍ന്ന 'അഹം ബ്രഹ്മാസ്മി' എന്ന നോവല്‍ അങ്ങനെ പിറവി കൊണ്ടു. അതിന് അവതാരിക എഴുതിയതും നിത്യചൈതന്യയതിയായിരുന്നു. പിന്നീട്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ രചനയിലേക്ക് തിരിയാന്‍ പ്രചോദനമായതും യതിയുടെ ആഴമേറിയ വാക്കുകളുടെ സ്വാധീനവും ആ ആശ്രമത്തിലെ വാസവുമാണ്.
വിനോദിന്റെ 'കേരളത്തിലെ വനവൃക്ഷങ്ങള്‍' എന്ന പുസ്തകം സസ്യശാസ്ത്രാദ്ധ്യാപികയായിരുന്ന ജയകുമാരിയെ ആകര്‍ഷിച്ചു. രചയിതാവിനെ പരിചയപ്പെടുകയും ചെയ്തു. രണ്ടു പരിസ്ഥിതിപ്രേമികളുടെ ആ കണ്ടുമുട്ടല്‍ അക്ഷരങ്ങളുടെ പുതിയ പൂക്കാലത്തിന് തുടക്കമിട്ടു. അത് അവരുടെ കര്‍മ്മമണ്ഡലങ്ങളെ മാറ്റിമറിച്ചു. നിത്യപ്രകൃതിയുടെ കാവല്‍മാലാഖമാരായി മാറാന്‍ പ്രചോദനമായി. പ്രപഞ്ചത്തെയും മനുഷ്യനെയും ഒന്നായി കാണാനും അതിന്റെ ഉന്നമനത്തിനും ഉജ്ജീവനത്തിനും ഉത്തരവാദിത്തത്തോടെ ഇടപെടാനും ഉപകരിക്കുന്നതായി.
2011 ലാണ് കൂട്ടെഴുത്തിനായി വിനോദ്കുമാര്‍ ജയകുമാരിയെ ക്ഷണിക്കുന്നത്. വകുപ്പുമേധാവിയെന്ന രീതിയിലുളള തിരക്കുകള്‍ കാരണം ആദ്യം ആ ക്ഷണം നിരസിച്ച അവര്‍ പിന്നീട് വിനോദിന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വിധേയയായി, ഒന്നിച്ചെഴുതാന്‍ തീരുമാനിക്കുകയായിരുന്നു.
അവിടം മുതല്‍ കൂട്ടെഴുത്തിന്റെ നെയ്ത്തിരി പ്രോജ്ജ്വലിപ്പിച്ചു കൊണ്ട് പുത്തന്‍ പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമാകുന്ന പ്രകൃതിമൂല്യങ്ങളെ തിരികെപ്പിടിക്കാന്‍ വേണ്ടി സഹയാത്രികരായി ഇരുവരും. ഇവരൊന്നിച്ച ആദ്യപുസ്തകം 2012-ല്‍ പുറത്തുവന്നു. അതേത്തുടര്‍ന്ന്, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൃക്ഷവിജ്ഞാനകോശമായ 'കേരളത്തിലെ വൃക്ഷങ്ങള്‍' എന്ന പുസ്തകത്തിന്റെ പിറവിയായി. മലയാളത്തിലെ ഏകഭാഷാ വിജ്ഞാനകോശങ്ങളിലെ വ്യത്യസ്തമായ ഒരു ഗ്രന്ഥമായി അത് മാറി. കേരളത്തില്‍ കാണപ്പെടുന്ന 330 വൃക്ഷങ്ങളുടെ സമഗ്രവിവരങ്ങളും അവയുടെ തൊള്ളായിരത്തോളം ചിത്രങ്ങളും നിറഞ്ഞൊരു ബൃഹദ്ഗ്രന്ഥം!. അതൊരു തുടക്കമായിരുന്നു, പ്രകൃതി സൗന്ദര്യത്തിന്റെയും ദര്‍ശനത്തിന്റെയും അന്യാദൃശമായ വസന്തങ്ങള്‍ നിറയുന്ന തുടക്കം.
ഇവര്‍ പ്രകൃതിയെ വൃഥാ നോക്കിക്കാണുകയായിരുന്നില്ല, മറിച്ച് അതിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. പശ്ചിമഘട്ടത്തിലെ കുറിഞ്ഞികളെക്കുറിച്ചോ എന്തിന്, നീലക്കുറിഞ്ഞിയെക്കുറിച്ചോ മലയാളത്തില്‍ പുസ്തകങ്ങളൊന്നും വന്നിരുന്നില്ല. ആ കുറവ് നികത്താന്‍, വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമൊടുവില്‍ കുറിഞ്ഞികളുടെ അത്ഭുതപ്രപഞ്ചം ഇവര്‍ മലയാള വൈജ്ഞാനിക സാഹിത്യത്തിന് സമ്മാനിക്കുകയുണ്ടായി. പ്രകൃതിയുടെ വൈവിദ്ധ്യവും സൗന്ദര്യവും തേടി ഇവര്‍ കേരളത്തിലെ കാവുകളുടെയും കാടുകളുടെയും ഉരഗങ്ങളുടെയും ചെറുസസ്യങ്ങളുടെയും നാട്ടുപക്ഷികളുടെയും കാട്ടുപക്ഷികളുടെയും കണ്ടലുകളുടെയും ശലഭങ്ങളുടെയും പുഴമത്സ്യങ്ങളുടെയും ചെറുജീവികളുടെയും പിന്നാലെ നിരന്തരം സഞ്ചരിച്ചു. അവര്‍ കണ്ടറിഞ്ഞ പ്രകൃതിയുടെ നിറവും കനിവും വെളിച്ചവും ഉണ്മയുമെല്ലാം കേരളത്തിലെ വലതും ചെറുതുമായ പതിനഞ്ചോളം പ്രസാധകരിലൂടെ പുസ്തകരൂപത്തില്‍ പുറത്തുവന്നു. അതും കേവലം ഏഴു വര്‍ഷം കൊണ്ട് എന്നതും ചരിത്രം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിസ്ഥിതി പുസ്തകങ്ങള്‍ എഴുതിയതും ഇവര്‍ രണ്ടുപേരും ആണെന്നുള്ളത് മറ്റൊരു ചരിത്രം.
books
ഏഷ്യന്‍ റെക്കോര്‍ഡ് ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയില്‍നിന്ന് ഏറ്റുവാങ്ങുന്നു

കൂട്ടെഴുത്തിനിടയിലും ഒറ്റയ്ക്ക് പുസ്തകങ്ങളെഴുതാന്‍ ഇരുവരും സമയം കണ്ടെത്തിയിരുന്നു. പരിസ്ഥിതി വിഷയങ്ങളാക്കി ജയകുമാരി പത്തോളം പുസ്തകങ്ങള്‍ ഒറ്റയ്ക്ക് പ്രസിദ്ധീകരിച്ചു. അതില്‍, വ്യത്യസ്തമായ ഒന്നാണ് 'കിളിപാടും കാടുകളിലൂടെ' എന്ന വനയാത്രാ പുസ്തകം. ജൈവവൈവിധ്യത്തിന്റെ മരതകകാന്തി പരത്തിനില്ക്കുന്ന പശ്ചിമഘട്ടത്തിലേക്ക് ജയകുമാരി നടത്തിയ യാത്രകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. പശ്ചിമഘട്ടത്തിന്റെ നിര്‍മ്മലതകളില്‍ നീരാടിയുളള ജയകുമാരിയുടെ വനയാത്രാനുഭവങ്ങള്‍ ഈ പരിസ്ഥിതിദിനത്തില്‍ പുറത്തുവരികയാണ്. മലയാളത്തില്‍ സ്ത്രീകളുടെ സഞ്ചാരസാഹിത്യം പോലും വളരെക്കുറവായിരിക്കെ, ഒരു വനയാത്രാപുസ്തകം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാറുമെന്നതില്‍ സംശയമില്ല.
ഒറ്റയ്ക്കുള്ള എഴുത്തില്‍ വിനോദും പിന്നോട്ടല്ല. ജയകുമാരിയുടെ ഇരട്ടിയോളം പുസ്തകങ്ങള്‍ വിനോദ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ശീര്‍ഷകത്തില്‍ 'കേരളം' എന്ന വാക്ക് വരുന്ന, ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ വിനോദിന്റെ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
പ്രകൃതി അന്യൂനമായ ചൈതന്യത്തോടെയാണ് നമുക്കു മുന്നിലുള്ളത്. എന്നാല്‍, സര്‍വംസഹയായി, എല്ലാ നെരിപ്പോടുകളും എന്നും നെഞ്ചിലേറ്റി ഭൂമിദേവി ക്ഷമയോടെയിരിക്കുന്ന കാലം കഴിഞ്ഞു. സമകാലീന സംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരിസ്ഥിതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തില്‍ പരിസ്ഥിതിവായനയ്ക്ക് ആഴമേറ്റിയ എഴുത്തുകാരാണിവരെന്ന് നിസ്സംശയം പറയാം.
അഭിരുചികള്‍ തിരിച്ചറിഞ്ഞ് പുതിയ തലമുറയെ വായനയിലേക്ക് ആകര്‍ഷിക്കാനായി ബാലസാഹിത്യരംഗത്തേക്ക് ഇവര്‍ ചുവടുമാറ്റിയിരുന്നു. ആ ദൗത്യത്തില്‍ വിജയിച്ചതിന്റെ തെളിവാണ് 2019 ലെ ഭീമാ ബാലസാഹിത്യ പുര്‌സ്‌ക്കാരത്തിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇവരുടെ 'വനയാത്ര' എന്ന നോവല്‍ തെരഞ്ഞെടുക്കപ്പെട്ടത്. കാടിന്റെയും പ്രകൃതിയുടെയും ഹൃദ്യതകള്‍ ഇവരുടെ ഭാവനയിലൂടെ ഒന്നിച്ചപ്പോള്‍ അത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ സ്വീകാര്യമായി. ഇഴയുന്ന ചങ്ങാതിമാര്‍, കേരളത്തിലെ കാടുകളിലൂടെ, ഞങ്ങള്‍ അരുമകള്‍ തുടങ്ങി ഒരു തൈ നടാം എന്ന ബാലസാഹിത്യകൃതി വരെ എത്തിനില്ക്കുന്നു അവരുടെ ബാലസാഹിത്യ രചനാപാടവം.
അനന്യസുന്ദരമായ പ്രകൃതിയെ ശാസ്ത്രീയമായി ആവിഷ്‌കരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ സാഹിത്യസൃഷ്ടികളും ഇവരില്‍ നിന്നുണ്ടായിട്ടുണ്ട്. സാഹിത്യത്തിന്റെ സൗന്ദര്യത്തെയും ദര്‍ശനത്തെയും അപൂര്‍വ്വസുന്ദരമായ അക്ഷരങ്ങളാക്കി മാറ്റാമെന്ന് മലയാളത്തിന്റെ പെരുന്തച്ചന്‍ എന്ന ആദ്യ ജീവചരിത്രകൃതിയിലൂടെ ഇവര്‍ തെളിയിച്ചത് ഈ വര്‍ഷമാണ്. മലയാളഭാഷാപണ്ഡിതനും പ്രമുഖ സാഹിത്യകാരനുമായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയുടെ എഴുത്തും ജീവിതവുമാണ് ഇത്.
പ്രകൃതിയെ നിശ്ശബ്ദമായി ശ്രദ്ധിക്കുകയും അതിന്റെ പരപ്പിലേക്കും ആഴങ്ങളിലേക്കും ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പ്രവര്‍ത്തിക്കാന്‍ ഒരു പരിസ്ഥിതിസംഘടന എന്ന ആശയം ഇവരുടെ ഉള്ളിലുദിച്ചു. അങ്ങനെയാണ് പരിസ്ഥിതി സഹയാത്രികരായ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് സഹ്യാദ്രി നാച്ചറുല്‍ ഹിസ്റ്ററി സൊസൈറ്റി രൂപവത്കരിച്ചത്. സമാനതകളില്ലാത്ത സഞ്ചാരമാണ് സഹ്യാദ്രിയുടേത്. കേരളത്തിലാദ്യമായി പരിസ്ഥിതിഗ്രന്ഥങ്ങള്‍ക്ക് പുരസ്‌ക്കാരം നല്കിയും തെക്കേയിന്ത്യയിലാദ്യമായി പരിസ്ഥിതിചലച്ചിത്രമേള സംഘടിപ്പിച്ചും വന്യജീവിഫോട്ടോഗ്രാഫര്‍മാരെ ആദരിച്ചും ചരിത്രത്തിന്റെ ഭാഗമായ ഈ പരിസിഥിതിസംഘടനയുടെ, മുടക്കമില്ലാതെ നടക്കുന്ന ഹരിതകൂട്ടായ്മ ഇന്ന് കേരളമാകെയുള്ള പരിസ്ഥിതിപ്രവര്‍ത്തകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. അതിന്റെ അമരക്കാരാണ് ജയകുമാരിയും വിനോദ്കുമാറും.
ഇവരുടെ എഴുത്തിനും യാത്രയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്‍ബലമേകുന്നത് കുടുംബം തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ കാലടിയിലെ ഹരിശ്രീ റെസിഡന്‍സ് അസോസിയേഷനില്‍ താമസിക്കുന്ന വിനോദ്കുമാറിന്റെ എഴുത്തിനെ ഭാര്യ സിന്ധുവും കോളേജ് വിദ്യാര്‍ത്ഥിനിയായ ഏകമകള്‍ അപര്‍ണയും പിന്തുണയ്ക്കുമ്പോള്‍ ജില്ലയിലെ മുട്ടടയിലെ രശ്മിനഗറില്‍ താമസിക്കുന്ന ജയകുമാരിക്ക് പിന്തുണ അഡീഷണല്‍ ലേബര്‍ കമ്മീഷണറായി വിരമിച്ച ഭര്‍ത്താവ് എം.കെ. ബാലചന്ദ്രന്‍ നായരും നെതര്‍ലന്റ്‌സ് യൂട്രെക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറായ മകള്‍ ഡോ.ലക്ഷ്മിയും തിരുവനന്തപുരം വലിയമല ഐ.ഐ.എസ്.ടി. യിലെ പ്രോജക്ട് എന്‍ജിനിയറായ മകന്‍ ശ്രീഹരിയുമാണ്.
കേരളത്തില്‍ മാതൃഭാഷയുടെ അംഗീകാരത്തിനായി നിരന്തരം സമരങ്ങളും സത്യഗ്രഹങ്ങളും നടക്കുന്ന ഒരു കാലമാണിത്. ആ ഒരു കാലഘട്ടത്തില്‍ പ്രകൃതിയെ സ്‌നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന രണ്ട് സുഹൃത്തുക്കള്‍ ഒന്നിച്ച് മുപ്പത് പുസ്തകങ്ങള്‍ മലയാളത്തിലെഴുതുകയും അത് ഇന്ത്യന്‍ റെക്കോര്‍ഡും കടന്ന് ഏഷ്യന്‍ റെക്കോര്‍ഡിലെത്തുകയും ചെയ്തത് മലയാളത്തിന്റെ ഏറ്റവും വലിയ നേട്ടവും അഭിമാനവുമാണ്. നേട്ടങ്ങളില്‍ വിനയാന്വിതരായി, കോട്ടങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോകുന്ന ഈ സുഹൃത്തുക്കളുടെ മനസ്സില്‍ അക്ഷരങ്ങളും എഴുത്തും പ്രകൃതിയും മാത്രമേയുള്ളു.
Content Highlights: Environmental books written by two authors- vinod kumar and dr. jayakumari, World Environment Day 2020


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented